Translate

Wednesday, November 20, 2013

"ഞാൻ വിശ്വസിക്കുന്നത് കത്തോലിക്കാദൈവത്തിലല്ല."

"ഞാൻ വിശ്വസിക്കുന്നത് ഏകദൈവത്തിലാണ്, കത്തോലിക്കാദൈവത്തിലല്ല ." (Credo in unum Deum, sed non in Deum catholicum.*) സർവലോക കത്തോലിക്കരുടെയും ഇടയനും അവിശ്വാസികൾക്കുപോലും പ്രിയങ്കരനുമായ ഫ്രാൻസിസ് പാപ്പായാണ് ഈ പ്രഖ്യാപനം നടത്തിയത് എന്നതുകൊണ്ടാണ് രണ്ടായിരത്തിൽ പരം വർഷങ്ങൾ പഴക്കമുള്ള കത്തോലിക്കാസഭയെ സമൂലം ഈ വാക്യം ഞെട്ടിച്ചത്.

ക്രിസ്ത്യാനിയും കത്തോലിക്കനുമായി ഞാൻ ജീവിച്ച ആ പഴയ കാലത്തേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ കത്തോലിക്കാദൈവം എന്നതുകൊണ്ട്‌ അദ്ദേഹം ഉദ്ദേശിച്ചത് എന്തായിരിക്കാമെന്നതിനെപ്പറ്റി അധികം പിഴക്കാത്ത ഒരു രൂപം കിട്ടണം എന്നനുമാനിച്ച്, ഞാനല്പം ചിന്തിച്ചുനോക്കി. ആ രൂപം ഏതാണ്ടിങ്ങനെ തെളിഞ്ഞുവന്നു. അദ്ദേഹം പൗരുഷാകാരവും പൗരുഷഭാവങ്ങളുമുള്ള ഒരപ്പൂപ്പനാണ്. ഒഴുകുന്ന താടിമീശകളും ധവളാങ്കിയും ധ്വനിപ്പിക്കുന്നത് ഒരേ സമയം സൗമ്യതയും ശക്തിയുമാണ്. സർവ്വശക്തനും ദയാലുവുമാണെങ്കിലും, മനുഷ്യരിൽ കുറേപ്പേരടങ്ങുന്ന ഒരു വിഭാഗത്തെ ദത്തെടുത്ത് അവരെ മാത്രം പ്രത്യേകം പരിപാലിക്കാനിഷ്ടമുള്ള പക്ഷപാതിയാണദ്ദേഹം. ബാക്കിയുള്ളവർക്കായി നരകം എന്നൊരു പീഡനസ്ഥലംകൂടി എവിടെയോ അങ്ങേര് സൃഷ്ടിച്ചിട്ടുണ്ട്. ഈ ദൈവം, താൻ തിരഞ്ഞെടുത്ത മനുഷ്യക്കൂട്ടം ചെയ്തുപോയ ഏതോ അപരാധം പൊറുത്തതും അവർക്ക് സ്വർഗസുഖം കരഗതമാക്കിയതും സ്വന്തം മകനെ ലോകത്തിലേയ്ക്ക് വിട്ട്, കുറേ ദുരിതങ്ങളെല്ലാം സഹിപ്പിച്ച്, അവസാനം ക്രൂരമായി കൊല്ലപ്പെടാൻ നിർബന്ധം പിടിച്ച ശേഷമാണ്. അങ്ങനെ രക്ഷിക്കപ്പെട്ട ഈ ജനതയുടെ ആർപ്പുവിളികളിലാണ് ആചന്ദ്രതാരം ദൈവമഹത്വം സ്ഥിതിചെയ്യുന്നത്. കാര്യങ്ങളെല്ലാം ഇപ്പോൾ ദൈവപുത്രന്റെ ചൊല്പ്പടിയിലാണെങ്കിലും, ഇവിടെ ഭൂമിയിൽ എന്തെങ്കിലും നീങ്ങണമെങ്കിൽ അങ്ങേരുടെ അമ്മയും ഇതിനകം മുകളിലെത്തിയതോ എത്തിക്കൊണ്ടിരിക്കുന്നതോ ആയ കുറേ ശിങ്കിടികളും കൂടെ കനിയണം. അവർ കനിയണമെങ്കിൽ ഇവിടെ കെട്ടിയുയർത്തിയിട്ടുള്ള സഭയിലെ കാര്യസ്ഥന്മാരായ പുരുഷപുരോഹിതരെ പ്രീണിപ്പിച്ച് അവർ വഴി ചില കർമ്മങ്ങളൊക്കെ കഴിക്കണം. അതിന് വർഷാവർഷം ഒരു നല്ല തുക ചെലവു വരും. ചുരുക്കിപ്പറഞ്ഞാൽ സർവ്വശക്തനും, മുൻകോപിയാണെന്നാലും സ്നേഹമയിയുമായ ദൈവത്തിന്റെ കൈയിൽ നിന്ന് കാര്യങ്ങൾ എങ്ങനെയോ ചില തരികിട തന്ത്രികളുടെയും അഴിമതിഗുമസ്തന്മാരുടെയും കൈകളിലേയ്ക്ക് വഴുതിപ്പോയി എന്നർത്ഥം.

എന്നാൽ തന്റെ ഉത്തരവാദിത്വങ്ങളൊക്കെ മറ്റാരൊക്കെയോ ഏറ്റെടുത്തു നടത്തട്ടെ എന്ന് വയ്ക്കുന്ന ഈ ദൈവമല്ല തന്റെയുള്ളിലുള്ള ദൈവം എന്നാണ് കത്തോലിക്കരുടെ തന്നെ പോപ്പ് ഒരിളിഭ്യതയുമില്ലാതെ ഉറക്കെപ്പറഞ്ഞത്‌. അത് കത്തോലിക്കരെ മാത്രമല്ല, ലോകത്തെല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. എന്നാൽ കത്തോലിക്കരല്ലാത്തവരുടേത് വളരെ സുഖകരമായ ഒരു ഞെട്ടലായിരുന്നു. അവർ ആലോചിച്ചപ്പോൾ അതിൽ വളരെയധികം ന്യായവുമുണ്ട്. കാരണം, മുകളിൽ പറഞ്ഞ ദൈവപുത്രൻ ഭൂമിയിൽ ആയിരുന്നപ്പോൾ തനിക്കറിയാവുന്ന ഭാഷാപ്രയോഗങ്ങളെല്ലാമുപയോഗിച്ച് മനുഷ്യരോട് പറഞ്ഞു, താൻ അവരിലാരെയും പോലെ മനുഷ്യപുത്രനാണ്. നമുക്കെല്ലാം ഒരു പിതാവേയുള്ളൂ. ആ ദൈവത്തെ മാത്രം പിതാവെന്നു വിളിച്ച് പരസ്പരം സ്നേഹിച്ച് ജീവിക്കുക എന്നതാണ് ദൈവരാജ്യം. അതാകട്ടെ എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതുമാണ്. അത് മറ്റൊരിടത്തും സൃഷ്ടിക്കാനുള്ളതോ സൃഷ്ടിക്കാവുന്നതോ അല്ല; അതിവിടെ നമ്മുടെ ഇടയിൽത്തന്നെയാണ്. ഈ പരസ്പരസ്നേഹമല്ലാതെ മറ്റൊരു വഴിയും ദൈവത്തിലേയ്ക്കോ സ്വർഗമെന്നു നമ്മൾ മനസ്സിൽ കാണുന്ന സന്തുഷ്ടിയുടെ അവസ്ഥയിലേയ്ക്കോ നമ്മെ കൊണ്ടുചെന്നാക്കില്ല. നമ്മുടെ സ്വന്തം കർമ്മഫലത്തിലൂടെയല്ലാതെ മറ്റാരുടെയും മാദ്ധ്യസ്ഥ്യം ആര്ക്കും ഒന്നും നേടിക്കൊടുക്കുകയില്ല. പുരോഹിതരിൽ നിന്ന് ഓടിയൊളിക്കുക, കാരണം അവരുടെ സ്വർഗം അവരുടെ വയറാണ്. അവരൊരിക്കലുമെടുക്കാത്ത കൂലിയില്ലാച്ചുമട് നിങ്ങളെക്കൊണ്ട് ചുമപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ദൈവം ഏതെങ്കിലും മലയിലോ മനുഷ്യൻ പണിയുന്ന ആലയത്തിലോ അല്ല വസിക്കുന്നത്, മറിച്ച്, നിങ്ങളുടെ സ്വന്തം ഉള്ളിൽത്തന്നെയാണ്. അവിടെയാണ് നമ്മൾ ദൈവാരാധന നടത്തേണ്ടത്. 

ഇത്രയും സുവ്യക്തമായ ഒരു സന്ദേശം കൈവശമിരുന്നിട്ടും ഈ രണ്ടായിരത്തിൽ പരം വർഷത്തോളം കത്തോലിക്കരും അല്ലാത്തതുമായ ക്രിസ്ത്യാനികൾ എന്തെല്ലാം പൊട്ട വിശ്വാസങ്ങളാണ് തങ്ങളുടെ പ്രത്യേകതയായി കൊണ്ടുനടന്നിരുന്നത്! ഈ തുടർമൗഡ്ഢ്യത്തിനാണ് സത്യസന്ധനായ പോപ്പ് തടയിട്ടിരിക്കുന്നത്.

അങ്ങനെയെങ്കിൽ, അദ്ദേഹത്തിൻറെ ദൈവം ഞാനറിയുന്ന ദൈവം തന്നെയായിരിക്കാനുള്ള സാദ്ധ്യത ഏറെയാണ്ല്ലോ എന്ന കുളിർമ്മയുള്ള ഒരു ദീർഘനിശ്വാസം എന്നിൽനിന്നും പുറത്തുവന്നു. പക്ഷേ, ഈ ദൈവത്തെ നിർവചിക്കാൻ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. ആ ശക്തി എന്നിലും എന്നെ ചുറ്റിയും വസിക്കുന്നു എന്ന് മാതമേ എനിക്കറിയൂ. കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ വ്യക്തതയല്ല, അവ്യക്തതയാണ് ഫലം എന്നെനിക്കറിയാം. ദൈവമെന്ന ശബ്ദം പോലും സഹസ്രാബ്ദങ്ങളിലൂടെ കളങ്കപ്പെട്ടുപോയിട്ടുണ്ട്. കളങ്കപ്പെടുക എന്നു വച്ചാൽ അതുൾക്കൊള്ളുന്ന പരിശുദ്ധിയുടെ മഹിമാവിലേയ്ക്ക് ഒന്നൊളിഞ്ഞുനോക്കാൻ പോലുമാകാത്തവർ അവര്ക്ക് സ്ഥിരപരിചയമുള്ള എന്തോ പോലെ ആ വാക്ക് ഉപയോഗിക്കാറുണ്ട്. അല്ലെങ്കിൽ അതെത്ര വിസ്മയനീയവും അപാരവുമാണെന്നറിയാതെ, ആ സംജ്ഞയിലുൾക്കൊണ്ടിരിക്കുന്ന അർത്ഥവ്യാപ്തിയെ തള്ളിപ്പറയാൻ തുനിയുന്നവരുമുണ്ട്. അങ്ങനെ, ഒരു വശത്ത്‌ എന്റെ അല്ലെങ്കിൽ നമ്മുടെ ദൈവം എന്ന് ബാലിശമായി കടുംപിടുത്തം പിടിക്കുന്നവരും, മറുവശത്ത്‌, ദൈവമില്ലായെന്നോ ദൈവം മരിച്ചുവെന്നോ ഒക്കെ തട്ടിവിടുന്ന അഹംഭാവികളും അണിനിരക്കുന്നു. ഇവരെല്ലാം ചെയ്യുന്നത് ദൈവശബ്ദത്തെ ഒരാശയത്തിലേയ്ക്ക് ഒതുക്കാനാണ്. ആ ആശയമാകട്ടെ അതിനു രൂപം കൊടുക്കുന്നവന്റെ വെളിയിലാണ് താനും. പരാശക്തി, ബ്രഹ്മം, പരമാത്മാവ്‌, ഈശ്വരൻ, അള്ളാ, ദൈവം എന്ന് തുടങ്ങുന്ന ഏതൊരു വാക്കിനും ഉൾക്കൊള്ളാനാവാത്ത 'അത്' എന്താണെന്ന് പറയാൻ ശ്രമിക്കരുത് എന്നാണ് മോശയുടെ കഥയിലൂടെ പഴയ നിയമം പഠിപ്പിക്കുന്നത്. നീ നിൽക്കുന്നിടം പരിശുദ്ധമാണ്, നിന്റെ പാദരക്ഷകൾ അഴിച്ചു മാറ്റൂ (നഗ്നനാകൂ), കാരണം, ഞാനിവിടെയുണ്ട് എന്നാണ് ആ ശക്തി അന്നുതൊട്ട് ഇന്നുവരെ മനുഷ്യനെ ബോധിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. 'നേതി, നേതി'എന്നുമാത്രം പറയുക എന്നാണ് ഭാരതീയ വേദാന്തപാഠം. ദൈവശക്തി ഇതാ ഇവിടെയുണ്ട്, ഇപ്പോൾ എന്നിലുണ്ട് എന്നത് ഒരനുഭവമാണ്, ബുദ്ധികൊണ്ടുള്ള അറിയലല്ല. ഞാനും എന്നെ ഉൾക്കൊള്ളുന്ന സർവതും, തമ്മിൽ വേർപെടുത്താനാവാത്ത ഒരേയൊരസ്തിത്വമാണ് എന്നതുപോലെതന്നെയാണ് ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവവും. അതുണ്ടാകുമ്പോൾ, എല്ലാം അതാണ്‌; അതിനപ്പുറമോ ഇപ്പുറമോ ഇല്ല; അകമോ പുറമോ ഇല്ല. ആർക്കും സ്വകാര്യമായി തന്റേതാക്കാൻ സാദ്ധ്യമല്ലാത്തത്ര അനന്തമാണത്.

അനന്തമെന്നു ചിന്തിക്കുമ്പോൾതന്നെ ഇടം, സമയം എന്നിവയെ മറികടക്കേണ്ട ആവശ്യമുദിക്കുന്നു. ഇടമെന്നാൽ, ആയിരിക്കാൻ ദ്രവ്യാസ്തിത്വത്തെ അനുവദിക്കുന്ന ശൂന്യാവസ്തയാണ്. ശൂന്യതക്ക് അതിൽത്തന്നെ നിലനില്പ്പില്ല. പിണ്‍ഡത്തിന് അസ്തിത്വനിദാനമാകുന്ന സംഭവ്യത മാത്രമാണത്. ഒരിടത്തും ഒരു വസ്തുവുമില്ലെങ്കിൽ ഇടത്തെപ്പറ്റി ഒരു ധാരണയും നമുക്ക് സാദ്ധ്യമാവില്ല. ഈ അവസ്ഥയെയായിരിക്കണം, "ആദിയിൽ . . . ഭൂമി (പ്രപഞ്ചം) രൂപരഹിതവും ശൂന്യവുമായിരുന്നു; ആഴത്തിനു മുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു; ദൈവത്തിന്റെ ചൈതന്യം അതിനു മീതെ ചലിച്ചുകൊണ്ടിരുന്നു" എന്ന് അന്നറിയാവുന്ന ഭാഷയിൽ ഉല്പത്തിപ്പുസ്തകത്തിലെ വാക്യം കാവ്യാത്മകമായി പ്രകാശിപ്പിക്കാൻ ശ്രമിച്ചത്. വിശ്വപ്രപഞ്ചത്തിൽ അന്ധകാരമയവും ശൂന്യവുമായ ഇടത്തിൽ നിന്ന് ആത്യന്തികമായ വിശകലനത്തിൽ ശൂന്യം തന്നെയായ ദ്രവ്യഭാവമെങ്ങനെ രൂപംകൊള്ളുന്നുവോ, അങ്ങനെയാണ് നമുക്കവ്യക്തമായ ദൈവപ്രഭയിൽ അല്പബോധങ്ങളായ നമ്മുടെ നിഷ്പ്രഭമായ നിലനില്പ് സാദ്ധ്യമായിരിക്കുന്നത് എന്ന് വേണമെങ്കിൽ വിശദീകരിക്കാം. ഇടം വസ്തുവിന് വെളിയിലെന്നപോലെ ഉള്ളിലും ഉണ്ടായിരിക്കുന്നതുപോലെ ദൈവസാന്നിദ്ധ്യവും വെളിയിലെന്നപോലെ നമുക്കുള്ളിലും വ്യാപിച്ചിരിക്കുന്നു എന്നയദ്ഭുതത്തെ അനുഭവിക്കുന്നതുതന്നെയാണ് ദൈവാസ്തിത്വമായി നമ്മെ പൊതിയുന്നത്. അതൊരു വിസ്തൃതിയെന്നതിനേക്കാൾ ആഴമായിട്ടാണ് നമ്മെ ഉൾക്കൊള്ളുന്നത് എന്നാണ് അനുഭവസ്ഥർ മനസ്സിലാക്കുന്നത്. ആ അനുഭവത്തിലൂടെ നമ്മൾ ദൈവത്തന്റെ അനന്തതയിലേയ്ക്ക് അലിഞ്ഞു ചേരുകയും ചെയ്യുന്നു. 

ഇനി സമയം. അത് നിത്യതയുമായി ബന്ധപ്പെടുത്തിയേ മനസ്സിലാക്കാനാവൂ. പ്രപഞ്ചാദ്ഭുതത്തെ ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമായി സമയത്തെ കരുതാം. സ്വരമുണ്ടാകാനുള്ള സാദ്ധ്യതയായി വേണം നിശബ്ദതയെ മനസ്സിലാക്കാൻ, (എവിടെയെങ്കിലും സ്വരമുണ്ടെങ്കിലേ നിശബ്ദതയെന്തെന്ന് അറിയാനാവൂ) എന്നതുപോലെ തന്നെ, ഇപ്പോൾ ഞാനനുഭവിക്കുന്ന നിമിഷത്തിലൂടെ മാത്രമേ എനിക്ക് നിത്യതയെ അറിയാനാവൂ. നിത്യത ചലിക്കുന്നതാണ് സമയം എന്നാണ് പ്ലേറ്റോ മനസ്സിലാക്കിയത്. എന്റെ ഈ നിമിഷമില്ലെങ്കിൽ അനന്തതയോ അനന്തതയില്ലെങ്കിൽ ഈ നിമിഷമോ എനിക്ക് അനുഭവവേദ്യമാവില്ല.** ഇവ തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന തിരിച്ചറിവാണ് ആത്യന്തികമായി എന്റെ ദൈവാനുഭവം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അനന്തമായ ഇടവും (infinity) അനന്തമായ സമയവും (eternity) ദൈവികതയായി എന്നെ അഭിമുഖീകരിക്കുമ്പോൾ, അവയുടെ തന്നെ നൈമിഷികമായ അവതരണത്തിലൂടെയും, എന്റെ അല്പബോധത്തിലൂടെയും, എനിക്കുള്ളിൽത്തന്നെ അനന്തമായ ദൈവബോധത്തിൽ ഞാനെത്തിച്ചേരുന്നതാണ് എല്ലാ അദ്ഭുതങ്ങളിലും വലിയ അദ്ഭുതം. അതായത്, ദൈവമില്ലാതെ ഞാനില്ലാത്തതുപോലെ ഞാനില്ലാതെ ദൈവവുമില്ല എന്നയവസ്ഥ. അതങ്ങനെയായിരിക്കുക, അങ്ങനെയായിത്തീരുക എന്നല്ലാതെ യാതൊരു കൊടുക്കൽ-വാങ്ങലും അവിടെ നടക്കുന്നുമില്ല. 

അസ്തിത്വത്തിന്റെ ഓരോ തരിയിലും എന്നതുപോലെ, ആകെക്കൂടിയെടുത്താലും, ഭൌതിക പ്രപഞ്ചവും ഒരദ്ഭുതമാണ്. പ്രപഞ്ചത്തിന്റെ അദ്ഭുതപരത തെളിഞ്ഞു വരിക, അതിനെ കണ്ടറിയാൻ ശ്രമിക്കുമ്പോഴാണ്. അതിലെ ദൈവസാന്നിദ്ധ്യമാകട്ടെ അതിലും വലിയ അദ്ഭുതമാണ്. അതാകട്ടെ അനുഭവിച്ചറിയുമ്പോൾ മാത്രം ലഭ്യമാകുന്നു. എന്നുവച്ചാൽ, ചിന്തിച്ചറിയാവുന്നതല്ല അത് എന്ന് സാരം. അതുകൊണ്ടാണ് തീർത്തും ഭൌതികാത്മകമായ ചിന്ത പലപ്പോഴും നിരീശ്വരന്മാരെ സൃഷ്ടിക്കുന്നത്. ആരാധനാമനോഭാവവും കാവ്യാനുഭൂതിയും ദൈവാനുഭവത്തിന്റെ മാറ്റൊലികളാണ്. ആനന്ദാനുഭവവും ഇവയോട് പറ്റിച്ചേർന്നു നിൽക്കുന്നു എന്നതും ഒരു വലിയ സത്യമാണ്.

ഈ വിശ്വത്തെ കേവലം ഭൗതികം മാത്രമായി കരുതുന്ന ശാസ്ത്രജ്ഞന്മാർ ഇന്ന് കുറഞ്ഞുവരികയാണ്. പ്രപഞ്ചത്തെ നയിക്കുന്ന ഗുരുത്വാകർഷണ- വിദ്യുദ്‌-കാന്തികശക്തികൾക്കെല്ലാം സഹവർത്തിത്വമുണ്ട് എന്ന് മാത്രമല്ല, ഇവയെല്ലാം ദൈവതം എന്ന അനന്തവും അജ്ഞാതവും സദാ ത്രസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരേയൊരു അസ്തിത്വപ്രതിഭാസമായി നമ്മെ നിരന്തരം അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ അറിവിന്റെയും അനുഭവത്തിന്റെയും ഒരംശമെങ്കിലുമുള്ള ഏതൊരാൾക്കും പരമ്പരാഗതമായ ഒരു കത്തോലിക്കാദൈവസങ്കല്പം എത്രയധികം നിരാശതാജനകവും സങ്കുചിതമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. കാരണം, കൊടുക്കൽ-വാങ്ങലുകളുടെ ഗണിതമാണ് അതിൽ പ്രസക്തം. ബാലിശമായ അത്തരമൊരു ദൈവസങ്കല്പത്തിന് ആഴമോ വിലയോ കല്പ്പിക്കാൻ തനിക്കാവുന്നില്ല എന്നാണ് പോപ്പ് ഫ്രാൻസിസ് സൗമ്യമായ, എന്നാൽ തെറ്റിദ്ധാരണക്കിടമില്ലാത്ത, ഭാഷയിൽ പറഞ്ഞുവച്ചത്. മറിച്ചു ചിന്തിച്ചു ശീലിച്ച കോടിക്കണക്കിനു വിശ്വാസികളുടെ മുമ്പിൽ അതേറ്റുപറയുവാൻ ധൈര്യം കാണിച്ച ഈയൊരു പാപ്പാ സഭാച്ചരിത്രത്തെ മാത്രമല്ല, മാനവചരിത്രത്തെത്തന്നെ തിരുത്തിയെഴുതിയിരിക്കുന്നു.

* കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം തുടങ്ങുന്നത് Credo in unum Deum എന്നാണ് , അതായത്, ഞാൻ ഏകദൈവത്തിൽ വിശ്വസിക്കുന്നു. പക്ഷേ, അതുകഴിഞ്ഞുവരുന്നതൊക്കെ ഏകദൈവം എന്ന ആശയത്തിൽ വെള്ളം ചേർക്കുന്ന വാക്യങ്ങളാണ്.
** അനന്തത? അതിതാ, ഇവിടെത്തന്നെയാണ് എന്ന ലേഖനം കാണുക: http://almayasabdam.blogspot.in/2013/09/blog-post_5.html

8 comments:

  1. I also endorse your views Zacji. Nice article. It gives a thorough insight into the false messages and messiahs of the times. On earth we see a team of custodians for heaven, another team of spirit well wishers appearing here and there with tricks. Their miracles happen in pictures, sculptures and materials....never in practical life. Another group of promoters and commission agents also exist. Together with all these, we have developed a realm of fire and awe.

    ReplyDelete
    Replies
    1. What the Pope has to say to those whose entire life is based on a shallow theology of miracles that various holy persons are believed to perform for their sake.

      http://www.asianews.it/news-en/Pope:-Our-Lady-is-not-a-postmistress,-who-sends-messages-every-day.-29539.html

      Delete
  2. Swami (Dr.) Snehanada Jyoti wrote:

    ".........The role, function, and mission of Christ (abhishikta) are described in the New Testament of the Bible. Christ is the Logos (Word: Aadi Shabda) from the beginning of the world mentioned in the first chapter of St. John’s Gospel. However, I am going to put the program of Christ and the Catholic Church in terms of the Vedanta (Hindu Scriptures). A human comes from anandam (bliss), is conceived in the sacred union of a committed man and a woman involving anandam that ends in climax (rathi), and comes out into this world from the womb as an individual with a primal scream that is an indication of the child leaving in trauma the ideal climate of the womb. This human goes from perfection to perfection has individuality, personality, and reality. A person is unique, has many masks (persona), and reality. Nobody knows about reality for sure. We have only images or shadows of reality. We have our own ideas of God, conscience, and our own belief system. We develop viveka (discernment or wisdom) and viragya, (detachment), shatsampad (the six virtues), leading to mumukhshutva (liberation). The Christians believe that one dies and goes to heaven or a center of purification till beatific vision with God. The Hindus and Buddhists believe that one dies and is reborn until mumukshutva or nirvana (liberation). In the final analysis, all religions believe in some kind of heaven or liberation as the final end of human. So it is of great importance for Pope Francis and all humanity to think of some ecumenical fellowship where in all religions have a minimum program of creative cooperation. The pope considers himself to be a sinner; I consider myself to be a child of God."

    Excerpts from 'Pope and Me' written by Swami Dr. Snehanand Jyoti (Read the full article in: http://indianthoughts.in/story4.php?start=0 )

    ReplyDelete

  3. My Dear Zach,

    Three cheers to you my Dear Zach, You have expressed so beautifully and much more clearly and convincingly than I could have ever done in Malayalam, those ideas I have been cherishing for long.
    Fuge prelatum tamquam peccatum (Flee from prelates as from Sin) my late Archbishop of Madras-Mylapore, Louis Mathias used to say jokingly, also to test our proficiency in Latin. That contains an enormity of truth you have uncovered in your write up.
    Similarly our forefathers used to say in Malayalam: Purgatory is the stomach of priests, also in joke, but exposes a lot of eternal truth. In both these instances I don't blame our priestly class, who say and do things honestly, I believe, but led by their ignorance.So like Jesus dying on the cross, I just say: "Father forgive them for they know not what they do." We all live in a world of mysteries which we are trying to uncover and share.
    Besides think also of the profound saying of Jesus: "Your faith has saved you" several times in the Gospels. It has widest applications, to every individual, according to my thinking. What counts for everyone, before God is what one thinks and is convinced of, even if it is wrong. Hence also the admonition of Jesus: Judge not and you shall not be judged. Pope Francis said it very simply when he pointed that to make this world a better place to live in what is required is that each one follow his commanding conscience to promote what he thinks is best for the present.
    I have an awful lot more to write on what you wrote because when reading through your article I felt you were paraphrasing and putting in clearer language what I have been thinking and writing for years about presenting Jesus as "THE SON OF MAN" the ideal man for all times, places and cultures and our only mission in this world is to make this inhuman exploiting world running after profit for oneself a Humane Humanity, modeled on the ideal humanity of Jesus.
    I stop here but shall write more as time permits on your piece which is very provoking and nourishing at the same time. More strength to your pen and God bless.
    james kottoor

    ReplyDelete

  4. "ഞാൻ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാദൈവത്തിലല്ല." എന്ന സാക്കിന്റെ ആശയഗംഭീരമായ ഒരു ലേഖനത്തിന് മറുപടി എഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എഴുതിയത് നീണ്ടുപോയതിനാൽ അദ്ദേഹത്തിന്റെ ലേഖന ചരടിൽ പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് എന്റെ പ്രതികരണം പ്രധാന പേജിൽ തന്നെ പ്രസിദ്ധീകരിക്കുന്നു.



    ആരോ എഴുതിവെച്ച പുരോഹിതരുടെ തീയോളജിയിലെ ദൈവം കത്തോലിക്കർക്ക് മാത്രമല്ലെന്നുള്ള മാർപ്പയുയുടെ പ്രസ്താവന സഭയുടെ നവമായ ഒരു ചുവടുവെപ്പിന്റെ തുടക്കമെന്ന് പറയാം. ഈ പ്രസ്താവന യാഥാസ്ഥിതിക ലോകത്തിന് പിടിച്ചിട്ടില്ല. ഇവിടെ ഒരു ചോദ്യം ഉയരുന്നു. മാർപാപ്പായുടെ വഴി ഇടത്തോ വലത്തോ നടുവിൽക്കൂടിയോ? ശുദ്ധമായ ഹൃദയവിശാലതയുള്ള മാർപാപ്പാ ജനമദ്ധ്യേ സഞ്ചരിക്കുന്നുവെന്ന് കണക്കാക്കണം. നവീകരണേച്ഛുവായ മാർപാപ്പാ ഉദാരമതികളിൽനിന്നും യാഥാസ്ഥിതികരിൽനിന്നും വ്യത്യസ്തമായ ഒരു ലോകത്തിൽക്കൂടി ദൈവത്തിങ്കിലേക്കുള്ള തനതായ വഴിയെ സഞ്ചരിക്കുന്നുവെന്ന് വേണം അനുമാനിക്കാൻ. 'ദൈവരാജ്യം നിന്റെ ഹൃദയത്തിനുള്ളിലാണ്' എന്ന ഗുരുവിന്റെ തത്ത്വം അദ്ദേഹത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ടാവാം. കത്തോലിക്കാ സഭയ്ക്ക് വെളിയിൽ രക്ഷയില്ലെന്ന് ചെറുപ്പകാലങ്ങളിൽ പള്ളിയിലും വേദപാഠം ക്ലാസ്സുകളിലും പഠിപ്പിക്കുമായിരുന്നു. അന്ന് പഠിപ്പിച്ചത് എന്തുതരം ദൈവശാസ്ത്രമെന്നുള്ള ചിന്താക്കുഴപ്പവും സാധാരണക്കാരിൽ ഉണ്ടാക്കുമെന്നതിൽ സംശയമില്ല




    ഇതിൽനിന്നും മനസിലാക്കേണ്ടത് ശാന്തമായ ഒരു സഭ കൊണ്സ്റ്റാന്റിയൻ തത്ത്വങ്ങളിൽ ഉണ്ടായിരുന്നില്ലന്നല്ലേ? ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്ത പാഷണ്ഡികളോട് സഭ മാപ്പ് പറയുമോ? നീതിമാന്മാരുടെ വാതിലുകൾ സഭയെന്നും അടച്ചിരുന്നു. ഗലീലിയോയുടെ ആത്മാവ് മാർപാപ്പായുടെ വാക്കുകളിൽ ആശ്വാസം കാണുന്നുമുണ്ടാവാം. പരസ്പര വിരുദ്ധമായി പഠിപ്പിച്ച ബനഡിക്റ്റ് പതിനാറാമനും യാഥാസ്തിതിക ലോകവും പല്ലിറുമ്മുന്നുണ്ടാവാം. കഴിഞ്ഞകാലങ്ങളിൽ സഭയെ ഭയന്ന് നിശബ്ദരായിരുന്നവരും സത്യമായ ദൈവത്തെ ഇനിമേൽ അന്വേഷിക്കാൻ തുടങ്ങും.ബൌദ്ധികതലങ്ങളിൽ തൂലിക ചലിപ്പിക്കാൻ മടിയുണ്ടായിരുന്നവർക്കും മാർപാപ്പായുടെ ദൈവശാസ്ത്രം ആശ്വാസമായിരിക്കും. ദൈവഭാവങ്ങളെ സങ്കുചിത ചിന്തകളിൽനിന്നും വികസിപ്പിക്കാനും മാർപാപ്പാ ഒരു വഴികാട്ടിയായെന്ന് അനുമാനിക്കണം. പതിവായി പല്ല് തേച്ച് ദൈവത്തെ തേടി ദേവാലയത്തിൽ അണ‍ച്ചോടിയെത്തുന്നവർക്കും തൊട്ടടുത്തുള്ള അന്യരുടെ ആരാധാനാലയങ്ങളിൽ ദൈവം കുടികൊള്ളുന്നുവെന്നും അറിയണം.
    (continued...)

    ReplyDelete
    Replies

    1. മാർപാപ്പാ വെറും യാഥാസ്ഥിതികത്വത്തെ മുറുകെ പിടിക്കുന്ന വ്യക്തിയല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സ്വവർഗ രതിക്കാരെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളിൽനിന്നും വ്യക്തമാണ്. സ്വവർഗാനുരാഗ പ്രക്രിയകൾ ജീവശരീരത്തിന്റെ ഭാഗമാണെന്ന് (Biological) ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. അവർക്ക് സ്വർഗമോ നരകമോയെന്ന് വിധിയെഴുതാൻ താൻ ആരെന്നുള്ള മാർപ്പായുടെ പ്രസ്താവന സഭ ശാസ്ത്ര ലോകത്തെയും അംഗീകരിക്കുന്നുവെന്ന തെളിവായി കണക്കാക്കാം. ഗർഭച്ഛിദ്രം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ മാറ്റിവെച്ച് ആദ്യം സഭയുടെ മൗലിക പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുള്ള മാർപാപ്പയുടെ നിർദ്ദേശങ്ങളും യാഥാസ്ഥിതിക ലോകത്തിന്‌ തലവേദന ഉണ്ടാക്കുന്നതായിരുന്നു. ഗർഭച്ഛിദ്രം എന്ന പാപം സഭ ഒരിക്കലും അനുവദിക്കില്ലെന്ന് സാമാന്യമായി മനസിലാക്കാനേയുള്ളൂ. പാവങ്ങളിൽ സഭ കൂടുതലും ശ്രദ്ധിക്കണമെന്ന് മാർപാപ്പാ കൂടെകൂടെ ആവർത്തിച്ചു പറയുന്നുണ്ട്. “ഞാനും അർജന്റീനായിലെ പാവങ്ങളുടെ ഇടയിൽനിന്നും വന്ന ഒരു പുരോഹിതനെന്നാണ്” അദ്ദേഹം കൂടെ കൂടെ പറയാറുള്ളത്. തെറ്റാവരവും ക്രിസ്തുവിന്റെ വികാരിയെന്ന പദവിയും മാർപാപ്പാ മറക്കുന്നു.

      ഒരു സാധാരണ പുരോഹിതനുപരി ഫ്രാൻസീസ് മാർപാപ്പാ കാര്യങ്ങൾ വ്യക്തമായും യുക്തിപൂർവവും സംസാരിക്കുന്നുണ്ട്. അല്മേനികളോടാണ് അദ്ദേഹം കൂടുതലും സംസാരിക്കുന്നത്. പുരോഹിതരോട് കൂടുതലായും ശകാരവർഷങ്ങളും നടത്തുന്നു. യേശു അന്ന് യേരുശലേം ദേവാലയത്തിൽ ഷോപ്പിംഗ്‌ കൊമ്പ്ലെക്സും കോഴ കോളേജുകളും നടത്തി കച്ചവടം നടത്തിയ ഫരീശിരിയരെ തല്ലിയോടിച്ചു. ഇന്ന് മാർപാപ്പയുടെ വാക്കാലുള്ള അടി കൊടുക്കുന്നത് പുരോഹിതർക്കും അഭിഷിക്തർക്കുമെതിരായാണ്. ലോകത്തുള്ള 90 ശതമാനം യുവജനങ്ങൾ ദൈവം എല്ലാവർക്കുമുള്ളതെന്നുള്ള മാർപാപ്പായുടെ വാക്കുകളിൽ അതീവസന്തുഷ്ടരാണെന്ന് ഒരു സ്വതന്ത്രഏജൻസിയുടെ സർവ്വേയിൽ കാണുന്നു. ഫ്രാൻസീസ് മാർപാപ്പാ യുവജനങ്ങളുടെ ഹരമായി മാറി കഴിഞ്ഞു.



      ദൈവത്തിന് വ്യക്തമായ ഒരു നിർവചനം കൊടുക്കാനോ കത്തോലിക്കനാക്കാനൊ ആർക്കും സാധിക്കില്ല. ദൈവം മനുഷ്യജാതിക്കും പ്രപഞ്ചത്തിനും ഉപരിയാണ്. ജീവിതത്തിൽ ദൈവത്തെ നമുക്ക് ആവശ്യമുണ്ട്. അത് നമ്മുടെ ആവശ്യങ്ങളുമായി കുഴച്ചുകൊണ്ടുള്ള ദൈവമായിരിക്കരുത്. മതപരിവർത്തനം മാത്രം ലക്ഷ്യമിട്ട് നടക്കുന്നവർ വഴിയും സത്യവുമായ യേശു ഒരു വഴിയും അതുകൂടാതെ സത്യത്തിലേക്കുള്ള മറ്റു വഴികളും ഒപ്പമുണ്ടന്നും അറിയണം. ഗുരു പഠിപ്പിച്ചത് സ്വർഗരാജ്യം നമ്മുടെ ഹൃദയങ്ങളിലെന്നാണ്. ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാരാണ്. എങ്കിൽ ആശുദ്ധമായ ഹൃദയമുള്ളവർ പിശാചുക്കളുമായിരിക്കാം. ന്യൂട്ടന്റെ നിയമം അവിടെ പ്രാവർത്തികമാകുന്നു. വിശുദ്ധരെയും പിശാചുക്കളെയും സൃഷ്ടിക്കുന്നതും രണ്ടു ലോക മഹായുദ്ധങ്ങൾ നടത്തിയതും മനുഷ്യൻ തന്നെയാണ്. ഇനി ഒരു മൂന്നാം യുദ്ധമുണ്ടായാൽ അന്തിക്രിസ്തുവായ അവൻ ഈ ലോകത്തെ ചാമ്പലാക്കും. പിന്നെ അവശേഷിക്കുന്നത് ഐൻസ്റ്റീൻ പറഞ്ഞതുപോലെ കല്ലിൻകൂട്ടങ്ങളും മനുഷ്യന്റെ അസ്തികളുമായിരിക്കും. അതോടൊപ്പം വീണു കിടക്കുന്ന പടുകൂറ്റൻ കത്തീഡ്രലുകളും ഉണ്ടാകാം.

      Delete
    2. "ആരോ എഴുതിവെച്ച പുരോഹിതരുടെ തീയോളജിയിലെ ദൈവം കത്തോലിക്കർക്ക് മാത്രമല്ലെന്നുള്ള മാർപ്പയുയുടെ പ്രസ്താവന സഭയുടെ നവമായ ഒരു ചുവടുവെപ്പിന്റെ തുടക്കമെന്ന് പറയാം."

      പെട്ടെന്ന് എഴുതിയതുകൊണ്ടാകാം, ഈ വാക്യത്തിൽ അവ്യക്തത കടന്നു കൂടിയിട്ടുണ്ട്. അതിങ്ങനെ മാറ്റിയെഴുതിയാൽ ജോസഫ് ഉദ്ദേശിച്ച ആശയം ആയിരിക്കുമെന്ന് ഞാനൂഹിക്കുകയാണ്:

      ആരോ എഴുതിവെച്ച പുരോഹിതരുടെ തീയോളജിയിലെ ദൈവം അന്ധവിശ്വാസികളായ കുറേ കത്തോലിക്കർക്ക് മാത്രമുള്ളതാണ്, തനിക്കോ വിശാലമായി ചിന്തിക്കുന്നബാക്കിയുള്ളവർക്കൊ ഉള്ളതല്ല എന്നർത്ഥം വരുന്ന മാർപ്പയുയുടെ പ്രസ്താവന സഭയുടെ നവമായ ഒരു ചുവടുവെപ്പിന്റെ തുടക്കമെന്ന് പറയാം.

      അതുപോലെ ഈ വാക്യവും (ലോകത്തുള്ള 90 ശതമാനം യുവജനങ്ങൾ ദൈവം എല്ലാവർക്കുമുള്ളതെന്നുള്ള മാർപാപ്പായുടെ വാക്കുകളിൽ അതീവസന്തുഷ്ടരാണെന്ന് ഒരു സ്വതന്ത്രഏജൻസിയുടെ സർവ്വേയിൽ കാണുന്നു.)

      ഞാൻ അല്പം തിരുത്തലോടെ ഇങ്ങനെ എടുത്തെഴുതട്ടെ:

      ലോകത്തുള്ള 90 ശതമാനം യുവജനങ്ങൾ, 'കത്തോലിക്കരുടെ ദൈവം' എല്ലാവർക്കുമുള്ളതല്ലെന്നുള്ള മാർപാപ്പായുടെ വാക്കുകളിൽ അതീവസന്തുഷ്ടരാണെന്ന് ഒരു സ്വതന്ത്രഏജൻസിയുടെ സർവ്വേയിൽ കാണുന്നു.

      Delete
    3. ശരിയായ ആശയങ്ങളിലേക്ക് ചൂണ്ടി കാണിച്ചതിൽ സന്തോഷം, സാക്ക്. വാക്കുകളുടെ അപര്യാപ്ത്തത മൂലം അർത്ഥം മാറി പോയതറിഞ്ഞില്ല. പ്രത്യേകിച്ച് രാത്രിയിൽ ഉറക്കം കിട്ടാതിരുന്നപ്പോൾ എഴുതിയതുമാണ്. ദൈവവും പുരോഹിതരുടെ തീയോളജി ദൈവവും രണ്ട് ദിക്കിൽ നിന്നാണെന്നും ഓർത്തില്ല.

      Delete