Translate

Saturday, November 30, 2013

എന്‍റെ കാര്യം സ്വാഹ ...

പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടുണ്ട്; എന്‍റെ കാര്യത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് തന്നെ പറയാം. അത്മായാ ശബ്ദത്തില്‍ ഒരു അനൂപുണ്ട്. അദ്ദേഹമാണ് ഇപ്പോഴത്തെ എന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണം. മൂന്നാഴ്ച മുമ്പ് എന്നെ ഒരു സുന്ദരന്‍ നമ്പ്യാര്‍ കറുത്തിരുണ്ട  സഭക്കാരനെന്നും, തട്ടിപ്പുകാരെന്നുമൊക്കെ വിളിച്ചു നാണം കെടുത്തിയ കാര്യം ഞാന്‍ എഴുതിയിരുന്നല്ലോ. സുന്ദരന്‍ നമ്പ്യാര്‍ ‘ഹോളി ബ്ലഡ് ആന്‍ഡ്‌ ഹോളി ഗ്രെയില്‍’ എന്ന പുസ്തകം വായിച്ചിരിക്കാം എന്ന് അനൂപ് എന്നൊരു ധന്യന്‍ കമെന്റില്‍ പറഞ്ഞിരുന്നല്ലോ. ആദ്യം ഞാന്‍ ഡിക്ഷനറിയില്‍ ഗ്രെയില്‍ എന്ന വാക്കിന്‍റെ അര്‍ഥം നോക്കി, എന്തോ വിശിഷ്ട പാത്രമാണതെന്ന് മനസ്സിലായി. നമ്പ്യാര്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്നറിയാന്‍ സൂത്രത്തില്‍ ഞാനൊരു പദ്ധതി ഒരുക്കി. അതഴിച്ചും പുനര്നിര്‍മ്മിച്ചും രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. അവസാനം നേരെ അങ്ങു ചോദിക്കാമെന്നു വെച്ചു. നമ്പ്യാരെ ഒറ്റയ്ക്ക് ഒത്തു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ ഹോളി ബ്ലഡ് ആന്‍ഡ്‌ ഹോളി ഗ്രെയില്‍ എന്ന പുസ്തകം എവിടെ കിട്ടുമെന്ന് അറിയാമോ?” നമ്പ്യാര്‍ ഒന്ന് സൂക്ഷിച്ചു തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു, “ഹോളി ബ്ലഡ് ആന്‍ഡ്‌ ഹോളി ഗ്രെയില്‍ അല്ല ഹോളി ബ്ലഡ്, ഹോളി ഗ്രെയില്‍.” “അതെ അത് തന്നെ. അത് നാടകമാണോ അതോ കവിതയാണോ? ആരെഴുതിയതാ?” ഞാന്‍ ചോദിച്ചു.

കാര്യം എന്‍റെയത്ര പ്രായമേ ഉള്ളുവെങ്കിലും ഒരു പിതാവിന്‍റെ ഉത്തരവാദിത്വബോധത്തോടെ അദ്ദേഹം പറഞ്ഞു, അത് ഒരു അന്വേഷണ, ഗവേഷണ പ്രബന്ധമാണ്. ചരിത്രാന്വേഷകരും മാധ്യമ പ്രവര്‍ത്തകരുമായ മൂന്നു പേര്‍ ചേര്‍ന്ന് അനേകരുടെ സഹായത്തോടെ അഞ്ചു വര്ഷം നീണ്ട പഠനങ്ങള്‍ക്ക്  ശേഷം തയ്യാറാക്കിയ ഒരു ഗ്രന്ഥമാണ് അത്. എനിക്ക് ചെന്നൈയിലെ വഴിയോര വിപണിയില്‍ നിന്ന് പഴയ വിലക്ക് കിട്ടിയതാണിത്. എന്‍റെ കൈയ്യില്‍ ഉണ്ട്, വായിച്ചോളൂ. ഞാന്‍ അതിന്‍റെ പകുതിയേ വായിച്ചിട്ടുള്ളൂ.” നമ്പ്യാര്‍ ഇത്രയും പറഞ്ഞപ്പോള്‍ ആശ്വാസമായി. അനൂപിനും അനൂപിന്‍റെ സര്‍വ്വ കുടുംബാംഗങ്ങള്‍ക്കും  ഞാന്‍ മനസ്സാ നന്ദി പറയുകയും ചെയ്തു. അന്ന് തന്നെ പത്തു മുപ്പതു വര്ഷം പഴക്കം തോന്നിക്കുന്ന ഒരു തടിച്ച പുസ്തകം നമ്പ്യാര്‍ എനിക്ക് തരുകയും ചെയ്യും.

ആകെപ്പാടെ ഉറങ്ങാന്‍ ദിവസവും കിട്ടുന്ന ആറു മണിക്കൂറില്‍ രണ്ടു മണിക്കൂര്‍ വീതം മാറ്റിവെച്ചു ഞാനാ പുസ്തകം വായിച്ചു തിര്‍ത്തു....കുനുകുനാ അക്ഷരങ്ങളില്‍ നാനൂറ്റി ചില്വാനം പേജുകളാണ് ഞാന്‍ അങ്ങിനെ തിന്നത്. ഇതിനോടിടക്ക് വസ്ത്രങ്ങളുടെ നാറ്റം കൂടുന്നതും, മുഖത്തിന്‍റെ നിറം മങ്ങുന്നതുമോന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അത്രയും തീഷ്ണതയോടെ ആയ കാലത്ത് പഠിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇന്നാരായിരുന്നെനേയെന്നറിയാതെ ഓര്‍ത്തു പോയി. അന്നൊക്കെ എന്‍റെ പരാതി ഓര്‍മ്മ നില്‍ക്കുന്നില്ലായെന്നായിരുന്നു; ഇപ്പൊ എനിക്ക് മനസ്സിലായി, എന്‍റെ ഓര്‍മ്മയ്ക്ക്‌ ഒരു കുഴപ്പവുമില്ലെന്ന്. പുസ്ഥകത്തിലെ ഓരോ പേജും എനിക്ക് മന:പാഠം ആയിരുന്നു.

പ്രശ്നം എന്താണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഈ പുസ്തകം പോകുന്നത്, കത്തോലിക്കാ സഭയെ ശിര്‍ഷാസനത്തില്‍ നിര്‍ത്താന്‍ പോന്ന തെളിവുകള്‍  ആരോ ഇപ്പോഴും സൂക്ഷിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ക്കു പിന്നാലെയാണ്. അതെന്തായിരിക്കും, തലമുറകളായി ആരായിരിക്കും പിന്നില്‍ എന്നൊക്കെയുള്ള കാര്യങ്ങളാണ് പറയുന്നത്. വായിക്കുന്ന കത്തോലിക്കന്‍ ബോധം കെട്ട് വീഴും എന്നുറപ്പ്, അവന് പിന്നീട് ബോധം വീഴാനും ഇടയില്ല. ആ രഹസ്യം പിടിച്ചെടുക്കാന്‍ സഭ നടത്തിയ ശ്രമങ്ങളില്‍ ഒരു നഗരം മുഴുവന്‍ വളഞ്ഞു സര്‍വ്വരെയും ചുട്ടുകൊന്ന സംഭവവും ഉള്‍പ്പെടുന്നു. അത് കണ്ടെത്തിയ ഒരു പുരോഹിതനെ ആരോ പണം കൊടുത്തു പ്രലോഭിപ്പിച്ച കാര്യങ്ങളും പിന്നിട് അയാള്‍ കൊല്ലപ്പെട്ടതും, അയാളുടെ കുമ്പസ്സാരം കേള്‍ക്കാന്‍ ചെന്ന വൈദികന്‍ പേടിച്ചു നിലവിളിച്ചോടിയതും .... എല്ലാം എല്ലാം തെളിവുകള്‍ സഹിതം അതില്‍ നിരത്തിയിരിക്കുന്നു. പ്രശ്നം അതുമല്ല; ഇതിന്‍റെ അവസാനഭാഗത്തുള്ളത്  ബൈബിളില്‍ നാം കാണുന്ന യേശുവേ അല്ലെന്നുള്ളതാണ്. ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് സാധാരണ ഒരു യഹൂദനെപ്പോലെ ജീവിച്ച ഒരു വിപ്ലവകാരിയും വിമോചകനുമായ ഒരു വ്യക്തിയേ ആണ് അവര്‍ വരച്ചു കാട്ടുന്നത്. ഒന്നും വിട്ടു പറയുന്നില്ലെങ്കിലും, അവര്‍ ചോദിക്കുന്നു, ഒരു സാധാരണ യഹൂദന്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിക്കും. അതില്‍ വ്യത്യാസം വന്നാല്‍ അത് പ്രത്യേകം പരാമര്‍ശിക്കപ്പെടും; അങ്ങിനെയൊരു പരാമര്‍ശം വരാത്തതുകൊണ്ട് യേശു വിവാഹം കഴിച്ചിരിക്കാം.

ഘാനായിലെ കല്യാണം ആരുടെതായിരുന്നുവെന്നും അവര്‍ ചോദിക്കുന്നു. മറിയവും മകനും വെറും  അതിഥികള്‍ മാത്രമായിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടെണ്ടതുണ്ടായിരുന്നോ? അതിഥികള്‍ ആതിഥേയനോടല്ലേ കാര്യം പറയേണ്ടത്, അപ്പോള്‍ യേശുവിനോട് വീഞ്ഞിന്‍റെ കാര്യം പറയേണ്ടതുണ്ടോ? യേശു വെറും ഒരു ആത്മോപദേശകന്‍ ആയിരുന്നെങ്കില്‍ എന്തിന് ഒരു വലിയ പട്ടാളത്തെയും കൂട്ടി യേശുവിനെ അറസ്റ്റ് ചെയ്യാന്‍ ഗദ്സമേനിലേക്ക് പുരോഹിതര്‍ക്ക് ് എന്‍റെ ടായിരുന്നിലാറെ  പോകേണ്ടിവന്നു? അപ്പോള്‍ പത്രോസിന്‍റെ കൈയ്യില്‍ വാളുണ്ടായിരുന്നു, മറ്റുള്ളവരുടെ കൈയ്യിലോ? റോമ്മാക്കാര്‍ക്ക് എതിരായ കുറ്റങ്ങള്‍ക്ക് മാത്രമാണ് കുരിശുമരണവും റോമ്മന്‍ വിചാരണയും, അപ്പോള്‍ യേശു ശിക്ഷിക്കപ്പെട്ടതെന്തിന്? ഞാന്‍ നിര്‍ത്തട്ടെ ... ഏതാണ്ട് ഒരു രീതി എല്ലാവര്ക്കും മനസ്സിലായല്ലോ.

പ്രശ്നം അതും അല്ല, ഇക്കാര്യങ്ങളൊന്നും നമ്പ്യാര്‍ വായിച്ചിട്ടില്ലെന്നു എനിക്ക് മനസ്സിലായി. ഇത് നമ്പ്യാര്‍ വായിക്കാന്‍ ഇടയായാല്‍ ഓഫ് ഷോറിലെ ജോലിയും നിര്‍ത്തി അടുത്ത അറബ് വിമാനത്തിന് നാട്ടില്‍ എത്തി മത പ്രസംഗം തുടങ്ങുമെന്ന് എനിക്ക് ഒരു സംശയവുമില്ല. പുസ്തകത്തിലെ ഒരാരോപണവും ചുമ്മാ അങ്ങു പറയുന്നതല്ല. എല്ലാം നിരവധി സാഹചര്യ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരത്തിയിരിക്കുന്നത്. സുവിശേഷം എവിടെയൊക്കെ തിരുത്തപ്പെട്ടുവെന്നും, ആരൊക്കെയാണ് എന്തിനൊക്കെയാണ് അത് ചെയ്തതെന്നും കാര്യം കാരണ സഹിതം നാട്ടുകാരോട് പറഞ്ഞാല്‍ എന്തായിരിക്കും കേരളത്തിലെ സ്ഥിതി? എനിക്കത് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. ഏതായാലും ഞാനും ജനിച്ച് വളര്‍ന്ന ഒരു സഭയല്ലേ? ഞാനെന്തു ചെയ്തെന്നോ? ആ പുസ്തകം മിനിയാന്ന് ഡെക്കില്‍ നിന്ന് കടലിലേക്ക്‌ ഒരേറു കൊടുത്തു; ഇനിയിത് ആരും വായിക്കാന്‍ ഇടവരരുതേയെന്ന പ്രാര്‍ഥനയോടെ. 

ഇനി എന്നെ അത്മായാശബ്ദത്തില്‍ കണ്ടില്ലെങ്കില്‍ നമ്പ്യാരെന്നെ കൊന്നുവെന്നു കരുതിയാല്‍ മതി. കാഞ്ഞിരപ്പള്ളിയില്‍ ദത്തു നില്‍ക്കുന്ന ഒരു കൊട്ടാരക്കാരന്‍ പുറങ്കടലില്‍ വെച്ച് നിര്യാതനായി എന്ന് പത്രത്തില്‍ വായിച്ചാല്‍ നിങ്ങള്ക്ക് കാര്യം ഉറപ്പിക്കാം. എന്നെപ്പോലെ സഭക്കുവേണ്ടി  രക്തസാക്ഷിത്വം വരിച്ചവര്‍ വേറെയും കാണാതിരിക്കില്ല, കാരണം ഇതുക്കൂട്ട് ഒന്നും  രണ്ടും പുസ്തകമല്ലല്ലോ ഇപ്പോള്‍ ചന്തയില്‍ വില്പ്പനക്കുള്ളത്. പോന്നനൂപേ, മേലില്‍ ആര്‍ക്കും ഇതുപോലെ ഉപകാരം ചെയ്യരുതെന്നപേക്ഷ.  

10 comments:

 1. കാനായിലെ കല്യാണം യേശുവിന്റെത് തന്നെ കല്യാണമായിരുന്നിരിക്കാം എന്ന ബുദ്ധി എത്ര ലളിതമാണ്; അതെന്തേ ഇതുവരെ ഗൌരവമായി ആരും എടുക്കാതിരുന്നത്? ബൈബിളിലെ/സുവിശേഷങ്ങളിലെ വാക്യങ്ങളും കഥകളും സൂചനകൾ മാത്രമാണ്. അതിൽ വായനക്കാരന്റെ വ്യാഖ്യാനത്തിന് ഒരതിരും കല്പിക്കാനാവില്ല. രണ്ടായിരം വർഷം സ്ഥാപിത താത്പര്യക്കാർ കണ്ടെത്തി പ്രചരിപ്പിച്ച അർഥമായിരിക്കണമെന്നില്ല ശരിയായത്. നസ്രായനായ യേശു എന്ന് വച്ചാൽ നസ്രത്തിലെ യേശു എന്ന് ഇന്നാളു വരെ അച്ചന്മാർ പറഞ്ഞിരുന്നെങ്കിലും ശരിക്കും അത് നസ്രീൻ സമൂഹത്തിൽ പെട്ട എന്നർത്ഥം വരുന്ന Jesus the Nazarene ആയിരിക്കാനാണ്‌ കൂടുതൽ സാദ്ധ്യത എന്ന് ഇപ്പോൾ പണ്ഡിതന്മാർ വിശസിക്കുന്നു. അങ്ങനെയായിരുന്നിരിക്കണം കുരിശിന്റെ തലയ്ക്കൽ പീലാത്തോസ് എഴുതി തൂക്കിയതും. ലോകാവസാനം അടുത്തു, അതുകൊണ്ട് ഇനി മക്കളെയും സമ്പത്തുമൊന്നും സ്വരുക്കൂട്ടിയിട്ടു കാര്യമില്ല എന്ന് വിശ്വസിച്ചിരുന്ന നസ്രീൻ ഗ്രൂപ്പിൽ പെട്ടയാളെന്ന നിലക്ക് യേശുവും വിവാഹം വേണ്ടെന്നു വച്ചിരിക്കാമെന്നല്ലാതെ, അവിവാഹിത ജീവിതം വിവാഹത്തെക്കാൾ മെച്ചപ്പെട്ടതാണെന്ന് വരുത്താനോ, മാതാവിന്റെ കന്യകാത്വം ദൈവപുത്രനെ പ്രസവിച്ചിട്ടും നഷ്ടപ്പെട്ടില്ല, മറ്റു മക്കളെ ഒട്ടു പെറ്റിട്ടുമില്ല എന്നുമൊക്കെ ഉറപ്പിക്കാൻ വേണ്ടിയുള്ള വ്യാഖ്യാനങ്ങൾ ദൂരെയെറിയാൻ പണ്ടേ സമയമായി. മാതൃത്വമാണ് കന്യാത്വത്തെക്കാൾ സവിശേഷം എന്ന് എന്തുകൊണ്ട് സയുക്തമായി ചിന്തിച്ചുകൂട?
  ഇത്തരം വിഷയങ്ങൾ പുതുതൊന്നുമല്ല. കൃഷ്ണനും രാമനും ഐതിഹ്യങ്ങളിലെ നായകന്മാരാണ്, യഥാർത്ഥ ചരിത്രപുരുഷന്മാരല്ലായിരുന്നു; അതുപോലെ യേശുവും ജീവിച്ചിരുന്നിട്ടില്ല എന്നുവരെ ഇ എം കോവൂരിനെപ്പോലെയുള്ളവർ ഒന്നാന്തരം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നമ്മുടെ മാർപ്പാപ്പാ പോലും അവയൊക്കെ വായിച്ചിട്ട്, ഓ, ഇതിലെന്താ ഇത്ര പുതുമ എന്ന് പറഞ്ഞ് തന്റെ അനുദിന ജോലിയിൽ തുടരാൻ എല്ലാ സാദ്ധ്യതയും ഇന്നുണ്ട്. നമ്മുടെ അനുനിമിഷമുള്ള അസ്തിത്വമാല്ലാതെ മറ്റൊന്നും മാറ്റമില്ലാത്ത സത്യമല്ല എന്ന നിത്യസത്യം മാത്രമേ മനുഷ്യന് മുറുകെപ്പിടിക്കാനുള്ളൂ. ബാക്കിയൊന്നിലും കടിച്ചു തൂങ്ങിയിട്ട് യാതൊരു കാര്യവുമില്ല. ഇത്രയല്ലേ റോഷനും തന്റെ നല്ല ഒഴുക്കുള്ള വാചകക്കസർത്തുകളിലൂടെ പറഞ്ഞു വയ്ക്കുന്നത്. ആർക്കാണ് റോഷനെ പേടി?

  ReplyDelete
 2. കാനായിലെ കല്യാണത്തിൽ യേശു മണവാളൻ ആയിരുന്നുവെന്ന് തീർപ്പ്‌ കല്പ്പിക്കാൻ പ്രയാസമാണ്. ബൈബിൾ ഒരോ കാലഘട്ടത്തിൽ ഓരോരുത്തരുടെയും ഭാവന അനുസരിച്ച് മാറ്റപ്പെട്ടിട്ടുള്ളതിനാൽ ഇതൊരു വിശ്വാസ ഗ്രന്ഥമെന്നതിലുപരി ചരിത്രഗ്രന്ഥമായി കാണാനും സാദ്ധ്യമല്ല. ഇവിടെ യേശു വിവാഹിതനോ അല്ലയോ എന്ന സത്യം അജ്ഞാതമാണ്. വചനത്തിൽ 'യേശുവിന്റെ സഹോദരർ' എന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇന്നും ഇസ്ലാമിക യഹൂദ പാരമ്പര്യത്തിൽ അവർ പരസ്പരം സഹോദരർ ആയിട്ടാണ് കരുതുന്നത്. പെന്തകോസ്തക്കാരും ഒരുവൻ മറ്റൊരുവനെ കാണുമ്പോൾ സഹോദരൻ എന്ന് വിളിക്കും. ഇങ്ങനെയുള്ള അഭിവാദനകൾ ആദിമ കൂട്ടായ്മ സഭകളിലും ഉണ്ടായിരുന്നു.

  ജോണ്‍ 2: 1-2 -ൽ വാക്യങ്ങൾ വായിക്കുക. 'മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി.; (2) യേശുവിനെയും ശിക്ഷ്യരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു. '
  "യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു."

  യേശുവിന്റെ കല്യാണമായിരുന്നെങ്കിൽ യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നുവെന്ന് പറയേണ്ട ആവശ്യമില്ലല്ലൊ. യേശുവിനെയും ക്ഷനിക്കുന്നതെന്തിനാണ്? മണവാളനെ ആരും ക്ഷണിക്കാറില്ലല്ലോ.

  ReplyDelete
  Replies
  1. ഈ യുക്തി വളരെ ശരിയാണ്. അവിടെ യേശു മണവാളനായിരുന്നിരിക്കാൻ ന്യായമില്ല.

   Delete

 3. ശ്രി. ജൊസഫ് മാത്യു പറഞ്ഞതുപോലെ ഒരു വിശ്വാസ ഗ്രന്ഥം മാത്രമായ ബൈബിളിലെ വിവരണങ്ങള്‍ പിന്തുടര്‍ന്ന് ഘാനായിലെ കല്യാണത്തെ വിലയിരുത്താന്‍ ആവില്ല. യേശുവും അമ്മയും മാത്രമല്ല ശിക്ഷ്യരും കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന ഒരു സന്നാഹം തന്നെ അവിടെയുണ്ടായിരുന്നല്ലോ. വെള്ളം വീഞ്ഞാക്കിയത് ആദ്യത്തെ അത്ഭുതമെന്നും പറയുന്നു. പക്ഷേ, ശിക്ഷ്യര്‍ ഒപ്പമുണ്ടായിരുന്നുവെന്ന സൂചന യേശു അന്നേ ഒരു ഗുരുവായിരുന്നുവെന്ന സൂചനയും നമുക്ക് തരുന്നു.
  സങ്കിര്‍ണ്ണമായതുകൊണ്ടല്ല ഒരു വിവാദം വേണ്ടെന്നു ഞാന്‍ ഉദ്ദേശിക്കുന്നത്, സാക്ക് പറഞ്ഞത് പോലെ ഇതൊക്കെ ചേര്‍ത്തു സമം അരച്ച് കലക്കിയതല്ല എന്‍റെ വിശ്വാസത്തിലെ ഗുരു നാഥന്‍.
  ഒരു മഹാ ഗുരുവിന്‍റെ അധരങ്ങളില്‍ നിന്നല്ലാതെ അഷ്ടസൌഭാഗ്യങ്ങളുടെ കഥ അടര്‍ന്നു വീഴില്ല. ക്രൈസ്തവന്റെ മാനിഫെസ്ടോ എന്ന് പറയുന്ന ആ പ്രസംഗം നാം പാര്ശ്വല്‍ക്കരിച്ചു; അന്ന് മുതല്‍ നാം ക്രിസ്ത്യാനികളല്ലാതെയുമായി. വി. ഫ്രാന്‍സിസ് അസ്സിസ്സിയുടെ ജിവിതത്തില്‍ നിന്നൊരു കഥ കേട്ടിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം സന്തത സഹചാരിയായ ലിയോയോട് ഒരു രഹസ്യം പറഞ്ഞു, സ്വര്‍ഗ്ഗം നേടാന്‍ നമ്മുടെ ദുര്‍മ്മാത്രകള്‍ മാത്രം ഉപേക്ഷിച്ചാല്‍ പോരാ, നമ്മിലെ ദിവ്യത്വവും ഉപേക്ഷിക്കണമെന്ന്. അദ്ദേഹത്തിന്‍റെ പ്രാര്‍ഥനകളില്‍ എന്നെ ഏറെ ആകര്‍ഷിച്ചത്, ദൈവമേ അങ്ങെന്റെ ശരീരത്തെ എടുത്തു മാറ്റണം എന്നുള്ളതാണ്. എല്ലാവരും പ്രാര്‍ഥിക്കുന്നത് ദൈവമേ എന്‍റെ ആത്മാവിനെ എടുക്കണം എന്നല്ലേ? പാദങ്ങള്‍ക്കു മുകളിലുള്ളതെല്ലാം സ്വര്‍ഗ്ഗം എന്നൊരു കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വര്‍ഗ്ഗത്തില്‍ വേണ്ടാത്തത് ശരീരം അല്ലാതെ മറ്റെന്തു? ഫ്രാന്‍സിസ് അസ്സിസ്സിയെ വിശുദ്ധനായി വണങ്ങുന്ന കത്തോലിക്കാ സഭ അദ്ദേഹത്തിന്‍റെ ഇത്തരം എന്തുമാത്രം തത്ത്വ ചിന്തകളാണ് സെന്‍സര്‍ ചെയ്തത്. അദ്ദേഹത്തിന്‍റെ ഭൂരിഭാഗം ശിക്ഷ്യരും അണ്ടര്‍ ഗ്രൗണ്ടില്‍ പോകേണ്ടിവന്നത്‌ അതുകൊണ്ടല്ലേ. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ അതറിയുന്നു, അസ്സീസിയിലെ ഫ്രാന്സിസിന്‍റെ ശക്തിയും അറിയുന്നു. അതുകൊണ്ടാണ് ആയിരം മെത്രാന്മാര്‍ ഒരുമിച്ചു കുലുക്കിയിട്ടും കുലുങ്ങാതെ അദ്ദേഹം തുടരുന്നത്. ആ മരം വീഴ്ത്താന്‍ പോന്ന കാറ്റ് ജനിചിട്ടുണ്ടോയെന്നു തന്നെ ഞാന്‍ സംശയിക്കുന്നു.
  നമ്മുടെ മിഴികള്‍ ഉന്നതങ്ങളില്‍ ഉടക്കുമ്പോള്‍ ഈ തര്‍ക്കങ്ങള്‍ അപ്പാടെ അപ്രസക്തമാകും; നമ്മുടെ ശരീരം ആകെ പ്രകാശിക്കുകയും ചെയ്യുന്നു. ഇത്തരം ചര്‍ച്ചകള്‍ എന്‍റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതെയുള്ളൂ.

  ReplyDelete
  Replies
  1. ഒരിടത്തും തടഞ്ഞു നിലക്കാത്ത മനസ്സ് - അതാണ്‌ ആനന്ദം തരുന്നത്. ദാർശനികമായ പിടിവാശികൾ പോലും മനസ്സിനെ ഞെരുക്കും, സ്വാതന്ത്ര്യത്തെ ഹനിക്കും. എല്ലാ വാതിലുകളും തുറന്നിടാമെങ്കിൽ കൂടുതൽ കാറ്റും കയറും, കാഴ്ചയും കിട്ടും. ഒരു ചെറിയ ഉദാഹരണം. ഭൂമിയിൽനിന്ന് നമ്മൾ ആകാശത്തേയ്ക്ക് നോക്കുന്നു, നക്ഷത്രങ്ങളെ കാണുന്നു. ഉറച്ച പ്രതലത്തിൽ നിന്നുകൊണ്ട് വിശാലമായ ആകാശം കാണുമ്പോൾ നമ്മൾ അറിയാതെ സന്തോഷിക്കും, ഒരു നക്ഷത്രത്തെയും പേരുകൊണ്ട് അറിയില്ലെങ്കിലും, മുകളിൽ ആകാശമുണ്ടല്ലോ, അതിൽ നക്ഷത്രങ്ങളുണ്ടല്ലോ എന്നൊക്കെയുള്ള ബോധം തന്നെ വലിയൊരനുഗ്രഹമാണ്. എന്നാൽ അത് വളരെ സങ്കുചിതമായ ഒരറിവ്‌ മാത്രമാണ്. ഭൂമി സുതാര്യമായിരുന്നെങ്കിൽ എന്നൊന്ന് ചിന്തിക്കൂ, എങ്കിൽ നാം മുകളിൽ കാണുന്നത്ര വിശാലമായ ആകാശം താഴെയും കാണുമായിരുന്നു. സത്യത്തിൽ നാം താഴേയ്ക്ക് കാണുന്നില്ലെങ്കിലും, താഴെയും നമുക്ക് ചുറ്റുമുള്ളത് ആകാശവും അവ നിറയെ പ്രകാശഗോളങ്ങളുമാണല്ലൊ. അതായത് മുകളിൽ മാത്രമല്ല നമുക്ക് ചുറ്റും എല്ലാ വശത്തും ആകാശവും പ്രകാശവുമാണ്. ഭൂമിയുടെ അതാര്യത അത് നമ്മിൽ നിന്ന് മറച്ചു പിടിക്കുന്നു എന്നേയുള്ളൂ. അത് തന്നെ സംഭവിപ്പിക്കുന്നു, അതാര്യമായ മനസ്സും. മറിച്ച്, മനസ്സ് സുതാര്യമായാൽ പിന്നെ നാം കാണുന്നതിന് ഒരതിരുമില്ല. ആ വഴിക്ക് ചിന്തിക്കാനായാൽ വായനയെല്ലാം ധ്യാനമായി മാറും. സത്യത്തെ, അതെവിടെനിന്നു വന്നാലും നാം വരവേൽക്കും. അതിനുള്ള സാദ്ധ്യതകൾ ഒരുക്കുന്ന തൂലികയാണ് അനുഗ്രഹീതമെന്നു പറയാവുന്നത്. രോഷന്റെത് അത്തരമൊന്നാണ് എന്ന് ഞാൻ പറഞ്ഞോട്ടെ?

   Delete
 4. പ്രിയ റോഷൻ ,നമ്പ്യാർ ആ പുസ്തകം മുഴുവൻ വായിച്ചാലോ , വിവർത്തനം ചെയ്തു കേരളത്തിലെ മുഴുവൻ ആളുകൾക്ക് കൊടുത്താലോ എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നുണ്ടോ ?
  ഫ്രാൻസിസ് പാപ്പാ പറയുന്ന കാര്യങ്ങൾ പോലും കാതടപ്പിക്കുന്ന സ്തുതിപ്പുകളിൽ മുങ്ങിപ്പോവുന്നു .
  ഈ പുസ്തകവും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡാൻബ്രൌണ്‍ എഴുതിയ ഡാവിഞ്ചി കോഡും നമ്മുടെ മിക്ക പുരോഹിതരും വായിച്ചിട്ടുണ്ട് എന്നറിയുക.അതുകൊണ്ടാണല്ലോ ആ പുസ്തകം സിനിമ ആയപ്പോൾ ഇന്ത്യയിൽ റിലീസ് തടഞ്ഞത് .Angels and Demons ലും ഒത്തിരി കാര്യങ്ങൾ ഉണ്ട് .
  പുസ്തകം കടലിലെറിഞ്ഞത് നന്നായി മത്സ്യങ്ങളും മത്സ്യകന്യകമാരും അത് വായിക്കട്ടെ .

  ReplyDelete
 5. അനൂപേട്ടന്‍ ഇത്രയും പറഞ്ഞപ്പോ ഒരു പുസ്തകം കളഞ്ഞതില്‍ ആകെ സങ്കടം. അനൂപേട്ടന്‍ പറഞ്ഞത് വളരെ ശരിയാണ്. നാമെല്ലാം നല്ല ഒരു നാടകം കളിക്കുന്നു. വിശ്വാസം എന്നത് ആര്ക്കും ഒട്ടില്ല താനും. സുന്ദരന്‍ നമ്പ്യാര്ക്ക് ഞാന്‍ എയിന്ജ്ല്സ് ആന്ഡ് ‌ ഡെമോന്സ്‍ ഒരു കോപ്പി പകരം വാങ്ങിച്ചു കൊടുക്കും, കിട്ടുമെങ്കില്‍ ഡാവിഞ്ചി കോഡും വാങ്ങിക്കൊടുക്കും. നമ്പ്യാര് പാവമാ, പുസ്തകം കടലില്‍ വീണു പോയെന്നു പറയാമെന്ന് ഓര്ക്കു ന്നു.
  അനൂപേട്ടന്‍ പറഞ്ഞതില്‍ ഒരു വ്യത്യാസമുണ്ട്. വിശ്വാസികളുടെ അടിത്തറ തകര്ന്നിട്ടുണ്ട്, ആഴ്ചയില്‍ ഒന്ന് വെച്ച് ഒരച്ചനെ വെള്ളമടിച്ച് തിളങ്ങിയതിന്റെ പേരില്‍ കേരളത്തില്‍ പിടികൂടുന്നുണ്ട്, അമേരിക്കയില്‍ താമരക്കുരിശു വിശ്വാസികള്‍ തന്നെ പെട്രോള്‍ ഒഴിച്ചു കത്തിച്ചുവെന്നു പറഞ്ഞാല്‍ സ്ഥിതി ഒന്നൂഹിക്കാവുന്നതെയുള്ളൂ. കേരളത്തില്‍ ഏതു കേസു വന്നാലും ഒരു പ്രതി കത്തോലിക്കന്‍ ആയിരിക്കും എന്ന സ്ഥിതിയായില്ലേ? എല്ലാവരും ആഘോഷിക്കുന്നു, പെരുന്നാളും, കുര്ബാനയും, ലദീഞ്ഞും. കത്തോലിക്കനാണ് ഞാനെന്നു നെഞ്ചുവിരിച്ച് നിന്ന് പറയാന്‍ ആളെ കിട്ടാന്‍ അട്ടപ്പാടിയില്‍ ചെല്ലണം.
  വിഷമിപ്പിച്ചെങ്കില്‍ അനൂപേട്ടന്‍ ക്ഷമിക്കണം.

  ReplyDelete
 6. റോഷൻ ചേട്ടാ , ഒരു അട്ടപ്പാടി വിശ്വാസി ഈയിടെ പറഞ്ഞ ഒരു കാര്യം - ഉപവസിച്ച് ,നിയോഗം വെച്ച് പ്രാർത്ഥനയ്ക്കു ശേഷം S.M.S അയച്ചാൽ അത് റിസീവ് ചെയ്യുന്ന ആളുകൾക്ക് " അഭിഷേകം " കിട്ടും .
  അതിനാൽ അവിശാസി ആകാതെ അട്ടപ്പാടിവിശ്വാസി ആവുക .

  ReplyDelete
 7. "പുതുതായൊന്നും പറയാനില്ലാത്തവർ പ്രസംഗിക്കരുത്, എഴുതുകയുമരുത്" എന്ന സക്കരിയാച്ചായന്റെ കമന്റു കൊള്ളാം . പക്ഷെ എഴുതാൻ വേണ്ടി എഴുതുന്നു എന്നും മറ്റുള്ളവർക്കു തോന്നുംവിധം ചുമ്മാതെ പേന ചലിപ്പിക്കുന്നതും നന്നല്ല . st john.captr 2 , ഒന്നുമുതൽ 11 വരെ വായിച്ചാലാര്ക്കും മനസിലാകുന്ന കാനാവിലെ കല്യാണം ,യേശുവിന്റെ അരങ്ങേറ്റം, ഇവ എഴുതാൻ വേണ്ടി നാം എഴുതി നശിപ്പിച്ചു രസിക്കുന്നത് ഒരു കുറ്റക്രിത്യമല്ലേ എന്ന് നാം ആലോചിക്കുന്നത് നന്ന്! "മടയന്മാരെഴുതുന്നു" എന്ന് , കാലം "ഭോഷ്ക്കു" എന്ന്പറയാതിരിക്കാൻ ഇങ്ങിനെ "പുതുമ" തേടുന്നതും ശരിയൊ എന്നു നാം ഓരോരുത്തരും വിചിന്തനം ചെയ്യാനുമപേക്ഷിക്കുന്നു..sorry...

  ReplyDelete
 8. കാനായില്‍ യേശു വെള്ളം വീഞ്ഞാക്കിയതിന്റെ നല്ലൊരു വ്യാഖ്യാനം ഓഷോ ബൈബിളിനെഴുതിയ I Say Unto You എന്ന പുസ്തകത്തിലുണ്ട്. ബൈബിള്‍ വായിക്കേണ്ടതെങ്ങനെ എന്നതിന് ഒരു നല്ല ഉദാഹരണമാണ് ആ പുസ്തകം.

  ReplyDelete