Translate

Friday, November 15, 2013

വല്ലാത്ത പുക!

പലപ്പോഴും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, എന്‍റെ ബാല്യകാലത്തില്‍ ചെയ്തുകൂട്ടിയ കുസൃതികളെ ഓര്‍ത്ത്‌ ചിരിക്കാറുണ്ട്. ഇതില്‍ ഏറ്റവും ഭയാനകം ഏതായിരുന്നുവെന്നു ചോദിച്ചാല്‍, ഒരു ധൂപക്കുറ്റി കഥയാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ അള്‍ത്താര ബാലനായി വിലസിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വീടും പള്ളിയും തമ്മില്‍ ഒരു വിളിപ്പാടകലമേ ഉണ്ടായിരുന്നുള്ളൂ. കപ്യാരാണേല്‍ താമസം രണ്ടു വളവപ്രം. പള്ളിക്കല്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ അച്ചന്‍ ആദ്യം ആളുവിട്ട് എന്നെ വിളിപ്പിക്കും. പേപ്പട്ടി കളിക്കാന്‍ മരത്തിന്‍റെ മുകളിലിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ വിളി വരുക. പപ്പാ കണ്ണുരുട്ടി കാണിക്കുമ്പോള്‍ മനസ്സില്ലാ മനസ്സോടെ പോകും. ഏറ്റവും അരിശം പിടിപ്പിച്ചത് ചിരട്ടക്കരി ഉണ്ടാക്കലാണ്. ധൂപക്കുറ്റിയില്‍ കത്തിക്കേണ്ട ചിരട്ടക്കരി ഉണ്ടാക്കേണ്ടത് എന്‍റെ ജോലിയായിരുന്നു. ഒരിക്കല്‍ ഞാന്‍ അച്ചന് എട്ടിന്‍റെ ഒരു പണി കൊടുത്തു. അഴുക്കു തേങ്ങയുടെ ചിരട്ടകള്‍ മാത്രം എടുത്തു കരിയുണ്ടാക്കി. ദുര്‍ഗന്ധം എല്ലാവരും അറിയട്ടെ എന്ന് കരുതി. ഞാന്‍ കൊണ്ടുവരുന്ന ചിരട്ടക്കരിക്ക് ദുര്‍ഗന്ധം ഉണ്ടെന്നറിഞ്ഞാല്‍ വേറെ ആരെക്കൊണ്ടെങ്കിലും ഇനി പണി ചെയ്യിപ്പിച്ചോളും എന്ന് ഞാന്‍ കരുതി. പക്ഷേ പള്ളിയുടെ ശക്തികൊണ്ടാണോ എന്തോ, ധൂപക്കുറ്റി വീശിയപ്പോള്‍ കുന്തിരിക്കത്തിന്‍റെ മണം മാത്രം. ബെതലഹെമില്‍ വന്ന് കുന്തിരിക്കം സമര്‍പ്പിച്ച ഇന്ത്യാക്കാരനായ ജ്ഞാനിയെ ഞാന്‍ അന്ന് മനസ്സുരുകി പ്രാകി.
മനസ്സില്‍ നിറയെ അച്ചനോട് വൈരാഗ്യവുമായി അങ്ങിനെ കഴിയുമ്പോഴാണ് അച്ചന്‍ എനിക്ക് ഒന്പതിന്‍റെ ഒരു പണി തന്നത്. എന്‍റെ വീടിന്‍റെ അടുത്തായിരുന്നു തട്ടാന്‍ കുഞ്ഞന്‍ പണിക്കന്‍റെ വീട്. വെള്ളികൊണ്ട് ഒരു ധൂപക്കുറ്റി പണിയിപ്പിക്കാന്‍ അച്ചന്‍ അയാളെ ഏല്‍പ്പിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ കൊടുക്കാന്‍ ഒരു കുറുപ്പടി അച്ചന്‍ എന്നെ ഏല്‍പ്പിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു. ‘മേല്പ്പകുതി ആകാശത്തെയും കീഴ്പകുതി  ഭൂമിയും സൂചിപ്പിക്കുന്നു, അത് കൊണ്ട് കീഴ്പകുതിയില്‍ കൊത്തു പണികള്‍ ഒന്നും വേണ്ടാ, തിളക്കവും കുറച്ച് മതി. നാല് ചങ്ങലകളില്‍ ഒന്ന് പിതാവിനെയും, അടുത്തത്‌ പുത്രന്‍റെ ദൈവത്വത്തെയും, ഒന്ന് പുത്രന്‍റെ മനുഷ്യത്വത്തെയും, നാലാമത്തേത് പരിശുദ്ധ റൂഹായെയും സൂചിപ്പിക്കുന്നു.  ഓരോ ചങ്ങലയിലും എഴുപത്തിരണ്ട് സുവിശേഷ പ്രഘോഷകരെ സൂചിപ്പിച്ചുകൊണ്ട് എഴുപത്തിരണ്ട് കണ്ണികള്‍ വേണം. ഓരോ ചങ്ങലയിലും പന്ത്രണ്ടു ശിക്ഷ്യന്മാരെ പ്രതിനിധീകരിച്ച് പന്ത്രണ്ട് മണികള്‍ വീതം വേണം. ധൂപക്കുറ്റിയിലെ കരിക്കട്ട നമ്മുടെ പാപങ്ങളെ സൂചിപ്പിക്കുന്നു. തീ കരിക്കട്ടയെ എരിയിച്ച്‌ സുഗന്ധം പരത്തുന്നത് നമ്മുടെ പാപങ്ങള്‍ ദൈവം ശുദ്ധീകരിച്ചു എന്നതിനെയും സൂചിപ്പിക്കുന്നു.’ വേണമെങ്കില്‍ തട്ടാന്‍ സത്യം മനസിലാക്കി മാമ്മൊദീസാ മുങ്ങുന്നെങ്കില്‍ മുങ്ങട്ടെന്നും അച്ചന്‍ ഉദ്ദേശിച്ചിരിക്കണം.
ഞാന്‍ തീരുമാനിച്ചു, അത്രക്കങ്ങു വേണ്ട...അച്ചന്‍ അങ്ങിനെ ആളാവേണ്ട. ഞാന്‍ കുഞ്ഞന്‍ പണിക്കന്‍റെ അടുത്തു ചെന്ന് കാര്യം പറഞ്ഞു. അതിപ്രകാരം, ‘മേല്‍ പകുതിയെക്കാള്‍ ഒരു പടി മെച്ചമായിരിക്കണം കീഴ് പകുതിയിലെ പണി (അച്ചന്മാര്‍ക്ക് സ്വര്‍ഗ്ഗത്തെക്കാള്‍ സുഖം ഭൂമിയിലാണല്ലോ). ധൂപക്കുറ്റിക്കു മൂന്നു ചങ്ങല മതി (പുത്രന്‍ അങ്ങിനെയങ്ങ് ദൈവം കളിക്കണ്ട), കണ്ണികളുടെ എണ്ണം എഴുപതു മതി (ഒരാളെങ്കിലും രക്ഷപ്പെടട്ടെ), പന്ത്രണ്ടില്‍ ഒരുവന്‍ ചതിയനായിരുന്നതുകൊണ്ട് ചങ്ങലയിലെ മണികള്‍ പതിനൊന്നു വീതം മതി.’ കുഞ്ഞന്‍ പണി തുടങ്ങി. വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് വിഷമം. ഇത് വേണ്ടായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം, വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന് ഞാനും മനസ്സില്‍ കരുതി.
അച്ചന്‍റെ പ്രാര്‍ത്ഥനയേക്കാള്‍ പവ്വറെന്‍റെ പ്രാര്‍ത്ഥനക്കായിരുന്നു. ധൂപക്കുറ്റിയുടെ പണി തീരുന്നതിനു മുമ്പ് അച്ചന് സ്ഥലം മാറ്റം കിട്ടി. അടുത്ത അച്ചന്‍ സ്ഥാനം ഏറ്റപ്പോള്‍ ‘അച്ചന്‍ പറഞ്ഞതുപോലെ പ്രത്യേകം പണിതത്’ എന്ന് പറഞ്ഞ് മനോഹരമായ ഒരു ധൂപക്കുറ്റി അച്ചന്‍റെ കൈയ്യില്‍ കൊണ്ടെക്കൊടുത്ത് കുഞ്ഞന്‍ കാശും വാങ്ങി പോവുകയും ചെയ്തു. ഇന്നും മൂന്നു ചങ്ങലയുള്ള ആ വിശേഷപ്പെട്ട വെള്ളി ധൂപക്കുറ്റിയാണ് ഞങ്ങളുടെ പള്ളിയില്‍ ഉപയോഗിക്കുന്നത്. ധൂപക്കുറ്റി കാണുമ്പോള്‍ ഞെട്ടുന്ന ഒരു മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ മാത്രമായിരിക്കാനാണിട. അതിന്‍റെ പടം കണ്ടാലും നിമിഷങ്ങള്‍ക്കകം എന്‍റെ തലക്കുള്ളില്‍ പുക നിറയും.              

No comments:

Post a Comment