Translate

Thursday, November 28, 2013

ജോസഫിന്റെ ദുഃഖവും മേരിയുടെ സ്വപ്നവുംബാല്യംമുതൽ ഞാൻ താലോലിച്ചു മനസ്സിൽ കൊണ്ടുനടക്കുന്ന, ആരാധിക്കുന്ന എന്റെ ഇഷ്ടദേവതയാണ് യേശുദേവൻറെ അമ്മയായ കന്യകാമേരി. കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മച്ചി പറയുമായിരുന്നു, “മോനേ സമസ്ത ലോകത്തിലും സുന്ദരിയാണവൾ”.  അവള്‍ ലോകത്തിന്റെ ഉജ്ജല പ്രകാശത്തിനുള്ളിലെ മഹിമയുടെ രാജ്ഞിയും. ജപമാലകളും വണക്കമാസവും വെടിക്കെട്ടും എട്ടുനോമ്പു പെരുന്നാളും രൂപം എഴുന്നള്ളിപ്പും  ബാല്യകാലത്ത് അമ്മച്ചിയോടൊത്തു കൈപിടിച്ച് പള്ളിയില്‍പോയ നാളുകളും ഇന്നും എന്റെ ഓര്‍മ്മകളിൽ തങ്ങിനിൽക്കുന്നു. മേരിയോടുള്ള ഈ അമിത പ്രേമത്തിന്റെ രഹസ്യവും മരിച്ചുപോയ അമ്മച്ചിയുടെ പ്രേരണയായിരിക്കാം.

 

സ്കൂളിൽ പഠിക്കുമ്പോൾ മേരിക്കു പൂക്കൾ  അര്‍പ്പിക്കുവാൻ പുഴയുടെ അക്കരയൊരു പള്ളിയിൽ ഞാൻ നിത്യസന്ദര്‍ശകനായിരുന്നു. ശുദ്ധജലം മാത്രമേ അന്നു പുഴയിൽ ഒഴുകിയിരുന്നുള്ളൂ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുറവായിരുന്നു. ഞാൻ ഇന്നും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം ഉണ്ണിയേശുവിനെ മേരി താലോലിച്ചുകൊണ്ടിരിക്കുന്ന രൂപമാണ്. അല്പനേരം മൌനമായി ആ രൂപത്തിനുമുമ്പിൽ നില്‍ക്കുമ്പോള്‍ ലോകംതന്നെ മനസ്സാകുന്ന സമതലത്തില് ഒതുങ്ങാത്തവിധം അര്‍ഥവ്യാപ്തിയുള്ളതായി തോന്നും. സുന്ദരിയായ അവളുടെ മകന്റെ ശബ്ദം ശ്രവിക്കും. "നിന്റെ ഹൃദയം ശിശുവിന്റെ ഹൃദയംപോലെ ആയിരിക്കണം". ഹൃദയത്തില് ഭാഗ്യവാന്മാരും അവരാണ്. ദൈവവചനങ്ങൾ നൂറായിരം തരത്തിൽ മാറ്റിയും മറിച്ചും പ്രഭാഷണങ്ങൾ നടത്തുന്നവരിൽനിന്നു വിമുക്തരായി,  സ്വതന്ത്രമായ മനസ്സോടെ, തുറന്ന ഹൃദയത്തോടെ ലോകത്തു ജീവിക്കുവാൻ, നല്ലതിനെ സ്വന്തം ജീവിതത്തിലേക്കു പകർത്തുവാൻ യേശുവിന്റെ ഈ ഒരറ്റ വചനം പോരേ? ഉണ്ണി യേശുവിനെ ആലിംഗനം ചെയ്തിരിക്കുന്ന മാതാവായ ഈ സ്ത്രീ സമസ്തലോകത്തിന്റെയും അമ്മമാരുടെയും സ്നേഹമല്ലേ? അവൾ ഒന്നല്ല കോടാനുകോടിയാണ്. പ്രകൃതിയുടെ താലോലിക്കുന്ന സ്നേഹമാണ്.


. ....... തുടർന്നു വായിക്കുക.. താഴെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

 *മനോഹരമായ ചിത്രങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ലേഖനം ബ്രിട്ടനിൽതന്നെ  ഇതിനകം പോപ്പുലർ ഹിറ്റുകളോടെ 180 ഫേസ് ബുക്കുകൾ share (പങ്ക്) ചെയ്തുകഴിഞ്ഞു. 
അമേരിക്കാ ഇന്ന് നന്ദിയുടെ ദിനം കൊണ്ടാടുന്നു. എന്റെ മുഖം ആദ്യമായി കാണിച്ചുകൊണ്ട് അല്മായശബ്ദം വായനക്കാർക്ക് നന്ദിയുടെ ഈ ദിനത്തിൽ സർവ്വവിധ മംഗളങ്ങളും.

 
 


മേരിയുടെ സ്വപ്നവും ജോസഫിന്റെ ദുഃഖവും" - രക്ഷകന്റെ പിറവിക്കായി കാത്തിരിക്കുന്നവർക്കായി വേറിട്ട ക്രിസ്തുമസ് ചിന്തകൾ...
 
 


5 comments:

 1. വളരെ ഗ്രാമീണമായ ഒരു പശ്ചാതലത്തില്‍ യേശുവിന്‍റെ ജന്മദിന ചിന്തകള്‍ ലളിതമായി പങ്കിട്ടിരിക്കുന്നു. അതിരുകള്‍ക്കുള്ളിലാണെങ്കിലും ഇതൊക്കെ സംയമനത്തോടെ ഉള്‍ക്കൊള്ളാന്‍ അധികം പേരുണ്ടാവില്ല. ക്രിസ്തുമസുമായി ബന്ധപ്പെട്ട് നാം വിശ്വസിക്കുന്ന പലതും പൂര്‍ണ്ണമായും ശരിയല്ലെന്ന് ശ്രി. ജൊസഫ് മാത്യുവിനും അറിയാമല്ലോ. പുല്‍ത്തോട്ടിക്കു ചുറ്റും മൃഗങ്ങള്‍ വന്നു നിരന്നെന്നുള്ളത് ശരിയല്ലെന്ന് ഒരു മാര്‍പ്പാപ്പാ തന്നെ എഴുതിയിട്ട് അധികം കാലമായില്ലല്ലോ. ഒരു രാജ്യത്തെ ശിശുക്കളെ മുഴുവന്‍ കൊന്നൊടുക്കിയ സംഭവം ചരിത്രത്തിലില്ല. ഇത് ശരിയാണെങ്കില്‍ ജ്ഞാനികള്‍ യേശുവിനെ കണ്ടപ്പോള്‍ യേശുവിനു കുറഞ്ഞത് മൂന്നു വയസ്സെങ്കിലും കാണണം. യേശു ആശാരി ചെറുക്കനായിരുന്നോ, ദാവീദിന്റെ വംശത്തില്‍ ആശാരിമാരുണ്ടായിരുന്നോ, വെറും പത്തെഴുപത്‌ പാവങ്ങള്‍ മാത്രം ജീവിച്ചിരുന്ന നസ്രത്തില്‍ യൌസേപ്പിനു വേണ്ടത്ര തൊഴിലുണ്ടായിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അനേകര്‍ ചോദിക്കുന്നു.
  നാം ആ വഴിയെ പോകാതെ, ലോകം കണ്ട മഹാനായ ഒരു ഗുരുവിന്‍റെ ജന്മദിനം ആഘോഷിക്കാം; നമ്മുടെ ചിന്തകളും ശ്രി. ജൊസഫ് മാത്യുവിന്‍റെത് പോലെ ശുദ്ധവും നിര്‍മ്മലവുമായിരിക്കട്ടെ. നമ്മുടെയൊക്കെ ഉള്ളിന്‍റെ ഉള്ളിലായിരിക്കട്ടെ ക്രിസ്മസ്.

  ReplyDelete
  Replies
  1. ആശാരി എന്നത് വിവർത്തനത്തിൽ വന്ന പിഴവാണെന്ന് ഒരു അഭിപ്രായം ഉണ്ട് " Master of Crafts" എന്നതിന് പകരം ആശാരി കടന്നു കൂടിയതാവാം .

   Delete
 2. ശ്രീ മറ്റപ്പള്ളിയുടെ കാഴ്ചപ്പാടും ചിന്താഗതിയും പൂർണ്ണമായി എനിക്കും യോജിപ്പുണ്ട്. യേശുവിന്റെ ചരിത്രകാലങ്ങളെ സംബന്ധിച്ച് ആർക്കും വ്യക്തമായ ഒരു ധാരണയിൽ എത്തുവാൻ സാധിച്ചിട്ടില്ല. യേശുവിന്റെയും ജോസഫിന്റെയും തൊഴിലുകളെല്ലാം ഓരോ കാലത്തെയും ഭാവനകളിൽ കുരുത്തതാണ്. സ്വന്തം പൂർവിക തലമുറകളിൽ മൂന്ന് തലമുറയ്ക്ക് മുമ്പുള്ളവരുടെ തൊഴിൽ എന്തെന്ന് ചോദിച്ചാൽ ആർക്കും ഉത്തരം കാണുകയില്ല. എന്റെ വല്യപ്പന്റെ അപ്പൻ പാണ്ഡിനാടുമായി കഞ്ചാവ് കച്ചവടക്കാരൻ ആയിരുന്നുവെന്ന് എന്റെ വല്യപ്പൻ എന്നോട് പറഞ്ഞ അറിവുണ്ട്. എന്നാൽ ഞങ്ങളുടെ കുടുംബചരിത്രത്തിൽ എഴുതിയിരിക്കുന്നത് അദ്ദേഹം ശ്രീ ലങ്ക, തമിഴ്നാടുമായി കച്ചവട ബന്ധങ്ങളുണ്ടായിരുന്ന പേരും പെരുമയും അർജിച്ച പരോപകാരിയും വ്യവസായ പ്രമുഖനും ആയിരുന്നുവെന്നാണ്. എന്റെ കാലംകൂടി കഴിഞ്ഞാൽ ഈ പച്ചക്കള്ളം ചരിത്രമാകും. തൂമ്പാപ്പണി ചെയ്തിരുന്നവർ പലരും ഇന്ന് തോമ്മാ ശ്ലീഹായുടെ കാലത്തെ മെത്രാന്മാരാണ്. ചിലരിൽ ദിവാന്മാരും മന്ത്രിമാരും, രാജ സൈന്യാധിപരും വരെയുണ്ട്. പഠിക്കുന്ന കാലത്ത് ചില പണക്കാർ പിള്ളേർ ഇത്തരം വീര കുടുംബകഥകൾ എന്നോട് പറയുമായിരുന്നു.

  യഥാർത്ഥമായ ക്രിസ്തുമസ് നമ്മുടെ ഉള്ളിനെ പരിശുദ്ധമാക്കുന്നതാണ്. 153 മണി ചൊല്ലി പാതിരാ കുർബാനയ്ക്ക് പോയാൽ ആ പരിശുദ്ധി കിട്ടുകയില്ല. വേദനാമങ്ങൾ ആയിരം പ്രാവിശ്യം ഉരുവിട്ടാലും ഹൃദയം പരിശുദ്ധമല്ലെങ്കിൽ ഭഗവാൻ വരില്ല. പള്ളിയുമായി കൂടുതൽ അടുക്കന്നവരെയാണ് കപടഹൃദയരായി കാണപ്പെടുന്നത്. ഒരു പള്ളിയിൽ ധൂപക്കുറ്റി വീശുന്ന കപ്യാരാണ് കൂടുതലായും പള്ളിയോട് അനാദരവ് കാണിക്കുന്നത്. അയാളുടെ നിത്യതൊഴിലിലുളള പുരോഹിതദൈവം വെറും കളിപ്പീരെന്ന് തോന്നിക്കാണും. ഒരു കൃസ്തുവും ഒരു പുസ്തകവും ഇരുപതിനായിരം സഭകളുമാണ് ലോകത്തുള്ളത്. ഒരു വീട്ടിൽ തന്നെ പല സഭകളുമായി ക്രിസ്തുവിനെ പോസ്റ്റ്മാർട്ടം നടത്തുന്നു. ക്രിസ്തുവിന്റെ പേരിൽ പരസ്പരം തല്ലുകൂടലും കൊലയും തീവെട്ടി കൊലകളും സഭകളുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.

  ഇവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് ഞാൻ ജനിച്ചു വളർന്ന ഗ്രാമീണ അന്തരീക്ഷം മനസ്സിൽ കണ്ട് എന്റെ ഭാവനയിൽ എഴുതിയ ലേഖനമാണ്. എന്റെ മനസിലുള്ളത് ഫോട്ടോയിലും ബിംബത്തിലുമുള്ള സായിപ്പായ യേശുവോ മദാമ്മയായ മേരിയോ അല്ല. എങ്കിലും എനിക്കവനെ ആശാരിച്ചെറുക്കൻ എന്ന് വിളിക്കുന്നത് ഇഷ്ടമാണ്. അതുകൊണ്ട് അവനെ ഒരു ശുദ്ധഹൃദയനായി മനസ്സിൽ സങ്കൽപ്പിക്കാൻ സാധിക്കുന്നു. തോമ്മാശ്ലീഹാ മുക്കിയ ബ്രാഹ്മണസന്താന പരമ്പരകളിൽപ്പെട്ടതായിരുന്നെങ്കിൽ അവനെ എന്റെ ഗുരുവായി ഞാൻ സ്വീകരിക്കില്ലായിരുന്നു. ഈ ചെറുക്കന്റെ കൊട്ടുവടിയും ഉളിയും ചിന്തേരും കള്ളന്മാർ തട്ടിക്കൊണ്ടുപോയി. അവന്റെ ആശയങ്ങളെയും തത്ത്വ ചിന്തകളെയും കാറ്റിൽ പറത്തി സഭയെ ദേവാലയ മണിഗോപുരങ്ങളും കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി ഉയർത്തി.

  എന്റെ സങ്കല്പ്പത്തിലുള്ള മേരി ചെറുപ്പകാലത്തെ ചട്ടയും മുണ്ടും ഉടുത്തുകണ്ടിരുന്ന ഗ്രാമീണസ്ത്രീ തന്നെയാണ്. അനേക യഹൂദസ്ത്രീകളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്.എങ്കിലും മേരിയുടെ പരിപാവനത ഞാൻ ആരിലും കണ്ടിട്ടില്ല. .ആ ശാലീനത ഒരിക്കൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന സ്ത്രീകളിലെ കാണുവാൻ സാധിക്കുകയുള്ളൂ. ചന്തയിൽ കിടന്ന് 'രക്ഷകൻ വരുന്നു, പശ്ചാതാപിക്കൂ' എന്നുള്ള മുറവിളികളെല്ലാം പുലമ്പുന്നത് കള്ള രക്ഷകരെപ്പറ്റിയാണ്. യഥാർത്ഥരക്ഷകൻ നമ്മോടുകൂടി നമ്മുടെ ഹൃദയത്തിൽ തന്നെ കുടികൊള്ളുന്നുണ്ട്. അദ്വൈതത്തിന്റെ മഹത്വവും അവിടെ പ്രകടമാണ്.

  ReplyDelete
 3. "എന്റെ സങ്കല്പ്പത്തിലുള്ള മേരി ചട്ടയും മുണ്ടുംമുടുത്ത, എന്റെ ചെറുപ്പകാലത്തെ ഓർമയിലുള്ള, ഗ്രാമീണസ്ത്രീ തന്നെയാണ്."
  ഇത് വായിച്ചുകഴിഞ്ഞ്, അല്മായശബ്ദത്തിൽ പല താളുകൾ വീണ്ടും മറിഞ്ഞു. എന്നാലും ഈ വാക്യം എന്നെ വീണ്ടും വീണ്ടും തിരികെ വിളിച്ചുകൊണ്ടിരുന്നു. ഹൃദയത്തെ തഴുകിയ ചിലയനുഭവങ്ങളുടെ ഓർമ്മകൾ ജീവിതത്തെ പുതുക്കികൊണ്ടിരിക്കാൻ പോരുന്നവയാണ്.

  ഇതൊന്നു വായിക്കൂ: "കാലവര്ഷം ആരംഭിച്ച കാലം. കോരിച്ചൊരിയുന്ന മഴ. ആളുകൾ ഉന്മേഷശൂന്യരായി ചൂളിപ്പിടിച്ച് ഇരിക്കുകയാണ്. ഞങ്ങളോ, തെക്കിനിപ്പടിമേൽ തുടയോടുതുടയുരുമ്മി തിക്കിയിരുന്നു ചിന്തിക്കുകയും. നടുമുറ്റത്തു തളംകെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ കൂറ്റൻ മഴത്തുള്ളികൾ വീണു വട്ടത്തിൽ വളർന്നു വിലയിക്കുന്നതും നോക്കിക്കൊണ്ടുള്ള ആ ഇരുത്തം ഒരിക്കലും മായാത്ത ഒരു ചിത്രമാണ്. ഞങ്ങൾ അന്യോന്യം സംസാരിച്ചിരുന്നില്ല. അനങ്ങിയിരുന്നുമില്ല. കൂടെക്കൂടെ പരസ്പരം ഒന്ന് നോക്കും. കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ രണ്ടാളും ഒന്നമ്പരക്കും. ആ ഘട്ടത്തിൽ, ഉപബോധമനസ്സിൽ ഞങ്ങൾ അന്യോന്യം ആലിംഗനം ചെയ്തിട്ടുണ്ടാവണം."

  ശൈശവകൌമാരങ്ങളിലെ ഈ നിഷ്ക്കളങ്കത ആരെയാണ് വശീകരിക്കാത്തത്! ഇതാരുടെ ഓർമ്മകൾ എന്നല്ലേ? കണ്ണീരും കിനാവും ആരുടേതെന്നറിയാമല്ലോ. കളിക്കൂട്ടുകാരിയെ വി.റ്റി. വർണ്ണിക്കുന്നതുകൂടി കേൾക്കൂ." എന്റെ കളിത്തോഴി നങ്ങേമ. ഒക്കും കുളത്തും വെച്ചുടുത്തു നടക്കുന്ന പ്രായം. കാതിൽ തെച്ചിപ്പൂവണിക്കൊരട്. കഴുത്തിൽ സ്വർണമാല. തെളുതെളെ തിളങ്ങുന്ന തോളത്ത് ചിന്നിയിഴയുന്ന കുനുകൂന്തളങ്ങൾ. തൂമിന്നലെന്നപോലെ ഇടയ്ക്കിടെ പാറുന്ന കാറൊളിക്കണ്ണുകൾ. പുതുവർഷത്തിൽ തളിര്ത്തുവരുന്ന പൂച്ചെടിയുടെ ഓമനത്തം തുളുമ്പുന്ന ശരീരപ്രകൃതിയാണ് അവളുടേത്‌."

  ജോസഫ്‌ മാത്യു ചേർത്തിരുന്ന യഹൂദമിധുനങ്ങളുടെ ആ പടം ഞാനേറെ നേരം നോക്കിയിരുന്നു. എന്റെ പ്രണയാനുഭവങ്ങൾ തിരിച്ചെത്തിയതുപോലെ. സത്യം പറയട്ടെ, അവയാണ് ഇന്നുമെന്നെക്കൊണ്ട് സൌഗന്ധികമായി ചിന്തിക്കാനും ചിന്തിക്കുന്നവയ്ക്കപ്പുറത്തേയ്ക്ക് ദൃഷ്ടികളെ അയക്കാനും ശക്തനാക്കുന്നത്. അവയിലെ പരിശുദ്ധി അനന്യമായിരുന്നു. പാരുഷ്യമല്ല സ്ത്രൈണമാണ് ദൈവികത എന്നെന്നെ പഠിപ്പിച്ചത് ആ അനുഭവങ്ങളാണ്.

  ReplyDelete
  Replies
  1. സാക്കിന്റെ കമന്റിന് നന്ദി. ഈ ലേഖനം എഴുതിയപ്പോൾ സാക്ക് എഴുതാറുള്ള വാഗമണ്ണും ഗ്രാമപ്രദേശങ്ങളും എന്റെ ഓർമ്മയിൽ വന്നിരുന്നു. എനിക്കും ചെറുപ്പകാലത്ത് അങ്ങനെയുള്ള ഗ്രാമീണാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ രാജ്യത്ത് ഗ്രാമത്തിലാണ് ജീവിക്കുന്നുതെങ്കിലും കപ്പയും ചേനയും കാച്ചിലും വരിക്ക കൂഴ പ്ലാവുകൾ ഉള്ള ഗ്രാമത്തോളം മനോഹാരിത ഒരു സ്ഥലത്തുനിന്നും ലഭിക്കില്ല. ഇങ്ങനെയുള്ള അനുഭവങ്ങൾ എഴുതുമ്പോൾ ദൈവത്തോട് കൂടുതൽ അടുക്കുന്നതായും തോന്നും. ഏതാനും മാസങ്ങള്ക്ക് മുമ്പ് ഞാൻ എഴുതിയ 'യേശുവിന്റെ കളിക്കൂട്ടുകാരി' എന്ന കഥ ഇന്ന് വായിച്ചു. ആ കഥ എഴുതിയ ഞാൻ തന്നെ ആസ്വദിച്ചുവെന്നാണ് സത്യം. കാരണം അവിടെ നായകൻ ഗുരുവായ യേശുവും നായിക മഗ്ദലനായുമാണ്. നായകനോടും നായികയോടും എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നി. ഇത്തരം ആനന്ദം പുരോഹിതൻ കുഞ്ഞാടുകൾക്ക് വിലക്കിയിരിക്കുന്നുവെന്നാണ് സത്യം. ഒരു സത്യാന്വേഷി നമ്മുടെ ഹൃദയത്തെ പരിപോഷിപ്പിക്കുകയാണ് വേണ്ടതെന്നു പറഞ്ഞാൽ മതമൗലികവാദികൾ കലിതുള്ളും. യേശുവിന്റെ കൂട്ടുകാരിയെന്ന ലേഖനം ഇവിടെ ലിങ്ക് ചെയ്യുന്നു. വായിച്ചിട്ടില്ലാത്തവർ വായിക്കുക. :

   http://almayasabdam.blogspot.com/2013/04/blog-post_9.html

   Delete