Translate

Wednesday, November 6, 2013

കളരിക്കന് ചുട്ട മറുപടി
ചാക്കോ കളരിക്കൽ


"വടക്കെ അമേരിക്കയിലെ ക്നാനായ പ്രതിസന്ധി: ഒരു അവലോകനം" എന്ന എന്റെ ലേഖനത്തിന് ശ്രീ ജോണ്‍ കരമ്യാലിൽ എഴുതി അമേരിക്കൻക്നായിൽ പ്രസിദ്ധീകരിച്ച സുദീർഘമായ പ്രതികരണ ലേഖനം ശ്രീ അലക്സ് കണിയാമ്പറമ്പിൽ എനിക്ക് അയച്ചുതന്നു.  അതിന്റെ ഒരു കോപ്പി ശ്രീ കരമ്യാലിൽ എനിക്കയയ്ക്കുമെന്ന് തന്റെ ലേഖനത്തിൽ സൂചിപ്പിച്ചെങ്കിലും ഇന്നുവരെ എനിക്കത് ലഭിച്ചിട്ടില്ല. അദ്ദേഹം അത് മറന്നു പോയതായിരിക്കാം.  അമേരിക്കൻക്നാ എന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിന്നോയെന്നും എനിക്കറിയില്ല. ഞാൻ അദ്ദേഹം  കൈകാര്യം ചെയ്യുന്ന ആ ഗൂഗിൾ ഗ്രൂപ്പിലെ അംഗമല്ല. ശ്രീ കരമ്യാലിലിന്റെ ലേഖനത്തിൽ എന്റെ ലേഖനത്തിന്റെ ലിങ്ക് കാണുന്നില്ല. അമേരിക്കൻക്നാ എന്റെ ലേഖനം നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലങ്കിൽ ചുരുങ്ങിയ പക്ഷം എന്റെ ലേഖനത്തിന്റെ ഒരു ലിങ്കെങ്കിലും കൊടുക്കേണ്ടതായിരുന്നു.

 എന്റെ പേര് 55 പ്രാവിശ്യം എടുത്തുപറഞ്ഞ് വിഡ്ഡിയും വിവരദോഷിയും കിണറ്റിലെ തവളയും ഭീരുവും പാമരനും അധ:പതിച്ചവനും വിഡ്ഡിയായ എം.എ. ക്കാരനും കൊച്ചുകുട്ടികളുടെ വിവരംപോലും ഇല്ലാത്തവനും എന്നെല്ലാം എന്നെ വിശേഷിപ്പിച്ചെഴുതിയാൽ 'അല്പം വിട്ടതിനുശേഷം' ചാക്കോ കളരിക്കൽ ഒരു സംസാര വിഷയമാക്കി പൊട്ടിച്ചിരിക്കാനെ അത് ഉപകരിക്കൂ. ചരിത്രാധിഷ്ടിതവും വസ്തുനിഷ്ഠവുമായ എന്റെ ലേഖനത്തെ ഞാൻ എഴുതിയ അന്തസ്സിൽത്തന്നെ  നിന്നുകൊണ്ട് ഖണ്ഡിക്കാതെ എന്നെ അവഹേളിച്ചും സ്വന്തം പൊങ്ങച്ചവും കൂടാതെ തൻറെടിത്തരവുമായ ഭാഷയിൽ എഴുതുന്നത്‌ പക്വത നിറഞ്ഞ സംവാദത്തിന്റെ ലക്ഷണമല്ല. പണ്ഡിതോചിതമായ ഒരു സംവാദമായിരുന്നെങ്കിൽ നമുക്കെല്ലാം പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നു. അങ്ങനെയാണ് നാം സത്യത്തെ അനാവരണം ചെയ്യുന്നത്. ആത്മസംയമനത്തോടെ കാര്യങ്ങളെ വിശകലനം ചെയ്യാൻ പ്രാപ്തിയും ഉന്നത വിദ്യാഭ്യാസവുമുള്ള ക്നാനായക്കാർ ധാരാളം ഉണ്ടെന്ന് എനിക്കറിയാം. കോട്ടയത്തുള്ള സർവശ്രീ ഡോമിനിക് സാവിയോയും അമേരിക്കയിലുള്ള ജോണ്‍ കരമ്യാലിലും അവരുടെ പ്രതികരണം ആരംഭിക്കുന്നതുതന്നെ  എന്റെ ലേഖനം മറുപടി അർഹിക്കാത്തതാണന്നുള്ള അധിക്ഷേപത്തോടെയാണ്. രണ്ടുപേരെയും ഞാനറിയുകയില്ല. എന്നാൽ എന്റെ ലേഖനത്തിന്റെ അതേ നിലവാരത്തിൽ നിന്നുകൊണ്ട് പ്രതികരിച്ച് ആരോഗ്യപരമായ ഒരു സംവാദം സാധിക്കാതെപോയത് ദയനീയമായിപ്പോയി. ശ്രീ അലക്സ് മാപ്ലേട്ടൻ അതിന് ശ്രമിക്കുകയെങ്കിലും ചെയ്തു. കാര്യത്തെ വിശകലനം ചെയ്യേണ്ടത് ബുദ്ധിപരമായ സംവാദത്തിൽ കൂടിയായിരിക്കണം. സമുദായ വികാരമെന്ന തിമിരം പിടിച്ച് അന്ധരായിപ്പോയവർ വ്യക്തിഹത്യക്കേ മുതിരൂ. അർത്ഥവത്തായ പ്രതികരണങ്ങൾ ക്നനായ സമുദായത്തിൽനിന്നും ഉണ്ടാകാതിരുന്നത് നിർഭാഗ്യകരം എന്നല്ലാതെ എന്തുപറയാൻ. ഡോമിനിക്ക് സാവിയോയും ജോണ്‍ കരമ്യാലിലും എന്നെ അധിക്ഷേപിച്ച് പ്രതികരണങ്ങൾ എഴുതിയതുകൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല. എന്നാൽ ചിന്തിക്കുന്ന ക്നനായക്കാർക്ക് ഇത്തരം പ്രതികരണങ്ങൾ നഷ്ടം തന്നെയാണ്. ശ്രീ ജോസെഫ് മാതുവിന്റെ പ്രതികരണം തന്റെ സ്വന്തം ശൈലിയായ രൂക്ഷ ഭാഷയാണെങ്കിലും സത്യമല്ലേ അദ്ദേഹം തുറന്നെഴുതിയത്. സത്യം നമ്മെ ചിലപ്പോൾ വേദനിപ്പിച്ചെന്നിരിക്കും.

 സമുദായ നടപടികൾ സഭ പാലിക്കണമെന്നില്ല. എന്നാൽ സഭാനിയമങ്ങളെ പാലിക്കാൻ ക്നാനായ സമുദായക്കാരായ  ഒരോ കത്തോലിക്കനും ബാദ്ധ്യസ്ഥനാണ്. സ്വസമുദായത്തിൽനിന്നും വിവാഹം കഴിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ല. കഴിക്കാതിരുന്നാൽ ശാസ്ത്രീയമായി നല്ലതെന്നേ പറഞ്ഞിട്ടുള്ളൂ. സ്വവംശ വിവാഹ നിഷ്ഠ വടക്കെ അമേരിക്കയിലേക്ക് വ്യാപിപ്പിക്കാൻ പാടില്ലന്നുള്ള തീരുമാനവും നിർദ്ദേശവും വത്തിക്കാന്റ്റെതാണ്. പ്രബുദ്ധരായ ക്നാനായക്കാർ വത്തിക്കാനെ വേണ്ടവിധത്തിൽ ധരിപ്പിച്ചില്ലെങ്കിൽ   അത് സമുദായത്തിന്റെ പിടിപ്പുകേടാണെന്ന് സമുദായാംഗങ്ങൾ തിരിച്ചറിയണം. പക്ഷെ സത്യം അതല്ല. പള്ളിയംഗത്വത്തിന് സ്വവംശ വിവാഹ നിഷ്ഠ പാലിക്കണമെന്നുളളത്  അക്രൈസ്തവമാണ്. യഹൂദനല്ലാത്ത ഒരു പോപ്പിനു കീഴിൽ കഴിയുന്നത്‌ ക്നാനായ അന്തസ്സിന് പറ്റിയതല്ലന്ന് ഒരു ക്നാനായ കത്തോലിക്കന് പറയാൻ സാധിക്കുമൊ? പ്രസിഡണ്ട്‌ ഒബാമ നീഗ്രോ വർഗത്തിൽ പെട്ടവനെന്നുകരുതി ഒരു ക്നാനായക്കാരനും അമേരിക്കൻ പൌരത്വം ഉപേക്ഷിക്കുകയില്ല. ഞാൻ കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടെ അഞ്ചാറു ക്നാനായ വിവാഹങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവരെല്ലാം ക്നാനായക്കാരല്ലാത്തവരെയാണ് വിവാഹം കഴിച്ചത്. സ്വന്തം മക്കൾ മാറിക്കെട്ടി പെരുമ്പാമ്പ് ഇരയെ വിഴുങ്ങുന്നതുപോലെ സാവധാനം സ്വവംശം വിവാഹം അമേരിക്കയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് കളരിക്കന്റെ ഒരു ലേഖനം കൊണ്ടോ വീര്യമുള്ള ക്നാനായ രക്തത്തിന്റെ കുറവുകൊണ്ടോ ഒന്നുമല്ല. ലോകം മാറിപ്പോകുന്നു. നമുക്കതിനെ പിടിച്ചുനിർത്താൻ സാധിക്കുമോ. അത് പ്രപഞ്ചപരിണാമത്തിന്റെ ഭാഗമാണ്.

കൊല്ലംപറമ്പിൽ, വെള്ളിയാൻ അച്ചന്മാരുടെയോ ശ്രീ ജോസഫ് ചാഴികാടിന്റെയോ ചരിത്രത്തിൽ മാത്രം ഒതുക്കുന്നതല്ല ക്നാനായ ചരിത്രം. അവരുടെ പഠനങ്ങൾ ഒരു ചരിത്ര ഗവേഷകന് സഹായകമാണ്. ക്നാനായ ചരിത്രത്തിന്റെ ആഴവും പരപ്പും അറിയണമെങ്കിൽ ലൈബ്രറികളിൽ പോയോ മറ്റ് ഗവേഷണങ്ങൾ നടത്തിയോ ഇനിയും നാം പഠിക്കേണ്ടിയിരിക്കുന്നു. തോമ്മാ അപ്പോസ്തോലന്റെ കേരള പ്രവേശനവും അങ്ങനെതന്നെ. 

സഭാധികാരികൾ തെക്കുംഭാഗക്കാരെ ഭയന്നാണൊ ജീവിക്കുന്നതെന്ന് എനിക്കറിയില്ല.  കോട്ടയത്തുവച്ച് മൂലേക്കാട്ടിൽ മെത്രാപ്പോലിത്തയെ സമുദായംഗങ്ങൾ കൂട്ടമായി കൂവി പ്രസംഗിക്കാൻ അനുവദിക്കാതിരിക്കുന്നതു കണ്ടപ്പോൾ ഒരു കത്തോലിക്കനെന്ന നിലയിൽ എനിക്കും വിഷമം തോന്നി. അപ്പോൾ "കോട്ടയം പിതാവിന് അദ്ദേ ഹത്തിന്റെ അല്മേയരിൽനിന്നു ലഭിക്കുന്ന സ്നേഹവും സംരക്ഷണവും ലോകത്തിൽ മറ്റേതെങ്കിലും ഒരു പിതാവിന് ലഭിക്കുന്നുണ്ടോ?" എന്ന പ്രസ്താവത്തിലെന്ത്‌ അർത്ഥമാണുള്ളത്‌. അത് അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും അടയാളമല്ലല്ലോ. കഴിഞ്ഞ KCCNA സംഗമത്തിന് കോട്ടയം തിരുമേനിമാർ സംബന്ധിച്ചില്ലന്നുള്ളതും ഇവിടെ പ്രസക്തമാണ്.

 ഞാനൊരു കൂലിപ്രസംഗക്കാരനും കൂലി എഴുത്തുകാരനുമാണന്ന് ആരോ എഴുതികണ്ടു. ക്രിസ്തുവിനുപോലും മുമ്പേയുള്ള തെക്കുംഭാഗക്കാർ കൊടുങ്ങല്ലൂരുവഴി കോട്ടയംവരെയെത്തിയെങ്കിൽ ഈ പരിഹാസ്യം നിറഞ്ഞ പ്രതികരണത്തിൽ പ്രശ്നം ഒതുക്കുന്നത്‌ ക്നാനായ സമുദായത്തിന്റെ പുരോഗമനത്തിന് ഭൂഷണമല്ല. ഡോ. ജെയിംസ് കോട്ടൂർ പറയുംപോലെ വികാരത്തെ മാറ്റിവച്ച് സൈദ്ധാന്തികമായി കാര്യങ്ങളെ വിശകലനം ചെയ്യാൻ ഒരു വട്ടമേശാസമ്മേളനമാണിന്നാവശ്യം. 

ഇതെഴുതി കഴിഞ്ഞപ്പോഴാണ്  ശ്രി ജോർജ് പൂഴിക്കാലയുടെ ഇംഗ്ലിഷിലുള്ള പ്രതികരണം കാണാൻ ഇടയായത്. ക്നാനായ സമുദായത്തിൽ അർത്ഥവത്തായ ഒരു സംവാദത്തിനുതകുന്ന ഉന്നതരുമുണ്ടെന്ന്  ഞാൻ മേലെഴുതിയതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രി പൂഴിക്കാലയുടെ പണ്ഡിത ലേഖനം. സ്വവംശ വിവാഹത്തെ അനുകൂലിക്കുന്നവരുടെയും ഇത്തരത്തിൽ നിലവാരമുള്ള ലേഖനങ്ങൾ വന്നാലെ സംവാദം ഫലവത്താകു. മറിച്ച്, "കളരിക്കന് ചുട്ട മറുപടി" കൊടുത്തതുകൊണ്ട്‌ ക്നാനായ സമൂഹത്തിന് ഒന്നും നേടാനില്ല. എനിക്കൊന്നും നഷ്ടപ്പേടാനുമില്ല. കെ. എം. മാണിസാർ പറയുന്നതുപോലെ അദ്ദേഹത്തെ എല്ലാവരും ചീത്ത വിളിക്കും. പക്ഷെ അദ്ദേഹത്തിന്റെ അമ്മയെ ആരും ചീത്ത വിളിക്കാറില്ല.

1 comment: 1. അറിവില്ലാത്തവർ വിഡ്ഢിയായ എം.എ ക്കാരൻ, വിവരദോഷി എന്നൊക്കെ പറയുമ്പോൾ അവരോട് സഹതാപമല്ലേ വേണ്ടത് ചാക്കോച്ചാ! എന്നെ വെളുത്തേടൻ എന്ന് വിളിച്ചുള്ള ഒരു മാന്യന്റെ സാഹിത്യകൃതി ക്നാനായ വിശേഷങ്ങളിലുണ്ട്. വ്യക്തിഹത്യയാണ്‌ അയാള്ക്കിഷ്ടം. ചിലർക്ക് ജയിക്കാൻ വ്യക്തിഹത്യ ഒരു ഹരവുമാണ്.
  അയാളെപ്പോലെ ഇത്തരം സംസ്ക്കാരരഹിതരും ആ സമൂഹത്തിൽ ഉള്ളപ്പോൾ അവർക്കിടയിൽ യഹൂദരക്തവും ഒഴുകുന്നുണ്ടെന്ന് വേണം അനുമാനിക്കാൻ. എങ്കിലും ആ മനുഷ്യൻ ഏതോ സ്വപ്ന ലോകത്തിൽ എന്തോ സത്യമെന്ന് വിശ്വസിച്ചുനടക്കുന്ന വെറും പാവം ശുദ്ധനാണെന്നതിലും സംശയമില്ല. കാനഡായിൽ അടുത്തമാസം അതിശൈത്യം വരുമ്പോൾ സ്വന്തം സമൂഹത്തിൽ മുമ്പുണ്ടായിരുന്ന കുറ്റകരമായ വംശീയ തീണ്ടൽപദങ്ങൾ വിളിക്കില്ലെന്നും കരുതാം. അത്തരം കമ്മന്റുകൾ അമേരിക്കയിൽ ശിക്ഷാഹർമാണ്. അഡ്നിസ്ട്രേട്ടർ അതെല്ലാം മനുഷ്യാവകാശ കമ്മീഷൻ കണ്ടുപിടിക്കുന്നതിനുമുമ്പ് നീക്കം ചെയ്തത് അയാൾക്ക്‌ ഗുണമായി.

  ഒരു പുസ്തകംപോലും ജീവിതത്തിൽ വായിക്കാൻ സമയമില്ലാത്തവരുടെ തലയിൽ ശുദ്ധരക്തവാദികൾ ആവശ്യത്തിന് മയക്കുമരുന്ന് വിഷം കുത്തിവെച്ചിട്ടുണ്ട്. വിഷയങ്ങളിലേക്ക് കടക്കാൻ കഴിയാത്ത ഇവർക്ക് വ്യക്തികളുടെ ആദികാല ചരിത്രംവരെ ചികയാനാണ് താല്പര്യം. ക്നനായ സാമൂഹികപ്രശ്നങ്ങളുടെ ഈ വിഷയങ്ങൾ രക്തവാദികളുടെ രക്തം തിളക്കാനും കാരണമാകും. സദാം ഹുസയിനെപ്പോലെ ശുദ്ധരക്തം വഹിച്ചുകൊണ്ടു നടക്കുന്ന പോങ്ങച്ചക്കാരെ ശാന്തമാക്കാനും പ്രയാസമാണ്. സദാം ഹുസൈനിന്റെ നാട്ടിൽ ഈ ഏകാധിപതിയുടെ രക്തമെന്ന് പറഞ്ഞ് ചെന്നാൽ അവരടിച്ച് പുറത്താക്കും. നാടുമുഴുവൻ ഇന്ന് ക്രിസ്ത്യൻ പള്ളികൾ ഒന്നാകെ തകർത്തുകൊണ്ടിരിക്കുന്ന ബാർബേറിയൻ സമൂഹത്തിലെ പാരമ്പര്യത്തിൽ ഇവർ അഭിമാനം കൊള്ളുന്നു. കഷ്ടമെന്നേ പറയാനാവൂ.

  ജോർജ് പൂഴിക്കാല പറഞ്ഞതുപോലെ "ചില മിടുക്കന്മാരുടെ വിരുതിൽ മനസാക്ഷിയെ വികൃതമാക്കി സമൂഹമൊന്നാകെ (inhibition ) മസ്തിഷ്ക്ക പ്രഷാളനം ചെയ്താൽ അവർ പുകയിലകൊണ്ടും ലഹരികൊണ്ടും മത്തുപിടിച്ചവരെപ്പോലെയാകും. വസ്തുതകളെ നിഷേധിക്കുക, സത്യങ്ങളെ വളച്ചൊടിക്കുക, വ്യക്തിഹത്യ നടത്തുക ഇതെല്ലാം മനസിന്റെ സമതലതന്നെ തെറ്റിയവരായ ഇവരുടെ ഒരു തരം മനശാസ്ത്രാരോഗമായി രൂപന്തരപ്പെട്ടതാണ്." വാക്കുകൾ ഇല്ലാതാകുമ്പോൾ ഇത്തരക്കാർ വ്യക്തികളെ അസഭ്യപേരുകൾ വിളിക്കും. ചാണക്യന്മാർ രാഷ്ട്രീയത്തിലുള്ളതുപോലെ കള്ളങ്ങളാൽ നെയ്തെടുത്ത വിവിധതരം ചാണക്യതന്ത്രങ്ങൾ സമൂഹമൊന്നാകെ നടപ്പിലാക്കിയിട്ടുണ്ട്. മതഭ്രാന്തരായ വ്യക്തികളിൽ ആവേശരായി ജനം മുഴുവൻ അവരുടെ പിന്നാലെ പോകുന്നതും അപകടകരമാണ്.

  മൂന്നാം നൂറ്റാണ്ടുമുതൽ അഞ്ചാം നൂറ്റാണ്ടുവരെ കേരളം ഭരിച്ചിരുന്ന ഒരു രാജാക്കന്മാരുടെയും വ്യക്തമായ ചരിത്രവിവരങ്ങൾ കേരളചരിത്രത്തിന്റെ ഗവേഷണ ഗ്രന്ഥപ്പുരകളിൽ ഇല്ല. എന്നാൽ ക്നായി ഇതിഹാസ കടൽതൊമ്മനൊപ്പം മാർ ഊർഹാ യൂസഫ് എന്ന ബിഷപ്പും പുരോഹിതരും ഡീക്കൻമാരും ഉണ്ടായിരുന്നു. ആ കടൽ തിരുമേനിയുടെ കൃത്യമായ പേര് ഐ.പി. എസ് കാരൻ പോലീസുകാരന് എവിടെനിന്ന് കിട്ടിയെന്നറിയില്ല. ഒരു പുരോഹിതനെപ്പോലെ പോലീസുകാരന്റെ ബുദ്ധിയും ബോധവും അത്രയും കണക്കാക്കിയാൽ മതിയല്ലോ.

  ഒരിക്കൽ ഒരു സദസിൽ ഒരു ക്നനായിക്കാരൻ യേശുവിന്റെ രൂപം കാണിച്ച് തങ്ങളിൽ പലരുടെയും മുഖച്ഛായ യേശുവിനെപ്പോലെയെന്ന് പൊങ്ങച്ചം പറയുന്നതു കേട്ടു. എന്നാൽ യേശുവിനെ വരച്ച കലാകാരന്റെ ഭാവന ഒരു സായിപ്പായിരുന്ന യേശുവായിരുന്നുവെന്ന സത്യം അയാൾക്ക്‌ ചിന്തിക്കാൻ കഴിവില്ലായിരുന്നു. യഹൂദന് പടത്തിൽ കാണുന്ന യേശുവിനെപ്പോലെ നീലക്കണ്ണുകളോ സായിപ്പിനെപ്പോലെ തലമുടിയോ ഇല്ല. യേശുവിന്റെ രക്തംതന്നെ ശുദ്ധമല്ല. ദാവീദിന്റെ ഗോത്രത്തിൽ പ്രവാചകർ ആഫ്രിക്കൻ സ്ത്രീകളെയും വിവാഹം ചെയ്തിട്ടുണ്ട്.

  ക്നനായിക്കാരുടെ സംഘിടിതമതവും ഭ്രാന്തും രക്തശുദ്ധിവാദവും രാജ്യത്തിനുതന്നെ അപകടമാണ്. ഭീകരവാദികൾ സൃഷ്ടിക്കപ്പെട്ടതും ഇത്തരം മതസമൂഹങ്ങളിൽനിന്നാണ്. മതഭ്രാന്തരായ ഇവർ രാഷ്ട്രീയസ്വാധീനം പ്രയോഗിച്ച് ഹിന്ദുക്കളുടെയും മറ്റു മതസ്ഥരുടെയും അവകാശങ്ങളെ പിടിച്ചെടുക്കുന്നു. പണ്ടോരു ജോസഫ് ചാഴികാടൻ തിരുക്കൊച്ചി നിയമസഭയിൽ ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യം ക്നനായക്കാരെ യഹൂദരാക്കി ചരിത്രം എഴുതിയത്. ജീവിച്ചിരുന്നപ്പോൾ സഭാംഗങ്ങളെ ചിരിപ്പിക്കാൻ വിരുതുനായിരുന്നു. നിയമസഭയിലെ ജോക്കറായിരുന്ന അദ്ദേഹം എഴുതിയ ക്നനായക്കാരുടെ ചരിത്രവും ചരിത്രത്തിലെ വലിയ തമാശതന്നെ. അതിനെ ആധാരമാക്കിയാണ് ശുദ്ധരക്തവാദികളുടെ ചരിത്ര ഗവേഷണം പൂർത്തിയാക്കുന്നത്.

  റോമിലെ പത്താം പീയുസിനെ പറ്റിച്ച് കോട്ടയത്ത് ഒരു രൂപതയും ഉണ്ടാക്കി. പാവം അഭയയുടെ കണ്ണുനീരും ഇവരുടെ നുണകളുടെ ചാരകൂമ്പാരത്തിൽ അലിഞ്ഞുചേർന്നു. അവൾക്കു നീതി നിഷേധിച്ച കാപാലികരാണ്‌ ഈ ശുദ്ധരക്തവാദികളും അവരുടെ അഭിഷിക്തരുമെന്നും മനസിലാക്കണം.

  ReplyDelete