Translate

Sunday, November 3, 2013

“എഴുത്തൊക്കെ നിര്‍ത്തിയോ?”


ദീപാവലി, വിളക്കുകളുടെ ഉത്സവം; ഈ ദീപാവലി ഞങ്ങളുടെ കുടുംബ ജീവിതത്തില്‍ വെളിച്ചത്തിന്‍റെയും തിരിച്ചറിവിന്‍റെയും ഉത്സവമായി മാറിയെന്നു പറയാതിരിക്കാന്‍ വയ്യ. ഒരു കാലത്ത് ഞാന്‍ അത്മായാ ശബ്ദത്തില്‍ എഴുതുന്നതിന്‍റെ പേരില്‍ മഹായുദ്ധങ്ങള്‍ തന്നെ വീട്ടില്‍ നടന്നിട്ടുണ്ട്; ഭാര്യയുടെ വിധേയത്വം എന്നോടാണോ വികാരിയച്ചനോടാണോ എന്ന് വരെ ഞാന്‍ സംശയിച്ചിട്ടുമുണ്ട്. അതിനു കാരണം, ഞായറാഴ്ചകളില്‍ വികാരിയച്ചന്‍ ചൊല്ലുന്ന ഏഴു മണിയ്ക്കുള്ള ഷോ തന്നെ കാണണമെന്നു അവള്‍ നിര്‍ബന്ധം പിടിക്കുമായിരുന്നു. അത്മായാ ശബ്ദത്തിനല്ലല്ലോ സമാധാനത്തിനാണല്ലോ വിലയെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഞാന്‍ എഴുത്ത് നിര്‍ത്തി. അവളുടെ ബന്ധുക്കള്‍ എന്‍റെ ലേഖനങ്ങള്‍ വായിച്ചിട്ട് അവളെ വിളിക്കുന്നത്‌ അവള്‍ക്കു സഹിക്കുമായിരുന്നില്ല. ഇനി എഴുതുകയേയില്ലായെന്നു വാക്ക് പറഞ്ഞിട്ടാണ് ഞാന്‍ വിമാനം കയറിയത്. പിന്നെ വീട്ടില്‍ വരുന്നത് ഈ ദീപാവലിക്ക്. രണ്ടു ദിവസം കഴിഞ്ഞ്, തിരക്കെല്ലാം ഒന്നൊഴിഞ്ഞപ്പോള്, കവലയിലെ വായനശാലയുടെ മുറ്റത്തുനിന്ന് കേട്ടുകൊണ്ടിരുന്ന പടക്കങ്ങളുടെ ശബ്ദവും പൂര്‍ണ്ണമായി നിലച്ചപ്പോള്, കുട്ടികള്‍ ഗാഢനിദ്രയില്‍ ആഴ്ന്നു കഴിഞ്ഞപ്പോള്, എന്‍റെ ഭാര്യ എന്നോട് ചോദിച്ചു.
“എഴുത്തൊക്കെ നിര്‍ത്തിയോ?” ഞാന്‍ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്താണ് അവള്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു രൂപവും എനിക്ക് കിട്ടിയില്ല.
“എന്താ അങ്ങിനെ ചോദിച്ചെ? എഴുതിയിട്ടില്ലെന്ന് മാത്രമല്ല ആ ബ്ലോഗ്‌ ഞാന്‍ തുറന്നിട്ട്‌ പോലുമില്ല. പള്ളിക്കാര്യങ്ങള്‍ ആരെങ്കിലും പറയുന്നിടത്ത് നിന്ന് പോലും ഞാന്‍ മാറി നിന്നിട്ടേയുള്ളൂ.” ഞാന്‍ പറഞ്ഞു.
“അച്ചായന്‍ എഴുതണം.” അവള്‍ പറഞ്ഞു.
“നിനക്കെന്തു പറ്റി?” ഞാന്‍ ചോദിച്ചു. അവള്‍ മനസ്സ് തുറന്നു. അവള്‍ പറഞ്ഞാണ് പഴയിടം പള്ളിയിലെ കപ്യാരെ പറഞ്ഞു വിട്ട കാര്യം അറിഞ്ഞത്. അദ്ദേഹം, അവളുടെ ഒരകന്ന ബന്ധുവായിരുന്നു. വികാരിയച്ചനെ അദ്ദേഹം പരിഗണിച്ചില്ലായെന്നുള്ള ഒരു തോന്നലില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം.” അവള്‍ പറഞ്ഞു. ഒന്ന് നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു.
“ആ അച്ചന് ഒന്നുകില്‍ മാനസിക തകരാറുണ്ട്; അല്ലെങ്കില്‍ മറ്റെന്തോ ടെന്‍ഷന്‍റെയൊ ഹാന്‍ഗ് ഓവറിലാണ് അങ്ങേര്. ആ കപ്യാര് ജീവിതം മുഴുവന്‍ പള്ളിയും മുറ്റവുമായി ജീവിച്ചു. മക്കള്‍ക്ക്‌ ഒരു സഹായമായി രൂപതയുടെ വിദ്യാലയങ്ങളുണ്ടല്ലോ എന്ന് പറഞ്ഞു വീട്ടുകാരത്തിയെ ആശ്വസിപ്പിച്ചു, പരിമിതമായ സ്വപ്നങ്ങളുമായി കഴിയുകയായിരുന്നു. പോയ ജോലിയേക്കാള്‍ അദ്ദേഹത്തെ തളര്‍ത്തിയത് കിട്ടിയ അപമാനമായിരുന്നു.” അവള്‍ പറഞ്ഞു നിര്‍ത്തി.
ഇതുപോലെ ക്രൂരക്രുത്യങ്ങളുടെ എത്രയോ കഥകള്‍ അവള്‍ കേട്ടിട്ടുണ്ട്. പിന്നെ ഈ ഒരു സംഭവം എങ്ങിനെ അവളുടെ ചിന്തകള്‍ മാറ്റി? എത്രയാലോചിച്ചിട്ടും എനിക്ക് ഒരു മറുപടി കിട്ടിയില്ല. ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഓരോന്നോര്‍ത്തു കൊണ്ട് അവിടെ തന്നെ കിടന്നു.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അവള്‍ തുടര്‍ന്നു,
“ഈ വര്‍ഗ്ഗം നന്നാവില്ല.” ഇത്രയും കേട്ടതേ, ഞാന്‍ തലയുയര്‍ത്തി നോക്കി. ഇനി അവള്‍ക്കു വല്ലതും സംഭവിച്ചോ? അങ്ങിനെയാണ് ഞാന്‍ ചിന്തിച്ചത്. എന്‍റെ ലെക്ക് കേട്ടുള്ള നോട്ടം അവള്‍ തിരിച്ചറിഞ്ഞു. അവള്‍ പറഞ്ഞു,
“ടോണി മോന്‍റെ പിറന്നാളിന് കുറെ അനാഥ കുട്ടികളുടെ കൂടെ, അച്ചായന്‍ പറഞ്ഞതുപോലെ, ഒപ്പമിരുന്നു ഊണു കഴിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങിനെ കന്യാസ്ത്രികള്‍ നടത്തുന്ന അനാഥാലയത്തില്‍ ഞങ്ങള്‍ കൃത്യസമയത്ത് എത്തി. ആകെ മൂന്നു കന്യാസ്ത്രികളെ അവിടെ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും വന്നു പാര്‍സലുകളുടെ ഇനവും, എണ്ണവും പരിശോധിച്ചു. അവര്‍ക്കുകൂടി തികയുമോയെന്ന് അവര്‍ക്ക് സംശയമുണ്ടായത് കൊണ്ടാവാം അവര്‍ക്ക് വേണ്ടത്ര എടുത്തു പാത്രങ്ങളിലേക്ക് പകര്‍ത്തി. ഇനിയുള്ളത് കുട്ടികള്‍ക്ക് തികയുമോയെന്നു ഞാന്‍ സംശയിച്ചു. എനിക്കത് ഒട്ടും പിടിച്ചില്ല.” അവള്‍ പറഞ്ഞു. ഒന്ന് നിര്‍ത്തിയിട്ടു അവള്‍ തുടര്‍ന്നു.

“പിള്ളേരെയെല്ലാം നിരത്തി ഇരുത്തി വിഭവങ്ങളെല്ലാം വിളമ്പി വെച്ചിട്ട്, ഒരര മണിക്കൂര്‍ പ്രാര്‍ത്ഥന. അത് കഴിഞ്ഞ് ഞങ്ങള്‍ക്ക് നന്ദി പറയാന്‍ വേണ്ടി   മദര്‍ തുടങ്ങിയപ്പോള്‍ മോന്‍ ചെവിയില്‍ പറഞ്ഞു. ‘നമുക്ക് പോയേക്കാം മമ്മി.’ മുന്നിലെ വിഭവങ്ങളും നോക്കി വായിലെ വെള്ളവും പറ്റിച്ച് ഇരിക്കുന്ന കുട്ടികളെ ഞാന്‍ ദയനീയമായി നോക്കി. പിന്നെ മോന്‍റെ മുഖത്തേക്ക് നോക്കി പതിയെ ഞാന്‍ പറഞ്ഞു, ‘മദര്‍ ഇപ്പം ‘സ്ടാര്ട്ട്’ എന്ന് പറയും. അന്ന് ഞാന്‍ മനസ്സിലാക്കി ഹൃദയമില്ലാതെ മനുഷ്യന് ജീവിക്കാനാവുമെന്ന്. അച്ചായന്‍ പറയുന്നത് സത്യമാ. ഇവര്‍ക്ക് തലയുമില്ല, ഹൃദയവുമില്ല.” 

3 comments:

 1. ഏതു മിടുക്കന്റെയും പിറകിൽ ഒരു പെണ്ണുണ്ടെന്ന് പറയുന്നത് ശരിയാണെന്ന് റോഷനും തെളിയിച്ചിരിക്കുന്നു. എല്ലാം വിധിയാണെന്നും പറഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്ന മാന്ത്രിക ബോധതലത്തിൽ നിന്ന് വിമർശനാത്മകമായ ബോധതലത്തിലേയ്ക്ക് സമൂഹത്തെ കൈപിടിച്ച് കയറ്റാനാണല്ലോ സത്യജ്വാല പോലുള്ള മാദ്ധ്യമങ്ങൾ പരിശ്രമിക്കുന്നത്. വായിച്ചിട്ട് തരാം എന്നും പറഞ്ഞ് ഈ മാസിക ചോദിച്ചു വാങ്ങുന്ന സാധാരണക്കാരായ സുഹൃത്തുക്കളുണ്ട് എന്റെ അയൽവക്കത്ത്. അതേസമയം, കൊണ്ടുപോയിക്കൊടുത്താലും, കോളെജിൽ പഠിക്കുന്ന പിള്ളേർ കാണാതിരിക്കാൻ അതെടുത്തു മാറ്റുന്ന അഭ്യസ്തവിദ്യരും ഉണ്ട്. വസ്തുക്കളും യാഥാർഥ്യങ്ങളും ഇപ്പോൾ ആയിരിക്കുന്നതുപോലെ അങ്ങ് തുടർന്നാൽ മതിയെന്നാണ് ഇവരുടെ ചിന്ത. എന്നാൽ എന്തുകൊണ്ട് കുറെക്കൂടെ മെച്ചപ്പെട്ട അവസ്ഥയിലേയ്ക്ക് നമ്മൾ മാറിക്കൂടാ എന്ന് ചിന്തിക്കാൻ ധൈര്യം കാണിക്കുന്നതിൽ തെറ്റില്ലെന്നെങ്കിലും ചിന്തിപ്പിക്കാൻ കഴിയുമെങ്കിൽ ആ കഴിവ് ഒളിച്ചുവയ്ക്കരുത് എന്നാണല്ലോ റോഷനും പുതുതായി പഠിച്ചത്. കൊള്ളാം.

  ഇതിനിടെ എന്റെ വീട്ടുകാരി പങ്കെടുത്ത ഒരു കല്യാണക്കാര്യം കൂടെ പറഞ്ഞോട്ടെ. അന്യ വീടുകളിൽ വീട്ടുജോലി ചെയ്ത് അല്പാല്പം കൂട്ടിവച്ച് മകളെ കെട്ടിക്കാൻ കാത്തിരുന്ന ഒരു സ്ത്രീ, വർഷങ്ങളായി പള്ളിയിലെ ഏതോ ഒരു വിവാഹനിക്ഷേപപദ്ധതിയിൽ കാശടച്ചുകൊണ്ടിരുന്നു. മകളെ കെട്ടിക്കാൻ സമയമായപ്പോൾ അത് തിരിച്ചെടുക്കാൻ ചെന്നു. പെണ്ണിനെ കെട്ടുന്നത് ഒരു നായരു പയ്യാനായതിനാൽ വികാരിയച്ചൻ അവരുടെ സമ്പാദ്യത്തിന്റെ പകുതിയേ കൊടുക്കൂ പോലും. തന്നെയല്ല, പദ്ധതിയിൽ ഉള്പ്പെടുത്തിയിരുന്ന പലിശയും കൊടുക്കില്ല എന്നങ്ങു തീരുമാനിച്ചു. അങ്ങനെ വെറും 7000 രൂപയുടെ പകുതികൊണ്ട് ആ പാവം സ്ത്രീ പോകേണ്ടിവന്നു. അച്ഛനുമായി മല്ലിടാനൊന്നുമുള്ള അറിവോ ധൈര്യമോ ഇല്ലാത്ത ഇത്തരം പാവങ്ങളുടെ ചില്ലിക്കാശു പോലും പിടിച്ചെടുക്കാൻ ഒരു വികാരിക്ക് മനസ്സാക്ഷിക്കുത്തില്ലെങ്കിൽ അവന്മാരെ എന്ത് ചെയ്യണം?

  മിശ്രവിവാഹമായതിനാൽ കാശ് മുഴുവൻ പലിശ സഹിതം തരില്ല. അന്യായം വല്ലതും ബോധിപ്പിക്കാനുണ്ടെങ്കിൽ അരമനയിൽ ചെന്നോളൂ എന്നാണ് എട്ടും പൊട്ടും തിരിയാത്ത ആ പാവം സ്ത്രീയോട് 'അഭിഷിക്തൻ' തട്ടിവിട്ടത്. ഞാൻ കാശടച്ചത് ഇവിടെയല്ലേ എന്ന ചോദ്യത്തിനുള്ള ഉത്തരവും അരമനയിൽ നിന്ന് കിട്ടും എന്നാണ് ആ വിവരദോഷി കാച്ചിയത്! ആ വഴിക്കിറങ്ങുമ്പോൾ ആ സ്ത്രീയെയും കൂട്ടി അയാളെ ഒന്ന് ചെന്ന് കാണണമെന്നാണ് പ്ലാൻ.

  ചങ്ങനാശേരി രൂപതയിലുള്ള നെടുമണ്ണി പള്ളിയിലെ വികാരിയാണ്‌ ഈ കശ്മലൻ. കത്തോലിക്കാ സഭയിൽ ഇത്തരം പുരോഹിതർ എന്തിന് എന്ന് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുക!

  ReplyDelete
 2. ശ്രി റോഷൻ ഫ്രാൻസിസിനെക്കുറിച്ച് ഞാൻ പലരോടും അന്വഷിച്ചു. ആരും ഒരുത്തരവും തന്നില്ല. സാറിന്നും ആരോഗ്യവാനായി ഇരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം.
  ഭാര്യയുടെ മാനസാന്തരം യൂദാ തദ്ദേവൂസിന്റെ അത്ഭുതമായി കരുതാം.

  സാറെഴുതുന്നത് വായിക്കാൻ രസവുമുണ്ട്‌ അതിൽ കഴംബുമുണ്ട്. തുടർന്ന് എഴുതണമെന്നൊരപേക്ഷയുണ്ട്.

  ReplyDelete
 3. ഞങ്ങളുടെ രോഷൻ കാണാതെ പോയവനായിരുന്നു,കണ്ടുകിട്ടിയിരിക്കുന്നു! മരിച്ചവനായിരുന്നു വീണ്ടും ജീവിക്കുന്നു ! ആകയാൽ അല്മായശബ്ദമേ, തടുപ്പിച്ച കാളക്കുട്ടിയെ അറുത്തു അവനായി വിരുന്നൊരുക്കാം ...സ്വർഗം സന്തോഷിക്കുന്നു.!

  ReplyDelete