Translate

Wednesday, March 12, 2014

ആരുണ്ടിവിടെ ചോദിക്കാന്‍?

സീറോ മലബാറിലെ മൂപ്പു/ഗ്രൂപ്പ് തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ലത്തിന്‍ റീത്തില്‍ പെട്ട ഇടുക്കി നെടുംകണ്ടം Sisters of Mercy of the Holy Crossന്‍റെ വക ചാപ്പലിലാണ് ഇടുക്കി മെത്രാന്‍റെ കടന്നു കയറ്റം. ലത്തിന്‍ റീത്തുകാരുടെ അധികാര പരിധിയില്‍പ്പെട്ട സര്‍വ്വസ്ഥലങ്ങളിലും മാത്രമല്ല അവരുടെ സ്ഥാപനങ്ങളിലും എന്ത് തോന്ന്യാസവും ആകാമെന്നാണ് ഇടുക്കി മെത്രാന്‍റെ നിലപാട്. അവരുടെ ചാപ്പലില്‍ താമരക്കുരിശും തിരശ്ശിലയും ബലമായി സ്ഥാപിക്കാനുള്ള ബിഷപ്പിന്‍റെ ശ്രമമാണ് പരാതിയുമായി റോമിലേക്ക് പോകാന്‍ കന്യാസ്ത്രികളെ പ്രേരിപ്പിച്ചത്.

ലത്തിന്‍ റിത്തില്‍പെട്ടവര്‍ക്ക് അവരുടെ സ്വാതന്ത്ര്യം അനുവദിച്ചുകൂടെയെന്നു ചോദിച്ച അമേരിക്കയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള അത്മായ പ്രതിനിധികളോട് ബിഷപ്പ് ടെലിഫോണില്‍ കൂടി പരിഹാസ സ്വരത്തില്‍ പറഞ്ഞത് പോപ്പിനെ താന്‍ ഗൌനിക്കുന്നില്ലെന്നും അദ്ദേഹം തന്നെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നുമാണ്. ഇടുക്കി ബിഷപ്പിന്‍റെ നിലപാടിനെപ്പറ്റി ജര്‍മ്മനിയില്‍ നിന്നുള്ള സോള്‍ ആന്‍ഡ്‌ വിഷന്‍ അതിന്‍റെ മാര്‍ച്ച് ലക്കത്തില്‍ വിശദമായി എഴുതിയിരിക്കുന്നു. അടുത്തിടെ പശ്ചിമഘട്ടത്തിന്‍റെ പേരില്‍ അദ്ദേഹം നയിച്ച പടയുടെ ലക്‌ഷ്യം കോണ്ഗ്രസ്സിന്‍റെ എം.പി ശ്രി. പി റ്റി തോമസ്സിനെ ഉത്മൂലനം ചെയ്യുകയെന്നതായിരുന്നു എന്ന് നീരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചിട്ട് അധിക ദിവസങ്ങള്‍ ആയില്ല. അഹന്തയുടെ ഈ സ്വരം കേരളത്തിലെ മിക്ക രൂപതകളില്‍ നിന്നും അനുദിനമെന്നോണം വിശ്വാസികള്‍ കേള്‍ക്കുന്നു. ഓരോ രൂപതയും ആജീവാനാന്തം തീറെഴുതികിട്ടിയ പോലെ ഓരോ മെത്രാനും പെരുമാറുന്നു. ശരിയല്ലേ? ഭക്തിയുടെ പേരില്‍ എന്താഭാസവും വിറ്റുപോകുന്ന കേരളാ മാര്‍ക്കറ്റില്‍ നേരെ നിന്ന് ചോദിക്കാന്‍ ആരുണ്ട്‌?   

4 comments:

  1. കൂപമണ്‍ഡൂകങ്ങളെപ്പറ്റി ഇന്നത്തെ മംഗളത്തിൽ അശോകൻ ചെരുവിൽ ഒരു കോളം എഴുതിയിട്ടുണ്ട്. സീറോ മലബാർ ക്ലാവർ മണ്‍ഡൂകങ്ങൾ തങ്ങളുടെ രൂപതാകൂപങ്ങളിലിരുന്ന് ധാർഷ്ട്യം നിറഞ്ഞ തങ്ങളുടെ ക്രാക്രായ്ക്ക് ശബ്ദം കൂട്ടാൻ തുടങ്ങിയിരിക്കുന്നു. ലോകമെല്ലാം ഒരൊറ്റ സീറോ മലബാർ കൂപമാക്കി മാറ്റാനാണ് അവർ കൊതിക്കുന്നത്. ദേശ, മത, ദൈവ വിശ്വാസങ്ങളിലെ പോലും വ്യത്യാസങ്ങൾ തട്ടിയുടച്ച്‌ വിശ്വസാഹോദര്യത്തിലേയ്ക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്ന പോപ്പ് ഫ്രാൻസിസ് ഒരു വശത്തും ഈ കൂപമണ്‍ഡൂകങ്ങൾ മറ്റേ വശത്തുമായി ജനത്തെ പ്രതിസന്ധിയിലാക്കുകയാണ്. പണ്ടൊക്കെ മാർപ്പാപ്പാ പറയുന്ന ഓരോ വാക്കും വിളിച്ചുപറഞ്ഞു നടന്നിരുന്ന ഇവർക്ക് പോപ്പ് ഫ്രാൻസിസ് പറയുന്നതും ചെയ്യുന്നതും കണ്ടില്ല, കേട്ടില്ല എന്നു നടിക്കാനാണ് ഇഷ്ടം. ആദ്ധ്യാത്മിക ശുശ്രൂഷയൊക്കെ ആരാണേൽ ചെയ്യട്ടെ, തങ്ങൾക്കു രാഷ്ട്രീയമാണ് ഇനി പഥ്യം എന്ന മട്ടിലാണ് ഇടുക്കി മെത്രാനും മറ്റും തുടങ്ങിയിരിക്കുന്നത്. അങ്ങേരെ എതിർത്ത എംപിയെ അവിടെനിന്ന് ഓടിച്ചിട്ട്‌, തങ്ങൾക്കു മുമ്പിൽ തലകുനിക്കാൻ തയ്യാറുള്ള പയ്യൻസിനെ ഇടുക്കിയിൽ നിറുത്തി ജയിപ്പിക്കാനുള്ള ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. ഈ കളികൾ അവസാനിക്കാതെ തുടരട്ടെ.

    ReplyDelete
  2. കാഞ്ഞിരപ്പള്ളിയിൽ നിന്നും മിസ്റ്റർ മാത്യു അറയ്ക്കലും , ഷെവലിയാരും ജൂലൈ മാസത്തിൽ ഇംഗ്ലണ്ട് സന്ദർശിക്കുന്നു . പല സ്ഥലങ്ങളിലും സ്വീകരണകമ്മിറ്റികൾ ഇപ്പോഴേ റെഡിയാണ് .19 നു നടക്കുന്ന വാൽസിങ്കാം തീർഥാടനത്തിനു നേതൃത്വം നൽകാനാണ് വരുന്നതെന്നാണ് വാർത്തകളിൽ കാണുന്നത് . സമീപകാലത്തെ വിദേശ പര്യടനങ്ങളിൽ നിന്ന് വ്യതസ്തമായി ഇക്കുറി "പരസ്യ ജീവിതം"തന്നെയാണ് - അതും എല്ലാ മീഡിയകളിലും നേരത്തെ തന്നെ വാർത്ത‍ നല്കിക്കൊണ്ട് !!
    ആരുണ്ടിവിടെ ചോദിക്കാന്‍?

    ReplyDelete
  3. "ആരുണ്ടിവിടെ ചോദിക്കാന്‍? " എന്ന മറ്റപ്പള്ളിസാറിന്റെ ചങ്കു പറിക്കുന്ന ചോദ്യം ,ആകാശമേ കേൾക്ക, ഭൂമിയേ ചെവിതരിക ! "നമോരോരുത്തരുമല്ലാതെ മറ്റാരുമില്ല "എന്നാണുത്തരം ! കാരണം, ചോദ്യം ചെയ്യാൻ "വചനം ജഡമായവൻ"പണ്ടൊന്നു ശ്രമിച്ചു, മെത്രാനും കർദിനാളും മറ്റു സിങ്കിടികലുംകൂടി പാവം ദൈവപുത്രനെ കൈകാര്യംചെയ്തു കുരിശിൽ തൂക്കിയിട്ടാ കുത്തിയിരുന്നത്! അവൻ കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി ,എങ്കിൽ നാം AK47 എടുക്കണമെന്നല്ല ; ഇവരെ നമ്മുടെ മനസിൽനിന്നും ജീവിതത്തിൽനിന്നും പാടേ ഒഴിവാക്കുക ! തലമുറകൾക്കിതൊരു ശീലമാകട്ടെ , കാശു കീശയിൽ കുറയുമ്പോൾ താനെ ഇവറ്റകളുടെ ഹുങ്ക് തകർന്നുകൊള്ളും . ശുഭം ..

    ReplyDelete
  4. കാഞ്ഞിരപ്പള്ളി രൂപതാത്തലവനെപ്പോലെ ഇന്ന് ഇടുക്കി അഭിഷിക്തനും കുപ്രസിദ്ധിയുടെ ചരിത്രതാളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിത്വത്തിനുള്ള പീ.റ്റി. തോമസിന്റെ സീറ്റ് തെറിപ്പിക്കാൻ കർത്താവിന്റെ ഈ എളിയ കുബേര കുമാരന് കഴിഞ്ഞെന്നുള്ളതാണ് സത്യം. ഗാഡ്ഗിൽ- കസ്തൂരി റിപ്പോർട്ടിനെ അനുകൂലിച്ചതാണ് പി.റ്റി. തോമസ്‌ സഭയോട് ചെയ്ത തെറ്റ്. ഇടയന്റെ ദൃഷ്ടിയിൽ അത് കുമ്പസാരിച്ചാലും തീരാത്ത പാപമായിരുന്നു. ജീവിച്ചിരിക്കുന്ന തോമസിന്റെ മൃതദേഹസംസ്ക്കാരം നാലഞ്ചു വൈദികരെക്കൊണ്ട് കൈകൊട്ടി ആഘോഷമായി നടത്തിച്ച വേളയിൽ ഇടുക്കിയിലെ ഈ പേഗനീസരാജാവ് അരമനിയിലിരുന്ന് മണൽ, ഖനന മാഫിയാകളുമൊത്ത് കിട്ടിയ തുട്ടുകൾ എണ്ണിക്കൊണ്ടിന്നു. പിണറായി ആദരവായി നല്കിയ നികൃഷ്ടജീവിയെന്ന പദത്തിനുപരിയായ മറ്റൊന്ന് ഡിക്ഷ്ണറിയിൽ ചികഞ്ഞിട്ടും കണ്ടില്ല. ഇടുക്കിബിഷപ്പ് പറയുന്നതെന്തെന്ന് അദ്ദേഹത്തിനുതന്നെ അറിയാമെന്ന് തോന്നുന്നില്ല. പാർലമെന്റ്മെമ്പർ പീ.റ്റി. തോമസും മാതൃഭൂമി വാർത്താ ലേഖകനും തമ്മിൽ ഒരു അഭിമുഖ സംഭാഷണം യൂടുബിൽ കണ്ടു. വിവരംക്കെട്ട ഒരു ബിഷപ്പ് മലയോരത്ത് വാണരുളുന്നുണ്ടല്ലോയെന്ന് അഭിമുഖസംഭാഷണം ശ്രദ്ധിച്ചപ്പോൾ ഓർത്തുപോയി.

    കസ്തൂരി റിപ്പോർട്ടിന്റെ പേരിൽ കള്ളം പറഞ്ഞ് ജനങ്ങളിൽ ആശങ്ക പരത്തുകയാണ് അരമനയിലെ തന്ത്രം. റിപ്പോർട്ടുകൾ രണ്ടും കർഷകരുടെ താൽപര്യങ്ങൾ കണക്കാക്കി തയാറാക്കിയതെന്ന് വായിച്ചവർക്ക് മനസിലാകും. മണൽ വാരികളെയും പാറപൊട്ടീരുകാരെയും സഹായിക്കാൻ സാധിക്കില്ലെന്ന് മാത്രം. ബാങ്ക് ലോണ്‍ കിട്ടുകയില്ല... ഭൂരിഭാഗം പ്രദേശങ്ങളും ആനകൾക്ക് വിഹരിക്കാൻ കാട്ടുപ്രദേശങ്ങളാക്കും... സ്ഥലം വില്ക്കാൻ പറ്റില്ല... കൃഷിക്ക് സബ്സിഡി കിട്ടുകയില്ല... വീടുകൾക്ക് പച്ച പെയിന്റ് അടിക്കണം... വീടുകളിൽനിന്ന് ഇറക്കി വിടും... ഇത്തരം കള്ളപ്രചരണങ്ങളിൽക്കൂടിയാണ് കാപട്യത്തിന്റെ ഈ അഭിഷിക്തൻ പ്രചരണം നടത്തുന്നത്. സഭയുടെ ഈ പ്രവാചകന്റെ കള്ള ഇടയ ലേഖനത്തെപ്പറ്റി ശ്രീ പീ.റ്റി. തോമസ്‌ തന്റെ അഭിമുഖ സംഭാഷണത്തിൽ വിശദമായി പറയുന്നുണ്ട്.

    ഞാൻ ആര് നിങ്ങളെ വിധിക്കാനെന്ന് പാപികളെ നോക്കി ഫ്രാൻസീസ് മാർപാപ്പാ പറയുന്നു. ഇടുക്കി ബിഷപ്പ് പി.റ്റി. തോമസിനെതിരെ വിധിയെഴുതി കഴിഞ്ഞു. 'ഒരിക്കലും ചിരിക്കാത്ത ഉള്ളിൽ കളങ്കം വെച്ചുകൊണ്ട് നടക്കുന്ന വിശേഷണമാണ് 'പീ.റ്റി. തോമസിന് ബിഷപ്പ് കൊടുത്തത്. ഷെവലിയറിന്റെ പുലിവേഷത്തിൽ വെടലച്ചിരിയുമായി ബിഷപ്പിന്റെ മുമ്പിൽ കൈകെട്ടി നിന്നിരുന്നെങ്കിൽ ഒരു പക്ഷെ 'A ' ഗൂഡീ ഗുഡീ സർട്ടിഫിക്കെറ്റ് തോമസിന് കിട്ടുമായിരുന്നു. കപടമായി ചിരിക്കാൻ സാധിക്കാത്തത് അദ്ദേഹത്തിന്റെ കുറ്റമോ? അസത്യത്തിനുനേരെ പുഞ്ചിരിച്ചു നടക്കാൻ സഹ്യന്റെ താഴെ കർഷകരെ ചതിച്ചു ജീവിക്കുന്ന രണ്ട് കുപ്രസിദ്ധരായ അഭിഷിക്തർക്കേ സാധിക്കുകയുള്ളൂ. ചരിത്രത്തിലെ സുഭാഷ് ചന്ദ്രബോസ് ചിരിക്കില്ലായിരുന്നു. ആത്മാർഥമായി ഗൌരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ചിരി വരില്ല. 2004-ൽ യാക്കൊബായ സമുദായക്കാരനായ ബെന്നി ബഹന്നാന് വോട്ടു ചെയ്യരുതെന്ന് പരസ്യമായി പറഞ്ഞയാളാണ് ഈ ബിഷപ്പ്. ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന ഇത്തരക്കാരെ കൽത്തുറുങ്കിലയ്ക്കാൻ കാലം കഴിഞ്ഞു. അപവാദം പറയാനും സ്ത്രീകളെക്കാൾ കെടയാണ് ഈ ബിഷപ്പ്. ഉമ്മൻ ചാണ്ടി സരിതയുടെ പുറകെ പോകുന്നുവെന്ന് പരസ്യമായിട്ട് പള്ളിയിൽ പറയാനും മറന്നില്ല. മനുഷ്യരോട് സ്പഷ്ടമായി വിരോധം വച്ചുനടക്കുന്ന ഈ മഹാപുരോഹിതൻ യേശുവിന്റെ അനുയായിയാകുന്നത് എങ്ങനെ?

    ഫ്രാൻസീസ് ജോർജ്, ബിഷപ്പിന്റെ സ്വകാര്യസ്വത്തെന്നും പറയാൻ ഇളിഭ്യത ഉണ്ടായിരുന്നില്ല. മതേതരത്വം വിശ്വസിക്കുന്ന ഇന്ത്യയുടെ ഒരു ജനപ്രതിനിധി എങ്ങനെ വർഗീയ വാദിയായ ഈ ബിഷപ്പിന്റെ സ്വകാര്യ സ്വത്താകും? അങ്ങനെയെങ്കിൽ മറ്റുള്ള സഭാമക്കൾ ഇദ്ദേഹത്തിന്റെ ആരാണ്? കൂന്തൻ തൊപ്പി ധരിച്ച ഇടയന്റെ പരിശുദ്ധിയെവിടെ? ജനങ്ങൾ തെരഞ്ഞെടുത്ത ഒരാൾ ഇദ്ദേഹത്തിന്റെ കഷത്തിലെന്ന് പറഞ്ഞാൽ ഫ്രാൻസീസ് ജോർജിനെ അപമാനിക്കുകയല്ലേ?

    പി.ടി.തോമസിന് ഇടുക്കി മണ്ഡലം സീറ്റ് കൊടുക്കാത്തവഴി ബിഷപ്പിന്റെ ദുർമ്മോഹങ്ങൾ സഫലമായി. ജനാധിപത്യത്തിന് കളങ്കമായ ഇത്തരം വർഗീയ വാദികളുടെ സ്വാധീനം രാജ്യത്തിന് അപകടമാണ്. കൊണ്ഗ്രസിന്റെ നേതാവ് സതീശൻ പറഞ്ഞതുപോലെ കട്ടപ്പനയിലെ വികാരിയെ പിണറായിയോ കെ.പി. സി. സി. യോ തെരഞ്ഞെടുക്കാൻ ഈ കുബുദ്ധിയായ ബിഷപ്പ് അനുവദിക്കട്ടെ. ഒരിക്കൽ മുല്ലപ്പെരിയാർ പൊട്ടുമെന്ന് അരമനയിൽ നിന്നും ഇടയലേഖനം ഇറക്കി, ജനങ്ങളെ ഇളക്കിക്കൊണ്ടിരുന്നു. ഇന്ന് അതെ ബിഷപ്പ് തന്നെയാണ് കസ്തൂരി റിപ്പോർട്ടിന്റെ പേരില് ജനജീവിതം അപകടത്തിലാകുമെന്ന് പ്രചരണം നടത്തുന്നത്. ജനങ്ങളിൽ ഭയം ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു. ‍ ഇടുക്കി ബിഷപ്പ് മാർപാപ്പായെ വെല്ലുവിളിച്ചാലും അതിശയിക്കാനില്ല.സുറിയാനിക്കാർ ഭൂരിഭാഗമുള്ള ലത്തീൻപള്ളികളെ ബിഷപ്പിന്റെ കീഴിലാക്കാൻ കാനോണ്‍ നിയമത്തിൽ എന്തൊക്കെയോ എഴുതി ചേർത്തശേഷമാണ് ജോണ്‍ പോൾ രണ്ടാമൻ മരിച്ചതെന്ന് സംസാരമദ്ധ്യേ കളരിക്കൽ ചാക്കൊച്ചൻ പറയുകയുണ്ടായി.

    ReplyDelete