Translate

Friday, March 7, 2014

എന്‍റെ വിധി!

ഡോ. റൂപ്പര്‍ട്ട് ഷെല്‍ഡ്രേക്ക് എന്ന ഇംഗ്ലിഷുകാരൻ ഒരു വലിയ കണ്ടുപിടുത്തം നടത്തി. മോർഫിക് റെസൊണന്‍സ്' എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തിലൂടെ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ കണികയിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും പ്രപഞ്ചമാകെ തത്തുല്യമായ അനുരണനങ്ങള്‍ക്ക് വഴിവെയ്കും എന്നാണദ്ദേഹം സ്ഥാപിച്ചത്. രസതന്ത്രത്തിലെ ‘കാരണവും ഫലവും’ സൂഷ്മമേഖലയിലും അപവാദങ്ങള്‍ക്ക് വിധേയമല്ലായെന്നാണ് അദ്ദേഹം വാദിച്ചത്. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ഗ്രഹണസമയങ്ങളില്‍ വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമാകുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ, അതിലും ബഹുശതം വലിപ്പമുള്ള നക്ഷത്രങ്ങൾ ഭൂമിയെ എന്തുമാത്രം സ്വാധീനിക്കുന്നുണ്ടാവും? നവഗ്രഹങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നുവെന്നതിന് ജ്യോതിശാസ്ത്രജ്ഞന്മാര്‍ക്കും തര്‍ക്കമില്ല. ഒരു മെഴുകുതിരിയുടെ നുറുങ്ങുവെളിച്ചം പ്രപഞ്ചത്തിന്‍റെ അങ്ങേയഗ്രംവരെ എത്തുന്നുവെന്നും നാം കണ്ടെത്തിയില്ലേ?

ഒരിടത്തു നീലക്കുറിഞ്ഞി പൂത്താല്‍ മറ്റുള്ളിടത്തുള്ള നീലക്കുറിഞ്ഞികളും അതേ സമയം തന്നെ  പൂത്തിരിക്കും. ജിവജാലങ്ങള്‍  പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കാണാന്‍  ലോറന്‍സ് ബ്ലെയര്‍, ലയാള്‍ വാട്ട്സൺ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഗവേഷണങ്ങള്‍ പഠിച്ചാല്‍ മതി. ഒറ്റക്കോ കൂട്ടായോ ജീവജാലങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനം അതേ ഗണത്തിലുള്ള എല്ലാ ജീവജാലങ്ങളിലും, അവ എവിടെയായിരുന്നാലും, ഒരേ സമയത്തു സംഭവിക്കുന്നുവെന്നാണ് അവര്‍ തെളിയിച്ചത് (100th Monkey Effect). ഈ സിദ്ധാന്തമനുസരിച്ച് ഒരു സിംഹം പച്ചക്കറി തിന്നുപഠിച്ചാല്‍ എല്ലാ സിംഹങ്ങളിലും പച്ചക്കറി തിന്നാനുള്ള ഒരു വാസന ഉണ്ടാകും (Total Consciousness). നിരവധി കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ ഈ ഐക്യം നാം കണ്ടിട്ടുള്ളതാണ്. മുന്‍തലമുറ കുട്ടികളുടെ മാനസ്സിക നിലവാരമല്ലല്ലോ പുതുതലമുറക്കുള്ളത് - അതൊരിടത്തു മാത്രമല്ലല്ലോ സംഭവിക്കുന്നതും. ഒരേ സിദ്ധാന്തം അല്ലെങ്കില്‍ ഒരേ ആവിഷ്കാരം പലയിടങ്ങളിലായി ഒരേ സമയത്തു നടന്നതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുമുണ്ട്. മികച്ചയൊരുദാഹരണം, റേഡിയോയുടെ കണ്ടുപിടുത്തം തന്നെ.

ഒരാള്‍ നന്നായാല്‍ അതിന്‍റെ ഫലം എല്ലാവരിലും അനുഭവപ്പെടും എന്നു പറയുന്നതിന്റെ പൊരുളിതാണ്. അതായത്, മറ്റുള്ളവരെ നന്നാക്കാനല്ല നാം സ്വയം നന്നാവാനാണ് ശ്രമിക്കേണ്ടത്. ഏകാന്തതയിലിരുന്നു ധ്യാനിക്കുന്ന താപസ്സന്മാര്‍ എന്ത് സേവനമാണ് ഭൂമിക്കു നല്‍കുന്നതെന്ന ചോദ്യത്തിനും ഇതുത്തരം നല്‍കും. നിശ്ശബ്ദരായ  സാത്വികർ ചെയ്യുന്ന സ്വാധീനം ഒരു വലിയ ജനാവലിയെ എന്നും അഭിമുഖീകരിക്കുന്ന ഒരു പ്രഭാഷകന്റേതിനേക്കാൾ പല മടങ്ങു വലുതാവാം. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ എതിര്‍പ്പുകളെ നേരിട്ട് നവീകരണത്തിന് മുന്‍കൈ എടുക്കുന്നവരും നിരാശപ്പെടേണ്ടതില്ലായെന്നുതന്നെയാണ് ഞാനും പറയുന്നത്. സമയമാകുമ്പോള്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ അത്ഭുതാവഹമായിരിക്കും. യേശുവിന്‍റെ കാലത്ത്, ആരും സ്വപ്നം കണ്ട കാര്യമല്ലല്ലോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഇന്നേവരെയുണ്ടായിട്ടുള്ള ഒരു വിപ്ലവവും ഒരു വ്യക്തിയുടെ മാത്രം ഇശ്ചയുടെ ഫലമായിരുന്നില്ലെന്നു കാണുക. എപ്പോഴും ശുഭാപ്തി വിശ്വാസി ആയിരിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് മാത്രമല്ല ഗുണം. ഏതു സാഹചര്യത്തിലും ചെയ്യേണ്ടത്  ചെയ്തുകൊണ്ടേയിരിക്കുക; അതാണ്‌ ഓരോ മനുഷ്യനും അനുവര്‍ത്തിക്കേണ്ട ജീവിതചര്യ.

ആകമാന ബോധതലത്തിന്‍റെ പ്രവര്‍ത്തന സവിശേഷതകളല്ല ഞാന്‍ പറഞ്ഞു വരുന്നത്, പകരം ഒരു കാരണം സൃഷ്ടിക്കപ്പെട്ടാല്‍, അതേതു സാഹചര്യത്തിലായാലും, അതിനൊരു ഫലവും കാണും എന്ന അനിഷേദ്ധ്യ സത്യമാണ്. ഈ കാരണ–ഫല ബന്ധം ഭൌതിക തലത്തില്‍ മാത്രമല്ലുള്ളത്. സൂഷ്മതലത്തിലും അതിസൂഷ്മതലത്തിലുമെല്ലാം ഈ നിയമമുണ്ട് - രൂപിയായാലും അരൂപിയായാലും അതു ബാധകവുമാണ്. ‘വിതക്കുന്നവന്‍ വിതച്ചത് കൊയ്യുമെന്നും’ ‘വാളെടുക്കുന്നവന്‍ വാളാലേ’യെന്നും യേശു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്, നാം സൃഷ്ടിച്ച കാരണങ്ങള്‍ക്ക് തത്തുല്യമായ ഫലവും ഉണ്ടാകുന്നുവെന്ന് തന്നെയാണ്. തിന്മ ചെയ്യുന്നവന് നരകമെന്നും നന്മ ചെയ്യുന്നവന് സ്വര്‍ഗ്ഗമെന്നും പറയുമ്പോള്‍ ഈ നിയമം തന്നെയാണു മതങ്ങളും ആവര്‍ത്തിക്കുന്നത്. പക്ഷേ, കാരണം സൃഷ്ടിക്കുന്നവന്‍ തന്നെ ഫലം അനുഭവിക്കണമെന്നില്ല; മറ്റൊരാള്‍ക്ക് അപരനനുഭവിക്കേണ്ടിയിരിക്കുന്ന ഫലം ഏറ്റെടുക്കാന്‍ കഴിയും. ഫലം കൈമാറല്‍ യേശുവിന്‍റെ ജീവിതത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുള്ളത്; നമ്മുടെ അനുദിന ജീവിതത്തില്‍ നിന്ന് തന്നെ ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് പറയാനുണ്ടാവും. ദോഷഫലങ്ങള്‍ മാറ്റിയെടുക്കാനുള്ള കുറുക്കു വഴികളെന്ന വിഭാഗത്തിലാണ് മതങ്ങള്‍ ഇന്ന് പ്രചരിപ്പിക്കുന്ന പല അനുഷ്ഠാനങ്ങളും പെടുക. ഫലദോഷങ്ങള്‍ മാനുഷിക ശേഷികൊണ്ട് പരിഹരിക്കാവുന്നവയെന്നും, ദൈവികസഹായം കൂടി ആവശ്യമുള്ളതെന്നുമുള്ള രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ തിരിച്ചറിവിന്‍റെ തലത്തില്‍നിന്നുകൊണ്ട് മാത്രമേ വിധിയെ നമുക്ക് നിർവ്വചിക്കാനാവൂ. എന്തു കാരണം കൊണ്ടാണ് ആദവും ഹവ്വയും ശിക്ഷിക്കപ്പെട്ടതെന്ന ചോദ്യം ഇവിടുണ്ടാവും. ആദം സൃഷ്ടിക്കപ്പെട്ടിട്ട് കേവലം ആറായിരം വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന പഴയനിയമ സാക്ഷ്യം ഇന്നാരും തന്നെ മുഖവിലക്കെടുക്കുന്നില്ല. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ചു കൂട്ടിയാൽ, ബൈബിളിലെ വംശാവലിപ്രകാരം നാലായിരം വർഷങ്ങൾ പോലും പഴക്കം കാണില്ല മനുഷ്യകുലത്തിന്. അവിടെ സൂചിപ്പിക്കുന്ന ഒരു ദിവസം (ബഹു കോടി കോടി കോടി വർഷങ്ങൾ ദൈർഘ്യമുള്ള) ഒരു ബ്രഹ്മദിവസത്തിന്റെ ഒരംശമായിരുന്നിരിക്കാമെന്നും ജീവന്‍റെ കണിക ഒരു മനുഷ്യനായി പരിണാമപ്പെടാന്‍ ഇത്രയും സമയം മതിയെന്നും, സത്യം പ്രതീകാത്മകമായി ജ്വലിപ്പിക്കുന്ന ഒരു മഹദ്ഗ്രന്ഥം മാത്രമാണ് പഴയനിയമപുസ്തകമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം; അല്ലാതെ, സൂര്യനുണ്ടാവുന്നതിനു മുമ്പും സൃഷ്ടാവ് ദിവസക്കണക്കു സൂക്ഷിച്ചെന്നു കരുതാനോ, ഏഴാം ദിവസം സൃഷ്ടാവ് മടുത്തു വിശ്രമിച്ചെന്നോ വിശ്വസിക്കാൻ എനിക്കു താൽപ്പര്യമില്ല. ഉൽപ്പത്തിയേയും യാദൃശ്ചികതകളെയും വിലയിരുത്തുന്നതില്‍ മതങ്ങളും ശാസ്ത്രങ്ങളും ഒരുപോലെ പരാജയപ്പെടുന്നുവെന്നും പറയാതെ വയ്യ. ഓരോ യാദൃശ്ചികതയുടെ അവസരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള ഈശ്വരന്‍റെ സവിശേഷ ഇടപെടല്‍ എന്ന് വ്യാഖ്യാനിക്കുകയാവും ഉചിതം. അമേരിക്കയിലെ ട്വിന്‍ ടവര്‍ ഇടിച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ട്രെയിന്‍ കിട്ടാതെ അവിടെ ചെന്നെത്താൻ കഴിയാഞ്ഞവരുണ്ട്, ഷൂസ് നന്നാക്കാന്‍ വേണ്ടി യാത്ര മാറ്റിവെച്ചവരുണ്ട്. എന്തുകൊണ്ട് ചിലര്‍ക്ക് അങ്ങനെ സംഭവിച്ചു, ചിലര്‍ക്കങ്ങനെ സംഭവിച്ചില്ലായെന്നത് വിശദീകരിക്കുക ദുഷ്കരം. എങ്കിലും കാരണ-ഫല ചങ്ങലയില്‍ ഇവയും ഉൾപ്പെടുന്നുവെന്നത് കാണാതിരിക്കാൻ വയ്യ.

പണ്ഡിതനായ വരരുചിയുടെ കഥ ഭാരതീയ ഇതിഹാസങ്ങളില്‍ പറയുന്നു. രാജാവിന്‍റെ ആസ്ഥാനജോതിഷനായിരുന്ന അദ്ദേഹം താന്‍ വിവാഹം കഴിക്കേണ്ടിവരുന്നത് ഒരു പറച്ചിപെണ്ണിനെയാണെന്നു മുന്നേ കണ്ട് ആ പെണ്‍കുട്ടിയെ വധിക്കാന്‍ പട്ടാളക്കാരെ അയച്ചു. പക്ഷേ, രാമായണത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ശ്ലോകം ഏതെന്നന്വേഷിച്ചലഞ്ഞ വരരുചി അവസാനം ബ്രാഹ്മണയുവതിയെന്നു കരുതി വിവാഹം കഴിച്ചതോ, ഇതേ പെണ്ണിനെ തന്നെ. പട്ടാളക്കാർ കരുണ തോന്നി നദിയിലൊഴുക്കിയ ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന ബ്രാഹ്മണ ദമ്പതികൾ എടുത്തു വളർത്തിയത് വരരുചി കണ്ടില്ല. ആ പറച്ചി പെറ്റ പന്ത്രണ്ടു പേരില്‍പെടും നാറാണത്തുഭ്രാന്തന്‍. വിധിയെ തടുക്കാനാവില്ലായെന്നു തന്നെയാണ് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു ബലൂണിന്‍റെ ഒരു വശത്ത്‌ അമര്‍ത്തിയാല്‍ മറ്റൊരു വശം വികസിക്കുമെന്നതു പോലെയെയുള്ളൂ കുറുക്കു വിദ്യകള്‍കൊണ്ട് വിധിക്കു തടയിടുന്നത്.

ഒരിക്കലും അവസാനിക്കാത്ത കാരണ-ഫല ചങ്ങലയെപ്പറ്റി പ്രതിപാദിക്കുന്ന ഭാരതീയ കര്‍മ്മസിദ്ധാന്തം നാം അല്‍പ്പം മനസ്സിലാക്കുന്നത് നല്ലതാണ്. പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്. പുനര്‍ജന്മസിദ്ധാന്തം യേശുവിന്‍റെ കാലത്തും ഉണ്ടായിരുന്നു - സ്നാപക യോഹന്നാന്‍തന്നെ പുനര്‍ജന്മത്തിനുദാഹരണവുമാണ്. യേശു പുനര്‍ജന്മത്തെ എതിര്‍ത്തതായി പുതിയ നിയമം പറയുന്നില്ല; മാത്രമല്ല, ഇക്കാര്യത്തിൽ ഒരു അന്തിമയനുശാസനം യേശുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.  എന്തായിരുന്നാലും, ജന്മലക്ഷ്യത്തിലേക്ക് ഏതൊന്നിനെയും നയിക്കുന്ന രീതിയിലുള്ള ദൈവികമായ ഒരിടപെടല്‍ എല്ലാ ജീവജാലങ്ങളുടെയും കാര്യത്തില്‍ ഉണ്ടെന്നത് തര്‍ക്കമറ്റയൊരു സത്യമാണ്. 

ജന്മോദ്ദേശ്യം മനസ്സിലാക്കാന്‍ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന കഴിവുകളും ആയിരിക്കുന്ന സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉപകാരപ്പെടും. ഓരോ മനുഷ്യനിലും അവനാവശ്യമുള്ളതെല്ലാം ജന്മനാതന്നെ നൽകപ്പെട്ടിരിക്കുന്നു. അത് മനസ്സിലാക്കാതെ, സമൂഹം പ്രതീക്ഷിക്കുന്ന ഫലം നല്‍കാനുള്ള നമ്മുടെ തത്രപ്പാടുകളിലാണ് ലക്‌ഷ്യം സാധിക്കാതെ നാം പരാജയപ്പെട്ടു മടങ്ങേണ്ടി വരുന്നത്. അതായത്, നാം ഓരോ നിമിഷവും എന്താണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ആയിരിക്കേണ്ടതെന്നും അറിഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാള്‍ വലിയ വളർച്ചയില്ല. ഇത് മനസ്സിലാക്കാന്‍, യേശുതന്നെ പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ അവസാന വാചകം ശ്രദ്ധിച്ചാൽ മതി. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലും സംഭവിക്കട്ടെ എന്നാണതു പറയുന്നത്. ഓരോന്ന് ചെയുമ്പോഴും, അനുനിമിഷം,  അവിടുത്തെ (ഈശ്വരന്റെ/സൃഷ്ടാവിന്റെ) ഇഷ്ടം എന്തെന്ന് മനസ്സിലാക്കി അതിവിടെ നടപ്പാകാനുള്ള ഒരു ഉപകരണമായി നാം മാറുക - അതേ നാം ചെയ്യേണ്ടതുള്ളൂ. ആ പ്രവർത്തനപഥത്തിൽ നാമായിരിക്കുംപോൾ, നാം അനുഭവിക്കേണ്ട ദോഷഫലങ്ങള്‍ നാമറിയാതെ ഒന്നൊന്നായി അലിഞ്ഞില്ലാതെയാവും - ഒരു സൂത്രപ്പണിയും ആവശ്യമില്ല.

ഒരു കുടുംബത്തിലും ഒരു മാതാപിതാക്കന്മാര്‍ക്കും ഒരേപോലെ രണ്ടു കുട്ടികള്‍ ജനിക്കാറില്ല; മാതാപിതാക്കന്മാര്‍ ഒരു ഫാക്ടറിപോലെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കാണുക. ഓരോ ജന്മവും ഓരോ ആത്മാവിന്‍റെ ആവിഷ്കാരമാണെന്നുള്ള സത്യം, ടിബറ്റന്‍ ബുദ്ധിസ്റ്റ് ആചാര്യന്മാര്‍ അടിവരയിട്ടു പഠിപ്പിച്ചിരുന്നു. അതിന്‍റെ ചുവടു പിടിച്ചാല്‍, ഓരോ ആത്മാവും അതിനു വേണ്ട ശുദ്ധീകരണപ്രക്രിയയ്ക് അനുയോജ്യമായ ജന്മങ്ങള്‍ സ്വീകരിക്കുന്നുവെന്നുള്ള വാദഗതിയിലെ പൊരുളും മനസ്സിലാക്കാം. 

മനുഷ്യനു മാത്രമെ, ഞാൻ ചിന്തിക്കുകയാണെന്നു ചിന്തിക്കാൻ കഴിയൂ. പക്ഷെ, മനുഷ്യജന്മത്തില്‍ ലഭിക്കുന്നയീ ഇരട്ടബോധതലത്തില്‍  നാം ലക്‌ഷ്യം മറക്കുന്നു - അതാണിവിടെ സംഭവിക്കുന്നത്‌. അറിഞ്ഞുകൊണ്ട് പൂര്‍ണ്ണബോധത്തോടെ കര്‍മ്മഫലങ്ങളെ അനായാസം അവസ്ഥാന്തരം ചെയ്യാന്‍ മനുഷ്യജന്മത്തിനോളം പറ്റിയ വേറൊന്നില്ല - അതിൽതന്നെ പുരുഷ ജന്മം മികച്ചു നിൽക്കുന്നു. വന്നു ചേർന്നതും വരാനിരിക്കുന്നതുമായ ദൌര്‍ഭാഗ്യങ്ങൾ നോട്ടക്കുറവുകൊണ്ടാണ് സംഭവിക്കുന്നതെന്ന് കരുതാതെ,  അതുതന്നെയാണെനിക്ക് വേണ്ടിയിരുന്നതെന്നും ദൈവം കാരുണ്യപൂർവ്വം തനിക്കതു നല്‍കിയല്ലോയെന്നും ചിന്തിച്ച് അതിനെ അഭിമുഖീകരിക്കുവാന്‍ സഹജീവികളെ പ്രാപ്തരാക്കുകയാണ് നാം ചെയ്യേണ്ടത്. നമ്മുടെ പ്രാർത്ഥനയെന്നു പറയുന്നതപ്പോൾ ഹൃദയത്തിൽ നിന്ന് നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നന്ദിയുടേ ശീലുകൾ മാത്രമാവും.

നാം നിര്‍വ്വചിക്കുന്ന ദൌര്‍ഭാഗ്യങ്ങളും ഭാഗ്യങ്ങളുമെല്ലാം താരതമ്യാത്മകമാണെന്നും കാണേണ്ടതുണ്ട്. എനിക്ക് കാറില്ലായെന്നത് ദൌര്‍ഭാഗ്യമായി കരുതുന്നവരുണ്ടാവാം, സൈക്കിളെങ്കിലും സ്വന്തമായുള്ള അവസ്ഥ മഹാഭാഗ്യമായി കരുതുന്നവരുമുണ്ടാവാം. സ്വയം ആരുമായും താരതമ്യം ചെയ്യാതിരിക്കുമ്പോള്‍ ഇത്തരം നിര്‍വ്വചന ദോഷങ്ങളില്‍ നിന്നും നമുക്ക് മുക്തി കിട്ടും. അതേ സമയം, അനുനിമിഷം നമ്മുടെ പോരായ്മകള്‍ നോക്കി, നമ്മെ ശിക്ഷിക്കാന്‍ വടിയോങ്ങിയിരിക്കുന്ന ഒരു ദൈവം ‘അനന്തവും പരിമിതികളില്ലാത്തതുമായ സ്നേഹ’ത്തിന്‍റെ പരിധിയില്‍ വരുന്നില്ലായെന്നതും നാം കാണേണ്ടതുണ്ട്. ദൈവം യാതൊന്നും ചെയ്യുന്നില്ല, നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്‌താല്‍ അത് നമുക്ക് തന്നിരിക്കുന്നുവെന്നു പറയുന്ന സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായിരിക്കും.

സംഭവിക്കുന്നത് മുഴുവന്‍ ദൈവികമായ ഒരു പദ്ധതിയുടെ ഭാഗമാണെന്നു കണ്ട്  അതിനെ അഭിമുഖീകരിക്കാനാണ് മതങ്ങള്‍ മനുഷ്യരെ പഠിപ്പിക്കേണ്ടതെന്നാണ് എന്‍റെ പക്ഷം. ഒരു ദൈവിക പദ്ധതിയെന്ന് നിർവ്വചിച്ച് എല്ലാത്തിനെയും വേര്‍തിരിക്കുന്നതിലും നല്ലത് മാറ്റമില്ലാത്ത ദൈവിക നിയമം എന്നതിനെ വിളിക്കുന്നതാണ്. എഞ്ചിന്‍ നിലച്ചുപോയ പറന്നുകൊണ്ടിരുന്ന ഒരു വിമാനം, ഭൌതികനിയമങ്ങള്‍ മാറ്റിവെച്ചു ശാന്തമായി നിലത്തിറക്കാന്‍, ആ നിയമങ്ങള്‍ സ്ഥാപിച്ച ശക്തിതന്നെ എങ്ങനെ മുന്നോട്ടു വരും? ഈ പ്രാപഞ്ചിക ശരീരത്തില്‍ നമുക്ക് നമ്മുടെതായ ഒരു  പങ്കുണ്ട്. ജീവന്റെ തുടക്കത്തിൽ, ഒരു കോശം രോമവും മറ്റൊന്ന് കണ്ണും, വേറൊന്ന് എല്ലുമാകാന്‍ സ്വയം തീരുമാനിക്കുന്നതുപൊലെ നാമായിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ ദൌത്യം ശരിയായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ നമ്മുടെ ജീവിതവും ലക്‌ഷ്യം കാണും. സൂര്യന്‍, അതിനു നല്ലതെന്നു തോന്നിയ രീതിയിലായിരുന്നു ചലിച്ചിരുന്നതെങ്കിലൊ, അതിന്‍റെ വിധിയെ മാറ്റാന്‍ അതെന്തെങ്കിലും ശ്രമം നടത്തിയിരുന്നെങ്കിലോ ഇതെഴുതാന്‍ ഞാനിവിടെ ഉണ്ടാവുമായിരുന്നില്ല. വിധി മാറ്റിമറിക്കാന്‍ പോന്നതെന്ന പ്രഖ്യാപനത്തോടെ ഇവിടെ വിറ്റഴിക്കപ്പെടുന്ന അനുഷ്ടാനഗുളികകള്‍ ആത്യന്തിക വിശുദ്ധീകരണത്തിലേക്ക് ആരെയെങ്കിലും കൊണ്ടുപോകുമെന്നും ഞാന്‍ കരുതുന്നില്ല.

സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെങ്കിലും ഉപായങ്ങള്‍ കൊണ്ട് വ്യത്യാസപ്പെടുത്താന്‍ തീര്‍ത്തും സാധിക്കില്ലായെന്നല്ല ഞാന്‍ പറഞ്ഞത്. ആ മാറ്റങ്ങളും പുതിയ കാരണങ്ങളെ സൃഷ്ടിക്കുമെന്നും ഒരു പക്ഷേ, ആദ്യത്തേതിലും വലുതായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാമെന്നുമാണ് ഞാന്‍ പറയുന്നത്. അതായത്, നമുക്ക് ലഭിച്ചതെന്തോ അതാണ്‌ നമ്മുടെ  വളര്‍ച്ചക്ക് ഏറ്റവും അനുയോജ്യമായതെന്ന് മനസ്സിലാക്കാതെ അതില്‍ നിന്ന് ഒളിച്ചോടാനോ, വഴുതി മാറാനോയുള്ള എല്ലാ ശ്രമങ്ങളും നഷ്ടത്തിലാവും അവസാനിക്കുക. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, ഒരു കാരണമായേക്കാവുന്ന യാതൊന്നും സൃഷ്ടിക്കാതെയിരുന്നാലെ, ഫലങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുന്നതിലും അർത്ഥമുള്ളൂ. അതു തിരിച്ചറിയാന്‍ ഒരു പക്ഷേ കാലചക്രം കുറേക്കൂടി കറങ്ങേണ്ടിവന്നേക്കാം എന്നേയുള്ളൂ. 

ജീവന്‍റെ ആദ്യ സ്പന്ദനം മുതൽ മുതല്‍ പ്രപഞ്ചത്തിന്റെ അന്ത്യശ്വാസം വരെയുള്ള സര്‍വ്വതും ഇവിടെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു സദ്‌ഗുരുക്കന്മാര്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടാത്തിടത്തോളം കാലം ഓരോ ആത്മാവും പൂർണ്ണതയിൽ നിന്നകലെയാണ്. പൂർണ്ണതയിലായിരിക്കുകയെന്നത് (സ്വർഗ്ഗപ്രാപ്തി) സുഖകരമായ ഒരവസ്ഥയെന്നാണ് നാം പഠിച്ചുവെച്ചിരിക്കുന്നത്. പക്ഷേ, ഒരു തീജ്വാല ഊതി കെടുത്തിയാലെന്നതുപോലെ സമയത്തിനും കാലത്തിനും സര്‍വ്വ അഹംഭാവങ്ങള്‍ക്കും അതീതമായ ശൂന്യതയിലേക്കുള്ള ഒരു മാറ്റമാണതെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ട്? മനുഷ്യന്‍ കര്‍മ്മഫലത്തെ ഭയക്കുന്നു. ആ ഫലഭീതി മനുഷ്യനില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ മതങ്ങള്‍ ജനിക്കുമായിരുന്നില്ല - സത്യം വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം പലരും ആസ്വദിക്കുകയും ചെയ്യുമായിരുന്നു. 

ശൂന്യതയില്‍ നിന്നാരംഭിച്ചത് ശൂന്യതയില്‍ തന്നെ അവസാനിച്ചേ ഒക്കൂ. ഭാരതീയ സമയക്രമമനുസരിച്ച്‌ ഓരോ കല്പ്പത്തിനു ശേഷവും പ്രളയവും ബ്രഹ്മാവിന്‍റെ രാത്രിയും വരും. നേരം പുലര്‍ന്നാല്‍ വീണ്ടും പ്രപഞ്ചത്തിനുള്ളിലെ ജീവന്‍ വീണ്ടും മറ്റൊരു കല്‍പ്പചക്രത്തിലേക്ക് പ്രവേശിക്കും. അതായത് വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ  ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും. ഇവിടെ വിധിയെപ്പറ്റി ഞാന്‍ എഴുതിയത് അപ്പാടെ ശരിയെന്ന് വിധിയെഴുതുന്നവരെയല്ല ഞാന്‍ ബഹുമാനിക്കുന്നത്‌, പകരം ഇതിലും ശരിയുണ്ടായിരിക്കാം എന്ന് കരുതുന്നവരെയാണ്.

20 comments:

 1. ഇതെന്റെ വിധിയെന്ന മുൻവിധി ഒരുവനെ നിസ്സംഗതയിലേയ്ക്ക് വീഴ്ത്തുമോ എന്ന ഭയത്തിന് വായന കഴിഞ്ഞും അറുതി വരുന്നില്ല. വിപ്ളവമൂല്യങ്ങളും ശുഭാപ്തിവിശ്വാസങ്ങളും വ്യക്തിസഹനത്തിന്റെ പൊതു, പരസ്പരന്മകളുമൊക്കെ അംഗീകരിക്കാവുന്ന ദർശനങ്ങളായും ജീവിതസന്തുഷ്ടിക്ക് നിദാനമാകാവുന്ന കാഴ്ച്ചപ്പാടുകളായും വിലയിരുത്താൻ സാധിക്കുന്നുണ്ട്. എന്നാൽ വിധിയും വ്യക്തിസ്വാതന്ത്ര്യവും എങ്ങനെ താത്ത്വികമായി സ്വരുമിക്കുമെന്നതിലേയ്ക്ക് ഇനിയും ഒരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. ഏത് തത്ത്വശാസ്ത്രപഠനത്തിലും ഒരു കീറാമുട്ടിയായി ഈ വിഷയം ആദ്യംതന്നെ പ്രത്യക്ഷപ്പെടാറുണ്ട്. തൃപ്തികരമായ ഒരുത്തരം ആരും കണ്ടെത്തിയതായി അറിവില്ല.

  എന്നാൽ, ക്വാന്തംസിദ്ധാന്തം മുന്നോട്ടു വയ്ക്കുന്ന ഒരാശയം ഇപ്പറഞ്ഞതിലേയ്ക്ക് ഒരു തുടക്കമാക്കാം എന്ന് തോന്നുന്നു. ആ ദിശയിൽ ഒരന്വേഷണം നടത്തിയാലോ? വസ്തുക്കൾ തമ്മിൽ അസ്തിത്വപരമായി യാതൊരു അടിസ്ഥാനവ്യത്യാസങ്ങളുമില്ല എന്ന് മനസ്സിലാക്കുകയും അതിന്റെ ഫലമായി പ്രപഞ്ചത്തെ മുഴുവൻ അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്ന ഊർജ്ജപ്രസരങ്ങളുടെ ഒരു വലയായി (web) കാണുകയും ചെയ്യുക എന്നതാണത്. മൊത്തത്തെ മൊത്തമായി പരിഗണിക്കാതെ ഒരു ഭാഗത്തെയും അറിയാനോ നിർവചിക്കാനോ ആവാത്ത ഒരവസ്ഥയാണത്. ആധുനിക ഭൌതികശാസ്ത്രത്തിൽ ഉരുത്തിരിഞ്ഞുവന്ന ഈ ആശയം പുരാതന ബുദ്ധവിജ്ഞാനീയത്തിന്റെ ഭാഗമാണ് എന്നത് നമ്മെ വിസ്മയിപ്പെക്കും. "ഒരു ബുദ്ധജ്ഞാനി സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു ബാഹ്യപ്രപഞ്ചത്തിൽ വിശ്വസിക്കുന്നില്ല. തന്റെ ആന്തരികലോകവും ബാഹ്യലോകവും ഒരേ അസ്തിത്വത്തിന്റെ രണ്ടു ഭാവങ്ങളായിട്ടു മാത്രമേ അയാൾ കാണുന്നുള്ളൂ; രണ്ടിടത്തും എന്തൊക്കെയുണ്ടോ, അതെല്ലാം പരസ്പരം ഇഴകോർക്കുന്ന ഒരേയൊരവബോധത്തിന്റെ നൂലുകൾ പാകിയ ഒരു വലയാണ്." Lama Anagarika Govinda.

  എന്തിനെയും ഏതിനെയും ദ്വന്ദ്വങ്ങളായി കാണുക എന്നത് മനുഷ്യ മനസ്സിന്റെ ശീലമാണ്. ചരം, അചരം; കണം, തരംഗം; പ്രകാശം, ഇരുട്ട്; ജീവൻ, മരണം; ഉണ്മ, ശൂന്യം എന്നിത്യാദികളാണ് മനുഷ്യധീ ഉപയോഗിക്കുന്ന ദ്വന്ദ്വങ്ങൾ. ദ്വന്ദ്വരീതിയിൽ നിന്ന് വിടവാങ്ങി, അസ്തിത്വത്തെപ്പറ്റി അദ്വൈതരീതിയിൽ ചിന്തിക്കുക ഭാരതത്തിൽ പരീക്ഷിച്ചു വിജയിച്ച ഒരു ബൌദ്ധിക പ്രക്രിയയാണെന്ന് നമുക്കറിയാം. ബ്രഹ്മത്തെപ്പറ്റി ഇസോപനിഷത്ത് പറയുന്നത് ശ്രദ്ധിക്കുക:
  It moves. It moves not.
  It is far, and it is near.
  It is within all this,
  And it is outside of all this. ദ്വന്ദ്വശബ്ദങ്ങളിലൂടെ അദ്വൈതത്തെ പ്രകാശിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇതേ രീതിയിൽ, ഊര്ജ്ജം, ദ്രവ്യം; കണം, അല; ചലനം, നിശ്ചലത തുടങ്ങിയ വിപരീതങ്ങളെ മാത്രമല്ല, അസ്തിത്വത്തെയും അസ്തിത്വമില്ലയ്മയെയും പോലും മറികടക്കാനുള്ള പരിശ്രമത്തിലെത്തിനിൽക്കുന്നു, അണുഭൌതികം. അസ്തിത്വത്തിനും അസ്തിത്വമില്ലയ്മക്കും അപ്പുറത്തുള്ള ഒരവബോധമാണ് ഭാരതത്തിലും ചൈനയിലും വികസിച്ചുവന്ന പൌരസ്ത്യ ആദ്ധ്യാത്മികതയെ വേർതിരിച്ചു നിറുത്തുന്നത്. ഈ അവബോധത്തിന് കൊടുത്തിരിക്കുന്ന പേര് തഥത (suchness) എന്നാണ്. "Suchness is neither that which is existence, nor that which is non-existence, nor that which is at once existence and non-existence, nor that which is not at once existence and non-existence." (Ashvaghosha, The awakening of faith)
  ഈ ബുദ്ധചിന്തക്കു സമാനമായി ആധുനിക ഭൌതികശാസ്ത്രവും ദ്രവ്യപരമായ അസ്തിത്വത്തെ നിരാകരിക്കുന്നു, പകരമുള്ളത്‌ നിരന്തരം പരിപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജപ്രസരമാണ്. ഏതെങ്കിലും വസ്തുക്കളോ വ്യക്തിത്വമോ ഈ ചിന്തയിൽ അസ്ഥാനത്താണ്. വസ്തുപരമോ വ്യഷ്ടിപരമോ ആയ പരിഗണനകൾ സാർത്ഥകമല്ലാത്തിടത്ത് വിധിയെന്ന ശബ്ദത്തിന് പ്രസക്തിയില്ല.

  മുകളിൽ പ്രകടിപ്പിക്കാനുദ്ദേശിച്ച ആശയങ്ങൾ ഭാഷാപരിമിതികൊണ്ട് അവ്യക്തമായി എനിക്കുതന്നെ അനുഭവപ്പെടുന്നു. എന്നാൽ, ഒരു കമന്റ് എന്ന നിലക്ക് കൂടുതൽ മിനുക്കുപണികൾ ചെയ്യുന്നില്ല. ഇതും തുടർക്കുറിപ്പുകളും വേറിട്ടൊരു ലേഖനമാക്കി കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.
  തുടരും.

  Tel. 9961544169 / 04822271922

  ReplyDelete
 2. വിധിയെ നിര്‍വ്വചിക്കുന്നതില്‍ വരുന്ന അപാകത മാത്രമല്ല സാക്ക്‌ ചൂണ്ടിക്കാണിച്ചിരിക്കുന്നത്, പകരം ശരിയായ കാഴ്ചപ്പാട് എങ്ങിനെയായിരിക്കണം എന്നുമാണ്. ജീവിതം എന്നത് മുന്നേ എഴുതി തയാറാക്കിയ ഒരു തിരകഥ അനുസരിച്ചാണ് മുന്നോട്ടു നീങ്ങുന്നതെന്ന ചിന്ത പുതിയതല്ല. ചിന്തകനായ നീഷെയുടെ Amor fati (Love of Fate) ശ്രമം പോലും ഇത് പൂര്‍ണ്ണമായും നിഷേധിക്കുന്നതായിരുന്നില്ല. ശരിയാണ് സാക്ക്‌, സര്‍വ്വതും ഊര്‍ജ്ജമാണ്, ഒരു സമുദ്രത്തിലുണ്ടാകുന്ന തിരകളെല്ലാം അടിസ്ഥാനപരമായി കടല്‍ തന്നെയാണ്. നാമോരുത്തരും ഓരോ തിരകളാണ്.
  കത്തോലിക്കാ സഭ, ദൈവഹിതം മാറ്റമില്ലാത്തതെന്നും, നാം അതിനെ തിരുത്തണമെന്നും ഒരേ സ്വരത്തില്‍ പറയുന്നുവെന്ന് ഓര്‍ക്കുക. സാക്ക്‌ തെളിച്ചു പറഞ്ഞതുപോലെ സ്വന്തം ഭാഗം അറിഞ്ഞു ബോധപൂര്‍വ്വം അതിനു വിധേയമാകുകയെന്നതാണ് ശരിയായ ജീവിതമെന്ന് എനിക്ക് തോന്നുന്നു.

  ReplyDelete
  Replies
  1. എല്ലാം നേരത്തെ തീരുമാനിയ്ക്കപ്പെട്ടതാണെങ്കിൽ ഫ്രീവിൽ എന്നതുണ്ടോ ?

   Delete
 3. തുടർച്ച 2.
  കത്തോലിക്കാ സഭയിലെ നേതൃത്വം ദൈവത്തിന്റെയും രക്ഷകനായ ദൈവപുത്രന്റെയും പേരിൽ പറയുന്നതിലധികവും സ്വന്തം അധികാരശ്രേണിയെ താങ്ങിനിറുത്താനുള്ള വിടുവായത്തം മാത്രമാണ്. സഭയിലെ അധികാരവൃന്ദം ചിന്തിച്ചുശീലിച്ചിട്ടുള്ളത് ഒരു കെട്ടിടത്തിന്റെ മാതൃകയിലാണ് - അടിത്തറ, അതിൽ പണിഞ്ഞുയർത്തുന്ന ഓരോരോ നിലകൾ. ഈ നിലകളിൽ ഓരോന്നും തീരുന്നതനുസരിച്ച് അധികാരികൾ അതിലേയ്ക്ക് താമസം മാറ്റും. എന്നാൽ ദൈവം സൃഷ്ടിച്ച ലോകത്തിന്റെ ആകൃതി ഒരു സൌധത്തിന്റേതല്ല, അതൊരു നെറ്റ്‌വർക്ക് പോലെയാണ്. അതുകൊണ്ടാണ് യേശുവിന്റെയും ബുദ്ധന്റെയും ദർശനങ്ങളിൽ അധികാരം കടന്നുവരാത്തത്. ഓരോരുത്തരുടെയും പങ്ക് അതിൽത്തന്നെ പൂർണ്ണവും പരോബന്ധിയുമാണ്. ഏതുതരം ജൈവസിദ്ധാന്തത്തിനും വഴങ്ങുന്ന ഒരു കാഴ്ച്ചപ്പാടാണിത്. അതിലൂടെ ദ്രവ്യം, മനസ്സ്, പരിണാമം, ആത്മദർശനം എന്നവയെല്ലാം താരതമ്യത്തിൽ നശിക്കാത്ത പ്രാധാന്യത്തോടെ പ്രവർത്തിക്കുന്നു. ഭൌതികശാസ്ത്രം അന്വേഷിക്കുന്നത് ദ്രവ്യത്തിന്റെ വിവിധ ഘടനകളെയാണെങ്കിൽ, ആത്മദർശികൾ അന്വേഷിക്കുന്നത് മനസ്സിന്റെ (ആന്തരികതയുടെ) ഘടനകളെയാണ്. എന്നാൽ രണ്ടും സാധാരണ ഐന്ദ്രികതക്കപ്പുറത്തേയ്ക്കാണ് നോക്കുന്നത്. അവിടെ കിട്ടുന്ന അറിവുകൾ അസ്സാധാരണമാണെങ്കിൽ അതിനർത്ഥം അവിടെ അറിയപ്പെടുന്നതും അസ്സാധാരണമാണെന്നാണ് (ഹൈസെൻബെർഗ്). എന്നാൽ ഒന്ന് മറ്റേതിൽ നിന്ന് താഴെയെന്നോ മുകളിലെന്നോ വിധിയെഴുതുന്നവർ ഇപ്പോഴും പഴഞ്ചൻ ചിന്താമാതൃകകളാണ് (paradigms) കൊണ്ടുനടക്കുന്നത് എന്നാണർത്ഥം. പുതിയതിൽ, ഉണ്മ അന്തമില്ലാത്ത ഒരു network പോലെയാണ് മനസ്സിലാക്കപ്പെടുന്നത്‌. സഹസ്രാബ്ദങ്ങൾക്കു മുമ്പായാലും ആധുനികമായാലും ശരിയായ ഉള്ക്കാഴ്ചയെന്നത് ഭൗതികത്തിലും ആത്മവിഹായസിലും ഒരേ മഹത്വം പ്രസരിപ്പിക്കുന്നു എന്നതാണ് അറിവിന്റെ വിസ്മയം.
  തുടരും.

  Tel. 9961544169 / 04822271922

  ReplyDelete
 4. ഉത്തരായന ദക്ഷിണായന യാനങ്ങല്ക്ക് ശേഷം സൂര്യൻ നേരേകിഴക്ക് "പത്താം ഉദായങ്ങളായി" തുലമാസത്തിലും മകരത്തിലും 10-ആം തീയതി ഉദിക്കാരുള്ളതുപോലെ , കാലഭ്രമണചക്രത്തിലെ കണികകളാണു നാമും നാം കടന്നുപോകുന്ന ഈ ഓരോ നിമിഷവും ! മറ്റപ്പള്ളിസാറിന്റെ "വീണ്ടും ഒരിക്കല്‍ ഞാന്‍ ഇതുപോലെ ഇവിടെ ഇതേ വിഷയം ഇതേ ഭാഷയില്‍ എഴുതിയിരിക്കും." എന്നവാചകം എത്രയോ വലിയ വിശ്വസത്യം ! ലങ്കയില്നിന്നും സീതയേയും കൂട്ടി ഹനുമാനുമൊത്തു ശ്രീരാമൻ പുഷ്പകവിമാനത്തിൽ തിരികെ മടങ്ങുമ്പോൾ ,യാത്രാമദ്ധ്യേ സീത , ഹനുമാന്റെ കയ്യിൽ ശ്രീരാമൻ കൊടുത്തുവിട്ട മുദ്രാമോതിരം ഊരി തിരികെ ശ്രീരാമനുകൊടുക്കവേ , സീതയുടെ കയ്യിൽനിന്നും മോതിരം വഴുതി കടലിൽ വീണു.! സീത അയ്യോ എന്നായി ! .വായുപുത്രൻ കടലിൽ മുങ്ങിത്തപ്പാമെന്നുമായി ! ഉടനെ ശ്രീരാമൻ ""സീതേ ,എല്ലാ മന്വന്തരങ്ങളിലും നീ എന്റെ മുദ്രാമോതിരം പതിവായി കൈവഴുതി ഇവിടെ ഇടാറുണ്ട് ,.ഹനുമാൻ കടലിൽ മുങ്ങിത്തപ്പിയാൽ ഇതേമാതിരി ആയിരമായിരമായി മോതിരങ്ങൾ അവിടെ കാണും "എന്ന് പറഞ്ഞു ! എന്തായാലും കുറെ അച്ചായന്മാർ ഉപനിഷത്ത് തപ്പുന്നതും എഴുതുന്നതും കർത്താവിനിഷ്ടമാണ്, കാരണം അവന്റെ വചനപ്പൊരുൾ കത്തനാര്ക്ക് പിടികിട്ടിയില്ല എന്ന ദുഃഖം ഇല്ലാതെയാകും ...

  ReplyDelete
 5. തുടർച്ച 3.
  കർമഫലത്തിന്റെ പാര്ശ്വോത്പന്നമായി പുനർജന്മസാദ്ധ്യതയെപ്പറ്റി JMജിയുടെ ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു. ഹിന്ദു/ബുദ്ധ ദർശനത്തിൽ ഉൾപ്പെടുന്ന ഒരാശയമാണ് കർമ അല്ലെങ്കിൽ ഒരിക്കലും അവസാനിക്കാത്ത കാര്യകാരണങ്ങളുടെ (ജനന-മരണങ്ങളുടെ) ചങ്ങല, അല്ലെങ്കിൽ 'സംസാര'. സംസാരയുടെ വേരുകളാകട്ടെ തൃഷ്ണയിൽ കിടക്കുന്നു. തൃഷ്ണയെന്നാൽ ആഗ്രഹമാണ്. ആഗ്രഹങ്ങളുദിക്കുന്നത് നശ്വരമായവയെ അനശ്വരങ്ങളെന്നു തെറ്റിദ്ധരിച്ച്‌ അവയെ സ്വന്തന്മാക്കാൻ പ്രേരിപ്പിക്കുന്ന അവിദ്യ അല്ലെങ്കിൽ അജ്ഞതയിൽ നിന്നാണ്. ഫലമോ, ദുഃഖവും നിരാശതയും. അജ്ഞതയാണ് എല്ലാ വേദനകൾക്കും പിന്നിലുള്ളത് എന്നതാണ് ബുദ്ധന്റെ നാല് ഉത്തമ സത്യങ്ങളിൽ (The four noble Truths) ഒന്നാമത്തേത്. രണ്ടാമത്തേത്, മാറ്റമില്ലാത്തതായി പ്രപഞ്ചത്തിൽ ഒന്നുമില്ല എന്നയറിവാണ്. ഓരോ പ്രവൃത്തിയും മറ്റൊന്നിനു കാരണമാകും, ഓരോ ചോദ്യത്തിനുള്ള ഉത്തരവും വേറൊരു ചോദ്യത്തെ സൃഷ്ടിക്കും എന്നുള്ള തിരിച്ചറിവാണ് വിദ്യ. ഇത് മൂന്നാമത്തെ സത്യത്തിലേയ്ക്ക് നയിക്കുന്നു - അതായത്, എല്ലാ വേദനയേയും മറികടക്കാം. മുന്പറഞ്ഞ വിദ്യ അല്ലെങ്കിൽ ജ്ഞാനം ബോധമായിത്തീർന്നാൽ ആഗ്രഹങ്ങളിൽ നിന്നുള്ള മുക്തിയായി. അതാണ്‌ നിർവാണ. നിരവാണയിൽ അഹത്തിന്റെ പോള്ളത്തരങ്ങൾക്ക് സ്ഥാനമില്ല. അപ്പോൾ, എല്ലാ ജീവനുമെന്നല്ല, ചരാചരമായതെല്ലാം ഒന്നാണെന്നുള്ള അറിവ് നിലനില്ക്കുന്ന ഒരനുഭൂതിയായി മാറുന്നു. എല്ലാ വ്യാഖ്യാനങ്ങൾക്കും അതീതമായ, ബൗദ്ധികതലത്തിനപ്പുറത്തുള്ള ഒരനുഭവതലത്തിലേയ്ക്ക് ഈ അവബോധം നയിക്കുന്നു. അതിലെത്തിയവരാണ് ബുദ്ധനെന്നും ക്രിസ്തുവെന്നും വിളിക്കപ്പെടുന്നത്. ചുരുക്കത്തിൽ, വ്യക്തിപരമായ ചിന്തകളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ സ്വാർത്ഥതയെ പൂർണമായി കീഴടക്കുക എന്നതാണ് പ്രകൃതിയെ മനസ്സിലാക്കാനും ആസ്വദിക്കാനും, പ്രപഞ്ചത്തിന്റെ ഭാഗമായി സ്വയം സമർപ്പിക്കാനും നമ്മെ സന്നദ്ധരാക്കുന്നത്. അതിലേയ്ക്ക് നയിക്കുന്നതെല്ലാം മഹത്തരമാണ്, അല്ലാത്തതൊക്കെയും ദുഖത്തെയും വേദനയെയും കൊണ്ടുവരും. ഇതിനപ്പുറത്ത് ഒരു സത്യവുമില്ല. ഈ സന്നദ്ധതക്കാണ് ബുദ്ധൻ കരുണയെന്നു പേരിട്ടത്.
  തുടരും: എന്താണ് കരുണ?

  ReplyDelete
 6. കൂടല്‍ജിയുടെ മുദ്രമോതിരത്തിന്റെ കഥ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകും. നന്ദി. ഈ സത്യം അവതരിപ്പിക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള ഒരു ധാരണാ തലത്തിലല്ല നമ്മുടെ സുബോധം. ഞാന്‍ പരാമര്‍ശിച്ച പുനര്‍ജന്മസാദ്ധ്യത മനുഷ്യനെ മാത്രം ബാധിക്കുന്നതല്ല. ആത്യന്തികമായി ജീവന്റെ (ആത്മാവ്വിന്‍റെ) കാര്യ-കാരണ ചങ്ങലയിലൂടെയുള്ള സഞ്ചാരമാണത്, ഇടയില്‍ എണ്ണമറ്റ ജന്മങ്ങള്‍ തന്നെ കണ്ടേക്കാം, യാത്ര പിന്നോട്ടും മുന്നോട്ടുമാവാം. സാക്ജി, ബുദ്ധന്‍റെ noble truth ഉള്‍ക്കൊള്ളാന്‍ അതിലും ആയാസപ്പെടെണ്ടിവരും. യാതൊരു കാരണവും സൃഷ്ടിക്കാതെ misery ക്ക് ഇടം കൊടുക്കാതെ ആയിരിക്കാന്‍ ബുദ്ധനല്ലേ പറ്റൂ. ജ്ഞാനം ബോധമായിത്തിരണം, അതിന് ബോധം ജ്നാനത്തിലേക്ക് വന്നാലല്ലേ ഒക്കൂ, അതല്ലേ, സത്യത്തിലേക്ക് നമുക്ക് പോകാനാവില്ല, സത്യം നമ്മളെ അങ്ങോട്ട്‌ കൊണ്ടുപോകാതെയെന്നു പറയുന്നത്.
  ഈ തത്ത്വങ്ങള്‍ ഇവിടെ വിശകലനം ചെയ്യപ്പെടെണ്ടതാണ് എന്ന് തന്നെയാണ് ഞാന് കരുതുന്നത്. ഇതിനോട് സമാനമായ ഭാരതീയ ദര്‍ശനങ്ങള്‍ ഉള്ളതിന്റെ പേരിലല്ലേ ചില സുവിശേഷങ്ങള്‍ തന്നെ നാം മുക്കിയത്. വിഷമം ഉണ്ടാക്കുന്ന ചുരുക്കം ചില വചനങ്ങളെ ഇപ്പോഴുള്ളല്ലോ.

  ReplyDelete
  Replies
  1. ഈ ചർച്ചയിൽ വേറാരുമെന്ത്യെ പങ്കെടുക്കാത്തത് എന്നു വിഷമിചിരിക്കുംപോൾ കൂടൽജി നല്ല ഭാഷയിൽ, കാര്യപ്രസക്തമായ ഒരു സുഭാഷിതവുമായി വന്നിരിക്കുന്നു! വളരെ ഇഷ്ടപ്പെട്ടു. നന്ദി.

   Delete
 7. തുടർച്ച 4.
  എന്താണ് കരുണ? ഏഴു വർഷത്തെ നിരന്തരവും തീക്ഷണവുമായ സാധനക്കു ശേഷം സിദ്ധാർത്ഥ ഗൗതമന് കാര്യങ്ങളുടെ കിടപ്പ് വ്യക്തമായി ബോത്തത്തിൽ തെളിയുന്നു. ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ബുദ്ധന്റെ രൂപം കുരിശിൽ കിടക്കുന്ന യേശുവിന്റെ അതേ ഔന്നദ്ധ്യവും പ്രകാശവും പ്രശാന്തിയും പ്രസരിപ്പിക്കുന്നുവെന്നും ഇവ രണ്ടും ഇന്നും ജനകോടികളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രതീകങ്ങളാണെന്നും തന്റെ Tao of Physics ൽ ഫ്രിജോഫ് കാപ്ര പറയുന്നു. എല്ലാ ആത്മസന്ദേഹങ്ങളെയും അതിജീവിച്ച ബുദ്ധൻ ഉടനെ ചെയ്തത് തനിക്കു കൈവന്ന ബോധോദയം സഹസന്യാസികളുമായി പങ്കുവയ്ക്കുവാൻവേണ്ടി ബനാറെസിലെ വനസങ്കേതത്തിലേയ്ക്ക് ഓടിച്ചെല്ലുകയായിരുന്നു. മാരകമായ രോഗമെന്തെന്ന് കണ്ടെത്തി, അതിനുള്ള പ്രതിവിധിയുമായി എത്തുന്ന കാരുണ്യവാനായ ഒരു ആദ്ധ്യാത്മിക വൈദ്യനായി തന്റെ ശിഷ്ടകാലം ബുദ്ധൻ ചെലവഴിച്ചു. ആത്മാവിന്റെ ഈ വൈദ്യശാസ്ത്രത്തെ അദ്ദേഹത്തിന്റെ അനുയായികൾ പല സൂത്രങ്ങളിലായി വിപുലീകരിച്ച ഒരു തത്ത്വശാസ്ത്രമായി കുറിച്ചുവച്ചിട്ടുണ്ട്. അതിലെ പല ആശയങ്ങളും ആധുനികശാസ്ത്രത്തിന്റെ പ്രപഞ്ചവീക്ഷണവുമായി കിടപിടിക്കുന്നവയാണെന്ന് കാപ്ര നിരീക്ഷിക്കുന്നുണ്ട്. Suchness അല്ലെങ്കിൽ 'തഥത'യെന്ന സാങ്കേതിക ശബ്ദമാണ് അതിലൊന്ന്. തഥതയുടെ വ്യാഖ്യാതാക്കളിൽ പ്രധാനി മഹായാന ബുദ്ധിസത്തിലെ അശ്വഘോഷയാണ്. അദ്ദേഹം പറയുന്നു, അസ്തിത്വം അല്ലെങ്കിൽ ഉണ്മ ബൌദ്ധികമായ ഒരു പ്രക്രിയകൊണ്ടും അറിയാനാവുന്നതല്ല. അതുകൊണ്ട് ശൂന്യതയെന്നും അതിനെ വിളിക്കാം. സൃഷ്ടിയും സൃഷ്ടാവും ഒരേ സമയം അതിൽപ്പെടുന്നു. ബുദ്ധിസ്റ്റ് ചിന്തയുടെ ഒരു ഭാഗം ഇതാണെങ്കിൽ, മറ്റേ ഭാഗം വിശ്വാസം, സ്നേഹം,കരുണ എന്നീ ഭാവങ്ങളെ ഉൾക്കൊള്ളുന്നു. ആദ്യത്തേത് പ്രജ്ഞ (intuitive intelligence) യാണെങ്കിൽ രണ്ടാമത്തേത് 'ധർമകായ' എന്ന എല്ലാറ്റിനെയും ഒന്നായിക്കാണുന്ന സാർവ്വത്രിക ആത്മഭാവം അല്ലെങ്കിൽ കരുണയാണ് (religious consciousness). ഇത് ഹൈന്ദവ വേദത്തിലെ ബ്രഹ്മത്തിനു തുല്യമായ ഒരു സങ്കല്പമാണ്. ഭൗതികവും അഭൗതികവുമായ എല്ലാറ്റിനെയും ആശ്ളേഷിക്കുന്ന സാർവത്രിക ദിവ്യത്വമാണത്. ഈ വീക്ഷണങ്ങളിൽ നിന്നാണ് ബോധിസത്വ അല്ലെങ്കിൽ universal compasion എന്ന ബുദ്ധദർശനം ഉരുത്തിരിയുന്നത്. ബുദ്ധനായിത്തീരാൻ മാത്രം ആത്മപക്വതയാർജ്ജിച്ച ഏതൊരാളും ഒരു ബോധിസത്വനാണ്. ഒന്നും നിരാകരിക്കപെടാത്ത ഒരു മനോഭാവമാണ് ബോധിസത്വന്റേത്. അങ്ങനെയൊരാൾ ആത്മപ്രകാശത്തെ അന്വേഷിക്കുന്നത് ലോകത്തിനു മുഴുവനും വേണ്ടിയാണ്. അതുകൊണ്ടാണ് നിർവാണാവസ്ഥയിൽ എത്തിയിട്ടും ബുദ്ധൻ ജനത്തെ പഠിപ്പിക്കാനായി അലഞ്ഞു നടക്കാൻ തീരുമാനിച്ചത്. യേശുവും അതുതന്നെയാണല്ലോ ചെയ്തതു്. കാരണം, ഒരു വ്യക്തി വ്യക്തിതലത്തിൽ മാത്രം നിർവാണയിൽ കഴിയാനാഗ്രഹിക്കക എന്നത് ബോധോദയത്തിന്റെ അഭാവത്തെയാണ് കാണിക്കുന്നത്. വിശ്വാസം എന്ന് നേരത്തേ പറഞ്ഞിരുന്നു. അതിനർത്ഥം, അസ്തിത്വമുള്ള എല്ലാത്തിന്റെയും പ്രകൃതിയിൽ നിർവാണയിലേയ്ക്കുള്ള സാദ്ധ്യത ഒളിഞ്ഞുകിടപ്പുണ്ട് എന്ന ആത്മബലമാണ്. എല്ലാം ഒന്നാണെന്നും അടിഥാനതലത്തിൽ എല്ലാം ദൈവികമാണെന്നുമുള്ള (the unity and interrelation of all things and events) ഈ കണ്ടെത്തൽ ഇന്ന് ആധുനികശാസ്ത്രവും പങ്കുവയ്ക്കുന്നു എന്നത് അങ്ങേയറ്റം മനോതൃപ്തി തരുന്ന ഒരു സംഭവമാണ് എന്ന് പറയേണ്ടതില്ലല്ലോ.

  Tel. 9961544169 / 04822271922

  ReplyDelete
 8. ഒരു വ്യക്തി, വ്യക്തിതലത്തിൽ തന്നെ നിർവ്വാണയിൽ കഴിയാനാഗ്രഹിക്കക എന്നത് ബോധോദയത്തിന്റെ അഭാവത്തെയാണ് കാണിക്കുന്നത്. സാക് ചൂണ്ടിക്കാണിച്ച ഈ സത്യം നാം അവശ്യം മനസ്സിലാക്കിയിരിക്കേണ്ട ഒന്നാണ്. ഭൂമിയും അതിലെ ജീവജാലങ്ങളെയും ദു:ഖത്തില്‍ വിട്ടിട്ട് നിര്‍വ്വാണായിലേക്ക് (സ്വര്‍ഗ്ഗത്തിലേക്ക്) പോകാന്‍ ഒരു ആത്മാവിനും സാധ്യമല്ല, യോഗ്യതയുള്ള ഒരു ആത്മാവും അതിനു തുനിയുകയുമില്ല. ഈ വഴി വളരെ ഇടുങ്ങിയതാണെന്ന് പറയുന്നതിന്റെ അര്‍ത്ഥം ഓഷോ ഒരിക്കല്‍ പറഞ്ഞു. പ്രപഞ്ചത്തെ മുഴുവന്‍ സ്നേഹം കൊണ്ട് തന്നിലേക്ക് സ്വാമ്ശീകരിച്ച് ചെറുതായ ഒന്നിന് മാത്രമേ സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കാനാവൂയെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഉള്ളില്‍ നിര്‍വ്വാണ തുല്യമായ ശാന്തതയും പുറമേ ലോകത്തിനു ചേര്‍ന്ന ചലനവുമായി ഇവിടെ ജീവിച്ച എത്രയോ പേര്‍ ഇനിയുമുണ്ട്. നിങ്ങള്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുമെന്നു തന്നെയല്ലേ യേശു സൂചിപ്പിച്ചത്? വീണ്ടും വരുമെന്നല്ലേ ബുദ്ധനും പറഞ്ഞത്?
  കത്തോലിക്കാ സഭയില്‍ സുബോധം വീണ്ടെടുത്ത നിരവധി മഹാത്മാക്കളുണ്ട്. നാം കാണിക്കുന്നതില്‍ പലതും തെറ്റാണെന്ന് നാടു നീളെ പറഞ്ഞു നടന്ന്, അവര്‍ വിപ്ലവം നടത്താത്തത് പ്രപഞ്ചത്തിന്റെ ആ അവസ്ഥയെയും ഉള്‍ക്കൊള്ളാനുള്ള ശേഷി അവര്‍ ആര്ജ്ജിച്ചതുകൊണ്ടാണ്. അല്ലാതെ ആരെയെങ്കിലും പേടിച്ചിട്ടാണെന്ന് ഞാന്‍ കരുതുന്നില്ല. വിശുദ്ധിയെപ്പറ്റിയും, സ്വര്‍ഗ്ഗത്തിലേക്ക് അവശ്യം വേണ്ട യോഗ്യതയെപ്പറ്റിയുമൊക്കെയുള്ള നമ്മുടെ ചിന്തകള്‍ സത്യവുമായ് ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ല. ഒരാള്‍ നിര്‍വ്വാണം പ്രാപിച്ചോ എന്നറിയാന്‍ നമ്മുടെ യുക്തി മനസ്സിന് അവിടം വരെ പോകാന്‍ കഴിയില്ല.

  ReplyDelete
 9. Butterfly Effect , Collective unconscious, കർമ്മ സിദ്ധാന്തം , പുനർജ്ജന്മം എന്നീ ഗഹനമായ വിഷയങ്ങളെല്ലാം മനോഹരമായി കോർത്തിണക്കിയ ഈ ലേഖനം ഞാൻ പലതവണ വായിച്ചു .
  "പുനര്‍ജന്മത്തെ അംഗീകരിക്കുന്ന മതങ്ങളും അല്ലാത്തവയും പക്ഷേ, കാര്യ-കാരണ നിയമത്തെ ബഹുമാനിക്കുന്നുണ്ട്." പുനര്‍ജന്മത്തെ ഇപ്പോൾ അംഗീകരിയ്ക്കാത്ത മതങ്ങളുംഅവയുടെ ആരംഭകാലത്ത് പുനർജന്മത്തെ അംഗീകരിച്ചിരുന്നു .(First Council of Nicaea (325AD). The references in the Christian religion of reincarnation were removed by the Council of Nicea.) അങ്ങനെ കോണ്‍സ്റ്റാൻടൈൻ പുനർജന്മത്തെ സംബന്ധിക്കുന്ന രേഖകൾ ഉള്ള ധാരാളം പുസ്തകകങ്ങൾ നശിപ്പിക്കാൻ ഉത്തരവിട്ടു ,പുതിയ നിയമത്തിൽഉള്ള പുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്തുകയും ചെയ്തു .A.D. 553, ഇൽ കോൻസ്ടന്റിനോപ്പിലിൽ നടന്ന കൌണ്‍സിലിൽ പുനർജന്മം മതനിന്ദ (heresy ) ആയി പ്രഖ്യാപിച്ചു . എങ്കിലും കർമ്മ സിദ്ധാന്തവും പുനര്ജമങ്ങളും ബൈബിളിൽ കാണാനാകും (ഖുറാനിലും)

  ReplyDelete
 10. അനൂപ്‌, 'എന്‍റെ വിധി' ശ്രി. സാക്കുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് അത്മായാ ശബ്ദത്തില്‍ ഇട്ടത്. തുടക്കത്തിലെ അദ്ദേഹം ഒരു കാര്യം പറഞ്ഞിരുന്നു, തൊട്ടാല്‍ പിശകാണെന്ന്. പക്ഷെ, ദൈവഹിതത്തെയും, മനുഷ്യേശ്ചയെയും വേര്‍തിരിച്ചറിയാന്‍ നാം ബുദ്ധിമുട്ടുമ്പോള്‍ ഈ വിഷയത്തില്‍ ഒരു തുറന്ന ചര്‍ച്ച പ്രയോജനപ്പെട്ടേക്കും എന്ന് എനിക്ക് തോന്നി. വിഷയത്തിന്റെ താത്ത്വിക വശം സാക്ക് കെഴിച്ചിട്ടപ്പോള്‍ അദ്ദേഹം എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്തു. Divine Will, Human Will (Free Will) ഇങ്ങിനെ ഇഷ്ടം രണ്ടുണ്ടെന്നും Divine Will (ദൈവേഷ്ടം) എന്താണെന്ന് നോക്കി ജീവിതം നയിക്കുകയുമാണ് വേണ്ടതെന്നും പ്രസിദ്ധമായ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥനയിലൂടെ യേശു പറയുന്നു. ഈ രണ്ടു Will കളും എവിടെങ്കിലും കൂട്ടിമുട്ടുന്നുണ്ടോ? എനിക്കറിയില്ല.
  യേശുവിന്‍റെ ജീവിതം പരിശോധിച്ചാല്‍, അത് ഫ്രീ വില്‍ പ്രകാരം ആയിരുന്നോ എന്ന് ചോദിച്ചാല്‍, വിശകലനം ചെയ്യാന്‍ വേണ്ടി അത് ഒരു പുനര്‍വിചിന്തനത്തിന് വീണ്ടും വിധേയമാക്കിയാല്‍ ഈ ഡിവൈന്‍ വില്‍ മിക്കയിടത്തും തെളിഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിയും. ഭാരതത്തില്‍ ശുദ്ധജ്ഞാനം മാത്രമല്ല ഉണ്ടായിരുന്നത്. ഗൂഡ ജ്ഞാനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് അശുദ്ധ ജ്ഞാനം ആണോയെന്നും എനിക്ക് സംശയമുണ്ട്‌. ഏതായാലും ഒരു മനുഷ്യന്‍ ഉണരലിന്റെ തലത്തിലേക്കുള്ള സഞ്ചാരത്തിലാണെങ്കില്‍, ബോദ്ധ്യമായ പ്രപഞ്ച രഹസ്യങ്ങള്‍ ഞെട്ടലില്ലാതെ നിര്‍വ്വികാരനായിത്തന്നെ നിന്ന് ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി നേടിയെങ്കില്‍ അവന്‍ ആക്ഷിക് മേഖലയില്‍ രേഖപ്പെടുത്തപ്പെട്ട പ്രപഞ്ചത്തിന്റെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സംഭവങ്ങളും അറിഞ്ഞിരിക്കും. ഈ ഗൂഡജ്ഞാനം വളരെയേറെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ഒരു സത്യമാണ്.
  ഗാഡ നിദ്രയില്‍ മനസ്സ് ഈ തലത്തിന്റെ പ്രതലങ്ങളില്‍ കൂടെ കടന്നു പോകാറുമുണ്ടെന്നു പറയപ്പെടുന്നു. വരാനിരിക്കുന്ന പലതും അപ്പോള്‍ ബോധമനസ്സില്‍ രേഖപ്പെടുത്തപ്പെട്ടെന്നുമിരിക്കും. 'ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണെന്നു' യേശു പറഞ്ഞു. ദൈവം സൃഷ്ടാവും നാമെല്ലാം സഹസൃഷ്ടാക്കളുമാണെന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതു മനുഷ്യനും പ്രപഞ്ചത്തിന്റെ ഈ വിജ്ഞാന മേടയിലേക്ക് കടക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ധ്യാനത്തിലൂടെ പുറം മനസ്സിനെ ലയിപ്പിച്ചു ലയിപ്പിച്ച് ഉള്ളിലേക്ക് കടക്കുന്നത് ഒരു വഴി മാത്രം. അങ്ങിനെ ഭാവി കണ്ടവര്‍ അനേകര്‍. അതുകൊണ്ടാണല്ലോ യേശുവിന്‍റെ ജനനവും ജീവിതവും എല്ലാം പ്രവചിക്കപ്പെട്ടത്‌. അതവിടെ നില്‍ക്കട്ടെ.
  യേശുവിന്‍റെ ജീവിതത്തിലെ ഒരു പ്രധാന സംഭവമായ അന്ത്യ അത്താഴവും കുരിശു മരണവും ഒരിക്കല്‍ കൂടി വായിച്ചാല്‍, മുന്നേ തയ്യാറാക്കിയ ഒരു തിരകഥ പോലെ തോന്നുന്നുണ്ടോ? വലത്ത് വശത്ത്‌ കിടന്ന കള്ളനെ യേശു അദ്ഭുതം കൊണ്ട് രക്ഷിക്കുകയായിരുന്നോ അതോ മാനസാന്തരപ്പെട്ടു മോക്ഷ പ്രാപ്തിക്കു യോഗ്യനായി മാറിയ അയാളുടെ അപ്പോഴത്തെ അവസ്ഥ പ്രഖ്യാപിക്കുക മാത്രമായിരുന്നോ യേശു ചെയ്തത്? ഇത്തരം അനേകം ചോദ്യങ്ങള്‍ നമുക്ക് ചോദിച്ചുകൊണ്ടേയിരിക്കാം. മുട്ടുന്നവന്റെ മുമ്പില്‍ വാതിലുകള്‍ തുറക്കപ്പെടും.

  ReplyDelete
  Replies
  1. ഗൂഡജ്ഞാനം എന്നാൽ അശുദ്ധജ്ഞാനം അല്ല .അവ ലഭിക്കാൻ യോഗ്യതയുള്ള കുറച്ചു തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രം കിട്ടിയിരുന്ന അറിവ് എന്നല്ലേ അർത്ഥമാക്കേണ്ടത് , Occult, Witch എന്നീ വാക്കുകൾക്ക് ഇപ്പോഴുള്ള അർത്ഥം സഭ നല്കിയ വ്യാഖ്യാനമാണ് .ജൂത മതത്തിലെ കബാല പോലെ ആദിമക്രിസ്തുമതത്തിലെ നിഗൂഡമായജ്ഞാനം റോസിക്രൂസ്യൻ ഫെല്ലോഷിപ്പിനെ പോലുള്ള (The Rosicrucian Fellowship) ചില ചെറിയ സഭകളിൽ ഇപ്പോഴും പഠിപ്പിക്കപ്പെടുന്നു എന്ന് കുറെ ആളുകളെങ്കിലും വിശ്വസിയ്ക്കുന്നു .
   I have fed you with milk, and not with meat: for hitherto ye were not able to bear it, neither yet now are ye able.(1 Corinthians 3:2) തീർച്ചയായും കൈകൊട്ടി അല്ലെലൂയ്യ വിളിച്ചിരുന്ന പാല് മാത്രം കുടിയ്ക്കാൻശേഷി ഉണ്ടായിരുന്നവരും ,അതിനുമപ്പുറം കടന്നു ഗുരുവായ ഭക്ഷണം കഴിക്കാൻ ശേഷി ഉള്ളവരും.രണ്ടുകൂട്ടരെയും തിരിച്ചറിയാൻ കഴിഞ്ഞിരുന്ന ഗുരുക്കളും അടങ്ങിയതായിരുന്നു ആദിമക്രൈസ്തവസമൂഹം .

   Delete
 11. തുടർച്ച 5.
  കരുണ എന്താണെന്ന് ബുദ്ധനും യേശുവും മനസ്സിലാക്കിയതിന് സമാനമായ മൗലിക പരിഗണനകൾ മാർക്സിനും ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനിറ്റി യേശുവില്നിന്നു ഇന്നെത്രയകലെയാണോ അത്രയും അകലെയാണ് ഇന്നത്തെ മാർക്സിസം മാർക്സിൽ നിന്ന്. താൻ തന്നെയാണ് തനിക്ക് വെളിച്ചമാകേണ്ടത് എന്ന് ബുദ്ധനെപ്പോലെ ഇവരും അനുശാസിക്കുന്നു. മാനുഷികമായ free will ആണിവിടെ ഉദ്ദേശിക്കുന്നത്. മുതലാളിത്തം വരുത്തിവച്ച അന്യവത്ക്കരണമാണല്ലോ സോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കാൻ മാർക്സിനെ പ്രേരിപ്പിച്ചത്. ഗോത്രപരമായ സാമൂഹിക ജീവിതത്തിന്റെ തകർച്ച വരുത്തിവച്ച ഹിംസയും ശോകമൂകതയുമാണ് അതിന്റെയെല്ലാം കാരണം അത്യാഗ്രഹമാണെന്ന് ബുദ്ധനെക്കൊണ്ടും ചിന്തിപ്പിച്ചത്. അന്ധമായ മതാനുഷ്ഠാനങ്ങളെയും ജാതീയമായ വിവേചനത്തെയും അദ്ദേഹം നിരസിക്കുന്നു. ജനനമോ വർണ്ണമോ കൈയേറിയെടുത്ത അധികാരമോ അല്ല, സദാചാരവും വിവേകവുമാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പഠിപ്പിച്ചു. മാർക്സിനും യേശുവിനും മുമ്പേ ബുദ്ധൻ വിഭാവനം ചെയ്തത് അധികാരഭരണത്തിന്റെ തിരോഭാവത്തിലൂടെ കൈവരുന്ന ശാന്തസുന്ദരമായ മനുഷ്യഭാവിയെയാണ്.

  മനുഷ്യന്റെ ആത്മനിഷ്ഠയെ വസ്തുപ്രപഞ്ചത്തിൽനിന്ന് വേർപെടുത്തി കാണുന്ന പാരമ്പര്യം ക്രിസ്തുമതത്തെ ശിഥിലമാക്കി. ബുദ്ധനെപ്പോലെ യേശുവും മാർക്സും വാദിക്കുന്നത് കരുണക്കുവേണ്ടിയാണ് - അതായത്, നാം ജീവിക്കുന്ന ചുറ്റുപാടുകളെ മറന്നിട്ട് പാപം മരണം വിധി എന്നിങ്ങനെയോരോന്നിൽ ഊന്നിയുള്ള അനുഷ്ഠാനങ്ങൾ അർത്ഥശൂന്യമാണ്. മനുഷ്യസ്വാതന്ത്ര്യം അനിവാര്യതകളുടെ മണ്ഡലത്തിനപ്പുരത്താണ്. ആദ്ധ്യാത്മികമണ്ഡലത്തിലായാലും മറ്റു സാഹചര്യങ്ങളിലായാലും ഏതോ ബാഹ്യശക്തിയാൽ നിയന്ത്രിക്കപ്പെടുന്നു എന്നയനുഭവം മനുഷ്യനുണ്ടാകരുത് എന്ന് മാർക്സ് പറയുമ്പോൾ, സ്വതന്ത്രമായി തന്റെ സന്തുഷ്ടി കണ്ടെത്താൻ ഓരോരുത്തർക്കും സാദ്ധ്യമാകുന്ന സാമൂഹിക ചുറ്റുപാടുകൾ നിര്മ്മിക്കപ്പെടണം എന്നാണ് മനസ്സിലാക്കേണ്ടത്.

  മാർക്സിന്റെത്‌ വെറും സാമ്പത്തിക ദർശനമല്ല. അനിവാര്യതയിൽ നിന്ന് വിമുക്തമായ ഉത്പാദനമാണ് സൌന്ദര്യ സൃഷ്ടി. ഇന്നത്തെ കമ്യൂണിസ്റ്റുകൾക്ക് അംഗീകരിക്കാനാവില്ലെങ്കിലും, ആത്യന്തിക മാനം ആദ്ധ്യാത്മിയവും ലാവണ്യപരവുമായ സൃഷ്ടിയുടെ മണ്ഡലമാണെന്നു തന്നെയാണ് മാർക്സ് കണ്ടെത്തിയത്. അവിടെ പ്രവര്ത്തിക്കേണ്ടത് മനുഷ്യന്റെ സ്വതന്ത്ര തീരുമാനങ്ങൾ തന്നെയാണ്. ഭാരതചിന്തയിലും യേശുവിലും ഇതേ മൂല്യദർശനമാണ് പ്രവർത്തിച്ചത്. ഫാ. സെബാസ്റ്റ്യൻ കാപ്പൻ കണ്ടെത്തിയതുപോലെ (പ്രതിസസ്കൃതിയെലേയ്ക്ക് - Ed. സെബാസ്റ്റ്യൻ വട്ടമറ്റം) "സൗന്ദര്യം - മനുഷ്യബന്ധങ്ങളും ഇതിൽപ്പെടും - സൃഷ്ടിക്കുകയെന്നത് ഭൂമുഖത്ത് സ്വയം വെളിപ്പെടുത്താൻ ദൈവത്തെ അനുവദിക്കലാണ്. അനിവാര്യതയ്ക്കപ്പുറത്തുള്ള സൃഷ്ടിയുടെ ആ മണ്ഡലത്തിൽ തന്നെയാണ് മാർക്സ് മനുഷ്യവികാസത്തിന്റെ പാരമ്യത്തെ കാണുന്നതും."

  ReplyDelete
 12. ചില സാങ്കേതിക കാരണങ്ങളാല്‍ ഏതാനും ദിവസം ഇന്റര്‍നെറ്റില്‍ വന്നതൊന്നും വായിക്കാനാവാതെ കഴിയുകയായിരുന്നു ഞാന്‍.

  എന്താണു വിധി എന്ന ലേഖനം സംബന്ധിച്ച് എനിക്കു ചിലത് എഴുതാനുണ്ട്. ശ്വാസോച്ഛ്വാസത്തില്‍ ബോധത്തിന് എത്രമാത്രം ഇടപെടാന്‍ കഴിയുമോ അത്രമാത്രമേ നമ്മുടെ വിധിയില്‍ നമുക്കും ഇടപെടാനാവൂ എന്നാണ് ഞാന്‍ കരുതുന്നത്. അത് എപ്പോള്‍ എങ്ങനെ ആയിരിക്കുന്നതാണ് നന്നെന്ന് സൂചന നല്കുന്ന 64 ചെറുഖണ്ഡികകള്‍ മാത്രമുള്ള അതിപുരാതനമായ ഒരു ചൈനീസ് ഗ്രന്ഥമുണ്ട്. കാള്‍ ഗുസ്താഫ് യുങ്ങിനെപ്പോലെയുള്ള പ്രശ്‌സ്ത മനശ്ശാസ്ത്രജ്ഞര്‍പോലും വിലമതിച്ചിരുന്ന ഐ ചിങ് (മാറ്റങ്ങളുടെ പുസ്തകം). ഐ ചിങ്ങില്‍ 64 രേഖാസംയോജനങ്ങള്‍ (ത്രിരേഖാജോഡികള്‍) ഉണ്ട്. ആ പുസ്തകത്തില്‍ ഓരോ ത്രിരേഖാജോഡികളുടെയും അര്‍ഥം നല്കിയിട്ടുണ്ട്. ഓരോ വ്യക്തിയും ഓരോ സന്ദര്‍ഭത്തിലും താന്‍ ചെയ്യേണ്ടതെന്താണെന്ന് ആ സന്ദര്‍ഭത്തില്‍ ആകസ്മികമായി തനിക്കു കിട്ടുന്ന ത്രിരേഖാ ജോഡികള്‍ വ്യാഖ്യാനിച്ച് മനസ്സിലാക്കുകയും അതനുസരിച്ച് പെരുമാറുകയും ചെയ്യേണ്ടതാണ്. ആ ഗ്രന്ഥത്തെക്കുറിച്ചു പഠിച്ച പ്രൊഫ. ചെന്‍ മനുഷ്യന്റെ റോളെന്തെന്ന് വിശദീകരിക്കുന്നു: ''തന്റെ നിയന്ത്രണപരിധിക്കുമപ്പുറത്തുനിന്നുളവാകുന്ന ചില സംഭവങ്ങളില്‍ ഇടപെടാന്‍ മനുഷ്യന്‍ നിയുക്തനാണ്. ഓരോന്നും പ്രകൃത്യനുസൃതമായ ഇടങ്ങളില്‍ സ്ഥിതിചെയ്യുമ്പോഴാണ് സ്വാഭാവികമായും സ്വരലയമുണ്ടാകന്നത്. മനുഷ്യന്‍ ഓരോ സന്ദര്‍ഭത്തിലും അനുയോജ്യമായ കര്‍മ്മമെന്തെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. താന്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. പ്രപഞ്ചത്തിലെ കര്‍മ്മശൃംഖലയെത്തന്നെ സ്വാധീനിക്കാന്‍ ഓരോ വ്യക്തിയുടെയും തീരുമാനത്തിനും പ്രവര്‍ത്തനത്തിനും ശേഷിയുണ്ട്. എല്ലാ സംഭവങ്ങളുടെയും നടുക്ക് ഭൂ-സ്വര്‍ഗ്ഗങ്ങളിലെ ശക്തികളെയെല്ലാം സ്വാധീനിക്കാന്‍ കഴിയുംവിധമാണ് മനുഷ്യന്റെ സ്ഥാനം.''
  അതില്‍നിന്നുള്ള ഉദ്ധരണികള്‍ ching@chingoracle.com -ല്‍നിന്ന് ദിവസവും എന്റെ ഇ-മെയിലില്‍ സൗജന്യമായി എത്താറുണ്ട്. ഇന്നെനിക്കു കിട്ടിയ സന്ദേശമിതാണ്. Now is not the moment for starting projects; consider how everything is changeable and prone to transformation. For the moment you must rely on what you have and make it suffice. Free yourself from the sense of possessions and expectations which poison life.

  N. B.
  I Ching എഴുതിയതെങ്ങനെയെന്ന് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ലോക ഇതിഹാസകഥകളുടെ നാലാം വാല്യം 3-ാം അധ്യായത്തില്‍ വിശദീകരിക്കുന്നുണ്ട്.

  ReplyDelete
  Replies
  1. വിധിയിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും, എല്ലാ ഗുരുക്കന്മാരും സമ്മതിക്കും, നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ എന്ന്. അശാന്തമായ മനസ്സ് ഏകത്വത്തിന് പകരം എവിടെയും ബഹുത്വത്തെ കാണിക്കുന്നു, എന്ന് കേനോപനിഷത്തിൽ ഉണ്ട്. ചലനവും മാറ്റവും വസ്തുക്കളുടെ പുറത്തല്ല, അത് ഓരോന്നിന്റെയും ആന്തരികസ്വഭാവംതന്നെയാണെന്ന് യവനചിന്ത എന്നേ കണ്ടെത്തി. ദൈവം പുറത്തുനിന്നുകൊണ്ട് കാര്യങ്ങളെ നിയന്ത്രിക്കുകയല്ല, ഉള്ളിൽനിന്ന് തന്നെയാണത്‌ ചെയ്യുന്നതെന്ന് പൌരസ്ത്യചിന്ത എഴുതിവച്ചതും അതുതന്നെ ഉദ്ദേശിച്ചുകൊണ്ടാണ്‌. I Ching (The book of changes) ലോകസാഹിത്യത്തിൽ ഒരു പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. എങ്കിലും അതിൽ ത്രി, ഷഡ്ചതുരങ്ങൾ (thrigrams/hexagrams) ഉപയോഗിക്കുന്ന രീതിക്ക് ഇന്ത്യൻ ജ്യോതിഷത്തോടും പകടി നിരത്തലിനോടും സാമ്യമുള്ളതാകയാൽ സംശയാസ്പദമായി തോന്നുന്നു. ലവോത്സുവും കണ്‍ഫൂഷ്യസും താവോ തെ ചിങ്ങും ആദരിച്ചിരുന്ന ഈ Book of Wisdom എന്തെന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാവാം ഈ ആശങ്കക്ക് കാരണം. പഠിച്ചിട്ടില്ലാത്ത ഒന്നിനെപ്പറ്റിയും അഭിപ്രായം പറയാതിരിക്കുകയാണല്ലോ ബുദ്ധി. എന്നിരുന്നാലും 'ഇ-മെയിലിലൂടെ സൗജന്യമായി എത്തുന്ന സന്ദേശങ്ങളിൽ എന്തെങ്കിലും ഉണ്ടായിരിക്കണമെന്നു' കരുതുന്നവർ C. രവിചന്ദ്രന്റെ അതിരസകരമായ 'പകിട 13' വായിക്കുന്നത് നന്നായിരിക്കും.

   Delete
 13. കോടി ജന്മങ്ങളെ താണ്ടി ഒരാത്മാവ് നേടുന്നിതന്ത്യെനരന്റെ വേഷം: കർമ്മപാപത്തിനാൽ പങ്കിലരായ് ചിലർ , നിർമ്മലരാവതോ കർമ്മ സൌമ്യർ .

  നീരാവി നീരദമാലയായ്‌ പിന്നതു നീളെ പൊഴിയും പനിമഴയായ്; നീര്ച്ചാലുകൂടി നദികളായ് ഓടുന്നു നീരാഴിതീരം തിരഞ്ഞു പാന്ഥർ.

  രൂപഗുണങ്ങളാൽ നാമങ്ങൾ നേടും നാം, രൂപാന്തരാൽ നവ ജന്മങ്ങളും; മഞ്ഞായ്‌ പൊഴിഞ്ഞതും പൂമഴയായതും കണ്ണുനീർമുത്തുമാ നീരനിധി .

  കേവലൻ കാരണനീശ്വരൻ സർവമെൻ കേശാദിപാതമവന്റെ മാത്ര; കോലങ്ങളാക്കുവോൻ കോലങ്ങൾ മായ്ക്കുന്നു ;കോലാഹലംതന്നെ ഭൂലൊകമെ !

  എന്റെ "സാമസംഗീതത്തിലെ" "ജീവിതാനനം " എന്ന ഗാനത്തിലെ നാലീരടികൾ എൻറെ പ്രിയ സക്കരിയാച്ചായനും മറ്റപ്പള്ളിസാറിനും അവരുടെ ഉദാത്ത രചനാപാടവത്തിനു മുൻപിൽ വിനയപൂർവ്വം സമർപ്പിക്കുന്നു

  ReplyDelete
 14. നന്ദി കൂടല്‍ജി, തികഞ്ഞ ഉള്‍ക്കാഴ്ച ഉള്ളില്‍ ജ്വലിക്കുമ്പോഴേ കവിയും കവിതയും ജനിക്കുന്നുള്ളൂ. വാന്‍ ഗോഗ് പ്രപഞ്ചത്തിന്റെ ചിത്രം വരച്ചപ്പോള്‍ എന്തെ നക്ഷത്ര കൂട്ടങ്ങള്‍ ഒരു ഭ്രമണ പഥത്തിലെന്നത് പോലെയെന്ന് ആദ്യം ചോദിച്ചത് ശാസ്ത്രജ്ഞന്മാര്‍ തന്നെയാണ്. അവര്‍ക്കത്‌ മനസിലാക്കാന്‍ പിന്നെയും നാളുകള്‍ വേണ്ടി വന്നു. നരന്റെ വേഷം ഒരാത്മാവിന്റെ കടുത്ത ഇശ്ചയാണ്. ഇവിടെ ഈ മനോഹര തീരത്തു നിന്ന്കൊണ്ട് വല്ലവരും പറയുന്നത് കേട്ട് ആര്‍ക്കോ വേണ്ടി ജീതം തുലക്കാതെ സ്വന്തം ഉള്ളിലേക്ക് നോക്കി അവനവനു വേണ്ടത് തിരഞ്ഞെടുക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ ! യേശുവിനോട് ചോദിച്ചിട്ട്, ആ മഹാ ഗുരുവിനെ അടുത്തു നിര്‍ത്തികൊണ്ട്‌ നാം ബൈബിള്‍ വായിക്കുമ്പോള്‍ നമുക്ക് വേണ്ട അര്‍ത്ഥം ലഭിക്കുമെന്ന് പോലും നാം മനസ്സിലാക്കുന്നില്ല. ഗുരുവിന്‍റെ പിന്നാലെ പോവുന്നതല്ല, പാരമ്പര്യത്തിന്റെ പിന്നാലെ പോകുന്നതാണ് രക്ഷയെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ കോടികള്‍. ഞാന്‍ ലജ്ജിക്കുന്നു, എന്നെ തന്നെയോര്‍ത്ത്.

  നമ്മുടെ ഇടയന്മാരുടെ ലക്‌ഷ്യം വേറെ പലതുമാണ്. അത് ഇടയന്മാര്‍ക്കു തന്നെ അസഹ്യമായി തുടങ്ങിയിരിക്കുന്നു; അതുകൊണ്ടാണ് ഇടുക്കി ബിഷപ്പിനെയും ഒരു പുത്തന്‍ ഷെവലിയറെയും മാര്‍ ആലഞ്ചേരിക്ക് ശാസിക്കേണ്ടി വന്നത്. ശ്രി. ജോസ് മൂലെച്ചാലില്‍ നല്‍കിയ ശ്വാസത്തിന്റെ ഉദാഹരണം വിഷയം കുറേക്കൂടി നന്നായി മനസ്സിലാക്കാന്‍ സഹായിക്കും. പക്ഷെ, നമുക്ക് നിയന്ത്രിക്കാവുന്നവയും നിയന്ത്രിക്കാനാവാത്തതുമെന്ന രണ്ടു വിഭാഗത്തിലാണ് ശരീരത്തിന്റെ പ്രവര്ത്തനം.
  ഗ്രീക്ക് സംസ്കാരത്തിന്‍റെ അടിവേരില്‍ തന്നെയുണ്ട്‌ വിധിയുടെ ഇടനാഴികളില്‍ കൂടി നാം അനിവാര്യമായും കടകെക്ണ്ടാതുണ്ടെന്ന മഹാ സത്യം. ഇംഗ്ലിഷ് സാഹിത്യത്തിലും ഈ ചിന്തയുണ്ട്. തോന്മസ് ഹാര്‍ഡിയുടെTess of the d'Urbervilles എന്ന ഹൃദയ സ്പര്‍ശിയായ കഥ വിധി നടത്തിയ വിളയാട്ടത്തിന്റെതാണ്.
  ഉള്ളില്‍ നിന്ന് വരുന്ന ആശയങ്ങളാണ് വാക്കുകളിലൂടെ ചിത്രമായി വിരചിക്കപ്പെടുന്നതെങ്കില്‍ കൂടല്‍ജി എഴുതുന്നതുപോലെ തന്നെയിരിക്കും. ഈ ജന്മം നമുക്ക് ദൈവം നല്‍കിയ ഒരു സമ്മാനമാണ്, നമ്മുടെ അറിവുകള്കൊണ്ട് മറ്റുള്ളവന് പ്രയോജനം ലഭിക്കുമെങ്കില്‍ അതിനേക്കാള്‍ വലുതായി നമുക്ക് സന്തോഷിക്കാന്‍ മറ്റൊന്നുണ്ടാവണമെന്നില്ല.

  ഇന്ന് രാവിലെ ഡോ. ജെയിംസ് കോട്ടൂര്‍ വിളിച്ചിരുന്നു. ഈ പോസ്റ്റില്‍ വന്ന ശ്രി. സാക്കിന്‍റെ അഭിപ്രായങ്ങളെയാണ് അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് പറഞ്ഞു. കൂട്ടത്തില്‍ ഒരു കാര്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ദൈവേശ്ച്ച നിറവേറ്റാന്‍ നമുക്ക് ജീവിതത്തില്‍ വേണ്ടി വരുന്ന ദൈവാനുഗ്രഹത്തിന്റെ കാര്യം. ലണ്ടനിലെ രണ്ടു വൈമാനികരുടെ കഥ ഓര്‍മ്മ വരുന്നു. അവര്‍ വിമാനം പറപ്പിക്കാന്‍ പോവുന്നതിനു മുമ്പ് സ്ഥിരമായി ഒരു ചാപ്പലില്‍ വന്നു പ്രാര്തിക്കുമായിരുന്നു. ഒരു ദിവസം ചാപ്ലൈന്‍ അവരെ വിളിച്ചു ഓര്‍മ്മിപ്പിച്ചത്, പ്രതിസന്ധിഘട്ടങ്ങളെ മന:സംയമനത്തോടെ നേരിടാനുള്ള ശക്തി നിങ്ങള്ക്ക് പ്രാര്തനകൊണ്ട് ലഭിക്കും പക്ഷെ, അപകടങ്ങളില്‍ നിന്ന് അത് നിങ്ങളെ രക്ഷിച്ചേക്കില്ലായെന്നാണ്. പ്രാര്‍ത്ഥന കൊണ്ട്ഡോ ഡോ. കോട്ടൂര്‍ ഉദ്ദേശിച്ചത് എന്തെങ്കിലും യാചിക്കുന്ന ഒരു പ്രക്രിയയെ അല്ല, പകരം ദൈവവുമായുള്ള മുറിയാത്ത ഒരു ബന്ധം സ്ഥാപിച്ചു ഉറപ്പിക്കുന്നതിനെയാണ്. ഡോ. കോട്ടൂര്‍ ഒരു കാര്യം കൂടി പറഞ്ഞു, ഇത്തരം സമസ്യകള്‍ മനസ്സിലാക്കാന്‍ നമ്മുടെ യുക്തി മനസ്സല്ല വേണ്ടത് പകരം ശക്തി മനസ്സാണെന്ന്. അതായത് ഭൌമിക തലത്തില്‍ നിന്നും അല്‍പ്പം കൂടിന്‍ ഉയര്‍ന്ന ഒരു മനോതലം. ആ മനോതലം ആഗ്രഹിക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ നാം നമ്മോടു തന്നെ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കുമെന്നു പറയാതെ വയ്യ. നാല്‍പ്പതു വര്ഷം ധ്യാനിച്ചവനും രണ്ടു രൂപയുടെ ഒരു കഞ്ചാവ് ബീഡി വലിച്ചവനും ഒരേ അനുഭവമായിരിക്കാം ഉണ്ടാവുന്നത്. പക്ഷെ ബീഡി വലിച്ചവന്റെ അലൌഖിക അനുഭൂതികള്‍ക്ക് നിമിഷങ്ങളുടെ നീളമേ കാണൂ. ധ്യാനിച്ച്‌ ഈ അനുഭവം നേടിയവന്‍ തുടര്‍ന്നും നടക്കും മോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക്. ആ യാത്രയില്‍ അല്ലെലൂജാ വിളിക്കാരും ഒപ്പമുണ്ടാവില്ല, ഗായക സംഘവും കാണില്ല. ഒറ്റയ്ക്ക് തന്നെ പോകേണ്ട ആ യാത്രക്ക് തയ്യാറാകേണ്ടതും ഒറ്റയ്ക്ക് തന്നെ ആണെന്നും ആരും മറക്കാതിരിക്കട്ടെ.

  ReplyDelete
 15. മനനമുള്ള അനുഗ്രഹിക്കപ്പെട്ട മനസാണ് മറ്റപ്പള്ളിസാറിനെ ധന്യനാക്കുന്നത് !എങ്കിലും "കേൾപ്പാൻ ചെവിയുള്ളവൻ" ഇല്ലാത്ത കാലത്തെഓർത്തു കര്ത്താവ് വിലപിച്ചതു , സദാ ഏറ്റുവാങ്ങുന്ന മനസേ നീ ഭാഗ്യമുള്ളതു ! ( "യേശുവിനോട് ചോദിച്ചിട്ട്, ആ മഹാ ഗുരുവിനെ അടുത്തു നിര്‍ത്തികൊണ്ട്‌ നാം ബൈബിള്‍ വായിക്കുമ്പോള്‍ നമുക്ക് വേണ്ട അര്‍ത്ഥം ലഭിക്കുമെന്ന് പോലും നാം മനസ്സിലാക്കുന്നില്ല. ഗുരുവിന്‍റെ പിന്നാലെ പോവുന്നതല്ല, പാരമ്പര്യത്തിന്റെ പിന്നാലെ പോകുന്നതാണ് രക്ഷയെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ കോടികള്‍. ഞാന്‍ ലജ്ജിക്കുന്നു, എന്നെ തന്നെയോര്‍ത്ത്." )അല്ലാത്ത മനസുകളിൽ ഈ ചിന്തനം എങ്ങിനെ ഉണരും ? ചേര്ത്തു വായിക്കാൻ മുകളിൽ ചേര്ത്ത പാട്ടിന്റെ ഏതാനും ഈരടികൾകൂടി...
  "കാലമാമീ പ്രവാഹത്തിലൊന്നോർക്കുകിൽ , കാതരേ നാം വെറും നീര്ക്കുമിള; കേവലം തൻ ഗതിപോലും നിയന്ത്രിക്കമേലാത്ത പാവം മനുഷ്യജന്മം !

  സ്ഥാനം ധനമാന വേഷഭൂഷാദിയും രൂപലാവണ്യവും മായ മായ; ആർജിക്കുവാനൊന്നേ കാമ്യമായുള്ളീഹേ ആയതോ നമ്മിലെ ആത്മശുദ്ധി !

  ഭീമാ നിൻ കായാന്ഗ്നി ,അര്ജുനാ വീര്യവും ,സോളമാ ജ്ഞാനവും മ്രിത്യുവോളം; ദേഹം വെടിയുന്ന ദേഹിയെ പാവന സൂഷ്മമായ് തീർപ്പോനമര്ത്യനാകും!

  മന്വന്തരത്തിലീ എണ്‍പതു വാസന്തം എത്ര ഹ്രിസിഷ്ടം ? പരമ കഷ്ടം; ഭൂഗോളവ്യാസം അതെണ്ണായിരം മൈയിൽ , പൂജ്യേ നമുക്കുണ്ടോ ആറടിമണ്‍ ?

  മിന്നാമിനുങ്ങിനു പാട്ടിനു താളമായ് മിന്നുന്ന വെട്ടം കൊടുത്തതാരോ? മാറിലെ ചോരയെ പാലാക്കി മാറ്റുന്ന മായാവി ആരെന്നും ആരറിഞ്ഞു ?

  ReplyDelete
 16. വിധി (Destiny/Fate) യെ പ്പറ്റി സാമാന്യം നല്ല ഒരു ചര്‍ച്ച നടന്നു. എല്ലാ വശങ്ങളും സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടു എന്ന അഭിപ്രായമില്ലെങ്കിലും അതിന്‍റെ താത്ത്വിക - പ്രായോഗിക വശങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു. ഉരുത്തിരിഞ്ഞു വന്ന അഭിപ്രായങ്ങള്‍ സമാഹരിച്ചാല്‍ ദൈവഹിതം എന്നൊന്നുണ്ട് അത് തിരിച്ചറിഞ്ഞ് ജീവിക്കുകയാണ് മനുഷ്യ ധര്‍മ്മം എന്ന തത്ത്വത്തോട് ആരും വിയോജിച്ചില്ലെന്ന് കാണാം. ഇംഗ്ലിഷില്‍ Submission, Surrender എന്നിങ്ങനെ രണ്ടു പദങ്ങളുണ്ട്. രണ്ടിന്റെയും അര്‍ത്ഥം കീഴടങ്ങല്‍ എന്നാണെങ്കിലും submission ഒരു ഭീരുവില്‍ നിന്നും surrender ഒരു ധീരനില്‍ നിന്നും ആണ് വരുന്നതെന്ന വ്യത്യാസം ഉണ്ട്. ദൈവഹിതത്തിനു surrender ചെയ്തുകൊണ്ടുള്ള ഒരു ജീവിതത്തെയാണ് ഞാന്‍ ശരിയായ ആധ്യാത്മിക ജീവിത ശൈലിയെന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ഇവിടെ അനിവാര്യമായത്, സ്വന്തം സത്തയെ ഉള്ളില്‍ തന്നെ കണ്ടുകൊണ്ട്‌ അതിന്‍റെ താളത്തിനൊത്ത് ചലിക്കത്തക്ക രീതിയിലുള്ള ഒരു ജീവിതചര്യ രൂപപ്പെടുത്താനുള്ള മനസ്സ് തന്നെയാണ്. ഇതിന് നാം സ്വതന്ത്രമായിരിക്കണം. സ്വാതന്ത്ര്യം എല്ലാവരുടെയും ജന്മാവകാശമാണ് അത് എല്ലാവര്ക്കും ഉണ്ട് താനും. പക്ഷെ, അനേക കാലം കൂട്ടില്‍ കിടന്ന ഒരു തത്തക്ക്‌ വലിയൊരു വിഹായസ്സ് താങ്ങനാവില്ലായെന്നതുപോലെ നാമും ഓരോരോ കൂടുകളില്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഇവിടെയാണ്‌ മാറ്റം വരേണ്ടത്.
  പ്രപഞ്ചം വൈവിദ്ധ്യങ്ങളുടെ കലവറയാണ്. ഓരോ വ്യക്തിക്കും അവനവന്റേതായ ദൌത്യമുണ്ട്. ആ ദൌത്യം മറന്ന് എല്ലാവരും നായകന്‍റെ വേഷം അണിയാന്‍ ശ്രമിച്ചാല്‍ ഈ നാടകം സ്ക്രിപ്റ്റും സംവിധായകനുമില്ലാത്തതുപോലെ ഒരു കൊലാഹലമാകും, സംശയം വേണ്ട. ഇവിടെയാണ്‌ മറ്റൊന്നിനു വേണ്ടി സ്വയം നിയന്ത്രിക്കപ്പെടെണ്ടാതിന്റെ പ്രസക്തി. ദൈവഹിതം എന്നൊന്നുണ്ട്, അതറിഞ്ഞ്, അത് മാത്രം സംഭവിക്കട്ടെയെന്ന ഇശ്ചയോടെ പ്രവര്‍ത്തിക്കുകയെന്നതാവട്ടെ free will കൊണ്ട് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. അത് നിവൃത്തിയാക്കുന്നതിലൂടെ നാം ആര്‍ജ്ജിക്കുന്ന ശുദ്ധീകരണത്തിന്‍റെ തോതാവട്ടെ നമ്മെ ആകര്‍ഷിക്കുന്ന ഘടകവും. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി. നമുക്ക് യാത്ര തുടരാം, അത്മായാ ശബ്ദത്തിന്റെ താളുകളിലൂടെ പുതിയ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക്
  jmattappally@gmail.com.
  09586241094
  Ahmedabad

  ReplyDelete