Translate

Sunday, March 9, 2014

സഭയില്‍ ഒരു രാഷ്ട്രീയ-മെത്രാന്‍മേളയും ചില 'ആം ആദ്മി ചലന'ങ്ങളും

സത്യജ്വാല ഫെബ്രുവരി 2014 മുഖക്കുറി

സി.ബി.സി.ഐ സമ്മേളനങ്ങള്‍ മുമ്പും കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍, ഈ ഫെബ്രുവരിയില്‍ പാലായില്‍ നടന്നതുപോലെയത്ര രാഷ്ട്രീയപിന്തുണയോടും പോലീസ് സന്നാഹത്തോടുംകൂടിയ ഒരു സി.ബി.സി.ഐ. സമ്മേളനം ഇന്നുവരെ കേരളത്തിലെന്നല്ല, ഒരിടത്തും നടന്നിട്ടുണ്ടാവില്ല. മാസങ്ങള്‍ക്കുമുമ്പ്, സി.ബി.സിഐ-യ്ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ആലോചിക്കാന്‍തന്നെ 'രൂപതാതല ജനറല്‍ബോഡി' എന്ന പേരില്‍ കോട്ടയം ജില്ലയിലെ മന്ത്രിമാരെയും മറ്റു രാഷ്ട്രീയനേതാക്കന്മാരെയും വിളിച്ചുകൂട്ടിയുള്ള ഒരു മെത്രാന്‍- യു.ഡി.എഫ് യോഗമാണ് (കാണുക, 'സത്യജ്വാല' 2013 സെപ്തംബര്‍ ലക്കം, പേജ് 22); അല്ലാതെ, പാലാ രൂപതയില്‍നിന്നുള്ള വൈദികസമൂഹത്തിന്റെയോ വിശ്വാസിസമൂഹത്തിന്റെയോ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ഒരു സഭാപ്രതിനിധിയോഗമല്ല നടത്തിയത് എന്നോര്‍ക്കുക. സമ്മേളനത്തിനിടയ്ക്ക് ഫെബ്രുവരി 8-ന് സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ 'പൗരസ്വീകരണം' എന്ന പേരില്‍ മെത്രാന്മാരെ സ്വീകരിച്ചാദരിക്കാന്‍ ഒരുക്കിയ വമ്പിച്ച പരിപാടിയും, സഭാധികാരവും രാഷ്ട്രീയാധികാരവും കൈകോര്‍ത്തു നടത്തിയ ഒന്നായിരുന്നു. പരസ്പരം പ്രീണിപ്പിച്ചും വിലപേശിയും വളരുന്ന സാമുദായികരാഷ്ട്രീയത്തിന്, ഇന്ത്യയിലെ മുഴുവന്‍ കത്തോലിക്കാമെത്രാന്മാരും ചേര്‍ന്നു പച്ചക്കൊടി കാട്ടിയിരിക്കുന്നു എന്ന സന്ദേശമാണ് ഇതു പൊതുസമൂഹത്തിനു നല്‍കിയിരിക്കുന്നത്.

ഈ സി.ബി.സി.ഐ. സമ്മേളനം ഇവിടുത്തെ കത്തോലിക്കാസമൂഹത്തിനു നല്‍കുന്നത് മറ്റൊരു സന്ദേശമാണ്. 'ഞങ്ങള്‍ക്കു നിങ്ങളെ നമ്പേണ്ട കാര്യമില്ല' എന്നതാണത്. സഭാതലത്തില്‍ ആധികാരികമായി രൂപംകൊടുത്തിട്ടുള്ള സംഘടനകളുടെ പ്രതിനിധികളുമായിപ്പോലും, ഈ മഹാസമ്മേളനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും ചര്‍ച്ചചെയ്യാന്‍ സി.ബി.സി.ഐ. തയ്യാറായതായി അറിവില്ല. സഭാകാര്യങ്ങളെക്കുറിച്ചു സ്വതന്ത്രരായി ചിന്തിക്കുന്ന അത്മായപ്രമുഖരുമായുള്ള ആശയവിനിമയത്തിനു മെത്രാന്മാരെ പ്രേരിപ്പിക്കാനുദ്ദേശിച്ചുനടത്തിയ ചില സദുദ്യമങ്ങള്‍ക്കു (കാണുക, 'സത്യജ്വാല' 2014 ജനുവരി പേജ് 13; ഈ ലക്കം പേജ് 6) നേരെയും മെത്രാന്മാര്‍ കണ്ണടയ്ക്കുകയായിരുന്നു.

പുതിയ മാര്‍പ്പാപ്പാ സ്ഥാനമേറ്റശേഷം നടത്തുന്ന ആദ്യത്തെ സി.ബി.സി.ഐ. സമ്മേളനമാണിത്. അദ്ദേഹത്തിന്റെ നവീകരണാശയങ്ങള്‍ ലോകമെമ്പാടും പ്രതീക്ഷയോടെ ചര്‍ച്ചചെയ്യപ്പെടുന്ന സമയം; അരനൂറ്റാണ്ടായി മരവിപ്പിച്ചു കിടത്തിയിരുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പുതുജീവന്‍വച്ച് ഉണര്‍ന്നുതുടങ്ങിയ സമയം; സഭയെന്നാല്‍ മാര്‍പ്പാപ്പായോ മെത്രാനോ മെത്രാന്‍സംഘമോ അല്ലെന്നും, മുഴുവന്‍ വിശ്വാസിസമൂഹമാണെന്നും, സഭാകാര്യങ്ങള്‍ ഇവരെല്ലാം ചേര്‍ന്ന കൂട്ടായ്മകളിലാണു തീരുമാനിക്കപ്പെടേണ്ടതെന്നും, യേശുസാന്നിദ്ധ്യവും യഥാര്‍ത്ഥ അപ്രമാദിത്വവും ഇത്തരം കൂട്ടായ്മകളിലാണുളളതെന്നുമടക്കമുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ബൈബിളധിഷ്ഠിതമായ പ്രബോധനങ്ങള്‍കേട്ട്, മനുഷ്യരില്‍ സഭയോടുള്ള ആഭിമുഖ്യം കൂടിവരുന്ന സമയം; അഴിമതിക്കാരും ആര്‍ഭാടപ്രിയരും അധികാരപ്രമത്തരുമായ മെത്രാന്മാരെ ശാസിച്ചും താക്കീതു ചെയ്തും പുറത്താക്കിയും, പ്രത്യക്ഷരാഷ്ട്രീയം വിലക്കിയും സഭയുടെ ശുദ്ധീകരണപ്രക്രിയയ്ക്ക് മാര്‍പ്പാപ്പാ ആക്കംകൂട്ടിക്കൊണ്ടിരിക്കുന്ന സമയം; സഭാതത്വങ്ങള്‍ക്കും സങ്കല്പങ്ങള്‍ക്കും ആദ്ധ്യാത്മികവും മാനുഷികവുമായ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട്, സഭയെ യേശുവിലേക്കും മനുഷ്യനിലേക്കും തിരിച്ചുനടത്തിക്കാനുള്ള ഒരു മഹാഉദ്യമത്തിന്റെ ചവിട്ടുപടി ചവിട്ടിക്കയറാന്‍ സഭാമക്കള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സമയം..... അങ്ങനെ, സഭാചരിത്രം ശോഭനമായ ഒരു വഴിത്തിരിവിലെത്തിനില്‍ക്കുന്ന ഈ സമയത്തുതന്നെ പാലായില്‍ നേര്‍വിപരീതദിശയില്‍ ആഡംബരപൂര്‍ണ്ണമായും അധികാരരാഷ്ട്രീയത്തണലിലും ഒരു മെത്രാന്‍ സിനഡ് നടത്തി, ഇന്ത്യയിലെ മെത്രാന്മാര്‍ തങ്ങളുടെ യാഥാസ്ഥിതികനിലപാടുകളും രാജകീയ ശൈലികളും ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നു എന്നത്, ഭാരതകത്തോലിക്കരെ സംബന്ധിച്ച് നിരാശാജനകമാണ്. തങ്ങളുടെ ആദ്ധ്യാത്മികതലവന്റെ മുഴുവന്‍ ഉപദേശ-നിര്‍ദ്ദേശങ്ങളെയും കാറ്റില്‍പ്പറത്തി
നടത്തിയ ഈ മെത്രാന്‍സിനഡിനെ ഇവിടുത്തെ വിശ്വാസിസമൂഹം എങ്ങനെ വിലയിരുത്തും എന്നതിനെ ആശ്രയിച്ചിരിക്കുന്നു, കേരളസഭയുടെ ഭാവി.

ഈ സി.ബി.സി.ഐ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയംതന്നെ, എത്രയോ ബാലിശവും കപടവുമാണെന്നോര്‍ത്തുനോക്കുക. 'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടു നവീകരിക്കപ്പെട്ട സഭ, സമൂഹത്തെ നവീകരിക്കുന്നു' വത്രെ! അതായത്, ഇക്കാലമത്രയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുകയായിരുന്നുപോലും കേരളസഭ! അങ്ങനെ സഭ നവീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു! അതുകൊണ്ട്, അതിനി പൊതുസമൂഹത്തെ നവീകരിക്കാന്‍ പോകുന്നു! ഇതല്ലാതെ, മറ്റെന്താണിതിനര്‍ത്ഥം? സി.ബി.സി.ഐ. സമ്മേളനത്തിന്റെ രാഷ്ട്രീയസംഘാടനത്തിന്റെയും, കക്ഷിരാഷ്ട്രീയത്തില്‍ ഈയിടെയായി മെത്രാന്മാര്‍ കൂടുതലായിടപെടുന്നതിന്റെയും പിന്നിലെ യുക്തി ഒരുപക്ഷേ, ഇതാകാം!

ഇതിനിടെ, ഈ മെത്രാന്‍ സമ്മേളനത്തോടുള്ള പ്രതികരണമായി വിശ്വാസിസമൂഹത്തിലുണ്ടായ ചില ചലനങ്ങള്‍ കേരളകത്തോലിക്കര്‍ക്കു പ്രതീക്ഷ നല്‍കുന്നവയാണ്. അതിലാദ്യത്തേത്, ഫെബ്രുവരി 2-ന് ജെ.സി.സി-യുടെ ആഭിമുഖ്യത്തില്‍ എറണാകുളത്തു നടത്തപ്പെട്ട 'ജനകീയ സിനഡാ'ണ്. ജെ.സി.സി-യുടെ പ്രസിഡന്റ് ശ്രീ ലാലന്‍ തരകന്റെ അദ്ധ്യക്ഷതയില്‍, കേരളത്തിലെ വിവിധ സ്വതന്ത്ര ക്രൈസ്തവസംഘടനകളുടെ പങ്കാളിത്തത്തോടെ നടന്ന ഈ 'ജനകീയ സിനഡ്', സഭയില്‍ നടത്തുന്ന എപ്പിസ്‌കോപ്പല്‍ സിനഡ് കാനോന്‍നിയമപ്രകാരം അസാധുവാണെന്നും, വൈദികരെയും സന്യസ്തരെയും അത്മായരെയുംകൂടി ആനുപാതികമായി ഉള്‍ക്കൊള്ളിച്ചാല്‍മാത്രമേ സിനഡ് പൂര്‍ത്തിയാവുകയുള്ളുവെന്നും പ്രഖ്യാപിച്ചു.

മറ്റൊന്ന്, സി.ബി.സി.ഐ-യുടെ ഉദ്ഘാടനദിനംതന്നെ, ‘Dalit Catholic Federation of India’ (DCFI) നട്ടുച്ചയ്ക്ക്, മുഴുവന്‍ പാലാ ടൗണും ഉള്‍ക്കൊള്ളിച്ചുനടത്തിയ ഉജ്ജ്വലമായ ഒരു പ്രകടനമാണ്. പൊള്ളവാഗ്ദാനങ്ങള്‍ നല്‍കി തങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കെ.സി.ബി.സി-സി.ബി.സി.ഐ. മെത്രാന്‍ സംഘങ്ങളോട്, സഭയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കും ദളിത് കത്തോലിക്കര്‍ക്ക് 30% സംവരണം നല്‍കുമെന്ന അവരുടെ വാക്കുപാലിക്കാനാവശ്യപ്പെട്ടുള്ള നിവേദനം സമര്‍പ്പിക്കാന്‍ സ്ത്രീകളടക്കം 120-ല്‍ പ്പരം പ്രവര്‍ത്തകരാണ് പ്ലാക്കാര്‍ഡുകളുമേന്തി പ്രകടനം നടത്തിയത്. ഈ പ്രകടനത്തെ നേരിടാന്‍, കേരള ആംഡ് പോലീസ് വിഭാഗത്തിന്റെ ഒരു വന്‍ പടയെത്തന്നെ പാലായില്‍ വിന്യസിച്ചിരുന്നു. രണ്ടു ബസ്സുകളിലായി, തങ്ങള്‍ക്ക് ആരാധ്യരായ ചാവറയച്ചന്റെയും തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെയും അനുഗ്രഹങ്ങളേറ്റുവാങ്ങാന്‍ മാന്നാനവും രാമപുരവും ചുറ്റിവന്ന അവരുടെ മൈക്ക് ഓഫ് ചെയ്യിച്ചും, മൈക്ക് സാങ്ഷന്‍ പിന്‍വലിച്ചും, സി.ബി.സി.ഐ. സമ്മേളനവേദികവാടത്തിന് ഒരു കിലോ മീറ്റര്‍ ഇപ്പുറം, കടപ്പാട്ടൂര്‍ ക്ഷേത്രകവാടത്തിനടുത്തുവച്ചുതന്നെ പ്രകടനം തടഞ്ഞും മെത്രാന്മാര്‍ തങ്ങളുടെ രാഷ്ട്രീയ-പോലീസ് മസ്സില്‍ശക്തിയും ജനവിരുദ്ധതയും ഒരുമിച്ചു തെളിയിച്ചു. 

വിശ്വാസികളുടെ പ്രതികരണശേഷി തെളിയിച്ച മറ്റൊരു പരിപാടി, 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി' ഫെബ്രുവരി 7-നു നടത്തിയ പ്രാര്‍ത്ഥനാറാലിയായിരുന്നു. ക്‌നാനായ സമുദായത്തിനുപുറത്തുനിന്നു വിവാഹം കഴിക്കുന്നവരെ മാതൃരൂപതയില്‍നിന്നും ഇടവകയില്‍നിന്നും പുറന്തള്ളുന്ന അക്രൈസ്തവികതയും മനുഷ്യാവകാശലംഘനവും അവസാനിപ്പിക്കാനാവശ്യപ്പെട്ടുള്ള ഒരു നിവേദനം സി.ബി.സി.ഐ-യ്ക്കു സമര്‍പ്പിക്കാനുദ്ദേശിച്ചു 
നടത്തിയതായിരുന്നു, ഈ പ്രാര്‍ത്ഥനാറാലി. 

പാലാരൂപത അതിന്റെ ചരിത്രത്തില്‍ ഇത്രവലിയൊരു പ്രതിഷേധപ്രകടനം കണ്ടിട്ടുണ്ടാവില്ല. അനവധി സ്ത്രീകളടക്കം ക്‌നാനായ കത്തോലിക്കാ നവീകരണസമിതിയുടെ 500-ല്‍പ്പരം പ്രവര്‍ത്തകര്‍ അണിനിരന്ന ഈ റാലിയില്‍, കെ.സി.ആര്‍.എം. ഉള്‍പ്പെടെ ജെ.സി.സി-യുടെ അംഗസംഘടനകളില്‍പ്പെട്ട ധാരാളം പ്രവര്‍ത്തകരും പങ്കെടുത്തു. 3 പി.എം.ന് പാലാ കുരിശുപള്ളിക്കവലയില്‍ നിന്നാരംഭിച്ച ഈ റാലിയെ നേരിടാനും വന്‍ പോലീസ് സേനയെയാണ് 
പാലാ നഗരവീഥിയിലാകെ നിരത്തിയിരുന്നത്. കടപ്പാട്ടൂരില്‍വച്ചുതന്നെ അവര്‍ ഈ പ്രകടനവും 
തടഞ്ഞു.

ഈ പരിപാടികള്‍ക്കെല്ലാം മകുടം ചാര്‍ത്തുന്നതായിരുന്നു, ഫെബ്രുവരി 8, 9 തീയതികളില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന 'നസ്രാണി കത്തോലിക്കാ അത്മായഅസംബ്ലി- 2014'. നിലവില്‍ ജെ.സി.സി-യുടെ ഭാഗമാകാതെ, കോഴിക്കോട്, കൂടരഞ്ഞി കേന്ദ്രീകരിച്ച് (ഇപ്പോള്‍, തൃശൂര്‍ ജില്ലാ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്) രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' രൂപകല്പന ചെയ്ത ഈ പരിപാടിയെ പിന്തുണയ്ക്കാന്‍ ജെ.സി.സി-യുടെ വിവിധ ഘടകസംഘടനകളും ജെ.സി.സി. നേതൃത്വവും ഉണ്ടായിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്. അങ്ങനെ, കേരളകത്തോലിക്കരുടെ വ്യാപകമായ പ്രാതിനിധ്യത്തോടെ നടത്തപ്പെട്ട 'നസ്രാണി കത്തോലിക്കാ അത്മായഅസംബ്ലി-2014' എന്തുകൊണ്ടും ശുഭോദര്‍ക്കമായ ഒരു ചുവടുവയ്പ്പായിത്തീര്‍ന്നു. തികച്ചും ലളിതമായി നടത്തപ്പെട്ട ഈ അത്മായഅസംബ്ലി, ഇന്നു സഭയില്‍ നിലനില്‍ക്കുന്ന അടിസ്ഥാനപരങ്ങളായ എല്ലാ വൈരുദ്ധ്യങ്ങളെയും തലനാരിഴകീറി പരിശോധിക്കുകയും, സഭയെ ബൈബിളിനും സഭയുടെ വിശുദ്ധപാരമ്പര്യങ്ങള്‍ക്കുമനുസ്സരിച്ച്, എങ്ങനെ പുനര്‍നിര്‍മ്മിക്കാനാകുമെന്ന് കൂട്ടായി ചര്‍ച്ചചെയ്യുകയും ചെയ്തു. അപ്പോ.പ്രവ. 6:1-6-ല്‍ കാണുന്ന അപ്പസ്‌തോല നിര്‍ദ്ദേശപ്രകാരവും, അതിന്റെ കേരളീയാവിഷ്‌കാരമായ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) അനുസരിച്ചും, മെത്രാന്മാരെയും വൈദികരെയുമെല്ലാം തികച്ചും സഭയുടെ ആദ്ധ്യാത്മികശുശ്രൂഷകരാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും, സഭയുടെ ഭൗതികകാര്യങ്ങള്‍ സുതാര്യമായി കൈകാര്യം ചെയ്യാന്‍, വിശ്വാസിമൂഹത്താല്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ ട്രസ്റ്റുകള്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള ആശയം അവിടെ സര്‍വ്വാത്മനാ അംഗീകരിക്കപ്പെട്ടു.

സഭയിലെ മറ്റൊരു വിഭാഗത്തിനും പ്രാതിനിധ്യമില്ലാതെ നടത്തപ്പെടുന്ന മെത്രാന്‍സിനഡുകളെ
സഭാസമ്മേളനങ്ങളായി അംഗീകരിക്കാനാവില്ലെന്നും, അവിടെയെടുക്കുന്ന തീരുമാനങ്ങള്‍ സഭയ്ക്കു ബാധകമായിരിക്കില്ലെന്നും ഈ അസംബ്ലി അസ്സന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. കൂടാതെ, മെത്രാന്മാരില്‍നിന്നും മറ്റു പുരോഹിതാധികാരികളില്‍നിന്നും വിശ്വാസികള്‍ക്കുണ്ടായിട്ടുള്ള അക്രൈസ്തവവും നീതിരഹിതവുമായ നടപടികള്‍ ലിസ്റ്റ് ചെയ്ത് അസംബ്ലി വിചാരണചെയ്യുകയും, അവയോരോന്നിനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് പരിഹാരമുണ്ടാക്കാന്‍ അഖിലഭാരത മെത്രാന്‍സമിതി (സി.ബി.സി.ഐ) യോട് അസംബ്ലി ആവശ്യപ്പെടുകയും ചെയ്തു. 

പൗരസ്ത്യ കാനോന്‍ നിയമത്തിന്റെ ഡമ്മി അഗ്നിക്കിരയാക്കി, അത് നസ്രാണി കത്തോലിക്കാസഭയ്ക്ക് ബാധകമല്ലെന്ന് പ്രതീകാത്മകമായി പ്രഖ്യാപിച്ചുകൊണ്ടാരംഭിച്ച അത്മായഅസംബ്ലി, ചര്‍ച്ച് ആക്ട് പാസ്സായികിട്ടുംവരെ സഭയില്‍ പ്രാബല്യത്തിലാക്കാനുദ്ദേശിച്ച്, പ്രതിനിധിസഭ എന്ന നിലയില്‍ ഒരു സഭാനിയമത്തിനു രൂപംകൊടുത്തു പാസ്സാക്കുകയും ചെയ്തു. തുടര്‍ന്ന് വേദിയിലെ മരക്കുരിശില്‍ പിടിച്ച് എല്ലാവരും വൃത്തത്തില്‍ കൈകോര്‍ത്തുനിന്ന്, 'ജീവനുള്ള കാലത്തോളം......കാനോന്‍നിയമങ്ങള്‍ അംഗീകരിക്കുകയില്ല' എന്നു പ്രഖ്യാപിച്ചുകൊണ്ട് കൂനന്‍കുരിശു സത്യത്തിന്റെ തുടര്‍ച്ച എന്നപോലെ, 'രണ്ടാംകുരിശ് സത്യപ്രതിജ്ഞ' നടത്തി. 
അതു പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ശക്തമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്താണ് 9-ാം തീയതി വൈകിട്ട് അസം ബ്ലി പിരിഞ്ഞത്. 

പാലാ രൂപതയുടെ പ്രൗഢി കാണിക്കാന്‍ 1 ലക്ഷം ച. അടി വിസ്തീര്‍ണ്ണത്തില്‍ നൂറുകണക്കിന് ആഡംബരമുറികളും വിശാലമായ കോണ്‍ഫ്രന്‍സ് ഹാളുകളുമുള്ള ഒരു നാലുനിലനാലുകെട്ട്, ദശകോടികള്‍ ചെലവഴിച്ചുണ്ടാക്കി നടത്തിയ സി.ബി.സി.ഐ. സമ്മേളനംകൊണ്ട് ഇന്ത്യയിലെ കത്തോലിക്കാസമൂഹത്തിനുണ്ടാകുന്ന ഫലവും, എറണാകുളത്ത് ഹൈക്കോര്‍ട്ടു ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്‍ വക സ്ഥലത്ത് പന്തലുകെട്ടി വിശ്വാസി സമൂഹം നടത്തിയ അത്മായഅസംബ്ലികൊണ്ടുണ്ടാകാന്‍പോകുന്ന ഫലവും ഭാവിചരിത്രം വിലയിരുത്തുകതന്നെ ചെയ്യും. ഇതിനകംതന്നെ എത്രയോ സി.ബി.സി.ഐ- കെ.സി.ബി.സി. 
സമ്മേളനങ്ങള്‍ നടന്നിരിക്കുന്നു. കത്തോലിക്കാസമൂഹത്തെ ആദ്ധ്യാത്മികമായോ മറ്റു തരത്തിലോ ഒരിഞ്ചുപോലും ഉയര്‍ത്താന്‍ അവയ്‌ക്കൊന്നുമായിട്ടില്ല എന്ന് എല്ലാവര്‍ക്കുമറിയാം. വിശ്വാസിസമൂഹത്തിന്റെ ചുമലിലെ ഭാരവും കാലിലെ ചങ്ങലയുടെ കട്ടിയും കൂടുക മാത്രമാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. ഈ സി.ബി.സി.ഐ. മാമാങ്കത്തിനും മറ്റൊരു ഫലവുമുണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല.

ഫലമുണ്ടായേനെ, 'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ട് സഭയെ എങ്ങനെ നവീകരിക്കാം' എന്നതായിരുന്നു, ഈ സമ്മേളനത്തിന്റെ ആലോചനാവിഷയമായി തിരഞ്ഞെടുത്തിരുന്നതെങ്കില്‍. അല്ലെങ്കില്‍, ഫ്രാന്‍സീസ് മാര്‍പ്പാപ്പായെ ചെവിക്കൊള്ളാന്‍ തയ്യാറായി, എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യത്തോടെയായിരുന്നു ഈ സഭാസിനഡ് നടത്തിയിരുന്നതെങ്കിലും നിശ്ചയമായും ഭാരതസഭയുടെ ചരിത്രത്തില്‍ അതൊരു നാഴികക്കല്ലാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അതിനൊന്നുമുള്ള വിവേകം മെത്രാന്മാര്‍ക്കുണ്ടായില്ല. 

'നസ്രാണികത്തോലിക്കാ അത്മായഅസംബ്ലി-2014'ലൂടെ, ഈ വിവേകം കാണിച്ചത് ഇവിടുത്തെ 
സാധാരണക്കാരായ 'ആം ആദ്മി വിശ്വാസി'കളാണ് എന്നതില്‍ അവര്‍ക്കഭിമാനിക്കാം. ഇതിനു തുടര്‍പ്രവര്‍ത്തനമുണ്ടാകുന്നപക്ഷം, ചരിത്രത്തിന്റെ തങ്കത്താളുകളില്‍ ഈ സഭാഅസംബ്ലി സ്ഥാനംപിടിക്കുകതന്നെ ചെയ്യും. സാമ്രാജ്യത്വങ്ങളും അവയുടെ കൊട്ടാരയോഗങ്ങളുമെല്ലാം ഫലശൂന്യമായി തകര്‍ന്നടിഞ്ഞതുപോലെ, ജനങ്ങളെ പടിയടച്ചു നടത്തുന്ന മെത്രാന്മാരുടെ അരമനയോഗങ്ങളും അവരിറക്കുന്ന തീട്ടൂരങ്ങളും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ചെന്നടിയുകയും ചെയ്യും.

- ജോര്ജ് മൂലേച്ചാലിൽ, എഡിറ്റര്‍

No comments:

Post a Comment