Translate

Monday, March 24, 2014

ഇതും കൂടി ഒന്ന് വായിക്കൂ

പുരുഷന്‍റെ എല്ലാ  വിജയത്തിനും പിന്നില്‍ ഒരു സ്ത്രീ ഉണ്ടാവും, എന്‍റെ പിന്നിലും ഉണ്ടായിരുന്നു ഒരു സ്ത്രീ. എല്ലാവരും കരുതുന്നതുപോലെ അതെന്‍റെ ഭാര്യയായിരുന്നില്ല പകരം സഹോദരി ആയിരുന്നുവെന്ന വ്യത്യാസമേ ഉള്ളൂ. എന്‍റെ ഭാര്യക്ക് വിവേകം ഉദിക്കാന്‍ പഴയിടത്തെ അവളുടെ അകന്ന ബന്ധുവായ കപ്യാരെ പിരിച്ചു വിടേണ്ടി വന്നുവെന്നത് ചരിത്രം. എന്‍റെ സഹോദരി വെറുമൊരു BSc (N) ആയിരുന്നില്ലെനിക്ക്. കേരളത്തില്‍ തന്നെ ജോലി ചെയ്യണമെന്നാഗ്രഹിച്ചു, ഒരു മിഷ്യന്‍ ആശുപത്രിയില്‍ ജോലിയും അവള്‍ തരപ്പെടുത്തിയിരുന്നു. അവിടെ ജനല്‍ തുടക്കുക മുതല്‍ പലതും ചെയ്യേണ്ടിവന്നു, ശമ്പളവും പേരിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവള്‍ അവിടെനിന്ന് രാജി വെച്ച് ഡല്‍ഹിക്ക് പോയി, എസ്കോര്‍ട്ട് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്തു, അവിടെനിന്നാണ് ആസ്ട്രേലിയാക്ക് പോയത്. ഞാന്‍ എന്ജിനീയറിംഗ് പാസ്സായി ഏതെങ്കിലും ക്രിസ്ത്യന്‍ കോളേജില്‍ ജോലി തരപ്പെടുത്താനുള്ള ശമം തുടങ്ങിയപ്പോള്‍ അവളാണ് അതെതിര്‍ത്തത്. അതുകൊണ്ട് ഞാനിന്നു ഗള്‍ഫില്‍ നല്ല നിലയില്‍ കഴിയുന്നു. നീനായെപ്പറ്റി പറഞ്ഞത് അവളുടെ ഒരു മെയില്‍ അടുത്ത ദിവസം എനിക്ക് കിട്ടിയതുകൊണ്ടാണ്. അതില്‍ പറഞ്ഞിരിക്കുന്നു, പ്രഷര്‍ ഹൈ ആയിട്ട് നില്‍ക്കുന്നുവെങ്കില്‍, അതിന് കൃത്യമായ പ്രതിരോധമരുന്നു കഴിച്ചില്ലെങ്കില്‍ അത് സൈലെന്റ് കില്ലര്‍ ആയി മാറുമെന്ന്. മൂവാറ്റുപുഴയിലെ ജോസഫ് സാറിന്‍റെ ജോലി തിരികെ കിട്ടാന്‍ കാരണമായത് അരമനക്കുണ്ടായ ഹൈ പ്രഷര്‍ ആണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മെയില്‍.
ഇത് വായിച്ചപ്പോള്‍ പെട്ടെന്നെനിക്ക് ഓര്‍മ്മ വന്നത്, കുറെ നാള്‍ മുമ്പ് ഡോ. ജെയിംസ് കോട്ടൂര്‍ ആണെന്ന് തോന്നുന്നു എഴുതിയത്, അത്മായരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സ്ഥിരം ഡയലോഗ് സംവിധാനം ഉണ്ടാക്കണമെന്ന്. അതില്ലെങ്കില്‍ ഈ പരസ്യമായ ചെളി വാരിയേറ് കൂടുതല്‍ രൂക്ഷമായേക്കാമെന്നും അദ്ദേഹം ലേഖനത്തില്‍ പറഞ്ഞിരുന്നു. മറ്റൊരു നിര്‍ദ്ദേശവും അദ്ദേഹം വെച്ചിരുന്നു, സഭയുടെ നിരവധിയായ പ്രസിദ്ധീകരണങ്ങള്‍ അത്മായരുടെ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ക്ക് വേണ്ടിക്കൂടി തുറക്കണമെന്നും സംശയങ്ങള്‍ക്ക് യുക്തമായ മറുപടി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും. ഒന്നും സംഭവിച്ചില്ല, പരോമോന്നത ബഹുമാന്യനായ ആലഞ്ചേരി പോലും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ കത്തിനോട് പ്രതികരിച്ചില്ലെന്നാണ് കേട്ടത്. അതുകൊണ്ടെന്തു സംഭവിച്ചു? അണ്ണാന്‍ കുഞ്ഞും തന്നാലായെന്നതു പോലെ സോഷ്യല്‍ മീഡിയായിലൂടെ സര്‍വ്വരും കോതമംഗലം രൂപതക്കെതിരായി അണിനിരന്നു. ചെവി തുളയ്ക്കുന്ന ഭാഷയാണ്‌ ഫെയിസ് ബുക്കിലൂടെ ലോക മലയാളികള്‍ കേട്ടത്. ഈ പെരുക്കില്‍ പങ്കെടുത്തതോ ദശലക്ഷക്കണക്കിന്‌ വിശ്വാസികളും. ഫെയിസ് ബുക്കെന്നു കേട്ടിട്ടുള്ള സര്‍വ്വരുടെയും മുമ്പിലെത്തി ഈ പോസ്റ്റുകള്‍. ഒരു തമാശ, സഭ ചെയ്തത് ന്യായമാണെന്ന് പറയാന്‍ ഒരൊറ്റ കുഞ്ഞാടും തയ്യാറായില്ല എന്നതാണ്. അവസാനം രൂപത മുട്ടുമടക്കി. ഇതേ മീഡിയായുടെ വെടിയാണ് ഇടുക്കി മെത്രാനും ഏറ്റത്. അടിയന്തിര യോഗം എറണാകുളത്ത് വിളിച്ചു ചേര്‍ത്ത് പ്രശ്നത്തിനു തടയിടാന്‍ അന്ന് മാര്‍ ആലെഞ്ചേരിക്ക് കഴിഞ്ഞുവെന്ന് സമാധാനിക്കാം. മെത്രാന്‍റെ പോയ വില ആരു തിരിച്ചു കൊടുക്കും? മീഡിയായാകട്ടെ തക്കം പാര്‍ത്തിരിക്കുന്നു, വേറെയും ഒന്ന് രണ്ടു മെത്രാന്മാരുടെ നേരെ കണ്ണും നട്ട്, അല്ലെങ്കില്‍ അടുത്ത അവസരം നോക്കി.
വളരെ കുറഞ്ഞ ഒരു കാലം കൊണ്ട് മെത്രാന്‍ എന്ന പദത്തിന്‍റെ വില കുത്തനെ ഇടിഞ്ഞിരിക്കുന്നുവെന്നു പറയാതെ വയ്യ. അണയ്ക്കെട്ട് എന്നതുപോലെ ഇവിടെ കുറെ മെത്രാന്മാര്‍ ഉണ്ടെന്നുള്ളത് മാത്രമല്ല കാരണം. കാഞ്ഞിരപ്പള്ളിയില്‍ ഒരു മെത്രാന്‍റെ ഡ്രൈവറെ ഊതിപ്പിച്ച പൊലീസ്‌കാരന് അടുത്ത ദിവസം ട്രാന്‍സ്ഫര്‍, തിരുവനന്തപുരത്ത് മെത്രാന്‍റെ കാര്‍ രാത്രിയില്‍ നീണ്ട പതിനഞ്ചു മിനിട്ട് തടഞ്ഞിട്ട ട്രാഫിക് പൊലീസ്കാര്‍ക്ക് സ്ഥലം മാറ്റം. വണ്ടി തടഞ്ഞാല്‍  ആദ്യം പൊലീസ് ചെയ്യേണ്ടത്, ഉള്ളില്‍ മേത്രാനാണോ എന്ന് നോക്കുകയാണെന്നു തോന്നുന്നു. മെത്രാന്‍റെ ഈ ഊറ്റം കാണിക്കാവുന്ന അപൂര്‍വ്വം ചില രാജ്യങ്ങളില്‍ ഒന്ന് മാത്രമാണ് ഭാരതം. സ്പിരിറ്റ് കടത്താന്‍ ഒരു മാര്‍ഗ്ഗം, ഒരാള്‍ മെത്രാന്‍ വേഷം കെട്ടി ഉള്ളിലിരിക്കുകയാണെന്നു തോന്നുന്നു. ട്രാന്‍സ്ഫര്‍ ആഗ്രഹിക്കുന്ന പൊലീസ്‌കാര്‍ക്കും ഈ സാഹചര്യം ഉപകാരമായേക്കാം.
ഇതിനേക്കാള്‍ ഒക്കെ വലിയ വെല്ലുവിളി മെത്രാന്മാര്‍ക്ക്  തന്നെയാണ്. പള്ളിയില്‍ ചെന്നാലും പാസ്ടരല്‍ കൌണ്‍സിലില്‍ ചെന്നാലും ആമ്മേന്‍ വിളിയോട് ആമ്മേന്‍ വിളി, പുറത്തോട്ടിറങ്ങിയാല്‍ പൂരപ്പാട്ടും. ഇത് വെറുമൊരു പ്രതിഭാസമാണെന്ന് കരുതി സിനഡ് നടത്തിയ മെത്രാന്മാരുടെ കാലുകള്‍ ഇടറിത്തുടങ്ങിയെന്നത് തന്നെയാണ് സത്യം. മാധ്യമങ്ങളെ എത്ര കാലം ചങ്ങലക്കിട്ടു നിര്‍ത്തും? ഇടുക്കി പ്രശ്നത്തിലും, കോതമംഗലം പ്രശ്നത്തിലും സഹിഷ്ണത പാലിച്ച മനോരമ, ഇടുക്കി മെത്രാന്‍റെ ബദ്ധശത്രുവായ പി.റ്റി തോമസിനെ, മികച്ച എം.പിമാരിലെ മികച്ചസ്ഥാനം ഈ ഇലക്ഷന്‍ സമയത്തു തന്നെ നല്‍കി ആദരിച്ചിരിക്കുന്നു. മാധ്യമങ്ങളുടെ ഉള്ളും നീറുകയാണോ? കണ്ണൂര് ഒരു മെത്രാന്‍ ഉണ്ടായത് പത്രങ്ങളുടെ കോണിലാണ് അച്ചടിച്ച്‌ വന്നത്. പലരും അത് മിണ്ടിയെയില്ല. രാഷ്ട്രിയക്കാര്‍ അവരുടെ നീരസം ‘നികൃഷ്ട’ ജീവിയിലൂടെ പ്രകടിപ്പിച്ചു. ഇപ്പോള്‍ ജനം സഭ എവിടൊക്കെ വീഴുന്നുവെന്നു ആകാംക്ഷാപൂര്‍വ്വം നോക്കിയിരിക്കുന്നു, ആഘോഷിക്കാന്‍.
മറ്റൊരു തമാശ കൂടി എനിക്ക് കേള്‍ക്കാന്‍ ഇടവന്നു. അത് ഇറ്റലിയില്‍ നിന്നാണ്. സഭ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വഴിയെ നടക്കണം എന്ന് കരുതുന്ന കുറെ അത്മായര്‍ CCR Int’l (Catholic Church Reformation Int’l) എന്നൊരു സംഘടനക്ക് കഴിഞ്ഞ വര്ഷം രൂപം കൊടുത്തു. കേട്ടത് ശരിയാണെങ്കില്‍ അതിന്‍റെ തലപ്പത്തിരിക്കുന്നത് മാര്‍പ്പാപ്പയുടെ തന്നെ മുന്‍പരിചയക്കാര്‍. ഈ സംഘടനയില്‍ നിരവധി ഭാര്തീയരും ഉണ്ടെന്നാണ് കേട്ടത്. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ മാര്‍പ്പാപ്പാ അറിഞ്ഞുകൊണ്ടും ഇരിക്കുന്നുവെന്ന് സാരം. ചുരുക്കം പറഞ്ഞാല്‍ വട്ടായിയുടെ അല്ലെലൂജാ മാജിക്കോ മെത്രാന്മാരുടെ ഇടയ ലേഖനാഭിഷേകമോ കൊണ്ട് തീരുന്നതല്ല ഇന്നത്തെ സഭയുടെ അകത്തുള്ള പ്രശ്നങ്ങള്‍. പഴയിടത്തും, മണ്ണക്കനാട്ടും മാത്രമല്ല, എവിടൊക്കെ വൈദികരുടെ തോന്ന്യാസങ്ങള്‍ ഉണ്ടാകുന്നോ അവിടൊക്കെ അത്മായര്‍ ഉണരുന്നു. ചെന്നാക്കുന്നില്‍ നാടകനടിയെയും വികാരിയച്ചനെയും ആ രാത്രിയില്‍ തന്നെ ഇടവക ജനം അരമനയില്‍ എത്തിച്ചു. അടങ്ങിയിരിക്കുന്നുവെന്നു കരുതുന്ന അത്മായര്‍ പൊട്ടിയോഴുകാന്‍ തയ്യാറെടുത്തിരിക്കുന്ന അഗ്നിപര്‍വ്വതങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ഇതിനൊരു പരിഹാരമുണ്ടോ? ഉണ്ട്. ആദ്യം ഈ പിതാക്കന്മാര്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി അവരില്‍ ഒരാളായി അവരുടെ പ്രശ്നങ്ങള്‍ പഠിക്കണം, അതിന് പരിഹാരം അപ്പപ്പോള്‍ ഉണ്ടാക്കുക്കുകയും ചെയ്യണം. വടക്കേ ഇന്ത്യയില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന മെത്രാന്മാരുണ്ട്, ഭൂരിഭാഗവും സ്വന്തം വണ്ടി സ്വയം ഡ്രൈവ് ചെയ്താണ് യാത്ര ചെയ്യുന്നതും. ഞാനിവിടെ ഒരു ഫോട്ടോ കൊടുക്കുന്നു. ഇതിന്‍റെ നടുക്ക് തീക്കോയി സ്വദേശി  ഒരു സീറോ മലബാര്‍ ലത്തിന്‍ വൈദികനുണ്ട്. 

ഇത് പോലൊരു ചിത്രം കേരളത്തില്‍ നിന്ന് ലഭിക്കുമോ? ഓരോ രൂപതയും അതിലെ സര്‍വ്വ സ്വത്തുക്കളും സ്വന്തം പിതാവ് സമ്പാദിച്ചതാണെന്ന മട്ടിലാണ് ഓരോ മെത്രാനും ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പരിഷ്കാരങ്ങളോ, തുഗ്ലക്കിനെ ഓര്‍മ്മിപ്പിക്കുന്നതും. കാഞ്ഞിരപ്പള്ളിയില്‍ അടുത്തിടെ ഉണ്ടായ ഒരു നിയമമാണ്, പ്രീകാനാ കോഴ്സില്‍ വധൂവരന്‍മാരുടെ മാതാപിതാക്കന്മാരും കൂടി പങ്കെടുക്കണമെന്നത്. മാതാപിതാക്കന്മാര്‍ പറയുന്നത് അപ്പാടെ കേള്‍ക്കുന്ന ഒരൊറ്റ കുടുംബം കാണിച്ചു തരാമോ പിതാക്കന്മാരെ? രണ്ടു തല ഒരുമിച്ചു ചിന്തിക്കുന്ന കുടുംബങ്ങള്‍ തന്നെ കുറവ്. പ്രായപൂര്‍ത്തിയായ വധൂവരന്മാരുടെ അവകാശത്തിലും സ്വാതന്ത്ര്യത്തിലും മാതാപിതാക്കന്മാര്‍ ഇടപെട്ടു കൊണ്ടിരിക്കണമെന്നു പറയുന്നത്, എന്ത് ന്യായം? ഇന്നത്തേത് പണ്ടത്തേതുപോലെ മക്കളെ സ്വത്ത് മോഹിപ്പിച്ചു പിടിച്ചു നിര്‍ത്താവുന്ന സാഹചര്യവുമല്ലായെന്നും ഓര്‍ക്കേണ്ടതുണ്ട്.
അത്മായര്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം കൊണ്ട് അവരുടെ തലയ്ക്കു വിലപറയുന്ന ഈ സമ്പ്രദായം ഇവിടെനിന്നു തുടച്ചു മാറ്റിയെ തീരൂ. വനിതാ കമ്മിഷന്‍റെ ചെയര്‍മാനായി ഇടുക്കി ബിഷപ്പ്, അത്മായ കമ്മിഷന്‍റെ ചെയര്‍മാനായി കാഞ്ഞിരപ്പള്ളി ബിഷപ്പ് – അത്മായ കമ്മിഷനിലാകട്ടെ ഒരൊറ്റ അത്മായനും. ഇതിനേക്കാള്‍ അപഹാസ്യമായ വാര്‍ത്തകള്‍ കേരള ജനത കേള്‍ക്കാതിരിക്കട്ടെ. ഓപ്പറെഷന്‍ ബോധംകെടുത്തി വേണോ അതോ സുബോധത്തോടെ വേണോ എന്നെ ഇനി മെത്രാന്മാര്‍ തീരുമാനിക്കേണ്ടതുള്ളൂ, അത് വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. മെത്രാന് പര്യായ പദമായി ‘നികൃഷ്ടജീവി’ നിഘണ്ടുവില്‍ സ്ഥാനം പിടിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്താല്‍ അത്രയും നന്നായിരിക്കും. എലിയെത്തേടി മല പോകാറില്ലെന്ന് മാര്‍ ആലഞ്ചേരിയും ഓര്‍ക്കുക. ഒരു പക്ഷെ, സഭയുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ച ചങ്ങനാശ്ശേരിക്കാരുടെ കൈകള്‍കൊണ്ട് തന്നെ അതിന്‍റെ ചിതാഭസ്മവും നിമജ്ജനം ചെയ്യിക്കണമെന്നതായിരിക്കാം ദൈവത്തിന്‍റെ പദ്ധതി.   

1 comment:

  1. "മെത്രാന്" പര്യായപദമായി ‘"നികൃഷ്ടജീവി’" നിഘണ്ടുവില്‍ സ്ഥാനം പിടിച്ചിരിക്കുന്നു ! കേൾപ്പാൻ ചെവിയില്ലാത്ത മെത്രാൻ എങ്ങിനെ ഈ വാർത്ത കേൾക്കും? ക്രിസ്തീയതയില്ലാത്ത ഇന്നത്തെ സകല സഭകളും നശിച്ചില്ലാതെയാകേണ്ടത് കാലത്തിൻറെ ആവശ്യമായതിനാൽ , ഫറവോന്റെ മനസിനെ പണ്ട് യഹോവാ കഠിനപ്പെടുത്തിയതുപോലെ ഇവറ്റകളുടെ ചെവി ദൈവം അടച്ചുകളഞ്ഞു! ആടുകളേ, കപടതനിറഞ്ഞ,കരുണയില്ലാത്ത ഈ socalled ഇടയന്മാരുടെ അപകടം നിറഞ്ഞ കൂടാരങ്ങൾ വിട്ടോടിപ്പോകൂ...നിങ്ങൾ ചൂഷിതരോ, നിങ്ങൾ മർദ്ദിതരോ ? മനസാകുന്ന അറയിൽ വസിക്കുന്ന നിത്യചൈതന്യത്തെ കണ്ടെത്തി ,ആ നിത്യാനന്ദത്തിൽ അലിയൂ.. "ഇമ്മാനുവേൽ" ദൈവം നമ്മോടുകൂടെ

    ReplyDelete