Translate

Friday, March 28, 2014

വീണ്ടും കണ്‍ഫ്യുഷന്‍

വല്ലാത്ത കണ്‍ഫ്യുഷന്‍, ഒരു സത്യക്രിസ്ത്യാനിയായ പ്രൊഫ. ജൊസഫ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ജോലിക്ക് കയറിയെന്നു കേട്ടു. അദ്ദേഹത്തിന്‍റെതായി ഫെയിസ് ബുക്കില്‍ കൂടി വന്ന ഒരു കുറിപ്പില്‍ വി.എസ് സഹായിച്ചതുകൊണ്ടാണ് ജോലി തിരികെ കിട്ടിയതെന്നു കണ്ടു. ഫെയിസ്ബുക്ക്, മിഡിയാ ഇതൊക്കെ രുചിക്ക് മാത്രമേ പ്രയോജനപ്പെട്ടുള്ളൂവെന്നാണോ അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യക്തമല്ല. ഏതായാലും ജോലി പോയവരുടെ മദ്ധ്യസ്ഥനായി ഇങ്ങിനെ ഒരു പുണ്യാളന്‍ ഉള്ളതായി എനിക്കറിയില്ലായിരുന്നു. ഇടുക്കിയില്‍ നിന്നും അങ്ങിനെയൊരു പദം കേട്ടിരുന്നു. അവിടെ, വി എസ് സഹായിക്കും എന്ന് ഏതോ ഒരു വോട്ടര്‍ പറഞ്ഞതായിട്ടാണ് കേട്ടത്. ഞാന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ വി എസ് എന്നതിന്‍റെ അര്‍ത്ഥമായി    വിക്ടോറിയാ സീക്രട്ട്, വിഷ്വല്‍ സ്റ്റുഡിയോ ...... ഇങ്ങിനെ കുറെ പദങ്ങളെ കണ്ടുള്ളൂ. ഫുള്‍ഫോംസ്.കോം നോക്കിയപ്പോള്‍ അങ്ങിനെ ഒരു ചുരുക്കം ഇല്ലെന്നാണ് പറയുന്നത്. നാളെ പുണ്യാളന്‍ ആകാന്‍ സാദ്ധ്യതയുള്ള വട്ടായി – സെഹിയോനെ (വി എസ്) ആണോ ഉദ്ദേശിച്ചതെന്ന് ഞാന്‍ സംശയിക്കുന്നു. അതോ ആ പേരില്‍ ഇനി വല്ല മാലാഖമാരും ഉണ്ടായിരിക്കുമോ? വി എസ് എന്നു നമ്മുടെ അച്ചുതാനന്ദന്‍ സഖാവിനെ പറയാറുണ്ട്‌. പക്ഷെ, കമ്മ്യുണിസ്റ്റ്കാരില്‍ അത്ഭുത പ്രവര്‍ത്തകരായുള്ള സഖാക്കന്മാര്‍ ഉള്ളതായി അറിവില്ല. കമ്മ്യുണിസ്റ്റ്കാരെ പേടിച്ച് കാനോന്‍ മാറാനും സാധ്യതയില്ലല്ലോ.  ഒരു പക്ഷെ ഈ പുണ്യവാന്‍ ഇടുക്കിക്കാരന്‍ തന്നെ ആയിരിക്കുമോ? അത്മായശബ്ദവും അത്മായാ ലോകവും ഇക്കാര്യത്തില്‍ എന്നെ ഒന്ന് സഹായിച്ചാല്‍ കൊള്ളാം. ആ പേരില്‍ ഒരു പുണ്യവാളന്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഇവിടെ ഗള്‍ഫില്‍ പ്രയോജനപ്പെടും, ജോലി നഷ്ടപ്പെട്ടവര്‍ ധാരാളം ഇവിടുണ്ട്. ജീവചരിത്രമൊക്കെ മിനിറ്റ് വെച്ച് ഞങ്ങള്‍ തട്ടികൂട്ടിക്കൊള്ളാം.

ഇപ്പോള്‍ നിലവിലുള്ള പ്രഗത്ഭരായ യൂദാ തദ്ദേവൂസിനെയും, അല്ഫോന്സാമ്മയെയുമൊക്കെ മലര്‍ത്തിയടിക്കാന്‍ ആ പുണ്യവാന് കഴിയും എന്നതില്‍ എനിക്കൊരു സംശയവുമില്ല. മിനിറ്റ് വെച്ച് മദ്ധസ്ഥപ്രാര്‍ഥനയും കിഴിനേര്‍ച്ച സമ്പ്രദായവും നമുക്ക് പരിചയപ്പെടുത്താവുന്നതെയുള്ളൂ. ഗള്‍ഫില്‍ ഒരു രൂപത സ്ഥാപിക്കാന്‍ അത് പ്രയോജനപ്പെടും, അനേകം അറബികള്‍ ഒരു പക്ഷെ മാനസാന്തരപ്പെടുകയും ചെയ്തേക്കാം. ദൈവത്തിന്‍റെ ഓരോരോ കളികള്‍! വിഎസ് ന്‍റെ അത്ഭുതങ്ങള്‍ ഇനിയും കേരളത്തില്‍ സമൃദ്ധമായുണ്ടാകട്ടെ എന്നാശംസിച്ചുകൊള്ളുന്നു. 

No comments:

Post a Comment