Translate

Tuesday, March 4, 2014

പാലാ - പുതിയ ജെറുശലേം

ഈ ഫെബ്രുവരി 4 - 1 2 തീയതികളിൽ പാലാപ്പട്ടണത്തിൽവെച്ചു നടന്ന സി. ബി. സി. ഐ. സമ്മേളനത്തിൽ കേരള ധനകാര്യമന്ത്രി ശ്രീ. കെ. എം. മാണി പാലായെ പുതിയ ജെറുശലേമായി വിശേഷിപ്പിച്ചെന്നു കേട്ടു. പാലാ ഇന്ത്യയിലെ വത്തിക്കാനോ പുതിയ ജെറുശലേമോ എന്തുമായിക്കൊള്ളട്ടെ, കുറെക്കാലം ഞാനും പാലാരൂപതാംഗമായിരുന്നതിനാൽ പാലായുടെ ഈ പുതിയ വിശേഷണങ്ങൾ എന്റെ കാതുകൾക്കും ഇമ്പം തന്നു. എങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന, ഒളിപ്പിച്ചുവെച്ചിരിക്കുന്ന, കപടാഹന്തയെയും ആഢ്യത്തത്തെയും ഞാൻ തിരിച്ചറിഞ്ഞു. കൂടാതെ കത്തോലിക്കാസഭാ നവീകരണപ്രസ്ഥാനക്കാരുടെ സന്ധിയില്ലാസമരത്തിന്‌ ഒരു പുത്തനുണർവും സോഷ്യൽ മീഡിയായിൽ കാണാൻ കഴിഞ്ഞു. സഭാംഗങ്ങളുടെ കോടിക്കണക്കിനുവരുന്ന രൂപ ദുർവ്യയം ചെയ്ത് പെരുമ്പറ കൊട്ടി, വളരെ ആർഭാടമായി നടത്തിയ ആ സമ്മേളനം രാഷ്ട്രീയ ശക്തികളുമായുള്ള അവിഹിതബന്ധത്തെ അരക്കിട്ടുറപ്പിക്കാനാണ് ഉപയോഗിച്ചതെന്ന് വ്യക്തം. വൻപിച്ച പോലീസ് സന്നാഹത്തോടെ സമ്മേളിച്ച ഈ അഖില ഭാരത മെത്രാൻ സിനഡ് (187 മെത്രാന്മാർ) സഭാസമൂഹത്തിൻറെ അടിയന്തിര പ്രശ്നങ്ങളെ പഠിച്ച് പുരോഗമനപരമായ നീക്കങ്ങൾ നടത്താൻ അമ്പേ പരാജയപ്പെട്ടന്ന് സമ്മേളന റിപ്പോർട്ട് വ്യക്തമാക്കുന്നു. ശരിയായ ആദ്ധ്യാത്മികത്വത്തിൻറെ പാപ്പരത്വം നിറഞ്ഞ ഇവർക്ക് എണങ്ങരുടെ (മാർത്തോമ്മാ ക്രിസ്ത്യാനികളെ ഉദയമ്പേരൂർ സൂനഹദോസിന് മുൻപ് വിളിച്ചിരുന്നത് എണങ്ങർ എന്നായിരുന്നു) ഇടയിലേക്കിറങ്ങിച്ചെന്ന് അവരുടെ ആവലാതികളും വേവലാതികളും കേൾക്കാൻ ഭയമാണെന്ന് ഈ സമ്മേളനം തെളിയിച്ചുകഴിഞ്ഞു. ജനായത്ത മൂല്ല്യമോ സാമാന്യ മര്യാദയോ ഇല്ലാതെ, എണങ്ങരുടെ ചിന്താശക്തിക്ക് കടിഞ്ഞാണിടുക, മാനസികാടിമത്തം അടിച്ചേൽപ്പിച്ച്പുരോഹിത നേതൃത്വം കല്പ്പിക്കുന്നതുപോലെ അവരെക്കൊണ്ട് ചെയ്യിക്കുക, തുടങ്ങിയ സഭാധികാരികളുടെ ഭരണതന്ത്രങ്ങൾ ഇന്ന് വളരെ സ്പഷ്ടമാണ്. സർക്കാരിന് സമാന്തരമായ അധികാരവിനിയോഗവ്യഗ്രതയാണ് സഭയുടെ ലക്ഷ്യമെന്ന് ഇതിൽനിന്നൊക്കെ വ്യക്തം. രാജസിംഹാസനങ്ങൾ തട്ടിമറിക്കപ്പെട്ടു; ജെറുശലേം ദേവാലയം കല്ലിൽമേൽ കല്ലുശേഷിക്കാതെ നശിച്ചു എന്നൊന്നും ഓർത്തെടുക്കാൻ ഹൃദയകാഠിന്യം നിറഞ്ഞ ഈ മേല്പ്പട്ടക്കാർക്ക് സാധിക്കുന്നില്ല.

മെത്രാന്മാരുടെ ചെണ്ട അവരും അവരുടെ അനുചരരും കൂടി കൊട്ടിഘോഷിക്കുന്ന ഏർപ്പാട് ക്രിസ്തീയമല്ല. അതേസമയം സഭാനവീകരണ ലക്ഷ്യംവെച്ച് നിരന്തരം മനനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന 
അനുഭവപ്രജ്ഞരും വിവേകശാലികളുമായ എണങ്ങരുടെ കത്തു കിട്ടിയാലും മെമ്മോറാണ്ഡം കിട്ടിയാലും അവയെയെല്ലാം അവഗണിക്കുകയും വാക്കുപറഞ്ഞാൽ പാലിക്കാതിരിക്കുകയും ചെയ്യുന്ന 'മെത്രാൻമൌന' മാണ് അവരിൽനിന്നും എല്ലാവർക്കും അനുഭവപ്പെടുന്നത്. വലിയവരെന്ന് സ്വയം ചിന്തിക്കുന്ന ഇവർ ഇതുംകൂടിയായാലേ വലിപ്പം പൂർണ്ണമാകുകയൊള്ളു എന്ന് ധരിച്ചതുപോലെയുണ്ട്. കാര്യങ്ങൾ പഠിച്ച് ഉടനടി മറുപടി അയക്കുന്നതല്ലേ വലിപ്പം? തെറ്റ് സംഭാവിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു എന്നുകൂടി മറുപടിയിൽ എഴുതുന്നതല്ലേ മഹത്വം. താൻ 'മുഴുത്തവൻ' എന്നു നടിച്ച് നടക്കുന്നതല്ല മഹത്വം. പോപ്പ് ഫ്രാൻസിസിനെപ്പോലെ സാധാരണക്കാരുടേയും ദരിദ്രരുടേയും ഇടയിലേയ്ക്കിറങ്ങിച്ചെന്ന് അവരെ മനുഷ്യത്വംകൊണ്ട് മനോഹരമായി കീഴടക്കുന്നതിലാണ് മഹത്വം. ഇന്ന് നമുക്ക് രാജവേഷധാരികളായ മൂപ്പന്മാരുണ്ട്. പക്ഷേ, വ്യക്തിമഹത്വത്തിന്റെ ഹൃദയാനുഭവം ഉണ്ടാക്കുന്ന വലിയ ജീവികൾ ഇവരുടെ ഇടയിൽ വളരെ തുച്ഛം എന്ന് പറയേണ്ടിവരുന്നതിൽ ഖേദിക്കുന്നു.

സഭാനവീകരണാശയത്തിൻറെ തലയിൽ പർദ്ദയിടുന്ന ഈ മെത്രാന്മാർക്ക് വെറുതേ കിടന്ന് ഉറങ്ങാനും ഉരുളാനും ഉള്ള സ്ഥലമല്ല രൂപത. മെത്രാൻ ചമഞ്ഞു നടക്കുന്നവരെ സൃഷ്ടിക്കാൻ സാധിക്കും. പക്ഷേ, ഒരു യഥാർത്ഥ സഭാശുശ്രൂഷിയെ ആർക്കും സൃഷ്ടിക്കാൻ പറ്റില്ല. അയാൾ തന്നെത്തന്നെ സൃഷ്ടിക്കണം. തങ്ങളുടെ കർമ്മം ചെയ്യാൻ വൈമനസ്യം കാട്ടുന്ന മെത്രാന്മാർ രോഗികളാണ്. കാരണം, കർമ്മം ചെയ്യാത്ത അവസ്ഥയാണ് രോഗം. എന്നാൽ തന്നെത്താൻ വിസ്മരിച്ച് കർമ്മം ചെയ്യുന്ന മെത്രാന് ജീവിതമാഹാത്മ്യത്തിൻറെ അടിസ്ഥാനമുണ്ട്. ജ്ഞാനത്തിന്റേയും സുകൃതങ്ങളുടേയും ജലസേചനപദ്ധതി നടപ്പിലാക്കേണ്ട ഇവർ വെണ്‍കൊറ്റക്കുട ചൂടിയും സ്തുതിപാഠകരാൽ വലയംചെയ്യപ്പെട്ടും വൃദ്ധകേസരികളായി കഴിയുന്നു. ചെറിയ മനുഷരായിരിക്കുന്നതല്ലേ വലിപ്പം? ഒരിക്കൽ സാധാരണ വികാരിമാരായിരുന്ന ഇവർ എണങ്ങരിൽനിന്നും ഒന്നും മനസ്സിലാക്കാനില്ല എന്ന ധാർഷ്ട്യത്തിലാണ്. അവരുടെ ആദർശച്യുതിയെ ചോദ്യം ചെയ്യുന്നവരുടെ കത്തുകൾക്ക് മറുപടി അയയ്ക്കുക എന്ന സാമാന്യ ലോകമര്യാദപോലും അവർ പാലിക്കാത്തത് അതുകൊണ്ടല്ലേ?

സാധുജനസേവനം നമ്മെ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാക്കുമെന്നുള്ള തിരിച്ചറിവ് ഇവർക്കില്ലെന്നാണ് ഇവരുടെ പ്രവൃത്തികൾ കണ്ടാൽ തോന്നുക. അധികാരവും ധനവും കീർത്തിയും ഉപയോഗിച്ച് തങ്ങൾക്ക് സുഖിക്കാനായി കനകാസനങ്ങളും മെഗാദേവാലയങ്ങളും പണിയാൻ മുതിരുമ്പോൾ തങ്ങളുടെ രൂപതയിലെ ദരിദ്രർക്ക് (അവർ ഏതു മതസമൂഹത്തിൽപ്പെട്ടവരായാലും) വീടും കട്ടിലുമുണ്ടോയെന്ന് തിരക്കാറില്ല. പാവങ്ങളിൽ ദൈവത്തെ കാണാത്ത ഇവരിൽ ദൈവചൈതന്യമുണ്ടോ? ദൈവസ്നേഹമില്ലാത്ത ദൈവശാസ്ത്രം മെനച്ച് 
ഭക്തിപ്രകടനങ്ങൾ നടത്തുന്ന ഇവരിൽനിന്നും ദൈവം ഒളിച്ചോടുമെന്ന് തീർച്ച. ഇക്കഴിഞ്ഞ മെത്രാൻസിനഡിനെ മുൻകണ്ടുകൊണ്ടുതന്നെ പലപല കോടികൾ മുടക്കി പാലായിൽ പണിതീർത്ത അല്ഫോൻസിയൻ പാസ്റ്റൊറൽ ഇൻസ്റ്റിറ്റ്യുട്ട് (Alphonsian Pastoral Institute) ഇതിന് ഉദാഹരണമാണ്. ഈ സ്ഥാപനത്തിൽ യേശുസാന്നിദ്ധ്യമുണ്ടായി വിശുദ്ധീകരിക്കപ്പെടുമോ? സമ്പന്നരാജ്യമായ അമേരിക്കയിൽപ്പോലും മെത്രാൻസിനഡുകൾ കൂടുന്നത് ഹോട്ടലുകൾ വാടകയ്ക്കെടുത്താണന്നു കേൾക്കുമ്പോൾ കോട്യാനുകോടി ദരിദ്രകുടുംബങ്ങളുള്ള ഇന്ത്യയിൽ ഇത്ര ഭീമാകാരമായ ഒരു കെട്ടിടം പണിതത് ഒരു വിരോധാഭാസമല്ലേയെന്ന് കൊച്ചുകുട്ടികൾപോലും ചിന്തിക്കയില്ലേ? സിനഡിന്റെ റിപ്പോർട്ടിൽപ്രകാരം അനീതിക്കെതിരായി ശബ്ദമുയർത്താൻ മെത്രാന്മാർ തീരുമാനിച്ചെത്രേ (para. 5. ii ). രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ പ്രമാണരേഖപോലും അവർ ഉദ്ധരിക്കുന്നു! സാധാരണക്കാരുടെ കണ്ണിൽ പൊടിയിടാനായി തങ്ങൾ എന്തോ വലിയ കാര്യങ്ങൾ ചെയ്തുകൂട്ടി എന്നു കാണിക്കാൻ അതുതകുമെന്നുമാത്രം. ആത്മാർത്ഥത എന്നു പറയുന്നത് ഈ റിപ്പോർട്ടിൽ തൊട്ടുതേച്ചിട്ടില്ല. ഇതാ അതിന് വേറൊരുദാഹരണം കൂടി. എണങ്ങരുടെ ആവലാതികൾക്ക് ഒരു മറുപടിപോലും നല്കാത്ത ഇവർ അല്ഫോൻസിയൻ ഇൻസ്റ്റിറ്റ്യുട്ടിൽവെച്ച് പ്രഖ്യപിച്ചിരിക്കുന്നത്രേ ദൈവജനത്തിന്റെ  ദൈവദത്തമായ കഴിവുകളെ ഊറ്റിയെടുക്കുമെന്നും അവരെ സ്രവിക്കുമെന്നും പാസ്റ്ററൽ കൌണ്‍സിലുകൾ എല്ലാരൂപതകളിലും സ്ഥാപിക്കുമെന്നും (para 5. iii). എന്താ പോരേ പൂരം! രണ്ടാം വത്തിക്കാൻ കൌണ്‍സിൽ തീരുമാനിച്ച പാസ്റ്ററൽ കൌണ്‍സിൽ പാശ്ചാത്യ രൂപതകളിൽ പത്തൻപതുവർഷം മുൻപ് നടപ്പാക്കി. അതിതാ ഇന്ത്യൻ സഭയിൽ നടപ്പിലാക്കാൻ മെത്രാന്മാർ ഇപ്പോൾ പ്രതിജ്ഞാബദ്ധരാകുന്നുപോലും! ഇതിൽപ്പരം ഒരു പുകില് നിങ്ങൾ കേട്ടിട്ടുണ്ടോ?

ഞാനൊന്നു ചോദിക്കട്ടെ. ഈ മെത്രാന്മാർ ശുശ്രൂഷിക്കുന്ന സഭാമക്കൾ എന്തുകൊണ്ടാണ് ഇവരുടെ നിത്യാരാധകരാകാത്തത്? ഒരു മെത്രാന്റെ മനസ്സിന് നിരവധി ജനാലകളും വാതിലുകളും വേണം. പണ്ട് ജോണ്‍ 23 -മൻ മർപ്പാപ്പാ വത്തിക്കാൻറെ ആനവാതിൽ തുറന്നതോർമ്മിക്കുന്നില്ലേ? ജനാലകളും വാതിലുകളും തുറന്നിട്ടാലേ പ്രകാശരശ്മികൾ ഉള്ളിലേക്കു കടക്കു. മെത്രാന്റെ മനസ്സ് മറവിയുടെ നിലവറയും ഓർമ്മകളുടെ പത്താഴവുമാകണം. എന്നുവെച്ചാൽ മറ്റുള്ളവരിൽനിന്നുള്ള വിമർശനബുദ്ധിമുട്ടുകളെ മറക്കുകയും അതിനുള്ള നിവാരണമാർഗ്ഗങ്ങളെ കണ്ടുപിടിക്കുകയും വേണം. സംന്യാസം, യോഗം, തപസ്സാദികളിൽ മെത്രാന്മാർ ശോഭിക്കേണ്ടതാണ്. എന്നാൽ അവരെ പ്രലോഭിപ്പിക്കുന്നത് അധികാരം, സമ്പത്ത്, പദവി തുടങ്ങിയവകളാണ്. അതുകൊണ്ടല്ലേ ഒരു മെത്രാൻ മെത്രാപ്പോലീത്തയാകാൻ ശ്രമിക്കുന്നത്. ഇത്തരം മോഹങ്ങളാണ് മാനുഷിക നേട്ടങ്ങളായി ഇവർ കാണുന്നത്. കൈയ്യിൽ പിച്ചപ്പാത്രവും ശംഖുമായി നടക്കുന്ന പളനിസ്വാമിമാരായ ആണ്ടിപ്പണ്ടാരങ്ങൾ നാണിച്ചുപോകും, നേർച്ചപ്പെട്ടിയിലേക്കുള്ള ഇവരുടെ നോട്ടം കണ്ടാൽ. പട്ടുളോഹയും അരപ്പട്ടയും കൂന്തൻതൊപ്പിയുമൊന്നും മനുഷ്യനെ രക്ഷിക്കുകയില്ലെന്നും സർവ്വചരാചരങ്ങളോടുമുള്ള ദയയും കരുണയുമേ രക്ഷക്കുണ്ടാവുകയുള്ളൂവെന്നുള്ള യേശുദേവന്റെ ലളിതമായ ഉപദേശത്തെ ഇവർ എന്തുകൊണ്ട് തിരസ്ക്കരിക്കുന്നു? മരിച്ചുകഴിഞ്ഞുള്ളകാര്യം അവാച്യങ്ങളായ സങ്കല്പങ്ങളാണെങ്കിലും ,എത്ര ഉറപ്പോടെയാണ് മരണാനന്തര ജീവിതത്തെപ്പറ്റി ഇവർ പ്രസംഗിക്കുന്നത്. ആരാധനാലയങ്ങളെ വിട്ട് പുറത്ത് പാവങ്ങളെത്തേടി ചെല്ലാൻ ഇവർക്ക് കഴിയുന്നില്ല. സഭാസേവനത്തിൻറെ പ്രഭാപൂരത്തിൽ മയങ്ങിക്കിടക്കുന്ന ഇവർക്ക് അഴിമതി, തട്ടിപ്പ്, ബാലപീഠനം തുടങ്ങിയ പാതകങ്ങൾ അന്യമല്ലാതായിരിക്കുന്നു. അർഹതപ്പെട്ട കൂദാശകൾക്കായി വിശ്വാസികൾ പള്ളിവാതിലിൽ മുട്ടുമ്പോൾ കൃത്രിമ തടസ്സങ്ങൾ ഉന്നയിച്ച് തക്കം നോക്കി പള്ളിക്കായി നാലുകാശുണ്ടാക്കുന്നതാണ് പള്ളിഭരണാധികാരികളുടെ ശൈലി. ഇത് സാധാരണക്കാരന്റെ പണം മോഷ്ടിക്കലല്ലേ? രോഗം ബാധിച്ച ദുഷിച്ച മനസ്സിൻൻറെ ഉടമകളാണ് നമ്മുടെ പള്ളിമേധാവികൾ. ഉലകം മുഴുവൻ ഇവർ ചുറ്റിനടന്നിട്ടും ഇവർക്ക് പ്രാഥമിക മര്യാദ അറിയാൻ പാടില്ലന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു. രാജാക്കന്മാരുടെ രാജാവായി ഈ ദുനിയാവിൽ വാഴുന്ന ഇവർക്ക് നമ്മെ അടിമകളാക്കി ഭരിച്ചാൽ മതി. ജീവിതലാളിത്യം, പാവങ്ങളുടെ പക്ഷത്തുനിന്നും ചിന്തിക്കാനുള്ള മനോഗതി, ആഡംബരങ്ങളിലുള്ള വൈമുഖ്യം തുടങ്ങിയ ഗുണങ്ങൾ ഇവരെ തൊട്ടുതേച്ചിട്ടില്ല.

വിശ്വാസികളെ പാപമാർഗ്ഗങ്ങളിൽ നിന്നു തിരിച്ചെടുത്ത് സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന തൊഴിലായിരിക്കണം മെത്രാന്റെയും ശുശ്രൂഷാപുരോഹിതരുടെയും. അവനവൻറെ ആഗ്രഹപൂർത്തിക്കുവേണ്ടി മാത്രം ഈശ്വരനുമായുളള ഇടപെടലാണ് ഭക്തി എന്ന് ധരിക്കുന്നവർ ധാരാളമുണ്ട്. അത് അന്ധവിശ്വാസമാണ്. ഇതിനെ ഊട്ടിവളർത്തുന്ന ഭക്ത്യാഭ്യാസങ്ങൾ പുതുമതോന്നിക്കുംവിധം സഭയിൽ പ്രചരിപ്പിക്കുന്നു. ഓരോ കാലഘട്ടത്തിലും ഇത്തരം വികലാഭ്യാസങ്ങൾ സഭയിൽ പ്രത്യക്ഷപ്പെടാറുണ്ട്‌, അറിവുള്ളവരുടെ അധ:പതനമായ 'അഭിഷേകാഗ്നി' പോലെ. 
മെത്രാന്മാർക്കും വൈദികർക്കും വേണ്ട വിശ്വാസികളോടുള്ള അടിസ്ഥാനവികാരം സ്നേഹവും കരുണയും ദയയുമായിരിക്കണം. വിശ്വാസികളെ ശുശ്രൂഷിക്കണമെങ്കിൽ യേശുവിനെമാത്രം അറിഞ്ഞാൽ പോരാ, യേശുവിന്റെ അനുയായികളായ ദൈവജനത്തേയും അറിയണം. അങ്ങനെയെങ്കിൽ, എണങ്ങരെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ സഭാമേധാവികൾ ഒരുതരം ഉലക്കവിഴുങ്ങികളാകുകയില്ല.

യേശു പരമമായ സത്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ മതപുരോഹിതർ അസത്യങ്ങൾ ചമച്ച് അന്ധവിശ്വാസത്തിലധിഷ്ഠിതമായ പള്ളിയെ പണുതു. വിശ്വാസികളെന്നും അവിശ്വാസികളെന്നും അവർ ജനങ്ങളെ വേർതിരിച്ചു. വിശ്വാസികളുടെമേലുള്ള സഭാധികാരികളുടെ സ്വാധീനശക്തിയെ തങ്ങളുടെ രാഷ്ട്രീയ വിശ്വാസ വിജയത്തിന് അവർ ഉപയോഗിക്കുന്നു. അങ്ങനെ അന്ധവിശ്വാസം രാഷ്ട്രീയത്തെയും ദുഷിപ്പിക്കുന്നു. ശാസ്ത്രീയമായ കാഴ്ച്ചപ്പാട്, അന്വേഷണത്വര, പരിഷ്ക്കരണേച്ഛ തുടങ്ങിയവ 
മനുഷരിൽ ഊട്ടിവളർത്തേണ്ട ഇവർ അതിനു വിപരീതമായി പെരുമാറുന്നു. സ്വന്തം സമൂഹം അന്ധവിശ്വാസത്തിൽ മുങ്ങിമരിച്ചാലും തങ്ങൾക്ക് വേണം ഗുണം (പണം) എന്ന തത്വത്തിൽ മാത്രം വിശ്വസിക്കുന്ന ഇവർ സത്യത്തിൽ മതദ്രോഹികളാണ്. ഈശ്വരജ്ഞാനത്തെ അനുഭൂതിയുടെ തലത്തിൽ അറിയേണ്ടതിനുപകരം ആചാരാനുഷ്ഠാനങ്ങളുടെ രൂപത്തിലാണ് മതങ്ങളൊക്കെ അതിനെ അവതരിപ്പിക്കുന്നത്. വിശുദ്ധഗ്രന്ഥംപോലും പൌരോഹിത്യദൃഷ്ടിയിലൂടെയല്ലാതെ മാനവദർശനത്തിൽകൂടി കാണാൻ സാധാരണക്കാരനെ സഭ അനുവദിക്കാത്ത അവസ്ഥയിലാണ് നമ്മൾ ജീവിക്കുന്നത്.

അധികാരക്കൊതിയിലും ധനസമ്പാദനവ്യഗ്രതയിലും സുഖലോലുപജീവിതത്തിലും മുങ്ങിപ്പൊങ്ങുന്ന അഭിഷിക്തരിലെ വിഴുപ്പലക്കലാണ് ഉദ്ദേശ്യമെന്ന് എന്റെ ഒരു പുസ്തകത്തിലെ ആമുഖത്തിൽ ഞാനെഴുതിയത് ഇപ്പോൾ ഓർമ്മിക്കുന്നു. സഭാധികാരികളെ വിമർശിക്കുന്നതിൽ ഞാനൊരിക്കലും പിശുക്കു കാണിച്ചിട്ടില്ല. അത് ഒരു ക്രിസ്ത്യാനിയുടെ കടമയാണന്ന് ഞാൻ കരുതുന്നു. ഫ്രാൻസിസ് പാപ്പാ പറയുന്നതും അതുതന്നെ. സഭാനവീകരണത്തിൻറെ പ്രസക്തിയെപ്പറ്റി ഞാൻ ഏതാനും പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഏറെ സ്നേഹിക്കുന്ന ചില വ്യക്തികളും എൻറെ കുടുംബക്കാരും എന്നെ കാര്യമായി വിമർശിച്ചു. അതിൽ എനിക്ക് പരാതിയില്ല. സത്യം പറയട്ടെ, ഞാനിന്നും ജീവിതോല്ലാസം അനുഭവിക്കുന്നു. ഞാൻ ജനിച്ചുവളർന്ന, ഞാൻ സ്നേഹിക്കുന്ന സഭയെ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നു എന്ന രമണീയസ്മരണകളാണ് ആ സംതൃപ്ത്തിക്കുകാരണം. ഡച്ചുമെത്രാന്മാർ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ അവരുടെ രാജ്യമായ ഹോളണ്ടിലെ (Holland is also called The Netherlands) മൂന്നിൽ രണ്ടു പള്ളികളും 2020-ഓടെ അടച്ചുപൂട്ടുമെന്ന് മാർപ്പാപ്പയെ ധരിപ്പിക്കുകയുണ്ടായി. ആ ഗതികേട് മലങ്കര നസ്രാണി കത്തോലിക്കാ സഭക്ക് ഭാവിയിൽ സംഭവിക്കാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

3 comments:

 1. "ഹോളണ്ടിലെ മൂന്നിൽ രണ്ടു പള്ളികളും 2020-ഓടെ അടച്ചുപൂട്ടുമെന്ന് മാർപ്പാപ്പയെ ധരിപ്പിക്കുകയുണ്ടായി. ആ ഗതികേട് മലങ്കര നസ്രാണി കത്തോലിക്കാ സഭക്ക് ഭാവിയിൽ സംഭവിക്കാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു." Chako Kalarickal

  എല്ലാ കത്തോലിക്കാ സഭകൾക്കും ഭാവിയിൽ അതുതന്നെ സംഭവിക്കക്കട്ടെയെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഒരമ്പലം നശിക്കുമ്പോൾ അത്രയും അന്ധവിശാസം ഇല്ലാതാകും എന്നാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും ആരാധ്യനായ ദീർഘദര്ശിയായ ശ്രീ നാരായണഗുരു പറഞ്ഞിരുത്. അതുതന്നെ പള്ളികളെപ്പറ്റിയും അർത്ഥശങ്കക്കിടമില്ലാതെ പറയാം. നമ്മുടെ സഭയിലെ മൂല്യച്യുതി ഇപ്പോഴത്തെ നിരക്കിൽ തുടർന്നാൽ, 2030-ഓടെയെങ്കിലും നമ്മുടെ യുവപൌരന്മാർ തന്നെ പള്ളികളെ ഇടിച്ചു നിലംപരിശാക്കുമെന്ന് പ്രവചിക്കാൻ അത്ര വലിയ പ്രവചന ശക്തിയൊന്നും ആവശ്യമില്ല.

  Tel. 9961544169 / 04822271922

  ReplyDelete
 2. You have done a superb job, that of giving a soul staring Lenten Sermon to our Syromalabar bishops. If they take it in that spirit there is reason for hope, or else we shall all wait and watch how Syros sink to ZERO. james kottoor

  ReplyDelete
 3. ക്രിസ്തു വി .മത്തായി ആറിൽ വളരെ വ്യക്തമായി "പ്രാർഥനയെ" കുറിച്ചു ക്ലാസ്സ്‌ എടുത്തത് , യുദ്ധമുഖത്ത് അര്ജുനനോട് കൃഷ്ണൻ പറഞ്ഞ ആത്മതത്തോപദേശവും ഒന്ന് തന്നെയാണു! "മെടിറ്റേഷൻ", ധ്യാനം !
  അവനവന്റെ മനസിനെ സ്വയം മൌനത്തിലാഴ്ത്തി , മനസിന്റെ അടിസ്ഥാനമായ നിത്യസത്യചൈതന്യത്തിൽ അതിനെ അലിയിപ്പിക്കാൻ എന്തിനു പള്ളിയും പട്ടക്കാരനും , പറ്റിച്ചുതിന്നാൻ മെത്രാനും ....? തലമുറകൾ ഉണരും , അവരുടെ മനനമുയരും ..കത്തനാരും പള്ളിയിലെപറ്റിക്കലും താനേ ഇല്ലാതെയാകും ,"അവന്റെ രാജ്യവും വരും" !

  ReplyDelete