Translate

Monday, March 24, 2014

പ്രൊഫസർ ജോസഫിന്റെയും സലോമിയുടെയും കഥയല്ലിതു ജീവിതം

By ജോസഫ്‌ പടന്നമാക്കൽ


ജോസഫ് പടന്നമാക്കൽ 

പ്രൊഫ. ജോസഫിന്റെയും സലോമിയുടെയും കഥ ലോകമാകമാനമുള്ള മലയാളിജനതയുടെ മനസാക്ഷിയെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.  കഥയാരംഭിക്കുന്നത് ഒരു ചോദ്യപേപ്പർ വിവാദത്തിൽക്കൂടിയായിരുന്നു. കഥയുടെ ഉൾക്കാഴ്ചയിലേക്ക് കടന്നുചെന്നാൽ അത്യന്തം ഭീകരമാണെന്ന് കാണാം. മതമൗലികവാദികളും കോളേജുമാനേജ്മെന്റും അരമനയും മാദ്ധ്യമങ്ങളും ഒരു വക്കീലും ഈ കഥയിലെ ഒരുപോലെ വില്ലന്മാരാണ്. സർവ്വോപരി ജോസഫിനെ ഒറ്റികൊടുത്ത് ആദിതോട്ട് അവസാനം വരെയുള്ള സംഭവങ്ങൾക്കു ചുക്കാൻ പിടിച്ചത് അദ്ദേഹത്തിൻറെ  ജൂണിയറായിരുന്ന ഒരു പുരോഹിതനായിരുന്നു.  അയാളുടെ അധികാരഭ്രമവും അതിമോഹവും ഒരു കുടുംബത്തെ കണ്ണുനീരിലേക്കും ദുരന്തത്തിലേക്കും നയിച്ചു. പ്രൊഫസറിന്റെ വകുപ്പു മേധാവിയെന്ന സ്ഥാനം തട്ടിയെടുക്കണമെന്ന ദുഷ്ടലക്ഷ്യമായിരുന്നു എന്നും അയാളുടെ മനസിനെ ചഞ്ചലപ്പെടുത്തിക്കൊണ്ടിരുന്നത്. അതിനുള്ള സുവർണ്ണാവസരം കൊയ്യുകയും ചെയ്തു. കഥ സമാപിക്കുന്നത് ജോസഫിനെ തിരിയെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നുള്ള കോതമംഗലം ബിഷപ്പിന്റെ പുതിയ വാഗ്ദാനമായിട്ടാണ്. അതുമൂലം പെൻഷനും പ്രോവിഡന്റ് ഫണ്ടും അദ്ദേഹത്തിനു കിട്ടും. മനസാക്ഷിയുടെ പേരിലാണ് ജോസഫിനെ തിരിച്ചെടുക്കുന്നതെന്ന് ബിഷപ്പിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. എങ്കിൽ സഭയോടൊരു ചോദ്യം, നിങ്ങൾമൂലം മനസുതകർന്ന് ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യചെയ്ത അദ്ദേഹത്തിൻറെ ഭാര്യ സലോമിയുടെ ജീവൻ നിങ്ങൾക്ക് തിരിച്ചു കൊടുക്കാൻ സാധിക്കുമോ? നിങ്ങൾമൂലം മനസ്സുതകർന്ന് ആത്മഹ്യത്യചെയ്ത പാവം സലോമിയുടെ ആത്മാവ് നിങ്ങളോട് പൊറുക്കുമോ?

നിരവധി കണ്ണുനീരിന്റെ കഥകൾ തൊടുപുഴ ന്യൂമാൻകോളെജിന് പറയാനുണ്ട്. ഇതേ കോളേജിൽനിന്ന് പിരിച്ചുവിട്ട അനേകം അദ്ധ്യാപകർ ജീവിതം വഴിമുട്ടി തൊഴിലില്ലാതെ നടക്കുന്നു. സ്റ്റീഫനെന്ന കോളേജിന്റെ പിരിച്ചുവിട്ട അദ്ധ്യാപകൻ റിക്ഷാ ഓടിച്ചും ലോട്ടറിവിറ്റും കൂലിവേല ചെയ്തുമാണ് ജീവിക്കുന്നത്. കോളേജിൽ മാനേജുമെന്റിനെതിരായി ശബ്ദിക്കുന്ന പിള്ളേരെ പുറത്താക്കലും ഹാൾടിക്കറ്റ് തടയലും അവിടെ നിത്യസംഭവങ്ങളാണ്. ജോസഫിന്റെ സംഭവം ഒരു മതവൈരാഗ്യമായി വികസിപ്പിച്ചെടുത്തതും പത്രത്തിൽക്കൂടിവന്ന ഒരു വാർത്താമൂലമായിരുന്നു.  കഥയല്ല ജീവിതത്തിലെ സലോമിയുടെ അതിദാരുണമായ ഈ മരണത്തിൽ മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്.

പ്രൊഫ. ജോസഫ് തൊടുപുഴ ന്യൂമാൻ കോളേജിന്റെ വകുപ്പുമേധാവിയായിരുന്ന ഒരു ക്ലാസ്സിൽ 2010 മാർച്ച് പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ചോദ്യകടലാസ് തയ്യാറാക്കിയിരുന്നു. ആ ചോദ്യത്തിൽ  ഒരു മുഹമ്മദും ദൈവവുമായ സംഭാഷണവും രേഖപ്പെടുത്തിയിരുന്നു. ആ മുഹമ്മദിനെ പ്രവാചകൻ നബിതിരുമേനിയായി ചിലർ വ്യാഖ്യാനിച്ചെടുത്തു.  "നായിന്റെ മോനെ" യെന്നുള്ള അസഭ്യവാക്കുകളും സംഭാഷണത്തിന്റെ ശൈലിയിലുണ്ട്. ഫിലിം ഡയറക്റ്ററായ പി.റ്റി. കുഞ്ഞുമുഹമ്മദ് എഴുതിയ "തിരകഥയുടെ രീതി ശാസ്ത്രം" എന്ന പുസ്തകത്തിലുള്ള പരാമർശം ചോദ്യം ഉണ്ടാക്കിയപ്പോൾ അതേപടി ചോദ്യകടലാസ്സിൽ ഉൾപ്പെടുത്തുകയായിരുന്നു. വെറും ഒരു സാധാരണ മുഹമ്മദും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യ കടലാസ്സിലുണ്ടായിരുന്നത്. ആ സമയം പ്രവാചകനെപ്പറ്റി ജോസഫിന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല. പുസ്തകം എം.ജി. യൂണിവേഴ്സിറ്റി അംഗീകരിച്ചതുമായിരുന്നു. കോളേജിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ പുരോഹിതന് ആ ചോദ്യകടലാസ് ക്ലാസ്പരീക്ഷ കഴിഞ്ഞ മൂന്നാംദിവസം ചവറ്റുകൊട്ടയിൽനിന്നു കിട്ടി. അവസരം മുതലാക്കാൻ കാത്തിരുന്ന പുരോഹിതൻ ചോദ്യപേപ്പർ കടത്തി മാദ്ധ്യമങ്ങളെയേൽപ്പിച്ചു. അതിലൊരു പത്രം ചോദ്യകടലാസിലെ സാധാരണ മുഹമ്മദിനെ പ്രവാചകൻ മുഹമ്മദായി ചിത്രീകരിച്ച് കടുത്ത മതനിന്ദയിളക്കിക്കൊണ്ട് ഒരു വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത പ്രസിദ്ധീകരിച്ചയുടൻ ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം നിമിത്തം ബോധപൂർവ്വം കോളേജിൽ സമരം അഴിച്ചുവിട്ടു. അതിനുശേഷം കോളേജിൽത്തന്നെ സമരക്കാരുമായി സമരം ഒത്തുതീർപ്പാക്കി.  പുരോഹിതന്റെ പദ്ധതി പൊളിഞ്ഞെന്നറിഞ്ഞപ്പോൾ അയാൾ ചില മതമൗലികവാദികളുമായി കൂട്ടുപിടിച്ച് വീണ്ടും സമരം കുത്തിപൊക്കിച്ചു. അവസാനം ജോസഫിനെ ഒരു വർഷം ജോലിയിൽനിന്നും സസ്പെന്ഡ് ചെയ്തു. സസ്പെൻഷനുശേഷം ജോസഫിനെതിരെ മതനിന്ദക്ക് പോലീസ് കേസുമെടുത്തു. അദ്ദേഹം ഒളിവിൽ പോവുകയും ചെയ്തു. ഇതിൽ ജോസഫ് തിരിച്ചുവരാനായി പോലീസ് അദ്ദേഹത്തിൻറെ മകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദ്ദിച്ചു. നിർദോഷിയായ ആ പയ്യൻ മരിച്ചുമരിച്ചില്ലായെന്ന നിലയിൽ ഹോസ്പിറ്റലിലും കിടക്കേണ്ടിവന്നു. അവസാനം ജോസഫ് പോലീസിന് കീഴടങ്ങി ജയിലിൽ പോയി പിന്നീട് ജാമ്യമെടുത്തു. സമരക്കാർ ചോദ്യകടലാസ് ഇസ്ലാമികലോകം മുഴുവൻ വിതറി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നു.

2010 ജൂലൈ നാലാം തിയതി ജോസഫും കുടുംബവും പള്ളിയിൽപ്പോയി മടങ്ങി വരുകയായിരുന്നു. എന്നും താങ്ങും തണലുമായി നില്ക്കുന്ന തന്റെ പ്രിയപ്പെട്ട പ്രിയതമ സലോമിയും ഒപ്പം പെങ്ങൾ കന്യസ്ത്രിയും ജോസഫിനെ നൊന്തുപ്രസവിച്ച പെറ്റമ്മയും കൂടെയുണ്ടായിരുന്നു. വീടിനുസമീപം എത്താറായപ്പോൾ പെട്ടെന്ന് ഒരു മാരുതിവാൻ അദ്ദേഹത്തന്റെ കാർ തടഞ്ഞു. സഹപ്രവർത്തകൻ, പുരോഹിതനായ അഭിനവ യൂദാസ് ജോസഫിനെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ മൌലികകാഹളം മുഴക്കുന്ന പടയ്ക്ക് അന്ന് ചോർത്തിക്കൊടുത്തു കാണും. എട്ടുപേരടങ്ങുന്ന സംഘം അദ്ദേഹത്തെ കാറിനുള്ളിൽനിന്നും വലിച്ചു പുറത്തിറക്കി. കൂട്ടത്തോടെ കരഞ്ഞ സലോമിയോടും അമ്മയോടും പെങ്ങളോടും കാറിനുള്ളിൽനിന്നും പുറത്തിറങ്ങരുതെന്നും അക്രമികൾ ആജ്ഞാപിച്ചു. അകലെനിന്ന് ഓടിവരുന്ന മകനെകണ്ട് കതിനാപോലുള്ള ശബ്ദതരംഗങ്ങളോടെ വെടിപൊട്ടിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. ജീവനുതുല്യമായ സ്വന്തം അപ്പന്റെ കൈ പട്ടാപകൽ വെട്ടുന്നതുകണ്ട് നിസഹായനായി അടുക്കാൻ സാധിക്കാതെ മകൻ ദൂരെനിന്നും നോക്കിനിന്നുകണ്ടു. ജോസഫിന്റെ ദീനരോദനത്തിനുമുമ്പിൽ അമ്മയും പെങ്ങളും സലോമിയും നിസ്സഹായരായിരുന്നു. അക്രമികൾ പോയയുടൻ അയൽവാസികളൊത്തുകൂടി രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തെ കൊച്ചിയിലുള്ള ഹോസ്പിറ്റലിലാക്കി. വേർപെട്ട വലതുകൈ ഐസ് ബോക്സിനുള്ളിൽ പൊതിഞ്ഞുവെച്ചിരുന്നു. പതിനാറു മണിക്കൂറോളം വിദഗ്ക്ത ഡോക്ടർമാർചേർന്ന് സർജറി നടത്തി അദ്ദേഹത്തിൻറെ കൈകൾ തുന്നിചേർത്തു. താനറിയാതെ ചെയ്ത തെറ്റിന് കടുത്ത ശിക്ഷകിട്ടിയ അദ്ദേഹം അന്നു തന്നെ ഉപദ്രവിച്ച അക്രമകാരികളോട് ക്ഷമിക്കണമേയെന്ന് ഹോസ്പിറ്റൽ കിടക്കയിൽനിന്ന് പ്രാർത്ഥിച്ചപ്പോൾ ഒപ്പം ദുഃഖം പങ്കുചേരാൻ ഇന്നില്ലാതായിരിക്കുന്ന അദ്ദേഹത്തിൻറെ ഭാര്യ സലോമിയുമുണ്ടായിരുന്നു.

2010 ജൂലൈ ഇരുപത്തിനാലാം തിയതി ചോദ്യകടലാസ് വിവാദത്തിൽ ജോസഫ് നിരപരാധിയെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി സസ്പൻഷൻ പിൻവലിച്ചു. മനപൂർവ്വം വന്ന തെറ്റല്ലായെന്ന മാനദണ്ഡത്തിലായിരുന്നു യൂണിവേഴ്സിറ്റി അന്ന് ആ തീരുമാനമെടുത്തത്. കൂടാതെ സംഭവത്തിനും മുമ്പ് പ്രവാചകന്റെ നീതിയും കരുണയും വിലയിരുത്തി സ്തുതിച്ചുകൊണ്ട് പണ്ഡിതോചിതമായ ഒരു ലേഖനവും അദ്ദേഹത്തിൻറെവക ഒരു ജേർണ്ണലിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും സന്തോഷം അധികകാലം നീണ്ടുനിന്നില്ല. സഹപ്രവർത്തകനായ പുരോഹിതൻ സ്ഥാനം മോഹിച്ചുകൊണ്ട് അദ്ദേഹത്തിനെതിരെ മാനേജ്മെന്റിനെ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ അവശനായിരിക്കവേ 2010 സെപ്റ്റംബർ നാലാംതിയതി മാനേജ്മെന്റ് അദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കൈവെട്ടിയിട്ടും അചഞ്ചലനായി മനസ് പതറാതെയിരുന്ന അദ്ദെഹമന്ന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വീട്, ഭക്ഷണം, പറക്കപറ്റാത്ത കുഞ്ഞുങ്ങൾ,സ്വപ്നങ്ങൾ ഇതെല്ലാമായി സലോമി ആ നിമിഷങ്ങളേയും തള്ളിനീക്കി. ജനിച്ചുവീണ സഭയും പൌരാഹിത്യ കപടതയും അനീതിയും ആ കുടുംബത്തിന്റെ മുമ്പിൽ അന്നൊരു ചോദ്യചിന്ഹമായി കാണും. പിരിച്ചുവിടൽ ജോസഫ് പ്രതീക്ഷിച്ചില്ല. ഇടതുപക്ഷവും സാംസ്ക്കാരിക പ്രവർത്തകരും പിന്തുണയായി വന്നെങ്കിലും പ്രയോജനമുണ്ടായില്ല.

പ്രവാചകനിന്ദയെന്നു പറഞ്ഞ് വർഷങ്ങളോളം പോലീസ് കേസും കോടതികളും കയറിയിറങ്ങി നടന്ന ജോസഫ് കുറ്റകാരനല്ലെന്ന് 2013 നവംബർ പതിനഞ്ചാം തിയതി കോടതി വിധിച്ചു. ജോസഫിനെ തിരിയെ കോളേജിൽ എടുക്കുന്നതിനുള്ള സകല നിയമതടസങ്ങളും മാറി കിട്ടിയെന്ന് വിചാരിച്ചു. കാരണം പോലീസ്കേസും കോടതിയുമായി കുടുംബമാകെ സാമ്പത്തികമായി തകർന്നിരുന്നു. ഒരു നേരം കഞ്ഞി കുടിക്കാൻപോലും മാർഗമില്ലെന്നായി. രണ്ടുരൂപയ്ക്ക് കിട്ടുന്ന പച്ചറേഷനരി  ഭക്ഷിച്ചുകൊണ്ടായിരുന്നു തൊഴിലില്ലാത്ത ജോസഫും കുടുംബവും കഴിഞ്ഞിരുന്നത്. ഗതികെട്ടാൽ  പുല്ലുതിന്നുമെന്നു പറഞ്ഞതുപോലെ കൂലിപ്പണിക്കായി സലോമി തൊഴിലുറപ്പു പദ്ധതികളിലും രജിസ്റ്റർ ചെയ്തിരുന്നു. അപ്പോഴാണ്‌ ആശ്വാസത്തിന്റെ കിരണങ്ങളുമായി കോടതിവിധി അവർക്ക് അനുകൂലമായി വന്നത്. സഭയുമായി മധ്യസ്ഥചർച്ചയുടെ ഫലമായി ജോസഫ് വിരമിക്കേണ്ട ഏതാനും ദിവസം മുമ്പ് 2014 മാർച്ച് 24 ന് ജോലിയിൽ തിരിച്ചെടുക്കാമെന്നും 30 നു സർവീസിൽനിന്ന് വിരമിക്കാമെന്നുമുള്ള വ്യവസ്ഥയുണ്ടാക്കി. ആ കരാറുമായി മുമ്പോട്ടു പോകുന്ന സമയം കരാർ സഭയ്ക്ക് നഷ്ടമുണ്ടാക്കുമെന്ന ഒരു വക്കീലിന്റെ തെറ്റായ ഉപദേശം ബിഷപ്പിന് ലഭിച്ചു. ജോസഫിനെതിരെ എന്നും സ്വാർഥത പുലർത്തിയിരുന്ന പുരോഹിതറെ കറുത്ത കൈകളും വക്കീലിന്റെ തെറ്റായ ഉപദേശത്തിന്റെ പിന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ  സർവ്വീസ്സിൽ തിരിച്ചെടുക്കേണ്ടി വന്നാൽ കഴിഞ്ഞ നാലുവർഷത്തെ ശമ്പളവും മനേജുമെന്റ് ജോസഫിന് കൊടുക്കേണ്ടി വരുമെന്ന വക്കീലിന്റെ ഉപദേശം ബിഷപ്പും മാനേജുമെന്റും ശരിവെച്ചു.
ഈ സാഹചര്യത്തിൽ സഭയ്ക്ക് ജോസഫിനെ ജോലിയിൽ തിരിച്ചെടുക്കാൻ സാധിക്കില്ലായെന്നും അറിയിച്ചു. സത്യത്തിൽ അദ്ദേഹത്തിന് കൊടുക്കാനുള്ള ശബളകുടിശിഖ യുണിവേഴസിറ്റിയാണ് കൊടുക്കേണ്ടിയിരുന്നത്. ബിഷപ്പിനോ മാനേജ്മെന്റിനോ ഒരു പൈസാപോലും ചെലവില്ല. സലോമിയുടെ സ്വപ്നങ്ങളും മനക്കണക്കും തെറ്റി. സഹപ്രവർത്തകനായ പുരോഹിതൻ കുഴിച്ച കെണിയിൽ വീണ്ടും വീണപ്പോൾ ആ വീട്ടമ്മ ആകെ  തകർന്നിരുന്നു. ഈ പണം കിട്ടുമെന്ന് പ്രതീക്ഷിച്ച് അമിതപലിശയ്ക്കുപോലും കടമെടുത്തിരുന്നു.  ശമ്പളകുടിശിഖയായി കിട്ടാനുള്ള നാലഞ്ചുലക്ഷം രൂപ കിട്ടിയാൽ കുടുംബത്തിനുവന്ന കടബാധ്യതയില്ലാതാക്കാൻ സാധിക്കുമെന്ന് വിചാരിച്ചു. പണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു മകളുടെ കല്യാണം ഉറപ്പിച്ചു തീരുമാനിച്ചിരുന്നു. ആ വിവാഹം മാറിപ്പോയി. പണം കിട്ടില്ലന്നുറപ്പായപ്പോൾ, നിശ്ചയിച്ചിരുന്ന മകളുടെ കല്യാണവും മാറിപ്പോയപ്പോൾ ഇനിയെന്തേയെന്ന ചിന്തയിൽ സലോമിയുടെ മനസാകെ തളർന്നിരുന്നു. കിട്ടുമെന്നു പ്രതീക്ഷിച്ച ജോസഫിന്റെ ശമ്പളകുടിശിഖ  കുടുംബത്തിന് താങ്ങുംതണലുമായി പ്രയോജനപ്പെടുമെന്നുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. സഭ,  ഒരുവിധത്തിലും നഷ്ടം വരാത്ത ഒരു കാര്യത്തിന് സഹപ്രവർത്തകനായ പുരോഹിതന്റെയും വക്കീലിന്റെയും കുബുദ്ധിയിൽ പ്രതീക്ഷകളുമായി കഴിഞ്ഞ ഒരു കുടുംബത്തെ കുരുതി കഴിക്കുകയായിരുന്നു ചെയ്തത്.
യൂണിവെഴ്സിറ്റിയുടെ ചുവപ്പ് നാടയ്ക്കുള്ളിൽ ട്രൈബ്യൂണൽ തീരുമാനം അവസാന ദിവസംവരെ നീട്ടിക്കൊണ്ടുപോയി ജോസഫിനെ ജോലിയിൽനിന്നും ഒന്നും കൊടുക്കാതെ പുകച്ചു തള്ളാനായിരുന്നു മാനേജ്മെൻറ് പരിപാടി. ഈ ട്രൈബ്യൂണലെന്നു പറയുന്നതും മാനേജ്മെന്റ് തീരുമാനിക്കുന്നവരാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ ജോസഫിനോടുള്ള വിരോധം തീർക്കാൻ അരമനയിൽനിന്നും ആസൂത്രിതമായ ഒരു ഗൂഡ്ഢാലോചനയായിരുന്നു സംഭവിച്ചത്. 'ബലിയല്ല, കരുണയാണെനിക്കു വേണ്ടതെന്ന്' യേശു ഭഗവാൻ പറഞ്ഞു. പാവങ്ങളോട് കരുണ കാണിക്കണമെന്നുള്ള ഒരു ചരിത്രം സഭയ്ക്കുണ്ടായിട്ടില്ല. നീതിയ്ക്കു വേണ്ടിയും സത്യത്തിനു വേണ്ടിയും നിലകൊള്ളുന്നുവെന്നു പറയുന്ന സഭയുടെ കരുണയെവിടെ?  കാൽവരിയിൽ കുരിശിൽ മരിച്ച യേശു നാഥന്റെ സ്നേഹം സഭ പഠിപ്പിക്കുന്നത് ക്രൂരതയുടെയും നിന്ദ്യതയുടെയും  ഭാഷയിലെങ്കിൽ അതിനുള്ള മറുപടിയായിരുന്നു  സലോമി സ്വന്തം രക്തം പകർന്നു   കൊടുത്തുകൊണ്ട്  സഭയ്ക്ക് മാതൃക കാണിച്ചു കൊടുത്തത്. കേരള മനസാക്ഷിയെ മുറിപ്പെടുത്തിയ ഘോരമായ ഈ സംഭവം തീർച്ചയായും ഇന്നുള്ളവരും ജനിക്കാൻ പോകുന്ന സഭയുടെ തലമുറകളും വിലയിരുത്തും. സഭയ്ക്കിഷ്ടമില്ലാത്തവരോട് പ്രതികാരാഗ്നി ജ്വലിപ്പിക്കുകയെന്നത് സഭയുടെ ചരിത്രമാണ്. അവരോട് പിന്നീടൊരിക്കലും കരുണ കാണിക്കില്ല. സഭയുടെ ഇത്തരം പ്രതികാരത്തിൽ ഗലീലിയോമുതൽ എം.പി. പോൾവരെയുള്ള മഹാന്മാർ ചരിത്രധാരയിലുണ്ട്. തങ്ങൾ വിശ്വാസിച്ച സമുദായം,  വിശ്വസിച്ചു  ജോലിചെയ്ത സ്ഥാപനം   ചതിച്ചെന്നറിഞ്ഞപ്പോൾ അവർ കാണിച്ച നീതികേടിൽ സഹിക്കവയ്യാതെ സലോമിയുടെ  മുമ്പിൽ മരണമല്ലാതെ മറ്റൊരു പോംവഴിയില്ലായിരുന്നു.
കുളിമുറിയുടെ വാതിക്കൽ കൊലത്തുണിയുമായി നീങ്ങിയപ്പോൾ സലോമി ചിന്തിച്ചുകാണും, "പ്രിയപ്പെട്ടവരേ, സമസ്ത ലോകത്തോട്‌ ഞാനിന്ന് യാത്രപറയട്ടെ. ഒരിക്കൽ കൊതിതീരെ ജീവിക്കണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. ഇന്ന് ഞാൻ മരണത്തെ പ്രേമിക്കുന്നു. എന്നോട് ക്ഷമിച്ചാലും"
മരിക്കാനുള്ള തീരുമാനം സലോമിയെടുത്തപ്പോൾ അതിലൊരു സത്യം ദൈവവുമായ ആ പ്രേമത്തിൽ അലിഞ്ഞിട്ടുണ്ടായിരിക്കും. മാസങ്ങളോളം ആ പാവം തല പുകച്ചു കാണും. സാധാരണ പെണ്‍ക്കുട്ടികളെപ്പോലെ ഗ്രാമീണയായ അവർ പ്രോഫസറിൻറെ ജീവിതത്തിൽ ഒരിക്കൽ താങ്ങും തണലുമായി വന്നു. വിവാഹിതയായി,  മക്കളായി, കുടുംബിനിയായി, പ്രതീക്ഷകളുടെ കൂമ്പാരമായി   ജീവിതം തള്ളിനീക്കിയിരുന്നു. അങ്ങനെ അല്ലലില്ലാത്ത  അവരുടെ ജീവിതത്തിൽ പെട്ടന്നാണ് കൊടുംകാറ്റാഞ്ഞു വീശിയത്. പ്രതീക്ഷകൾ കൈവിടാതെ അവർ പിടിച്ചുനിന്നു. സാധിച്ചില്ല. മരണം താലോലിക്കാൻ കഴിയാതെ കഴുത്തേൽ ഒരു ബെല്റ്റ്പോലും കെട്ടാൻ എന്നുമവർ ഭയപ്പെട്ടിരുന്നു.  
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് കുരിശിൽനിന്ന് നാഥനായ ക്രിസ്തു വിലപിച്ചു, "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന്  അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ" അവിടുത്തെ ചുറ്റുംനിന്ന പുരോഹിതർ അന്നും ആർത്തട്ടഹസിച്ചിരുന്നു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”. ഇന്ന് അതേപുരോഹിതരുടെ പിൻഗാമികൾ മാന്യമായി  കഴിഞ്ഞ ഒരു കുടുംബത്തെ ഇല്ലാതാക്കി. സലോമിയുടെ രക്തത്തിൽ പങ്കില്ലായെന്ന്  രൂപതയിലെ വലിയ തിരുമെനിയടക്കം പറയുന്നു. മരണം പുഞ്ചിരിയുമായി ഓടിയെത്തുംമുമ്പ് സലോമി പറഞ്ഞു കാണും, "ആർക്കും എന്നെ വേണ്ട,  ഇനി സഹായിക്കാൻ പറ്റില്ല,  ഞാൻ എന്നും നല്ലവളായി ജീവിച്ചു. ഓടിയോടി കുടുംബത്തിന്റെ നിലനിൽപ്പിനായി ശ്രമിച്ചു. എന്നാലത് പോരായിരുന്നു. ജീവിക്കാൻ അനുവദിക്കൂവെന്ന് മുട്ടിപ്പായി എന്റെ നാഥനോട് ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ദൈവമേ അവിടുത്തോട്‌ ചോദിച്ചത് കൂടുതലോ? ഞാൻ ചെയ്യുന്നത് ക്ഷമിച്ചാലും. പറ്റില്ല,  എന്റെ ദുരിതങ്ങൾ ഇനിമേൽ അവസാനിച്ചേ തീരൂ."
വേദനയുടെ കണ്ണുനീർ കൊലക്കയറുമായി പിടിച്ചുനില്ക്കുന്ന ആ പാവം സ്ത്രീയുടെ കണ്ണുകളിൽനിന്ന് ഇറ്റിട്ട് പോവുന്നുണ്ടായിരിക്കാം. നിശബ്ദതയിൽ അവരുടെ വീർപ്പുമുട്ടലും ഹൃദയമിടിപ്പും ആരെങ്കിലും ശ്രവിക്കുമെന്നും ചിന്തിച്ചുകാണും. എവിടെനിന്നോ അശരീരിയുടെ ശബ്ദം അവരുടെ തലയിലന്ന് ആഞ്ഞടിച്ചു. അത്‌ സ്വർഗത്തിൽനിന്നുള്ള മാലാഖമാരുടെ ശബ്ദമായിരുന്നു. "മോളെ നീ മരിക്കുന്നുവെങ്കിൽ നിനക്കതായിരിക്കും നല്ലത്. വിറയ്ക്കുന്ന കൈകൾ കൂപ്പികൊണ്ട് കണ്ണുകളടച്ച് ഒരു നിമിഷം അവസാനമായി ഒന്നുകൂടി ദൈവത്തെ വിളിച്ചുകാണും. നാഥൻ അവളുടെ ശബ്ദം കേട്ടു. "വരൂ മോളെ,  എന്റെ ലോകത്തിലേക്ക് വരൂ. ഇനിമേൽ നിനക്ക് ദുഖമില്ല. കണ്ണീരില്ല. ഭൂമിയിൽ നിന്നോടൊപ്പം ജീവിച്ച നിന്നെ നിന്റെ പ്രിയപ്പെട്ടവരേ ദുരന്തത്തിലേക്ക് നയിച്ച ദുഷ്ടരായ പുരോഹിതരിൽനിന്നും വിടുതൽ നേടൂ."
സലോമി അവസാനമായി കണ്ണുകൾ ഒന്നുകൂടി തുറന്നു. കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടു. കുരുക്കുകൾ മുറുകി മുറുകി വന്നു. അങ്ങകലെ  കൊതമംഗലത്തിലുളള റോമ്മായുടെ രാജമന്ദിരത്തിൽനിന്നും പേഗൻപട വിധിച്ച വിധി നടപ്പാക്കി. സലോമിയന്ന് പുഞ്ചിരിയോടെ വിധിയെ  സ്വീകരിച്ചു. സെക്കന്റുകൾകൊണ്ട് അവർക്കുമുമ്പിൽ ലോകമില്ലാതെ അവർ അവരല്ലാതെയാകുന്നു. നിശ്ചലമായ ദേഹത്തിൽനിന്ന് ആത്മാവ് വിട്ടുപോയി. വേദനയിൽനിന്നും സ്വതന്ത്രമായി. എവിടെയും ശാന്തത. ഇനി കരയേണ്ട, കണ്ണീരില്ല, അവർക്കുമുമ്പിൽ ഇനിമേൽ നിശബ്ദത മാത്രം. പുരോഹിതരുടെ പാപത്തിന് മാപ്പുതരൂ സഹോദരീ.


Malayalam Daily News: http://www.malayalamdailynews.com/?p=81106

9 comments:

  1. ക്രിസ്തിയാനി ക്രിസ്തുവിന്റെ തിരുമൊഴികൾ കാറ്റിൽ പറത്തിയിട്ടു വിവരമില്ലാത്ത (നിക്രിഷ്ടജീവി ) പാതിരിപ്പുരകെ പോയതാണ് കാലം ചെയ്ത പെരുംകുറ്റം! പരിഹാരമായി , പിതാവായ തേരഹിന്റെ വഴി ഉപേക്ഷിച്ച അബ്രഹാമ്മിന്റെ മനസ് നമുക്കും ഏറ്റുവാങ്ങാം ! പിതാക്കന്മാരെ വിവരക്കേടിന്റെ പടുകുഴിയിൽ കുഴിച്ചിട്ടു കീശ വീർപ്പിച്ച ഇവറ്റകളെ നമുക്ക് എന്നേക്കുമായി ഉപേക്ഷിക്കാം ! കണ്ടാൽ കണ്ടില്ലെന്നു നടിക്കുക, കാലണാക്കാശിവർക്കു കൊടുക്കാതിരിക്കുക ,ഇവന്റെ വിവരദോഷോപദേശം കേൾക്കാൻ പള്ളിയിൽ പോകാതിരിക്കുക ! ക്രിസ്തുവിന്റെ വചനപ്പൊരുൽ അറിയാൻ വ്യാസനെ പരിചയപ്പെടുക , ലോകമേ ഗീത പാടൂ ...

    ReplyDelete
  2. സ്ഥാനമോഹം കാരണം യൂദാസിന്റെ മനസിനെ ഗുരുവാക്കിയ പുരോഹിതാ, നിനക്ക് ഹാ കഷ്ടം ! നീ ഇനിയും ആത്മീയനല്ല ,അധമനാണ് നിക്രിഷ്ടാ..

    ReplyDelete
  3. അപ്രിയസ്യ ച സത്യ
    സൃവക്താ ശ്രോത ച ദുർലഭ.
    (അപ്രിയ സത്യം പറയുന്നവനും കേൾക്കുന്നവനും വളരെ വിരളമാണ്.)

    എന്റെ സുഹൃത്ത് ജോസഫ് മാത്യു 'കഥയല്ലിതു ജീവിതം' തുറന്നെഴുതുമ്പോൾ, അതെത്രയോ ശരിയാണ് പ്രൊഫ. ജോസഫിന്റെയും സലോമിയുടെയും കാര്യത്തിൽ എന്ന് വേദനയോടെ നാമറിയുന്നു. ആ അദ്ധ്യാപകന്റെ ചിന്താരീതികൾ വച്ച് നോക്കിയാൽ, തന്നെ ഇത്രയും ദ്രോഹിച്ച പള്ളിയിൽ തന്റെ ഭാര്യയെ അടക്കാൻ കൂട്ടാക്കുമായിരുന്നില്ല എന്നാണെന്റെ തോന്നൽ. എവിടെയടക്കി എന്നതിനെപ്പറ്റി എനിക്കറിവില്ല. എന്നാലും, ഈയവസ്ഥയിൽ സ്വന്തം പറമ്പിൽ അടക്കാൻ തുനിഞ്ഞിരുന്നെങ്കിൽ അത് മതിയാവും സഭക്ക് അദ്ദേഹത്തെ ഒരിക്കൽകൂടി അതിദാരുണമായി ക്രൂശിക്കുവാൻ. പരമ്പരാഗതമായി ദഹിപ്പിക്കലോ ഒരു തുണ്ട് ഭൂമിയിൽ മറവുചെയ്യലോ ശീലിച്ച മനുഷ്യരെ ഓരോ കാരണം പറഞ്ഞ് പള്ളിസിമിത്തേരിയിൽ അടക്കണമെന്ന മിഥ്യാവിചാരം ഉണ്ടാക്കിയെടുത്തത് ക്രിസ്ത്യാനികളാണ്. ചില പുരോഹിതമന്ത്രങ്ങളും തന്ത്രങ്ങളും കഴിച്ചാലേ ആത്മാവ് ചെല്ലെണ്ടിടത്തു ചെല്ലൂ എന്നാണ് വിശ്വാസികളെ ധരിപ്പിച്ചിരിക്കുന്നത്. ഈ വിശ്വാസമിപ്പോൾ കോടികളുടെ കച്ചവടമാണ്. കാശുള്ളവർ ഗ്രാനൈറ്റിൽ തീർത്ത സ്വന്തം കുടുംബക്കല്ലറ വാങ്ങുകയാണ്. അന്ധവിശ്വാസികൾക്കത് അഭിമാനത്തിന്റെ ഒരു ഘടകമായിത്തീർന്നിരിക്കുന്നു. അന്ധവിശ്വാസത്തെ മുതലാക്കുകയാണല്ലോ പള്ളികളുടെ ആത്മീയശുശ്രൂഷകളെല്ലാം തന്നെ.

    അതിലെ മ്ളേശ്ചതയും കഥയില്ലായ്മയും തുറന്നുകാണിക്കാനുംകൂടെയാണ് താഴെയുള്ള കവിത ഞാനെഴുതിയത്. സംഗതി കാല്പനികമോ യാഥാർഥ്യമോ എന്നറിയാതെ, അത് വായിച്ച ഒരു ഡസനിൽ കൂടുതൽ സുഹൃത്തുക്കൾ വേവലാതി പൂണ്ട് വിളിച്ചു. കാര്യം പിടികിട്ടിയ കുറേപ്പേർ അഭിനന്ദിച്ചു. കവിതയുടെ ശരിക്കുള്ള പൊരുൾ ഗ്രഹിച്ചവർ വിരളം.

    ആരോരുമറിയാതെ വന്നങ്ങുപോകുമൊ-
    രിളംതെന്നൽ പോലെയത്രേയവൾ -
    എൻ പ്രിയതമ,യിന്നു പറന്നുപോയി
    അതു,മെന്നരികത്തു ചേർന്നുകിടക്കവേ.

    അസുഖത്തിലൊട്ടുമിരിക്കാതെയു-
    മാർക്കുമേ ബുദ്ധിമുട്ടാകാതെയും
    ഒർക്കാപ്പുറത്തങ്ങു പോകേണമെന്നേ-
    യെന്നുമവളാകെയാഗ്രഹിച്ചൂ.

    മെല്ലെയെൻ ദേഹത്തു ചുറ്റിയ വലതുകൈ
    തെല്ലു വഴങ്ങാതാണറിയുക ഞാൻ
    പാവമോമലാളിൻ പ്രാണശ്വാസ-
    മെപ്പോഴോ ശാന്തമായ് നിലച്ചുപോയി!

    ക്ളിനിക്കിൽനിന്നോടിയെത്തി വൈദ്യർ
    ദേഹമിടിപ്പിൻ നിശ്ചലത സ്ഥിരീകരിക്കാൻ.
    വേണ്ടയിനി കോലാഹലമൊന്നുമേ ഹാ
    വേണ്ടാ തടസങ്ങളീയിളങ്കാറ്റിനൊട്ടും.

    നിത്യമെൻ പണികളിൽ സഹായികളാ-
    മുത്തമരാം രണ്ടു സുഹൃത്തുക്കളെത്തി
    വെട്ടുവാനേല്പിച്ചേനൊരാറടിക്കുഴി
    വീടിനോടൊത്തുള്ള കൊച്ചു പൂന്തോപ്പിൽ.

    അതിനിടെ പൂമേനി മെല്ലെ കഴുകി-
    പ്പൊതിഞ്ഞു പട്ടിൽ ഞാനവളെ.
    പൂക്കളറുത്തീല, വിളക്കു തെളിച്ചീല
    ചുംബനങ്ങളാലേലും വിട ചൊല്ലി.

    പെറ്റുവളർത്തി വലിയവരായതേ
    വിചാരവികാരബന്ധങ്ങളടർന്ന
    മറുനാടൻ പുത്രരും തത്കളത്രങ്ങളു-
    മറിയട്ടെ വർത്തമാനം സാവകാശം.

    എങ്കിലെന്നാൽ പിന്നെ ബാക്കിയുലകവും
    വഴിയേയറിഞ്ഞാൽ മതിയെന്നാക്കി
    അയൽവാസികളാം രണ്ടുറ്റ ബന്ധുക്കളെ
    സാക്ഷികളായിടാൻ വിളിച്ചുകൂട്ടി.

    പത്തുകരങ്ങളാൽ താങ്ങിയെന്നരുമയാ-
    ളമ്മയാം ഭൂമിയോടൊന്നു ചേർന്നു.
    നന്ദി, നന്ദിയെന്നോമനേയെന്നവൾ
    മൌനമായ് സസ്നേഹം ചൊന്നപോലെ.

    എന്റെയീയെഴുപതു വർഷത്തിലൊരിക്കലും
    മൃത്യുവെ നേരിൽ ഞാൻ കണ്ടിട്ടില്ല.
    പോകുവാൻ പാകമായിരിക്കുകിൽ ഞാനുമീ
    തെന്നിളങ്കാറ്റുപോലായിടേണം.

    Tel. 9961544169 / 04822271922

    ReplyDelete
  4. ജോസഫ് മാത്യു എഴുതിയത് വായിച്ച് കരയാതിരിക്കാനാവില്ല. കഥ ദാരുണമായതുകൊണ്ട് മാത്രമല്ല, ഇത്രയധികം ദൈവവിശ്വാസികൾ ഈ നാട്ടിലുണ്ടായിരുന്നിട്ടും ആ കുടുംബത്തെ രക്ഷിക്കാൻ ആരുമൊന്നും അവസാന നിമിഷംവരെ ചെയ്തില്ല എന്നതാണ് പരിതാപകരം. കേരളീയരുടെ, പ്രത്യേകിച്ച് ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവരുടെ ആദർശശുദ്ധിയും പ്രബുദ്ധതയും ദൈവവിശ്വാസവുമൊക്കെ വെറും പാഴ്വാക്ക് മാത്രമാണെന്ന് ശലോമിയുടെ ജീവഹാനി വെളിപ്പെടുത്തുന്നു. നമ്മൾ കുറ്റകരമായി നിഷ്ക്രിയരാണ്. പുരോഹിതരെ പഴിച്ചിട്ട് കാര്യമില്ല. നമ്മുടെ ഭാഗമാണ് അവരും. മനുഷ്യനല്ല നമ്മൾ വില കല്പിക്കുന്നത്, മറിച്ച്, അവനവന്റെ സുഖത്തിനും സുഖകരമായ മറവിക്കും മാത്രമാണ്. ഇങ്ങനെ എത്രയെത്ര ജീവിതങ്ങൾ പൊലിഞ്ഞു പോകുന്നു, ആരുമറിയാതെ. മനോഹരമായിരിക്കേണ്ട മനുഷ്യ ജീവൻ. ധരാളിത്തത്തിന്റെ നടുവിൽ ഇല്ലായ്മയുടെ നരകം കണ്ട് ഭയന്നോടി വല്ല ഗര്ത്തങ്ങളിലും വീണ് അപ്രത്യക്ഷമാകുന്നവർ. ഒരു കാര്യം നാം അറിയേണ്ടതുണ്ട് - നിരീശ്വരർ കൂടുതൽ വസിക്കുന്നൊരു നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല. കഴമ്പില്ലാത്ത നമ്മുടെ ദൈവവിശ്വാസമാണ് നമ്മെ ഇത്രയും ക്രൂരരാക്കിത്തീര്ക്കുന്നത്. അക്കാര്യത്തിൽ നമ്മുടെ പള്ളികൾക്കും, ധ്യാനപ്രസംഗകർക്കും വചനം തുള്ളലുകാർക്കും ഒരു വലിയ പങ്കുണ്ട്. അവർ പൂജിക്കുന്ന ദൈവം സാഹോദര്യത്തെ വെറുക്കുന്ന ദൈവമാണ്. അവർ പഠിപ്പിക്കുന്നത്, ആരാധനയും പരിരക്ഷയും ആവശ്യമില്ലാത്ത ഒരു ദൈവത്തെ പരിരക്ഷിക്കാനാണ്, ആരാധിക്കാനാണ്. എന്നിട്ട് തൊട്ടടുത്തു നില്ക്കുന്ന നിസ്സഹാനയനെ കാണാതിരിക്കാനാണ്‌. അങ്ങനെ നാമെല്ലാം ഒരുപോലെ തെറ്റുകാരാകുന്നു. അർത്ഥമില്ലെങ്കിലും, നമുക്ക് ജോസഫ് സാറിനോടും ശലോമിയോടും മാപ്പ് ചോദിക്കാം. അതിനർത്ഥമുണ്ടാക്കുന്നത്‌ ഭാവിയിൽ നമ്മൾ എങ്ങനെ ഇത്തരം അവസരങ്ങളിൽ പെരുമാറുന്നു എന്നതിനനുസരിച്ചായിരിക്കും.

    ReplyDelete
  5. ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ കാണുവാന്‍ ഇടയായി. കേരളാ കത്തോലിക്കാ സഭ വല്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത് എന്നെനിക്കു തോന്നുന്നു. മാനുഷിക പരിഗണന വെച്ച് ഞങ്ങള്‍ അദ്ദേഹത്തെ തിരിച്ചെടുക്കുന്നു എന്നല്ലാതെ, ഞങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നോ, ആരെയും ദ്രോഹിക്കണമെന്ന് ഞങ്ങള്‍ ഉദ്ധേശിച്ചിരുന്നില്ലെന്നോ ഒക്കെ ഒരു നല്ല വാക്ക് പറഞ്ഞിരുന്നെകില്‍ കോതമംഗലം മെത്രാന്റെ പേര് ദോഷം കുറെഒക്കെ മാരിക്കിട്ടിയേനെ. അതുണ്ടായില്ല. സഭയുടെ രാഷ്ട്രിയ മോഹങ്ങള്‍ക്കും ഒന്നൊന്നായി പ്രതിബന്ധങ്ങള്‍ ദൈവം കൊടുത്തുകൊണ്ടിരിക്കുന്നു. ഇവരോട് ദൈവം ക്ഷമിക്കട്ടെ എന്നെ എനിക്ക് പറയാനുള്ളൂ.

    ReplyDelete
  6. നമ്മുടെ മതബോധവും അതിനെയൂട്ടിവളർത്തുന്ന മാമൂലുകളും കാലഹരണപ്പെട്ടതാണ്. വിഗ്രഹാരാധനക്കപ്പുറമുള്ള ഒരു ദൈവാവബോധം നമ്മുടെ യുവജനത്തിനുണ്ടാക്കിക്കൊടുക്കാൻ തമ്മിൽ കേമമെന്ന് സ്വയം അഭിമാനിക്കുന്ന ക്രിസ്തുമതത്തിന് പോലും സാധിക്കുന്നില്ല. പ്രഫുല്ലമായ മനസ്സിന്റെ സന്തുഷ്ടിയല്ല, വെറും സ്വാർത്ഥമോക്ഷത്തിന്റെ ലാഭക്കൊതി മാത്രമാണ് മനുഷ്യരെ മതത്തോടു ചേര്ത്തുനിറുത്താനായി അതിന്റെ വക്താക്കളുടെ കൈവശമുള്ളത്. മനസ്സിനെ കൊട്ടിയടക്കുന്ന വേദപാഠങ്ങളാണ് ഞായറാഴ്ചകൾ തോറും പഠിച്ചു പഠിച്ചു സ്വയം പുണ്ണായ കുട്ടികളുടെ തലയിലേയ്ക്ക് പിന്നെയും തിരുകിവയ്ക്കുന്നത്. ചില ജനിതക ബാധകളെ നിരോധിക്കാനെന്നും പറഞ്ഞ്, കോടികളുടെ ലാഭമുണ്ടാക്കാൻ മരുന്ന് കമ്പനികളിൽ നിന്ന് പണം പറ്റിയിട്ട്, സൗജന്യ കുത്തിവയ്പ് നടത്തുന്നതുപോലെയാണ് കുഞ്ഞുങ്ങളുടെ തലചോറിൽ മാനുഷികമായ പരിണാമത്തിന്റെ എല്ലാ ത്വരകളെയും കൊന്നുകളയാൻ കെല്പുള്ള വ്യാജമായ മത- ദൈവധാരണകൾ മതാദ്ധ്യയന ക്ലാസ്സുകളിലൂടെ ഇന്നത്തെ ക്രിസ്തീയ കുടുംബങ്ങൾ കുത്തിവയ്ക്കുന്നത്. പള്ളികൾക്ക് അതാണാവശ്യം. അവയുടെ നിലനില്പ്. മാനസ്സിക വികാസമുണ്ടാക്കുന്ന വിശാലവും മൗലികവുമായ അറിവിലേയ്ക്കുള്ള എല്ലാ വഴികളും കൊട്ടിയടക്കപ്പെടുകയാണ്. മതത്തിന്റെ ഇത്തരം റ്റെമ്പ്ലെയ്റ്റുകൾ ഉപയോഗത്തിലിരിക്കുവോളം ഈ ജനതയ്ക്ക് രക്ഷയില്ല. ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു spare part പോലും ഇന്നത്തെ നമ്മുടെ കപടമായ മതധാർമികതയിൽ അവശേഷിക്കുന്നില്ല എന്നത് നാണം കെടുത്തുന്ന ഒരു സത്യമാണ്. ആ സത്യം കാണാൻ കഴിയാത്തവിധം നമ്മുടെ കുടുംബങ്ങളും യുവത്വവും പൌരോഹിത്യത്തിന്റെ കരങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. പള്ളിക്കാർ അനിഷ്ടം കാണിച്ചേയ്ക്കാവുന്ന ഒരു താളുപോലും വായിക്കാൻ കുഞ്ഞുങ്ങളെ അനുവദിക്കാത്ത അത്ര അടിമത്തമാണ്‌ നമ്മുടെ കുടുംബങ്ങളിൽ വിളയാടുന്നത്. അതിനുള്ള ഉദാഹരണങ്ങൾ എന്റെ സ്വന്തം ബന്ധുക്കൾ തന്നെ വേണ്ടുവോളം തരുന്നുണ്ട്. അന്ധതയുടെ ഇത്തരം കിണറുകളിൽനിന്ന് വ്യക്തികളും സമൂഹവും മുക്തമാകണമെങ്കിൽ ഇപ്പോഴത്തെ അവസ്ഥയെ മൊത്തം തള്ളിപ്പറയണം. അല്ലാത്ത പക്ഷം നമ്മുടെ രാജ്യത്തിന്റെ സമൂല നാശം വിദൂരത്തല്ല.

    ReplyDelete
  7. പുതിയതായ ഇപ്പോൾ ഞാൻ ചേർത്ത വീഡിയോ കാണാതെ പോവരുത്. ഇവരെ അഭിവന്ദ്യ പുരോഹിതരെന്നല്ല വിളിക്കേണ്ടത്. നിന്ദ്യ, നികൃഷ്ട, ക്രൂര എന്ന പദങ്ങൾ ചേർത്തു വിളിക്കണമെന്നും വികാരധീനനായി ഒരു ബന്ധുവിന്റെ ഹൃദയത്തിൽനിന്നുള്ള ഭാഷ കേൾക്കാം. ഇപ്പോഴത്തെ യുവജനം എവിടെ? ഇതിനുത്തരവാദിയായ ആ യൂദാസ് പുരോഹിതനെ കോളേജിൽ നിന്നു പുറത്താക്കാൻ അവർ വിചാരിച്ചാൽ സാധിക്കില്ലേ?

    ReplyDelete
    Replies
    1. ഈ വീഡിയോ കാണേണ്ടതുതന്നെയാണ്. പല പ്രമുഖരും അതിൽ തങ്ങളുടെ പ്രതികരണങ്ങൾ പറയുന്നുണ്ട്, പി. ടി. തോമസും റജി ഞള്ളാനിയുമുൾപ്പെടെ. എന്തുകൊണ്ടാണ് മറ്റൊരു മെത്രാനും, ആലഞ്ചേരി പോലും, കോതമംഗലം മെത്രാനെയും കോളേജ് അധികൃതരെയും തങ്ങളുടെ ഭാഗത്തുള്ള തെറ്റ് ചൂണ്ടിക്കാണിക്കാൻ മുന്നോട്ടു വരാത്തത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. അതായത്, സഭക്ക് മനസ്സാക്ഷി എന്നൊന്നില്ല, പണവും തന്കാര്യവും അല്ലാതെ ഒന്നും അവരുടെ തലയിൽ കയറുന്നില്ല എന്നാണ് ആ ഉത്തരം. ഇത്തരം ഉണങ്ങിയ കമ്പുകളെ സഭയെന്ന വൃക്ഷത്തിൽ നിന്ന് വെട്ടി മാറ്റേണ്ട കടമ വിശ്വാസി സമൂഹത്തിന്റെതാണ്. നമ്മുടെ ചിന്തയിൽ അത്രയുമെങ്കിലും മാറ്റവും ബോധവത്ക്കരണത്തിനുള്ള തുടക്കവും ശലോമിയുടെ ജീവനഷ്ടംകൊണ്ട് സംഭവിക്കണം.

      ഈ വരുന്ന ശനിയാഴ്ച ഈ വിഷയത്തെക്കുറിച്ച് വിശദമായ ചർച്ച പാലാ ടോംസ് ചെയ്ബർ ഹാളിൽ നടക്കുന്നുണ്ട്. സമയം ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ. കഴിവുള്ളവരെല്ലാം വരണം. ഡോ .ജെയിംസ്‌ കോട്ടൂർ ചര്ച്ച നയിക്കും. വിശദവിവരങ്ങൾക്ക് ഈ മാസത്തെ സത്യജ്വാല കാണുക.

      Delete
  8. http://vartha.ch/v/profj/1.pdf
    പ്രൊഫ. റ്റി. ജെ. ജോസഫുമായുള്ള ഒരു പഴയ അഭിമുഖം - ജോസ് വെള്ളാടിയിൽ

    ReplyDelete