Translate

Sunday, March 23, 2014

അന്ത്യചുംബനം പോലും മറന്ന്‌ ഏലിക്കുട്ടി ചോദിക്കുന്നു; സലോമി എന്തിയേ?

mangalam malayalam online newspaper
കൊച്ചി: സലോമി എന്തിയേ, അവളെ കാണാത്തതെന്താ? മരുമകളുടെ ജീവന്‍ മരണം കവര്‍ന്നെടുത്തെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ വീടിനുള്ളിലാകെ പരതി നടക്കുകയാണ്‌ പ്രഫ. ടി.ജെ. ജോസഫിന്റെ വൃദ്ധമാതാവ്‌ ഏലിക്കുട്ടി.
വിറകുവെട്ടുംപോലെ മകനെ തീവ്രവാദി സംഘം കണ്‍മുന്നിലിട്ടു വെട്ടി കൈപ്പത്തിയറുത്തെടുക്കുന്നതും ജോലിയില്‍ നിന്നും പിരിച്ചുവിട്ട്‌ സഭാ നേതൃത്വം അന്നംമുട്ടിച്ചതും ഒടുവില്‍ മാനസിക സംഘര്‍ഷത്തിനടിപ്പെട്ട്‌ മരുമകള്‍ ഒരു തോര്‍ത്തുമുണ്ടില്‍ ജീവനവസാനിപ്പിച്ചതുമൊക്കെ നേരില്‍ കണ്ടതിന്റെ ആഘാതം ഈ എണ്‍പത്തിയാറുകാരിയുടെ മനസിനെ വല്ലാതെ ഉലച്ചുകഴിഞ്ഞു. സലോമിയുടെ മരണം അമ്പേ തളര്‍ത്തിക്കഴിഞ്ഞ പ്രഫ. ജോസഫിന്റെ കുടുംബത്തിന്‌ ഈ വൃദ്ധമാതാവിന്റെ ഏങ്ങിക്കരച്ചില്‍ സഹിക്കാവുന്നതിലും അപ്പുറത്താണ്‌.
സലോമിയുടെ മരണവിവരമറിഞ്ഞെത്തിയ പ്രഫ. ജോസഫിന്റെ സഹോദരി സിസ്‌റ്റര്‍ സ്‌റ്റെല്ലയോട്‌ ഇന്നലെ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ സലോമി എവിടെയെന്നു തിരക്കുകയാണ്‌ ഏലിക്കുട്ടി. സലോമി മരിച്ചുപോയി അമ്മേ...യെന്ന സിസ്‌റ്റര്‍ സ്‌റ്റെല്ലയുടെ മറുപടി അവര്‍ക്കു വിശ്വസിക്കാനാകുന്നില്ല. എന്നിട്ട്‌ നീയവളെ എനിക്കൊന്നു കാണിച്ചുതന്നില്ലല്ലോടീ... എന്നു പറഞ്ഞു വിതുമ്പിക്കരയുകയാണവര്‍. തലേദിവസം മരുമകളുടെ മൃതശരീരത്തില്‍ അന്ത്യചുംബനം നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആ വൃദ്ധമാതാവിന്റെ ബോധമനസില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നെന്ന യാഥാര്‍ത്ഥ്യം വേദനയോടെയാണു സിസ്‌റ്റര്‍ സ്‌റ്റെല്ല പങ്കുവയ്‌ക്കുന്നത്‌.
ജീവിത സായാഹ്നഹ്‌നത്തില്‍ ഈ മാതാവ്‌ കടന്നുപോയ കനല്‍വഴികള്‍ സമാനതകളില്ലാത്തതാണ്‌. ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകനായ മകന്‌ ഒളിവില്‍ പോകേണ്ടിവന്നതു മുതല്‍ ഏലിക്കുട്ടിയുടെ ദുരന്ത ജീവിതത്തിന്‌ തുടക്കമായി. തുടര്‍ന്ന്‌, മകനെ പോലീസ്‌ വിലങ്ങുവച്ചുകൊണ്ടുപോകുന്നതും ജയിലില്‍ തള്ളുന്നതുമെല്ലാം ഈ അമ്മയ്‌ക്കു കാണേണ്ടിവന്നു.
2010 ജൂലൈ നാലിനു രാവിലെ പള്ളിയില്‍ നിന്നും മടങ്ങിവരുംവഴി ജോസഫിനെ തീവ്രവാദി സംഘം കാര്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുമ്പോള്‍ ഹതഭാഗ്യയായ ഈ അമ്മയും കാറിലുണ്ടായിരുന്നു. ഏലിക്കുട്ടിയുടെ കണ്‍മുമ്പിലിട്ടാണു മകന്റെ കൈപ്പത്തി മനസ്സാക്ഷിയില്ലാത്ത അക്രമിക്കൂട്ടം വിറകുവെട്ടുംപോലെ അറുത്തുമാറ്റിയത്‌. ആ ഭയാനക കാഴ്‌ചയില്‍ വിറങ്ങലിച്ചുപോയ അവരുടെ മനസിനു പിന്നീടൊരിക്കലും അതില്‍ നിന്നും കരകയറാനായിട്ടില്ല. അമ്മയ്‌ക്ക്‌ ഇപ്പോള്‍ എല്ലാത്തിനെയും വിട്ടൊഴിയാത്ത പേടിയാണെന്നു സിസ്‌റ്റര്‍ സ്‌റ്റെല്ല പറയുന്നു.
ഈ ദുരന്തത്തിന്റെ ആഘാതം മാറും മുമ്പേ താങ്ങും തണലുമാകുമെന്നു കരുതിയ സ്വന്തം സഭ മകനെ തള്ളിപ്പറയുന്നതും കുടുംബത്തിന്റെ അന്നം മുടക്കി ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതും നിസഹായതയോടെ അവര്‍ നോക്കിനിന്നു. കോളജ്‌ അധ്യാപകനായ മകനുമൊത്തു സംതൃപ്‌തിയോടെ കഴിഞ്ഞുവന്ന കുടുംബം റേഷനരി വാങ്ങി വിശപ്പടക്കിയപ്പോഴും യേശുക്രിസ്‌തുവിലുള്ള വിശ്വാസം മുറുകെപ്പിടിച്ചു പരീക്ഷണങ്ങളെ നേരിടുകയായിരുന്നു ഏലിക്കുട്ടി. ഒടുവില്‍, കോടതി പ്രഫ.ജോസഫിനെ കുറ്റവിമുക്‌തനാക്കിയപ്പോള്‍ ദൈവം കണ്ണുതുറന്നെന്നും സഭ കനിയുമെന്നും സലോമിയെപ്പോലെ ഏലിക്കുട്ടിയും അമിത പ്രതീക്ഷയിലായിരുന്നു. പക്ഷെ! ജീവനേക്കാളേറെ വിശ്വസിച്ചു ചേര്‍ത്തുപിടിച്ച സഭ വീണ്ടും കൈവിട്ടുവെന്നുറപ്പായപ്പോള്‍ സലോമി ഒരു തോര്‍ത്തുമുണ്ടില്‍ ജീവനൊടുക്കി. ആ ദുരന്തം കൂടി കാണേണ്ടിവന്ന ഏലിക്കുട്ടിക്കു സ്വന്തം മനസ്‌ പൂര്‍ണമായി കൈവിട്ടുപോയെന്ന യാഥാര്‍ത്ഥ്യംപോലും ഇപ്പോള്‍ തിരിച്ചറിയാനാകുന്നില്ല. പ്രഫ. ജോസഫിന്റെ മൂവാറ്റുപുഴയിലെ വസതിയിലുള്ള ഓരോ മുറികളിലും ഒരിക്കലും തിരിച്ചുവരാത്ത സലോമിയെ തേടുകയാണു ദുരന്തങ്ങള്‍ വേട്ടയാടിയ ഈ വൃദ്ധമാതാവ്‌. ഇതെല്ലാംകണ്ടു നിസഹായരായി കണ്ണീരൊഴുക്കുകയാണ്‌ ജോസഫും കുടുംബവും.
കെ.കെ. സുനില്‍
- See more at: http://www.mangalam.com/print-edition/keralam/162200#sthash.8z2xMMHK.0dDVaB4A.dpuf

1 comment:

  1. ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !

    ReplyDelete