Translate

Wednesday, November 26, 2014

സായിപ്പിനൊരു പുഴുക്ക് നേര്ച്ച !

നല്ല സരസ്വതി കേള്‍ക്കാത്തവരാരെങ്കിലും ഉണ്ടോ? സാദ്ധ്യതയില്ല; ഒന്നുകില്‍ വല്ലിടത്തും പോയ വഴി കേട്ടുകാണും അല്ലെങ്കില്‍ ഇടുക്കി ബിഷപ്പിന്‍റെ വീഡിയോ ഫെയിസ് ബുക്കില്‍ വന്നത് കേട്ടും കണ്ടും കാണും. ഞാനും കേട്ടു, ആവശ്യത്തിനും മിച്ചം. കഴിഞ്ഞയാഴ്ച ജോണ്സണ് വൈദ്യരുമായുള്ള ഒരഭിമുഖം ഞാന്‍ വിശദീകരിച്ചിരുന്നല്ലോ. അതദ്ദേഹം വായിച്ചു. ആ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ പ്രധാന പോയിന്‍റുകള്‍ ഇല്ലായിരുന്നുവെന്ന് പറഞ്ഞാണ്, അങ്ങേര് രണ്ടെണ്ണം ഫോണിലൂടെ വിട്ടത്, നിറയെ സ്നേഹം നിറച്ച രണ്ടെണ്ണം. സത്യമാ; പ്രധാന പോയിന്‍റുകള്‍ ഞാന്‍ വിട്ടിരുന്നു. ജീവിച്ചിരിക്കുന്ന ആരെയും അപമാനിക്കേണ്ട എന്ന് കരുതി ബോധപൂര്‍വ്വം ഒഴിവാക്കിയതുമാണവ. സംഗതി നിസ്സാരം. സീറോ വൈദികരുടെ നിലവാരം തീരെ താണുവെന്ന് കാണിക്കാന്‍ അദ്ദേഹം ഒരു പതിനഞ്ചു സംഭവങ്ങള്‍ പേരും സ്ഥലവും വയസ്സും ഉള്‍പ്പെടെ പറഞ്ഞിരുന്നു. അതാണ്‌ ഞാന്‍ ഒതുക്കിയത്.
വായനക്കാരായ എന്‍റെ അഭ്യുദയകാംഷികളെ  മുള്‍മുനയില്‍ നിര്‍ത്തുന്നില്ല;  ഒരച്ചന്‍ എന്നും സന്ധ്യ കഴിഞ്ഞു മുങ്ങും, പതിനൊന്നു മണിയാകുമ്പോള്‍ പൊങ്ങും. നാട്ടുകാര്‍ പിടികൂടി, അപ്പനെ കാണാന്‍ പോകുന്നതാണെന്ന് പറഞ്ഞത്രേ. ഒരു ദിവസം വടക്കോട്ടും അടുത്ത ദിവസം തെക്കോട്ടും പോകുമായിരുന്ന അദ്ദേഹത്തിന് എത്ര അപ്പന്മാരുണ്ടെന്ന്‍ ആരും ചോദിച്ചില്ല. മേലാല്‍ ഇനി അപ്പനെ കാണാന്‍ പോകേണ്ടാന്നു വിലക്കുക മാത്രമേ ചെയ്തുള്ളൂ. വേറൊരിടത്ത് നേരം വെളുത്തപ്പോള്‍ വികാരിയെ കാണാനില്ല (നില്‍ക്കാന്‍ സാധിക്കാഞ്ഞതുകൊണ്ടാണ് മുങ്ങിയത്). അച്ചന്മാര്‍ വെള്ളമടിച്ചു വണ്ടി ഓടിച്ചുണ്ടാക്കിയ അപകടങ്ങള്‍ 6. അതിലൊരു സംഭവം പറയാം. (കഥയില്‍ അല്‍പ്പം മാറ്റം വരുത്തിയിട്ടുണ്ട്, ആളാരെന്ന് അറിയാത്തവര്‍ അറിയാതിരിക്കട്ടെ). കക്ഷി കാറുമായി എങ്ങോ പോയി പള്ളി മുറിയില്‍ വന്നപ്പോള്‍ മണി പന്ത്രണ്ട്. പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ കാറിന്‍റെ മുമ്പിലത്തെ  നമ്പര്‍ പ്ലേറ്റ് കാണാനില്ല! ചര്‍ച്ചയായി, സര്‍വ്വത്ര! കളത്തിലൊരു വക്കീലുണ്ടായിരുന്നു. അങ്ങേര് പറഞ്ഞു, ഈ പ്ലേറ്റ് ആരെങ്കിലും ദുരുപയോഗം ചെയ്തേക്കാം, അതുകൊണ്ട് പോലിസില്‍ അറിയിക്കുകയാണ് ബുദ്ധി. അത് ശരിയെന്നു അച്ചനും തോന്നി. രാവിലെ പോലിസിനെ തേടി അച്ചന്‍ പോയി.
SI യെ തന്നെ നേരില്‍ കണ്ട് പരാതി എഴുതി കൊടുത്തു, മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു ഒരു ഇടവകക്കാരന്‍, അയാളുടെ കൈയില്‍ അച്ചന്‍റെ കാറിന്‍റെ നമ്പര്‍ പ്ലേറ്റും ഉണ്ട്. അച്ചന്‍ അയാളെ മാറ്റി നിര്‍ത്തി ചോദിച്ചു. “നീ എന്താ ഇവിടെ? ഈ നമ്പര്‍ പ്ലേറ്റ് എവിടെ നിന്ന് കിട്ടി?” അയാള്‍ പറഞ്ഞു, “അച്ചോ, ഞാനിന്നലെ ഒരു മരിച്ച വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഒരു ....... മോന്‍ കാറും കൊണ്ട് വന്ന് ഒരൊറ്റയിടി. ഭാഗ്യത്തിന് തെറിച്ചു വീണത് ഓടയില്‍. നിറയെ വെള്ളമുണ്ടായിരുന്നതു കൊണ്ട് അല്‍പ്പം തൊലി പോയതേയുള്ളൂ. ആ ....മോന്‍റെ നമ്പര്‍ പ്ലേറ്റ് ആണിത്. അച്ചനെ കണ്ടത് നന്നായി, SI യെ കാണണം.” അച്ചന്‍ അയാളെ ചേര്‍ത്തു നിര്‍ത്തിയിട്ട് പറഞ്ഞു.
“വാ ..... ഞാനും SI യെ കാണാന്‍ വന്നതാ. അങ്ങേര് ഇവിടില്ല. ഒരു കാര്യം ചെയ്യ്; നമ്പര്‍ പ്ലേറ്റ് ഇങ്ങു താ, ഞാന്‍ ഉച്ചകഴിഞ്ഞ് വന്ന് SI യെ കണ്ടു പറഞ്ഞോളാം.” സൂത്രത്തില്‍ അച്ചന്‍ നമ്പര്‍ പ്ലേറ്റും കൈക്കലാക്കി മുങ്ങിയെന്നാണ് വൈദ്യര്‍ പറഞ്ഞത്. അപ്പോഴാണത്രേ അച്ചനദ്ദേഹം ഓര്‍ത്തത്, ഈ കുഞ്ഞാടിന്‍റെ വാര്‍ഡിലൂടെയാണല്ലോ ഇന്നലെ പോന്നതെന്ന്. ആ അച്ചന്‍ വെള്ളമടിച്ചു ഫിറ്റായിരുന്നെന്നു വൈദ്യര്‍ പറഞ്ഞില്ല. അതെന്‍റെ സുബുദ്ധിക്ക് വിട്ടു തന്നു. ബാക്കി കഥകളും ഞാന്‍ എഴുതിയതാണ്, പക്ഷെ മാറ്റുന്നു. വൈദ്യരെ മാപ്പ്! എല്ലാം നാള്‍വഴിയിലാക്കി കഴിഞ്ഞപ്പോഴാണ്, ശ്രി ചാക്കോ കളരിക്കല്‍ എഴുതിയ ഒരു ലേഖനം കണ്ടത്. അത് വൈദ്യരും വായിക്കുക. അതില്‍ വ്യക്തമായി എഴുതിയിരിക്കുന്നു, ചപ്പടാ ളോഹ വാര്‍ത്തകളല്ല അത്മായാ ശബ്ദത്തിന് വേണ്ടതെന്ന്. അങ്ങിനെ ആളെ കൂട്ടണ്ടാ എന്നൊരു ധ്വനി അതിലില്ലേ? അത് ശരിയല്ലേ? അത്മായാശബ്ദം ഉണ്ടായ കാലം മുതല്‍ ചാക്കോ സാര്‍ അതിനെ നിലത്തു വെയ്ക്കണോ തോളില്‍ വെയ്ക്കണോ എന്നറിയാതെ കൊണ്ട് നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുതിര്‍ന്നവര്‍ പറയുന്നത് അനുസരിക്കുകയല്ലേ ഭംഗി. (എല്ലാവരും അപ്പന്മാരായാല്‍ ഷാപ്പ്‌ പോലും അടക്കേണ്ടി വരും). ഏതായാലും കേരളം എമ്പാടുനിന്നുമുള്ള ഇത്രയും കൌതുക വാര്‍ത്തകള്‍ ഈസിയായി ഒപ്പിച്ചെടുത്ത വൈദ്യരെ നമിക്കുന്നു, അതും ഫെയിസ് ബുക്കില്ലാതെ.
ഫെയിസ് ബുക്കിനെ ഇപ്പോള്‍ അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും അല്‍പ്പം ബഹുമാനവും പേടിയും  ഉണ്ടെന്നു പറയാതെ വയ്യ. അടുത്തിടെ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ ഉണ്ടായ സമരം അച്ചന്മാര്‍ വിദഗ്ദമായി കൈകാര്യം ചെയ്തു. പക്ഷെ, ഫെയിസ് ബുക്ക് ഉണ്ടാക്കിയ ക്ഷിണം ഉടന്‍ മാറില്ല. പശുവിനെ ബ്ലോക്കില്‍ കുത്തിവെയ്പ്പിക്കാന്‍ കൊണ്ടുപോകുന്നതുപോലെ വിദ്യാര്‍ഥികളെ  ധ്യാനത്തിന് ചിറ്റൂര്‍ക്ക് കൊണ്ടുപോകുമെന്നുള്ളത് നാട്ടുകാര്‍ അറിഞ്ഞത് ഫെയിസ് ബുക്ക് വഴി. അവിടുത്തെ ഒരു വിദ്യാര്‍ഥി പറഞ്ഞത്, എന്തിനാ പോകുന്നെന്ന് പിള്ളേര്‍ക്കും അറിയില്ലാ, കൊണ്ടുപോയിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നുണ്ടോ എന്ന് അച്ചന്മാര്‍ക്കും അറിയില്ലാത്ത ഒരു സമസ്യയാണ് ചിറ്റൂര്‍ യാത്ര എന്നാണ്. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് നില്‍ക്കുമെന്നാണ് ഈ വിരുതന്‍ പറഞ്ഞത്. അതായത്, ആരുടെയെങ്കിലും സമ്മര്‍ദ്ദം കൊണ്ട് എന്തെങ്കിലും ചെയ്തെന്ന് ആരെങ്കിലും അറിയുന്നത് അച്ചന്മാര്‍ക്ക് ഇഷ്ടമില്ല; പക്ഷെ, അവര്‍ കാര്യത്തിന്‍റെ ഗൌരവം മനസ്സിലാക്കുകയും അടുത്ത വര്ഷം ധ്യാനം ചിറ്റൂരും അതിന്‍റെയടുത്ത വര്ഷം ഏറ്റുമാനൂരും പിന്നത്തെ വര്ഷം തൊട്ടടുത്തുള്ള പൊന്‍കുന്നത്തും നടത്തി എരിതീയില്‍ നിന്ന് തലയൂരുമെന്നുമാണ്. പിള്ളേര്‍ക്ക് ബുദ്ധി കൂടുന്നുവെന്ന് പറയുന്നത് വെറുതെയല്ല.
എന്‍റെ ഭാര്യ വീട് കാഞ്ഞിരപ്പള്ളിയിലായത് കൊണ്ട് ഇതിനൊരുദാഹരണം അവിടെനിന്നു തന്നെ പറയാം. മെത്രാന്‍റെ ഓഡിയുണ്ടല്ലോ, അതിനെതിരെ എന്ത് മാത്രം പോസ്റ്റുകള്‍ ഫെയിസ് ബുക്കില്‍ ഉണ്ടായിരുന്നു. എന്നിട്ട് മെത്രാന്‍ ഓഡി മാറ്റിയോ? ഇല്ല, എല്ലാം ശാന്തമായപ്പോള്‍ ഇന്നോവായിലേക്ക് മാറിയെന്ന കാര്യം ആരെങ്കിലും അറിഞ്ഞോ? ആരും രണ്ടു വര്ഷം മിണ്ടാതിരിക്കുകയാണെങ്കില്‍  മോണിക്കയുടെ സ്ഥലവും തിരിച്ചു കിട്ടും. പക്ഷെ, ആ പ്രശ്നം അങ്ങിനെ തീരില്ല. സിനഡ്, ഈ തന്ത്രമാണോ പയറ്റുന്നതെന്ന് അറിയില്ല. ആണെങ്കില്‍ ആലഞ്ചേരി പിതാവിനോട് എനിക്കൊരു കാര്യം പറയാനുണ്ട്. മംഗള്‍യാന്‍ വെഞ്ചരിക്കാന്‍ ദയവായി ശ്രമിക്കരുത്. ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ ചൊല്ലിത്തിരുന്നതിനു മുമ്പ് സാധനം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും. സംശയമുണ്ടെങ്കില്‍ കോതമംഗലം മെത്രാനോടോ ഇടുക്കി മെത്രാനോടോ ചോദിച്ചാല്‍ മതി. ഉടനെയെങ്ങും ഫെയിസ് ബുക്ക് നിര്‍ത്തലാക്കുന്ന ലക്ഷണമില്ലെന്നും എല്ലാ പിതാക്കന്മാരും അറിയുക. മെത്രാന്മാര്‍ സൂത്രം നോക്കുന്നു, പക്ഷേ, കര്‍ത്താവിന്‍റെ കൈയ്യില്‍ സൂത്രങ്ങളൊന്നുമില്ല. അതാണ്‌ പ്രശ്നം!
മെത്രാന്മാരുടെ കാര്യം പറയുമ്പോള്‍ മെത്രാന്‍ കക്ഷിയില്‍പെട്ട  എന്‍റെ ഒരു സുഹൃത്തിന്‍റെ കാര്യം ഓര്‍മ്മ വരുന്നു. എതിര്കക്ഷിയില്‍ പെട്ട മെത്രാന്‍ കാണിച്ച നീച കൃത്യങ്ങള്‍ അക്കമിട്ടു പറയുമ്പോഴും ആ മെത്രാനെ ‘വന്ദ്യ പിതാവ്’ എന്നെ അദ്ദേഹം പറയുമായിരുന്നുള്ളൂ. അയാളുടെ പ്രതിപക്ഷ ബഹുമാനത്തെ ഞാന്‍ ആദരവോടെ കരുതിയും പോന്നു. എങ്കിലും ഒരു ദിവസം ഞാന്‍ ചോദിച്ചു, ഇതെങ്ങിനെ സാധിക്കുന്നൂവെന്ന്. അങ്ങേര് പറഞ്ഞത്, ഞാന്‍ ‘വന്ദ്യ പിതാവേ’ന്നല്ല ‘നിന്ദ്യ പിതാവേ’ എന്നാ വിളിച്ചു കൊണ്ടിരുന്നതെന്ന്. ശ്രദ്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞതും ശരിയായിരിക്കാം എന്ന് തോന്നി, കാരണം ഞാന്‍ ‘ന്ദ്യ’ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ.
ഫെയിസ് ബുക്ക്, പല അച്ചന്മാരും ഇപ്പോള്‍ നെഞ്ചോട്‌ ചേര്‍ത്തു തുടങ്ങി. അതും സഭക്ക് പാരയാകുമെന്നുള്ളത് ഒരു മെത്രാനും പക്ഷെ, അറിയുന്നില്ല. അടുത്തിടെ നടന്ന ഒരു സംഭവം പറയാം, വികാരി അച്ചന്‍ ഇല്ലാതിരുന്ന ഒരു ഞായറാഴ്ച, ഫെയിസ് ബുക്കില്‍ നൊവേന ചൊല്ലുന്ന ഒരു  കൊച്ചച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചത്രേ, ‘കെട്ടിടങ്ങള്‍ മുകളിലേക്കും മനുഷ്യര്‍ താഴേക്കും പോകുന്ന കാഴ്ചയാണ് എങ്ങും കാണുന്ന’തെന്ന്. ഈ കൊച്ചച്ചന്‍ പ്രസംഗിച്ച  പള്ളി അടുത്തിടെ തീര്‍ന്നതാണെന്ന് ഓര്‍ക്കണം. അങ്ങേര് ഒരു കാര്യം കൂടി പറഞ്ഞു, പ്ലസ് ടു വും കഴിഞ്ഞ് മുങ്ങുന്ന ഒരുത്തനെയും പിന്നെ പള്ളി മുറ്റത്തു പോലും കാണുന്നില്ലെന്ന്. സത്യത്തില്‍ ഇത് കേട്ടവര്‍ അന്തം വിട്ടു പോയിയെന്നു പറയാതെ വയ്യ. അനുഭവസമ്പന്നനായ വികാരി അച്ചനാനെങ്കില്‍ കൂട്ടത്തോടെ യുവാക്കള്‍ പള്ളിയിലേക്ക് വരുന്നുവെന്നേ പറയുമായിരുന്നുള്ളൂ. ഫെയിസ് ബുക്കില്‍ തലങ്ങും വിലങ്ങും പായുന്ന സഭയുടെ സിവില്‍ വൈദഗ്ദ്യ കഥകള്‍ കേട്ട് അങ്ങേരുടെയും ഉത്ഭാവപാപ ഞരമ്പ് മുറുകി കാണണം.

45 ലക്ഷം (വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇടയ ലേഖനത്തിലും സംഖ്യ ഇത് തന്നെ) അത്മായര്‍ ഒരുമിച്ചു നോക്കിയിട്ട് നടക്കാത്ത കാര്യമാണ് ഫെയ്സ് ബുക്ക് കണ്ടുപിടിച്ച അമേരിക്കക്കാരന്‍ സുര്‍ക്കര്ബെര്ഗ് ഈസിയായി നടത്തി തരുന്നത്. ഈ വിശുദ്ധന്‍റെ പേരില്‍ ഒരു പുഴുക്ക് നേര്ച്ചയെങ്കിലും നടത്താന്‍ KCRM പ്രവര്‍ത്തകര്‍ മുമ്പോട്ട്‌ വരുമെന്ന പ്രത്യാശയോടെ നിര്‍ത്തട്ടെ. 

6 comments:

  1. അമല്‍ജ്യോതിയെ കുറ്റം പറഞ്ഞു ഫേസ്ബുക്കില്‍ പലതും ഇടുന്ന ചില ആള്‍ക്കാര്‍ ഉണ്ട് അവരില്‍ 99 % പേരും ഈ കോളേജു എന്താണ് എന്ന് പോലും അറിയാതെ മറ്റു പല സ്ഥലങ്ങളിലും ഉള്ള ആള്‍ക്കാര്‍ ആണ് , അവര്‍ക്ക് വേണ്ടത് ചുമ്മാ കുറ്റം പറഞ്ഞു ഒരു സ്ഥാപനത്തെയും അവിടുത്തെ പിള്ളേരെയും ഇല്ലാതാക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം അത് മാത്രമാണ് മറ്റുള്ളവരുടെ ഭാവി ഇല്ലാതാക്കുമ്പോള്‍ മറ്റുള്ളവര്‍ നശിക്കുമ്പോള്‍ കിട്ടുന്ന ആ സുഖം അഥവാ ആ മനോരോഗം ചികിത്സിച്ചു ഭേദമാക്കാതെ ഇവനൊക്കെ വളര്‍ന്നു വന്നാല്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താവുമോ ?????
    നമ്മുടെ കോളേജിനെ എപ്പോളും കുറ്റം പറയുന്ന ഒരാളുടെ വിവരങ്ങള്‍ ഞാന്‍ താഴെ കൊടുക്കുന്നു ,,,
    ഇങ്ങനെ ഒരാളെ ആരേലും അറിയുമോ ???????
    അതോ ഇത് കള്ള അക്കൌണ്ട് ആണോ ????????
    (https://www.facebook.com/ginu.george.315)

    ReplyDelete
  2. http://kanjirappallynews.com/blog/2014/10/05/for-amal-jyothi-college-students/

    ReplyDelete
  3. അമൽ ജ്യോതി കോളേജിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഒരാഴ്ച പുറത്തൊരു ധ്യാനകേന്ദ്രത്തിൽ പോയി താമസിച്ചു ഒരാഴ്ച ധ്യാനം കൂടണം എന്നൊരു നിബന്ധിത നിയമം പലർക്കും അംഗീകരിക്കുവാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് പറയപെടുന്നത് .
    അമൽ ജ്യോതി കോളേജിലെ ചില കുട്ടികൾ ചേർന്ന് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുവാൻ വേണ്ടി ഒരു വെബ്‌ ബ്ലോഗ്‌ ഉണ്ടാക്കിയതായി അറിഞ്ഞു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവരുടെ ആവശ്യങ്ങൾ എന്താണെന്നു മനസ്സിലാകും .
    http://www.engineersworldonline.com/amal-jyothi-students-strike.html ഇവിടെ കൊടുത്തിരിക്കുന്ന ഒരു പ്രധാന അവശ്യം ആണിത് . അതിൽ ഈ ധ്യാനത്തെ പറ്റി കൊടുത്തിരിക്കുന്നത്‌ ഇങ്ങനെയാണ്”Compulsory Retreat For Students
    College forced all students to attend spiritual retreat . Even though retreat is conducted separately for Catholics and Non – Catholics no students can be excluded. It means if you are an atheist then also you must attend retreat.


    ഇതിൽ വിദ്യാർഥികൾ എഴുതിയിരിക്കുന്നു ” എല്ലാ കുട്ടികളും അവരവരുടെ മതത്തിന്റെ ധ്യാനത്തിൽ പങ്കെടുക്കുവാൻ നിർബന്ധിതർ ആവുന്നത് കൊണ്ട് നിരീശ്വരവാദികളായ കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു ….”

    പാവം ” നിരീശ്വരവാദികൾ ” …..! എന്ത് കഷ്ടമാണ് അവരുടെ കാര്യം ? ധ്യാനം കൂടി എങ്ങാനും അവരുടെ മനസ്സ് തിരിഞ്ഞാലോ ..? അത്രക്ക് പിഞ്ചു മനസ്സാണോ നിരീശ്വരവാദികളുടെത്….?

    നിരീശ്വരവാദികളുടെ പ്രശ്നം മാറ്റി വച്ചാൽ, ഈ ധ്യാനത്തിന്റെ കാര്യം പോസിറ്റീവ് ആയി ചിന്തിച്ചാൽ നല്ലതാണു .
    അമേരിക്കയെ computer adictപോലെയുള്ള രാജ്യങ്ങളിൽ , ഇന്റർനെറ്റ്‌ നു അടിമകളായ കുട്ടികളെ , അതിൽ നിന്നും കുറെ സമയത്തേക്ക് എങ്കിലും മാറ്റി നിർത്തി അവരുടെ മനസ്സിനെയും ശരീരത്തെയും ഫ്രഷ്‌ ആക്കി എടുക്കുവാൻ വേണ്ടി , വിജനമായ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സെന്റർ കളിലേക് അയക്കാറുണ്ട് . അവിടെ ബാഹ്യ ലോകവുമായി ബന്ധമില്ലാതെ കുറെ ദിവസങ്ങൾ ചിലവഴിക്കുമ്പോൾ , അവരുടെ മനസ്സും ശരീരവും ശാന്തമാകും .

    12ഇന്നത്തെ കാലത്ത് , സാദാ സമയവും ഇന്റർനെറ്റ്‌ ഉം , മൊബൈൽ ഫോണും ആയി നടക്കുന്ന കുട്ടികളെ അതിൽ നിന്നും കുറെ സമയത്തേക്ക് എങ്കിലും മാറ്റി നിർത്തുവാൻ ഇമ്മാതിരി ഉള്ള പ്രവർത്തനങ്ങൾക്ക് കഴിയുമെങ്കിൽ അതിനെ വിദ്യാർത്ഥികളും , മാതാപിതാക്കളും സ്വാഗതം ചെയ്യണം

    എന്നാൽ അത് ധ്യാന കേന്ദ്രത്തിനു പകരം, ഏതെങ്കിലും ഫാറം ഹൌസിൽ പോയി താമസിച്ചു കൃഷി ചെയ്യുവാൻ പറ്റുന്ന രീതിയിൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഓരോ ബാച്ച് ആയിട്ട് പോയി രണ്ടു മൂന്നു ദിവസം അവിടെ താമസിച്ചു കൃഷി ചെയ്യട്ടെ … ചെയ്ത കൃഷി വിളവെടുക്കുവാൻ അവർ തന്നെ മറ്റൊരു ദിവസം അവിടെ വീണ്ടും സന്ദർശനത്തിനു അവസരം ഒരുക്കുകയാണെങ്കിൽ അത് കുട്ടികൾക്കും ഉപകാരപ്പെടും …

    ReplyDelete

  4. എന്ത് പരിഹാസ്യമായ കാര്യങ്ങളാണിതൊക്കെ ?? ഒരു പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ എന്തിനു മതം പഠിപ്പിക്കണം? "സദാ സമയവും ഇന്റർനെറ്റ്‌ ഉം , മൊബൈൽ ഫോണും ആയി നടക്കുന്ന കുട്ടികളെ അതിൽ നിന്നും കുറെ സമയത്തേക്ക് എങ്കിലും മാറ്റി നിർത്തുവാൻ ഉള്ള പ്രവർത്തനങ്ങൾ" ആണോ ഇതൊക്കെ ? അതിനല്ലേ ക്ലബ്ബുകളും ഫെസ്ടിവല്സും ? പ്രായപൂർത്തിയായ കുട്ടികളെ ബ്രോയിലെർ കോഴികളെ എന്നവിധം വളർത്തി എടുക്കുകയാണ് ഇന്നത്തെ പല കോളേജ്കളും ചെയ്യുന്നത്. മിക്കവാറും പറയുന്നതുപോലെ ഒരു adult child ആയിട്ടാണ് പുതിയ തലമുറ വളരുന്നത്‌, അവരെ വെറുതെ വിടൂ ! അവർ സ്വയം വികസിക്കട്ടെ

    ReplyDelete
  5. നാനൂറു വർഷങ്ങൾക്കു മുമ്പ് ഇംഗ്ലണ്ടിലെ രാജാവിന്റെ പ്രാർഥന സംബന്ധിച്ച കർശന നിയമം കൊണ്ടാണ് ആദ്യത്തെ പില്ഗ്രിം ജനങ്ങൾ രാജ്യം വിട്ടതെന്ന് ഞാൻ എഴുതിയ 'താങ്ക്സ് ഗീവിങ് ഡേ' യെ സംബന്ധിച്ച ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. അമേരിക്കയിലെ ആദ്യ ഭരണാധികാരികൾ പൊതുവേ ദൈവ വിശ്വാസമില്ലാത്തവരായിരുന്നു. ഒരുവന് പള്ളിയിൽ പ്രാർത്ഥിക്കാം. വീട്ടി ലിരുന്നു പ്രാർത്ഥിക്കാം. ഒരു പൊതു സ്ഥാപനത്തിൽ പ്രാർഥിക്കണമെന്നു നിർബന്ധിക്കാനുള്ള കോളേജു മാനേജു മെന്റിന്റെ അധികാരം വ്യക്തിപരമായ ഒരു കൈകടത്തലാണ്. ധ്യാനിക്കാൻ പ്രേരിപ്പിക്കുന്നതും പുരോഹിതരുടെ കുട്ടികളുടെ മേലുള്ള അനാശാസ്യത്തിനു വഴി തെളിക്കലാണ്. ധ്യാന കേന്ദ്രത്തിന്റെ മറവിൽക്കൂടിആ കോളേജിന്റെ രക്ഷാധികാരി ബിഷപ്പും പുരോഹിതരും കൂടി മോണിക്കയുടെ വിലപിടിപ്പുള്ള വസ്തുവകകൾ തട്ടിയെടുത്തത്. കേരള ചരിത്രത്തിന്റെ കറുത്ത ലിഖിതങ്ങളായി മാറിയിരിക്കുന്നു.

    പുരോഹിതർ എക്കാലവും സാമൂഹിക സാംസ്ക്കാരിക ,പുരോഗതിയ്ക്ക് തടസം നിന്ന കഥകളാണ് ചരിത്രത്തിനു പറയാനുള്ളത്. പ്രകൃതിയെ നശിപ്പിച്ച് വനങ്ങൾ വെട്ടി പ്രകൃതിയുടെ സമ്പൽ സമൃദ്ധിയെ നശിപ്പിച്ചാണ് അവരുടെ കോണ്‍'ക്രീറ്റ് സൌധങ്ങളായ അമലഗിരി കോളേജൂണ്ടാക്കിയത്. പ്രവാസികളുടെ മക്കളെയും കോഴ കൊടുക്കുന്ന മദ്യ ലോബി മക്കളെയും ലക്ഷ്യമിട്ടായിരുന്നു ഈ കോളേജ് സ്ഥാപിച്ചത്. ബ്ലായ്ക്ക് മണി വെളുപ്പിക്കുന്ന രക്ഷാകർത്താക്കളെയും അവിടെ വി.ഐ.പി.കളായി കരുതുന്നു.

    പള്ളിയും പട്ടക്കാരുമായി കഴിയുന്ന ഒരു ഗ്രാമീണ ജനതയുടെ മേൽ നിർബന്ധപൂർവ്വമായ ധ്യാനം അടിച്ചേൽപ്പിക്കാൻ സാധിക്കും. അങ്ങനെയുള്ള കുട്ടികൾ മത മൗലിക കൾട്ടുകളായി മാറാനും സാധ്യതയുണ്ട്. തനി മാനസിക ഉൾപ്പനി പിടിച്ച അച്ചൻ കുഞ്ഞുങ്ങളുടെയും കന്യാസ്ത്രികളുടെയും പെരുമാറ്റ രീതികളാണ് അവിടെനിന്നും പുറത്താകുന്ന ബിരുദധാരികൾക്കുള്ളത്. പലരും ശാസ്ത്ര വിഷയങ്ങളെക്കാൾ ദൈവജ്ഞാനികളായി കാണുന്നു. ലോക വിവരങ്ങളില്ലാതെ കമ്പ്യൂട്ടർ കോഡുകൾ മാത്രമുള്ള ലോകത്തു ഭൂരിഭാഗവും ജീവിക്കുന്നു. പട്ടണ ജീവിതമറിയാത്ത ഇവിടുത്തെ ബിരുദധാരികൾ പുരോഹിത തച്ചുശാസ്ത്രത്തിൽ വ്യക്തിത്വം നശിപ്പിച്ചശേഷമാണ് ഡിഗ്രിയുമായി പുറത്തിറങ്ങുന്നത്. മാതാപിതാക്കൾ കുട്ടികളെ കോളേജിൽ വിടുന്നത് മതം പഠിക്കാനല്ലെന്നും അറിയണം.


    പ്രമാദമായ എഞ്ചൽ vs വൈറ്റർ കേസ് (USA) സുപ്രീം കോടതിയുടെ വിധിയനുസരിച്ച് 50 വർഷം മുമ്പു തന്നെ പബ്ലിക്ക് സ്കൂളിലെ പ്രാർഥനകൾ നിരോധിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ പൊതു സ്ഥലത്തു പോലും പ്രാർത്ഥിച്ചാൽ യഹൂദർ നിയമത്തിന്റെ ചാട്ടവാറുമായി പ്രത്യക്ഷപ്പെടും. മിതമായ പ്രാർത്ഥനയും ധ്യാനവും മനസിന് ഏകാഗ്രത ലഭിച്ചേക്കാം. പക്ഷെ അത് നിർബന്ധിച്ചു ചെയ്യിപ്പിക്കുമ്പോഴാണ് പ്രശ്നങ്ങളാകുന്നത്. കോളേജു നിയമനത്തിൽ അർഹരായവരെ തഴഞ്ഞ് പുരോഹിതരെ നിയമനങ്ങളിൽ തിരുകാറുണ്ട്. പുരോഹിതരുടെ മന്ദബുദ്ധി തങ്ങളുടെ പഠിക്കുന്ന കുട്ടികളിലും നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് നിർബന്ധമായ പ്രാർത്ഥനകളും ധ്യാനവുമെന്നും കരുതണം.

    അമേരിക്കൻ ഐക്യനാടുകളിൽ ബിരുദ ദാന ചടങ്ങിൽപോലും പ്രാർത്ഥിക്കാൻ അനുവദിക്കില്ല. അത് പ്രാർഥിക്കാനിഷ്ടമില്ലാത്തവരുടെ സ്വാതന്ത്ര്യത്തെ കീഴ്പ്പെടുത്തുകയാണ്. ആരെങ്കിലും വോളണ്ടീയർ ചെയ്ത് പ്രാർത്ഥിച്ചാലും കൂടെയുള്ളവർക്ക് നീരസമാകാറുണ്ട്. പുരോഹിതർക്കും ഉപദേശികൾക്കും കോണ്‍'വക്കേഷനുകളിൽ പ്രവേശനം കൊടുക്കാറില്ല. അമേരിക്കയിൽ പുബ്ലിക്ക് സ്കൂളുകളിൽ ബൈബിൾ വിതരണം ചെയ്താൽ പോലും കേസെടുക്കാം. കുരങ്ങിൽനിന്ന് മനുഷ്യൻ പരിണാമം ചെയ്തെന്നും സ്പോടന വാദവും അടുത്തനാളിൽ വത്തിക്കാനിൽ വിവാദവിഷയമായിരുന്നു. അങ്ങനെയെങ്കിൽ ഇവരുടെ പ്രാർത്ഥന ഏതു കുരങ്ങൻ ദൈവത്തോടായിരിക്കുമെന്നും നിശ്ചയമില്ല. ആദാമിന്റെ വാരിയെല്ലിൽ നിന്ന് ആവ്വാ ഉണ്ടായിയെന്ന് ചിലർക്ക് വിശ്വസിച്ചേ തീരൂ. അങ്ങനെ വിശ്വസിക്കുന്നവരെ മനസ് തിരിച്ചു വിടുകയെന്നതും ഒരു കോളേജിന്റെ ചുമതലയല്ല. ഒരു പൊതു സ്ഥാപനം പ്രാർത്ഥിക്കാൻ ഉപയോഗിക്കുമ്പോൾ ശാസ്ത്രം പഠിക്കാനായി നികുതി കൊടുക്കുന്നവർ മത പ്രചാരണത്തിനും നികുതി കൊടുക്കുന്നുവെന്നു മനസിലാക്കണം. ഇത്തരം പുരോഹിത പ്രാർത്ഥനകൾ ഇതര മതസ്ഥർക്ക് അരോചകമാകും. കേരളത്തിലെ കവലകളിലെ കുരിശുപള്ളികൾ വരെ സർക്കാർ സ്ഥലത്താണ്. ഉച്ച ഭാഷിണി പ്രയോഗിച്ചുള്ള ഉച്ചത്തിലുള്ള ബാങ്ക് വിളികളും പ്രാർത്ഥനാ കൂവലുകളും അമ്പലങ്ങളിലെ ചെണ്ടകൊട്ടും പൊതു ജന ദ്രോഹമാണ് ചെയ്യുന്നത്. അത്തരം അന്തരീക്ഷത്തിലെ ശബ്ദ മാലിന്യങ്ങൾ പരിഷ്കൃത ലോകത്ത് അനുവദിക്കില്ല.

    ReplyDelete
  6. നിഷ്പക്ഷമായ ചിന്ത സാധിക്കുന്നവർക്ക് മനസ്സിലാക്കി സ്വയം തിരുത്താനുള്ള വകകൾ ഏറെയുണ്ട് ജോസെഫ് മാത്യുവിന്റെ ഈ കമെന്റിൽ. പക്ഷേ, നീണ്ട വർഷങ്ങളിലൂടെ ഒരേ തരത്തിൽ കേട്ട് പഠിച്ച് തല തിരിഞ്ഞുപോയ അച്ചന്മാർക്ക് വേറെ ഒരു തരത്തിലും ചിന്തിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് കാര്യങ്ങള്ക്ക് മാറ്റം വരണമെങ്കിൽ മറ്റു വഴികൾ വേണ്ടിവരും. ഒരു മതത്തിന്റെ ദൈവസങ്കല്പം അതേ മതത്തിലെ അംഗങ്ങളിൽ പോലും, അവരറിഞ്ഞോ അറിയാതെയോ നിർബന്ധമായി അടിച്ചേല്പിക്കുന്നത് തെറ്റായിരിക്കെ, അന്യ മത വിശ്വാസികളിൽ അത് കുത്തിച്ചെലുത്താൻ ശ്രമിക്കുന്നത് മനുഷ്യ ചേതനയോടുതന്നെയുള്ള അതിക്രമമാണ്. തന്നെയല്ല, ഈ അച്ചന്മാരും കന്യാസ്ത്രീകളും പ്രാർഥനയെയും ധ്യാനത്തയും ഒക്കെപറ്റി ധരിച്ചുവച്ചിരിക്കുന്നത് ഉപരിപ്ലവമായ സംഗതികളാണ്. അതുകൊണ്ട് കുറെ സെന്റിമെന്റലാകാം എന്നതിൽകവിഞ്ഞ് ഒരു ദൈവാവബോധവും ആത്മജ്ഞാനവും കൈവരില്ല. അതുകൊണ്ട് മതേതര കാഴ്ചപ്പാടുകൾ ഔദ്യോഗികമായി വച്ചുപുലർത്തുന്ന ഒരു രാഷ്ട്രത്തിൽ അമല്ജ്യോതി പോലുള്ള സ്ഥാപനങ്ങളിൽ നടക്കുന്ന മിഷനറി പ്രവർത്തനം അനാശാസ്യം തന്നെയാണ്.

    ReplyDelete