Translate

Monday, November 3, 2014

അമേരിക്കന്‍ മലയാളി വായനക്കാര്‍- ഒരു സ്വതന്ത്ര അപഗ്രഥനം

എ.സി. ജോര്‍ജ്‌ (ന്യുയോര്‍ക്ക്)

വളരെ ദീര്‍ഘമായ അമേരിക്കന്‍ ജീവിതത്തിനിടയില്‍ അമേരിക്കന്‍ മലയാളിയുടെ വായനാ രീതി സ്വഭാവങ്ങളെപ്പറ്റി വളരെ ഹൃസ്വമായി ഒരു സ്വതന്ത്ര വിഹഗവീക്ഷണം നടത്തുകയാണ്‌ ഈ ലേഖകന്‍. ഇതിലെ ഓരോ പരാമര്‍ശനങ്ങളും പൊതു സ്വഭാവമുള്ളതും വെറും യാദൃശ്ചികങ്ങളും മാത്രമാണ്‌. ഏതെങ്കിലും പ്രത്യേക വ്യക്തികളെയൊ പ്രസ്ഥാനങ്ങളെയൊ മാത്രം ഉന്നം വെച്ചല്ല എന്നു സാരം. അനുദിന ജീവിത സഞ്ചാരത്തിനിടയില്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ചില ജീവിത യാഥാര്‍ത്ഥ്യങ്ങളെ അവലംബമാക്കിയാണീ ലേഖന പരമ്പര തയ്യാറാക്കുന്നത്‌. ഈ ലേഖന പരമ്പരയിലെ അഭിപ്രായങ്ങള്‍ ഏകപക്ഷീയമല്ല. വിവിധ വായനക്കാരില്‍ നിന്ന്‌ സമാഹരിച്ച അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയതാണ്‌. ഇതിലെ വിമര്‍ശനങ്ങള്‍ക്കൊ കുറവുകള്‍ക്കൊ ഈ ലേഖകനും അതീതനല്ലെന്നു മാത്രമല്ല അറിഞ്ഞൊ അറിയാതെയൊ അതെല്ലാം കുറച്ചൊക്കെ ഉള്‍ക്കൊള്ളുന്നു എന്നു കൂടി പറയട്ടെ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

വായനക്കാര്‍ക്കു വേണ്ടിയാണല്ലൊ പ്രസിദ്ധീകരണങ്ങള്‍. അല്ലാതെ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയല്ലല്ലൊ വായനക്കാര്‍. വായനക്കാരാണ്‌ പ്രസിദ്ധീകരണങ്ങളുടെ കണ്‍സ്യൂമേഴ്‌സ്‌ അല്ലെങ്കില്‍ ഉപഭോക്താക്കള്‍. അതായത്‌ ഉപഭോക്താക്കളായ വായനക്കാരില്ലെങ്കില്‍ പ്രസിദ്ധീകരണങ്ങളില്ലെന്ന്‌ സാരം. അതിനാല്‍ വായനക്കാരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ അഭിരുചികള്‍ അനുസരിച്ച്‌ പ്രസിദ്ധീകരണങ്ങള്‍ മാറിക്കൊണ്ടിരിക്കും. പ്രസിദ്ധീകരണങ്ങളില്‍ വിഭവങ്ങള്‍ നിറക്കുന്നത്‌ റിപ്പോര്‍ട്ടര്‍മാരും എഴുത്തുകാരുമാണല്ലൊ. ഇവിടെ എഴുത്തുകാര്‍ എന്നുദ്ദേശിക്കുന്നത്‌ പഴയരീതിയിലുള്ള പേന പിടിച്ചെഴുതുന്നവരെ മാത്രമല്ല ഡിജിറ്റല്‍ മീഡിയാ വഴി കൈവിരലുകളൊ ചുണ്ടുകളൊ ചലിപ്പിക്കുന്നവരെ കൂടി ഉദ്ദേശിച്ചാണ്‌. ഇപ്പോള്‍ ടൈപ്പിംഗ്‌ കൈവിരല്‍ തുമ്പിലൂടെ മാത്രമല്ലാ നാവിലൂടെ ശബ്‌ദം പുറപ്പെടുവിച്ചു കൂടെ അക്ഷരങ്ങള്‍ കടലാസിലൊ ഡിജിറ്റല്‍ മീഡിയായിലൊ ചേര്‍ക്കാം, പകര്‍ത്താം എന്നായിട്ടുണ്ടല്ലൊ. എന്നാല്‍ ശാസ്‌ത്രത്തിന്റെ പുരോഗതി വര്‍ദ്ധിക്കുന്തോറും മനുഷ്യന്‌ അനുദിന ജീവിതത്തില്‍ ഒരു തരം വിരക്തി, സമയ ദൗര്‍ലഭ്യം അനുഭവപ്പെടുകയാണ്‌. അതിനൊപ്പം ഒരു തരം അലസത അല്ലെങ്കില്‍ മടി കൂടെ അവരെ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണ്‌. ഒന്നിനും അവര്‍ക്കിപ്പോള്‍ സമയമില്ല. എന്തിനും ഏതിനും നെട്ടോട്ടമാണ്‌. പരക്കം പാച്ചിലാണ്‌. ചിന്തിക്കാന്‍ പോലും നേരമില്ല. ചിന്ത പോലും യന്ത്രത്തിനും കമ്പ്യൂട്ടറിനും വിട്ടു കൊടുത്തിരിക്കുകയാണ്‌. പിന്നെ അല്ലെ വായന. 

നാട്ടിലെ വായന അറിയാവുന്ന പഴയകാല ആളുകള്‍ വാര്‍ത്തകളും പുസ്‌തകങ്ങളും എന്താര്‍ത്തിയോടെയാണ്‌ വായിച്ചുകൊണ്ടിരുന്നത്‌. കാശുമുടക്കി പത്രം വാങ്ങാന്‍ കഴിവില്ലാതിരുന്ന ഒരു മലയോര കര്‍ഷകന്റെ മകനായ ഈ ലേഖകന്‍ അക്കാലത്ത്‌ വീട്ടില്‍ ചെമ്മീനും (തകഴിയുടെ ചെമ്മീന്‍ നോവല്‍ അല്ല കേട്ടൊ), ഉണക്ക മുളകും മല്ലിയും ശര്‍ക്കരയും മറ്റും പൊതിഞ്ഞു വരുന്ന പഴയ പത്രത്താളുകള്‍ ഒരമൂല്യ നിധി പോലെ സൂക്ഷിച്ചുവെച്ച്‌ വായിച്ച കഥ ഓര്‍മ്മ വരുന്നു. ഇന്ന്‌ അമേരിക്കയില്‍ ഒരു ചുമട്‌ പത്രം കിട്ടിയാലും ശരി അതൊന്നു മറിച്ചു നോക്കാന്‍ പോലും നേരമില്ല. അതിലെ ചില സെയില്‍ സെക്ഷനും നോക്കി പറ്റിയ വല്ല ഫുഡ്‌ കൂപ്പണും വെട്ടിയെടുത്ത്‌ ബാക്കിയെല്ലാം റീസൈക്കിള്‍ ബിന്നില്‍ തള്ളും, അത്ര തന്നെ. ഇന്നിപ്പോള്‍ അമേരിക്കയില്‍ പ്രിന്റഡ്‌ എഡിഷനുകളായി പ്രസിദ്ധീകരിക്കുന്ന മലയാള വാരികകളും പത്ര മാസികകളും വായനക്കാരില്ലാതെയും സാമ്പത്തിക ക്ലേശങ്ങളാലും ഞെരുക്കം അനുഭവപ്പെടുകയാണെന്നു പറയപ്പെടുന്നു. മലയാളികളുടെ ജനസംഖ്യ അമേരിക്കയില്‍ കൂടുന്നുണ്ടെങ്കിലും ആനുപാതികമായി മലയാള അച്ചടി പ്രസിദ്ധീകരണങ്ങളുടെ വായനക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനു പകരം കുറയുകയാണെന്ന്‌ പല പ്രസിദ്ധീകരണ ഉടമകളും പറയുന്നു. പല മലയാളി ഗ്രോസറി കടകളില്‍ വെച്ച്‌ അവ വെറുതെ സൗജന്യമായി കൊടുത്താല്‍ പോലും അവ വായിക്കാന്‍ പലരും മെനക്കെടാറില്ല. ഈ ലേഖകന്‍ യാത്രക്കിടയില്‍ ചില മലയാളി ഗ്രോസറി കടകളില്‍ അത്തരം ചില പ്രസിദ്ധീകരണ പത്രങ്ങള്‍ നിരത്തിയിട്ട്‌ അതിന്റെ മീതെ വെച്ച്‌ മീന്‍ ചെതുമ്പല്‍ കളഞ്ഞ്‌ നുറുക്കുന്നതും ചക്ക വെട്ടുന്നതുമൊക്കെ പലവട്ടം കാണുകയുണ്ടായി. ഒന്നു രണ്ടു അമേരിക്കന്‍ പ്രവാസി മലയാള എഴുത്തുകാര്‍ നാട്ടില്‍ നിന്ന്‌ പുസ്‌തകം അച്ചടിച്ച്‌ വരുത്തി വെറുതെ ഇവിടെ വിതരണം ചെയ്യുന്നതു കണ്ടു. സംഭവ സ്ഥലത്തുനിന്ന്‌ ആ എഴുത്തുകാരന്‍ മടങ്ങിപ്പോയ മിനിറ്റുകള്‍ക്കകം ആ വിതരണം ചെയ്‌ത പുസ്‌തകങ്ങളില്‍ ചിലത്‌ സ്ഥലത്തെ ഗാര്‍ബേജ്‌ ബിന്നില്‍ കാണുവാനിടയായി. ചിലര്‍ കമന്റടിക്കുന്നതും കേട്ടു. പിന്നെ ഇവിടെ ആര്‍ക്കാ വായിക്കാന്‍ നേരം. വായിച്ചു നഷ്‌ടപ്പെടുത്താനുള്ളതല്ല ടൈം. ടൈം.. ഈസ്‌.. മണി... വായനക്കൂലി അല്ലെങ്കില്‍ നോക്കു കൂലി വായനക്കാര്‍ക്കു കിട്ടണം പോലും. കൂടെ ഒരു പരിഹാസവും കേട്ടു. ഒരു കാളിദാസന്‍ വന്നിരിക്കുന്നു. ഷേക്‌സ്‌പിയര്‍ ആണു പോലും. തുഞ്ചനും കുഞ്ചനും എന്നൊക്കെ പറഞ്ഞ്‌ ഇവറ്റകള്‍ക്ക്‌ ഒരു നെട്ടോട്ടമാണ്‌. ഇത്തരം വായനാ ശത്രുക്കളോട്‌ ഒരിക്കലും ഈ ലേഖകന്‍ യോജിക്കകയില്ല. പിന്നെ ചില വായനാ വിരോധികളുടെ വായനയോടുള്ള, എഴുത്തുകാരോടുള്ള മനോഭാവവും പുഛവും ഇവിടെ എടുത്തുകാട്ടുക മാത്രമാണ്‌ ചെയ്‌തത്‌.

കേരളത്തിലെന്നപോലെ അമേരിക്കയിലെ മലയാളി വായനക്കാര്‍ പല തട്ടിലുള്ളവരാണ്‌. ചിലര്‍ പ്രസിദ്ധീകരണങ്ങളിലെ ചരമകോളം മാത്രം വായിക്കും. അമേരിക്കയിലും നാട്ടിലും ആരൊക്കെ തട്ടിപ്പോയി എന്നവര്‍ക്കറിയണം. ചിലര്‍ക്ക്‌ അവനവന്റെ നാട്ടിലെ ജില്ലയില്‍ അല്ലെങ്കില്‍ കരയില്‍ ആരൊക്കെ ചരമമടഞ്ഞു എന്നുമാത്രം അറിഞ്ഞാല്‍ മതി. ചിലര്‍ക്ക്‌ അവിഹിതത്തോടും അവിഹിത വാര്‍ത്തകളോടുമാണ്‌ പ്രതിപത്തി. പെണ്‍വാണിഭം, സിനിമാ സീരിയല്‍ താരങ്ങളുടെ അവിഹിതങ്ങള്‍, വേഴ്‌ചകള്‍, കിടപ്പറ രഹസ്യങ്ങള്‍ മനസ്സിരുത്തി വായിച്ച്‌ മറ്റുള്ളവരുമായി പങ്കുവെച്ചാലെ ഉറക്കം വരികയുള്ളൂ. ചിലര്‍ക്ക്‌ പെണ്‍പീഡന കേസു തന്നെ വേണം. അതെല്ലാം വായിക്കാനാണ്‌ അത്യാസക്തി. ചിലരുടെ നോട്ടം കള്ളക്കടത്ത്‌, കള്ളനോട്ട്‌, കള്ളവാറ്റ്‌, കരിഞ്ചന്ത തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള വാര്‍ത്തകളാണ്‌. സിനിമാ സീരിയല്‍ താരങ്ങളുടെ ഡിവോര്‍സ്‌ ഒളിച്ചോട്ടം തുടങ്ങിയ ഗോസിപ്പുകള്‍ പ്രിയങ്കരങ്ങളാണ്‌. ചിലര്‍ക്ക്‌ വെള്ളപ്പൊക്കം, ഭൂമികുലുക്കം, ട്രെയിനപകടം, കപ്പല്‍ ബോട്ട്‌ അപകടം, മുല്ലപ്പെരിയാര്‍ തുടങ്ങിയവയോടാണ്‌ പ്രതിപത്തി. മറ്റ്‌ ചിലര്‍ക്ക്‌ അമ്പലം, മെത്രാന്‍, പള്ളി, തിരുമേനി, മുട്ടന്‍ തിരുമേനി, മുള്ള, മന്ത്രം, പുണ്യാഹം, പുണ്യകെട്ടിപി?ടുത്തം, പെ?ടുക്കല്‍, ചുംബനം, ആത്മാവ്‌, പരമാത്മാവ്‌, മാലാഖ, സാത്താന്‍, ചെകുത്താന്‍, ഭൂതം, പ്രേതം തുടങ്ങിയ വിഷയങ്ങളെ പറ്റി വായിക്കാനാണ്‌ താല്‍പ്പര്യം. മറ്റ്‌ ചിലര്‍ക്ക്‌ ജോലി, ശമ്പളം, ഓവര്‍ടൈം, ഉദ്യോഗകയറ്റം, വീട്‌, മോര്‍ട്ടഗേജ്‌, സ്റ്റോക്ക്‌, ബോണ്ട്‌, പലിശ, ഇരട്ടി പലിശ, കൈക്കൂലി, കുംഭകോണം തുടങ്ങിയ അതിസാമ്പത്തിക ജിവനകലകളെ പറ്റിയുള്ള വാര്‍ത്തകള്‍ മാത്രം മതി. 

വേറെ ചിലര്‍ക്ക്‌ കേരള രാഷ്‌ട്രീയത്തിലും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും അമേരിക്കന്‍ രാഷ്‌ട്രീയത്തിലും താല്‍പ്പര്യമുണ്ടെന്ന്‌ അവരുടെ വായനാശീലത്തില്‍ നിന്ന്‌ മനസ്സിലാക്കിയിട്ടുണ്ട്‌. നാട്ടിലെ ചില പാര്‍ട്ടിക്കാരുടെ ഓവര്‍സീസ്‌ സംഘടനാ ഭാരവാഹികളാണെന്നും പറഞ്ഞ്‌ ചിലര്‍ നാട്ടിലെ വിസിറ്റിംഗ്‌ രാഷ്‌ട്രീയക്കാരുടെ പൃഷ്‌ഠവും താങ്ങി വിമാനത്താവളം മുതല്‍ ഒറ്റയാള്‍ പട്ടാളവും പെട്ടയാള്‍ കൂട്ട യൂനിറ്റ്‌ പട്ടാളവുമൊക്കെയായി പൂപുഞ്ചിരിയോടെ ഫോട്ടോയെടുത്ത്‌ പടച്ചുവിടുന്ന വാര്‍ത്താ ശകലങ്ങള്‍ ഇവിടത്തെ അധിക വായനക്കാരും പുഛത്തോടെ വീക്ഷിക്കുന്നതായി കണ്ടിട്ടുണ്ട്‌. ഓരോ രണ്ടു വര്‍ഷവും കൂടുമ്പോള്‍ കണ്‍വെന്‍ഷന്‍ എന്നും പറഞ്ഞ്‌ വെറും ശുഷ്‌ക്കമായ സദസ്സില്‍ എന്തെല്ലാമൊ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന ചില അംബ്രല്ലാസംഘടനാ സ്ഥിരം നേതാക്കളുടെ കൃതിവികൃതി വാര്‍ത്തകള്‍ ഇവിടത്തെ വായനക്കാര്‍ മുഖവിലക്കെടുക്കാറില്ല. അധികാരങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കാതെ കസേരകള്‍ മാത്രം പരസ്‌പരം വെച്ചുമാറി, നാട്ടിലെ ചില ദിവ്യന്മാരേയും ചലച്ചിത്ര സിനിമാ നടീനടന്മാരേയും വരുത്തി കൂടെ നിന്ന്‌ ഫോട്ടോയുമെടുത്ത്‌ അവാര്‍ഡുകളും പാരിതോഷികങ്ങളും, പൊന്നാടകളും പരസ്‌പരം ചൊറിഞ്ഞ്‌ ചാര്‍ത്തുന്ന വാര്‍ത്തകളും വായനക്കാരായ മുഷ്‌ക്കര്‍ ചിരിച്ചുകൊണ്ട്‌ വായിക്കാതെ കുപ്പയില്‍ തള്ളുന്നു.

അമേരിക്കയില്‍ പൊതുപ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നൊക്കെ കൂകി കൊക്കരയിട്ട്‌, മുക്രയിട്ട്‌ ഇത്തരത്തില്‍ മലമറിക്കുന്നവരെ പ്രകീര്‍ത്തിച്ച്‌ രൂപക്കൂട്ടിലാക്കി, ആരാധനാപാത്രങ്ങളാക്കി അമേരിക്കയിലെ സ്വന്തം ലേഖകരൊ നാട്ടില്‍ നിന്ന്‌,ഔട്ട്‌സോര്‍സ്‌, ഇന്‍സോര്‍സ്‌ ചെയ്യപ്പെട്ട സ്വന്തം പെയ്‌ഡ്‌ ലേഖകരൊ എഴുതുന്ന ഹിമാലയന്‍ പുകഴ്‌ത്തലുകളും പ്രകീര്‍ത്തനങ്ങളും വായിച്ചു തുടങ്ങുമ്പൊഴെ അമേരിക്കന്‍ മലയാളി വായനക്കാരന്റെ കണ്ണില്‍ ഇരുട്ടുകേറി തുടങ്ങുമെന്നതിനാല്‍ തുടക്കത്തിലെ വായന നിര്‍ത്തും. ഇതില്‍ വിശകലനം ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്നെ ഓണ്‍ലൈന്‍ വായനക്കാരെ കൂടെ കണക്കിലെടുത്തുകൊണ്ടാണ്‌. ബഹുഭൂരിപക്ഷവും ഓണ്‍ലൈന്‍ വായനക്കാരാണ്‌. കാരണം ഓണ്‍ലൈനില്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ ഏതവസരത്തിലും എപ്പോള്‍ വേണമെങ്കിലും ലഭ്യമാണ്‌. കൂടുതല്‍ ഗ്രാഫിക്‌സ്‌-വീഡിയോ-ചിത്ര-കളര്‍ അകമ്പടിയോടെ ഓണ്‍ലൈനില്‍ വായിക്കുന്നത്‌ ഒരു സുഖം തന്നെയാണ്‌. പിന്നെ ചില പഴമക്കാര്‍ക്ക്‌ ഓണ്‍ലൈനില്‍ കയറാനും കുത്തിമാറ്റാനും മറ്റും അല്‍പ്പം വൈദഗ്‌ധ്യം കുറവായതിനാല്‍ അവര്‍ പഴയരീതിയില്‍ അച്ചടി മാധ്യമങ്ങലെ ആശ്രയിക്കുന്നു. പക്ഷെ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ മിക്കവാറും കറന്റ്‌ തന്നെയായിരിക്കും. അച്ചടി പ്രസിദ്ധീകരണങ്ങളില്‍ പ്രിന്റ്‌ ചെയ്‌ത്‌ വിതരണ താമസമൊക്കെ കഴിഞ്ഞ്‌ വായനക്കാരന്റെ കൈയിലെത്തുമ്പോഴേക്കും വാര്‍ത്തകളും സംഭവങ്ങളും ഒത്തിരി പഴകിയിരിക്കും. അവിടെ ചരമവാര്‍ത്ത വായിച്ചറിയുമ്പോഴേക്കും മരിച്ചയാളുടെ നാല്‍പ്പത്തൊന്നാം അടിയന്തിരം കൂടെ കഴിഞ്ഞെന്നിരിക്കും എന്നുള്ളത്‌ വസ്‌തുതയാണ്‌. 


ഈ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഇവിടെ രേഖപ്പെടുത്തുന്നത്‌ വായനക്കാര്‍ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ വായിക്കുന്ന കുറച്ചു പേരെയെങ്കിലും കണക്കിലെടുത്തുകൊണ്ടു മാത്രമാണ്‌. ഓണ്‍ലൈനില്‍ ലഭിക്കുന്ന തല്‍സമയ വാര്‍ത്തകളും കുറിപ്പുകളുമാണെങ്കില്‍ കൂടി വായനക്കാരുടെ രുചിഭേദങ്ങള്‍ വ്യത്യസ്ഥമായിരിക്കും. ഇവിടേയും കത്തിക്കുത്തും വെടിവെയ്‌പും പെണ്‍പീഡനങ്ങളും ബലാല്‍സംഗങ്ങളും വായനക്കാരില്‍ നിന്ന്‌ കൂടുതല്‍ ഹിറ്റ്‌ കിട്ടി വിരാജിക്കുന്നു. എത്ര വിദ്യാസമ്പന്നനായാലും പുണ്യ വൈദിക പൂജാരി ആണെങ്കിലും അര്‍ദ്ധനഗ്ന സെക്‌സ്‌ സ്റ്റന്‍ഡ്‌ സ്‌ത്രീ വിഷയവാര്‍ത്തകളില്‍ കൂടുതല്‍ കണ്ണോടിക്കുന്നു. ഈ അടുത്തകാലത്ത്‌ മലയാള ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ നാവുപിഴച്ചൊ അല്ലാതെയൊ ഒരു ബഡായി അടിച്ചുവിട്ടു. യുവതികള്‍ ജീന്‍സിട്ടാല്‍ പലതും മുഴച്ചു കാണുമ്പോള്‍ മറ്റു പലതും തോന്നും, മനസ്സിനു പ്രലോഭനമുണ്ടാകും പോലും. എത്ര സില്ലി, ബാലിശമായ ഒരഭിപ്രായ പ്രകടനം. ഇതെങ്ങനെ ഒരു വാര്‍ത്തയാകുന്നു. ഈ ലേഖകന്റെ ചെറിയ ബുദ്ധിക്ക്‌ ഒട്ടും മനസ്സിലാകുന്നില്ല. പക്ഷെ എന്തു സംഭവിച്ചു. പക്ഷെ ലോകമെമ്പാടുമുള്ള മലയാളി സാംസ്‌ക്കാരിക നായികാ നായകരും പ്രസ്ഥാനങ്ങളും മതമേലധ്യക്ഷന്മാര്‍ പോലും അതേറ്റു പിടിച്ച്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ദുര്‍വ്യാഖ്യാനങ്ങളും നടത്തി ഒരു ലോകമഹാമലയാളി ബ്രേക്കിംഗ്‌ ന്യൂസ്‌ ആക്കി മാറ്റി. ഇതിനിടയില്‍ മുങ്ങിപ്പോയത്‌ മലയാളികളുടെ മറ്റു പല ജീവല്‍ പ്രശ്‌നങ്ങള്‍ അടങ്ങിയ വാര്‍ത്തകളും അവലോകനങ്ങളുമാണ്‌. അമേരിക്കന്‍ മലയാളി വായനക്കാരും വാര്‍ത്ത അല്ലാത്ത ഈ വാര്‍ത്ത മുഖ്യധാരയാക്കി ശരിക്കും വായിച്ചു ആഘോഷിച്ചു. അങ്ങനെ പലര്‍ക്കും അടി പൊളി അല്ലെങ്കില്‍ പൊളി അടി എന്നീക്രമത്തിലെങ്കിലും വാര്‍ത്ത വേണം.

1 comment:

  1. ശ്രീ ഏ.സി. ജോർജ് അമേരിക്കൻ മലയാളികളുടെ വായനാശീലത്തെപ്പറ്റിയും അവർക്ക് താല്പ്പര്യമുള്ള മൈക്രോ മാക്രോ വിഷയങ്ങളെ സംബന്ധിച്ചും എഴുതിയ തുടർച്ചാലേഖനം വളരെ രസാവഹമായി അവതരിപ്പിച്ചിട്ടുണ്ട്. എന്റെ സുഹൃത്തായ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. അദ്ദേഹത്തെപ്പോലെ ഞാനും അമേരിക്കയിൽ അതേ സമൂഹത്തിലാണ് ജീവിച്ചത്. അദ്ദേഹം എഴുതന്ന അനുഭവ പാഠങ്ങൾ എന്റെതും കൂടിയുള്ളതാണ്. അമേരിക്കൻ ജീവിതത്തിന്റെ ഹൃദയ സ്പന്ദനങ്ങൾ മുഴുവനായി മനസിലാക്കിയ ജോർജിന് ഇത്തരം വിഷയങ്ങൾ ആധികാരികമായി എഴുതാനുള്ള പ്രത്യേക കഴിവുമുണ്ട്. ഞങ്ങൾ തമ്മിൽ വളരെക്കാലത്തെ പരിചയവും ഉണ്ട്. പരിചയപ്പെടുമ്പോൾ മുതൽ അദ്ദേഹത്തെ ഞാനെന്നും കണ്ടിരുന്നത് ഓരോ പ്രസ്ഥാനങ്ങളുടെ നേതാവായിട്ടായിരുന്നു. ഇന്നും അനേക സംഘടനകളിൽ ഊർജസ്വലനായി പ്രവർത്തിക്കുന്നു. നല്ല പ്രാസംഗികൻ, എഴുത്തുകാരൻ, സംഘാടകൻ, സഹകാരി എന്നീ നിലകളിൽ അന്നും ഇന്നും അമേരിക്കൻ മലയാളികളുടെയിടയിൽ പ്രവർത്തിച്ചു വരുന്നു. അദ്ദേഹത്തിൻറെ പ്രായോഗിക തലങ്ങളിലെ സുദീർഘമായ അനുഭവത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ ഈ ലേഖനം അമേരിക്കൻ മലയാളിയുടെ വായനയിലൂടെയുള്ള ആത്മീയ ചേതോ വികാരങ്ങളെ കണ്ടെത്തുവാനുള്ള ശ്രമവും കൂടിയാണ്.


    ഒരുവൻ പുസ്തക പാരായണത്തിൽക്കൂടി തന്റെ ജ്ഞാനത്തെ ഭൗതികവും ആത്മീയവുമായ ചിന്താധാരയിലേക്ക് നയിക്കുന്നു. ആത്മീയ വെളിച്ചത്തെ അവിടെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. യാന്ത്രീക ജീവിതത്തിൽക്കൂടി ചിന്തിക്കാൻ കഴിവില്ലാതെ നെട്ടോട്ടമോടുന്ന ഒരു മലയാളീ സമൂഹമാണ് അമേരിക്കയിലുള്ളത്. കുറെ തൊഴിലില്ലാത്തവർ പള്ളി പ്രവർത്തനങ്ങളുമായി നടക്കും. അവർക്ക് പള്ളിയിലെ പ്രാർഥനയും അച്ചനുമല്ലാതെ മറ്റൊരു ലോകവുമില്ല. അറിവിനെ അവിടെ മലയാളിയുടെ സങ്കുചിത മനസിനുള്ളിൽ ചുരുക്കിയിരിക്കുകയാണ്. പത്രം വായിച്ചാൽ ആദ്യം നോക്കുന്ന ഫോട്ടോ മെത്രാനെയും പിന്നെ അദ്ദേഹം വടിയും പിടിച്ചു നിൽക്കുന്നതുമായിരിക്കും. അടുത്തയിടെ ഒരാളെ ഷിക്കാഗോയിൽ മെത്രാനായി വാഴിച്ചപ്പോൾ മലയാളം പത്രങ്ങളുടെ മുഖപേജുകൾ മുഴുവൻ അദ്ദേഹത്തെപ്പറ്റിയായിരുന്നു.മെത്രാന്റെ കൂടെ നില്ക്കുന്ന തന്റെ ഫോട്ടോ പത്രത്തിൽ കണ്ടാൽ ഇല്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയുമാകും. കോട്ടവും പരിഹരിക്കാമെന്നു പത്ര വായനക്കാരൻ ചിന്തിക്കുന്നു. പത്രത്തിലെ ലോകവിവരങ്ങളെക്കാളും ഒരുവനറിയേണ്ടത് പള്ളിയിലച്ചൻ പള്ളിയിൽ എന്തു പറഞ്ഞെന്നാണ്. കുർബാന കഴിഞ്ഞ് അച്ചന്റെ പള്ളിയിലെ വളിപ്പൻ പ്രസംഗത്തെപ്പറ്റി അഭിമാനത്തോടെ സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്നതും കാണാം. പത്രം വായിച്ചു . ലോകവിവരങ്ങൾ അറിയണമെന്നാഗ്രഹിക്കുന്ന മലയാളികളും വളരെ ചുരുക്കമാണ്. .


    ഒരുവന് ധനവും സ്വർണ്ണവും വിലപിടിപ്പുള്ള കാറും വീടുമുണ്ടായിരിക്കാം. ഒരു മഹാൻ പറഞ്ഞ കാര്യം ഇവിടെ പ്രസ്താവ്യമാണ്. എനിക്കതൊന്നുമില്ലായിരുന്നു. പക്ഷെ കുഞ്ഞായിരുന്നപ്പോൾ പുസ്തകം വായിച്ചു തരുന്ന ഒരമ്മ എനിക്കുണ്ടായിരുന്നു'. ഒരു നല്ല പുസ്തകം വായിക്കുകയാണെങ്കിൽ ജ്ഞാനത്തിന്റെ പ്രകാശവാതായനങ്ങൾ നമുക്കു മുമ്പിൽ തുറന്നു തരും . കുഞ്ഞുങ്ങൾക്ക് പുസ്തകം കൊടുക്കുമ്പോൾ അവരുടെ ഭാവനകൾ വളർത്താനും പ്രയോജനപ്പെടുന്നതായിരിക്കണം. രാജ്യത്തിന്റെ ഉത്തമ പൗരന്മാരായി ജീവിക്കാൻ ഉതകുന്നതായിരിക്കണം. മറ്റുള്ളവരുടെ മുമ്പിൽ കുഞ്ഞ് അറിവുള്ളവനായി നടക്കുമ്പോൾ അതിൽ അഭിമാനിക്കാത്ത മാതാപിതാക്കൾ നമ്മിൽ ആരാണുള്ളത്? പറന്നുയർന്ന് പുതിയ ഒരു ലോകത്തെ മുഴുവൻ ആ കുഞ്ഞ് സ്വന്തമാക്കുകയാണ്. അറിവുകൾ പകരുംതോറും നമ്മുടെ വ്യക്തിത്വം വളരുകയാണ്. ആ വ്യക്തിത്വം അമേരിക്കൻ മലയാളികളിൽ പലർക്കും ഇല്ലാതെ പോയത് ഖേദകരവുമാണ്.

    ദിന പത്രങ്ങൾ വായിച്ചാൽ ദൈനം ദിന ജീവിതത്തിൽ നമുക്ക് വിവിധങ്ങളായ ആശയങ്ങൾ ഉൾക്കൊളളാൻ സാധിക്കും. രാഷ്ട്രീയം, കലാ സാംസ്ക്കാരിക വാർത്തകൾ, സ്പോർട്സ്, ബിസിനസ്, വ്യവസായം, വാണിജ്യം എന്നിങ്ങനെ ഓരോരുത്തരുടെയും താല്പര്യമനുസരിച്ചുള്ള വിഷയങ്ങൾ പത്രങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . പണ്ടുകാലങ്ങളിൽ വീട്ടിലുണ്ടായിരുന്ന കാരണവൻമാർക്ക് രാവിലെ പത്രവും വായിച്ച് കട്ടൻ കാപ്പിയും കുടിച്ചാലേ മനസിന് ഒരു ഉന്മേഷം ലഭിക്കുമായിരുന്നുള്ളൂ. ദേശീയ വാർത്തകൾ, ലോക വാർത്തകൾ അങ്ങനെ അന്നുണ്ടായിരുന്നവർ ഓരോ കടയുടെ മുമ്പിലിരുന്ന് ചർച്ച ചെയ്യുന്നത് കേൾക്കാമായിരുന്നു. അമേരിക്കൻ മലയാളികൾ സാധാരണ അത്തരം കുശല വർത്തമാനങ്ങൾക്കായി ഇന്ത്യൻ ഗ്രോസറി കടകളുടെ പുറകിൽ പോവും. അവിടെ കൂടുതലും സംഘടനാകാര്യങ്ങളോ പള്ളി കാര്യങ്ങളോ ചർച്ച ചെയ്യും. അൽപ്പം ലഹരി പാനീയം കൂടി അകത്തു ചെന്നാൽ പത്രം വായിക്കാത്ത ഇവരും ആകാശത്തിനു താഴെയുള്ള എല്ലാ വിഷയങ്ങളും സംസാരിച്ചു കൊണ്ടിരിക്കും. വായിൽനിന്ന് സരസ്വതി വർത്തമാനമേ പലരിൽ നിന്നും വരുകയുള്ളൂ. കടകളിൽ ചെലവാകാതെ കിടക്കുന്ന മലയാള വാരികകളും ഇംഗ്ലീഷ് പത്രങ്ങളും സൗജന്യമായി കിട്ടുന്നത് അവർ തങ്ങളുടെ ഭാര്യമാരെ എല്പ്പിക്കും. അതിനുള്ളിലെ പരസ്യങ്ങളും സെയിലിൽ (വില്പ്പനയ്ക്ക്) ഇട്ടിരിക്കുന്ന സാധനനങ്ങളും വായിക്കാൻ സ്ത്രീ ജനങ്ങൾക്കും താല്പര്യമാണ്.

    ReplyDelete