Translate

Friday, November 7, 2014

വിവാഹം റദ്ദാക്കല്‍ ....


വിവാഹ മോചന കേസില്‍ കുടുങ്ങിയ നിരപരാധിയായ ഒരനുഭവസ്ഥന്‍ പേര് വെളിപ്പെടുത്തരുത് എന്ന അഭ്യര്‍ത്ഥനയോടെ അല്മായാ ശബ്ദത്തിന് കുറച്ചു നാള്‍ മുമ്പ് അയച്ചു തന്ന ഒരു കത്തിന്റെ ഏതാനും ഭാഗം  ഇതോടൊപ്പം കൊടുക്കുന്നു. സഭയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അതിക്രമത്തിനെതിരെയാണ് സാക്ഷാല്‍ മാര്‍പ്പാപ്പാ ആഞ്ഞടിക്കുന്നത്. ‘അയാള്‍ ഇങ്ങിനെ പലതും പറയും നമ്മുടെ പാരമ്പര്യം ഇങ്ങിനെയാണ്‌’ എന്നായിരിക്കണം പല മെത്രാന്മാരും ഉള്ളില്‍ പറയുന്നത്. ഇവരെ സംബോധന ചെയ്യാനുള്ള പദങ്ങളും യേശു ബൈബിളില്‍ തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ട് ആരും നിഘണ്ടു തപ്പി പോകേണ്ടതില്ല. എഡിറ്റര്‍

കത്തോലിക്കാ സഭയില്‍, പ്രത്യേകിച്ചും കേരള കത്തോലിക്കാ സഭയില്‍, നില നില്‍ക്കുന്ന ദുഷിച്ച സാമൂഹ്യ വൃവണതകളില്‍ ഒന്നാണ് വിവാഹ സംബന്ധമായി സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ചില വ്യവസ്ഥകള്‍. ഒന്നാമത് വരും വിവാഹ പൂര്‍വ്വ സെമിനാറുകള്‍. വിവാഹാന്തസ്സിലേക്ക്  ഒരുക്കത്തോടെ വേണം പ്രവേശിക്കാന്‍ എന്ന് സമ്മതിക്കാം. പക്ഷെ, കുശവന്‍ മുക്കുവനെ നീന്താന്‍ പഠിപ്പിക്കുന്നത് പോലെയാണ് ബ്രഹ്മചാരികളായ വൈദികരും കന്യാസ്ത്രിമാരും വിവാഹ ജീവിതത്തിലെ നിഗൂഡ രഹസ്യങ്ങള്‍ ഉരുക്കഴിക്കുന്നതെന്ന് പറയാതെ വയ്യ. ചിത്രത്തിലെ സൂര്യന് ചൂടും വെളിച്ചവും ഇല്ലെന്ന് ആരിവരെ ബോദ്ധ്യപ്പെടുത്തും?

പണ്ടെന്നത്തെക്കാളും ബന്ധങ്ങള്‍ തകരുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. ലൈംഗികതയെ ചെറുതല്ലാത്ത ഒരു പാപമായി കാണാന്‍ പഠിച്ച പലരും തങ്ങളുടെ ഇണകളുടെ ജീവിതം അസ്വസ്ഥമാക്കുന്നു. ഇനിയും പരസ്പര വിശ്വസ്ഥതയോടെ തുടരാന്‍ സാധ്യമല്ല എന്ന് ഏതെങ്കിലും സാഹചര്യത്തില്‍ മനസ്സിലാക്കേണ്ടി വരുന്ന ഒരു കത്തോലിക്കാ വിശ്വാസിയുടെ കുടുംബ ജീവിത സ്വപ്നങ്ങള്‍ അവിടെ തീരും. ഒരു വിവാഹ ജീവിതത്തിന് യോഗ്യരല്ല മക്കള്‍ എന്നറിയുന്ന മാതാപിതാക്കന്മാരും മക്കളെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു. ആ വിവാഹം തകര്‍ന്നാലും ഇല്ലെങ്കിലും അവര്‍ പുണ്യവാന്മാര്‍.

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിതരാകുന്നവരും സഭയുടെ കുടുംബ കോടതി എന്ന ഊരാക്കുടുക്കില്‍ പെടുന്നു. വിവാഹ മോചന കേസുകളില്‍ ഇരു കക്ഷികളും ഒരു പോലെ കുറ്റക്കാരാകുന്ന സാഹചര്യം അപൂര്‍വ്വമാണ്. അതായത്, ഏതെങ്കിലും ഒരു കക്ഷിയാവും കുറ്റവാളി. പക്ഷെ, നിരപരാധിയായ ഇണയും ഒരുപോലെ ശിക്ഷിക്കപ്പെടുന്നു. സര്‍ക്കാര്‍ കോടതികള്‍ പോലും ഏറ്റവും വേഗം ഇത്തരം പ്രശ്നങ്ങള്‍ക്ക് തീരുമാനമുണ്ടാക്കി ഒരു പൌരന്‍റെ യുവത്വം ഊര്‍ജ്ജസ്വലതയോടെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സഭ വിശ്വാസിയുടെ പിടച്ചില്‍ കണ്ടു രസിക്കുകയല്ലേ എന്ന് സംശയിക്കണം.

കുടുംബ കോടതിയില്‍ വിസ്താരത്തിന് എത്തിപ്പെടുന്ന ദമ്പതികള്‍ അവരുടെ ലൈംഗിക ജീവിതത്തിലെ അനുഭവങ്ങള്‍ ഏതാനും വൈദികരുടെയും കന്യാസ്ത്രിമാരുടെയും മുമ്പില്‍ മറകൂടാതെ പുനരവതരിപ്പിക്കേണ്ടി വരുന്നു. മ്ലേച്ചം എന്നൊരു പദം ഭാഷയില്‍ ചേര്‍ത്തിരിക്കുന്നത് ഇത്തരം സ്ഥിതി വിശേഷങ്ങളെ വിലയിരുത്താന്‍ ആണെന്ന് കരുതാം. എങ്കിലും കേസ് നീളും, തീരുമാനം എടുക്കാന്‍ ചിലപ്പോള്‍ ഏറെ വര്‍ഷങ്ങള്‍ തന്നെ വേണ്ടിയും വന്നേക്കാം.

1 comment:

  1. വിവാഹം ആദ്യം സർക്കാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതിനു ശേഷം മതി മതപരമായ ചടങ്ങുകൾ.നമ്മുടെ നാട്ടിൽ തിരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. മതം മനുഷനെ മുറുകെ പിടിക്കുന്നത്‌ തടയാൻ ഒരു പരിധി വരെ ഇത് സഹായകമാകും. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വേണം വിവാഹം കഴിക്കാൻ.മറ്റുസമുദായങ്ങളില്‍ ഒരുവര്‍ഷം പരസ്പ്പരസമ്മതത്തോടെ പിരിഞ്ഞുതാമസിക്കുകയാണെങ്കില്‍ വിവാഹമോചനം അനുവദിക്കുന്നതാണ്. ക്രിസ്ത്യന്‍ സമുദായം മാത്രം രണ്ടുവര്‍ഷം പിരിഞ്ഞുതാമസിക്കണമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്
    http://indianexpress.com/article/india/india-others/allow-christians-to-divorce-after-1-year-separation-supreme-court/

    ReplyDelete