Translate

Tuesday, November 25, 2014

Dr. Antonyയുടെ കമന്റിന് ഒരു മറുപടി

ശ്രീ ഫ്രാൻസിസ് റോഷൻ നവംബർ 21, 2014ൽ പ്രസിദ്ധീകരിച്ച ‘ഞാനൊട്ടു സ്വാമിയുമല്ല, എനിക്കൊട്ടിരിമ്പുകടയും ഇല്ലാ’ എന്ന ലേഖനത്തിന് ശ്രീ സക്കറിയാസ് നെടുങ്കനാൽ എഴുതിയ കമെൻറ്റിൽ ഒരു ഡോക്ടർ ആൻറ്റണി സക്കറിയാസിനെഴുതിയ ഇംഗ്ലിഷിലുള്ള ഈമെയിൽ വായിക്കാനിടയായി. സാക്കിൻറെ കമെൻറ്റും ആ ഈമെയിലും ഇവിടെ ചേർക്കുന്നു:

Zach NedunkanalNovember 21, 2014 at 10:16 PM

"മെത്രാന്മാര്‍ക്ക് നാണമില്ലാത്തത് എന്തുകൊണ്ട്’ എന്ന വിഷയത്തിൽ ആരെങ്കിലും ഗവേഷണം നടത്തിയിരുന്നെങ്കിൽ‍ കാര്യം മനസ്സിലായേനെ." ഗവേഷണം നടത്താൻ പോലും കൊള്ളില്ലാത്ത ഈ വിഷയത്തിന്റെ പേരിൽ സമയം കളയാൻ ആരെയും കിട്ടുമെന്ന് റോഷൻ കരുതേണ്ട. ഫാ. സെബാസ്റ്യൻ കാപ്പനെപ്പറ്റിയുള്ള ചെറിയ പോസ്റ്റിനു ഞാനിട്ട കമെന്റ് വായിച്ചശേഷം ഒരു റവ.ഡോ. Antony അയച്ച മെയിൽ മാന്യ വായനക്കാർ സ്വയം വിലയിരുത്തുക. ഇത്തരം വൈദികർ ഇഷ്ടംപോലെ ഉള്ളിടത്തോളം കാലം മെത്രാന്മാർക്ക് എന്നല്ല, കത്തോലിക്കാസഭക്കും ഒന്നും പേടിക്കാനില്ല. Dr. Antony തന്നിരിക്കുന്ന ലിങ്ക് തുറന്നൽ കാണാം വൈദികപരിശീലനത്തിന്റെ ശക്തി.

Dear Zach
It has become a fashion among Christians to criticize their own religion. By doing it, they think, they stand above the ordinary ignorant believers. The simple reason for this is that there is no blasphemy law in catholic church. No person, in any other religion, would volunteer to criticize his own religion in public. And this is one reason for the plight of Christianity.

I am not a fanatically religious person. But I know there are fanatic religions in this world. And that is the problem of the world. Not those simple celibate unfortunate priests destined to live that way. They are human beings too. Who is sincere and honest and committed to his profession these days? The whole world is neck deep in corruption and acts of survival. I believe there are far more important issues in this world than cleansing the church.

When you find time, visit the link.
http://www.plainsimplefaith.com/2014/07/5-reasons-why-i-dont-criticize-the-church-of-christ/

best regards, dr.antony

ഈ ഈമെയിൽ വായിച്ചുകഴിഞ്ഞപ്പോൾ പണ്ഡിതനായ ആൻറ്റണിയുടെ ചില പ്രസ്താവനകളെ ഒന്ന് വിലയിരുത്താനാണ് ഞാൻ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹം പറയുന്നത് ക്രിസ്ത്യാനികളുടെ ഇടയിൽ അവരുടെ മതത്തെ വിമർശിക്കുന്നത് ഒരു ഫാഷനായിരിക്കുകയാണെന്നാണ്. സഭാചരിത്രത്തിൽ നടന്നിട്ടുള്ള സഭാവിമർശനത്തെ സംബന്ധിച്ച് ഏതാനും ചില ഉദാഹരണങ്ങൾ ഞാനിവിടെ വെയ്ക്കട്ടെ:

1. ആദിസഭയിൽ ലിംഗാഗ്രചർമത്തിൻറെ പേരിലുള്ള വാദം രൂക്ഷമായപ്പോൾ പൌലോസ് പത്രോസിനെ വിമർശിക്കുകയും കുറ്റക്കാരനായി വിധിക്കുകയും ചെയ്തു (ഗലാ. 2. 11-15). പൌലോസ് വിമർശിച്ചില്ലായിരുന്നെങ്കിൽ പുറജാതികളെ അദ്ദേഹത്തിന് പുതുക്രിസ്ത്യാനികളാക്കാൻ കഴിയുമായിരുന്നില്ല.

2. ഏകദേശം 650 വർഷങ്ങൾക്ക് മുൻപ് സഭ അഴിമതിയുടെ കൂത്തരങ്ങമായിരുന്നു. സിയന്നായിലെ വി. കാതറിൻ (St. Catherine of Sienna) സഹികെട്ട് അന്നത്തെ മാർപാപ്പ ഗ്രിഗരി പതിനൊന്നാമന് ഇപ്രകാരം എഴുതി: "റോമൻ കാര്യാലയത്തിൻറെ പാപത്തിൻറെ ദുർഗന്ധം മൂലം ലോകം ഓക്കാനിക്കുകയും സ്വർഗത്തിന് ദീനമുണ്ടാകുകയും ചെയ്യുന്നു". ഇത് സഭാവിമർശനമല്ലേ?

3.  500 വർഷങ്ങൾക്കുമുൻപ് ഇതിലും കൂടിയ വിമർശനമുണ്ടായി സഭ പിളർന്നു. അന്നാണ് മാർട്ടിൻ ലൂഥർ വിറ്റൻബെർഗ് ദേവാലയവാതുക്കൽ 95 തീസിസ് എഴുതിയ കടലാസ് ഒട്ടിച്ചുവെച്ച് റോമിനോടുള്ള തൻറെ പ്രതിഷേധം രേഖപ്പെടുത്തിയത്. സഭാനവീകരണത്തിനുള്ള മുറവിളിയുടെ ശബ്ദമായിരുന്നു അത്. ലൂഥറിനെ ശ്രവിക്കാൻ സഭ കൂട്ടാക്കിയില്ല. സഭ പിളർന്നു.

4. ഇരുപതാം നൂറ്റാണ്ടിൽ എത്രയോ ദൈവശാസ്ത്രജ്ഞരാണ് സഭയെ വിമർശിച്ചിട്ടുള്ളത്‌. അതിലെ പ്രധാനികളെ സഭ ശിക്ഷിച്ച് അടക്കി ഒതുക്കി ഇരുത്തി.

5. ഇരുപത്തൊന്നാം നൂറ്റാണ്ട് സോഷ്യൽ മീഡിയായുടെ കാലമാണ്. അതുകൊണ്ട് വിമർശനങ്ങൾ കൂടിവരുന്നു. അത് ഒരു ഫാഷനല്ല. സഭയെ പരസ്യമായി ഗുണദോഷനിരൂപണം ചെയ്യാൻ ഓരോ ക്രിസ്ത്യാനിയും കടപ്പെട്ടവനാണ്. അതിനുള്ള ആത്മാർത്ഥതയും ആർജവവും ഇന്നത്തെ പുതുതലമുറക്കുണ്ട്. പുരോഹിതരുടെയും മെത്രാന്മാരുടെയും ദുഷ്പ്രവർത്തികൾ കാണുന്നവർക്ക് ഒരിക്കലും മൌനം പാലിക്കാൻ പാടില്ല. പാലിച്ചാൽ അതൊരു സമ്മതം മൂളലാകും. സഭയുടെ ഇരുണ്ട കാലഘട്ടങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്ക് ഇനി ഉണ്ടാകാൻ പാടില്ല.

ഓരോരുത്തരും സ്വന്തം മതത്തെയാണ് നന്നാക്കാൻ ശ്രമിക്കണ്ടത്. മറ്റു മതങ്ങളുടെ കാര്യങ്ങൾ അവയുടെ അനുയായികൾ നോക്കികൊള്ളും. സാധാരണ വിശ്വാസികൾ സഭാസംബന്ധമായ കാര്യങ്ങളിൽ അജ്ഞരാണെന്ന് ഡോക്ടർ ആൻറ്റണിതന്നെ സമ്മതിക്കുന്നുണ്ട്. സഭാനേതാക്കന്മാർ അവരെ സഭാചരിത്രം പഠിപ്പിക്കുകയോ അന്ധവിശ്വാസത്തിൽനിന്നും യേശുവിൻറെ കാഴ്ചപ്പാടുകളിൽ അധിഷ്ടിതമായ ഒരു ജീവിതരീതിയിലേയ്ക്ക് നയിക്കുകയോ ചെയ്യാത്തതിനാലാണ് വിശ്വാസികൾ അജ്ഞരായി തുടരുന്നത്. അന്ധവിശ്വാസത്തിൽ അവരെ കുളിപ്പിച്ചുകിടത്തിയാലേ പൌരോഹിത്യമേധാവിത്വം അനസ്യൂതം തുടരാൻ കഴിയൂയെന്ന് സംഘടിത സഭക്കറിയാം . ഈ അന്ധകാരനിബിഡമായ സഭയെ സ്വതന്ത്രമാക്കാനാണ് അല്മായശബ്ദം പോലുള്ള നവീകരണ ബ്ലോഗുകളിൽ എഴുതുന്നവർ ശ്രമിക്കുന്നത്.

ഹൈന്ദവമതമൂല്ല്യങ്ങളെ തിരുത്തുകയും ആചാരങ്ങളെ പൊളിച്ചെഴുതുകയും ചെയ്തവരാണ് വിവേകാനന്ദസ്വാമികളും ശ്രീനാരായണഗുരുപാദരും. മറ്റുമതങ്ങളിലും നവീകരണശ്രമങ്ങൾ നടക്കുന്നുണ്ട്. മത നവീകരനം മതത്തോടൊപ്പം നീങ്ങുന്ന ഒരു പ്രതിഭാസമാണ്.

ഡോക്ടർ ആൻറ്റണിയുടെ അഭിപ്രായത്തിൽ സഭാവിമർശനം ഫാഷനാകുന്നത് കത്തോലിക്കാസഭയിൽ ദൈവദൂഷണനിയമം (blasphemy law) ഇല്ലായെന്ന കാരണംകൊണ്ടാണ്. അല്മായരെ അടക്കി ഭരിക്കാൻ കാനോൻ നിയമങ്ങൾ ഉണ്ടല്ലോ. ദൈവദൂഷണനിയമംകൂടി അതിൽ എഴുതിചേർക്കാമല്ലോ. സഭാവിമർശകരോട് ചോദിച്ചിട്ടല്ലല്ലോ കാനോൻ നിയമം സൃഷ്ടിച്ചത്. വേണമെങ്കിൽ മതദ്രോഹവിചാരണയും (Inquisition, 1231-1834) പുനരാരംഭിക്കാം. ഫ്രാൻസിസ് സേവിയർ ഗോവൻ ഇൻക്വിസിഷൻ റോമിലേക്ക് റിക്കമെൻറ്റ് ചെയ്തതുപോലെ ഡോക്ടർ ആൻറ്റണിയും സീറോ മലബാർ വലിയ മെത്രാപ്പോലീത്ത മാർ ആലഞ്ചേരിയോട് സീറോ മലബാർ ഇൻക്വിസിഷൻ ആരംഭിക്കാൻ റിക്കമെൻറ്റ് ചെയ്യണം. ഭാവിയിൽ താങ്കളെ വിശുദ്ധ പദവിയിലേക്ക് ഉയൽത്താനും അതുവഴി സാധ്യതയുണ്ടായേക്കാം. ഡോക്ടർ ആന്റണിക്ക് സഭയുടെ അന്ധകാരയുഗങ്ങളിലേയ്ക്ക് തിരിച്ചുപോകാനുള്ള ത്വരയാണന്നു തോന്നുന്നു. അല്ലാതെന്തുപറയാൻ.

റേഡിയോയും ടിവിയും മൊബൈൽ ഫോണും ഇൻറ്റെർനെറ്റും ഗൂഗുളും ഫെസ്ബുക്കും എല്ലാമുള്ള സൈബർലോകമാണ് നമ്മുടേത്‌. സഭയ്ക്ക് ഇനി ബാലപീഠനമോ കൊലയോ കൂദാശമുടക്കലോ ഒന്നും മൂടിവെയ്ക്കാൻ സാധ്യമല്ല. ഡോക്ടർ ആൻറ്റണിക്ക് ഈ തിരിച്ചറിവ് ഉണ്ടാകണം.

റിലിജിയസ് ഫനറ്റിക്കല്ല ഡോക്ടർ ആൻറ്റണിയെന്ന് സ്വയം പ്രഖ്യാപനം ചെയ്തത് നല്ലകാര്യം. പക്ഷേ, മറ്റുമതക്കാരെ നമുക്ക് വെറുതെ വിടരുതോ?

അല്മായശബ്ദം നല്ല വൈദികരെയും മെത്രാന്മാരെയും ആദരവോടെ കാണുന്നുണ്ട്. പക്ഷേ, അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നു. സഭയുടെ മൂല്യശോഷണമാണത്. മിൽവാക്കി അതിരൂപത പാപ്പരത്വം പ്രഖ്യാപിച്ചപ്പോൾ 8000 ബാലപീഠന കേസുകളുടെ ഫയലുകളാണ് പുറത്തുവന്നത്. ഇവരൊക്കെ എങ്ങനെ 'simple unfortunate celibate priests' ൻറെ ഗണത്തിൽ പെടും? സമൂഹവും രാഷ്ട്രീയവും ദുഷിച്ചതാണെന്നതുകൊണ്ട് സഭാനേതൃത്വവും അങ്ങനെ ദുഷിക്കാമൊ? നന്മയുടെ കാവൽക്കാരാണ് ഇവരെന്നാണ് വെയ്പ്പ്. ലോകത്തിൽ ഒട്ടനവധി വാദവിഷയങ്ങൽ ഉണ്ട്. അല്മായശബ്ദത്തിൻറെ ദൗത്യം കത്തോലിക്കാസഭയുടെ നവീകരണമാണ്.

ഇനി ഏതാനും കാര്യങ്ങൾ ഡോക്ടർ ആൻറ്റണിയുടെ ശ്രദ്ധയിൽ പെടുത്തട്ടെ:
അച്ചന്മാരുടെ അനീതികളെപ്പറ്റി പറയാൻ ഇന്ന് രാഷ്ട്രീയപാർട്ടികൾ പോലുമില്ല. ഒരുകാലത്ത് ചിന്തിക്കുന്നവരെ നിലയ്ക്കുനിർത്താൻ ആചാരങ്ങളേയും അനുഷ്ടാനങ്ങളേയും സഭ ഉപയോഗിച്ചു. 'അച്ചന്മാരോടു കളിച്ചാൽ ഇങ്ങനെയിരിക്കും' എന്ന അക്രൈസ്തവ ചിന്ത ഇന്നും പുരോഹിതരുടെ ഇടയിൽ പ്രബലമാണ്. മുല്ലമാരുടേയും മുക്രിമാരുടേയും കൈയ്യിലായിരുന്നു മുസ്ലിം പള്ളികളും പള്ളിസ്വത്തുക്കളും. അതുകൊണ്ട് മുസ്ലിം തീവ്രവാദക്കാരെ സൃഷ്ടിക്കാനെ കഴിഞ്ഞുള്ളൂ. ഇന്ന് കത്തോലിക്കാപള്ളികളും പള്ളിസ്വത്തുക്കളും അച്ചൻറ്റെയും മെത്രാൻറ്റെയും കൈയ്യിലാണ്. ആ സ്ഥിതി മാറിയേ തീരൂ. ഇതൊരു സന്ധിയില്ലാസമാരമാണ്.

നമ്മുടെ നാട്ടിൽ സദാചാരം നശിച്ച അച്ചന്മാർ വിരളമാണ്. അവിടെയും ഇവിടെയും പെണ്‍കുട്ടികളുടെ ഉടുപ്പിൻറെ അളവെടുപ്പോക്കെ നടക്കുന്നുണ്ടെങ്കിലും അതൊക്കെ അപ്രധാനങ്ങളായി തള്ളികളയണ്ടതാണ്. അല്മായശബ്ദം അത്തരം വാർത്തകൾക്ക് അധികപ്രാധാന്യം നല്കാറുമില്ല. വൈദികരുടെ വഴിതെറ്റിയ സാമൂഹികപ്രവർത്തനങ്ങളോടാണ് നവീകരണക്കാരുടെ പ്രതിഷേധം.

സഭകൾക്ക് അവരുടെ പൂർവപാരബര്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള അനുവാദം കിട്ടിയപ്പോൾ മാർ പവ്വത്തിലും കൂട്ടരുംകൂ‌ടി സഭയെ വെടക്കാക്കുകയാണ് ചെയ്തത്. പള്ളിയും പള്ളിസ്വത്തുക്കളും പിടിച്ചെടുക്കുകയും കൽദായ ആരാധനക്രമങ്ങൾ അടിച്ചേൽപ്പിക്കുകയും കാനോൻ നിയമം നടപ്പിലാക്കുകയും ചെയ്തതാണോ മാർതോമ നസ്രാണിസഭയുടെ പുനരുദ്ധാരണം? ദേശീയവൽക്കരണം? താലിയും നിലവിളക്കും കൊടിമരവും മാർതോമകുരിശുമായാൽ പുനരുദ്ധാരണമാകില്ല.

ജാതിരഹിത സമൂഹമാണ് സഭയെന്ന് പറയുന്ന അതേ നാവിൽനിന്നും വരുന്നത് പുലയൻ മത്തായിയെന്ന പ്രയോഗങ്ങളും മാറികെട്ടിയ അശുദ്ധരക്തക്കാർക്ക് പള്ളിയംഗത്വം നിഷേധവുമാണ്. റോമിനെപ്പോലും വഞ്ചിക്കുന്ന കുടിലതയല്ലേ സഭാധികാരത്തിൻറെ ഈ കച്ചവടമനസ്ഥിതി. സഭാവിമർശനം വിശ്വാസ സംരക്ഷണത്തിനും വാസ്തവബോധം വിശ്വാസികളിൽ സൃഷ്ടിക്കാനും അനിവാര്യമാണ്.

മതത്തിൻറെ പേരിൽ മറ്റൊരു കോളനിവൽക്കരണമാണ് ഇന്നു നടക്കുന്നത്. മനുഷ്യനെ സംസ്ക്കാരത്തിൽനിന്ന് അന്യവൽക്കരിക്കാനുള്ളതല്ലാ മതം എന്നോർക്കണം. അച്ചന്മാരുടെ താളത്തിനൊപ്പിച്ചു തുള്ളാൻ എല്ലാവരേയും കിട്ടുകയില്ല. സ്വാതന്ത്ര്യത്തെ എന്നും പൌരോഹിത്യം എതിർത്തിട്ടേയുള്ളൂ. ചിന്തിക്കുന്നവർ സത്യത്തെ അനാവരണംചെയ്ത് ജനമദ്ധ്യത്തിൽ വിതറും. അപ്പോൾ പള്ളിമേധാവിത്വം കൂടുതൽ കൂടുതൽ വിറളികൊള്ളും.നാനൂറ് വർഷം മുൻപ് പോർട്ടുഗീസുകാർ എന്തുചെയ്യണമെന്ന് ആഗ്രഹിച്ചുവോ ഇന്നത്‌ നാട്ടുമെത്രാന്മാർ നടപ്പാക്കുന്നു. സമുദായം ഇവരോട് ക്ഷമിക്കാൻ പോകുന്നില്ല.

സമുദായാംഗങ്ങളുടെമേൽ കുതിരകയറുന്നതിനെ ചോദ്യം ചെയ്തേ പറ്റൂ. ഇവരുടെ വലിയ ഖഡ്ഗം കൂദാശ നിഷേധിക്കലാണ്. അത്തരം വിഷം കലർത്തലാണ് സമുദായാംഗങ്ങളെ ചൊടിപ്പിക്കുന്നത്. പാറേമ്മാക്കൽ തോമാകത്തനാരുടെയത്ര ഉശിരുള്ള സഭാസ്നേഹികൾ ഇന്നും സഭയിലുണ്ട്. അദ്ദേഹത്തെപ്പോലെ മലങ്കരയുള്ള പള്ളികൾ പള്ളിക്കാർ പണുതതാണെന്നും നാട്ടുമെത്രാൻറെ ചെല്ലത്തിൽനിന്നെടുത്ത പൈസകൊണ്ട് പണുതതല്ലെന്നും ഉറക്കെ പറയാൻ കഴിവുള്ള പൌരബോധമുള്ള നസ്രാണികൾ ഇന്നുമുണ്ട്.

മാർതോമ പള്ളിഭരണസമ്പ്രദായത്തെ നശിപ്പിച്ച നാട്ടുമെത്രാന്മാരെ മാർതോമാ ക്രിസ്ത്യാനികളുടെ പൂർവചരിത്രം അറിയാവുന്ന നസ്രാണികൽ പുശ്ചത്തോടെയേ വീക്ഷിക്കൂ. ഇന്ന് കത്തോലിക്കാ നേതൃത്വത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും ശക്തിയാർജിച്ച വിശ്വാസികളുണ്ട്‌.

സഭാവിമർശനവും സഭാനവീകരണയത്നങ്ങളും വ്യക്തിപരമായി പുരോഹിതരെ അധിക്ഷേപിക്കലല്ല. വിശ്വാസപരമായ ഒരു സ്വാതന്ത്യസമരമാണിത്. പൌരാവകാശം സഭാനേതൃത്വത്തിന് അടിയറവുവെയ്ക്കേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിർവായില്ലായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ ആദ്ധ്യാത്മിക സ്വേച്ഛാധിപത്യത്തെ എതിര്ക്കാൻ മാത്രം വിശ്വാസികൾ ശക്തരായിരിക്കുന്നു. എത്ര ഡോക്ടർ ആൻറ്റണിമാർ ശ്രമിച്ചാലും, പട്ടക്കാർ കൈയടക്കിവെച്ചിരിക്കുന്ന സഭയുടെ ചുക്കാൻ ആധ്യാത്മീക സ്വാതന്ത്ര്യസമരത്തിലൂടെ സഭാ പൌരരുടെ കൈയ്യിലേക്ക് മാറുന്ന നാളുകൾ വിദൂരത്തല്ല.

ക്രൈസ്തവപണ്ഡിതനും സഭാനവീകരണത്തിൻറെ ആചാര്യനും നിശ്ചയദാർഢൃത്തോടെ ക്രൈസ്തവപൌരോഹിത്യത്തിൻറെ കാട്ടാളത്തരങ്ങളെ മുച്ചൂടും എതിർക്കുന്നവനും ദൈവവിശ്വാസിയും സാഭാസ്നേഹിയുമായ ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ സഭാനവീകരണത്തെ സംബന്ധിച്ചുള്ള ഒരഭിപ്രായപ്രകടനം ഉദ്ധരിച്ചുകൊണ്ട് നിർത്തുന്നു: "സഭയെ 'യേശുവിൽ നവീകരിക്കാ'നുള്ള യജ്ഞമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുരോഹിത നേതൃത്വത്തിൽ അനേകം നവീകരണധ്യാനങ്ങൾ നടക്കുന്നുണ്ട്. ഈ ധ്യാനങ്ങളുടെയെല്ലാം ലക്ഷ്യം വ്യക്തിയെ നന്നാക്കലാണ്‌. കത്തോലിക്കാ സഭയുടെ രാജകീയ ഘടനയാണ് ഇന്നു മാറേണ്ടത്."
Chacko Kalarickal
Ckalarickal10@hotmail.com

4 comments:

  1. പുരോഹിതോന്മത്തനായ ആന്റണി വൈദ്യന്റെ ഔഷധ വീര്യത്തിന് കളരിയ്ക്കൽ ചാക്കോച്ചന്റെ പുതിയ മരുന്ന് സഹായകമാകുമെന്നു വിചാരിക്കുന്നു. അഭിഷിക്തർക്കും പുരോഹിതർക്കും മാറി മാറി വരുന്ന സർക്കാരുകളെ വിമർശിക്കുന്നതിന് പ്രശ്നമില്ല. ചോറു കൊടുത്തു തീറ്റുന്ന സഭാ പൗരർക്ക് ഇവരെ വിമർശിക്കാൻ പാടില്ലാന്നുള്ളത് കടുത്ത നിയന്ത്രണം തന്നെ. ഡോ. ആന്റണിയുടെ വൈദ്യശാലയിൽ കൊടുക്കുന്ന കഷായ മരുന്ന് വിഷമാണെങ്കിൽ അത് വിഷമല്ലെന്ന് കുടിക്കുന്നവർ പറയണോ? ഉള്ളു നീറി ജീവിക്കുന്ന നല്ലവരായ പുരോഹിതരും സഭയ്ക്കുള്ളിലുണ്ടെന്നുമറിയം. അഭിഷിക്തരുടെ കരശന നടപടികൾ പേടിച്ച് അവർ നാവടച്ചുകൊണ്ട് നിശബ്ദരായിരിക്കുന്നുവെന്നു മാത്രം.

    അഭിഷിക്തരെ പേടിച്ചുകൊണ്ട് വിമ്മിഷ്ടപ്പെട്ടു കഴിയുന്ന പുരോഹിതരെല്ലാം തങ്ങൾക്കും ഗുണപ്രദമായ സൈബർ വിമർശനങ്ങൾ ഇഷ്ടപ്പെടുന്നവരാണെന്നും അറിയാം. കുറ്റിയും പറിച്ചുകൊണ്ട് വേലിയും ചാടി നടക്കുന്ന അച്ചന്മാരെയും കന്യാസ്ത്രികളെയും കല്യാണം കഴിപ്പിക്കണമെന്നു പറയുന്നത് തെറ്റോ? സ്നേഹിച്ച കന്യാസ്ത്രിയെ വിവാഹം കഴിക്കണമെന്ന മുറവിളിയുമായി അച്ചന്മാരും കന്യാസ്ത്രികളും മെത്രാന്റെ അരമനയ്ക്കുള്ളിൽ കൊടി പിടിച്ചു നടക്കുന്ന കാഴ്ചകൾ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല.

    കേരള നസ്രാണി സഭ നിലയില്ലാത്ത വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ്. പണ്ടുള്ള പ്രതാപമൊന്നും പുരോഹിതർക്കും മെത്രാനും ജനം കല്പ്പിച്ചിട്ടില്ല. കർദ്ദിനാളിന്റെ താടിയും രുദ്രാക്ഷയും കണ്ട് ബഹുമാനിക്കുന്ന കാലവും കടന്നു പോയി. തിരുമേനിയെന്നു വിളിച്ചു കൊണ്ടിരുന്ന സഭാ പൌരന്മാർക്ക് അങ്ങനെ വിളിക്കണമോയെന്നു ഇന്ന് രണ്ടു പ്രാവിശ്യം ചിന്തിച്ചിട്ടെ സാധിക്കുള്ളൂ. ഭയ ഭക്തി ബഹുമാനം കൂടാതെയാണ് ഇന്ന് മെത്രാന്റെ അംശവ ടിയെയെയും മോതിരത്തെയും വിശ്വാസികൾ മുത്തുന്നുവെന്നും മനസിലാക്കുക.

    ഒളിയമ്പുകളെയ്ത് പുരോഹിതർ സൃഷ്ടിച്ചതായ കുഞ്ഞുങ്ങളുടെ രോദനം ലോകമാകമാനമുള്ള സഭ ശ്രദ്ധിക്കാതെ വന്നപ്പോഴായിരുന്നു ബനഡിക്റ്റ് മാർപ്പാപ്പായ്ക്ക് പാപ്പാ സ്ഥാനം ഒഴിയേണ്ടി വന്നത്. യൂറോപ്പിലും അമേരിക്കയിലും ആയിരക്കണക്കിന് പുരോഹിത കുഞ്ഞുങ്ങൾ അനാഥാലയങ്ങളിലും തെരുവുകളിലും ഉണ്ട്. കേരളത്തിലെ പൌരാഹിത്യ വഷളത്തരങ്ങളറിയാൻ പുരോഹിതനായിരുന്ന ഷിബുവിന്റെയും കന്യാസ്ത്രിയായിരുന്ന രശ്'മിയുടെയും പുസ്തകങ്ങൾ വായിച്ചാൽ മതിയാകും. അനാഥരാകുന്ന പുരോഹിത കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കണമെന്ന് സഭാ പൌരർ ചൂണ്ടി കാണിച്ചാൽ അത് വിമർശന ഫാഷനാമാകുമോ? അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കാനുള്ള കടപ്പാടുകൾ സഭയ്ക്കില്ലേ?. പുരോഹിതർ പീഡിപ്പിച്ച ഈ കുഞ്ഞുങ്ങളുടെ മാനം എന്തു വില കൊടുത്താൽ തീരും.? ബ്രഹ്മ ചര്യ നിയമങ്ങൾ ശ്രേഷ്ഠമായി ചിന്തിക്കുന്നവർ അവർക്കുണ്ടാകുന്ന തെരുവു കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറാകുമോ?

    കള്ളങ്ങളെല്ലാം സത്യമെന്ന് പ്രചരിപ്പിക്കുകയെന്നത് സഭയുടെ അജണ്ടയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അത് ആരെങ്കിലും കള്ളമെന്നു പറഞ്ഞാൽ സഭയുടൻ അർജുനന്റെ വജ്രായുധമെടുത്ത് വിമർശിക്കുന്നവരുടെ തലവെട്ടാൻ നോക്കും. സഭയെന്നു പറഞ്ഞാൽ കള്ളവും സത്യവും കൂട്ടി കലർത്തി അതിൽ പ്രതീക്ഷകളും നിരാശകളും വാസ്തവികതകളും അവാസ്തവികതകളും നിറച്ചു പാണക്കെട്ടായി കെട്ടി വെച്ചിരിക്കും. ഇതെല്ലാം സഭയെ നയിക്കുന്നവർ ക്രിസ്തുമതമെന്ന പേരിൽ പൊതിഞ്ഞുകെട്ടി ഒരു പാക്കറ്റു പോലെ വിശ്വാസജനതയ്ക്ക് നല്കും. ആത്മാവിനെ ശുദ്ധീകരിച്ച് ശുദ്ധീകരണ സ്ഥലം വഴി സ്വർഗത്തിൽ പോവാനുള്ള വഴിയും ആ പായ്ക്കറ്റിനുള്ളിലുണ്ട്. ആരും അത് തുറന്നു നോക്കാൻ പാടില്ല. വഴിയും സത്യവും ഞാൻ മാത്രം. ഇതിലേ മാത്രം. ഒരേ വഴിയെ മേയ്ച്ചുകൊണ്ട് ഇടയന് കുഞ്ഞാടുകളെ നയിക്കണം. ഇടയനെന്നും ആടുകളുടെ പാലും മാംസവും കഴിക്കണം. തിന്നു കുടിച്ചുല്ലസിച്ചു ജീവിക്കുന്ന പൗരാഹിത്യമെന്ന കാട്ടുമൃഗത്തെ അറക്കാൻ സമയമായി. ഇല്ലെങ്കിൽ ക്രിസ്തുവിനെ ഇവർ വധിച്ചുകൊണ്ടിരിക്കും.

    ഇവർ കെട്ടി വെച്ചിരിക്കുന്ന 'ക്രിസ്തുമതമെന്ന' പാണക്കെട്ട് സ്വർഗത്തിലെ നട തുറക്കുവോളം പൊട്ടിക്കാൻ പാടില്ല. അതുവരെ ഭൂമിയിലെ ഈ ദൈവങ്ങൾക്ക് 'സ്വാമിയേ ശരണം പിതാവേ', പിതാവല്ലാതെ മറ്റാരുമില്ലാ'യെന്ന ശരണം വിളികളായി മരിക്കുവോളം നടക്കണം. പുരോഹിതർക്ക് രുചിക്കുന്ന കുറെ ബൈബിൾ വചനങ്ങളും കുന്നുകൂടിയ യുക്തി ഹീനതകളും കര കവിഞ്ഞൊഴുകുന്ന വൈകാരിക വൈരൂപ്യങ്ങളും കുത്തി നിറച്ചിട്ടുണ്ട്.

    ഇതെല്ലാം കേട്ട് ക്രിസ്ത്യാനികളായ നാം വളർന്നു. ചിലരുണർന്നു. അവർക്ക് പള്ളിയ്ക്കകത്ത് കാലുകുത്താൻ മടിയും. ആരോ വിരുതന്മാർ തെരഞ്ഞെടുത്ത വഴിയേ ചിന്താശക്തി നശിച്ച വിഡ്ഢികളായവർ ഇന്നും പിന്തുടരുന്നു. യുക്തിയില്ലാതെ മസ്തിഷ്ക്ക പ്രഷാളനം ചെയ്തവരെങ്ങനെ, ആരെ വിമർശിക്കും?. പുരോഹിത പച്ചക്കള്ളങ്ങൾ നിറഞ്ഞ പായ്ക്കറ്റിനുള്ളിൽ നിറഞ്ഞിരിക്കുന്നത് സത്യമെന്നും വിശ്വസിക്കുന്നു. ദൈവമെയെന്നു ഭയപ്പെട്ടാണ് പാവം അല്മേനി പള്ളിക്കുള്ളിൽനിന്നും നിലവിളിക്കുന്നത്.

    ReplyDelete
  2. "കേരളം ഒരു ഭ്രാന്താലയം" എന്ന് സ്വാമി വിവേകാനന്ദന്‍ പണ്ടുപറഞ്ഞത്‌ ഇന്നലെ പോപ്പ് സ്ഥിരീകരിച്ചു ! ഇന്നും കേരളം 'മണ്ടന്മാരുടെ സ്വന്തം നാട്' എന്ന് മനനമുള്ള ആര്‍ക്കും പെട്ടന്ന് മനസിലാകുവാന്‍ ; "കേരളം ഭക്തിക്കു വളക്കൂറുള്ള നല്ല മണ്ണാണെന്ന" പോപ്പിന്റെ വാക്കുകള്‍ നമുക്കെന്നും അപമാനകരമാണ് ! പുതിയ പുതിയ പുണ്ണ്യവാളരെ രൂപക്കൂട്ടിലാക്കി നടായനാടുമുഴുവന്‍ നാല്‍ക്കവലകളില്‍ സിമിന്ടു കൊണ്ടുണ്ടാക്കി സ്ഥാപിച്ചാല്‍ , ഈ ജനം സത്യദൈവത്തെ മറന്നു ഈ രൂപക്കൂടുകളില്‍ അഭയംതേടി, 'ഭക്തി' എന്ന മനസിന്‍റെ 'ഭ്രമം' കാരണം 'കൈക്കൂലിയായി' കയ്യിലിരിക്കുന്ന കാശു (പുരോഹിതധൂര്‍ത്തിനായി) അവിടെ നിക്ഷേപിക്കും ! പോരെ ,റോമിനും പാതിരിപ്പടയ്ക്കും ജീവനകുശാല്‍കൂട്ടാൻ ? !
    ഈ പോക്കുപോയാല്‍, റോമാപുണ്ണ്യവാന്മാര്‍ക്കൊപ്പം കേരളത്തിലെ കാക്കത്തൊള്ളായിരം ഇതരസഭകളും ഇതൊരു കലയാക്കിയാല്‍, പുണ്ണ്യസ്ഥലങ്ങള്‍ കൊണ്ടും പുണ്ണ്യവാന്മാരെകൊണ്ടും ഇവിടുത്തെ പാവം ഹിന്ദുക്കള്‍ക്ക് വഴിനടക്കാന്‍ മേലാതാകും !ശ്രീ .ചാക്കോ കളരിക്കലും ശ്രീ. ജോസഫ്‌ മാത്യുവും അവരുടെ ഹൃദയരണത്തില്‍ ചായംചേര്‍ത്തു എഴുതിയ ഈ 'അറിവിന്റെകുറിമാനങ്ങള്‍ ' മനമമുള്ള അച്ചായാ, നീ ഒരുവട്ടമെങ്കിലും വായിച്ചില്ലെങ്കില്‍ ..നിനക്ക് ഹാ..കഷ്ടം !
    ധുര്ഭരണം കാരണം സർക്കരുകളെപോലും പിരിച്ചുവിടുന്ന ഈ ആധുനികകാലത്തു, വേണ്ടാതീനവും തോന്യവസവും ദൈവനിന്ദയും ഫാഷനാക്കിയ 'പുരോഹിതമേല്‍ക്കോയ്മയെ' തച്ചുടച്ചില്ലാതെയാക്കുവാന്‍ ഇനിയും അധികം സമയം കാലമെടുക്കില്ല ! അപ്പനല്ലാത്ത പൊട്ടക്കത്തനാരെ 'അപ്പനെന്നു' വിളിക്കാന്‍ നാവിനിയും വിവരമുള്ളവന് വഴങ്ങില്ല ! ഈ നാറ്റകേസുകളെ "തിരുമേനീ "എന്ന് വിളിച്ചിനീ വിവരദോഷികള്‍ പോലും അപമാനിക്കില്ല ! പാപത്തിനെ ഭൂഷണമാക്കി ളോഹയ്ക്കൊപ്പം അണിയുന്ന ഈ വന്കന്മാരെ ജനമിനിയും വന്ദിക്കില്ല..മനസാ നിന്ദിച്ചാലും !
    അഭയാക്കേസില്‍ വിധികാത്തിരിക്കുന്ന പുണ്ണ്യജന്മങ്ങളെ ഇനി എന്നാണാവോ പോപ്പ് രൂപക്കൂട്ടിലാക്കുക? ലോകമേ, കണ്ണുചിമ്മരുതെ ..നമുക്ക് കാത്തിരിക്കാം ..

    ReplyDelete
  3. ഡോ. ആന്റണിയുടെ മെയിലിനു ഞാൻ ഉടനടി ഒന്നും എഴുതിയില്ല. കണ്ണടച്ച് അന്ധത നടിക്കുന്നവരോട് പുറത്തു വെളിച്ചമുണ്ടെന്ന് പറഞ്ഞിട്ടു കാര്യമില്ലല്ലോ എന്നോർത്താണ് ഇതുവരെ ഒന്നും അതേക്കുറിച്ച് എഴുതാൻ തുനിയാതിരുന്നത്. എനിക്കുപകരം പ്രഗത്ഭരായ രണ്ട് സുഹൃത്തുക്കൾ ആന്റണിക്കുള്ള മറുപടി എഴുതിക്കഴിഞ്ഞു. ഇന്നവശേഷിക്കുന്ന കത്തോലിക്കാ സമൂഹത്തിൽ ഇത്തരം അന്റണിയച്ചന്മാരും അമ്മമാരും ആവോളം ഉണ്ട്. അവര്ക്ക് സുഖിക്കുന്നതു മാത്രമേ അവർ വായിക്കൂ, അവരുടെ ദൈവസങ്കല്പത്തിന് ഉതകുന്നതുമാത്രമേ അവർ കേൾക്കുകയും പറയുകയും ചെയ്യൂ. അസഹിഷ്ണുതയാണ് അവരുടെ പരിച.

    എന്നാൽ രക്ഷകനെന്ന് അവർ കരുതുന്ന യേശു തന്നെയായിരുന്നു ഏറ്റവും വലിയ നവീകർണകർത്താവ് എന്നതവർ എങ്ങനെ മറക്കുന്നു? അതിനു കാരണം ഇതാണ്. അത്ഭുതപ്രവർത്തകനായി ജനതകളുടെ ഭാവനകളിൽ വളർന്ന വിശ്വാസത്തിലെ യേശു ചരിത്രത്തിലെ യേശുവിനുമേൽ വിജയം നേടി. ചരിത്രത്തിൽ ജീവിച്ച യേശു ഒരു ക്രിസ്ത്യാനിയേ ആയിരുന്നില്ല. ജൂതമതത്തിലെ നവോഥാനമായിരുന്നു ആ യേശുവിന്റെ മനസ്സു നിറയെ. അത് യഹൂദ-പുരോഹിത ആചാര്യവ്യവസ്ഥയുടെ വിപ്ലവകരമായ പരിവർത്തനത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നദ്ദേഹത്തിനു അറിയാമായിരുന്നു. അത് രക്തസാക്ഷിത്വത്തിൽ കലാശിച്ചു.

    സഭ ആദ്യം മുതലേ നവീകരണത്തെ സ്വാംശീകരിക്കേണ്ടി വന്നിട്ടുണ്ട്. യേശുവിന്റെ വിശ്വസ്ത ശിഷ്യനായ പത്രോസിന്റെയും യേശുവിന്റെ സഹോദരൻ ആയിരുന്ന യാക്കോബിന്റെയും നേതൃത്വത്തിൽ വളർന്നു വികസിച്ച സഭയുടെ നിയന്ത്രണം പോൾ ഏറ്റെടുത്തതോടെ സഭയിൽ പുതിയ വിശ്വാസസംഹിതകൾ തന്നെ ഉടലെടുത്തു. അവയെ ആധാരമാക്കിയാണ് സുവിശേഷങ്ങൾ പോലും എഴുതപ്പെട്ടത്. അപ്പോഴേയ്ക്കും ജൂതമതബന്ധത്തിൽ നിന്ന് കുതറി മാറി സഭ ഒരു ലോകമതമായി മാറിക്കഴിഞ്ഞിരുന്നു. അതിനായി പോൾ വിഭാവനം ചെയ്ത ദൈവശാസ്ത്രത്തിനനുസരിച്ച് ചരിത്രത്തിലെ യേശുവിനെയും അദ്ദേഹത്തിൻറെ കുടുംബത്തെയും പുകമറക്കുള്ളിൽ നിറുത്തേണ്ടതുണ്ടായിരുന്നു. പറഞ്ഞു വരുന്നത്, നവീകരണം എന്ന് പറയുന്നത് സഭാജീവിതത്തിന്റെ തന്നെ ഭാഗമാണ്. അത് ദൈവദൂഷണമാണെങ്കിൽ ഇന്നുള്ള സഭ തന്നെ ദൈവദൂഷനത്തിന്റെ പരിണതഫലമാണ്. യേശുവിന്റെ ശിഷ്യന്മാര്ക്ക് മേൽ പോൾ നേടിയ വിജയം ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു. പിന്നെയിങ്ങോട്ടുള്ള ചെറുതും വലുതുമായ അട്ടിമറികൾ ശ്രീ ചാക്കോച്ചനും ജോസഫ്‌ മാത്യു വും വിവരിച്ചു പറഞ്ഞിട്ടുണ്ട്.

    ചരിത്രാന്വേഷണത്തിലും ഭാവനയുടെ അംശം കടന്നു വരുമെന്നുള്ളതിനാൽ യേശുവിനെപ്പറ്റിയുള്ള പല ചോദ്യങ്ങൾക്കും ആധികകരികമായ ഉത്തരമില്ല.എന്നാൽ ചരിത്രത്തിലെ യേശുവിന്റെ നിഷേധമായാണ് ക്രിസ്തു സഭയുടെ വളര്ച്ച എന്നൊരു പൊതു നിഗമനമുണ്ട്. മനുഷ്യ ചരിത്രത്തിൽ ഇടപെടുന്ന ദൈവത്തിന്റെ കരങ്ങളും പ്രവാചകനിവർത്തിയായി (വിമര്ശന, നവീകരണ യത്നങ്ങൾ) ഉണ്ടാകുന്ന ദൈവരാജ്യവുമായിരുന്നു യേശുവിന്റെ സുവിശേഷം. എന്നാൽ പോൾ തൻറെമാത്രം അതീന്ദ്രിയാനുഭൂതിയുടെ സാക്ഷാത്ക്കാരമായി മറ്റൊരു ക്രിസ്തുവിനെ വിഭാവനചെയ്യുകയും അങ്ങനെ അധികാരത്തിനെതിരായ ചരിത്രത്തിലെ യേശുവിന്റെ ശബ്ദത്തെ ദുർബലമാക്കുകയും ചെയ്തു. അതാണ്‌ ഇന്നത്തെ സഭയിലും നാം കാണുന്നത് - ക്രിസ്തുവിനെ ഒരതീന്ദ്രിയ അനുഭവമാക്കി മാറ്റുക; യേശുവിന്റെ സന്ദേശത്തെ തീര്ത്തും അവഗണിക്കുക. Dr. ആന്റണിക്കും മറ്റും അതുമതി. അതിനപ്പുറത്തുള്ളതൊക്കെ ദൈവദൂഷണമാണ്! തങ്ങളുടെ അല്പത്വംകൊണ്ട് പ്രതിരോധിക്കപ്പെടേണ്ട ഒരു ബലഹീന സത്തയാണ് ഇത്തരക്കാരുട്ടെ ഇഷ്ടദൈവമെന്നത് ബാക്കിയേവർക്കും പകൽപോലെ തെളിഞ്ഞുകാണാമെന്ന സത്യം പോലും ഇവരറിയുന്നില്ല!
    Tel. 9961544169 / 04822271922

    ReplyDelete
  4. ANILKUMAR KURUP WROTE
    Dear Zach Nedunkanal,

    Interesting!
    Firstly Dr. Antony is a good friend of mine . That certainly do not negate my right to accept or condescend all his opinions in course of a debate. I have known him as a person who often is incensed over the shenanigans and putrescence among spiritual folks and equally scoundrely political clan. I presume his comment you have quoted arose from such feelings.

    As for blasphemy law and its absence in Christianity, consider that as healthy. For all faith needs to move on from its attitudes and those of which have done that have become less barbaric. Hinduism and life in ancient India was based on tolerance and inclusiveness. Argumentation and difference of opinion was a fact of discourses. There is no blasphemy in Hinduism, though the right wing custodians these days would want to go the way of the savages, who follow the Sharia and Islamic laws.

    I agree with your contention that dissent existed in Christianity. You quoted the acts of Martin Luther for instance. Fair enough.
    But it is also a fact that many dissenters were ostracized or hounded by the Church. Wasn't the Pope considered infallible? Even to this day incidences of ostracism and excommunication are heard among the laity. How do we account that?

    It is indeed a fact that power corrupts and that is the case in religions as well.Remember the furor over allegations against the late Saibaba or recently against the Hugging Godwoman in Vallikau.
    How do we account for the candid reports in the book "Amen" by sister Jesmie?

    Dirt and rot has set in all faith. It is better to accept that and see if we can address those issue as God or Gods seem to have either become oblivious to these or do not care a hoot. anilkurup1959@gmail.com

    ReplyDelete