അക്രൈസ്തവനായ
യേശുവിനെ തേടി
ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍
ധന്യവും അര്‍ത്ഥവത്തുമായ ജീവിതമാണ് ഏവരും കാംക്ഷിക്കുന്നത്. എന്നാല്‍, അതിന്നുതകുന്നതല്ല നിലവിലുളള ജീവിതസാഹചര്യങ്ങള്‍. മനുഷ്യന്റെ നൈസര്‍ഗികവികാസത്തെ തടയുന്ന ശക്തികള്‍ അനവധിയാണ്. അവയില്‍ ഒന്നായി മതത്തെ കാണുന്നവരുണ്ട്. എത്രവേഗം മതം വേരറ്റുപോകുന്നുവോ അത്രയും നന്ന് മനുഷ്യഭാവിക്ക് എന്നാണ് അവരുടെ നിലപാട്. മറ്റുചിലരുടെ കാഴ്ചയില്‍, നീതിക്കു നിരക്കാത്ത സാമൂഹികവ്യവസ്ഥകളെ സാധൂകരിക്കാനും ബലവത്താക്കാനും മതം സഹായിച്ചിട്ടുണ്ടെങ്കിലും മനുഷ്യനെ മോചിപ്പിക്കാനും മാനവീകരിക്കാനും വേണ്ട ഊര്‍ജ്ജവും ആവേശവും പകര്‍ന്നുകൊടുക്കാന്‍ നേരായ മതവിശ്വാസത്തിനു സവിശേഷമായൊരു കഴിവുണ്ട്. ഈ ചിന്താരീതിയോടുളള ആഭിമുഖ്യമാണ് മനുഷ്യവിമോചനത്തില്‍ യേശുവിന്റെ പ്രസക്തിയെക്കുറിച്ച് അന്വേഷണം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.
ഈ അന്വേഷണത്തിനു പിന്നില്‍ രണ്ടു നിയാമക തത്വങ്ങളുണ്ട്.
1. യേശുസന്ദേശത്തിന്റെ മൂലരൂപത്തിലേക്കു തിരിച്ചുചെല്ലുക.
2. അതേ സന്ദേശത്തെ സമകാലീന മനുഷ്യന്റെ സ്വയംധാരണയുടെ വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനിക്കുക.
തുടര്‍ന്നു വരുന്ന അന്വേഷണത്തില്‍ നിന്നുതന്നെ ഈ തത്വങ്ങളുടെ സാധുത വെളിവാകുമെന്നാണ് എന്റെ വിശ്വാസം. അന്വേഷണത്തില്‍ പങ്കുചേരാന്‍ അനുവാചകര്‍ക്ക് സഹായകമാകുമെന്നു തോന്നിയ ചില കാര്യങ്ങള്‍ മാത്രം വിശദീകരിക്കയാണ് ഈ അദ്ധ്യായത്തിന്റെ ലക്ഷ്യം.
ചരിത്രപുരുഷനായ യേശുവിലേക്കു പോകണമെന്നു പറയാന്‍ കാരണമിതാണ്: യേശുവിന്റെ സന്ദേശത്തിന്റെ മൂലരൂപമാണ്, അതിന്റെ പില്‍ക്കാലവ്യാഖ്യാനങ്ങളെക്കാള്‍, നമുക്കിന്ന് ഏറെ പ്രസക്തം. വ്യാഖ്യാനങ്ങള്‍ ആ സന്ദേശത്തെ നിര്‍വീര്യമാക്കുകയോ വളച്ചൊടിക്കയോ ആണു ചെയ്തത്. ഇതു മനസ്സിലാക്കാന്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമാണ്.
തനിക്കുതാനന്യനായ യേശു
ക്രിസ്തീയ വിശ്വാസവും ക്രിസ്തീയ പ്രയോഗവും ചരിത്രവ്യക്തിയായ യേശുവില്‍ നിന്ന് അകന്നുപോയത് മൂന്നു തലങ്ങളിലാണ് - ആരാധനയുടെയും വിശ്വാസസത്യങ്ങളുടെയും സ്ഥാപനങ്ങളുടെയും തലത്തില്‍.
ആരാധനാതലത്തിലാണ് ആദ്യമായി അപവികാസം വന്നത്. യേശു നീതിക്കും കാരുണ്യത്തിനും സ്‌നേഹത്തിനുമാണ് പ്രാഥമ്യം നല്‍കിയത്, ആരാധനാവിഷയമായി സ്വയം പ്രതിഷ്ഠിച്ചുമില്ല. ആരാധനാരൂപത്തിലുളള - ആ വാക്കിന്റെ സാമ്പ്രദായികാര്‍ത്ഥത്തില്‍ - ഒന്നും അദ്ദേഹം സ്ഥാപിച്ചതുമില്ല. പക്ഷേ, യേശു മരിച്ച് ഏറെനാള്‍ കഴിഞ്ഞില്ല, തന്നെ കേന്ദ്രപ്പെടുത്തി ആരാധനാനുഷ്ഠാനങ്ങള്‍ രൂപം കൊളളാന്‍ തുടങ്ങി. എന്നാല്‍, വാസ്തവത്തില്‍, ആരാധനാവിഷയം ചരിത്രപുരുഷനായ യേശുവായിരുന്നില്ല, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് 'പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന', ചരിത്രാതീതനും നിത്യനും നിര്‍വികാരനുമായ ക്രിസ്തുവായിരുന്നു. ക്രൈസ്തവഭക്തി അദ്ദേഹത്തെ മനുഷ്യരില്‍ നിന്നകറ്റി മതേതരലോകത്തിന്റെ പുറമ്പോക്കില്‍ ദേവാലയത്തിലെ സക്രാരിക്കുളളില്‍ അടച്ചുപൂട്ടി. അവിടെ മെഴുകുതിരികളും തീര്‍ത്ഥജലവും പൂക്കളും ധൂമവും കൊണ്ട് സജ്ജീകൃതമായ പാര്‍പ്പിടം ഒരുക്കിക്കൊടുത്തു. കൂടാതെ, അയിത്തം പാലിക്കുന്ന, പാപികളില്‍ നിന്നും ചുങ്കക്കാരില്‍ നിന്നും ഒഴിഞ്ഞുമാറുന്ന, സാധാരണരുടെ ലോകത്തെ അവജ്ഞാപൂര്‍വം വീക്ഷിക്കുന്ന, ഒരുവനായി അദ്ദേഹത്തെ ചിത്രീകരിക്കാനും തുടങ്ങി. മാത്രമല്ല, യേശുവിന്റെ മരണത്തിന് മാനുഷിക ദുരന്തത്തിന്റേതായ അര്‍ത്ഥസാന്ദ്രത നഷ്ടപ്പെട്ടു; അത് ഉയിര്‍പ്പിന്റെ മുന്നുപാധിയായി തരം കെട്ടു. ഇതുകൊണ്ടും നിന്നില്ല ഭക്തിവരുത്തിവച്ച കെടുതികള്‍. അത് യേശു എന്ന സമഗ്രപ്രതിഭാസത്തെ വെട്ടിമുറിച്ചു. പിന്നെ, ഓരോ അംശത്തെയും ചൂഴ്ന്ന് ഭക്തിമുറകള്‍ രൂപംകൊളളാന്‍ തുടങ്ങി - തിരുഹൃദയഭക്തി, അഞ്ചു തിരുമുറിവുകളോടുളള ഭക്തി, മുള്‍മുടിയോടുളള ഭക്തി, ഇങ്ങനെ പലതും. മദ്ധ്യയുഗങ്ങളോടെ യേശുവിന്റെ പ്രവചനപ്രസ്ഥാനം ഭക്തിപ്രധാനമായ മതമായിമാറി. നീതിയും സ്‌നേഹവും രണ്ടാം നിരയിലേക്കു തളളപ്പെട്ടു.
സമാനമായ ഒരപഭ്രംശം വിശ്വാസത്തിന്റെ തലത്തിലുമുണ്ടായി. സമവീക്ഷണസുവിശേഷങ്ങള്‍(synoptic gospels) വരച്ചുകാട്ടുന്ന യേശു നമ്മിലാരെയുംപോലെ ഒരുമനുഷ്യനാണ്; മാംസവത്തായ വചനം എന്നതിനെക്കാള്‍ വചനമായിത്തീര്‍ന്ന മാംസമാണ്. സ്‌നേഹിക്കപ്പെടുന്നതിലൂടെ താന്‍ സ്‌നേഹിക്കാന്‍ പഠിച്ചു; മറ്റുളളവരുടെ 'നീ' എന്ന വിളികേട്ട് 'ഞാന്‍' എന്ന ബോധത്തിലേക്കു വളര്‍ന്നു. അവരുമായുള്ള സംസര്‍ഗം അദ്ദേഹത്തെ സഹിഷ്ണുതയും സഹാനുഭൂതിയും ഉളളവനാക്കി. മനുഷ്യര്‍ തനിക്ക്, ജീവിതത്തിലെ വിഷമാവസ്ഥകളില്‍ പ്രത്യേകിച്ചും, ഒരാവശ്യമായിത്തീരത്തക്കവണ്ണം അത്ര ആഴത്തില്‍ അവരില്‍ വേരൂന്നി. മാനുഷികമായ എല്ലാറ്റിനോടും പ്രതിസ്ഫന്ദിച്ച അദ്ദേഹം സ്ത്രീസൗഹൃദത്തെ വിലമതിച്ചു; ശിശുക്കളെയും വീഞ്ഞിനെയും ലില്ലിപ്പൂക്കളെയും സ്‌നേഹിച്ചു, സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കയും കരയുന്നവരോടുകൂടി കരയുകയും ചെയ്തു. ഏതു മനുഷ്യനെയും പോലെ വിജ്ഞാനത്തിലും മനുഷ്യന്റെയും ഈശ്വരന്റെയും പ്രീതിയിലും വളരേണ്ടിയിരുന്നു അദ്ദേഹത്തിന്.(ലൂക്കാ 2:52). യേശു ഒരു സത്യാന്വേഷകനായിരുന്നു - തന്നെ സൃഷ്ടിച്ച ദൈവത്തെ തേടി നടന്നവന്‍. ഒടുക്കം യോര്‍ദാന്‍ നദിയുടെ തീരത്തുവച്ച് അദ്ദേഹം ദൈവത്തെ കണ്ടെത്തി. സ്‌നാപക യോഹന്നാനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ച ദിവസം സ്രഷ്ടാവ് അദ്ദേഹത്തെ കടപിഴുതുകൊണ്ടുപോയി; അയാള്‍ക്കു പുതിയൊരു മനസ്സും ഹൃദയവും നല്‍കി. അന്നു മുതലാണ് ദൈവരാജ്യത്തിന്റെ കാഴ്ചവെട്ടത്തില്‍ അദ്ദേഹം ലോകത്തെ കാണാന്‍ തുടങ്ങിയത്. എന്നാല്‍ അവിടെയും നിലച്ചില്ല തന്റെ അന്വേഷണം. ഈശ്വരനോടുളള ബന്ധത്തെ ആഴത്തില്‍ കണ്ടറിയുകയും തന്റെ ജീവിതധര്‍മ്മത്തെപ്പറ്റി വ്യക്തത ആര്‍ജിക്കയും വേണ്ടിയിരുന്നു. അതിനാണദ്ദേഹം മരുഭൂമിയിലേക്കു പോയത്. അവിടെവച്ച് തന്റെ അന്തരാത്മാവില്‍ ഇരുട്ടും വെളിച്ചവും തമ്മില്‍ നടന്ന സംഘട്ടനത്തിന്റെ പ്രതീകാത്മക ആവിഷ്‌കാരമാണ് മരുഭൂമിയിലെ 'പ്രലോഭനങ്ങള്‍'.
സ്വന്തം പരിമിതികളെപ്പറ്റി തികച്ചും ബോധവാനായിരുന്നു യേശു. ദൈവരാജ്യം എന്നു വരും എന്ന ചോദ്യത്തിന് ' ആ ദിവസമോ മണിക്കൂറോ ആര്‍ക്കും അറിയില്ല; ദൈവദൂതന്മാര്‍ക്കോ ദൈവപുത്രനോ പോലും അറിയില്ല; പിതാവിനു മാത്രമേ അതറിയാവൂ''(മര്‍ക്കോസ് 13:32) എന്നായിരുന്നു യേശുവിന്റെ മറുപടി. അതുപോലെ, വരാനിരിക്കുന്ന നവയുഗത്തിന്റെ വരങ്ങള്‍ സ്വേച്ഛാനുസാരം വിതരണം ചെയ്യാന്‍ തനിക്കധികാരമില്ലെന്ന് യേശു തുറന്നു പറഞ്ഞു (മര്‍ക്കോസ് 10:40). തന്റെ വ്യക്തിവിലാസം ദിവ്യതയെ പ്രസരിപ്പിച്ചിരുന്നെങ്കിലും ദൈവത്തിനു സമനാകാന്‍ യേശു ഇച്ഛിച്ചില്ല എന്ന പൗലോസിന്റെ പ്രസ്ഥാവം(ഫിലിപ്പിയര്‍ 2:6) ഇവിടെ ശ്രദ്ധേയമാണ്. തന്നെ 'നല്ലവനായ ഗുരോ' എന്നു വിളിച്ച യുവാവിനോട് യേശു പറഞ്ഞത് ഇതാണ്: ' എന്തേ എന്നെ നല്ലവനെന്നു വിളിക്കാന്‍? ഈശ്വരനല്ലാതെ ആരുമില്ല നല്ലവനായി'(മര്‍ക്കോസ് 10:17-18). വിഭിന്നവും വിരുദ്ധവുമായ വികാരങ്ങള്‍ക്കു വിധേയനായിരുന്നു അദ്ദേഹം. കപടഭക്തരുടെ മുമ്പില്‍ തന്റെ ധാര്‍മ്മിക രോഷം ശാപവാക്കുകളായി നിര്‍ഗ്ഗളിച്ചു. സ്വപിതാവിന്റെ ഭവനമായ അമ്പലത്തിലെ ക്രയവിക്രയങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം അമര്‍ഷം പൂണ്ടു. ജറൂസലേമില്‍ നേരിടാന്‍ പോകുന്ന ദുരന്തഭാഗധേയത്തിനു മുമ്പില്‍ അദ്ദേഹത്തിന് അനുഭവപ്പെട്ടത് കൊടിയ ആന്തരസംഘര്‍ഷമാണ്. 'എനിക്കൊരു ജ്ഞാനസ്‌നാനത്തിനു വിധേയനാകേണ്ടതുണ്ട്. ആ പരീക്ഷണം തീരും വരെ ഞാന്‍ ഏറെ അസ്വസ്ഥനായിരിക്കും'(ലൂക്കാ 12:50). മരണസാധ്യത അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. ' മരിക്കുവാമ്മാറ് എന്റെ ആത്മാവ് ദുഃഖിതമായിരിക്കുന്നു.''(മര്‍ക്കോസ് 14:34). തന്നെ മരണത്തില്‍ നിന്നു രക്ഷിക്കണേ എന്ന് യേശു ദൈവത്തോടു കേണപേക്ഷിച്ചതായി ഹെബ്രായര്‍ക്കുളള ലേഖനവും രേഖപ്പെടുത്തിയിരിക്കുന്നു.(ഹെബ്രായര്‍ 5:7).
നമ്മിലൊരുവന്‍ ആയിരിക്കെത്തന്നെ എല്ലാറ്റിലും നമ്മെ അതിശയിക്കുന്ന ഈ യേശു എവിടെ, വിശ്വാസസത്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന യേശു എവിടെ. രണ്ടാമത്തവന്‍ യവന-റൊമാന ചിന്തയുടെ മൂശയില്‍നിന്നു വാര്‍ന്നു വീണ യേശുവാണ്, അന്തഃസത്തചോര്‍ന്നുപോയ യേശുവാണ്. താന്‍ വാര്‍ന്നുവീണതോ, അമൂര്‍ത്താശയങ്ങളായിട്ടും. വ്യക്തിത്വം, സ്വഭാവം, ശരീരം, ആത്മാവ്, ഗുണം, ഗണം, അസ്തിത്വം, സത്ത, തുടങ്ങിയവ. ആരാധന പ്രവൃത്തിയുടെ തലത്തില്‍ വരുത്തിവച്ചത്, ദൈവവിജ്ഞാനീയം ചിന്തയുടെ തലത്തില്‍ വരുത്തിവച്ചു. കുറേ സാമാന്യാശയങ്ങളുടെ ആകത്തുക മാത്രമായി യേശു. പിന്നെ തലനാരിഴ കീറലായി. കേള്‍ക്കൂ: യേശു എന്ന ഏക ദൈവിക വ്യക്തിയില്‍ രണ്ടു സ്വഭാവങ്ങള്‍ ഉണ്ടുപോലും - ഒന്ന് ഈശ്വരീയവും മറ്റത് മാനുഷികവും. ത്രിത്വത്തിലെ രണ്ടാമത്തെയാള്‍ എന്ന നിലയ്ക്ക് യേശു പിതാവിനോടും പരിശുദ്ധാത്മാവിനോടും ഒപ്പം ഒരേ സത്തയ്ക്ക് ഉടമയാണ്. ഇതു പില്‍ക്കാലത്ത് വിവാദങ്ങള്‍ക്കു വഴിവച്ചു. പുത്രന്‍ പിതാവില്‍ നിന്നു മാത്രമാണ് ഉറവെടുക്കുന്നതെന്ന് ഒരുകൂട്ടര്‍; അല്ല, പിതാവില്‍നിന്നും പരിശുദ്ധാത്മാവില്‍നിന്നുമാണെന്ന് വേറൊരു കൂട്ടര്‍. വന്ധ്യമായ ഈ വാദങ്ങള്‍ക്കിടയില്‍ യേശുവിന്റെ മനുഷ്യത വിസ്മൃതിയിലാണ്ടു. തനിക്കു മനുഷ്യ സ്വഭാവമുണ്ടെന്ന് വിശ്വാസപ്രമാണവും ദൈവവിജ്ഞാനീയവും പ്രഖ്യാപിച്ചു എന്നതു ശരിതന്നെ. പക്ഷേ, രണ്ടും തന്റെ മനുഷ്യവ്യക്തിത്വത്തെ നിഷേധിച്ചു. ഇങ്ങനെ മതചിന്ത കാടു കയറി. ഇതിന്റെയെല്ലാം പ്രതിഫലനം ക്രൈസ്തവ വേദാധ്യാപനത്തിലും കാണാം. സാധാരണക്കാരുടെ നോട്ടത്തില്‍, മനുഷ്യനായി വേഷംകെട്ടിയ ഈശ്വരനാണ് യേശു. അദ്ദേഹം വിജ്ഞാനത്തില്‍ വളര്‍ന്നുവെന്ന് വി. ലൂക്കാ എഴുതിയിട്ടുണ്ടെങ്കിലും അതു തികച്ചും ശരിയല്ല. ദൈവമായതിനാല്‍ ശൈശവം മുതലേ സര്‍വജ്ഞനായിരുന്നിരിക്കണം. യേശു പീലാത്തോസിന്റെ കാലത്ത് പീഡനമനുഭവിച്ചെന്ന വിശ്വാസപ്രമാണവും ശരിയാവാന്‍ വഴിയില്ല. സച്ചിദാനന്ദസ്വരൂപനു പീഡനമനുഭവിക്കാന്‍ കഴിയുന്നതെങ്ങനെ? സാധാരക്കാര്‍ സുവിശേഷം വായിക്കാറില്ലായിരുന്നു. വായിച്ചപ്പോഴെല്ലാം യേശുവിന്റെ മനുഷ്യതയെ ഊന്നുന്ന പ്രസ്താവങ്ങളുടെ നേരെ കണ്ണടക്കയാണു ചെയ്തത്. ചിന്തിക്കുന്നവരാവട്ടെ, അവയെ വ്യാഖ്യാനിച്ചു വളച്ചൊടിച്ചു. ചുരുക്കത്തില്‍ ഭക്തി യേശുവെ മാനവസമവായത്തില്‍ നിന്നു മാറ്റി ലോകത്തിന്റെ പുറമ്പോക്കില്‍ കുടിയേറ്റിയെങ്കില്‍, പ്രാമാണിക വിശ്വാസം അദ്ദേഹത്തെ ഉണങ്ങി വരണ്ട ആശയങ്ങളുടെ ലോകത്തിലേക്കു നാടുകടത്തി.
ഭക്തിയെയും മതാധ്യാപനത്തെയും പോലെതന്നെ സ്ഥാപനീകരണവും യേശുവിന്റെ ഇമേജിനെ വികലമാക്കി. തന്റെ പരിവ്രാജക ജീവിതത്തിന്റെ തുടക്കം മുതലേ എല്ലാ അധികാരത്തെയും നിരാകരിച്ചവനായിട്ടാണ് സുവിശേഷങ്ങള്‍ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. നവയുഗത്തിലേക്കുളള വഴി അധികാരത്തിലൂടെയാണെന്ന് യേശു വിശ്വസിച്ചില്ല. താന്‍ തുടങ്ങിവച്ച പ്രവാചകപ്രസ്ഥാനത്തിന്റെ നട്ടെല്ല് യവന-റൊമാന ലോകത്തിലെ ദരിദ്രരായിരുന്നു. അവരാകട്ടെ, യാതൊരു രാഷ്ട്രീയ സ്വപ്നവും വച്ചുപോറ്റിയിരുന്നുമില്ല. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ രാഷ്ട്രമതമായി പ്രഖ്യാപിച്ചതോടെ സ്ഥിതിയാകെ മാറി. ക്രൈസ്തവസമൂഹങ്ങള്‍ പ്രത്യേകം അവകാശങ്ങളും ആനുകൂല്യങ്ങളും പിടിച്ചുപറ്റി. അങ്ങനെ മരുഭൂമയില്‍വച്ച് യേശു തരണം ചെയ്ത പ്രലോഭനത്തിന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എളുപ്പം അടിയറവച്ചു. അതോടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കാന്‍ തുടങ്ങി സഭ. സ്ഥാപനങ്ങള്‍ പെരുകി. നൂറ്റാണ്ടുകള്‍ വേണ്ടിവന്നു രാഷ്ട്രീയജീവിതത്തിന് സഭയുടെ കോയ്മയില്‍ നിന്നു വിടുതല്‍ നേടാന്‍. അതിനു ശേഷവും വിദ്യാലയങ്ങള്‍, കലാശാലകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെമേലുളള സഭയുടെ പിടി അയഞ്ഞില്ല. മറിച്ച് പുത്തന്‍ പുത്തന്‍ സ്ഥാപനങ്ങള്‍ പൊന്തിവരാന്‍ തുടങ്ങി. ഫലമോ, ഇന്ന് ഓരോ പ്രാദേശികസഭയ്ക്കും അതിന്റേതായ സ്ഥാപനസാമ്രാജ്യമുണ്ട്. സ്ഥാപനങ്ങളില്‍ മിക്കവയ്ക്കും യേശുസന്ദേശത്തോട് പൊക്കിള്‍കൊടി ബന്ധം പോലുമില്ലതാനും. അവയെ നിര്‍ണയിക്കുന്നത് മുതലാളിത്തത്തിന്റേതായ മൂല്യങ്ങളാണ് - സ്വകാര്യതാല്പര്യവും മാത്സര്യവും ഹിംസാത്മകതയും അധികാരാസക്തിയും മറ്റും. മാത്രമല്ല, അവ മതേതര മേഖലകള്‍ക്ക് അവയര്‍ഹിക്കുന്ന സ്വായത്തത അനുവദിച്ചു കൊടുക്കുന്നുമില്ല. അക്കാരണത്താല്‍ത്തന്നെ ആധിപത്യത്തിന്റെ ഉപകരണങ്ങളായി അവ മാറുന്നു. അങ്ങനെ, വിചിത്രമായ ഒരു ചരിത്രവിപര്യയത്തിലൂടെ യേശു പ്രഖ്യാപിച്ച വിമോചകസന്ദേശം സ്ഥാപനരൂപത്തിലുളള അസ്വതന്ത്രതയ്ക്കു വളംവച്ചുകൊടുത്തു. സ്ഥാപനങ്ങള്‍ യേശുവിന്റെ ഇമേജിനു കളങ്കം വരുത്തുക മാത്രമല്ല, തന്റെ സന്ദേശത്തിന്റെ വിപ്ലവശക്തിയെ ചോര്‍ത്തിക്കളയുകയും ചെയ്തു.
ഇതിന്റെയെല്ലാം ദുരന്തഫലമെന്തെന്നോ? തന്റെ ശിഷ്യരെന്ന് അവകാശപ്പെടുന്നവരുടെ ഇടയില്‍പ്പോലും യേശു ഒരജ്ഞാത മനുഷ്യനായി നിലകൊള്ളുന്നു. കുന്നുകൂടിയ ആചാരാനുഷ്ഠാനങ്ങളുടെയും നിയമങ്ങളുടെയും ഇതിഹാസങ്ങളുടെയും മിത്തുകളുടെയും അന്ധവിശ്വാസങ്ങളുടെയും അടിയില്‍ അമര്‍ന്നു കിടക്കയാണ് അദ്ദേഹം. പാരമ്പര്യങ്ങളുടെ എണ്ണമററ ചരടുകൊണ്ട് തന്റെ കൈകാലുകള്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു. തന്റെ ശബ്ദത്തെ അവര്‍ അമര്‍ത്തിയൊതുക്കി, ചേതനയെ വീര്‍പ്പുമുട്ടിച്ചു. യേശു ഇന്നും മനുഷ്യരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അത് ഔദ്യോഗികസഭയിലൂടെ എന്നതിനെക്കാള്‍ ആത്മാര്‍ത്ഥതയുള്ള വിമത ക്രൈസ്തവരിലൂടെയാണ്. അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ചരിത്രാന്തപരമായ പ്രത്യാശയും കാത്തുസൂക്ഷിക്കുന്നവരെ നേരിടുന്ന വെല്ലുവിളി ഇതാണ് - ആരാധനയുടെയും വിശ്വാസസത്യങ്ങളുടെയും സ്ഥാപനങ്ങളുടെയും തടവറയില്‍നിന്ന് അദ്ദേഹത്തെ വിടുവിക്കുക. അങ്ങനെ പണ്ടേപ്പോലെ നാടെല്ലാം ചുററിനടന്ന് ഇന്നത്തെ നിയമജ്ഞന്മാരുടെയും പ്രീശന്മാരുടെയും പുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും ഹേറോദേസുമാരുടെയും നേരെ വിരല്‍ചൂണ്ടി കുററാരോപണം നടത്താന്‍ യേശുവിനു കഴിയട്ടെ. അതുപോലെ, വെറും ചരിത്ര സൃഷ്ടികളായ വിശ്വാസ-പാരമ്പര്യങ്ങളുടെ മൂടുപടം പൊളിച്ചുമാററി അദ്ദേഹത്തിന്റെ തനിമുഖം തുറന്നുകാട്ടണം. അങ്ങനെ, അതിന്റെ ആദിമതേജസ്സ് സ്വച്ഛന്ദം പ്രസരിക്കട്ടെ. അദ്ദേഹത്തിന്റെ വാക്കുകള്‍ കൂരമ്പുകള്‍ പോലെ മനുഷ്യരുടെ കാതുകളില്‍ ആഞ്ഞുതറക്കട്ടെ.
ഇപ്പറഞ്ഞതില്‍നിന്ന് ക്രിസ്തുമതത്തിന്റെ നാളിതുവരെയുള്ള ചരിത്രം പടിപടിയായി അന്യസാല്‍ക്കരണത്തിന്റേതു മാത്രമായിരുന്നെന്ന് അനുമാനിക്കരുത്. പാശ്ചാത്യലോകത്തിന്റെ ചരിത്രപരിണതിയില്‍ വികാസം പ്രാപിച്ച ക്രൈസ്തവസിദ്ധാന്തത്തിലും പ്രയോഗത്തിലും യേശുവിന്റെ സന്ദേശത്തിനിണങ്ങുന്ന അംശങ്ങളുമുണ്ട്. ഇവയെ വേര്‍തിരിച്ചു കാണേണ്ടിയിരിക്കുന്നു. ഇമ്മാതിരിയുളള വിമര്‍ശകപഠനം പ്രയോജനകരവും, ഒരളവുവരെ, ആവശ്യകവുമാണ്. എന്നാല്‍ പാശ്ചാത്യ പൈതൃകത്തില്‍ പങ്കുപററാത്തവരും അതേറ്റെടുക്കണമെന്നു വിധിക്കുന്നതു തെററ്. യേശുവിലൂടെ സ്വയം വെളിപ്പെടുത്തിയ ഈശ്വരനെ കണ്ടെത്താന്‍ ഭാരതീയരായ നമുക്ക് പാശ്ചാത്യ ക്രിസ്തുമത ചരിത്രം സ്വന്തമാക്കാതെ നിവൃത്തിയില്ലെന്നു വന്നാല്‍ നമ്മേക്കാള്‍ സഹതാപം അര്‍ഹിക്കുന്നവരായി ലോകത്തിലാരുമില്ല.
ഒന്നു വ്യക്തം: ചരിത്രപുരുഷനായ യേശുവിലേക്കു തിരിച്ചുചെന്നേ പറ്റൂ. എന്നാല്‍ അതെങ്ങനെ സാധിക്കും? സുവിശേഷങ്ങള്‍, നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍, ചരിത്രരേഖകളല്ല. പിന്നെയോ, ആദിമ ക്രൈസ്തവരുടെ വിശ്വാസാവിഷ്‌കാരങ്ങളാണ്. ഏറെ സങ്കീര്‍ണ്ണമായൊരു പ്രശ്‌നമാണിത്. ഇതിനെപ്പററി വിശദമായ ചര്‍ച്ചക്കു ഞാനൊരുമ്പെടുന്നില്ല. തത്കാലം ഇത്രയും മാത്രം പറഞ്ഞുവയ്ക്കുന്നു. രേഖകളെ ആസ്പദിച്ച് യേശുവിന്റെ ജീവചരിത്രമെഴുതാനോ മനഃശാസ്ത്രം വിവരിക്കാനോ ആവില്ല; അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവ പരമ്പര അതേപടി ചിത്രീകരിക്കാനും. എന്നിരിക്കലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റി ഒരു ധാരണയും ലഭ്യമല്ലെന്നു പറയുന്നതു ശരിയല്ല. നസ്രത്തിലെ യേശുവിന്റെ ജീവിതവും വാക്കുകളും ചെയ്തികളുമാകുന്ന ചരിത്ര യാഥാര്‍ത്ഥ്യത്തോടുളള ആദിമക്രൈസ്തവരുടെ പ്രതികരണം സ്ഥൂലരൂപം പൂണ്ടതാണ് സുവിശേഷങ്ങള്‍. അതുകൊണ്ട് സുവിശേഷങ്ങളില്‍ ചരിത്രപുരുഷനായ യേശുവുമായി ഏറ്റുമുട്ടുക സാധ്യമാണ്. സമകാലിക ബൈബിള്‍ വ്യാഖ്യാനത്തെ മാനദണ്ഡമാക്കി, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും പ്രബോധനത്തെയും പറ്റി വേണ്ടത്ര അറിവു നേടാന്‍ കഴിയും; അതുപോലെ, അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ഒരു ഏകദേശചിത്രം വരയ്ക്കാനും. ഇതിലേറെയൊന്നും ഇവിടെ അവകാശപ്പെടുന്നില്ല.
ചരിത്രപുരുഷനായ യേശുവിനെ കണ്ടറിഞ്ഞ്, അദ്ദേഹത്തിന്റെ ചെയ്തികളെ അന്ധമായി അനുകരിക്കാനും വചനങ്ങളെ അപ്പടി ഏറ്റുപാടാനുമുളള ആഹ്വാനമല്ലിത്. സൃഷ്ടിപരമായ വിശ്വസ്ഥതയോടെ യേശുവിന്റെ സന്ദേശത്തെ പുനര്‍വ്യാഖ്യാനിക്കുകയാണ് നമ്മുടെ ഇന്നത്തെ ധര്‍മ്മം.
ക്രിസ്തുവിനു മുമ്പുളള യേശു
മേല്‍ സൂചിപ്പിച്ച പുനര്‍വ്യാഖ്യാനത്തെ സാധൂകരിക്കുന്ന ഒന്നല്ല പരമ്പരാഗതമായ ക്രൈസ്തവവിശ്വാസം. അതൂന്നിപ്പറഞ്ഞത് യേശുവിന്റെ മനുഷ്യതയെ അല്ല, ഈശ്വരീയതയെ ആണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രബോധനം സനാതനസത്യമായി പ്രതിഷ്ഠിക്കപ്പെട്ടു. ഇന്ന് ഈ സമീപനത്തെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. തന്റെ സമകാലികര്‍ യേശുവിനെ കണ്ടത് സ്വര്‍ഗ്ഗത്തിലെവിടെയോ കാലൂന്നിയല്ല, പൂര്‍വസങ്കല്‍പങ്ങളുടെ വെളിച്ചത്തിലുമല്ല, പിന്നെയോ കീഴെനിന്നാണ്, മനുഷ്യരില്‍ ഒരു മനുഷ്യനായിട്ടാണ്, നസ്രത്തിലെ തച്ചനായിട്ടാണ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ - വാക്കുകളെയും ചേഷ്ഠകളെയും ചെയ്തികളെയും - നിരീക്ഷിച്ചപ്പോള്‍ അവര്‍ക്ക് ദൈവികമായ ഒരു മാനത്തെ അതില്‍ കണ്ടറിയാന്‍ കഴിഞ്ഞു. ഈ സമീപനത്തെയാണ് നാമും പ്രമാണീകരിക്കേണ്ടത്. നമ്മുടെ തുടര്‍ന്നുളള എല്ലാ പരിചിന്തനങ്ങളുടെയും തുടക്കം യേശുവിനെ മനുഷ്യവംശത്തിന്റെ അംഗമായി, മണ്ണിന്റെ മകനായി, അംഗീകരിക്കലാവണം. ചരിത്രത്തില്‍ വേരൂന്നിയ ഒരാളായി വേണം അദ്ദേഹത്തെ കാണുക. ചരിത്രപുരുഷനെന്ന നിലയില്‍ സ്വന്തം ജനതയുടെ ചിന്താരീതിയിലും അദ്ദേഹം പങ്കാളിയായിരുന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഏതുജനതയുടെ കാര്യമെടുത്താലും അവരുടെ ചിന്തയെയും വിശ്വാസങ്ങളെയും അതതു കാലങ്ങളിലെ സമ്പദുല്‍പാദനരീതിയും വര്‍ഗ്ഗവിഭജനവും അധികാരഘടനയും സ്വാധീനിക്കുന്നുണ്ടെന്നു കാണാം. സാമൂഹിക ഭൂമികയില്‍ വരുന്ന മാറ്റങ്ങളുടെ പ്രത്യാഘാതം ആശയതലത്തിലും കാണാന്‍ കഴിയും. പുരാവര്‍ഗ്ഗ മനുഷ്യന്റെ സ്വയംധാരണയല്ല നാടുവാഴിത്തകാലത്തെ മനുഷ്യന്റേത്. രണ്ടില്‍നിന്നും വ്യത്യസ്ഥമാണ് മുതലാളിത്ത രീതിയിലെ മനുഷ്യനുളളത്. എങ്കില്‍ നമ്മുടേതില്‍നിന്ന് എത്രയോ വിഭിന്നമായിരുന്നിരിക്കണം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന യേശുവിന് പ്രകൃതിയെയും മനുഷ്യനെയും ഈശ്വരനെയും പറ്റിയുണ്ടായിരുന്ന കാഴ്ചപ്പാട്.
യേശുവിന്റെ പ്രബോധനത്തില്‍ സനാതന സാധുത്വമുളളതായി ഒന്നുമില്ല എന്നല്ല വിവക്ഷിതം. ഗതകാലമനുഷ്യര്‍ക്കും ശാശ്വതമൂല്യമുളള ഉള്‍ക്കാഴ്ചകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവയെ ആവിഷ്‌കരിച്ചതു കാലഹരണപ്പെട്ടുപോയ രീതികളിലാണെന്നു മാത്രം. സാംസ്‌കാരികമായ വിഷമഘട്ടങ്ങളില്‍ ഉദിച്ചുയരുന്ന പ്രവാചകന്മാരുടെ കാര്യത്തില്‍ ഇതു പ്രത്യേകിച്ചും സാധുവാണ്. കഴിഞ്ഞ കാലത്തോടുളള എതിര്‍പ്പും പുതിയൊരു ഭാവിയിലുളള അഭിനിവേശവും എല്ലാ ജനതയിലും അസ്പഷ്ടമായി കുടികൊളളുന്നുണ്ട്. അതിനു നാവും വാക്കും നല്‍കുന്നവരാണു പ്രവാചകര്‍. അവരാണു ഭാവിയുടെ മുന്നോടികള്‍, നാളെയുടെ സ്വപ്നം പേറിനടക്കുന്നവര്‍, പുതുമയെ തുയിലുണര്‍ത്തുന്നവര്‍. ജനതതിയെ ആവഹിച്ചുകൊണ്ട് അജ്ഞാതഭാവിയിലേക്കു കുതിച്ചു കയറുക - അതാണവരുടെ ഭാഗധേയം. അവരെ ഗ്രസിച്ചിരിക്കുന്നത് ചരിത്രത്തിന്റെ പാര്യന്തികാര്‍ത്ഥത്തെപ്പറ്റിയുളള വെളിപാടാണ്.അതുകൊണ്ടാണ് അവരുടെ സന്ദേശത്തിന് ശാശ്വത മൂല്യമുളളത്. സമകാലിക വ്യവസ്ഥിതികളോടുളള അവരുടെ എതിര്‍പ്പിലും ഭാവിയോടുളള പ്രതിബദ്ധതയിലും, സ്ഥലകാലാതീതമായ സാധുത്വമുള്ള ഒരു മാനമുണ്ടായിരിക്കും. എന്നിരിക്കിലും, ഭാവിയിലേക്കു പുതിയ ധൈഷണിക - നൈതിക പാതകള്‍ വെട്ടിത്തുറക്കുമ്പോഴും നിലവിലുള്ള പരിതോവസ്ഥകളില്‍നിന്ന് അവര്‍ തികച്ചും വിമുക്തരല്ല. തങ്ങള്‍ തളളിപ്പറയുന്ന അതേ പഴമയുടെ ഭഷയിലേ അവര്‍ക്കു പുതുമയെ ഉല്‍ഭാവനം ചെയ്യാനാവൂ. പുതുമയും പഴമയും തമ്മിലുള്ള, ആപേക്ഷികവും കേവലവും തമ്മിലുളള, സംഘര്‍ഷം അവരുടെ സന്ദേശത്തിലും അന്തര്‍ഭവിക്കുന്നു. കാഴ്ചവട്ടത്തിന്റെ വിസ്തൃതിയിലും പ്രതിബദ്ധതയുടെ ആക്കത്തിലും, അവര്‍ തങ്ങളുടെ കാലഘട്ടത്തിന്റെ സന്തതികളാണ്.
അത്തരമൊരു പ്രവാചകനായിരുന്നു നസ്രത്തിലെ യേശു: സര്‍വാതിശായിയായ വീക്ഷണത്തിന്റെ ഉടമയെങ്കിലും ഈ മണ്ണിലും മനുഷ്യരിലും വേര്‍പിടിച്ചവന്‍; എക്കാലവും പ്രസക്തമായ ഒരു സന്ദേശത്തിന്റെ ഉപജ്ഞാതാവെങ്കിലും, സ്വന്തം കാലഘട്ടത്തിന്റെ നിറവും ഗുണവും പൂണ്ടവന്‍; കേവലമായ വിധിനിഷേധങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോഴും സാഹചര്യങ്ങളുടെ സ്വാധീനത്തിനു വിധേയന്‍. നാം പണ്ടേ പിന്നിട്ടുകഴിഞ്ഞ അച്ചുകളില്‍ ഉരുക്കൂടിയതാണ് അദ്ദേഹത്തിന്റെ സന്ദേശം. അതുകൊണ്ടുതന്നെ അതിനെ പുനര്‍വ്യാഖ്യാനിക്കയും അതിലെ സനാതന സത്യാംശങ്ങളെ ചരിത്രബദ്ധാശയങ്ങളില്‍ നിന്നു വേര്‍തിരിച്ചു കാണുകയും വേണം. എല്ലാററിനുമുപരി അതിന്റെ ആനുകാലിക പ്രസക്തി ആരാഞ്ഞറിയണം.
എന്നാല്‍ ആദിമക്രൈസ്തവരും പിന്‍തലമുറകളും ചെയ്തപോലെ, നമ്മുടെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും ഇണങ്ങുംവിധം യേശുസന്ദേശത്തെ വളച്ചൊടിക്കലായിരിക്കയില്ലേ ഈ പുനര്‍വ്യാഖ്യാനത്തിന്റെയും അന്തിമഫലം? അങ്ങനെയൊരു അപകടം പതിയിരിപ്പുണ്ടെന്നു സമ്മതിച്ചേ തീരൂ. അതൊഴിവാക്കാന്‍ ഒരു വഴിയേയുളളൂ - നമ്മുടെ വ്യാഖ്യാനത്തെത്തന്നെ വിമര്‍ശിക്കാന്‍ തയ്യാറാവുക. വിമര്‍ശനത്തിന്റെ മാനദണ്ഡം രണ്ടാണ് - യേശുവിന്റെ ആദിമ(original) സന്ദേശത്തോടുളള വിശ്വസ്ഥതയും ചരിത്രഗതിയിലൂടെ സ്വയം അനാവരണം ചെയ്യുന്ന ഈശ്വരനോടുളള ഉത്തരവാദിത്തവും.
ഒന്നാമത്തെ മാനദണ്ഡം പ്രയോഗിക്കാന്‍ ആദിമക്രൈസ്തവര്‍ക്കു കഴിയുമായിരുന്നില്ല. മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുളള വിഭജനരേഖ അത്ര ലോലമായിരുന്നു അക്കാലത്ത്. ചരിത്രത്തെ മിത്തായും മിത്തിനെ ചരിത്രമായും കാണുന്ന പ്രവണത അന്നു സര്‍വ്വസാധാരണമായിരുന്നു. യേശുവിനെയും വിശ്വാസികള്‍ ഒരു ഇതിഹാസപുരുഷനായി പ്രതിഷ്ഠിച്ചതില്‍ അത്ഭുതപ്പെടാനില്ല. വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണിന്ന്. പ്രാക്തനമിത്തുകളുടെ കാലത്തോടു നാം പണ്ടേ വിടചൊല്ലിക്കഴിഞ്ഞു.
ഏതു വ്യാഖ്യാനത്തിന്റെയും സാധുതയ്ക്ക് ആസ്പദം ചരിത്രയാഥാര്‍ത്ഥ്യത്തോടുളള പ്രതിവദനമാണെന്നു നമുക്കിന്നറിയാം. വികലമായ വ്യാഖ്യാനമൊഴിവാക്കാന്‍ വൈയക്തികമായ എല്ലാ മുന്‍വിധികളെയും താല്‍പര്യങ്ങളെയും വിമര്‍ശനവിഷയമാക്കാതെ നിവൃത്തിയില്ല.
ഇനി അടുത്ത മാനദണ്ഡത്തെപ്പറ്റി. യേശുസന്ദേശത്തിന് കേവലവും സാപേക്ഷികവുമായ രണ്ടു മാനങ്ങളുണ്ട്. കേവലമാനത്തിന് അടിസ്ഥാനം ഈശ്വരനുമായുളള മുഖാമുഖമാണ്. ആ മുഖാമുഖം ഒരു സവിശേഷ ചരിത്രസാഹചര്യത്തില്‍ മൂര്‍ത്തീഭവിച്ചതാകയാല്‍ അതിന്റെ പൂര്‍ണാര്‍ത്ഥം യേശു നേരിട്ടു കണ്ടറിഞ്ഞതിനെക്കാള്‍ വ്യാപകമാണെന്നു വരാം. കലാപരവും മതാത്മകവുമായ എല്ലാ സത്യ ദര്‍ശനത്തിന്റെയും കാര്യത്തില്‍ ഇപ്പറഞ്ഞത് സാധുവാണ്. അതുകൊണ്ടാണ് പലപ്പോഴും കലാസൃഷ്ടിയുടെ പൊരുള്‍ കലാകാരനെക്കാള്‍ ആസ്വാദകനു വെളിവാകുന്നത്. വലിയ ചിന്തകരെയും ധര്‍മ്മജ്ഞാനികളെയും പൂര്‍ണമായി മനസ്സിലാക്കാന്‍ പിന്‍തലമുറകള്‍ക്കു മാത്രം കഴിയുന്നതും. എന്നിരിക്കലും ഏതു വ്യാഖ്യാനവും ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ ആന്തരയുക്തിക്കും ചാലകശക്തിക്കും നിരക്കുന്നതായിരിക്കണം. യേശുസന്ദേശത്തിന്റെ തിരിക്കുററി ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈശ്വരനാണ്. യേശുവിനു നാം കൊടുക്കുന്ന ഭാഷ്യം സത്യവത്താവണമെങ്കില്‍, അദ്ദേഹം രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് ചരിത്രത്തില്‍ കണ്ടെത്തിയ ദൈവത്തെ നമ്മളും കണ്ടെത്തണം. ഇന്നലത്തെ യേശുവിനോടുളള വിശ്വസ്ഥത ഭദ്രമാവാന്‍ ഇന്നിന്റെ ഈശ്വരനെ ചെവിക്കൊളളണം. യേശുസന്ദേശത്തിന്റെ ആഴത്തിലുളള അര്‍ത്ഥം ഗ്രഹിക്കാന്‍ ഇച്ഛിക്കുന്നവര്‍ ചരിത്രത്തിലൂടെ വെളിപ്പെടുന്ന ദൈവേഷ്ടം നിര്‍വഹിക്കണം. മറിച്ചും പറയാം: ചരിത്രത്തില്‍ ഈശ്വരന്റെ കാല്‍പാടുകള്‍ കണ്ടറിയാന്‍ യേശുവിന്റെ പ്രബോധനങ്ങള്‍ സഹായകമാവും. നമ്മിലൂടെയാണ് നസ്രത്തിലെ പ്രവാചകന്‍ ഇന്നിന്റെ ദൈവവുമായി സംവാദത്തിലേര്‍പ്പെടുന്നത്.
ദൈവത്തെ ചരിത്രത്തില്‍ കണ്ടുമുട്ടുകയെന്നത് ഏതെങ്കിലും വരേണ്യവര്‍ഗത്തിന്റെ കുത്തകയല്ല, അതിന് ഉപനയനത്തിന്റെയോ ബ്രഹ്മചര്യത്തിന്റെയോ ആവശ്യവുമില്ല. മനുഷ്യസഹോദരങ്ങളുടെ നന്മയെ കേവലമൂല്യമായി മുറുകെപ്പിടിക്കുന്നവരാരോ അവര്‍ ഈശ്വരനെ കണ്ടെത്തിയവരാണ്. പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണെന്ന് അവകാശപ്പെടുന്ന സന്യാസിനീസന്യാസികളെക്കാള്‍ ആഴത്തില്‍ ഈശ്വരനെ കണ്ടറിഞ്ഞത് നീതിരഹിതമായ സാമൂഹികവ്യവസ്ഥക്കെതിരെ ശബ്ദമുയര്‍ത്തിയെന്ന കുറ്റത്തിനു ജയിലറകളില്‍ കിടന്നു നരകിക്കുന്ന വിമതരാവാം. യേശുവിനോട് ഏറെ കൂറു പുലര്‍ത്തുന്നവരും ഇക്കൂട്ടരാണെന്നുവരാം.
എങ്കില്‍, നസ്രത്തിലെ യേശുവിലേക്ക് തിരിച്ചുചെല്ലുന്നത് അദ്ദേഹത്തിന്റെ സമീപം താവളമടിച്ച് ഒതുങ്ങിക്കൂടാനല്ല, അദ്ദേഹത്തെയും പിന്നിട്ട് മുന്നേറാനാണ്. അതിലേക്ക് അദ്ദേഹത്തിന്റെ സന്ദേശത്തെ അതിന്റെ ചരിത്രാപേക്ഷികതയില്‍നിന്ന് വിടുവിച്ച് ഇന്നിന്റെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യണം. അതുവഴി സ്വയം അതിതരണം ചെയ്യാനും വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയില്‍ പ്രതിബിംബിക്കുന്ന സ്വമുഖം കണ്ടെത്താനും അദ്ദേഹത്തെ സഹായിക്കയാണുനാം ചെയ്യുന്നത്. അങ്ങനെ പഴമയുടെ അണിയാട ഉരിഞ്ഞെറിഞ്ഞ് പുതിയ ജീവനോടെ നമ്മുടെ മദ്ധ്യേ യേശു പ്രത്യക്ഷപ്പെടും - ഭൂതകാലത്തിന്റെ നേരായ മേന്മകളെ കയ്യൊഴിക്കാതെതന്നെ. യേശുവിനെ ഉയിര്‍പ്പിക്കുക, തനിക്ക് പുതിയൊരു ഊരും പേരും നല്‍കുക - ഇതാണ് ഇന്നു നാം നേരിടുന്ന വെല്ലുവിളി. ഈ കാഴ്ചയില്‍, അദ്ദേഹത്തിന്റെ പുനരുത്ഥാനം ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഒരു ചരിത്രപ്രക്രിയയാണ്, നമ്മുടെ ചരിത്രധര്‍മ്മവുമാണ്. യേശുസന്ദേശത്തെ പുനര്‍വ്യാഖ്യാനിക്കയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നതിലൂടെയേ അതു സാധ്യമാവൂ.
യേശുസന്ദേശത്തിന്റെ സമഗ്രമായ പുനര്‍വ്യാഖ്യാനത്തിനു ഞാന്‍ ഒരുമ്പെടുന്നില്ല. ഒരു ചോദ്യത്തിനു മാത്രം ഉത്തരം കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം. അതായത്, മനുഷ്യവിമോചനത്തിന്റെ കാര്യത്തില്‍ ഇന്ന് യേശുവിന് എന്തു പ്രസക്തിയാണുളളത് ? നമ്മുടെ അന്വേഷണം ആസ്പദമാക്കുന്നത്, നേരത്തെ സൂചിപ്പിച്ചപോലെ, ആദ്യത്തെ മൂന്നു സുവിശേഷങ്ങളാണ്. അവയും വിശ്വാസാവിഷ്‌കാരങ്ങളാണെങ്കിലും യേശുവിന്റെ മുഖത്തെ പാടേ മറയ്ക്കത്തക്കവണ്ണം കട്ടിയില്ല അവയിലെ വ്യാഖ്യാനത്തിന്റെ മറവുരിക്ക്. തുലോം വ്യത്യസ്തമാണ് യോഹന്നാന്റെ സുവിശേഷം. അതില്‍ യേശുവിന്റെ ശബ്ദത്തിന്റെ മാറ്റൊലിയുടെ മാറ്റൊലിയേ കേള്‍ക്കാനാവൂ. യാഥാര്‍ത്ഥ്യത്തില്‍നിന്ന് അത്രയ്ക്ക് അകന്നുപോയി വ്യാഖ്യാനം.
----------
നവമാനുഷം
ചരിത്രത്തില്‍ യേശു കണ്ടറിഞ്ഞ ഈശ്വരീയോദ്ദേശ്യമെന്താണ്? തന്റെ കേന്ദ്രീയ സന്ദേശംതന്നെ ഉത്തരം നല്‍കുന്നുണ്ട്: 'കാലം തികഞ്ഞു. ഈശ്വരന്റെ രാജവാഴ്ച വരാന്‍ പോകുന്നു. പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.'(മര്‍ക്കോസ് 1:15). ഇവിടെ താന്‍ ഉദ്ദേശിക്കുന്ന രാജവാഴ്ചയുടെ അര്‍ത്ഥവ്യാപ്തി അദ്ദേഹം ഒരിടത്തും വ്യക്തമായി നിര്‍വചിക്കുന്നില്ല. എങ്കിലും സുവിശേഷഗ്രന്ഥങ്ങളില്‍ ചിതറിക്കിടക്കുന്ന സൂചനകള്‍ അടുക്കിവച്ചാല്‍ അതിന്റെ സ്ഥൂലരൂപം കിട്ടും. ഗിരിപ്രഭാഷണമാണ് ഇവിടെ മുഖ്യമായ വഴികാട്ടി.
'ആത്മീയദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരുടേതാണു സ്വര്‍ഗരാജ്യം. ദുഃഖിതര്‍ ഭാഗ്യവാന്മാര്‍; അവര്‍ ആശ്വാസം കണ്ടെത്തും. ശാന്തഹൃദയര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു സംതൃപ്തി കൈവരും. കരുണ കാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ കരുണക്കു പാത്രമാകും. നിര്‍മ്മല ഹൃദയര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഈശ്വരനെ കാണും. ശാന്തി പാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരെ ഈശ്വരന്‍ മക്കളെന്നുവിളിക്കും. നീതിക്കുവേണ്ടി പീഡസഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവരുടേതാണു സ്വര്‍ഗ്ഗരാജ്യം.'(മത്തായി 5:3-10).
ഈ സുഭാഷിതം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്കു വ്യക്തമാകും, അതിന്റെ പൊരുളും പോക്കും മനുഷ്യാനുഭൂതിയുടെ സത്യസന്ധമായ പ്രതിഫലനമാണെന്ന്. നമ്മുടെ അനുഭൂതിയില്‍ നല്ലതും തീയതും, സാത്വികവും താമസികവും ഉള്‍പ്പെടും. അറിവിനെയും കഴിവിനെയും ഉണ്‍മയെയും രാമണീയകത്തെയും കെടുത്തുന്നതെല്ലാം താമസികമാണ്; അവയെ പുഷ്ടിപ്പെടുത്തുന്നവ സാത്വികവും. ഉളളിന്റെയുളളില്‍ നാം ഒന്നാമത്തതു തളളുകയും രണ്ടാമത്തതു കൊളളുകയും ചെയ്യുന്നു. തളളലും കൊളളലും ഒരേ വൃത്തിയുടെ ഇരുവശങ്ങള്‍ മാത്രമാണ്. രണ്ടിലുമുണ്ട് പ്രത്യാശയുടെ നിഴലിപ്പ് - തിന്മയെ ഉച്ചാടനം ചെയ്ത് നന്മയെ സാക്ഷാല്‍ക്കരിക്കാനാവുമെന്ന പ്രത്യാശ. ഈ പ്രത്യാശയുടെ പശ്ചാത്തലത്തിലാണ് നമ്മിലോരോരുത്തരുടെയും ജീവിതം വിരിഞ്ഞു പന്തലിക്കുന്നത്. ഇതേ പ്രത്യാശയുടെ കേവലരൂപത്തെയാണ് യേശു ദൈവരാജ്യമെന്നു വിളിച്ചതും. എന്നാല്‍ ഒന്നോര്‍ക്കണം: നമുക്കു പ്രത്യാശാവിഷയം മാത്രമായ നവയുഗം യേശുവിനെ സംബന്ധിച്ചിടത്തോളം ഒരു വാഗ്ദാനം കൂടിയായിരുന്നു.
അപ്പോള്‍, ഗിരിപ്രഭാഷണത്തിന്റെ ഉള്‍ക്കാമ്പിതാണ്: സമഗ്രമാനുഷത്തിനു നിരക്കാത്തതെല്ലാം - ദുഃഖവും അനീതിയും അന്യതാബോധവും മറ്റും മറ്റും - ഉന്മൂലനം ചെയ്യാന്‍ ഈശ്വരന്‍ വരും. അവിടന്ന് യഥാര്‍ത്ഥ മനുഷ്യതയെ വിരിയിക്കുന്ന - കരുണയിലും സഹാനുഭൂതിയിലും നീതിബോധത്തിലും ആന്തരനൈര്‍മ്മല്യത്തിലും ശാന്തിയിലും അധിഷ്ഠിതമായ - ഒരു നവയുഗം ഉല്‍ഘാടനം ചെയ്യും. എങ്കില്‍ , ദൈവരാജ്യമെന്നുവച്ചാലെന്താണ്? എല്ലാ അന്യാധീനതകളില്‍ നിന്നും സ്വതന്ത്രനായ മനുഷ്യന്റെ സാകലിക വികാസം. ഒററവാക്കില്‍, സ്വാതന്ത്ര്യം - ചങ്ങലകള്‍ പേറാതെ ജീവിക്കാന്‍ മാത്രമല്ല, സൃഷ്ടിക്കാനും ഒത്തൊരുമിക്കാനും സ്‌നേഹിക്കാനും രമിക്കാനുമുളള സ്വാതന്ത്ര്യം.
ഈ നിലയ്ക്കു നോക്കുമ്പോള്‍, ദൈവരാജ്യത്തെ മനുഷ്യസാകല്യസാക്ഷാല്‍ക്കാരമെന്നു വിളിക്കാം. മനുഷ്യര്‍ പ്രപഞ്ചത്തോടും ഇതര മനുഷ്യരോടും ഈശ്വരനോടും തന്നോടുതന്നെയും രമ്യപ്പെടും. നവയുഗത്തില്‍, അവര്‍ ഭൂമിക്ക് ഉടമകളായിരിക്കും. എല്ലാ പ്രകൃതിശക്തികളും അവരുടെ ചൊല്‍പ്പടിക്കു നില്‍ക്കും. അവരുടെ സര്‍ഗ്ഗസ്പര്‍ശത്താല്‍ സഫലയായ ഭൂമി സ്വവിഭവങ്ങള്‍ പൊലിച്ച് അവര്‍ക്കു കാഴ്ചവയ്ക്കും. എല്ലാ വസ്തുക്കളും - അവ പ്രകൃതിദത്തമോ അദ്ധ്വാനഫലമോ ആവാം - മനുഷ്യനും മനുഷ്യനും തമ്മിലുളള കൂട്ടായ്മക്ക് ആധാരവും പ്രതീകവുമായിരിക്കും. അവ ഒരിക്കലും ചൂഷണോപാധികളാവില്ല. അങ്ങനെ മനുഷ്യന്‍ മനുഷ്യനോട് ഇണങ്ങിച്ചേരും; ഒരുവന്‍ മറ്റൊരുവനു സോദരനാവും: സഹജരുടെ സാമീപ്യത്തിനും സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുളള അന്തര്‍ദ്ദാഹത്തിന് അറുതിവരികയും ചെയ്യും. പിന്നെ അസമത്വമോ അനീതിയോ ചൂഷണമോ ഉണ്ടായിരിക്കില്ല. സര്‍വാശ്ലേഷകസ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ മനുഷ്യന്‍ ദൈവത്തെ കണ്ടെത്തും. ആ കണ്ടെത്തലിലൂടെ മനുഷ്യനും മനുഷ്യനും തമ്മിലുളള വേഴ്ചക്കു സാന്ദ്രതകൂടുകയും ചെയ്യും. ഇതിന്റെയെല്ലാം പര്യന്തഫലമെന്തെന്നോ? വ്യക്തികള്‍ക്ക് ആത്മവത്തയും ആന്തര സന്തുലനവും അനശ്വര ശാന്തിയും കൈവരും. ചുരുക്കത്തില്‍, ഈശ്വരന്‍ 'അവരുടെ കണ്ണീരു പാടേ തുടച്ചുമാറ്റും; ഇനിമേല്‍ മരണം ഉണ്ടായിരിക്കില്ല; ദുഃഖവും കരച്ചിലും വേദനയും ഉണ്ടായിരിക്കില്ല. കാരണം, പഴയ വ്യവസ്ഥിതി തകര്‍ന്നൊടുങ്ങിയിരിക്കുന്നു.'(വെളിപാട് 21:3-4).
വന്നതും വരാനിരിക്കുന്നതും
ദൈവം ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നു എന്ന വസ്തുതയല്ല ദൈവരാജ്യമെന്ന പദംകൊണ്ട് യേശു അര്‍ത്ഥമാക്കിയത്. ഈശ്വരനാണ് എല്ലാറ്റിന്റെയും ഉറവിടമെന്നും അവിടുന്നാണ് ആകാശത്തിലെ പറവകളെ തീറ്റിപ്പോറ്റുകയും വയലിലെ ലില്ലിപ്പൂക്കളെ അണിയിച്ചൊരുക്കയും ചെയ്യുന്നതെന്നും അദ്ദേഹവും വിശ്വസിച്ചിരുന്നു - ഏത് യഹൂദനെയും പോലെ. വേറൊന്നാണ് യേശു ഉദ്ദേശിച്ചത്. അതായത്, ഈശ്വരന്‍ അവസാനമായി ചരിത്രത്തില്‍ ഇടപെടും, ചരിത്രത്തെ അതിന്റെ പരിസമാപ്തിയിലും പൂര്‍ണതയിലും എത്തിക്കും. യേശുവിന്റെ കണ്ണൂന്നിയത് മനുഷ്യവംശത്തിന്റെ കേവല ഭാവിയിലാണ് - പിന്നൊരു അന്യാധീനതയ്ക്കു സാധ്യതയില്ലാത്ത ഭാവിയില്‍.
അതേ ഭാവിയെപ്പറ്റി യേശു പ്രതീകാത്മകഭാഷയില്‍ ഇപ്രകാരം പറഞ്ഞു:
'കിഴക്കുനിന്നും പടിഞ്ഞാറുനിന്നും മാലോകരെല്ലാം ഒന്നിച്ചുകൂടും; അബ്രാഹമിനോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടി സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.'(മത്തായി 8: 11).
സ്വശിഷ്യരെ പഠിപ്പിച്ചതും വരും യുഗത്തില്‍ കണ്ണുനട്ടു ജീവിക്കാനാണ്. തങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് ഒരിക്കല്‍ അവര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥിക്കാന്‍ അറിഞ്ഞുകൂടാഞ്ഞിട്ടല്ല. മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ തങ്ങള്‍ക്കും സവിശേഷമായൊരു പ്രാര്‍ത്ഥന വേണമെന്നായിരുന്നു അവരുടെ നിര്‍ബന്ധം. ആ പ്രാര്‍ത്ഥനയും കേന്ദ്രപ്പെടുത്തിയത് ദൈവരാജ്യമെന്ന സങ്കല്‍പത്തെയാണ്.
'പിതാവേ, അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ, അങ്ങയുടെ രാജവാഴ്ച നിലവില്‍ വരട്ടെ.'(ലൂക്കാ 11: 2).
ചുറ്റുമിരുന്ന് തന്റെ സാമീപ്യസുഖം അനുഭവിച്ചാസ്വദിക്കാനല്ല യേശു ശിഷ്യരെ വിളിച്ചത്; വരാനിരിക്കുന്ന ഈശ്വരനെ തന്നോടൊപ്പം എതിരേല്‍ക്കാനാണ്.
വരാനിരിക്കുന്ന ഒന്നാണ് ദൈവരാജ്യം. എന്നാല്‍, നമ്മുടെ ചരിത്രം ഒടുങ്ങുന്നിടത്താണ് അതിന്റെ തുടക്കമെന്നു ധരിച്ചുവയ്ക്കരുത്. നമ്മുടെ ലോകത്തിന്റെയും ചരിത്രത്തിന്റെയും വിനാശം സൃഷ്ടിക്കുന്ന ശൂന്യത നികത്താനല്ല അതു വരുന്നത്. നാം എന്തു കാത്തിരിക്കുന്നുവോ ആ നല്ല ഭാവി നമ്മുടെ അനുഭവ പരിധിയില്‍പ്പെട്ട ഇന്നില്‍, ഇവിടെ സന്നിഹിതമാണ് - ഭ്രൂണരൂപത്തിലെങ്കിലും. വര്‍ത്തമാനം ഭാവിയിലേക്കു തുറന്നു കിടക്കുന്നു. അതു ദൈവത്തിന്റെയും മനുഷ്യന്റെയും സമ്പൂര്‍ണ്ണ സ്വയംപ്രകാശനത്തിന്റെ വാഗ്ദാനങ്ങള്‍ പേറുന്നു.
------------
തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മാത്രമാണ് ഈശ്വരന്‍ പ്രവര്‍ത്തിക്കുന്നതെന്ന് യേശു പറഞ്ഞിട്ടില്ല. ശിഷ്യരുടെ സദ്‌വൃത്തികള്‍ ദൈവരാജ്യത്തിന്റെ പ്രകാശം പരത്തുന്നുവെന്നു നാം കണ്ടുകഴിഞ്ഞു. ഇത് എല്ലാ മനുഷ്യരുടെയും കാര്യത്തില്‍ ശരിയാണെന്ന് നല്ല സമരിയാക്കാരന്റെ കഥ തെളിയിക്കുന്നു. എവിടെ മനുഷ്യന്‍ സഹജരെ സഹായിക്കാന്‍ കൈ നീട്ടുന്നവോ, എവിടെ ഓരോ വ്യക്തിയും മറ്റെല്ലാവര്‍ക്കും ഉത്തരവാദിയായി പെരുമാറുന്നുവോ, എവിടെ സ്ത്രീപുരുഷന്മാര്‍ തങ്ങള്‍ക്കുളളതും തങ്ങളെത്തന്നെയും പങ്കിടുന്നുവോ, എവിടെ സ്വന്തം കൂട്ടായ്മയില്‍ അവര്‍ ജീവിതത്തിന്റെ ആത്യന്തികാര്‍ത്ഥം കണ്ടെത്തുന്നുവോ, അവിടെയെല്ലാം നവമാനുഷം നാമ്പെടുക്കുന്നുണ്ട്. ചങ്ങലകള്‍ പൊട്ടിവീണ്, മനുഷ്യനിര്‍മ്മിതങ്ങളായ ഭിത്തികള്‍ തകര്‍ന്നടിഞ്ഞ്, ഓരോ മനുഷ്യനും മറ്റെല്ലാവരോടും സാത്മീഭവിക്കുന്നിടത്ത് ദൈവരാജ്യത്തിന്റെ സാന്നിദ്ധ്യമുണ്ട്.
ഒരേസമയം ദാനവും ധര്‍മ്മവും
നവമാനുഷത്തെ ഈശ്വരന്റെ ദാനമായി യേശു കണ്ടു എന്നത് നിസ്തര്‍ക്കമാണ്. ഈശ്വരന്റെ വാഴ്ച എന്ന പ്രയോഗം തന്നെ അതാണു സൂചിപ്പിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിലെ ആശീര്‍വചനങ്ങളും ഇതിനു തെളിവാണ്. വരാനിരിക്കുന്ന യുഗാന്തശ്രേയസ്സില്‍ പങ്കുപറ്റാന്‍ ഒരു മുന്‍വ്യവസ്ഥയേയുളളു - മനുഷ്യര്‍ അനുഭവിക്കുന്ന ശൂന്യത, ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും ദുഃഖത്തിന്റെയും അവമതിയുടെയും ശൂന്യത(ലൂക്കാ 6:20-22). ശിശുക്കളെ ചൂണ്ടി യേശുപറഞ്ഞത് ഇവിടെ പ്രസക്തമാണ്.
''ശിശുക്കള്‍ എന്റെയടുത്തുവരട്ടെ. അവരെ തടയരുത്. അവരെപ്പോലുള്ളവരുടേതാകുന്നു ദൈവരാജ്യം.'' (മര്‍ക്കോസ്10:14).
ശിശുക്കളുടെ എളിമയോ നിഷ്‌കളങ്കതയോ അല്ല, എല്ലാം സ്വാഗതം ചെയ്യുന്ന, എല്ലാം മറ്റുളളവരുടെ സ്‌നേഹോദാരതയില്‍നിന്നു പ്രതീക്ഷിക്കുന്ന, തുറന്ന മനസ്സാണ് ഇവിടെ പ്രസക്തം. അതുപോലെ, എല്ലാ പ്രതീക്ഷകളും പ്രത്യാശകളും ഈശ്വരനില്‍ അര്‍പ്പിക്കുന്നവര്‍ക്കേ ദൈവരാജ്യത്തിലേക്കു പ്രവേശമുളളു. സ്വന്തം കഴിവുകളെമാത്രം ആശ്രയിച്ച് നവമാനുഷം കെട്ടിപ്പടുക്കാനാവില്ല. അതിന്റെ വിത്തുവിതയ്ക്കാനേ മനുഷ്യനു കഴിയൂ. വിത്തു പൊട്ടിമുളയ്ക്കുന്നതും ഫലവത്താകുന്നതും ഈശ്വരശക്തിയാലാണ്:
'ഒരാള്‍ വിത്തു വിതയ്ക്കുന്നു. പിന്നെ രാത്രിക്ക് ഉറങ്ങുന്നു; പുലരുമ്പോള്‍ എണീക്കുന്നു. വിത്താവട്ടെ, മുളച്ചുവളരുന്നു - എങ്ങിനെയെന്ന് അയാള്‍ക്കറിഞ്ഞുകൂടാ. ഭൂമി തനിയേ വിളവ് ഉല്‍പാദിപ്പിക്കുന്നു - ആദ്യം മുളയും പിന്നെക്കതിരും, ഒടുവില്‍ പാകംവന്ന കതിര്‍മണിയും. ധാന്യം വിളഞ്ഞാലുടനേ അരിവാളെടുത്ത് കൊയ്ത്തു തുടങ്ങുകയായി(മര്‍ക്കോസ് 4:26-29).
ദൈവരാജ്യം ദാനമാണെന്ന ന്യായത്തിന്മേല്‍, അതിന്റെ വരവും കാത്ത് കൈയും കെട്ടി നിന്നാല്‍ പോരാ. ദാനരൂപത്തില്‍ മാത്രമല്ല ആഹ്വാനമായിട്ടുകൂടിയാണ് ദൈവരാജ്യം നമ്മെ നേരിടുന്നത്. ആ ആഹ്വാനം ചെവിക്കൊളളാന്‍ നാം പ്രതിബദ്ധരുമാണ്. ചെവിക്കൊളളുന്നതോ, പശ്ചാത്താപത്തിലൂടെയും വിശ്വാസത്തിലൂടെയും. ചെയ്ത പാപങ്ങളെച്ചൊല്ലിയുളള ദുഃഖം മാത്രമല്ല പശ്ചാത്താപം. നേരായി പശ്ചാത്തപിക്കുന്നവര്‍ക്ക് പുതിയൊരു ലക്ഷ്യബോധമുണ്ടാവും. അതിന്ന് ഇണങ്ങും വിധം ജീവിതരീതിയിലും മൂല്യസംഹിതയിലും അവര്‍ പൊളിച്ചുപണി നടത്തും. പശ്ചാത്തപിക്കുന്നതു സമൂഹമാണെങ്കില്‍, നിലവിലുളള സാമൂഹ്യ - സാംസ്‌കാരിക വ്യവസ്ഥിതിയെ ആകെ പുനഃസംവിധാനം ചെയ്യേണ്ടിയും വരും. അതുകൊണ്ടാണ് ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നവരുടെ ന്യൂനപക്ഷത്തിന് അധീശവര്‍ഗത്തിന്റെ എതിര്‍പ്പും അതുമൂലമുണ്ടാവുന്ന ആന്തരസംഘര്‍ഷവും നേരിടേണ്ടിവരുന്നത് - യേശുശിഷ്യര്‍ക്കു ചെയ്യേണ്ടി വന്നപോലെ.
ദൈവരാജ്യം സാക്ഷാല്‍ക്കരിക്കുന്നതില്‍ മനുഷ്യര്‍ക്കുളള ഉത്തരവാദിത്തം ഗിരിപ്രഭാഷണത്തില്‍ യേശു ഊന്നിപ്പറയുന്നുണ്ട്. ദൈവരാജ്യത്തിലേക്കു പ്രവേശം കിട്ടാന്‍ ചില നിബന്ധനകള്‍ പാലിച്ചേ തീരൂ - എല്ലാവരോടും കരുണകാണിക്കുക, സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുക, ദ്വേഷം കൈവെടിഞ്ഞ് ഹൃദയശുദ്ധി പാലിക്കുക, നീതിക്കുവേണ്ടി വിശക്കുക, തുടങ്ങിയവ(മത്തായി 5:7-9). ഇവയില്‍ മുഖ്യം സ്‌നേഹമാണ് - മറ്റുളളവര്‍ക്കുനന്മ നേരുന്നതില്‍ ഒതുങ്ങിനില്‍ക്കാതെ, ദാന-ത്യാഗ-സേവനങ്ങളായി പ്രകടമാവുന്ന സ്‌നേഹം(മത്തായി 5:43-48, 6:14; മര്‍ക്കോസ് 10:42-45). ഇപ്രകാരം ക്രിയാത്മകമായി സ്‌നേഹിക്കുന്നവന് ദൈവരാജ്യത്തിനു വിരുദ്ധമായ ശക്തികള്‍ക്കെതിരെ പോരാടാതെ ഗത്യന്തരമില്ല.
നവമാനുഷം ഒരേസമയം ഈശ്വരദാനവും മനുഷ്യസൃഷ്ടിയുമാണെന്നു കണ്ടു. ഇതു മനസ്സിലാക്കാന്‍ ഈശ്വരസാന്നിദ്ധ്യത്തെപ്പറ്റി കുറേക്കൂടി ചുഴിഞ്ഞാലോചിക്കേണ്ടിയിരിക്കുന്നു. ഈശ്വരന്‍ പ്രകൃതിക്കും ചരിത്രത്തിനും അപ്പുറത്തെവിടെയോ കുടികൊള്ളുന്ന ഒന്നല്ല. പ്രകൃതിയുടെയും ചരിത്രത്തിന്റെയും ആഴത്തിന്റെ ആഴമായ പരാശക്തിയാണ്. വസ്തുക്കളിലൂടെയും സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും ആണ് ഈശ്വരീയത നമുക്കു വെളിപ്പെടുന്നത്. അതു രണ്ടുവിധത്തില്‍ നമ്മുടെ ചേതനയെ തട്ടിയുണര്‍ത്തുന്നു- ആഹ്വാനമായും വാഗ്ദാനമായും: പഴമയില്‍ നമ്മെ തളച്ചിടുന്ന ചങ്ങലകള്‍ പൊട്ടിച്ചു മുന്നേറാനും നീതിയിലും സ്‌നേഹത്തിലും അടിയൂന്നിയ ഭാവിയെ മെനഞ്ഞടുക്കാനുമുളള ആഹ്വാനം; ഒപ്പം ഈ ശ്രമം വിജയിക്കുമെന്ന വാഗ്ദാനവും. അങ്ങനെ ഈശ്വരന്റെ സ്വയം പ്രകാശനരൂപത്തിലുളള ദാനം മനുഷ്യരുടെ ധര്‍മ്മവും കര്‍മ്മവുമായി മാറുന്നു. ഈശ്വരീയാഹ്വാനം ചെവിക്കൊണ്ട് മനുഷ്യന്‍ സൃഷ്ടിക്കേണ്ട ഒന്നാണ് പുതിയ ആകാശവും പുതിയ ഭൂമിയും. അതിന്റെ ശില്‍പശാല മനുഷ്യന്റെ ആത്മഗതമായ, അവനും ഈശ്വരനും തമ്മിലുളള സംവാദമാണ്.
ദൈവരാജ്യത്തിന്റെ വരവിനു മനുഷ്യന്റെ പ്രതികരണം അനുപേക്ഷണീയമാണെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാല്‍ തന്റെ ഊന്നല്‍ ദൈവത്തിന്റെ പ്രവൃത്തിയിലായിരുന്നു. ഇതിനു കാരണം യേശുവും നാമും തമ്മിലുളള കാലാന്തരമാണ്. രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന അദ്ദേഹത്തിനു മനുഷ്യ പ്രയത്‌നത്തിലൂടെ ഉരുക്കൂടുന്ന ഒന്നായി ഭാവിയെ കാണുക എളുപ്പമായിരുന്നില്ല. ഭാവിയെ സൃഷ്ടിക്കാനാവശ്യമായ കൂട്ടുല്‍പാദനമോ ശാസ്ത്രീയജ്ഞാനമോ സാങ്കേതിക വിദ്യയോ മാധ്യമങ്ങളോ അന്നുണ്ടായിരുന്നില്ല. തങ്ങള്‍ക്കാവാത്തത് മനുഷ്യര്‍ ദൈവത്തില്‍നിന്നു പ്രതീക്ഷിക്കുന്നതു സ്വാഭാവികമാണല്ലൊ. ഇന്നത്തെ സ്ഥിതി അതല്ല. ഒരളവുവരെയെങ്കിലും പ്രകൃതിയെയും ചരിത്രഗതിയെയും നിര്‍ണയിക്കാന്‍ ഇന്നു മനുഷ്യനു കഴിയും. അതുകൊണ്ടുതന്നെ, നവമാനുഷം സാക്ഷാല്‍ക്കരിക്കുന്നതില്‍ മനുഷ്യനുളള പങ്ക് ഊന്നിപ്പറയേണ്ടിയുമിരിക്കുന്നു.
യേശുവിന്റെ മാനിഫെസ്റ്റോ
ഇവിടെ സുപ്രധാനമായ ഒരു പ്രശ്‌നം പൊന്തിവരുന്നു. ദൈവരാജ്യത്തിന്റേതായ ആഹ്വാനത്തിന് യേശു നല്‍കിയ പ്രത്യുത്തരമെന്താണ്. ? എവ്വിധമാണു താന്‍ നവയുഗത്തിന്റെ വിത്തുപാകി നനച്ചുവളര്‍ത്തിയത് ? ഇവിടെ, വിശദമായ ഒരുത്തരത്തിനു തുനിയുന്നില്ല. യേശുദൗത്യത്തിന്റെ മുഖ്യമായ അന്തര്‍ധാര ചൂണ്ടിക്കാണിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. പ്രതിപാദ്യവിഷയത്തിലേക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഒരു സംഭവം ലൂക്കായുടെ സുവിശേഷത്തില്‍ വര്‍ണിക്കുന്നുണ്ട്. യേശുവിന്റെ നസ്രത്തു സന്ദര്‍ശനമാണത്.
'ഒരു നാള്‍ യേശു താന്‍ ജനിച്ചുവളര്‍ന്ന നസ്രത്തിലെത്തി. പതിവുപോലെ അദ്ദേഹം പ്രാര്‍ത്ഥനാലയത്തിലേക്കു പോയി; വേദഗ്രന്ഥം വായിക്കാന്‍ എഴുന്നേറ്റുനിന്നു. യേശയ്യായുടെ പ്രവചനങ്ങളാണ് അവര്‍ വായിക്കാന്‍ കൊടുത്തത്. അദ്ദേഹം ഗ്രന്ഥം തുറന്നപ്പോള്‍ കണ്ടത് ഈ ഭാഗമായിരുന്നു: 'കര്‍ത്താവിന്റെ ചൈതന്യം എന്നില്‍ നിവേശിച്ചിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ദരിദ്രരെ സുവിശേഷം അറിയിക്കാനും തടവുകാര്‍ക്കു മോചനവും കുരുടര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാനും മര്‍ദ്ദിതരെ സ്വതന്ത്രരാക്കാനും ഈശ്വരീയപ്രസാദത്തിന്റെ വത്സരം വിളംബരം ചെയ്യാനും അവിടന്നെന്നെ അയച്ചിരിക്കുന്നു.' ഗ്രന്ഥം മടക്കി പരിചാരകനെ ഏല്‍പിച്ച ശേഷം അദ്ദേഹം ഇരുന്നു. പ്രാര്‍ത്ഥനാലയത്തിലുളള എല്ലാവരുടെയും കണ്ണുകള്‍ അദ്ദേഹത്തില്‍ തറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഇന്നിതാ നിങ്ങള്‍ക്ക് ഈ ലിഖിതം നിറവേറിയിരിക്കുന്നു.' ' (4:16-21).
ഈ പ്രഭാഷണത്തെ യേശുവിന്റെ മാനിഫെസ്റ്റോ എന്നു വിളിക്കാം. അതില്‍ ചില കാര്യങ്ങളദ്ദേഹം പറയാന്‍ വിട്ടുപോയെന്നതാണ് ഏറ്റവും അത്ഭുതാവഹം. പ്രാര്‍ത്ഥനയെപ്പറ്റിയോ യാഗഹോമാദികളെപ്പറ്റിയോ മറ്റു മതാചാരങ്ങലെപ്പറ്റിയോ ഒറ്റവാക്കും ഈ പ്രഭാഷണത്തിലില്ല. അനുഷ്ഠാനപ്രധാനമായ മതത്തെ തന്റെ ദൗത്യപരിധിയില്‍ പെട്ടതായി അദ്ദേഹം കണ്ടില്ലെന്നു സ്പഷ്ടം. അദ്ദേഹത്തിന്റെ ശ്രദ്ധയൂന്നിയത് മനുഷ്യന്റെ ഭൗതികജീവിതത്തിലാണ്- ദരിദ്രര്‍ക്കു ഭക്ഷണപാനീയങ്ങളും അന്ധര്‍ക്കു കാഴ്ചയും തടവുകാര്‍ക്കു വിടുതലും കിട്ടുന്നതില്‍. ഇതിന്നപവാദമല്ല ഈശ്വരപ്രസാദത്തിന്റെ വത്സരത്തെപ്പറ്റിയുളള പ്രസ്താവം. പഴയനിയമമനുസരിച്ച് ഓരോ പഞ്ചദശാബ്ദവും കഴിഞ്ഞാല്‍ പൊതുവായ പുനഃസ്ഥാപനത്തിന്റെ കാലമായി. അതായത് ഏതെങ്കിലും വിധത്തില്‍ സ്വത്ത് - വീടോ നിലമോ പണമോ - നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടുന്ന കാലം. 'നിങ്ങളുടെയിടയില്‍ ദരിദ്രര്‍ ഉണ്ടായിരിക്കരുത് ' എന്ന ഈശ്വരകല്‍പന പ്രയോഗത്തില്‍ വരുത്തുകയായിരുന്നു ഈ സമ്പ്രദാത്തിന്റ ലക്ഷ്യം.
മേല്‍പ്പറഞ്ഞതില്‍ നിന്ന് ഒരുവസ്തുത തെളിവാകുന്നു. ദൈവരാജ്യത്തിന്റെ ആഹ്വാനത്തിന് യേശുനല്‍കിയ മറുപടി, മനുഷ്യരുടെ സമഗ്രവിമോചനത്തിനും സാകലികവികാസത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കലായിരുന്നു. അതായത്, ദൈവികഭരണത്തിന് - സമഗ്രമനുഷ്യതയ്ക്ക് - അനുഗുണമായ ചരിത്രശക്തികളെ വളര്‍ത്തിയെടുക്കുക, അല്ലാത്തവയെ നിഗ്രഹിക്കുക. തന്റെ ഒരേ ദൗത്യത്തിന്റെ രണ്ടുമുഖങ്ങളായിരുന്നു ഈ വിധിയും നിഷേധവും, സൃഷ്ടിയും സംഹാരവും.
നസ്രത്തില്‍ വച്ചു നടത്തിയ ഈ പ്രഭാഷണം യേശുവിന്റെ ദൗത്യത്തിലേക്കു മാത്രമല്ല, ദൗത്യനിര്‍വഹണത്തിനു കൊടുക്കേണ്ടിവന്ന വിലയിലേക്കും വെളിച്ചം വീശുന്നുണ്ട്. തന്റെ നാട്ടുകാരുടെയും ചാര്‍ച്ചക്കാരുടെയും പ്രതികരണം ശ്രദ്ധേയമാണ്, 'എല്ലാവര്‍ക്കും അയാളെക്കുറിച്ചു മതിപ്പായിരുന്നു. അയാള്‍ ഉരുവിട്ട ഹൃദ്യമായ വചനങ്ങള്‍ കേട്ട് അവര്‍ അത്ഭുതപ്പെട്ടു'(ലൂക്കാ 4:22). എന്നാല്‍, അതേ ജനക്കൂട്ടം ക്രോധാവിഷ്ടരായി അദ്ദേഹത്തെ നഗരത്തിനു പുറത്താക്കിയെന്നും താഴോട്ടു തളളിയിട്ടു കൊല്ലണമെന്ന ഉദ്ദേശത്തോടെ തങ്ങളുടെ നഗരം പണിതിരുന്ന കുന്നിന്‍ മുകളിലേക്കു കൊണ്ടുപോയെന്നും സുവിശേഷകന്‍ തുടര്‍ന്നെഴുതിയിരിക്കുന്നു. ഇതിന്റെയെല്ലാം അര്‍ത്ഥമെന്ത്? ഹൃദ്യമായ വാക്കുകള്‍ ഉരുവിട്ട ഒരുവനെ ആരാണു കൊല്ലാന്‍ തുനിയുക ? യോവക്കിം യറമീയസ് എന്ന ജര്‍മ്മന്‍ പണ്ഡിതന്‍ നല്‍കുന്ന വ്യാഖ്യാനം ഇവിടെ വഴികാട്ടിയാണ്.
യേശു പ്രഭാഷണം തുടങ്ങിയതു യേശയ്യാ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടാണ്. എന്നാല്‍ പുറജാതികള്‍ക്കെതിരെ പ്രവാചകന്‍ തൊടുത്തുവിട്ട 'നമ്മുടെ ദൈവത്തിന്റെ പ്രതികാരദിന'ത്തെപ്പറ്റിയുളള ശാപവാക്കുകള്‍ യേശു വിട്ടുകളഞ്ഞു. മറ്റു വാക്കുകളില്‍, സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ പേരില്‍ പഴയനിയമം തിരുത്തിയെഴുതി. ഇതു ജനക്കൂട്ടത്തിനു പൊറുക്കാനായില്ല. അവര്‍ ക്ഷോഭിച്ചുവശായി. ഈ വ്യാഖ്യാനമനുസരിച്ച്, ' അയാളുടെ ഹൃദ്യമായ വചനങ്ങള്‍ കേട്ട് അവര്‍ അത്ഭുതപ്പെട്ടു' എന്നല്ല, ' അയാള്‍ ഹൃദ്യമായ വചനങ്ങള്‍ മാത്രം ഉരുവിട്ടതുകേട്ട് അവര്‍ അത്ഭുതപ്പെട്ടു' എന്നു വേണം വായിക്കുക. പുറജാതികളെ ലക്ഷ്യമാക്കിയുളള ശാപോക്തികള്‍ വിട്ടുകളയുകമാത്രമല്ല, ഒരുപടികൂടിക്കടന്ന്, അവരെയാണ് ഈശ്വരന്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് എന്നുപോലും പറയാന്‍ യേശു മടിച്ചില്ല. നാടെങ്ങും ക്ഷാമം വന്നപ്പോള്‍ ദൈവം ഇസ്രായേലിലെ വിധവകളെ അവഗണിച്ച് പുറജാതിക്കാരിയായ ഒരു വിധവയുടെ പക്കലേക്കാണ് ഏലിയാ പ്രവാചകനെ സഹായത്തിനയച്ചതെന്നും സ്വന്തം ജനതയില്‍ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നിട്ടും സിറിയാക്കാരനായ കുഷ്ഠരോഗിയെ സുഖപ്പെടുത്താനാണ് എലീശാ പ്രവാചകനെ നിയോഗിച്ചതെന്നും അദ്ദേഹം ശ്രോതാക്കളെ ഓര്‍പ്പിച്ചു. ദിവ്യതയുടെ മേലുളള തങ്ങളുടെ കുത്തകയെ ചോദ്യം ചെയ്ത യുവപ്രവാചകനെ അവര്‍കൊല്ലാന്‍ ശ്രമിച്ചെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഈ നിലയ്ക്കു നോക്കുമ്പോള്‍, നസ്രത്തിലെ പ്രഭാഷണവും അതിനോടു ബന്ധപ്പെട്ട വധശ്രമവും യേശുവിന്റെ ജീവിത-പ്രബോധനങ്ങളുടെ സംഗ്രഹമാണെന്നു പറയാം.
(അക്രൈസ്തവനായ യേശുവിനെ തേടി എന്ന പുസ്തകത്തിലെ ഒന്നാമദ്ധ്യായം പൂര്‍ണ്ണമായും രണ്ടാം അദ്ധ്യായത്തില്‍ നിന്നു ചില ഭാഗങ്ങളും)