Translate

Tuesday, January 15, 2013

ഒരാള്‍ക്കെങ്കിലും ഉത്തേജനമാകാന്‍

ശ്രീ ചാക്കോ കളരിക്കലിന്റെ 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്ന പുസ്തകത്തിന്റെ താളുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഏതാനും ആശയങ്ങള്‍ ഇവിടെ സംഗ്രഹിച്ചെഴുതുകയാണ്. ഈ സുന്ദരസൃഷ്ടിയുടെ ഒരു കോപ്പി വാങ്ങിയോ, http://kalarickalworks.blogspot.in/ എന്ന ലിങ്ക് വഴി അതിന്റെ ഇലെക്ട്രോണിക് വേര്‍ഷനോ ഒരാവര്‍ത്തിയെങ്കിലും വായിക്കാന്‍ ഒരാള്‍ക്കെങ്കിലും ഇതൊരുത്തേജനമായാല്‍ അത് ധാരാളം.


1. ദൈവപരിപാലനയിലുള്ള പൂര്‍ണവിശ്വാസവും സഹജീവിസ്‌നേഹവും ഭൂമിയില്‍ ദൈവരാജ്യം ഉളവാകാന്‍ അനിവാര്യമാണെന്നും തെറ്റുകള്‍ ചെയ്യുന്നവര്‍ അറിവില്ലായ്മകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നതിനാല്‍ അവരോടു നിരുപാധികം പൊറുക്കേണ്ടതുണ്ടെന്നും ആണ് യേശു ഉദ്‌ബോധിപ്പിച്ചത്. ആ യേശുവിന്റെ സ്ഥാനത്ത് നാമിന്നു പ്രതിഷ്ഠിച്ചിട്ടുള്ളത് 'ആദാമിന്റെ ആദ്യപാപത്തിന്റെ ഫലമായി മനുഷ്യവര്‍ഗത്തിനാകെ ദൈവം വിധിച്ചത്' എന്നു പുരോഹിതവര്‍ഗം വ്യാഖ്യാനിച്ച ജന്മപാപത്തില്‍നിന്നു മനുഷ്യവര്‍ഗത്തെ മോചിപ്പിക്കാനായി സ്വയം ബലിയര്‍പ്പിക്കാന്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തുവിനെയാണ്. ആ യേശുവിന്റെ ആത്മത്യാഗവും ഉയിര്‍പ്പും ഒക്കെച്ചേര്‍ന്ന ഒരു മിത്തിലാണ് മിക്ക സഭാവിഭാഗങ്ങളുടെയും വിശ്വാസം കെട്ടിപ്പടുത്തിരിക്കുന്നത്.

2. ക്രിസ്തീയ പഠനത്തില്‍ ഉത്ഭവപാപപിന്‍തുടര്‍ച്ച ആദ്യമായി കണ്ടുപിടിച്ചത് പൗലോസാണ്. പൗലോസ് റോമാക്കാര്‍ക്കെഴുതുന്നു: ''ഒരു മനുഷ്യനിലൂടെ ലോകത്തില്‍ പാപമുണ്ടായി; പാപത്തിലൂടെ മരണവും. അപ്രകാരം, എല്ലാ മനുഷ്യരും പാപം ചെയ്യുകയാല്‍ മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു'' (റോമ. 5: 12). ഈ പാപത്തിന്റെ നഷ്ടപരിഹാരമാണ് അഥവാ പ്രായശ്ചിത്തമാണ് ദൈവപുത്രനായ യേശുക്രിസ്തുവിന്റെ കുരിശിലെ മരണം (ബലി). യേശു ഈ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്; ഒരിക്കലല്ല. രണ്ടു പ്രാവശ്യം. ''ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' (മത്താ. 9: 13; 12: 7). എങ്കിലും പൗലോസ് ക്രിസ്തുവിന്റെ കുരിശുമരണത്തെ മനുഷ്യരുടെ പാപപരിഹാരത്തിനായുള്ള ബലിയാക്കി ഒരു ദൈവശാസ്ത്രത്തിന് അടിസ്ഥാനമിടുകയാണ് ചെയ്തത്.

3. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തിനു ശേഷം 325-ല്‍ ചക്രവര്‍ത്തി നിക്യാ (Nicaea) എന്ന സ്ഥലത്ത് ഒരു സഭാകൗണ്‍സില്‍ വിളിച്ചുകൂട്ടി. ആ കൗണ്‍സിലില്‍ വച്ച് സഭയുടെ വിശ്വാസപ്രമാണം (Nicene Creed) പ്രഖ്യാപിക്കുകയുണ്ടായി. യേശു പഠിപ്പിച്ച സദ്‌വാര്‍ത്തയുടെ ചൈതന്യം സ്‌നേഹവും സത്യവും ആയിരിക്കെ, യവനപിതാക്കന്മാര്‍ക്ക് യേശു ദൈവപുത്രനും മനുഷ്യകുലത്തിന്റെ രക്ഷകനുമായിപ്പോയി. യേശുവിന്റെ സുവിശേഷത്തിന്റെ കാതലായ സ്നേഹത്തെപ്പറ്റി ഒരു വാക്ക് പോലും നമ്മുടെ വിശ്വാസപ്രമാണത്തിലില്ല!

4. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കു വിപരീതനായ ഒരു വ്യക്തിയെ അവര്‍ക്ക് മെത്രാനായി വയ്ക്കാന്‍ പാടില്ലെന്ന് ഒന്നാം സെലസ്റ്റിന്‍ മാര്‍പാപ്പാ 432-ല്‍ പ്രഖ്യാപിച്ചു. സഭയിലെ 99% വരുന്ന അല്‌മേനികളെ അവഗണിക്കാനും അവഹേളിക്കാനും പാടില്ലെന്നാണിതിനര്‍ഥം. ഇന്നത്തെ സഭയുടെ ശിക്ഷണസംബന്ധമായ കാര്യങ്ങളില്‍ അല്മായന്റെ ശബ്ദത്തിന് എന്തെങ്കിലും വിലയുണ്ടോ? വിശ്വാസികളില്‍നിന്നു ലഭിച്ച അറിവിന്റെ സന്ദേശവുമായി ഇന്ന് ഒരു മെത്രാന്‍ വത്തിക്കാന്റെ പടി കയറുമോ? അപ്രമാദിത്വപ്രഖ്യാപനത്തിനോ ചാക്രികലേഖനത്തിന്റെ ഉള്ളടക്കത്തിനോ ഏതെങ്കിലും ഒരു പാപ്പാ വിശ്വാസികളുടെ അഭിപ്രായം ആരാഞ്ഞതായി കേട്ടിട്ടുണ്ടോ? അല്മായരും സഭാധികാരികളും തമ്മിലുണ്ടായിരുന്ന ആദിമസഭയിലെ പങ്കാളിത്തത്തിന് എന്തുപറ്റി എന്നു നാം ചിന്തിക്കണം.

5. ലളിതമായിരുന്ന ആ ആചരണം (അപ്പം മുറിക്കല്‍)  പിന്നീട് കത്തോലിക്കസഭ കര്‍ത്താവിന്റെ ബലിയാക്കി മാറ്റി. ദിവ്യബലി കര്‍ത്താവിന്റെ യാഗത്തിന്റെ (sacrifice) തുടര്‍ച്ചയാണെന്നും രക്തം ചിന്താതെയുള്ള യാഗമാണെന്നും സഭ പഠിപ്പിക്കുന്നു. അപ്പവും വീഞ്ഞുമാണ് അതിന്റെ ഘടകങ്ങള്‍. ക്രിസ്തു അത്തരം ഒരു ഉടമ്പടി ശിഷ്യന്മാര്‍ക്ക് ഒരിക്കലും നല്കിയിട്ടില്ല. മേലുദ്ധരിച്ച മത്തായിയുടെ സുവിശേഷവും പൗലോസിന്റെ കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനവും പരിശോധിച്ചാല്‍ അത് വ്യക്തമാകും. കര്‍ത്താവിന്റെ മേശയാചരണം കര്‍ത്താവിന്റെ ഓര്‍മയ്ക്കായി (memorial) ചെയ്യണമെന്നേ പുതിയ ഉടമ്പടിയിലുള്ളൂ. അതൊരു യാഗമല്ല. അപ്പവും വീഞ്ഞും കര്‍ത്താവിന്റെ മാംസവും രക്തവുമായി രൂപാന്തരപ്പെടുന്നില്ല.

6. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരാണ് (എബ്രാ. 10: 10-11). വി. കുര്‍ബാന ബാലിയര്‍പ്പണമാണെന്ന ചിന്ത യേശുവിരുദ്ധമാണ്. അതുകൊണ്ടുതന്നെ പുരോഹിതസ്ഥാനം സഭയില്‍ അനാവശ്യവും ബൈബിള്‍വിരുദ്ധവുമാണ്.

7. ചരിത്രവസ്തുതകള്‍ ഇങ്ങനെ ആയിരിക്കെ, മാര്‍തോമാനസ്രാണിസഭയെ കല്‍ദായസഭയുടെ ഭാഗമാക്കിയത് ഈ സഭയോടു ചെയ്ത തികഞ്ഞ തെറ്റാണ്. നസ്രാണിസഭയ്ക്ക് കല്‍ദായ പാരമ്പര്യമാണെന്ന് കണ്ടുപിടിച്ച പൗരസ്ത്യസംഘത്തിന് കൂട്ടുനിന്ന നാട്ടുമെത്രാന്മാര്‍ ഈ സഭയ്ക്ക് അപമാനമാണ്. നമ്മുടെ പള്ളിയോഗങ്ങള്‍ വെറും ഉപദേശകസമിതികളായതും പുരോഹിതര്‍ അധികാരികളും വിശ്വാസികള്‍ അടിമകളുമായതും ഈ അവിഹിത കൂട്ടുകെട്ടിന്റെ പരിണതഫലമാണ്.

8. എങ്കിലും ഈ മാര്‍തോമാനസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ ഭാഗമാക്കി പൗരസ്ത്യ കാനോന്‍ നിയമം നസ്രാണിസഭയുടെമേലും റോം അടിച്ചേല്‍പ്പിച്ചു. റോമിന്റെ ഈ നീക്കത്തിനെതിരായി നമ്മുടെ മെത്രാന്മാര്‍ സമരം ചെയ്യേണ്ടതായിരുന്നു. മാര്‍തോമാക്രിസ്ത്യാനികളോട് നമ്മുടെ മെത്രാന്മാര്‍ നീതി കാണിച്ചില്ല. പതിനഞ്ച് നൂറ്റാണ്ടു കാലത്തെ സ്വാഭാവികമായ വളര്‍ച്ചക്ക് ശേഷം മാര്‍തോമാനസ്രാണിസഭയ്ക്ക് സംഭവിച്ച വളരെ ഗുരുതരമായ അപചയമാണിത്.

9. പോപ്പാണ് തന്നെ മെത്രാന്‍സ്ഥാനത്തേക്കുയര്‍ത്തിയതെന്നുള്ള ചിന്തയാണ് സ്വന്തം രൂപതയെയും സഭയെയും പോപ്പിനും റോമന്‍ കാര്യാലയങ്ങള്‍ക്കും അടിയറവുവയ്ക്കാന്‍ ഓരോ മെത്രാനെയും നിര്‍ബന്ധിക്കുന്നത്. ഓരോ മെത്രാനും സ്വന്തമായി ചിന്തിക്കാനോ തന്റെ ഇംഗിതത്തിനനുസൃതമായി പ്രവര്‍ത്തിക്കാനോ കഴിയാതെ കാറ്റത്താടുന്ന ഞാങ്ങണപോലെ നട്ടെല്ലില്ലാതെ പെരുമാറേണ്ടിവരുന്നു.

10. സഭയില്‍ പുതിയ പുതിയ നിയമങ്ങള്‍ ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തില്‍ ദൈവജനത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യാം എന്ന് ധരിക്കുന്നത് സ്വേച്ഛാധികാരചിന്തയുടെ ഫലമാണ്. ഇന്നത്തെ പ്രബുദ്ധരായ വിശ്വാസികള്‍ ഒരുപടി മുമ്പിലാണെന്ന് സഭാധികാരികള്‍ മനസ്സിലാക്കണം. സഭയുടെ ഇപ്പോഴത്തെ പോക്കു കാണുമ്പോള്‍ സഭാധികാരികളുടെ തൊപ്പിക്കീഴിലെ സുബുദ്ധി നഷ്ടപ്പെട്ടതോര്‍ത്ത് നമുക്ക് നാണിക്കുകയേ തരമുള്ളൂ.

11. നാം ഭ്രൂതകാലത്തെ പഠിക്കുകയും യേശുപഠനങ്ങള്‍ക്ക് നവമായ ഒരു ജീവന്‍ പകരുകയും വികലവും കാലഹരണപ്പെട്ടതുമായ ആചാരാനുഷ്ഠാനങ്ങളും ഭക്താഭ്യാസങ്ങളും ഉപേക്ഷിക്കുകയും സഭ ദരിദ്രപക്ഷം ചേരുകയും ചെയ്യേണ്ടതാണ്. അപ്രകാരം സഭയില്‍ തക്കസമയത്ത് വേണ്ട വിധത്തില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തിയാല്‍ മതഭിന്നത എന്ന വലിയ വിപത്ത് നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.

12. ക്രിസ്തു വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യവും സമത്വവും ഓരോ വിശ്വാസിയുടെയും കുടുംബസ്വത്താണ്. പൗലോസ് അപ്പോസ്തലന്‍ ഗലാത്തിയാക്കാര്‍ക്ക് ഇപ്രകാരം എഴുതി: ''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉറച്ചു നില്ക്കുക. അടിമത്തത്തിന്റെ നുകത്തിന്നുകീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ. 5: 1).

13. ക്രിസ്തു രക്തം ചിന്തി നമുക്കു നേടിത്തന്ന സ്വാതന്ത്ര്യത്തെ കാനോന്‍നിയമമെന്ന കാട്ടാളനിയമംകൊണ്ട് ഇല്ലാതാക്കാനാണ് സഭാപുരോഹിതര്‍ ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. യേശു യഹൂദമഹാപുരോഹിതരോട് എപ്രകാരം പോരാടിയോ അതേ നിശ്ചയദാര്‍ഢ്യത്തോടെ നാമും ഇന്ന് സഭാധികാരികളോട് പോരാടേണ്ടിയിരിക്കുന്നു. യേശുവിന്റേതുപോലെ ശക്തമായ ഭാഷയില്‍ അവരോടു നാമും സംസാരിക്കേണ്ടി വരും.

14. ലിംഗഭേദത്താല്‍ സഭാജീവിതത്തില്‍ ഞെരുക്കപ്പെടുന്ന സ്ത്രീകളുടെ ലിംഗസമത്വസമരത്തില്‍ ആത്മാര്‍ഥമായി പോരാടുന്നവരെയും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരോഹിത ക്രിമിനലുകളെയും ഒരേ തലത്തില്‍ കാണുന്ന വത്തിക്കാന്റെ ധാര്‍മികബോധത്തെപ്പറ്റി എന്തുപറയണം? സ്ത്രീലിംഗത്തെയും ലൈംഗികതയെയും അറപ്പോടും അവജ്ഞയോടും കൂടിയാണ് വത്തിക്കാന്‍ എന്നും വീക്ഷിക്കുന്നത്. അതേസമയംതന്നെ പുരോഹിത ലൈംഗിക അതിക്രമങ്ങളെ കുമ്പസാരിച്ചാല്‍ തീരുന്ന പാപമായി ലാഘവത്തോടെ കാണുകയും കുറ്റവാളിയെ രക്ഷിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്യുന്നു. ഈ കര്‍ദിനാളന്മാരുടെയും മെത്രാന്മാരുടെയും മനഃസാക്ഷി എവിടെ?

15. ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗരതി, വൈദികബ്രഹ്മചര്യം, സ്ത്രീപൗരോഹിത്യനിഷേധം മുതലായ സഭാസിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന മാര്‍പാപ്പായ്ക്ക് കന്യാസ്ത്രീകളെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചാലും കന്യാസ്ത്രീകളുടെ വിധേയത്വമാണ് പ്രധാനം! സ്ത്രീപുരുഷന്മാരുടെ ജനനേന്ദ്രിയ സാന്മാര്‍ഗികതയുടെ കുത്തകാവകാശം ദൈവദത്തമായി തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് വത്തിക്കാനിലെ ഈ വൃദ്ധന്മാര്‍ ധരിച്ചുവശായിരിക്കുന്നതാണ് ഈ അപചയത്തിനു കാരണം.

16. ''എന്നാല്‍ ദുര്‍നടപ്പിലേക്കു പ്രലോഭനം ഉള്ളതുകൊണ്ട് ഓരോ പുരുഷനും സ്വന്തമായി ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തമായി ഭര്‍ത്താവും ഉണ്ടായിരിക്കണം. ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അങ്ങനെ തന്നെ ഭാര്യ ഭര്‍ത്താവിനോടും. ഭാര്യയ്ക്കല്ല തന്റെ ശരീരത്തിന്മേല്‍ അധികാരം, ഭര്‍ത്താവിന്നാണ്. അതുപോലെ ഭര്‍ത്താവിന്നല്ല തന്റെ ശരീരത്തിന്മേല്‍ അധികാരം, ഭാര്യക്കാണ്.'' (1 കോറി. 7: 2-5). ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികവേഴ്ച വിവാഹ ഉടമ്പടിയിലെ കടമയാണെന്ന് ഇവിടെ വ്യക്തമാണ്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഉപവിപ്രവൃത്തിയല്ല വിവാഹസംഭോഗം, കടമയാണ്. മനുഷ്യന്റെ വസ്തിപ്രദേശത്തെ ഉത്കണ്ഠ (pelvic anxiety) തീര്‍ക്കലല്ല; മറിച്ച്, സംഭോഗം വഴിയുള്ള ആനന്ദാനുഭൂതിയുടെ അനുഭവമാണത്. കാനോന്‍ നിയമത്തില്‍ വിവാഹം ''ഭാര്യാഭര്‍ത്താക്കന്മാരുടെ ലൈംഗികാസ്വാദനത്തിനും, സന്താനോത്പാദനത്തിനും, മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു'' എന്ന് തിരുത്തപ്പെടേണ്ടിയിരിക്കുന്നു. സെക്‌സിനോടുള്ള സഭയുടെ മനോഭാവം മാറ്റിയേ തീരൂ.

17. സ്വന്തം ശരീരത്തില്‍ പീഡനങ്ങള്‍ ഏല്‍പ്പിച്ച്, സഹിക്കാന്‍ വേണ്ടി സഹിക്കുന്നത് തെറ്റാണ്. യേശുവിന്റെ സഹനത്തില്‍ ഭാഗഭാക്കാകുന്നു എന്ന വികലദൈവശാസ്ത്രമാണിവിടെ. എന്നാല്‍ മനുഷ്യശരീരം ദൈവത്തിന്റെ ദാനമാണ്; നമ്മെ സ്‌നേഹിക്കുന്ന പരംപൊരുളിന്റെ ആലയമാണ്. നമ്മുടെ ശരീരത്തെ പീഡിപ്പിക്കുന്നത് ശരിയായ പ്രവൃത്തിയല്ല. ശരീരത്തെ പൂജനീയമായിക്കണ്ട് അതിനെ സംരക്ഷിക്കുകയാണ് വേണ്ടത്.

18. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദേശിച്ച പഴമയിലേക്കുള്ള തിരിച്ചുപോക്കെവിടെ? നമ്മുടെ മെത്രാന്മാര്‍ പഞ്ചപുച്ഛമടച്ച് റോമാ കല്പിക്കുന്നത് അപ്പാടെ സ്വീകരിക്കുമ്പോള്‍ ഓരോ നസ്രാണി കത്തോലിക്കനെയും അവര്‍ റോമായ്ക്ക് അടിയറ വയ്ക്കുകയാണെന്ന് മെത്രാന്മാര്‍ മനസ്സിലാക്കണം. കൂനന്‍കുരിശുസത്യം മുതല്‍ നമ്മുടെ പൂര്‍വികര്‍ നാട്ടുമെത്രാനുവേണ്ടി നടത്തിയ സമരംകൊണ്ടെന്തു ഫലം?പാശ്ചാത്യമെത്രാന്മാര്‍ റോമിന്റെ ദല്ലാളന്മാരായി വര്‍ത്തിച്ചു. അതുപോലിപ്പോള്‍ നാട്ടുമെത്രാന്മാര്‍ റോമിന്റെ മധ്യവര്‍ത്തികളായി പെരുമാറുന്നു. അത്രമാത്രം!

19. തോമായുടെ നിയമം നസ്രാണി കത്തോലിക്കര്‍ക്കായി പുനരുദ്ധരിക്കണം. അതാണ് സഭയുടെ ഭരണനവീകരണം. അല്ലാതെ, പാശ്ചാത്യ കാനോന്‍നിയമത്തിന്റെ മാതൃകയില്‍ പൗരസ്ത്യ കാനോന്‍നിയമം സൃഷ്ടിച്ച് മാര്‍തോമാക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുന്നത് തികച്ചും അക്രൈസ്തവമാണ്; രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.

20. മാര്‍പാപ്പായും മനുഷ്യനായ സ്ഥിതിക്ക് അപ്രമാദിത്വാവകാശം അടിസ്ഥാനമില്ലാത്തതാകാനിടയുണ്ട് പരിശുദ്ധ, നിതാന്ത വന്ദ്യ, അഭിവന്ദ്യ എന്നിങ്ങനെയുള്ള വിശേഷണങ്ങളും പിതാവേ എന്ന സംബോധനയും മാര്‍പാപ്പായ്ക്കും മെത്രാന്മാര്‍ക്കും ഉപയോഗിക്കുന്നത് പുതിയ നിയമസന്ദേശത്തിനു  നിരക്കുന്നതല്ല. മെത്രാനെയും സഹോദരാ എന്നാണ് വിളിക്കേണ്ടത്.

21. അവന്‍ അവരോടു ചോദിച്ചു : 'എന്നാല്‍ ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്?' പത്രോസ് പറഞ്ഞു: 'ദൈവത്തിന്റെ അഭിഷിക്തന്‍' (ലൂക്കോ. 9: 18-20). എന്തുകൊണ്ട് ക്രിസ്തുവിന്റെ മാതൃക ഇക്കാര്യത്തില്‍ പട്ടക്കാരും മേല്പട്ടക്കാരും സ്വീകരിച്ചുകൂടാ? അവരെപ്പറ്റിത്തന്നെ അവര്‍ക്ക് ഒരു സര്‍വെ നടത്തിക്കൂടേ? ആഗോളസഭയ്ക്കും സീറോ മലബാര്‍ സഭയ്ക്കും ഇങ്ങനെയൊരു സര്‍വേ നടത്തിക്കൂടെ?

22. ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്ന് സഭയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സഹായം അല്മായരെ സഭ എങ്ങനെ ഞെരുക്കുന്നു എന്ന് ശാസ്ത്രീയമായി പഠിക്കുകയാണ്. കൂടാതെ അല്മായ ദൈവശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടതുമാണ്. തുറന്ന സംവാദങ്ങളും സഭയിലെ പണ്ഡിതര്‍ക്ക് വേണ്ട സ്വാതന്ത്ര്യവും എല്ലാ കാര്യങ്ങളിലും സമുചിതമായ നടപടിക്രമങ്ങളും ഉണ്ടായിരിക്കണം.

23. വിവാഹത്തിലെ കാര്‍മികര്‍ വിവാഹിതരാകുന്ന സ്ത്രീപുരുഷന്മാരാണ്. അച്ചന്‍ ഒരു സാക്ഷിമാത്രമാണ്. ഏത് അല്മായനും ഈ സ്ഥാനം ഏറ്റെടുക്കാം. പക്ഷേ, അച്ചന്മാര്‍ ഇതൊന്നും മനസ്സിലാക്കാന്‍ വിശ്വാസികളെ അനുവദിക്കുകയില്ല. അച്ചന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടക്കുന്നതെന്ന തെറ്റിദ്ധാരണ അവര്‍ വിശ്വാസികളില്‍ സൃഷ്ടിച്ചിരിക്കുകയാണ്. നമ്മുടെ വിശ്വാസം മെത്രാനിലും അച്ചനിലുമല്ല. മറിച്ച് യേശുവിലാണെന്ന സത്യം വിശ്വാസികള്‍ മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. സമ്പത്തും അധികാരവും സ്ഥാപനങ്ങളും കൈയടക്കിവെച്ചുകൊണ്ട് എക്കാലവും യഥേഷ്ടം വിശ്വാസികളെ ഭരിക്കാന്‍ കഴിയുമെന്നുള്ള മൂഢചിന്തയില്‍ നിന്ന് കാണെക്കാണെ പുരോഹിതരും വിമോചിതരാകേണ്ടിരിക്കുന്നു.

2 comments:

  1. കുത്തഴിഞ്ഞ കത്തോലിക്കസഭയുടെ നവീകരണമെങ്ങനെയെന്നുള്ള ഗംഭീരമായ ആശയങ്ങളടങ്ങിയതാണ് ചാക്കോച്ചന് രചിച്ച പുസ്തകങ്ങള്‍ എല്ലാംതന്നെ. പണ്ഡിതനായ ചാക്കോച്ചന്‍ അനേക ഗവേഷണഗ്രന്ഥങ്ങള്‍ പരിശോധിച്ചശേഷമാണ് സഭയുടെ വിജ്ഞാനപ്രദമായ ഈ പുസ്തകം വായനക്കാരുടെ മുമ്പാകെ സമ്മാനിച്ചത്‌.സമര്‍പ്പിച്ചതും. കഴിഞ്ഞ ഒരു വര്‍ഷത്തോളം പുസ്തകത്തിന്റെ അരങ്ങേറ്റത്തിനായി ഊണും ഉറക്കവും ഉപേഷിച്ചും അദ്ദേഹംഈ പുസ്തക രചനയുടെ ശ്രമത്തിലായിരുന്നുവെന്നും അറിയാം.

    സഭാപരമായ അടിസ്ഥാനതത്വങ്ങള്‍ മുതല്‍ നാളിതുവരെയുള്ള വിവരങ്ങള്‍ ചേര്‍ത്തു ഇത്തരം ഒരു വിജ്ഞാനഗോപുരം പണുത ചാക്കോച്ചനെ എത്രകണ്ടു അഭിനന്ദിച്ചാലും മതിയാകുകയില്ല. എനിക്ക് അല്‍മായശബ്ദത്തിലെക്കുള്ള വഴി കാട്ടിതന്നതും ചാക്കോച്ചനാണ്.

    ബൈബിള് സൂക്ഷിക്കുന്നതുപോലെയാണ് ഞാന്‍ അദ്ദേഹത്തിന്‍റെ 'സഭാ നവീകരണത്തിലേക്ക് ഒരു വഴി' എന്ന പുസ്തകം കൈവശം വെച്ചിരിക്കുന്നത്.
    രണ്ടു പ്രാവിശ്യം വായിച്ചു. ഇനിയും വായിക്കുന്നുണ്ട്.

    ലൈംഗികവികാരങ്ങള്‍ രോഗാവസ്തയെന്നു ചിന്തിക്കുന്ന സഭാനേതൃത്വത്തെ ചാക്കോച്ചന്‍ ശരിക്കും ചാട്ടകൊണ്ട് അടികൊടുക്കുന്നുണ്ട്. അമേരിക്കയില്‍ പകുതിയില്‍ അധികം ആളുകള്‍ വിവാഹമോചനം നടത്തിയവരാണ്. അവരുടെ പുനര്‍വിവാഹം കാനോന്‍ നിയമം അനുവദിക്കുകയില്ല. മറ്റുള്ള ക്രിസ്ത്യന്‍ സഭകളിലേക്കു മോചനം നേടിയവരും അവരുടെ
    മക്കളും ചെക്കേറുന്നതു മൂലം നഷ്ടം സംഭവിക്കുന്നത്‌ സഭയ്ക്കെന്നും വൃദ്ധരായ ഇന്നത്തെ യാഥാസ്ഥിതിക നേതൃത്വത്തിനു മനസിലാവുകയില്ല.

    സര്‍വ്വാധികാരമുള്ള മാര്‍പ്പാപ്പയുടെ ചുമതലകള്‍ വെട്ടികുറയ്ക്കുകയാണ് സഭാനവീകരണത്തിന് ആദ്യം ചെയേണ്ടത്. വെറും ഒരു സ്വേച്ഛാധിപതിയുടെ അധികാരമാണ് പൂര്‍വിക നൂറ്റാണ്ടുകളില്‍ ജീവിക്കേണ്ട മാര്‍പാപ്പക്ക് ഇന്നും സഭ കല്‍പ്പിച്ചിരിക്കുന്നത്. അധികാരം വിഭജിച്ചു വത്തിക്കാന്‍മുതല്‍ ഒരു ഇടവകവരെ വ്യാപിപ്പിക്കേണ്ടതും സഭയുടെ ഭരണനിര്‍വഹണം സുഗമം ആക്കുവാന്‍ ആവശ്യമാണ്.

    സഭ തങ്ങളുടെ പണം വിളയിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. സഭയുടെ ആത്മാര്‍ഥത സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ക്കുപരി വിശ്വാസികളില്‍ അര്‍പ്പിച്ചാല്‍, ഭക്തരുടെ സഭയുടെമേലുള്ള വിശ്വാസം വീണ്ടെടുക്കുവാന്‍ സാധിച്ചാല്‍, സഭയുടെ നവീകരണമാര്‍ഗത്തിന് വഴി തെളിയിക്കും.

    കത്തോലിക്കമതം ഇന്ന് മതമല്ല ഒരു വലിയ ബിസിനസ് സ്ഥാപനം ആണ്. മനുഷ്യത്വം എങ്ങനെയെന്നും പുരോഹിതരെ പഠിപ്പിക്കേണ്ടതായി ഉണ്ട്. സ്നേഹത്തിന്റെ ഭാഷയും നവീകരണ ചിന്താഗതിയാക്കണം.

    പുരോഹിതര്‍ക്കുള്ള ലൈംഗികഭ്രാഭ്രാന്തിനു കാരണം
    വിവാഹം കഴിക്കാത്ത അവസ്ഥകൊണ്ടാണ്. തന്മൂലം പുരോഹിതരുടെ ലൈംഗികഅടിമകളാകുന്നതു നിസഹായരായ സ്ത്രീജനങ്ങളും കന്യാസ്ത്രീകളും കുഞ്ഞുങ്ങളുമാണ്. മാറ്റം കൂടിയേ തീരൂ.

    മാര്‍പാപ്പാമുതല്‍ സഭാമക്കള്‍വരെ ഒന്നുപോലെ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം വേണം. അല്മായന്റെ ശബ്ദത്തിനു വലിയവില കല്‍പ്പിച്ചാല്‍ പഴമയുടെ ചൈതന്യം സഭയ്ക്ക് വീണ്ടെടുക്കുവാന്‍ സാധിക്കും.

    എങ്കില്‍ ആശാരിച്ചെറുക്കൻ ഉരുപ്പടികളും ഉപകരണങ്ങളുമായി വീണ്ടും സഭയില്‍ വന്നുകൊള്ളും. അവനെ പിണക്കി വിട്ടില്ലേ? സ്നെഹമുള്ളടത്തു അവന്‍ തനിയെ എത്തികൊള്ളും.

    ReplyDelete
  2. കത്തോലിക്കസഭയുടെ അധികാരം മുഴുവനും വത്തിക്കാനിലെ പോപ്പില്‍മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്. അദ്ദേഹം പറയുന്നതുപോലെ, പ്രവർത്തിക്കുന്നതുപൊലെ സഭയിലെ ആകമാനജനത പിന്തുടരണം. അദ്ദേഹം എന്തു വിശ്വസിച്ചാലും പരിശുദ്ധാത്മാവിന്റെ അരൂപിയെന്നു പറഞ്ഞു ജനവും അതുപോലെ വിശ്വസിച്ചു മനസിനെ പാകപ്പെടുത്തണം. തീരുമാനങ്ങള്‍ എടുക്കുവാന്‍ ബുദ്ധിയുടെ ഉറവിടം എന്നും മാര്‍പാപ്പയുടെ തലയില്‍ മാത്രം വാര്‌ത്തിരിക്കുകയാണ്. ദൈവത്തോടൊപ്പം സമഅധികാരത്തോടെ സമകാലിക പ്രശ്നങ്ങള്‍ക്ക് അവസാനതീരുമാനം കല്‍പ്പിക്കുന്നതും മാര്‍പാപ്പാ ആയിരിക്കും.

    ലോകമാകമാനം കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന ആരോപണങ്ങളില്‍ മുഴുകിയിരിക്കുന്ന പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ക്ക് പ്രായാധിക്യം ബാധിച്ചിരിക്കുന്ന മാര്‍പാപ്പ എങ്ങനെ ഉത്തരവാദിയാകും? കുറ്റവാളികളായ പെണ്‌പിടുത്ത, പിള്ളേരെ പീഡിപ്പിക്കുന്ന അത്തരം പുരോഹിതരെ മാര്‍പാപ്പാ ഒരിക്കല്‍പ്പോലും കണ്ടിട്ടുണ്ടാവുകയില്ല. എന്നിട്ടും ആരാന്റെ കോഴിക്കൂട്ടില്‍ കുറുക്കന്‍ കേറിയിട്ടും ഉത്തരവാദി മാര്‌പപ്പായാണ്.

    ഇങ്ങനെയുള്ള മാര്‍പാപ്പയുടെ പൂര്‍ണ്ണ അധികാര പരിധിയില്‍ നീതിയില്ല. അങ്ങനെ, അദ്ദേഹത്തിന്റെ വിശ്വാസംപോലെ ലോകം വിശ്വസിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ലോകം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ അദ്ദേഹത്തില്‍നിന്നും നീക്കംചെയ്യേണ്ടതും നവീകരണഭാഗം ആക്കണം. യഹൂദരെ കൂട്ടകൊല നടത്തിയതില്‍ കണ്ണടച്ച മുമ്പുള്ള മാര്‍പാപ്പയുടെ പാപം എന്തിനു പിന്നീടുള്ള മാര്‍പാപ്പ ഏറ്റെടുക്കണം?

    പിള്ളേരെ പീഡിപ്പിച്ചു കുറ്റകൃത്യം ചെയ്യുന്ന പുരോഹിതന്റെ ഇടവകയില്‍തന്നെ അധികാരം കേന്ദ്രികരിക്കണം. ശിക്ഷിക്കേണ്ടത് കുറ്റവാളിയുടെ ഇടവകപള്ളിയെയാണ്. അങ്ങനെ മാര്‍പാപ്പയുടെ അധികാരം കേന്ദ്രികരിക്കാതെ ഇടവകപള്ളികളിലേക്ക്‌ വികേന്ദ്രീകരിക്കണം. ഇടവകപള്ളിയിലെ പൊത്തിനകത്തിരുന്നു പണിപറ്റിക്കുന്ന കള്ളനെയാണ് നിയമത്തിനുമുമ്പില്‍ ശിക്ഷിക്കേണ്ടത്. അധികാരം വീതിച്ചാല്‍ ലൈംഗിക
    ശേഷിക്കവശരായ വത്തികാനിലെ വൃദ്ധരെ വെറുതെ വിടുവാന്‍ സാധിക്കും.

    ReplyDelete