Translate

Thursday, January 24, 2013

ഫാ. പോള്‍ തേലെക്കാട്ടിന് ഒരു കത്ത്


                                                                                ജോയ് പോള്‍ പുതുശ്ശേരി

റവ. ഫാ. പോള്‍ തേലെക്കാട്ട്,
സത്യദീപം പബ്ലിക്കേഷന്‍സ്,
എറണാകുളം നോര്‍ത്ത് പി. ഒ.
കൊച്ചി - 682018

ബഹുമാനപ്പെട്ട ഫാ. പോള്‍ തേലെക്കാട്ട്,
അങ്ങ് ഞങ്ങളുടെ തൃശ്ശൂര്‍ യോഗത്തിലെ അസാന്നിദ്ധ്യംകൊണ്ട് ഞങ്ങളെ വളരെയേറെ നിരാശപ്പെടുത്തി, എന്നെയും കേരള കാത്തലിക് ഫെഡറേഷന്‍ അംഗങ്ങളെയും മാത്രമല്ല, ജാതിമതഭേദമെന്യെ നൂറുകണക്കിന് തൃശ്ശൂര്‍ പൗരാവലിയെയും അങ്ങ് നിരാശപ്പെടുത്തിയെന്ന് ഖേദപൂര്‍വം അറിയിക്കേണ്ടിയിരിക്കുന്നു. മറ്റു പ്രാസംഗികരേക്കാളേറെ അങ്ങയുടെ പ്രസംഗം ശ്രവിക്കാനാണ് ഒരു വന്‍സദസ് ജനുവരി 20ന് ഞായറാഴ്ച തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ചര്‍ച്ച് ആക്റ്റിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഉല്‍ഘാടകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രബന്ധാവതാരകന്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍, കെ.എം.റോയ് തുടങ്ങിയവരുടെ നിലപാടുകള്‍ കേരളത്തിലെ പൊതുസമൂഹത്തിന് ഏതാണ്ട് അറിവുള്ളതാണ്. എന്നാല്‍ ചര്‍ച്ച് ആക്റ്റ് സംബന്ധമായി കത്തോലിക്കാസഭാധികാരികളുടെ നിലപാട് ഇതുവരേയും കേരളസമൂഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കത്തോലിക്കാസഭാധികാരികള്‍ ചര്‍ച്ച് ആക്റ്റ് സംബന്ധിച്ച ഒരു പരസ്യനിലപാട് ഇതുവരെയും എടുത്തതായി അറിവില്ല. മുമ്പ് പല പ്രാവശ്യം ചര്‍ച്ച് ആക്ട് സംബന്ധിച്ച് സീറോ-മലബാര്‍ മെത്രാന്‍ സിനഡിന്റെയും കേരള കത്തോലിക്കാ മെത്രാന്‍ കൗണ്‍സിലിന്റെയും അഭിപ്രായവും നിലപാടും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തിലിക് ഫെഡറേഷന്റെ മാത്രമല്ല, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെയും പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ സഭാധികാരികള്‍ക്ക് എഴുതിയിട്ടുള്ളതാണ്. ചര്‍ച്ച് ആക്റ്റ് സംബന്ധിച്ച് സഭാനേതൃത്വത്തിനുള്ള എതിര്‍പ്പുകള്‍ പരസ്യമായി വ്യക്തമാക്കണം, എതിര്‍പ്പുകളില്ലെങ്കല്‍ ചര്‍ച്ച് ആക്റ്റ് നിയമസഭയില്‍വെച്ച് പാസ്സാക്കാന്‍ വിരോധമില്ലെന്ന വസ്തുത പരസ്യമായി അറിയിക്കണം. ഇതായിരുന്നു ഞാന്‍ കേരളത്തിലെ മെത്രാന്മാര്‍ക്ക് മുന്നില്‍ ഉന്നയിച്ച അഭ്യര്‍ത്ഥന. എന്നാല്‍ യാതൊരു മറുപടിയും ലഭിച്ചില്ല. സഭാധികാരികള്‍ എല്ലാവിധ ചര്‍ച്ചകളില്‍നിന്നും അഭിപ്രായപകടനങ്ങളില്‍നിന്നും ഒളിച്ചോടുകയായിരുന്നു. ഈ ബില്ലിനെ മൗനത്തിന്റെ നീര്‍ക്കയത്തില്‍ മുക്കിക്കൊല്ലാനായിരുന്നു അവരുടെ ശ്രമം. ഈ സാഹചര്യത്തിലാണ് കേരള കാത്തലിക് ഫെഡറേഷന്‍ മുന്‍കയ്യെടുത്ത് തൃശ്ശൂരില്‍ ചര്‍ച്ച് ആക്റ്റ് സംബന്ധിച്ച ഒരു സംവാദം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
സംവാദത്തില്‍ സഭയുടെ അഭിപ്രായം അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തി ആരെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല. സീറോ-മലബാര്‍ സഭയുടെ വക്താവും സത്യദീപം പ്രസിദ്ധീകരണത്തിന്റെ അമരക്കാരനുമായ ഫാ. പോള്‍ തേലെക്കാട്ട് തന്നെയായിരിക്കണമെന്ന് കേരള കാത്തിലിക് ഫെഡറേഷന്റെ നിര്‍വാഹകസമിതി ഐകകണ്‌ഠേന തീരുമാനിച്ചു. സഭാവക്താവെന്ന നിലയില്‍ മാത്രമല്ല ഒരു ഉല്‍കൃഷ്ടവ്യക്തിത്വത്തിന്റെ ഉടമയെന്നനിലയിലും അങ്ങുതന്നെയാണ് ഏറ്റവും അനുയോജ്യനെന്ന് ഞങ്ങളെല്ലാം കരുതി. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദിഷ്ടയോഗത്തിന് ഉദ്ദേശം രണ്ടുമാസംമുമ്പായി ഞാനും എന്റെ രണ്ടു സഹപ്രവര്‍ത്തരും അങ്ങയെ നേരില്‍കണ്ട് ക്ഷണിച്ചത്. അങ്ങ് ഞങ്ങളുടെ ക്ഷണം സസന്തോഷം സ്വീകരിക്കുകയും ചെയ്തു. മീറ്റിങ്ങിന് രണ്ടുനാള്‍മുമ്പ് അങ്ങയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ ഉത്തരവാദപ്പെടുത്തിയിരുന്ന എന്റെ സഹപ്രവര്‍ത്തകന്‍ പുറപ്പെടേണ്ട സമയവും മറ്റും അറിയാന്‍ അങ്ങയെ നേരില്‍ കണ്ടിരുന്നു. അപ്പോഴെങ്കിലും അങ്ങേക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍വാഹമില്ലെന്ന് പറയാമായിരുന്നു. അതിന് യോഗദിവസം രാവിലെ പത്തുമണിവരേക്ക് കാത്തിരിക്കേണ്ടതില്ലായിരുന്നു. യോഗത്തിന് അങ്ങയെ കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ ഏല്‍പ്പിച്ചിരുന്ന വ്യക്തിയെ മാത്രമാണ് അങ്ങ് വിവരമറിയിച്ചത്. ഔദ്യോഗികമായി അങ്ങയെ ചടങ്ങിലേക്ക് ക്ഷണിച്ച കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡണ്ടായ എന്നെ നേരില്‍വിളിച്ച് വിവരമറിയിക്കാനുള്ള മാന്യതപോലും കാണിക്കാഞ്ഞത് അങ്ങേയറ്റം ദുഃഖകരമായി. അങ്ങയുടെ തികച്ചും അപ്രതീക്ഷിതമായ അസാന്നിദ്ധ്യം സംഘാടകരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
ഫാ. പോള്‍ തേലെക്കാട്ട് എന്ന പുരോഹിനെയും വ്യക്തിയേയും ഞങ്ങള്‍ ബഹുമാനപുരസ്സരം കണ്ടിരുന്നതാണ്. സഭാവക്താവെന്നനിലയില്‍ പലപ്പോഴും സഭാധികാരികളുടെ അനീതികരവും ന്യായീകരണാതീതവുമായ തീരുമാനങ്ങളെപ്പോലും അങ്ങേക്ക് ന്യായീകരിക്കേണ്ടിവരുന്നുവെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. തീവ്രവാദികളാല്‍ കൈവെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി. ജെ. ജോസഫിനെ കോതമംഗലം രൂപതാമെത്രാന്റെ കീഴിലുള്ള കോര്‍പറേറ്റ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത് ന്യായീകരിക്കാനായി അങ്ങ് കഠിനമായി പണിപ്പെടുന്നതായി ടി.വി. മാധ്യമങ്ങളില്‍ കാണാനിടയായി. അന്നത്തെ അങ്ങയുടെ ശരീരഭാഷയില്‍നിന്നുതന്നെ ഈ നടപടി ന്യായീകരിക്കുന്നതില്‍ അങ്ങേക്ക് വളരെയേറെ മനസ്സാക്ഷിക്കുത്തുള്ളതായി തോന്നി. കൂട്ടത്തില്‍ പറയട്ടെ പ്രൊഫ. ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ച് കോതമംഗലം അരമനയിലേക്ക് മാര്‍ച്ചിന് നേതൃത്വം കൊടുത്തപ്പോള്‍ അരമനയുടെ ഉപ്പും ചോറുംതിന്ന് ഉപജീവിക്കുന്ന വിശുദ്ധ ഗുണ്ടകളുടെ കഠിനമര്‍ദ്ദനമേറ്റ വ്യക്തിയാണ് ഞാന്‍. ആ പാവം പ്രൊഫസര്‍ക്കുവേണ്ടി അത്രയെങ്കിലും ചെയ്യാനായതില്‍ എനിക്ക് ആത്മസംതൃപ്തിയുണ്ട്.
യോഗത്തില്‍നിന്ന് വിട്ടുനിന്നതിന് അങ്ങ് എന്തെല്ലാം ഒഴിവുകഴിവുകള്‍ പറഞ്ഞാലും മെത്രാന്മാരുടെ തീട്ടൂരത്തിന് അങ്ങ് വിധേയപ്പെട്ടതാണെന്ന് വിശ്വസിക്കാനേ നിര്‍വാഹമുള്ളു. വടക്കേ ഇന്ത്യയിലെ ഏതോ രൂപതയില്‍ മെത്രാന്‍സ്ഥാനത്തിന് അങ്ങയുടെ പേര്‍ പരിഗണിക്കപ്പെടുന്നതായി വ്യാപകമായി കേള്‍ക്കുന്ന കിംവദന്തികള്‍ സത്യമാണൊ മിഥ്യയാണൊ എന്നെനിക്കറിയില്ല. എന്നാല്‍ സഭയുടെ ശപ്തമായ ഇരുണ്ട ഭൂതകാലത്തിലെ രാജകീയ അമിതാധികാരത്തിന്റെ പുനരുജ്ജീവിക്കപ്പെട്ട വേതാളങ്ങളെപ്പോലെ ചെങ്കോലും കീരീടവും സ്വര്‍ണവസ്ത്രങ്ങളുമണിഞ്ഞ് നടക്കുന്ന മെത്രാന്മാരിലൊരാളായി അങ്ങയെ കാണുന്നതിലും ഞങ്ങളുടെ പ്രിയപ്പെട്ട തേലെക്കാട്ട് അച്ചനായി, ഞങ്ങളിലൊരാളായി, അങ്ങയെ കാണാനാണ് ഞങ്ങള്‍ക്കിഷ്ടം. സഭയിലെ പുരോഗമനാശയക്കാരനായ ഒരു പുരോഹിതനായിട്ടാണ് പലരും അങ്ങയെ കാണുന്നത്. അങ്ങയെ കണ്ടപ്പോള്‍ എനിക്കും ലഭിച്ചത് ഈ ധാരണതന്നെയായിരുന്നു. തൃശ്ശൂര്‍ യോഗത്തിന് അങ്ങയെ ക്ഷണിക്കാന്‍ വന്നപ്പോള്‍ 'അച്ചോ, ഞങ്ങളെയെല്ലാം സഭാദ്രോഹികള്‍ എന്ന വിഭാഗത്തിലാണ് സഭാധികാരികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്' എന്ന് ഫലിതരൂപേണ ഞാന്‍ പറയുകയുണ്ടായി. അതിന് നിങ്ങളെ സഭാദ്രോഹികളായി കണക്കാക്കുന്നില്ല എന്നായിരുന്നു അങ്ങയുടെ മറുപടി. കൂട്ടത്തില്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേലിനെപ്പറ്റിയും അങ്ങ് പരാമര്‍ശിക്കുകയുണ്ടായി. പലരും അദ്ദേഹത്തെ സഭാദ്രോഹിയായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അങ്ങ് അത്തരത്തില്‍ കരുതുന്നില്ല എന്നായിരുന്നു അങ്ങ് പറഞ്ഞത്. He thinks differently എന്ന ഇംഗ്ലീഷ് വാക്കുകളാണ് അങ്ങ് അന്ന് ഉപയോഗിച്ചത്. ഇത് അങ്ങേക്ക് നിഷേധിക്കാന്‍ കഴിയില്ല. കാരണം എന്റെ ഒപ്പമുണ്ടായിരുന്ന ഒരു വക്കീലും ഒരു കമ്പനി ചെയര്‍മാനും ഇതിന് സാക്ഷികളാണ്. 
കത്തോലിക്കാസഭയിലെ മെത്രാന്മാരുടെയും പുരോഹിതരുടെയും വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലെന്ന് നിരവധി അനുഭവങ്ങളിലൂടെ വിശ്വാസികള്‍ക്ക് മനസ്സിലായിട്ടുള്ളതാണ്. അവരുടെ ഉപദേശങ്ങളും ജീവിതവും വ്യത്യസ്തതട്ടുകളിലാണ്. ഉപദേശം വിശ്വാസികള്‍ക്കും ജീവിതം തങ്ങള്‍ക്കുമെന്നതാണ് അവരുടെ മട്ട്. ഏതായാലും അങ്ങ് ഇതിന് ഒരപവാദമാണെന്ന് ഞാനുള്‍പ്പടെയുള്ളവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ആ ധാരണ തിരുത്താന്‍ ഇപ്പോള്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു.
സ്‌നേഹപൂര്‍വം,


തൃശ്ശൂര്‍ ജോയ് പോള്‍ പുതുശ്ശേരി,
23-1-2013 സംസ്ഥാനപ്രസിഡണ്ട്,
കേരള കാത്തലിക് ഫെഡറേഷന്‍.

3 comments:

  1. അങ്ങെന്നുള്ള പ്രയോഗങ്ങളില്‍ക്കൂടി രാജകീയഭാഷയില്‍ കുട്ടിപത്രം നടത്തുന്ന കുപ്പയക്കാരെ ഇത്രമാത്രം ബഹുമാനം കല്പ്പിക്കുന്നതുകൊണ്ടാണ് അല്മായരെ ഇവര്‍ എന്നും പുല്ലുവില കല്‍പ്പിക്കുന്നത്.

    നല്ലപിള്ള ചമയും. മെത്രാന്റെ വടിയില്‍ രഹസ്യമായി മുത്തും. അല്മായനിട്ടു വേലവെക്കുവാന്‍ പുറകില്‍നിന്നു താന്‍ ചാരപ്പണി ചെയ്തു കൊള്ളാമെന്നു മെത്രാന് വാക്കും കൊടുക്കും. അറക്കനുവേണ്ടി കാഞ്ഞിരപ്പള്ളി പ്രകടനത്തില്‍ പങ്കെടുത്ത ഡ്രൈവറുടെ ചാരപ്പണി തന്നെയാണ് പാമരുടെ ഇടയില്‍ പണ്ഡിതനെന്നു അഭിമാനിക്കുന്ന ഇവരുടെയും ജോലി. കത്തനാരിന്റെ തനിസ്വഭാവം ഈ പുരോഹിതന്‍ എടുത്തുവെന്നു കരുതിയാല്‍ മതി. ഇവിടെ ഞാന്‍ കൂടലിന്റെ കൂടെയാണ്.കത്തനാര്‍ കന്യാകുമാരിയില്‍നിന്നോ കാശ്മീരില്‍നിന്നോ, അഥവാ സഹാറാ മരുഭൂമിയില്‍ നിന്ന് വന്നവനെങ്കിലും ഒരേ അച്ചുതണ്ടില്‍ വാര്‍ത്ത ഇവരുടെ സ്വഭാവങ്ങള്‍ക്കു മാറ്റം അധികം കാണുവാന്‍ സാധ്യതയില്ല.

    സത്യദീപം പത്രാധിപരാണെങ്കില്‍ കോവേന്തക്കാരന് ആയിരിക്കുമല്ലോ. കള്ളനു കഞ്ഞിവെച്ച പുരോഹിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള സഭയാണ് കര്‌മ്മിലീത്താസഭ. മഹാനായ പുലിക്കുന്നന്‍വരെ ഈ ഇഴയുന്ന മനുഷ്യരുടെ ഇരയാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ ഭേദമാണെങ്കിലും പഠിച്ചിരുന്ന കാലങ്ങളിലുള്ള പഴയ ചില വിഷ ജീവികള്‍ ഇന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ട്. പലരും കാലപുരിയില്‍ ജീവിക്കുന്നു.

    ഒരു കുട്ടിപത്രത്തില്‌നിന്ന് ഇത്തരക്കാരുടെ പുരോഹിത പുരോഗനമനചിന്തകള്‍ ചിലച്ചാലും കാര്യഗൗരവമുള്ള വിഷയങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് തോന്നുന്നില്ല. സത്യദീപം , കര്‍മ്മലകുസുമം എന്ന നിര്‌ജീവങ്ങളായ മാസികകള്‍ ഞാന്‍ ചെറുപ്പകാലങ്ങളില്‍ കണ്ടതായി ഒര്‌മ്മിക്കുന്നു. ചര്ച്ച് ആക്റ്റ് പോലുള്ള ഗൌരവ വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെയുള്ള വിവരദോഷികളെ സംഘാടകര്‍ കഴിയുന്നതും വിളിക്കാതെയിരിക്കുകയായിരിക്കും നല്ലത്.

    ഇദ്ദേഹത്തിന്റെപേരില്‍ വമ്പിച്ച ജനാവലി കൂടിയെങ്കില്‍ കൂടുതല്‍ ജനങ്ങളും അരമന ബിഷപ്പിനുവേണ്ടി വന്നുവെന്നും കണക്കാക്കണം. നിയമം സാധുവാകുമെന്ന പേടിയും ബിഷപ്പിന്റെ കൊട്ടാരത്തെതന്നെ കുലുക്കുന്നുമുണ്ടായിരിക്കും.

    ഒളിച്ചുകളിക്കുന്ന കത്തോലിക്കസഭയെ അവരുടെ മാളങ്ങളില്‍നിന്ന് പുറത്തുചാടിക്കുവാന്‍ ഇങ്ങനെയുള്ള പുരോഹിതരുടെ സേവനങ്ങള്‍കൊണ്ട് പ്രയോജനം ഇല്ല. അയാള്‍ മെത്രാന്‍ തൊപ്പിയും അംശ വടിയുമായി എത്തുന്നസമയം ജനം കൂവണം. ഇങ്ങനെ ജനവഞ്ചനയില്‍ക്കൂടി വലിയ ഒരു ജനതയെ നിരാശപ്പെടുത്തുന്നവന് ഒരിക്കലും ജനങ്ങളുടെ മെത്രാനാകുവാന്‌ യോഗ്യനല്ല. ഇങ്ങനെ ഓന്തിന്റെ നിറംപോലെ മാറുന്ന ഒരു പുരോഹിതനെ സഭയുടെ വക്താവായി കണ്ടതിലും കഷ്ടമെന്നേ മറുപടിയുള്ളൂ.

    ReplyDelete
  2. കത്തനാരോടും കര്‌ദിനാളൊടും ....ഇടതുഭാഗത്തെ കള്ളന്‍ വരിച്ചോരാകുരിശിനെ അഭിമാനമോടെ നെഞ്ചില്‍ അണിയുവൊരെ , അരുമനാഥന്റെ ത്യാഗകുരിശിന്‌ മറവിലല്ലോ മദിച്ചുവാഴുന്നു നിങ്ങള്‍ ...പൊറുക്കുകീശാ ..

    ReplyDelete
  3. Shared this on

    Kerala Catholic Reformation facebook page
    https://www.facebook.com/pages/Kerala-Catholic-Reformation/564861446869261

    ReplyDelete