Translate

Monday, January 7, 2013

മറിയത്തിന്റെ 'ത്രിത്വ'വും 'സഹരക്ഷക'പദവിയും

ജോസഫ് പുലിക്കുന്നേല്‍
(ഓശാനമാസികയുടെ ജൂലൈ 1997 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

ചോദ്യം : 

ഈ അടുത്തയിടെ പാലായില്‍ കുരിശുപള്ളിക്കവലയില്‍ വണക്കമാസം കാലംകൂടല്' നടക്കുമ്പോള്‍ മൈക്കിലൂടെ വന്ന ഒരു പ്രാര്‍ത്ഥനയെക്കുറിച്ചുള്ള എന്റെ സംശയം തീര്‍ത്തുതരണമെന്നഭ്യര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥന മാതാവിനെക്കുറിച്ചുള്ളതാണ്.

''പിതാവായ ദൈവത്തിന്റെ പുത്രിയും പുത്രനായ ദൈവത്തിന്റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയും ആയ ഞങ്ങളുടെ അമ്മേ .....''
ഞാന്‍ വേദോപദേശത്തില്‍ പഠിച്ചിട്ടുള്ളത് ത്രിത്വത്തിന്റെ രഹസ്യമനുസരിച്ച്, ദൈവത്തിന് മൂന്ന് ആളത്വമുണ്ടെങ്കിലും ഒരു സത്തയാണെന്നാണ്. അങ്ങനെയാണെങ്കില്‍ മറിയം എങ്ങനെ പിതാവിന്റെ പുത്രിയും പുത്രന്‍ തമ്പുരാന്റെ അമ്മയും പരിശുദ്ധാരൂപിയുടെ മണവാട്ടിയുമാകും? ഒരേയവസരത്തില്‍ ത്രിയേക ദൈവത്തിന്റെ പുത്രിയും അമ്മയും മണവാട്ടിയുമാകാന്‍ മറിയത്തിനു കഴിയുമോ? മറിയം ദൈവത്തിന്റെ പുത്രിയും പരിശുദ്ധാരൂപിയുടെ മണവാട്ടിയുമാണെങ്കില്‍ എങ്ങനെ ദൈവമാതാവാകും?


ഉത്തരം : 

ഏതോ വിവരദോഷിയായ ഒരച്ചനെഴുതി അച്ചടിച്ചു ഭക്തിഭ്രാന്തന്മാരെ ചൂഷണം ചെയ്യാന്‍ ഇംപ്രിമാത്തൂര്‍ വാങ്ങി പ്രസിദ്ധീകരിച്ച ഒരു പ്രാര്‍ത്ഥനയാണിത്. നമ്മുടെ മനുഷ്യര്‍ക്ക് പ്രാര്‍ത്ഥനാപുസ്തകത്തില്‍ അടിച്ചുവിടുന്നത് ചൊല്ലുന്നതിനപ്പുറം അതിന്റെ അര്‍ത്ഥമെന്താണെന്നന്വേഷിക്കേണ്ട കാര്യമില്ല.



ഇന്ന് ഭക്തി ഒരു വലിയ വ്യവസായമാണ്. അവര്‍ക്കിന്ന് 'തിയോളജി'യി ലുള്ളതിനെക്കാള്‍ കൂടുതലായി 'മണിയോളജിയി'ലാണ് കണ്ണ്. ഇംപ്രിമാത്തൂറോടുകൂടി പ്രസിദ്ധീകരിക്കന്ന നമ്മുടെ പല പ്രാര്‍ത്ഥനാപുസ്തകങ്ങളും വായിച്ചാല്‍ പലപ്പോഴും ചിരിവരും. പണ്ട് മാന്നാനത്തുനിന്നും പ്രസിദ്ധീകരിച്ച 'നിത്യാരാധന' എന്നു പറയുന്ന ഒരു തടിച്ച ഗ്രന്ഥമുണ്ടായിരുന്നു. മാര്‍ യൗസേപ്പു പിതാവിന്റെ അച്ചുകൂടത്തില്‍ അച്ചടിച്ചു വിറ്റിരുന്ന ഈ ഗ്രന്ഥം എത്രയായിരം പ്രതി വിറ്റഴിച്ചു എന്നതിന് ആര്‍ക്കും കണക്കില്ല. അന്നത്തെ കാലത്ത് വമ്പിച്ച ആദായത്തിലായിരുന്നു ഈ ഗ്രന്ഥവില്പന. എന്തെല്ലാം ഉഗ്രന്‍ തമാശകളാണ് ഇതിനകത്ത് എഴുതി പിടിപ്പിച്ചിരുന്നതെന്ന് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ചിരിവരും.



ഭക്തി ഒരുതരം മദ്യമാണ്. ഇതു നല്ല വിലയ്ക്കു വില്ക്കുന്ന 'ബാറു'കളായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ പല 'വിശുദ്ധ' അച്ചടിസ്ഥാപനങ്ങളും. യൗസേപ്പു പിതാവിനെക്കുറിച്ചുള്ള ഒരു പ്രാര്‍ത്ഥന കേട്ടാലും: ''ഭൂമണ്ഡലത്തില്‍ ഉന്നത മഹിമയും മേല്‍പ്പെട്ട അധികാരവും കൈക്കൊണ്ടിരിക്കുന്ന പിതൃപ്പിതാവായ മാര്‍ യൗസേപ്പേ! അങ്ങയെ സേവിച്ചുവണങ്ങി സ്‌തോത്രം ചെയ്യുന്നു. ബാവാ, പുത്രന്‍, റൂഹാദ്ക്കൂദിശാ ആയ ത്രി തൈ്വക സര്‍വ്വേശ്വരന്‍, തന്റെ സ്വര്‍ ഗ്ഗീയ നിക്ഷേപമെല്ലാം അങ്ങേ തൃക്കൈകളില്‍ ഏള്‍പിച്ചിരിക്കുന്നതിനാല്‍ അങ്ങില്‍ ശരണപ്പെട്ട് അപേക്ഷിക്കുന്നവര്‍ക്ക് സകലവിധ നന്മകളെയും കൊടുത്തുകൊണ്ടുവരുന്നല്ലോ......''



എന്താണാവോ ഈ പിതൃപ്പിതാവ്?! സകല നന്മയും ദൈവത്തിന്റെ എല്ലാ നിക്ഷേപങ്ങളും യൗസേപ്പിതാവിന് ദൈവം തീറാ ധാരം എഴുതിക്കൊടുത്തുവത്രേ! ഇതാ വേറൊരു ഭാഗം: ''ബാവാ തമ്പുരാന്റെ പള്ളിയറക്കാരനും, പുത്രന്‍ തമ്പുരാന്റെ വളര്‍ത്തുപിതാവും റൂഹാദ്കൂദിശാതമ്പുരാന്റെ സ്ഥാനത്തില്‍ തന്റെ പത്‌നിയുടെ വിരക്തിക്ക് തുണയായവനും അങ്ങുന്നാകുന്നു. ത്രിത്വത്താല്‍ ദിവ്യരഹസ്യങ്ങളുടെ നിക്ഷേപക്കാരനായിട്ടു തെരഞ്ഞെടുക്കപ്പെട്ടവനും സകലവും സൃഷ്ടിച്ച ആളിന്റെ മാതാവിന്റെ ഉത്തമഭര്‍ത്താവും അങ്ങുന്നാകുന്നു.....''



ഉത്തമഭര്‍ത്താവാകുന്നത് 'പത്‌നിയുടെ വിരക്തിക്കു' തുണയായിക്കൊണ്ടാണ് എന്നെഴുതിയ ഈ ഭക്തിഭ്രാന്തിനെക്കുറിച്ച് എന്തുപറയാന്‍! ഇത്തരം ഭക്തിഭ്രാന്തന്മാര്‍ സൃഷ്ടിക്കുന്നത് ദൈവനിഷേധമാണ്.


ചോദ്യം : 


മാതാവിനെ 'സഹരക്ഷക'യായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ചില മെത്രാന്മാര്‍വരെ ഇന്നാവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം അറിയാനാഗ്രഹിക്കുന്നു.


ഉത്തരം : 
പ്രഖ്യാപിച്ചോട്ടെ; എനിക്ക് ഒരെതിരുമില്ല. നല്ലവളായ മറിയം മരിച്ച് 2000 കൊല്ലം കഴിഞ്ഞപ്പോള്‍ ഇത്തരം ഒരു ബുദ്ധി തോന്നിയവരെക്കുറിച്ചോര്‍ത്ത് സ്വര്‍ഗ്ഗത്തിലിരുന്നു മറിയം കണ്ണുനീര്‍ തൂകുന്നുണ്ടാവണം.


 എനിക്കൊരപേക്ഷയുണ്ട്. 3000-ാമാണ്ടാകുമ്പോഴേയ്ക്കും മാര്‍ യൗസേപ്പുപിതാവിനെ 'സഹസഹരക്ഷകനാ'യുംകൂടി ഉയര്‍ത്തണം. കാരണം, അങ്ങേരാണല്ലോ വേല ചെയ്ത് കഞ്ഞിയും വെള്ളവും കൊടുത്ത് ബാലനായ യേശുവിനെയും അമ്മയായ മറിയത്തെയും സംരക്ഷിച്ചത്. അദ്ദേഹത്തോളം വലിയൊരു ത്യാഗി ഭൂമുഖത്തില്‍ വേറെയാരും ഇല്ല.

ആദിമക്രൈസ്തവ വിശ്വാസമനുസരിച്ച് യേശു പാപിയായ മനുഷ്യന്റെ രക്ഷകനാണ്. ഇപ്പോഴിതാ മറിയത്തെയും സഹരക്ഷകയായി സഭ ഉയര്‍ത്താന്‍ പോകുന്നു! തിരുകുടുംബ ത്തിലെ രണ്ടുപേരെയും ഇങ്ങനെ സഭാപ്രഖ്യാപനംകൊണ്ട് ഉയര്‍ത്തിയ നിലയ്ക്ക് എന്തുകൊണ്ട് മാര്‍ യൗസേപ്പിനും ഔദ്യോഗികമായ ചില സ്ഥാനങ്ങള്‍ കൊടുത്തുകൂടാ? ഇക്കാര്യത്തെക്കുറിച്ച് യൗസേപ്പു നാമധാരികളായ നമ്മുടെ മെത്രാന്മാര്‍ ഒന്നു സീരിയസായി 'തിങ്കു' ചെയ്യുന്നത് നന്നായിരിക്കും. 


(എന്റെ പേരിനു കാരണക്കാരനും അങ്ങേരായതുകൊണ്ട് ഇക്കാര്യത്തില്‍ എനിക്കും ചില്ലറ താല്പര്യമുണ്ട്.)

9 comments:

  1. ത്രീത്വം എന്നത് തന്നെ , എനിക്കിതുവരെ മനസിലായിട്ടില്ല . മനസിലാക്കാന്‍ ഒത്തിരി ശ്രമിച്ചു പരാജയപ്പെട്ടു. വായിച്ചിട്ട് മനസിലായത് , പിതാവ് പുത്രനേക്കാള്‍ ഉന്നതനും രണ്ടു വ്യക്തികലുമാനെന്നാനു . ലളിതമായി ആര്‍ക്കെങ്കിലും വിശധീകരിക്കാം എങ്കില്‍ പറയുക .

    ReplyDelete
    Replies
    1. ത്രിത്വത്തെ തല്‍ക്കാലം വിട്ടുകളയുക, ജെസ്സീ. അതിലും അടിസ്ഥാനപരമായ വാക്കും ആശയവും ദൈവം തന്നെയാണ്. ആ ശബ്ദംകൊണ്ട് ഓരോരുത്തരും മനസ്സിലാക്കുന്നത് ഓരോന്നാണ്. യഹൂദനും ക്രൈസ്തവനും മുസ്ലീങ്ങളുമായ പണ്ഡിതര്‍ ഉറപ്പിച്ചു പറയുന്നു, ദൈവമൊരു വസ്തുവോ വ്യക്തിയോ അല്ല, മറിച്ച് ഒരു ചൈതന്യമാണ് എന്ന്. ക്രൈസ്തവ പുരോഹിതര്‍ ദൈവത്തെ വ്യക്തിയും, പിതാവും അപ്പൂപ്പനുമൊക്കെയായി രൂപംകൊടുത്ത്, വിശ്വാസികളുടെ മനസ്സില്‍ ആകെ ഉദ്വേഗങ്ങളാണ് സൃഷ്ടിക്കുന്നത്. വസ്തുതയെന്തെന്നാല്‍, നമ്മുടെ ലോകവീക്ഷണത്തിലും അസ്തിത്വാനുഭവത്തിലും ഒതുങ്ങുന്നതല്ല ദൈവം എന്ന ശക്തി. ദൈവത്തെ പരമമായ ജീവന്‍ എന്ന് കരുതിയാലും പിശകാകും. കാരണം, നാമറിയുന്ന ജീവന്‍ വളരെ പരിമിതമാണ്. അതനുസരിച്ച്, നമ്മുടേതുപോലുള്ള ഇഷാനിഷ്ടങ്ങള്‍ ദൈവത്തിലും ഉണ്ടെന്നു കരുതുന്നതിന്റെ ഫലമാണ് നമ്മുടെ പ്രാര്‍ത്ഥനകളെല്ലാം അപേക്ഷകളായി മാറുന്നത്.

      നാം മനസ്സിലാക്കുന്ന വ്യക്തി എന്ന സങ്കല്പം ദൈവത്തില്‍ ആരോപിക്കാന്‍ പറ്റില്ല എന്നതിന്റെ ഒരു സൂചനയാണ് ത്രിത്വം എന്ന സങ്കല്പം തന്നെ. എല്ലാറ്റിനും ആധാരമാകുമ്പൊഴും, നമ്മുടെ എല്ലാ അറിവിനും അപ്പുറത്താണ് ദൈവം എന്ന് സമ്മതിക്കുകയാണ് ബുദ്ധിക്കു ചെയ്യാവുന്ന ഏക കാര്യം. ഇവിടെ ഗ്രീക്ക് ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ ദൈവത്തെപ്പറ്റി ധരിച്ചിരിക്കുന്നത്‌ ഓര്‍മ്മിക്കുന്നത് ഉപകരിക്കും. ദൈവത്തെപറ്റി എന്ത് പറഞ്ഞാലും അതിനു രണ്ടു ഗുണങ്ങള്‍ ഉണ്ടാവണം. ഒന്ന്: അതില്‍ വിരുദ്ധോക്തിയുണ്ടായിരിക്കണം. അതായത്, ദൈവം മനുഷ്യയുക്തിക്കുളില്‍ ഒതുങ്ങുകില്ല എന്ന ബോധം. രണ്ട്: നിമിഷനേരത്തേയ്ക്കെങ്കിലും അത് അത്യത്ഭുതത്തിന്റെയും അത്യാദരവിന്റെയും മൌനത്തിലെയ്ക്ക് നമ്മെ കൊണ്ടുപോകണം. നമ്മുടെ എല്ലാ വാക്കുകള്‍ക്കും അറിവിനും അതീതമാണ് ദൈവം എന്ന എളിമയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആധാരം: Faith and Belief - Wilfred Cantwell Smith

      വിശ്വാസം ബുദ്ധിക്കതീതമാണെന്നു പറയുമെങ്കിലും ബുദ്ധിക്കുള്ളില്‍ പരാശക്തിയെ തളച്ചിടാനുള്ള ഉദ്യമം അതിലുമുണ്ട്. നമ്മുടെ ക്ഷണികമായ ജീവിതത്തിന് ഒരല്പം മൂല്യവും അര്‍ത്ഥവും കൊടുക്കാനുള്ള ശ്രമത്തില്‍ മനുഷ്യര്‍ വിശ്വാസത്തിലേയ്ക്ക് തിരിയുന്നു. എന്നാല്‍ അങ്ങനെയൊരര്‍ത്ഥം ഉണ്ടെന്നുള്ളതിനു വിശ്വാസത്തിനു വെളിയില്‍ ഒരു തെളിവും ഇല്ല എന്നതാണ് നഗ്നമായ സത്യം. സംശയമുണ്ടെങ്കില്‍, എക്ലെസ്യാസ്റ്റെസ് (സഭാപ്രസംഗകന്‍) വായിക്കുക.

      Delete
  2. ഈ ലേഖനത്തിനുള്ള എന്റെ കമെന്റ് മറ്റൊരു ലേഖനമായി ചേര്‍ത്തിട്ടുണ്ട്.

    ReplyDelete
  3. പിതാവായ ദൈവത്തിന്റെ പുത്രിയാണ്‌ മറിയമെങ്കിൽ യേശുവും മറിയവും സഹോദരീ സഹോദരങ്ങളല്ലേ?

    ReplyDelete
  4. സാക്ക് പറഞ്ഞതുപോലെ ത്രിത്വം അധികം ചിന്തിക്കാതെയിരിക്കുകയായിരിക്കും നല്ലത്. ദൈവത്തിന്റെ ത്രിത്വം കണ്ടു പിടിച്ച മഹാനാരാണെങ്കിലും അദ്ദേഹം തോമസ്‌ ആല്‍വാ എഡിസനെക്കാളും ഐസക്ക്ന്യൂട്ടനെക്കാളും ബുദ്ധിയുള്ളവനും ലോകത്ത് ജനിച്ചവരിലും ജനിക്കാന്‍ ഇരിക്കുന്നവരിലും മഹാ സൂത്രശാലിയെന്നു വേണം കരുതുവാന്‍.

    പേഗന്‍കാലത്തു മനുഷ്യന്റെ സങ്കല്പം അനുസരിച്ച് പല ദൈവങ്ങള്‍ ഉണ്ടായിരുന്നു. കോണ്‌സ്റ്റാന്‍ന്റിയന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ ക്രിസ്തുമതത്തിലേക്ക് പ്രാകൃതവിശ്വാസങ്ങളും കടന്നുകൂടി. അവരുടെ ബഹുദൈവങ്ങളെ ഒന്നാക്കി ത്രിത്വദൈവം എന്ന പ്രാചീനവിശ്വാസം ക്രിസ്ത്യന്‍ സഭകളും സ്വീകരിച്ചു. യഹൂദര്‌ക്കും മുസ്ലിമുകള്‍ക്കും ഇല്ലാത്ത പേഗനീസ്സത്തിലെ ത്രിത്വദൈവം ക്രിസ്തീയവിശ്വാസങ്ങളില്‍ അലിഞ്ഞു ചേര്‌ന്നു. പുതിയ അര്‍ഥങ്ങളും ഭാവനകളും നിര്‍വചനങ്ങളും ഓരോ കാലത്ത് പുരോഹിതവര്‍ഗം നല്‍കി. ത്രിത്വം, മതതത്ത്വമാക്കി പണം സമാഹരിക്കുവാനുള്ള ഒരു മാര്‍ഗവുമായി.പ്രാകൃത പേഗനീസംചിന്താഗതിക്കാര്‍ കൂട്ടത്തോടെ ക്രിസ്ത്യാനികളായി. വിമര്‍ശിക്കുന്നവരെ പാഷന്ധികളായി സഭ മുദ്രയും കുത്തി.

    ആരോ ഒരു സൂത്രശാലി ത്രിത്വം കണ്ടുപിടിച്ചു. അയാള്‍ പിതാവായ ദൈവമായി. തെറ്റെന്നു പറഞ്ഞു മറ്റേതോ പുത്രന്‍തമ്പുരാന്‍ പേഗനീസ്സ കാലത്തുണ്ടായി. പിതാവ് നടപ്പിലാക്കിയ നിയമങ്ങള്‍ക്കു ഭേദഗതികള്‍ വരുത്തുകയായിരുന്നു അയാളുടെ ജോലി. പിതാവിനും പുത്രനും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കി യോജിപ്പിക്കുവാന്‍ വന്ന മൂന്നാമത്തെ വിദ്വാന്‍ ത്രിത്വത്തിലെ മൂന്നാംദൈവം ആയി. പിന്നീട് ത്രിത്വം കണ്ടുപിടിച്ചവനും തെറ്റെന്നു പറഞ്ഞവനും പിതാവിനെയും പുത്രനെയും രമ്യതയില്‍ എത്തിച്ചവനും ഒരു ദൈവമായി. ഇവര്‍ തമ്മിലുള്ള ബന്ധം ത്രിത്വ രഹസ്യവും ആയി. സാമാന്യബുദ്ധിയില്‍ മനസിലാവുകയില്ല.

    മൂന്നാം നൂറ്റാണ്ടില്‍ ഈ മൂന്നു മിടുക്കന്മാരും ഒന്നായി ക്രിസ്ത്യന്‌ സഭയിലും നുഴഞ്ഞു കയറി. യുക്തിയില്ലാത്ത മന്ദബുദ്ധികള്‌ക്കും തീയോളജി പഠിച്ചു പണമുണ്ടാക്കുന്ന സൂത്രശാലികളായവര്‌ക്കുമേ ഈ ദൈവങ്ങളെ മനസിലാവുകയുള്ളൂ. മറ്റുള്ളവരുടെ ബുദ്ധിയില്‍ ഒതുങ്ങാത്ത ത്രിത്വരഹസ്യമെന്ന് പറഞ്ഞു സംശയം ചോദിക്കുന്നവരുടെ നേരെ പുരോഹിതന്‍ കൈകഴുകും.

    ബൈബിളില്‍ സൂചിപ്പിക്കാത്ത പല ആചാരങ്ങളും പ്രാകൃത മതങ്ങളുടെ തുടര്‍ച്ചയാണ്. കുര്‌ബാനയിലെ അപ്പം സൂര്യ നമസ്ക്കാര വാദികളില്‍ നിന്നും ഉണ്ടായതുപോലെ ത്രിത്വവും സൂര്യകള്‌ട്ടില്‌നിന്നു ഉത്ഭവിച്ചുവെന്നു അനുമാനിക്കാം. സൂര്യനപ്പുറത്തു ഒരു ദൈവത്തെ അന്ന് ചിന്തിക്കുവാന്‍ കഴിവില്ലായിരുന്നു. സൂര്യന് മൂന്നു അവസ്ഥകള്‍, 1.ഘനം, 2.ഊര്‍ജം അഥവാ ചൂട്, 3. പ്രകാശം എന്നിങ്ങനെ തരം തിരിക്കാം. ഒരു തീക്കട്ടയും ഇങ്ങനെതന്നെ.
    തീയില്ലാത അവസ്ഥ, ചൂടുള്ള തീക്കട്ട, പ്രകാശം നല്‍കുന്ന തീക്കട്ട. ഏകദൈവവാദികളും ദ്വൈതവും ത്രിത്വവും അടങ്ങിയ ത്രിമൂര്‍ത്തികളുടെ ഉറവിടങ്ങള്‍ സൂര്യഭഗവാന്‍തന്നെ. വെറും ഘനം ആയി ദൈവത്തിന്റെ ആദ്യത്തെ രൂപവും ചൂടായിരിക്കുന്ന ശക്തി ദൈവത്തിന്റെ രണ്ടാമത്തെ രൂപവും പ്രകാശം തരുന്ന ശക്തി ദൈവത്തിന്റെ മൂന്നാമത്തെ രൂപവുമാക്കി സൂര്യനെതന്നെ മൂന്നും കൂടിയ ഒന്നായ ദൈവം ആക്കി.ഘനവും ചൂടും പ്രകാശവും നല്‍കുന്ന മൂന്നുംകൂടിയ ഒരു ദൈവമാക്കി. ഒരു ശക്തിയാക്കി.

    മൂന്നു ഗ്ലാസുകളില്‍ വെച്ചിരിക്കുന്ന മൂന്നു തുള്ളികള്‍ വെള്ളങ്ങള്‍ ഒരു ഗ്ലാസില്‍ പകര്‍ന്നാല്‍ ഒന്നാകുന്നതുപോലെ ത്രിത്വം എന്നുപറഞ്ഞു പണ്ട് ഒരു പണ്ഡിതന്‍അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുന്നതും ഓര്‍മ്മവരുന്നു.

    മാത്യുവിന്റെ സുവിശേഷത്തില്‍ യേശുവിന്റെ ജനനം വിവരിക്കുന്നുണ്ട്. പരുശുദ്ധ അരൂപിയാല്‍ പുത്രന്‍ ഉണ്ടായി എന്നാണ് വചനം. (Matt.1:18).പാവം ജോസഫ് മറിയത്തിന്റെ ചാരിത്രത്തെ തെറ്റിദ്ധരിച്ചു. വിവാഹ നിശ്ചയം റദ്ദാക്കുവാനും ആഗ്രഹിച്ചു. എന്നാല്‍ ഗബ്രിയേല്‍ സ്വപ്നത്തില്‍ പറഞ്ഞു, ദാവീദിന്റെ പുത്രാ, മേരിയെ ഭാര്യയാക്കുന്നതില്‍ പേടിക്കേണ്ടാ. പരിശുദ്ധ ആത്മാവിനാല്‍ അവള്‍ ഗര്‍ഭിണി ആയി. പിതാവും പുത്രനും പരിശുദ്ധ ആത്മാവും ബൈബിളിലെയും കഥാപാത്രങ്ങളായി. ഇവിടെ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമുണ്ട്. പരിശുദ്ധ ആത്മാവിനാല്‍ ഗര്‍ഭം ധരിച്ചെങ്കില്‍ യേശുവിന്റെ പിതാവ് പരിശുദ്ധ ആത്മാവല്ലേ.? മൂന്നാമതൊരു പിതാവ് പിന്നെ എങ്ങനെ ഉണ്ടായി? ഇങ്ങനെ പരിശുദ്ധ ആത്മാവിനെ പറഞ്ഞു രക്ഷപെടുന്ന മഠം ചാടി പുരോഹിതരുടെ കഥകള്‍ ഇന്നും ലോക വാര്‍ത്തകളില്‍ ഒന്നാണ്.

    ReplyDelete
  5. എന്താണ് ത്രീത്വം പറയതിരിയ്ക്കുന്നത്. അത് പറയാതിരുന്നാല്‍ എങ്ങനെ ആണ് അത് എന്താണ് എന്നതിന്റെ സംശയം തീരുക.

    ReplyDelete
  6. പരിശുട്ധാത്മാവിനെതിരെ ഉള്ള ദൂഷണം ഈ യുഗത്തിലും വരാന്‍ ഇരിയ്ക്കുന്ന യുഗത്തിലും ക്ഷമിയ്ക്കില്ല എന്ന് ബൈബിബിളില്‍ പറയുന്നുണ്ടല്ലോ. എന്താണ് അത് ? അങ്ങിനീന്കിളീ ബ്ലോഗില്പറയുന്ന ചിലതൊക്കെ പരിശുധാത്മാവിനെതിരയൂള്ള ദൂഷണം അല്ലെ?വിവേകികളായ നിങ്ങളുടെ എല്ലാവരുടെയും ഉത്തരം ഈ സഹോടരി പ്രതീക്ഷിയ്ക്കുന്നു. പലരോടും ചോദിച്ചിട്ട് വ്യക്തമായ ഒരുത്തരം ആരുംതന്നില്ല.

    ReplyDelete
  7. പാപി ,പാപം എന്ന് എപ്പോഴും പറയുക ,ഇത് പോലെ സംശയവും ഭയവും ജനിപ്പിക്കുന്ന ബൈബിള്‍ വാചകങ്ങള്‍ ഉപയോഗിക്കുക്ക ,ഇവയാണ് പരിശുദ്ധആത്മാവിനു എതിരായ കാര്യങ്ങള്‍ .

    ReplyDelete
  8. പെണ്ണായി, പല രൂപഭാവങ്ങളായി, അവതാരങ്ങളായി വരുന്ന ജോഷ്‌ കദളിക്കാടിനു അനൂപ്‌ നല്‍കിയ മറുപടി ധാരാളം. എത്ര ഉത്തരം ലഭിച്ചാലും ചൊറിഞ്ഞു ചൊറിഞ്ഞ് പിന്നെയും അതേ ചോദ്യം ചോദിക്കും. ത്രിത്വം സത്യമാണെന്നു പറയുന്നതുവരെ ഈ പുരോഹിതന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

    ReplyDelete