Translate

Thursday, January 24, 2013

റോമന്‍സ് Vs സിറിയന്‍സ്

റോമന്‍സ് എന്ന മലയാള സിനിമയില്‍ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന സംഭാഷണങ്ങള്‍ ഉണ്ടെന്നു കാണിച്ചു യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തിര്‍പ്പ് കല്‍പ്പിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെയും സിനിമാ നിര്‍മ്മാതാവിന്‍റെയും പേരില്‍ കേസെടുക്കാന്‍ ചങ്ങനാശ്ശേരി കോടതി ഉത്തരവിട്ട വാര്‍ത്ത മനോരമയില്‍ വായിക്കാന്‍ ഇടയായി. ഈ കേസില്‍ ചങ്ങനാശ്ശേരി രൂപതാ ഭാരവാഹികളുടെ അഭിപ്രായം കോടതി ആരായുകയും അവരുടെ അസഹിഷ്ണത കോടതി രേഖപ്പെടുത്തുകയും ചെയ്തെന്നും വാര്‍ത്തയില്‍ പറയുന്നു.

കത്തോലിക്കാ സഭയിലെ അധികാരികളുടെ തന്നിഷ്ടങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെ ശക്തിയുക്തം പോരാടുന്ന JCC യുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നാണ് എന്‍റെ എളിയ അഭിപ്രായം. സഭയെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സംഭാഷണങ്ങളിലൂടെ പ്രതികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ അപലപിക്കുകയും, അവര്‍ പറഞ്ഞത് ന്യായമാണെങ്കില്‍ ഈ കേസില്‍ കക്ഷി ചേര്‍ന്ന് അവര്‍ പറഞ്ഞത് സത്യമാണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനും JCC ക്കു കഴിയണം. കത്തോലിക്കാ സഭയില്‍ അംഗമായ ഓരോരുത്തരെയും അപമാനിക്കത്തക്ക രിതിയില്‍ സഭ ചെയ്തു കൂട്ടിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ ഒരു നിണ്ട ലിസ്റ്റ് തന്നെ JCC ക്കു തെളിവായി സമര്‍പ്പിക്കാവുന്നതുമാണ്. കത്തോലിക്കാ സഭയുടെ വക്താക്കളായ ധ്യാനഗുരുക്കന്മാരും ചില സമര്‍പ്പിത മാധ്യമങ്ങളും ഭാരതത്തിലെ മറ്റു മതസ്ഥരുടെ നേരെ നടത്തുന്ന ബോധപൂര്‍വ്വമായുള്ള അപവാദ പ്രചാരണങ്ങളും ആരോപണങ്ങളും തെളിവുകള്‍ സഹിതം ഈ അവസരത്തില്‍ കോടതികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും തിര്‍പ്പ് വാങ്ങുകയും ചെയ്യേണ്ടതാണെന്നാണ് എന്‍റെ അഭിപ്രായം.

ന്യൂനപക്ഷമെന്ന പേരില്‍ എവിടം വരെയും പൊരുതാമെന്നുള്ള നിലയിലേക്ക് കത്തോലിക്കാ സഭ നിങ്ങുന്നുവെന്നല്ലേ പുഷ്പഗിരി മെഡിക്കല്‍ കോളേജു കേസുകളും, Church Act ന് എതിരായ സഭാ നിലപാടുകളും വിരല്‍ ചൂണ്ടുന്നത്? കേരളത്തിലെ ഒരു മെത്രാനെ ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ തടഞ്ഞുവെച്ചെന്നും, ഉന്നതര്‍ ഇടപെട്ടാണ് അതില്‍ നിന്ന് തലയൂരിയതെന്നും കുറേക്കാലം മുമ്പ് കേള്‍ക്കാനിടയായി. മെത്രാന്‍ സഞ്ചരിച്ച കാറിന്‍റെ ഡ്രൈവറെ മദ്യം ഉപയോഗിച്ചിട്ടുണ്ടോയെന്നു പരിശോധിച്ച പോലീസുകാരനെ അതേ ദിവസം തന്നെ സ്ഥലം മാറ്റിയെന്നുമൊക്കെ കേട്ടപ്പോള്‍ സഭാവിശ്വാസിയെന്ന നിലയില്‍ അപമാനിതനായപോലെയാണ് എനിക്ക് തോന്നിയത്. ഏതെങ്കിലും ഔദ്യോഗിക പ്രസിദ്ധികരണങ്ങളിലൂടെ സത്യാവസ്ഥ പറയാന്‍ ആരും ഇന്നേവരെ മുന്നോട്ട് വന്നിട്ടില്ല. ഇത് തന്നെയാണ് മോനിക്കാ ഭൂമി തട്ടിപ്പ് കേസിലും നടന്നത്. ഇതില്‍ ചതിയോന്നുമില്ലായെന്ന അഭിപ്രായം ഇതിലെ പ്രതികള്‍ക്ക് പോലുമില്ലായെന്നു തോന്നും ഉടായിപ്പ് സംഘത്തിന്‍റെ മൌനം കാണുമ്പോള്‍.

ഓരോ ഭാരതീയനും രാഷ്ട്രത്തിന്‍റെ നിലനില്‍പ്പിനെ ആദരിക്കേണ്ടതുണ്ട്, അതിന്‍റെ നിയമങ്ങളെ ബഹുമാനിക്കേണ്ടതുമുണ്ട്. ന്യൂനപക്ഷത്തിന്‍റെ പേരില്‍ കിട്ടിയ അവകാശങ്ങളില്‍ ഒന്നിനെങ്കിലും ഇന്നത്തെ കേരളാ സമ്പന്ന കത്തോലിക്കാ സഭക്ക് അര്‍ഹതയുണ്ടോയെന്നു പരിശോധിക്കേണ്ടതാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മാത്രം കാര്യം എന്ന് ഉറക്കെ പറയുന്നില്ലെന്നെയുള്ളൂ. ഞങ്ങളുടെ കണക്കുകള്‍ കപ്യാര് പോലും കാണാന്‍ പാടില്ലാ, അതുകൊണ്ട്  Church Act പാടില്ല. സ്ത്രീധനം വാങ്ങരുതെന്ന് നിയമം, പക്ഷെ അതിനെതിരായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഒരു മെത്രാനുമില്ല. താഴത്ത് മെത്രാന്‍റെ  നാട്ടില്‍ ഇത് സതിയെക്കാള്‍ വേദനാജനകമായ ഒരവസ്ഥയിലാണ് നില്‍ക്കുന്നത്. ആലഞ്ചേരിയുടെ പത്രക്കാര്‍ക്ക് നല്‍കിയ ഒന്നാം ലേഖനം മുതല്‍ തുടങ്ങിയ മുന്നേറ്റം തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നടക്കേണ്ട ഗതികെടിലേക്ക് കത്തോലിക്കാ സഭാംഗങ്ങളെ കൊണ്ടെത്തിച്ചു. മെത്രാനെ ‘നികൃഷ്ട ജിവി’ യെന്ന് വിളിച്ചവരുടെ കൂട്ടത്തില്‍ ചേരേണ്ട ഗതികേട് വിശ്വാസികള്‍ക്ക് വന്നുപെട്ടിരിക്കുന്നു.

കേരളത്തിലെ ആദ്യകാല പള്ളികള്‍ മുഴുവന്‍ ഇന്നാട്ടിലെ ഹിന്ദുക്കളുടെയും അന്യ മതസ്തരുടെയും സഹകരണം കൊണ്ടാണ് സ്ഥാപിക്കപ്പെട്ടത്. നമുക്ക് ഇട്ടുമൂടാന്‍ സ്വത്തായപ്പോള്‍ നാമതെല്ലാം സൌകര്യപൂര്‍വ്വം മറന്ന് അവരുടെ അവകാശങ്ങളില്‍ക്കൂടി കൈകടത്തുന്നു. കാവടി പോയ വഴി ഹന്നാന്‍ വെള്ളം തളിച്ചത്‌ നമ്മുടെ ഒരു വൈദികന്‍. സമൂഹത്തിനു നല്ല മാതൃക കാട്ടേണ്ടവരായ സഭാധികാരികള്‍ അവരുടെ അധാര്‍മ്മികവും, അസന്മാര്‍ഗ്ഗികവുമായ പ്രവൃത്തികള്‍കൊണ്ട് സര്‍വ്വ വിശ്വാസികളെയും നാണം കെടുത്തുന്നു. വാസ്തവത്തില്‍ അത്മായന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ട സമയമാണിപ്പോള്‍.

അമേരിക്കയിലേക്ക് ഒന്ന് നോക്കൂ. സ്പൈ ക്യാമറകളുടെ നിരിക്ഷണത്തില്‍ കൂദാശകള്‍, പോലിസ് സംരക്ഷണത്തില്‍ കുരിശു സ്ഥാപിക്കല്‍, കോടതി നോട്ടിസ് വഴി കാര്യം സാധിക്കല്‍ ..... ഭിഷണിപ്പെടുത്തി ദശാംശം പിരിക്കല്‍, മുന്‍‌കൂര്‍ ചെക്ക് വാങ്ങല്‍, പിരിവു കൊടുക്കാത്ത മാതാപിതാക്കന്മാരുടെ കുട്ടികളെ വേദപാഠം ക്ലാസ്സില്‍ നിന്ന് ഇറക്കി വിടല്‍, കുര്‍ബാന ചൊല്ലാന്‍ വന്ന വൈദികന്‍ തിരു വസ്ത്രം ഊരിയിട്ടിട്ടു കുര്‍ബാന ചൊല്ലാതെ പോവുക, അത്മായന്‍ അള്‍ത്താരയില്‍ കയറി കുരിശു വെക്കുക ........ അമേരിക്കയിലെ മറ്റു മതസ്ഥര്‍ പുശ്ച്ചത്തോടെയാണ് സീറോ മലബാറുകാരെ കാണുന്നത്. അത് അങ്ങാടിയത്തിന്‍റെ മാത്രം നേട്ടമല്ല, കോട്ടം അമേരിക്കക്കാര്‍ക്ക് മാത്രമുള്ളതുമല്ല. സമാനമായ കാര്യങ്ങളാണ് ഇവിടെയും ഓരോ രൂപതകളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദളിതന്‍റെ ശവമടക്കാന്‍ സിമിത്തേരിയുടെ താക്കോല്‍ എറിഞ്ഞിട്ടു കൊടുത്തിട്ട് പോയ വികാരി പാലാ രൂപതയുടെ മാത്രം സ്വന്തമല്ല. ആണ്ടുവട്ടത്തില്‍ മിക്ക ദിവസങ്ങളിലും അരമനയില്‍ കാണാന്‍ കിട്ടാത്ത അറക്കല്‍ മെത്രാനും കാഞ്ഞിരപ്പള്ളിയുടെ മാത്രം ദു:ഖമല്ല.

ഇല്ല! മുന്നോട്ട് ഈ രീതിയില്‍  പോവാന്‍ സഭാധികാരികളെ അനുവദിക്കാനാവില്ല; അത്മായാ സംഘടനകള്‍ തുടങ്ങിവെച്ച ഈ മുന്നേറ്റത്തിനാവശ്യം ചങ്കൂറ്റത്തോടെ മുന്നോട്ടിറങ്ങാന്‍ ശേഷിയുള്ള വ്യക്തികളെയാണ്, അല്ലാതെ കൂത്ത് കാണാന്‍ ഇറങ്ങിയിരിക്കുന്ന കോലങ്ങളെയല്ല. മുന്നില്‍ കണ്ടതായിരിക്കണം സിനിമാക്കാര്‍ ഉറക്കെ പറഞ്ഞത് – കോടതി തീരുമാനിക്കട്ടെ.      

3 comments:

  1. അല്‍ഫോന്‍സാമ്മ സീരിയല്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവേല്‍ സഭയെ കളിയാക്കാനായി മനപ്പൂര്‍വം ഒരു സിനിമയെടുക്കില്ല .
    ഏഷ്യാനെറ്റിലെ സിനിമാലയില്‍ അഭയക്കേസ് വിഷയമാക്കിയപ്പോള്‍ ആ ചാനല്‍ ബഹിഷ്ക്കരികാന്‍ പള്ളികളില്‍ വിളിച്ചു പറഞ്ഞ മണ്ടന്‍ പാരമ്പര്യം ആണല്ലോ സഭയ്ക്കുള്ളത് .ഈ കേസ് സിനിമയ്ക്ക് കൂടുതല്‍ പരസ്യം നല്‍കും .

    ReplyDelete
  2. HOW COME SYRO MALABAR SABHA DOES NOT SPEAK A WORD FOR THE POOR NUN SR.ABHAYA, WHO WAS MURDERED IN A CONVENT? ONE OF THE PRIESTS ACCUSED IS GIVEN BACK THE POSITION AS THE CHANCELLOR !! SHAME ON YOU , YOU ARE JUST ZEROS (0) IN FRONT OF LAITY..!! AND OTHER HINDU BROTHREN.."ZERO MALABAR SABHA"..HOW MUCH MONEY WAS SPENT TO HIDE THE TRUTH ABOUT HER MURDER..?? HOW MANY POLITICIANS IN KERALA AND DELHI GOT, HOW MUCH MONEY ?

    ReplyDelete
  3. താഴെ പറയുന്ന കോമഡി ചിത്രങ്ങളും നിരോധിക്കെണ്ടതായിരുന്നു
    1. റാം ജി റാവു സ്പീകിംഗ് - നാടക നടന്മാരെ അവഹെളിച്ചതിനു
    2. നാടോടിക്കാറ്റ് /പട്ടണ പ്രവേശം - സീ ഐ ഡി മാരെ അവഹെളിച്ചതിനു
    3. കുഞ്ഞി കൂനന്‍ - വികലാന്കാരെ അവഹെളിച്ചതിനു
    4. ഇന്‍ ഹരിഹര്‍ നഗര്‍ - ജോലിയില്ലാത്ത ആള്‍കാരെ അവഹെളിച്ചതിനു
    5. ചാന്ത് പൊട്ട് - ഈ കേസ് കൊടുത്ത ടൈപ് ആള്‍കാരെ അവഹെളിച്ചതിനു



    courtesy: A commenter in Berlytharangal

    ReplyDelete