Translate

Sunday, March 2, 2014

ഞങ്ങള്‍ ശരിയാക്കിത്തരാം

വൈദ്യരുടെ സൌകര്യത്തിനാണോ പട്ടി കടിക്കുന്നതെന്ന്  ചോദിച്ചതുപോലെ ആയിപ്പോയി എന്‍റെ കാര്യം. അല്ലെങ്കിലും ആല് പൂക്കുമ്പോള്‍ കാക്കയ്ക്ക് വായ്‌പുണ്ണ് എന്നൊരു ചൊല്ല് നേരത്തെ തന്നെ ഉണ്ടല്ലോ. സിനഡ് പരിസ്ഥിതി ലോലം വാര്‍ത്തകള്‍ വായിക്കുമ്പോഴൊക്കെ എഴുതണം എഴുതണം എന്ന് തോന്നും. എവിടെ സമയം. കൂട്ടുകാര് മൂന്നു പേര് ഒറ്റയടിക്ക് ലീവ് എടുത്ത് മുങ്ങി. രാവും പകലും ഇല്ലാതെ ഞാന്‍ ഡോക്കിലും. ഇന്നലെയാ ഒരുത്തന്‍ പൊങ്ങിയത്.
വെടിക്കൊട്ടു നിരൂപണങ്ങള്‍ വരുന്നിടത്ത് എന്തെഴുതാനാണെന്നും ഓര്‍ക്കായ്കയില്ല. ഏതായാലും ഒരൊറ്റ മെത്രാനും പാലാ സിനഡ് മറക്കുമെന്ന് തോന്നുന്നില്ല. മേലാല്‍ ഇത്തരം കോപ്രായങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കും എന്നുറപ്പ്. എല്ലാം കഴിഞ്ഞ് വീട്ടില്‍ ചെന്ന് വിശ്വാസികളെ കാണെണ്ടാതല്ലേ. സത്യത്തില്‍ ബിഷപ്പുമാരുടെ തമാശ കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ വയ്യ. ഏറ്റു നില്‍ക്കാന്‍ ശേഷിയില്ലാത്ത പവ്വത്തില്‍ പിതാവിന് ഇന്‍റെര്‍ ചര്ച്ച് കൌണ്‍സില്‍ ആണെങ്കില്‍, നേരെ നില്‍ക്കാന്‍ ത്രാണിയില്ലാത്ത അങ്ങാടിയത്തിനു അമേരിക്കാ മുഴുവന്‍. തട്ടില്‍ പിതാവിന്‍റെ കഥ വ്യത്യസ്ഥം. അപ്പോസ്തോലിക് മൈഗ്രന്റ്സ് വിസിറ്റെറ്റര്‍, ഇന്റര്‍നെറ്റ് കമ്മിഷന്‍ ചെയര്‍മാന്‍ മുതലായ പദവികളുണ്ട് അദ്ദേഹത്തിന്. അപാര ക്ഷമ ഉണ്ടെങ്കില്‍ മാത്രം ചെയ്യാവുന്ന പണികളാണ് ഇവ രണ്ടുമെന്ന് എത്രപേര്‍ക്ക് അറിയാം? ഇന്റര്‍നെറ്റ് നോക്കി ആരും നന്നായിട്ടില്ലെന്ന് ഓര്‍ക്കുമ്പോഴേ ഇതിന്‍റെ തീവ്രത മനസ്സിലാകൂ. മൈഗ്രന്റ്സ് വിസിറ്റര്‍ ഞാന്‍ മാത്രമാണെന്ന് പറയാന്‍ പറ്റുമോ അതുമില്ല. വേറൊരാള്‍ മൈഗ്രന്റ്സ് കമ്മിഷന്‍ എന്ന പേരില്‍ ഒരു അത്മായനെയും കൂട്ടി കറങ്ങുന്നുണ്ട്. കൂടെ കറങ്ങുന്ന ആള്‍ക്കുമുണ്ട് സ്വന്തമായി ഒരു കമ്മിഷന്‍. സത്യത്തില്‍ അദ്ദേഹം പാക്കിസ്ഥാന്‍ ISI യില്‍ നിന്ന് ഓരോഫിസറെയും കൂടി കൂട്ടു പിടിച്ചിരുന്നെങ്കില്‍ എത്ര ഭംഗിയായേനെ. അസത്യം സത്യമാക്കുന്ന മാജിക്ക് അവര്‍ക്കറിയാം. പണ്ട് ഞങ്ങളുടെ നാട്ടില്‍ ഒരു പിള്ളേച്ചനുണ്ടായിരുന്നു, ഞാന്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ. അദ്ദേഹം രാജ്യത്തെ സ്നേഹിക്കാന്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. എന്ത് ചെയ്യാം, പാക്കിസ്ഥാന്‍ യുദ്ധത്തില്‍ അങ്ങേരെ പാക്കിസ്ഥാന്‍കാര് പിടിച്ചോണ്ട് പോയി. കുറെനാള്‍ കഴിഞ്ഞ് അദ്ദേഹം തിരിച്ചു വന്നു. പറഞ്ഞിട്ടെന്തു കാര്യം, പാക്കിസ്ഥാന്‍കാരു ചെയ്യുന്ന നല്ല കാര്യങ്ങളെപ്പറ്റി മാത്രമേ അദ്ദേഹം പിന്നീട് പറയുമായിരുന്നുള്ളത്രേ.
വിസിറ്റെറ്റര്‍ക്ക് പക്ഷെ സത്യം പ്രചരിപ്പിക്കുകയെന്നതല്ല ഉള്ളിലുള്ള ലക്‌ഷ്യം. പുറത്ത് സീറോ മലബാറിനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ലത്തിന്‍കാരെ കൈകാര്യം ചെയ്യുകയെന്നതുമാണ്. പക്ഷെ, അത് പുറത്തു പറയാനും വയ്യ. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥന്‍ ‘മാര്‍ക്ക് ആന്റണി’ ആണോയെന്ന് ഞാന്‍ സംശയിക്കുന്നത്. മെത്രാന്മാര്‍ ഉദ്ദേശിക്കുന്നത് ഒന്ന് പറയുന്നത് വേറൊന്ന്. പണ്ട് പടിയറ കര്‍ദ്ടിനാളായപ്പോള്‍ സ്വന്തം രൂപതക്കാരുടെ ഒരു ഗംഭിര സ്വീകരണം മേടിക്കാന്‍ കഴിഞ്ഞില്ല. അതിന് കാരണമായി നൂറോളം ന്യായങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. മാനിയുടെ ആത്മാവ് ചങ്ങനാശ്ശേരിയില്‍ പ്രത്യക്ഷപ്പെട്ട ഇടക്കാണ് ഇതും സംഭവിച്ചത്. അല്ല, ബൈബിളിലുണ്ടല്ലോ പ്രവാചകന്‍ സ്വന്തം നാട്ടില്‍ ആദരിക്കപ്പെടുകയില്ലെന്ന്. അതിനുദാഹരണമല്ലേ ഇവിടുത്തുകാരന്‍ ഒരു ഷെവലിയര്‍ക്കു പൌര സ്വീകരണം വാങ്ങാന്‍ മിനിസോട്ടായില്‍ വരെ പോകേണ്ടിവന്നത്‌. ഞാനായിട്ടെന്തിനാ മെത്രാന്മാരെ ചൊടിപ്പിക്കുന്നത്? ഇനി കാസര്‍ഗോട് മുതല്‍ അവര്‍ ഒരു വചന രഥയാത്ര നടത്തിയാലോ?
അമേരിക്കയില്‍ പോവുകയെന്നത് എന്‍റെ ഒരു സ്വപ്നമായിരുന്നു. ഇപ്പൊ അതങ്ങ് മാറി. ആഴ്ചയില്‍ രണ്ടു പ്രാവശ്യം വചന പ്രഘോഷണം നടക്കുന്ന ചിക്കാഗോയിലോ മറ്റോ ആണ് ഇറങ്ങേണ്ടി വരുന്നതെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ പേടിയാകുന്നു. പള്ളിക്കാര്യം കഴിഞ്ഞിട്ട് വേറെ പണിക്ക് പോകാന്‍ നേരം കിട്ടുന്നവര്‍ അവിടെ ചുരുക്കമാണെന്നാണ് അറിവ്. ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ബുക്ക് ചെയാന്‍ ക്രെഡിറ്റ്‌ കാര്‍ഡ് നമ്പര്‍ കൊടുക്കുന്നതുപോലെ അവിടെയും ഇടവകപ്പള്ളിയില്‍ നമ്പര്‍ കൊടുക്കണമെന്നൊക്കെ കേട്ടപ്പോഴേ തല മരച്ചു പോയി. ഇവിടെയും അതായില്ലേ എന്ന് ചോദിച്ചാല്‍ ആയി എന്ന് തന്നെ പറയാം. മുതലക്കോടംകാര് പറയുന്നത് ഭക്തര്‍ പള്ളില്‍ വന്നു മിനക്കെടേണ്ട, ഫെഡറല്‍ ബാങ്കില്‍ പോയി പള്ളി അക്കൌണ്ടില്‍ പണമടച്ചാല്‍ മതിയെന്ന്. അടച്ച പണം എത്തുന്നുണ്ടോ എന്ന് നോക്കാന്‍ മാലാഖമാരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. അവിടെയും പോയി തലവെയ്ക്കാന്‍ മലയാളി ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നാതെയുമില്ല.
പശ്ചിമ ഘട്ടത്തിലെ മെത്രാന്‍ ലോല പ്രദേശങ്ങളെപ്പറ്റി ചിന്തിക്കുമ്പോഴേ മേലാകെ രോമാഞ്ചം. അവിടുള്ളവരുടെ പെണ്ണുങ്ങളെ കേട്ട്ടിച്ചു വിടാന്‍ പറ്റുന്നില്ല, സ്ഥലം വില്‍ക്കാന്‍ പറ്റുന്നില്ല ഇതൊക്കെയാണ് അവിടുത്തെ പരാതികള്‍. പെണ്ണുങ്ങളെകെട്ടിച്ചു വിടാന്‍ സ്ഥലം വില്‍ക്കേണ്ടി വരുന്നത് ക്രൈസ്തവ ലോല പ്രദേശങ്ങളില്‍ മാത്രമാണ്. എന്‍റെ രൂപതയില്‍ ആരും സ്ത്രീധനം വാങ്ങിക്കാന്‍ പാടില്ല, സ്വര്‍ണ്ണം വാരി മൂടി ഒരുങ്ങി ആരും കല്യാണത്തിന് എഴുന്നള്ളണ്ടാ എന്നൊക്കെ എഴുതി ഒരിടയലേഖനം ഇറക്കാന്‍ ഏതു മെത്രാനാ അധികാരമില്ലാത്തത്? പ്രീ കാനായില്‍ അപ്പനും അമ്മയും (വല്യപ്പനും വല്യമ്മക്കുമുള്ളത് ഉടനെ വരുന്നു) പങ്കെടുക്കണമെന്നു അവര്‍ തീരുമാനിച്ചത് ഈയിടെയല്ലേ? ഈ ലഹളക്കിടയിലെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതെങ്കിലും ഒരത്മായന്‍റെ സഹായത്തിന് ഒരു മെത്രാനും ഇറങ്ങിയതായി ഏതായാലും പത്രങ്ങളില്‍ വന്നില്ല.
ഈ പോക്ക് പോയാല്‍ സിറോ മലബാര്‍ സഭ രക്ഷപ്പെടുമെന്നു ഉറപ്പ്. മാര്‍പ്പാപ്പാ ഒരു വഴി, നമ്മുടെ സഭ വേറൊരു വഴി. ഇത് മനസ്സിലാക്കാന്‍ ഒരു മലയാളിയും വൈകരുത് എന്ന ലക്ഷ്യത്തില്‍ ഒളിപ്പോരാളികള്‍ ധാരാളം. ചില പ്രമുഖ ധ്യാനഗുരുക്കന്‍മാരും കൂട്ടത്തിലുണ്ട്. ഇയ്യിടെ http://www.marpapa.com/ എന്നൊരു  വെബ്സൈറ്റ് തുറന്നിട്ടുണ്ട്; മാര്‍പ്പാപ്പയുടെ പ്രസംഗങ്ങള്‍ അതില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ഇട്ടിട്ടുമുണ്ട്. ധാരാളം ഫോട്ടോകളുമുണ്ട്, വത്തിക്കാന്‍ വാര്‍ത്തകളുമുണ്ട്. അത് വായിക്കാന്‍ ഒരൊറ്റ മെത്രാനും ആരോട് പറയില്ല. പിന്നെ യേശുക്രിസ്തുവെങ്ങാനും ഇവിടെ വന്നാലത്തെ സ്ഥിതി പറയണോ? മാര്‍പ്പാപ്പാ ഒന്ന് മരിക്കട്ടെ, അപ്പോള്‍ കാണാം നമ്മുടെ മെത്രാന്മാരുടെ ഘോര ഘോര അനുസ്മരണങ്ങള്‍!

മാതാ അമൃതാനന്ദമയിക്ക് ചില ദൌര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നെന്ന് നാടാകെ ചെവിയോടു ചെവി പ്രചരിച്ചപ്പോള്‍ സത്യത്തില്‍ ചിരിച്ചത് ക്രിസ്ത്യാനികളാണ്. ഒരു ഹിന്ദുവിന് ഒരു തട്ടുകേട് പറ്റിയെന്നുള്ള സന്തോഷമായിരുന്നില്ല അതിനു കാരണം. പണ്ട് മലബാറില്‍ ഒരു മഠത്തില്‍ കന്യാസ്ത്രി ഓക്കാനിച്ചപ്പോള്‍ മരുന്നു തപ്പിപോയത് അടുത്ത ഇടവകയിലെ അച്ചന്‍റെ അടുത്താണ്. അതുപോലെ ഒരു സംഭവം കാഞ്ഞിരപ്പള്ളി രൂപതയിലും നടന്നു. കാഞ്ഞിരപ്പള്ളിയിലാണെങ്കില്‍ ഒരു വന്ദ്യപിതാവ് മെത്രാന്‍  സ്ഥാനത്തിനടുത്തു വരെ വന്നതാണ്. ഇതൊക്കെ ഓര്‍ക്കുമ്പോള്‍, ഇതിന്‍റെ മുമ്പില്‍ അമൃതാനന്ദമയി ഒന്നുമല്ലെന്നോര്‍ക്കുമ്പോള്‍ എങ്ങിനെ ചിരിക്കാതിരിക്കും? ഉയര്പ്പിനു മുമ്പ് ഉഥാനോത്സവും, ഓണത്തിനു പാട്ട് കുര്‍ബാനയും ഒക്കെ നടത്തി മിടുക്ക് തെളിയിച്ചവരാണല്ലോ നാം. ചാര ബുധനാഴ്ച തിങ്കളാഴ്ച ആക്കിയതും നമ്മളല്ലേ? മാണി മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കര്‍ക്കിടക മാസം റദ്ദുചെയ്യാന്‍ മെത്രാന്മാര്‍ നിര്‍ബന്ധിച്ചേനെ. എന്‍റെ പ്രീ നോയമ്പ് ചിന്തകള്‍ ഇങ്ങിനെയായിപ്പോയി; വായനക്കാര്‍ ക്ഷമിക്കണേ.   

3 comments:

  1. In 1976 doctors in Los Angeles went on strike and the mortality rate dropped to 18%. If half of the bishops in India resign and go home, (must go home, not continue to reside in the royal palace - Aramana!) the quality of spiritual life of the faithful will increase to at least 20 %.

    ReplyDelete
  2. സീറോമലബാർ എന്നും പറഞ്ഞ് വിദേശങ്ങളിൽ കളിച്ചുവയ്ക്കുന്ന രൂപതകളും ഇടവകകളും റദ്ദുചെയ്യിക്കണം. കാരണം അവർ അവിടെ വളര്ത്തുന്നത് കപടഭക്തിയും അന്ധവിശ്വാസവുമാണ്. ആദ്ധ്യാത്മീയത എന്താണെന്ന് അച്ചന്മാർക്കും മെത്രാന്മാർക്കും ഇന്നൊരു പിടിയുമില്ല്. ഇന്ന് നമ്മുടെ പള്ളികളിൽ നടക്കുന്നതും ഇടയലേഖനക്കാരും ഭക്തരായ അച്ചന്മാരും പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം തനി വിഗ്രഹാരാധനയാണ്. വന്നുവന്നിപ്പോൾ ഹിന്ദുക്കൾക്കു മാത്രമല്ല, നല്ല കത്തോലിക്കർക്കും ദൈവത്തിലുള്ളതിലും വിശ്വാസം ജ്യോതിഷത്തിലാണ്. ഉറച്ചു കട്ടപിടിച്ചുപോയ അന്ധവിശ്വാസത്തിന്റെ മുന്നിൽ യുക്തിയോ യാഥാർത്ഥ്യബോധമോ ഒന്നും വിലപ്പോവില്ല. മുഴുക്കുടിയനോട് കുടിക്കരുതെന്നു പറയുന്നതുപോലെയാണത്. ഭക്തിയെന്നു പറയുന്നത് ചില വിഷയങ്ങളിൽ സ്പെഷ്ലിസ്റ്റുകളായ കുറെ പുണ്ണ്യാളന്മാരെ വച്ചുള്ള ചൂതുകളി മാത്രമായി മാറിയിരിക്കുകയാണ്. സെഹിയോനിൽ വട്ടായിയും കൂട്ടരും ചെയ്യുന്നതും കണ്‍വെൻനുകളിൽ മറ്റു കിറുക്കന്മാർ കാട്ടിക്കൂട്ടുന്നതും ഒന്നുതന്നെ. അമേരിക്കയിലും യൂറോപ്പിലും മലയാളി മെത്രാന്മാരും അച്ചന്മാരും ചെന്ന് ഇതേ കളി തന്നെയാണ് നടത്തുന്നത്. കണ്ടില്ലേ, നാല്പതു വർഷം മറ്റൊരു നാട്ടിൽ താമസിച്ച്, മറ്റൊരു സംസ്കാരത്തെ അറിഞ്ഞ ഒരു മോണിക്ക തോമസ്‌ ഇവിടെ തിരിച്ചുവന്നിട്ട്‌ അച്ചന്മാരുടെ ഭക്തിക്കെണിയിൽ പെട്ട് മൊത്തം സ്വത്ത് നഷ്ടപ്പെടുത്തിയില്ലേ? കരഞ്ഞു കാലുപിടിച്ചിട്ടും അത് കൊണ്ടുപോയ മെത്രാനും അച്ചന്മാർക്കും അല്പമെങ്കിലും കരുണ അവരോടു തോന്നിയോ? കരുണയില്ലാത്തിടത്ത് ദൈവമെവിടെ? ഭക്തിയെവിടെ? അതുതന്നെ മതിയായ തെളിവല്ലേ, അവർ മനുഷ്യരെ പറ്റിക്കുകയാണെന്ന്. അന്യദേശങ്ങളിലുള്ള മലയാളിപ്പെണ്ണുങ്ങളിൽ 99 ശതമാനവും ഭക്തിഭ്രാന്തിനടികളാണ് എന്ന് അവരുടെ കേട്ട്യോന്മാർ തന്നെ പറയുന്നു. അഞ്ചു മണിക്കൂർ വരെ നീണ്ട ടെലെഫോണ്‍ പ്രാർത്ഥനയും കൊന്തയും നടത്തുന്നവർ അവിടങ്ങളിൽ ഉണ്ട് പോലും! ഇതിന്റെയൊക്കെ പേരിൽ കുടുംബവഴക്കുകൾ നിത്യ സംഭവങ്ങളാണ്. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കാൻവേണ്ടിക്കൂടെയാണ് മലയാളി അച്ചന്മാർ അങ്ങോട്ട്‌ കെട്ടിയെഴുന്നള്ളുന്നത്. അവരെയങ്ങ് ഏൽപ്പിച്ചാൽ മതി, എല്ലാം ശരിയാക്കി കൈയിൽ തരും!

    04822271922

    ReplyDelete
  3. പെരുന്നാളുകൾ എന്നാ ഭക്തിആഭാസങ്ങൾ വിദേശത്ത് ഇറക്കുമതി ചെയ്തു. ഇപ്പോൾ മത്സരമാണ് ഒരു കൂട്ടർ കഴിഞ്ഞതവണ നാട്ടിൽ നിന്ന് ജനപ്രതിനിധിയും റിമിടോമിയെയും കൊണ്ടുവന്നു. അല്ഫോന്സാമ്മയ്ക്ക് മാലയിടൽ എന്നൊരു ഭക്തികർമ്മം ഒരു പെരുന്നാളിന് കണ്ടു . കുറച്ചു പ്ലാസ്റിക് മാലകൾ ഒരു മേശപ്പുറത്തു ,പണം കൊടുക്കുന്നവർക്ക് ഓരോ മാല അൽഫോൻസാമ്മ യുടെ പ്രതിമയുടെ കഴുത്തിലിടാം ,ഇടുന്ന മാല അപ്പോൾ തന്നെ എടുത്തു തിരികെ മേശപ്പുറത്തു എത്തിക്കും.ആറു പ്ലാസ്റ്റിക് മാല കൊണ്ട് പണം ഉണ്ടാക്കുന്ന അത്ഭുതം കാണേണ്ടത് തന്നെയായിരുന്നു.തീർന്നില്ല പെരുന്നാളിന് കഴുന്നെടുപ്പും ഉണ്ടായിരുന്നു .
    എല്ലാം കഴിഞ്ഞു അച്ചനോട് ചോദിച്ചു അല്ഫോന്സമ്മയുടെ പെരുന്നാളിന് എന്തിന്നാണ് കഴുന്നെടുപ്പ് ?. അച്ചൻ പുണ്യവാളൻമാരുടെ ഐക്യം എന്ന് കേട്ടിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചു

    ReplyDelete