Translate

Friday, March 7, 2014

സഭയിലെ ജനപങ്കാളിത്തം

കെ.സി.വര്‍ഗീസ്


ക്രൈസ്തവസഭകളിലെ - പ്രത്യേകിച്ച് കത്തോലിക്കാസഭയിലെ ജനപങ്കാളിത്തം - ഇന്നു സഭാമക്കളുടെ ഇടയില്‍ ഒരു സജീവചര്‍ച്ചാവിഷയമായിട്ടുണ്ട്. പുരാതന റോമാ സാമ്രാജ്യത്തിന്റെ രാഷ്ട്രീയപശ്ചാത്തലത്തില്‍ പ്രാബല്യത്തില്‍ വന്ന ഒരു വേര്‍തിരിവായിരുന്നു ക്ലേര്‍ജിയും ലയ്റ്റിയും എന്ന വിഭജനം. ആദിമസഭയില്‍ ഇങ്ങനെ ഒരു വേര്‍തിരിവുണ്ടായിരുന്നില്ല. അപ്പസ്‌തോല പ്രവര്‍ത്തികള്‍ 2::44-46 വാക്യങ്ങളില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു. 'വിശ്വസിച്ചവര്‍ എല്ലാവരും ഒരു മനസ്സോടെ വര്‍ത്തിച്ചു. സകലവും പൊതുവക എന്നു എണ്ണുകയും സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്ന വസ്തുവകകള്‍ വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും ഒരു മനസ്സോടെ ദിനംപ്രതി ദേവാലയത്തില്‍ കൂടിവരുകയും വീട്ടില്‍ അപ്പം നുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും പൂണ്ട് ഭക്ഷണം കഴിക്കുകയും ദൈവത്തെ സ്തുതിക്കുകയും സകല ജനത്തിന്റെയും കൃപ അനുഭവിക്കുകയും ചെയ്തു ' ആദിമസഭയിലെ ജനപങ്കാളിത്തത്തിന്റെ കൃത്യമായ ഒരു മാതൃകയാണ് ഈ ബൈബിള്‍ വാക്യം. നമ്മള്‍ ചര്‍ച്ച ചെയ്യുന്നവിഷയത്തെക്കുറിച്ച് ഇതിലും മികച്ച മറ്റൊരു മാതൃക ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഈ മാതൃക എന്തുകൊണ്ട് പ്രവർത്തനക്ഷമമല്ലാതെ സ്വയം തകര്‍ന്നടിയുകയും ക്രൈസ്തവസഭകള്‍ ഇന്നത്തെ അവസ്ഥയില്‍ കേവലംഅന്യവത്ക്കൃതമായ മൃതാനുഷ്ഠാനങ്ങളിലേ ക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു എന്ന ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും കാലം അതിക്രമിച്ചു. സഭയില്‍ കാലക്രമേണ പിടിമുറുക്കിയ പൗരോഹിത്യവാഴ്ച അഥവാ  പ്രീസ്റ്റോക്രസി ക്രൈസ്തവസഭയെ, അനീതിയും അധര്‍മ്മവും കൊടികുത്തി വാഴുന്ന ഒരു സാമൂഹ്യക്രമത്തിന്റെ വെറും പുറംപൂച്ചുകളാക്കി അധ:പതിപ്പിച്ചു.

പൗരോഹിത്യം എന്ന ആശയം തന്നെ യേശുക്രിസ്തുവിന്റെയും അപ്പസ്‌തോലന്മാരുടെയും ചിന്താഗതികളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതായിരുന്നില്ല. ക്രൈസ്തവപൂര്‍വ്വമതങ്ങളില്‍ നിലവിലുണ്ടായിരുന്ന വിശ്വാസാചാരങ്ങളെയും പൗരോഹിത്യാധിപത്യത്തെയും അതേപടി ക്രിസ്തുമതവുമായി വിളക്കിച്ചേര്‍ക്കാനുള്ളപരിശ്രമം ആണ് 4 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ നടന്നത്. അതിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളും മുറവിളികളും എല്ലാം മരുഭൂമിയിലെ അട്ടഹാസങ്ങളായി പരിണമിക്കുകയായിരുന്നു. പിശാച് അവന്റെ ആയുധശേഖരത്തിലെ എല്ലാകോപ്പുകളും എടുത്തു പ്രയോഗിച്ചു വിജയശ്രീലാളിതനായി യേശുക്രിസ്തുവിന്റെയും അപ്പസ്‌തോലന്മാരുടെയും മുഖംമൂടികളണിഞ്ഞുകൊണ്ട് സ്വന്തം സാമന്തന്മാരെ മാര്‍പ്പാപ്പയുടെയും പാത്രിയര്‍ക്കീസന്മാരുടെയും സിംഹാസനങ്ങളില്‍ ആസനസ്ഥരാക്കി. ജനം അവര്‍ക്കു മുമ്പില്‍ പഞ്ചപുഛമടക്കി നിന്നു. ഇതല്ലെ പോയ ഒന്നര സഹസ്രാബ്ദക്കാലത്തെ ക്രിസ്തുമതചരിത്രം? അതിനെതിരായി ക്രസ്തുവിന്റെ പ്രബോധനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം യാഥാര്‍ത്ഥ്യമാക്കുക എന്ന യേശുദര്‍ശനത്തിന്റെ പ്രയോഗസാധ്യതകളാരായുന്ന ഒരു സത് സംഗക്കൂട്ടായ്മയായിട്ടാണ് ഞാന്‍ ഈവിടെ നമ്മുടെ റ്റെലഫോണ്‍ കോണ്‍ഫ്രന്‍സിനെ കാണുന്നത്.

ഈ വിഷയത്തോട് ബന്ധപ്പെട്ട ചിലനിര്‍ദ്ദേശങ്ങള്‍ ഞാന്‍ നിങ്ങളുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുകയാണ്. പ്രാഥമികമായി നിലവിലുള്ള ചില പദപ്രയോഗങ്ങളില്‍ കാലികമായ തിരുത്തലുകള്‍ വരുത്തണം. പട്ടക്കാരല്ലാത്ത ക്രിസ്ത്യാനികളെ മലയാളത്തില്‍ പൊതുവില്‍ വ്യവഹരിക്കുന്നത് 'അല്‍മായര്‍' എന്നാണ്. അയ്‌മേനികള്‍, അല്‍മേനികള്‍ എന്നൊക്കെ ചില പ്രാദേശിക ഉച്ചാരണഭേദങ്ങളും ഈ വാക്കിനുണ്ട്. ലേയ്മാന്‍- എന്ന ലാറ്റിന്‍ വാക്കിന്റെ ഭാഷാന്തരമായിട്ടാണ് പൊതുവെ റോമന്‍കത്തോലിക്കാ പാരമ്പര്യത്തില്‍ ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. ഒന്നിലും യാതൊരു വൈദഗ്ധ്യവും നേടാത്ത, സാധാരണ മനുഷ്യര്‍ എന്നയര്‍ത്ഥം സാധാരണ ഗതിയില്‍ ആര്‍ക്കും അരോചകമായി അനുഭവപ്പെടും. എന്നാല്‍ അല്‍മായര്‍ എന്നവാക്ക് മലയാളഭാഷയിലേക്കു കടന്നുവന്നത് സുറിയാനി ഭാഷയിലൂടെ ആയിരുന്നു. ഒല്‍മൊ = ലോകം, ഹൈമ്‌നെ = വിശ്വാസം. ഈ രണ്ട് വാക്കുകള്‍ ലോപിച്ചുണ്ടായ പദമാണ് അയ്‌മേനി - സാമാന്യാര്‍ത്ഥം വിശ്വാസികള്‍. ഈ വാക്ക് പുറംതള്ളി സഭാപൗരന്മാര്‍ എന്നൊക്കെ ഉപയോഗിക്കണമെന്ന ചില തീവ്രവാദപരമായ നിലപാടുകള്‍ പലരും ഇതിനകം ഉന്നയിക്കുകയുണ്ടായിട്ടുണ്ട്. ഞാന്‍അതിനോട് യോജിക്കുന്നില്ല. വാക്കിനല്ല അതിന്റെ അര്‍ത്ഥത്തിനാണ് പ്രാധാന്യം. അംഗസംഖ്യകൊണ്ടും മറ്റെല്ലാ തരത്തിലും സഭയെ താങ്ങിനിറുത്തുന്ന മേല്‍ക്കൂരയും അടിത്തറയുമെല്ലാം ഈവിശ്വാസികളാണ്. അവരിന്നു പ്രത്യേകിച്ചു റോമന്‍കത്തോലിക്കാ പാരമ്പര്യത്തില്‍ ബാധ്യതകളല്ലാതെ യാതൊരവകാശങ്ങളും ഇല്ലാത്ത വെറും ഏഴാംകൂലികളാണെന്ന ആക്ഷേപം പരക്കെയുണ്ട്. ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭകളെ ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയ്ക്കു മാതൃകയാക്കാവുന്നതാണ്. സഭയുടെ സ്വത്തുക്കളുടെ കൈകാര്യകര്‍തൃത്വം മുതല്‍ മേല്‍പ്പട്ടക്കാരുടെ തെരഞ്ഞെടുപ്പും വേണ്ടിവന്നാല്‍ അവര്‍ക്കെതിരെശിക്ഷണ നടപടികളെടുക്കാന്‍ വരെയുള്ള അവകാശം അടിസ്ഥാന സഭാസമൂഹങ്ങളില്‍ നിന്നും ജനപ്രാതിനിത്യതത്വപ്രകാരം തെരഞ്ഞെടുക്കപ്പെട്ട അല്‍മായ സംഘങ്ങള്‍ക്കുണ്ടായിരിക്കണം. പോര്‍ട്ടുഗീസ് വാഴ്ചയ്ക്കു മുമ്പുള്ള ശതകങ്ങളില്‍ കേരളനസ്രാണികള്‍ക്കിടയില്‍ ഈ അവകാശം നിലവിലുണ്ടായിരുന്നു.

പൗരോഹിത്യത്തെ സംബന്ധിച്ച അബദ്ധധാരണകളില്‍ നിന്നും പുരോഹിതന്മാരും അവര്‍ക്കു ചെലവിനു നല്‍കുന്ന അവരുടെ രക്ഷിതാക്കളായ പൗരസമൂഹവും വിമുക്തി പ്രാപിക്കണം. -ക്രൈസ്തവപൗരോഹിത്യം - ആ പേരര്‍ഹിക്കുന്നെങ്കില്‍ അത് ശുശ്രഷാപൗരോഹിത്യംഎന്ന നിലയില്‍ മാത്രമായിരിക്കണം. 'ജാതികളുടെ അധിപന്മാര്‍ അവരില്‍ കര്‍തൃത്വം നടത്തുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നുവെന്നും നിങ്ങള്‍ അറിയുന്നു. നിങ്ങള്‍ അങ്ങനെയാകരുത്. നിങ്ങളില്‍ മഹാനാകാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകണം. നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന്‍ ആകണം. മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിക്കുവാനല്ല ശുശ്രൂഷിക്കുവാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും വന്നതുപൊലെ തന്നെ നിങ്ങളും ആകണം.' ( മത്തായി: 20: 25-28) തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി. അവന്‍ അവരോടു പറഞ്ഞു, വിജാതിയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നു. നിങ്ങളൊ അങ്ങനെയല്ല നിങ്ങളില്‍ വലിയവന്‍ ഏറ്റം ചെറിയവനെപ്പോലെയും നായകന്‍ സേവകനെപ്പോലെയും ആകണം (ലൂക്കോസ് 22:24). നിലവിലുള്ള ശ്രേണിബദ്ധമായ ഉച്ചനീചാവസ്ഥകളും ആയി ഒരുതരത്തിലും പൊരുത്തപ്പെടാത്ത ഒരു കലാപകാരിയായിരുന്നു യേശു എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്ന ഒരുയേശു വചനമാണിത്. അങ്ങനെയെങ്കില്‍ യാതൊരുതരത്തിലുള്ള ജനാധിപത്യതത്വങ്ങളും പാലിക്കപ്പെടാതെ കത്തോലിക്കാസഭയില്‍ ഇന്നു നടന്നുവരുന്ന പുരോഹിത നിയമനം വിമര്‍ശിക്കപ്പെടുകതന്നെ വേണം. 'ഗുരു എന്നു നിങ്ങള്‍വിളിക്കപ്പെടരുത്, കാരണം നിങ്ങള്‍ക്കു ഒരുഗുരുവേയുള്ളു. നിങ്ങളെല്ലാം സഹോദരര്‍ ആണ്.ഭൂമിയില്‍ ഒരു മനുഷ്യനേയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം നിങ്ങള്‍ക്കു ഒരുപിതാവെയുള്ളു. അവനത്രെ സ്വര്‍ഗ്ഗസ്ഥനായനിങ്ങളുടെ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നുവിളിക്കപ്പെടരുത്. കാരണം നിങ്ങള്‍ക്കൊരു നായകനെയുള്ളു. അത് ക്രിസ്തുവാണ്. നിങ്ങളില്‍ഏറ്റവും വലിയവന്‍ നിങ്ങളുടെ ഭൃത്യനായിരിക്കണം.'(മത്തായി 23: 8)

പുരോഹിത അല്‍മായ വ്യത്യാസം കൂടാതെ തന്നെ ക്രിസ്ത്യാനികള്‍ക്കു പരസ്പരം സംബോധന ചെയ്യാനുള്ള രണ്ടേരണ്ട് വാക്ക് സഹോദരന്‍, സഹോദരി എന്നു മാത്രമായിരിക്കണം. ദൈവം നമ്മുടെ പിതാവും അതുകൊണ്ടുതന്നെ മറ്റുമനുഷ്യരെല്ലാം സഹോദരന്മാരും ആകുന്നു എന്ന തത്വം പ്രബലപ്പെടുത്തുക എന്നതായിരുന്നു യേശുവിന്റെ ലക്ഷ്യം. പിതാവ്, ഫാദര്‍ തുടങ്ങിയ കാലത്തിനുനിരക്കാത്ത പദങ്ങളെ പുറംതള്ളി ക്രിസ്ത്യാനികളെല്ലാം പരസ്പരം തന്നില്‍മുതിര്‍ന്നവരെ സഹോദരനെന്ന വിശേഷണം മാത്രംകൂട്ടിച്ചേര്‍ത്ത് സംബോധന ചെയ്യണം. ക്രിസ്തുമതവിശ്വാസികളെല്ലാം പരസ്പരം സഹോദരങ്ങളാണെങ്കില്‍ മറ്റു മതാനുയായികളും ഒരുമതവും പിന്തുടരാത്തവരും അവര്‍ക്കു സുഹൃത്തുക്കളായിരിക്കണം. അങ്ങനെയെങ്കില്‍ക്രമേണ അവരെയും സാഹോദര്യത്തിന്റെ പാതയിലേക്കു ആനയിക്കുവാന്‍ കഴിയും. അതോടെ ദേശീയത, വംശീയത, സ്വകാര്യസ്വത്തു തേടല്‍ തുടങ്ങിയഇപ്പോഴത്തെ സകല അപമാനവത്ക്കൃത തിന്മകളില്‍നിന്നും മനുഷ്യരാശിക്കു പിന്തിരിയാനും കഴിയും.

ഇത്തരത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള പരിഷ്‌ക്കാരങ്ങള്‍ക്കു വേണ്ടിയുള്ള മുറവിളികളാണ് നമ്മുടെ ഇടയില്‍ നിന്നുയരേണ്ടത്. അല്ലാതെയുള്ള പരിഷ്‌ക്കാരങ്ങളൊക്കെ വ്യര്‍ത്ഥചികിത്സകളായികലാശിക്കുകയെ ഉള്ളു. ബൈബിളിനുള്ളിലെ മറ്റൊരു ബൈബിള്‍ എന്നു വിശേഷിക്കപ്പെട്ടിട്ടുള്ള യെശയ്യപ്രവാചകന്‍ യഹൂദമതപുരോഹിതന്മാരെക്കുറിച്ചുനടത്തിയ വിമര്‍ശനം ഇന്നത്തെമതപുരോഹിതന്മാര്‍ക്കും ബാധകമാണെന്നു വരുന്നു. 'നിങ്ങള്‍ എന്റെ ജനത്തിന്റെ മുറിവ് വെറുതെ വെച്ചുകെട്ടുന്നു.. ഇനി നിങ്ങളെ അടിച്ചിട്ടെന്തുകാര്യം? നിങ്ങള്‍ അധികം അധികം പിന്മാറുകയെ ഉള്ളു. തല മുഴുവനും ദീനവും ഹൃദയം മുഴുവനുംരോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടി വരെ ഒരു സുഖവും ഇല്ല. മുറിവും ചതവും പഴുത്ത വ്രണവും മാത്രം. അവ ഞെക്കി കഴുകിയിട്ടില്ല, വെച്ചുകെട്ടിയിട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടില്ല. (യെശയാ 1: 5,6)

സഭയിലെ ജനപങ്കാളിത്തത്തെക്കുറിച്ചു ഇത്രയും ആമുഖമായി പറഞ്ഞിട്ട് ഈ ടെലഫോണ്‍സംഭാഷണക്കൂട്ടായ്മയിലേക്കെന്റെ ശബ്ദത്തെ സ്വാഗതം ചെയ്ത സംഘാടകര്‍ക്കു നന്ദി പറയുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ അവയിലാണെന്റെ പ്രതീക്ഷ. അതത്രയും ശ്രദ്ധിച്ചിട്ടു ആവശ്യമെങ്കില്‍ അനുവാദം ലഭിച്ചാല്‍ അനുബന്ധമായി പറയാനുള്ളവ അപ്പോള്‍ പറയാം. ദൈവനാമം മഹത്വപ്പെടട്ടെ.
9446268581

1 comment:

  1. "തമ്മിൽ മുതിര്‍ന്നവരെ സഹോദരനെന്ന വിശേഷണം മാത്രംകൂട്ടിച്ചേര്‍ത്ത് പരസ്പരം സംബോധന ചെയ്യണം. ക്രിസ്തുമതവിശ്വാസികളെല്ലാം പരസ്പരം സഹോദരങ്ങളാണെങ്കില്‍ മറ്റു മതാനുയായികളും ഒരു മതവും പിന്തുടരാത്തവരും അവര്‍ക്കു സുഹൃത്തുക്കളായിരിക്കണം. അങ്ങനെയെങ്കില്‍ക്രമേണ അവരെയും സാഹോദര്യത്തിന്റെ പാതയിലേക്കു ആനയിക്കുവാന്‍ കഴിയും. അതോടെ ദേശീയത, വംശീയത, സ്വകാര്യസ്വത്തു തേടല്‍ തുടങ്ങിയഇപ്പോഴത്തെ സകല അപമാനവത്ക്കൃത തിന്മകളില്‍നിന്നും മനുഷ്യരാശിക്കു പിന്തിരിയാൻ കഴിയും." സഹോദരൻ വർഗീസ് പറഞ്ഞവയിൽ എനിക്ക് ഏറ്റവും മനസ്സില് തട്ടിയത് ഇതാണ്. പോപ്പ് ഫ്രാൻസിസ് പോലും ആദ്യം എടുത്തു പറഞ്ഞ ഒരു കാര്യമതാണ് - തന്നെ നീ (you) എന്ന് സംബോധന ചെയ്‌താൽ മതിയെന്ന്. ഇന്ന് പുരോഹിതവർഗ്ഗത്തിൽ പെട്ടവർ ചുമന്നുകൊണ്ടു നടക്കുന്ന ഭാരമേറിയ വാലുകൾ തനിക്കെ വേണ്ടാ എന്നാണദ്ദേഹം തെളിച്ചുപറഞ്ഞത്‌. ഭാരതത്തിൽതന്നെ വിശ്വാസികൾ ഇക്കാര്യം പല പ്രാവശ്യം ചര്ച്ച ചെയ്തതും എഴുതിയതുമാണ്‌. എന്നിട്ടും ഒരൊറ്റ മെത്രാനും, ഒരു വൈദികൻ പോലും ഈ മാതൃക സ്വന്തമായി ഏറ്റെടുത്ത് സ്വാഗതം ചെയ്തു കേട്ടില്ല. തന്നെയല്ല, കത്തോലിക്കർ ഒരു തരത്തിലും തങ്ങളുടെ അര്ഹതയില്ലാത്ത അവകാശങ്ങൾ (ഉദാ. ന്യൂനപക്ഷ സമുദായം എന്നത്) ഉപേക്ഷിക്കാനോ അന്യ സമുദായക്കാരുമായി സമത്വദീക്ഷയോടെ പെരുമാറാനോ ഉത്സുകരല്ല. എല്ലാവരും ബഹുമാനസ്ഥാനങ്ങളുടെയും ഇല്ലാത്ത പേരിന്റെയും വിശേഷണങ്ങളുടെയും പെരുമയുടെയും പിറകേയാണ്. ഭൂമിയിൽ തൊട്ടൊരു കാര്യവും ചെയ്യാത്തവരും കല്ലിടുന്നതിന്റെയും ഉത്ഘാടനത്തിന്റെയും, എന്തിന് സർക്കാരിന്റെ (അതായത് നികുതിദായകന്റെ )കാശ് ഒരു പദ്ധതിക്കോ രണ്ടടി കോണ്ക്രീറ്റ് റോടിനുവേണ്ടിയോ നീക്കിവച്ചാൽ അതിന്റെ പേരിൽ നാട് മുഴുവൻ പ്ലക്കാർഡുകൾ തൂക്കാൻ നിര്ബന്ധം പിടിക്കുന്നവരാണ്. ഒന്നും ചെയ്യാത്ത എത്ര 'നേതാക്കന്മാരാണ് നാടിനും നാട്ടാർക്കും ഭാരമായി നമ്മുടെ പൊതുഭൂമിക്കു വിഷമായി ജീവിക്കുന്നത്. ഇക്കാര്യത്തിൽ നമ്മുടെ ആത്മീയ ശുശ്രൂഷകർതന്നെ മുമ്പന്തിയിലെങ്കിൽ പിന്നെ എന്നാ കുന്തം എവിടെയെഴുതിയിട്ടും ഫലമെന്ത്!

    Tel. 9961544169 / 04822271922

    ReplyDelete