Translate

Saturday, March 29, 2014

ഇന്നത്തെ സഭയിൽ നവീകരണം സാദ്ധ്യമോ?


സഭാനവീകരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ എന്റെ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്ന ചോദ്യമിതാണ്. വിശ്വാസ കാര്യങ്ങളിൽ പോലും അടിസ്ഥാനപരമായ അസത്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഈ സഭയിൽ സമൂലമായ തിരുത്തലുകൾക്ക് സഭയുടെ നേതൃത്വവും ഭൂരിഭാഗം വിശ്വാസികളും സന്നദ്ധരാകാതെ എങ്ങനെയാണ് നവീകരണമുണ്ടാകുക? ഞാനുദ്ദേശിക്കുന്ന അസത്യങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.

1. അധികാരം ദൈവത്തിൽനിന്നാണ് എന്ന ധാരണ യേശുവിന്റെ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ തെറ്റാണ്. സഭയിൽ അധികാരം പോപ്പ് തൊട്ടു താഴേയ്ക്കുള്ള പൌരോഹിത്യശ്രേണിയിൽ നിക്ഷിപതമാണ്. ഇത് നൂറു ശതമാനവും തെറ്റാണെന്നറിഞ്ഞുകൊണ്ട് അവയ്ക്ക് കീഴ്പ്പെടാൻ  സുബുദ്ധിയുള്ള ഒരു പൗരനും സാദ്ധ്യമല്ല. നൂറ്റാണ്ടുകളായി ശീലിച്ച അധികാരദുർവിനിയോഗത്തെ ഉപേക്ഷിക്കാനോ മയപ്പെടുത്താനോ പോലും, വിശേഷിച്ച്, ഭാരതസഭയുടെ ഭാഗത്ത്, ഇന്നൊരു സാദ്ധ്യതയും കാണുന്നില്ല. അതുകൊണ്ടുതന്നെ, പോപ്പ് ഫ്രാൻസിസും നവീകരണപ്രസ്ഥാനങ്ങളും 'അധികാരം ജനങ്ങളിലേയ്ക്ക്' എന്ന് പറയുന്നത് തെറ്റാണെന്നും, ശരിക്കുള്ള കാഴ്ചപ്പാട് അധികാരം 'ജനങ്ങളിൽ നിന്ന്' എന്നാണെനും മനസ്സിലാക്കാൻ തയ്യാറുള്ളവർ എവിടെയുണ്ട്? അതില്ലാത്തതുകൊണ്ട്, കൊടുകാര്യസ്ഥതയും ജാതിരാഷ്ട്രീയഫാസിസവും (ഉദാ. താമരശ്ശേരി/ഇടുക്കി മെത്രാന്മാരുടെ അടുത്തകാലത്തെ കയ്യാങ്കളികൾ) തുടർന്നുകൊണ്ടിരിക്കും.

2. യേശുവിന്റെ സഭയെന്ന് വിളിക്കപ്പെടുന്ന സമൂഹത്തിൽ പൌരോഹിത്യം അർത്ഥശൂന്യമാണ്. പൌരോഹിത്യത്തിന് വിശുദ്ധ ലിഖിതത്തിൽ തെളിവ് തേടുന്നവർ ഏറ്റവും പ്രാഥമികമായി കരുതുന്നത് ഹെബ്രായർക്കുള്ള ലേഖനമാണ്. പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് അവിടെ യേശുവിനെ സഭയിൽ നിലനില്ക്കുന്ന പൌരോഹിത്യത്തിന്റെ സാധുതയ്ക്കായി നിത്യപുരോഹിതനായി സ്ഥാപിക്കാനുള്ള ശ്രമം പാളിപ്പോകുന്നുവെന്നാണ്. ആദ്യമായി, ലേഖനകർത്താവ് (ഇത് പൌലോസല്ല, അദ്ദേഹത്തിന്റെ ഒരു ശിഷ്യനാകാനാണ് സാദ്ധ്യത) യഹൂദപൌരോഹിത്യവുമായി യേശുവിന് ബന്ധമില്ലെന്ന് കാണിക്കുന്നു. കാരണം, ഇസ്രായേലിൽ ലേവിയുടെ കുടുംബപരമ്പരക്കാണ് പുരോഹിതവൃത്തിക്കുള്ള അവകാശമുള്ളത്. യേശുവാകട്ടെ യൂദായുടെ വംശത്തിൽ പെടുന്നവനാണ്. അതുകൊണ്ട്, എവിടെനിന്നു വന്നു, എവിടേയ്ക്ക് പോയി എന്ന് ആർക്കുമറിയില്ലാത്ത മെൽക്കിസെദെക്കിനോടാണ് യേശുവിനെ ഉപമിച്ചിരിക്കുന്നത്. യഹൂദപൌരോഹിത്യത്തെ ബാധിക്കുന്ന വാക്കുകൾ കടമെടുത്ത് യേശുവിന്റെ പൌരോഹിത്യം അലൗകികമായി നിത്യം നിലനിൽക്കുന്നു എന്ന് സ്ഥാപിക്കാനാണ് ലേഖകൻ ശ്രമിക്കുന്നത്. അവന്റെ പൌരോഹിത്യം ശാശ്വതമാണ് എന്നതുകൊണ്ട് അത് കൈമാറാനാവാത്തതുമാണ്. പുതിയ നിയമത്തിൽ (ദൈവരാജ്യത്തിൽ) ദൈവത്തിനും മനുഷ്യനുമിടക്കുള്ള ഏക പുരോഹിതൻ യേശുവാണ് എന്നാണ് ലേഖനകർത്താവിന്റെ മതം. ഈ പൌരോഹിത്യം അംഗീകരിച്ചാൽ തന്നെ, അത് സഭയിൽ തന്റെ ശിഷ്യരിലേയ്ക്കോ അവരിൽനിന്ന് താഴേയ്ക്കോ കൈമാറപ്പെടുന്നില്ല.

3. എന്നാൽ യേശുവിന്റെ സ്വന്തം പഠനമനുസരിച്ച്,  എതർത്ഥത്തിലെടുത്താലും പൌരോഹിത്യം അർത്ഥശൂന്യമാണ്. കാരണം, ഒന്നാമത് പുരോഹിതന്റെ കടമയായ ബലിയർപ്പണം യേശുവിന്റെ ദൈവം ആഗ്രഹിക്കുന്നില്ല. രണ്ടാമത്, ദൈവത്തിനും മനുഷ്യനുമിടയിൽ ഒരു മദ്ധ്യസ്ഥനെയും ആവശ്യമില്ലാത്ത ഒരു ബന്ധമാണ് യേശു പരിശീലിച്ചതും പഠിപ്പിച്ചതും.


4. യേശുവിന്റെ ദൈവതം തന്നെ യേശുവിന്റെ തന്നെ മനസ്സിന് ഇണങ്ങാത്ത ഒരു കണ്ടെത്തലാണ്. ദൈവാവതാരമെന്ന ആശയംതന്നെ യുക്തിരഹിതവും സഭയിലെ ഭക്തിഭ്രാന്തന്മാരുടെ തിരുകിക്കയറ്റലും മാത്രമാണ്. യേശു ദൈവമാണെങ്കിൽ, ദൈവം തന്നെ ദൈവത്തിനു മുമ്പിൽ മനുഷ്യനെ പ്രതിനിധീകരിക്കുക എന്ന വൃത്തി(യുക്തി)കെട്ട ഒരാശയത്തിലാണ് നമ്മൾ ചെന്നു നിൽക്കുന്നത്.

5. അന്ത്യത്താഴമെന്നത് യേശുവിന്റെ ബലിയുടെ ഓർമ്മയായി അവതരിപ്പിക്കപ്പെട്ടതും കാലക്രമേണ പോളിന്റെ കാലത്താണ്. യേശുവോ തന്റെ ശിഷ്യന്മാരോ അങ്ങനെയൊരർത്ഥം അതുവരെ കണ്ടിരുന്നില്ല. അതല്ലാ, അന്ത്യത്താഴത്തിന്റെ ഓർമ ഒരാദ്ധ്യാത്മിക, സൌഹൃദ  കൂടിച്ചേരലായി ആഘോഷിക്കാനാണെങ്കിൽ അതിന് ഇന്നുള്ള പളളികളോ വൈദികന്റെ സാന്നിദ്ധ്യമോ ആവശ്യമേയില്ല.

6. അങ്ങനെ വരുമ്പോൾ, അതായത്, കുരിശുമരണം, ബലി, രക്ഷ തുടങ്ങിയവയെപ്പറ്റിയുള്ള സഭയുടെ വ്യാഖ്യാനങ്ങൾ അസ്വീകാര്യമായിരിക്കയും, ഇക്കാര്യങ്ങളിൽ മേൽ സൂചിപ്പിച്ച വ്യതിയാനങ്ങൾ അംഗീകരിക്കപ്പെടാതിരിക്കയും ആണെങ്കിൽ, ഇന്നത്തെ സഭ, പോപ്പ് തൊട്ട് ഇന്നേദിവസം അതിൽ അംഗമാക്കപ്പെട്ട ശിശുവരെ, യേശുവിന്റെ മേൽവിലാസം ദുരുപയോഗിക്കുന്നവരാണ്.

7.  ഇന്നത്തെ സഭ വിശ്വാസികളിൽ നിക്ഷേപിക്കുന്ന ദൈവസങ്കല്പം വളരെ സങ്കുചിതവും പ്രകൃതിയിൽ നിന്ന് മനുഷ്യനെ വേർതിരിക്കുകയും അകറ്റുകയും ചെയ്യുന്ന ഒന്നുമാണ്. മറിച്ച്, പരിപൂർണനായ ദൈവത്തിനു വെളിയിൽ ആപേക്ഷികമായത് ഒന്നും ഇല്ലെന്നു മാത്രമേ യുക്തിക്ക് അംഗീകരിക്കാനാവൂ. അപ്പോൾ, സഭയിലെ കാര്യങ്ങൾ മാത്രം പരിഗണിച്ചാൽ, അവിടെ യാതൊരു ഉച്ചനീചത്വങ്ങൾക്കും സ്ഥാനമില്ലാതെവരും. സ്വർഗം, നരകം എന്ന ദ്വന്ദ്വം നിരസിക്കേണ്ടിവരും. ദേശ, ജാതി, വിശ്വാസഭേദമെന്യേ എല്ലാവരെയും സ്വർഗപ്രാപ്തിക്ക് അർഹരായി കാണേണ്ടിവരും. ചിലരെ വിശുദ്ധർ എന്ന് സ്ഥാനക്കയറ്റംകൊടുത്തു പൂജിക്കുകയും കാശുവാരുന്നവരായി പള്ളികളിൽ കളിച്ചുവയ്ക്കുകയും ചെയ്യുന്ന പരിപാടി നിറുത്തലാക്കേണ്ടി വരും.

8. ദൈവത്തിന് ബലി ആവശ്യമില്ലാത്തതുപോലെ, നേർച്ചകാഴ്ചകളും ആവശ്യമില്ല. ഒരു പള്ളിയിലും പള്ളിയുടെ സ്ഥാപനത്തിലും നേർച്ചപ്പെട്ടികൾ അനുവദിക്കരുത്. എന്തെങ്കിലും സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനായി സജ്ജമാക്കിയിട്ടുള്ള ഓഫിസിൽ കാശ് കൊടുത്ത് രെസീത് വാങ്ങണം. വിശ്വാസികളെ ആദ്ധ്യാത്മിക കാര്യങ്ങളിൽ ശുശ്രൂഷിക്കുന്നവരും അമിത വരുമാനത്തിനുള്ള സ്രോതസ്സുകൾ ഇല്ലാതെ വരുമ്പോൾ, സ്വന്തം അദ്ധ്വാനത്തിന്റെ ഫലമായി അപ്പം കഴിക്കുന്നവരായി ജീവിക്കേണ്ടിവരും.

9. ക്രോഡീകരണവും വ്യാഖ്യാനവും നടത്തിപ്പും ഒരാള് തന്നെ  ചെയ്യുന്ന കിരാതവും വ്യാജവുമായ കാനൻ നിയമങ്ങൾ സമൂലം റദ്ദുചെയ്യാൻ റോമാ തയ്യാറാകേണ്ടിവരും.

10. നമ്മുടെ ഗ്രഹത്തിലെ ജൈവാവസ്ഥ കോടിക്കണക്കിനു വർഷങ്ങളിലൂടെയുള്ള പരിണാമപ്രക്രിയയിലൂടെയാണ് ഇന്നത്തെ അവസ്തയിലെത്തിയത്. നമ്മുടെ പൂർവികർ വിദൂരമായ ഒരു കാലത്ത് ഇന്നത്തേതിലും വളരെ താഴ്ന്ന ഒരു ജൈവ, ബൗദ്ധിക രൂപത്തിലായിരുന്നു. കഥ പറയാൻ പഠിച്ച മനുഷ്യനാണ് ആദത്തെയും ഹവ്വയെയും സൃഷ്ടിച്ച് അവരെ നമ്മുടെ ആദിമാതാപിതാക്കളാക്കിയത്. അവരുടെ സൃഷ്ടിയും ജീവിതവും ചരിത്രസംഭവമാണെങ്കിൽ മാത്രമേ സഭ വിശ്വസിക്കുന്ന ജന്മപാപത്തിനും മാമ്മോദീസാ തുടങ്ങിയുള്ള കൂദാശകൾക്കും നിലനിൽപ്പുള്ളൂ.

ചുരുക്കത്തിൽ, യുക്തിസഹമായ ഒരു സഭ ഉരുത്തിരിയുക എന്നത് വിശ്വാസികൾ ചിന്തിക്കുന്നവരായിത്തീർന്നാൽ മാത്രമേ സംഭവിക്കുകയുള്ളൂ. 'സഭയോടോത്തു ചിന്തിക്കുക' അസാദ്ധ്യമാണ്. കാരണം, ഒന്ന്, തങ്ങളാണ് സഭയെന്ന് ഇന്ന് കരുതുന്നവർ ഒട്ടും   ചിന്തിക്കുന്നവരല്ല. രണ്ട്, സ്വന്തം നിലനില്പിൽ അമിത ജാഗ്രതയുള്ളവർ നവീകരണത്തെ സ്വാഗതം ചെയ്യുകയില്ല.

മൂന്ന് , ഭാരതത്തിലെ സഭാനേതൃത്വം മേധാവിത്വത്തിന്റെയും അധികാരത്തിന്റെയും ഹിംസയുടെയും ഭാവമാണ് പ്രകടിപ്പിക്കുന്നത്. ഒരു വശത്തേയ്ക്കു മാത്രം സ്വരസഞ്ചാരമനുവദിക്കുന്ന ഒരു വന്മതിൽ പോലെയാണ് ഈ മെത്രാന്മാർ പെരുമാറുന്നത്. ശ്രീ റ്റി.ജെ. ജോസഫിന്റെയും അതിദാരുണമായ സാഹചര്യത്തിൽ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടിവന്ന അദ്ദേഹത്തിൻറെ സഹധർമ്മിണി ശലോമിയുടെയും ജീവിതകഥ അതിനുള്ള ഏറ്റവും പുതിയ തെളിവാണ്. ഭൂരിപക്ഷം മതാംഗങ്ങളും നിർഭാഗ്യവശാൽ അവരുടെ പിടിയിലാണ്. യേശു കാണിച്ചുതന്ന സംസ്കാരത്തിന്റെ ഭാഷ പഠിച്ചിട്ടില്ലാത്ത ഇപ്പോഴത്തെ മെത്രാന്മാർ അവരുടെ സ്ഥാനങ്ങളിൽ തുടരുവോളം ഏതെങ്കിലും തരത്തിലുള്ള നവീകരണം ഈ സഭയിൽ സാദ്ധ്യമാവുക പ്രതീക്ഷകൾക്കെല്ലാമപ്പുറത്താണ്.

2 comments:

  1. താന്‍ ക്രിസ്ത്യാനിയാണോ? തനിക്കെന്താ കാര്യം, എന്നെ ഇത് വായിക്കുന്ന ഒരു വൈദികന്‍ ചോദിക്കാനിടയുള്ളൂ. തെളിവുകളും സാദ്ധ്യതകളും നിരത്തി പോരോഹിത്യം കത്തോലിക്കാ സഭകളില്‍ പാടില്ലായെന്ന് സാക്ക് പറയുന്നു. അടുത്ത ദിവസം ഓര്‍ത്തഡോക്സ് സഭയില്‍ പെട്ട ഒരു യുവാവ് എങ്ങിനെ യാക്കൊബായാ പക്ഷം തെറ്റാണ് എന്ന് തെളിയിക്കാന്‍ വേണ്ടി പതിനഞ്ചു മിനിറ്റ് സംസാരിച്ചു. എല്ലാം കേട്ടിരുന്നിട്ട് ഞാന്‍ ചോദിച്ചു, ഇതിനിടയില്‍ ഒരിക്കല്‍ പോലും യേശുവിന്‍റെ വചനത്തെ പരാമര്ശിച്ചില്ലല്ലോയെന്ന്. ആര്‍ക്കും വചനമല്ല പരാമര്‍ശ വിഷയം. മനോരമയില്‍ വന്ന കൌണ്ടര്‍ പോയിന്‍റില്‍ ഒരു വൈദികന്‍ പറഞ്ഞത്, എല്ലാം നിയമോപദേശം അനുസരിച്ചാണ് അവര്‍ ചെയ്തതെന്നാണ്. ഇത് കേട്ട ഒരു ഭോഷന്‍ ചോദിച്ചത്, വചനത്തിലാണോ, ഭൂമിയുടെ നിയമത്തിലാണോ ഒരു വൈദിക ശ്രേഷ്ടന്‍ നിലനില്‍ക്കേണ്ടത് എന്നാണ്. ഒരു പണ്ഡിതന്‍ അടുത്ത കാലത്തു എഴുതിയത്, യേശുവിനെ ഒറ്റപ്പെടുത്തിയ ലോകത്ത് നിന്ന് ഓരോ ക്രൈസ്തവനും ഒറ്റപ്പെടെണ്ടതുണ്ട് എന്നാണ്.
    പൌരോഹിത്യം എന്ന പദവി യേശു സ്ഥാപിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചാല്‍ തന്നെ, വലിയവരോട് പറഞ്ഞിരിക്കുന്നത്, ചെറിയവന്റെ പാദങ്ങള്‍ കഴുകാനാണ്, ഏറ്റവും അവസാനം പോയി ഇരിക്കാനുമാണ്. സ്നേഹത്തില്‍ അധികാരമോ അധികാരത്തില്‍ സ്നേഹമോ ഇല്ലായെന്ന് പറയുന്നതും ഇതേ വി. ഗ്രന്ഥമാണ്. നാം ഇന്ന് അനുസരിക്കുന്നത് സ്പിരിച്വല്‍ എഞ്ചിനീയെഴ്സിനെ അല്ല പകരം സിവില്‍ എഞ്ചിനീയെഴ്സിനെയാണ്. ഇന്നത്തെ വൈദികര്‍ മികച്ച ബിസിനെസ്സ് അഡ്മിനിസ്ട്രെറ്റര്‍മാരാണ്. വൈദികരുടെ പെരുമാറ്റവും പ്രഭാഷണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല.
    ഒരു കാലത്ത് ഒരു മെത്രാനെ കുരുവിയെന്നു വിളിച്ചാല്‍ പോലും അനേകം സംഘടനകള്‍ പ്രതികരിക്കുമായിരുന്നു. ഇന്ന് നികൃഷ്ട ജീവിയെന്നു ആരെങ്കിലും വിളിച്ചാല്‍ പ്രതികരിക്കാന്‍ ആരുമില്ല. തികഞ്ഞ ഒരു നിര്‍വ്വികാരതയില്‍ വിശ്വാസികള്‍ പെട്ട് പോയിരിക്കുന്നു. സീറോ മലബാര്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കണം, ലത്തിന്‍ കാരെ തകര്‍ക്കണം, കുറച്ചു നാളായി നമ്മുടെ മെത്രാന്മാരുടെ ലക്‌ഷ്യം ഇതാണ്. "ലത്തിന്‍ കാര്‍ നമ്മെ ഒരുപാട് ഉപദ്രവിച്ചവരാണ്" സാക്ഷാല്‍ തട്ടില്‍ മെത്രാന്‍ അഹമ്മദാബാദിലെ ഒരു ലത്തിന്‍ പള്ളിയില്‍ വിളിച്ചു കൂട്ടിയ മലയാളികളോട് പറഞ്ഞതാണ് അടുത്തിടെ. ഇത് കേട്ട ഒരു പ്രായം ചെന്ന ഒരു മലയാളി പറഞ്ഞത്, 'സ്വന്തമായി ഒരു മൂത്രപ്പുര പോലും ഇവിടെ ഇല്ലാത്ത സീറോ മലബാര്‍കാര്‍ ലത്തിന്‍ വിരോധം വളര്‍ത്തി, അഹമ്മെദാബാദിലും ഗാന്ധിനഗറിലുമായി ആകെയുള്ള ആയിരത്തോളം കത്തോലിക്കരെ ഞങ്ങള്‍ നിങ്ങള്‍ എന്ന് തിരിച്ചു കഴിഞ്ഞുവെന്നാണ്. തല്ത്തെജില്‍ സിറോ മലബാറിന്റെ ശക്തനായ ഒരു വക്താവ് ആദ്യം നഗരത്തില്‍ വന്നപ്പോള്‍ ഒരു ലത്തിന്‍കാരന്‍റെ സൌജന്യത്തിലായിരുന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ക്രിസ്ത്യാനി എന്നാ പേര് പോലും പറയാന്‍ സാധിക്കാതെ ഒളിച്ചും പാത്തും ഈ നഗരത്തില്‍ കഴിഞ്ഞ ആദ്യ കാല കത്തോലിക്കര്‍ പിന്നിട് ഉന്നത സ്ഥാനങ്ങളില്‍ എത്തിയത് ലത്തിന്‍ റിത്തുകാര്‍ നടത്തിയ ക്വാളിറ്റി സ്ഥാപനങ്ങളുടെ ബലത്തിലാണ്. അവരുടെ മുഴുവന്‍ ആവശ്യങ്ങളും അവര്‍ നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങളും നിങ്ങളും ആയി. കേരളത്തില്‍ ഒരു ലത്തിന്‍ മേത്രാനുണ്ടായപ്പോള്‍ വിരലിലെണ്ണാവുന്ന സിറോ മേത്രാന്മാരാണ് ചടങ്ങില്‍ പങ്കെടുത്തത്. മെല്‍ബോണ്‍ രൂപത ഉണ്ടായപ്പോള്‍ 22 ഓളം ലത്തിന്‍ മെത്രാന്മാര്‍ പങ്കെടുത്തിരുന്നു. മനസ്സില്‍ മുഴുവന്‍ വിഷം കുത്തിവെച്ചുകൊണ്ട് ആര്‍ക്കു എത്രനാള്‍ മുന്നോട്ടു പോകാനാവും? ഇന്ന് സീറോ മെത്രാന്മാര്‍ സമൂഹത്തിന്റെ മുമ്പില്‍ laughing stock ആണ് - പരിഹസിക്കപ്പെടാന്‍ മാത്രമുള്ള ഒരു വിഭാഗം.

    ReplyDelete
  2. അല്മായശബ്ദം എഴുത്തുകാരോടൊരു എളിയ പ്രാർഥന ! "സീറോ മലബാർ/ ലത്തീൻ/ സിറിയൻ കത്തോലിക്കരു മാത്രമല്ല ഈ കൊച്ചു കേരളത്തിൽ ! മാർത്തോമ്മ / യാക്കോബാ/ കോട്ടയം ഓർത്തഡോൿസ്‌ / CSI / & കുപ്പായക്കീശ ഇല്ലാത്ത തട്ടിപ്പുവീരന്മാർ പാസ്റ്റെർവ്രിന്ദം നൂറുമേനി ! ഇങ്ങിനെ നൂറിലേറെ സഭകൾ വീതം വച്ചെടുത്ത ന്യൂനപക്ഷമാണീ മലങ്കര നസ്രാണികൾ! ക്രിസ്തനികുടുംബത്തിൽ പെറ്റുവീഴന്ന ഓരോ ജീവിയേയും ആത്മീയാന്ധതയിൽ മുക്കിക്കൊല്ലാനും മരണാനാന്തരവും ചൂഷണം ചെയ്യാനുംമുള്ള കൂദാശാജാലവിദ്യകൾ ഇവറ്റകളുടെ കൈവശമുണ്ട്താനും ... . നമുക്കാകമാന രക്ഷയാണീന്നാവശ്യം ! ക്രിസ്തുവിനെ അറിയാൻ ഈ കുരുടന്മാരായ വഴികാട്ടികളെ ജനം പിൻപറ്റുന്ന ഇന്നിൻറെ ഈ പ്രവണത ഇവർ വെടിഞ്ഞേ പറ്റൂ .. അതിനായി എഴുതിത്തുടങ്ങാം ... "

    ReplyDelete