Translate

Tuesday, November 11, 2014

അന്ത്രയോസ് മാറാട്ടുകളം - യഥാര്‍ഥ ക്രിസ്ത്യാനിക്ക് ഒരു മാതൃക


പാലാ സെന്തോമസ് കോളജിലും മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജിലും അധ്യാപകനായിരുന്ന, 1980-കളില്‍ വിമോചനവേദി 

അന്ത്രയോസിന്റെ മൊബൈല്‍  നമ്പ: 9605114154

(Christians for Radical Action) എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന, പ്രൊഫ. പി. സി. ദേവസ്യായുടെ വീട്ടില്‍വച്ച് ഒരു മാസത്തോളം മുമ്പ് 2014 ഒക്ടോബര്‍ 11-ന് ഒരു സുഹൃദ്‌സംഗമം കൂടുകയുണ്ടായി. അഞ്ചുപേരേ പങ്കെടുത്തുള്ളുവെങ്കിലും ഹൃദയംഗമമായ പങ്കുവയ്ക്കലുകള്‍കൊണ്ട് വളരെ അമൂല്യമായിരുന്നു, ആ സംഗമം. മൂലമറ്റം കോളജില്‍ പ്രൊഫസറായിരുന്ന, കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ജോയി മൈക്കിള്‍, സ്വതന്ത്ര ചിന്തകനായ റോയി മാത്യു, എന്നിവരോടൊപ്പം ഞാനും അതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ശ്രീ. ചാക്കോ കളരിക്കലിന്റെ സഭാനവീകരണത്തിലേക്ക് ഒരു വഴി എന്ന പുസ്തകത്തിലുള്ള കേരളത്തിലെ സഭാനവീകരണത്തിന്റെ (കെ. സി. ആര്‍. എമ്മിന്റെയും) ചരിത്രം പരിചയപ്പെടുത്താനും സത്യജ്വാല മാസികയും അല്മായശബ്ദം ബ്ലോഗും ഫേസ് ബുക്ക് പോലെയുള്ള ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളും വഴി കെ. സി. ആര്‍. എം. അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയതെങ്ങനെ എന്നു വിശദീകരിക്കാനും എനിക്കു കഴിഞ്ഞു. എന്നാല്‍ അതിലേറെ എന്നെ സന്തോഷിപ്പിച്ചത് പിന്തുണയ്ക്കാന്‍ ആള്‍ക്കൂട്ടമൊന്നും പിന്നിലില്ലെങ്കിലും ക്രിസ്തുവിന്റെ വചനങ്ങളെയും പ്രവര്‍ത്തനങ്ങളെയും ചങ്ങനാശ്ശേരിയില്‍ സത്യസന്ധമായി പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന അന്ത്രയോസ് മാറാട്ടുകളം എന്ന പഴയ സ്‌നേഹിതനെ വീണ്ടും കാണാനും അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കേള്‍ക്കാനും കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും അനുഭവങ്ങളുടെയും സാരമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ത്തന്നെ ഞാന്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്.
വേദപുസ്തകത്തില്‍ യേശുവിന്റെ രാഷ്ട്രീയദര്‍ശനമുണ്ട്, യേശുവിന്റെ സാമ്പത്തികദര്‍ശനമുണ്ട്, യേശുവിന്റെ ജനങ്ങളോടുള്ള, ഭൂമിയോടുള്ള, പ്രകൃതിയോടുള്ള ദര്‍ശനമുണ്ട്. ഈ ദര്‍ശനങ്ങളെ നമുക്ക് എവിടെ, എങ്ങനെ, അവതരിപ്പിക്കാനാവും എന്ന ചോദ്യത്തിനുള്ള മറുപടി എന്റെ ജീവിതം കൊണ്ട് പറയാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍.
വിമോചനദൈവശാസ്ത്രം ഫണ്ടുവരുത്താനും സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും ഒക്കെ പുരോഹിതന്മാര്‍ ഉപയോഗിച്ചപ്പോള്‍ വിദേശസഹായമായി കിട്ടുന്ന പണം പിശാചിന്റെ വാലാണെന്നു പറഞ്ഞ് നിഷേധിക്കാന്‍ ജോര്‍ജ് ജോസഫ് കോയിക്കരയെപ്പോലുള്ള അല്മായരേ ഉണ്ടായിരുന്നുള്ളു. ഇങ്ങനെകിട്ടിയ പണമുപയോഗിച്ചുണ്ടാക്കിയ സ്ഥാപനങ്ങളൊന്നും അന്നത്തെ ആദര്‍ശങ്ങള്‍ക്കു വേണ്ടി ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ഭാരതവത്കരണത്തിന്റെ പേരില്‍ ആരതിയുഴിയലും പുഷ്പാഞ്ജലിയുമൊക്കെ നടത്തിയപ്പോള്‍ അതില്‍ ബ്രാഹ്മണസംസ്‌കാരമല്ലേ എന്നും തീയ്ക്കു ചുറ്റുമിരുന്ന് പാട്ടും പാടി ആഹാരം പങ്കുവയ്ക്കുന്ന ദളിത് സംസ്‌കാരമല്ലേ യഥാര്‍ഥ ഭാരതസംസ്‌കാരമെന്നും അവ അവതരിപ്പിച്ച പുരോഹിതശ്രേഷ്ഠരോടു ചോദിക്കാന്‍ ഞാന്‍ തയ്യാറായിട്ടുണ്ട്.
യേശുക്രിസ്തുവിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹം അസ്പൃശ്യതയ്ക്ക് എത്രമാത്രം എതിരായിരുന്നു എന്നു നമുക്കു വ്യക്തമായിക്കാണാം. കുഷ്ഠരോഗിയെ തൊട്ടുസുഖമാക്കിയിടത്ത് അന്നത്തെ യഹൂദസമുദായത്തിലുണ്ടായിരുന്ന അസ്പൃശ്യതയ്‌ക്കെതിരെ അദ്ദേഹമുയര്‍ത്തിയ വലിയ വെല്ലുവിളി നമുക്കു കാണാന്‍ കഴിയും. ഇതൊന്നും ശ്രദ്ധിക്കാതെ കാവിയുടുത്ത് ചമ്രംപടിഞ്ഞിരുന്ന് കുര്‍ബാന അര്‍പ്പിച്ച പുരോഹിതസുഹൃത്തുക്കളോട് കുര്‍ബാനയില്‍ പുരോഹിതര്‍ ചൊല്ലുന്ന പ്രാര്‍ഥനകള്‍ അല്മായര്‍ ചൊല്ലിയാലെന്താണ് കുഴപ്പമെന്ന് ഞാന്‍ നേരിട്ടു ചോദിച്ചിട്ടുണ്ട്. അവര്‍ക്ക് മറുപടിയില്ലായിരുന്നു. എങ്കിലും പണ്ട് അല്മായര്‍ ചൊല്ലിയിരുന്ന ഒപ്പീസ് ഇപ്പോള്‍ അല്മായര്‍ ചൊല്ലാന്‍പാടില്ല എന്നു നിയമം വന്നിരിക്കുന്നു. പൗരോഹിത്യം ചില സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണത്തിനുള്ള സംവിധാനമാണെന്നു മനസ്സിലാക്കുന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം നല്കാറില്ല. അതിന്റെ പേരില്‍ പള്ളിയില്‍ അടക്കുകയില്ലെന്നാണെങ്കില്‍ വേണ്ട എന്നാണ് എന്റെ നിലപാട്. ഇതരസഭകള്‍ കൂടെ കൂട്ടാന്‍ തയ്യാറാണെങ്കിലും ഞാന്‍ ജനിച്ചുവളര്‍ന്ന സഭയില്‍നിന്ന് മാറുകയില്ലെന്നാണെന്റെ തീരുമാനം. ഈ സഭ നല്ല രീതിയില്‍ പുരോഗമിക്കണമെന്നാണ് എന്റെ ആഗ്രഹം. കത്തോലിക്കാ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. പതിനാലു വര്‍ഷം പാസ്റ്ററല്‍കൗണ്‍സിലില്‍ അംഗമായിരുന്നു. ഇതൊക്കെയായിരുന്നിട്ടും എനിക്ക് എന്തുകൊണ്ടാണ് സഭാസ്ഥാപനങ്ങളിലൊന്നും ഒരു ജോലിപോലും കിട്ടാത്തതെന്ന് ചോദിക്കുന്നവര്‍ക്കൊക്കെ കാരണവും അറിയാം. അധികാരികളുടെ താത്പര്യങ്ങളോടല്ല, യേശുവിന്റെ വചനങ്ങളോടാണ് എന്റെ പ്രതിജ്ഞാബദ്ധത. സഭാസ്ഥാപനങ്ങളില്‍നിന്ന് അന്യായമായി പിരിച്ചുവിടപ്പെട്ടവര്‍ക്കുവേണ്ടി സമരങ്ങള്‍ നയിച്ചു എന്നതാണ് സഭാധികാരികള്‍ക്ക് എന്നോട് അപ്രീതിയുണ്ടാകാന്‍ കാരണം.
ഒരു ദിവസം തത്തംപള്ളിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഹോസ്പിറ്റലിലെ രണ്ടു നഴ്‌സുമാര്‍ തങ്ങളെ പിരിച്ചുവിടുന്നു എന്നറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ആദ്യത്തെ സമരം. എന്താണു കാരണമെന്നു ചോദിച്ചപ്പോള്‍ ക്വാളിഫിക്കേഷനില്ല എന്ന കാരണമാണ് മാനേജ്‌മെന്റ് പറയുന്നത് എന്ന് അവര്‍ പറഞ്ഞു. പതിനാലു വര്‍ഷം ജോലിചെയ്തവര്‍ എന്ന നിലയ്ക്ക് ചില ആനുകൂല്യങ്ങളുള്ളത് കൊടുത്തുവേണം അവരെ പിരിച്ചുവിടാന്‍. മാനേജ്‌മെന്റിനോട് പറഞ്ഞപ്പോള്‍ ഇങ്ങനെയൊന്നും ഇതുവരെ നടന്നിട്ടില്ല എന്നായിരുന്നു അവരുടെ മറുപടി. നല്‌കേണ്ട ആനുകൂല്യങ്ങള്‍ നല്കാതെ ഇനി ആരെയും പിരിച്ചുവിടാന്‍ പാടില്ലെന്ന് ഞാന്‍ വ്യക്തമാക്കി. പിരിച്ചുവിടപ്പെട്ടവരുടെ വീട്ടുകാരോട് അവയ്ക്കായി സമരം നയിക്കാന്‍ ഞാന്‍ തയ്യാറാണെന്നും സഹകരിക്കാമോ എന്നും ചോദിച്ചപ്പോള്‍ വികാരിയച്ചനോട് ചോദിക്കണം എന്നായിരുന്നു അവരുടെ മറുപടി. കൊച്ചച്ചനോടു ചോദിച്ചാല്‍മതി എന്നു ഞാന്‍ പറഞ്ഞു. നിയമപരമായ വശങ്ങള്‍ പഠിച്ചശേഷമേ കൊച്ചച്ചന്‍ മറുപടി പറയൂ എന്നും ആ മറുപടി കേട്ടിട്ടേ വികാരിയച്ചന്‍ നിലപാടെടുക്കൂ എന്നും എനിക്കറിയാമായിരുന്നു. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട് എന്ന് കൊച്ചച്ചന്‍ പറഞ്ഞപ്പോള്‍ വികാരിയച്ചന്‍ സമരത്തെ എതിര്‍ക്കില്ല എന്നു വ്യക്തമാക്കി. അങ്ങനെ ആശുപത്രിപ്പടിക്കല്‍ ഞങ്ങള്‍ സമരക്കൊടി ഉയര്‍ത്തി. മൂന്നാം ദിവസം ആനുകൂല്യങ്ങള്‍ നല്കാന്‍ മാനേജ്‌മെന്റ് തയ്യാറായി. ഇതേത്തുടര്‍ന്ന് പതിനാലു സമരങ്ങള്‍ പള്ളിവക സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ നടത്തി വിജയിപ്പിച്ചു. അതിനെത്തുടര്‍ന്ന് ചങ്ങനാശേരിയിലെ പള്ളിവക സ്ഥാപനങ്ങളില്‍നിന്ന് ആനുകൂല്യങ്ങള്‍ നല്കാതെ ആരെയും പിരിച്ചു വിടില്ല എന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ എനിക്ക് ഒരു നല്ല ജോലി കിട്ടാതെ പോയതിനും ഈ സമരങ്ങള്‍ കാരണമായിട്ടുണ്ട്.
                                                                                                                (തുടരും)









2 comments:

  1. പള്ളിക്കെതിരെ വിജയിക്കുന്ന ഓരോ സമരവും പിശാചിന്റെ മേൽ സത്യതിനുള്ള വിജയമാണ് ! കൂടുതൽ കേൾക്കാൻ താല്പര്യമുണ്ട്

    ReplyDelete
  2. pls visit
    http://syrianyouthvoice.blogspot.in/2011/08/blog-post_5205.html

    ReplyDelete