Translate

Wednesday, November 19, 2014

ഒരു കുഞ്ഞു ക്യൂരിയാ ഹൌസ്!

‘ദൈവമേ!’ കുറെനാള്‍ കൂടിയാ അത്രയും ഉച്ചത്തില്‍ ഞാന്‍ ദൈവത്തെ വിളിച്ചത്. ഇന്നലെ ഒരു പത്തു പേരെങ്കിലും എന്നെ വിളിച്ചു; എല്ലാവരും പറഞ്ഞത് ഒരൊറ്റ കാര്യം - അത്മായശബ്ദത്തില്‍ റോഷനെ കാണുന്നില്ലെന്ന്. അത്മായാ ശബ്ദത്തിന് ഇത്രയും വായനക്കാരുണ്ടായത്‌ ഗള്‍ഫില്‍ നിന്നാണോ എന്ന് ഞാന്‍ സംശയിക്കുന്നു. ബ്ലോഗ്ഗ് പരതിയപ്പോള്‍ ശ്രി ചാക്കോ കളരിക്കല്‍ ആണ് പ്രശ്നം ഉണ്ടാക്കിയതെന്ന് മനസ്സിലായി.

പ്രിയ ചാക്കോച്ചന്‍ സാറേ, ഒത്തിരിക്കാലം കൂടി ഒരു മാസം അവധി കിട്ടിയതാ, നാട്ടില്‍ പോയി കറങ്ങി തിരിച്ചു ദുബായിയില്‍ വന്നിട്ട് ഒരാഴ്ച്ചയെ ആയുള്ളൂ. പണ്ട് കുചേലന്‍ കൃഷ്ണനെ കണ്ടിട്ട് മടങ്ങി വന്നപ്പോള്‍ കൂര ഇരുന്നിടത്തു കൊട്ടാരം കണ്ടു എന്ന് പറഞ്ഞത് പോലെയാണല്ലോ കാര്യങ്ങള്‍. എന്‍റെ അറിവില്‍ പണ്ട് ഈ തൊക്കാടാ ബ്ലോഗ്ഗ് വായിക്കാന്‍ പത്തോ മുന്നൂറോ പേര്‍ മാത്രം ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ എഴുതുമായിരുന്നു. ന്യുയോര്‍ക്കില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും തുടര്‍ച്ചയായി ടോര്‍പ്പിടോകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍, പത്തു മൂവായിരം പേര് ദിവസവും കയറി ഇറങ്ങുന്ന ഈ ബ്ലോഗ്ഗില്‍ എന്‍റെ ചുണ്ടന്‍ വേണ്ടാ എന്നൊരു ചിന്ത ഉണ്ടായിരുന്നില്ലെന്നും പറയാനാവില്ല. പക്ഷെ, അതില്‍ ചാക്കോച്ചന്‍ സാറിനോ, മാര്‍ ഉള്ള മെത്രാനോ ഇല്ലാത്ത മെത്രാനോ ഒന്നും ഒരു പങ്കുമില്ല.

ഏതായാലും അത്മായശബ്ദക്കാരെ സമ്മതിക്കണം. ഫെയിസ് ബുക്കില്‍ കേറിയാല്‍ സര്‍വ്വത്ര അത്മായാശബ്ദം, ദുബായിയില്‍ രണ്ടു കത്തോലിക്കര്‍ കൂടിയാലും ചര്‍ച്ച അത്മായശബ്ദം. ഒരു വിരുതന്‍ ഒരിക്കല്‍ പറഞ്ഞ ഒരു കഥ കേട്ടോളൂ. പണ്ടൊരു സന്യാസിയുടെ വീട്ടില്‍ ഒരു കള്ളന്‍ കേറി. സന്യാസി വന്നപ്പോള്‍ ശിക്ഷ്യന്‍ കാര്യം പറഞ്ഞു, സര്‍വ്വതും കൊണ്ടുപോയി എന്ന് കേട്ട സന്യാസി പറഞ്ഞു, “അതിന് ഈ കള്ളന്‍ പോരാ.” സന്യാസി അകത്തേക്ക് ചൂണ്ടിക്കാണിച്ചിട്ട്‌ പറഞ്ഞു, “നോക്ക്, ഇന്നലെ ഞാന്‍ പോയപ്പോഴും ഇപ്പോള്‍ വന്നപ്പോഴും അകത്തു നിലാവുണ്ടല്ലോ” എന്ന്. എന്നാല്‍ ഒരു സീറോ മലബാര്‍ വികാരി അച്ചന്‍ ആശ്രമത്തില്‍ വന്നിരുന്നു എന്ന് സന്യാസി അറിഞ്ഞിരുന്നെങ്കില്‍ അപ്പോഴേ പറഞ്ഞേനെയത്രെ, അയാള്‍ സര്‍വ്വതും കൊണ്ടുപോയിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന്.

നമ്മുടെ സീറോ അച്ചന്മാര്‍ അപൂര്‍വ്വ ദൈവസൃഷ്ടികള്‍ എന്ന് പറയാതെ വയ്യ. പരിണാമ സിദ്ധാന്തം ശരിയെന്നു മാര്‍പ്പാപ്പാ പറഞ്ഞത് തന്നെയാണല്ലോ ഞങ്ങള്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് ഒരു ദിവ്യന്‍ പറയുന്നത് കേട്ടപ്പോള്‍ കാണ്ടാമൃഗത്തിനു നാണം വന്നു കാണണം. സാക്ഷാല്‍ ആദവും ഹവ്വയും ഒപ്പം വന്ന്  ഇത് ശരിയാണെന്ന് പറഞ്ഞാലും ഇവര്‍ സമ്മതിക്കില്ല. കല്യാണം കഴിക്കാതെ ഒരുമിച്ചു താമസിച്ച അവരെ പള്ളിയില്‍ കേറ്റാനും ഇടയില്ല. അവരുടെ വാദം, സ്വര്‍ഗ്ഗരാജ്യം കിട്ടണമെങ്കില്‍ കക്കാന്‍ പഠിക്കണം എന്നാണ്. ഒരു കള്ളനെ മാത്രമല്ലേ കര്‍ത്താവ് കൂടെ കൊണ്ടുപോയത് എന്ന് ചോദിച്ചാല്‍ ആര്‍ക്കാ ഉത്തരം മുട്ടാതിരിക്കുന്നത്? ആരെയൊക്കെയോ മാര്‍പ്പാപ്പാക്കും പേടിയുണ്ടെന്നാണ് എന്‍റെ സംശയം. അല്ലെങ്കില്‍, ഞാന്‍ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കൂടിയേ കാണാന്‍ ഇടയുള്ളൂവെന്ന് അങ്ങേര് പറയാന്‍ കാര്യമില്ലല്ലോ. ഒന്നോര്‍ത്താല്‍ സങ്കടം തോന്നും, എല്ലാ ഇടവകയിലും പോകാന്‍ പറ്റാത്ത മെത്രാന്മാരുടെ എണ്ണം കൂടുകയാണല്ലോ.

വട്ടായി അച്ചനാണെങ്കില്‍ എന്ത് മാത്രം വ്യാകുലപ്പെടുന്നുവെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? ഒരു സത്കര്‍മ്മം ചെയ്ത ഉദാഹരണം പറയാന്‍ ഗോവാ, വിയന്നാ, ലൂര്‍ദ്ദ് മുതലായ സ്ഥലങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കേണ്ട ഗതികേട് ഒന്നോര്‍ത്തു നോക്കിക്കേ? മെത്രാന്മാരെ ന്യായീകരിക്കാന്‍ മനസ്സ് അനുവദിക്കുന്നുമില്ല,  ഇവരോട് ചെവിയില്‍ രണ്ടെണ്ണം പറയാമെന്നു വെച്ചാല്‍, ഈ വര്‍ഗ്ഗം മുട്ടയിടുന്നതും കുമ്പസ്സാരിക്കുന്നതും എവിടാണെന്ന് നിശ്ചയവുമില്ല.

റോമില്‍ ഒരു കുഞ്ഞു ക്യൂരിയാ ഹൌസ് തീര്‍ത്ത് പാല് കാച്ചിയ കാര്യം നാട്ടുകാരോട് ഇയ്യിടെയാണ് പറഞ്ഞത്. അടുത്തു ചെന്നാല്‍ ഒത്തിരി ഒത്തിരി വലുതെന്നും, വിമാനത്തില്‍ നിന്ന് നോക്കിയാല്‍ വളരെ ചെറുതെന്നും തോന്നുന്ന ഈ സാധനത്തിന്‍റെ വെഞ്ചരിപ്പ് മാര്‍പ്പാപ്പായെക്കൊണ്ട് നടത്തിക്കാനിരുന്നതാ. ഇനിയെങ്കിലും ആര്‍ക്കും ഉതപ്പിനു കാരണമാകുന്ന ഒന്നും ചെയ്യരുതെന്ന് നിശ്ചയിച്ച് കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പാ അടുക്കാതിരുന്നതാണോ ചിലരുടെ സമ്മര്‍ദ്ദം കാരണം അടുപ്പിക്കാതിരുന്നതാണോ എന്ന് ഉറപ്പില്ല.

മേജര്‍ സര്‍വ്വ തന്ത്രങ്ങളും പയറ്റിയിട്ടും AKCC രക്ഷപ്പെടുന്നില്ല. ഇനി അടുത്ത വാവിന് മുമ്പ് ആ ചാവേര്‍ സൈന്യത്തിന്‍റെ പേര് KCBC എന്നായാലും ആരും അതിശയിക്കരുത്. തീര്‍ത്തും നിവൃത്തിയില്ലെങ്കില്‍ പണി ഇടുക്കിക്കാരെ ഏല്‍പ്പിക്കാനും സാദ്ധ്യതയുണ്ട്. പുലിവാല്‍ അവിടം കൊണ്ടും തീരുന്നില്ല. അമേരിക്കയില്‍ ദയാവധം നിയമമാകുന്നു, വേറെ ചിലടിത്തു സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കുന്നു... അങ്ങിനെ അങ്ങിനെ പലതും നടക്കുമ്പോള്‍ അതാതു രാജ്യങ്ങളില്‍ അവ പാപമല്ലെന്ന് പറയേണ്ട ഒരു മെത്രാന്‍റെ മനോവിഷമം ഒരത്മായന്‍ ഒരിക്കലും മനസ്സിലാക്കില്ല. നേരത്തെ തന്നെ ഇവിടുത്തെ പാപം അമേരിക്കയില്‍ പാപമല്ലെന്ന് ഒരാക്ഷേപമുണ്ട്. എന്തും വിളിച്ചു പറയാവുന്നതും അത് മുഴുവന്‍ വിഴുങ്ങുന്ന ആളുകള്‍ ഉള്ളതും കേരളത്തില്‍ ആണല്ലോ.

പണ്ടൊക്കെ പത്രങ്ങളില്‍ വരുന്ന ചരമ അറിയിപ്പുകള്‍ ഓര്‍ക്കുന്നുണ്ടോ? അന്ത്യകൂദാശ സുബോധത്തോടെ സ്വീകരിച്ച് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു എന്നെഴുതിപോന്നത്, വെറും നിര്യാതനായി എന്ന് മാറി. അന്ത്യകൂദാശ എന്നത് അപമാനമായോ മണ്ടത്തരമായോ കാണുന്ന പുതു തലമുറയെ പ്രീകാനാ കോഴ്സ് കൊണ്ട് മയക്കാമെന്നു ചിന്തിക്കുന്നവരെപ്പറ്റി എന്ത് പറയാന്‍? അത്മായാ ശബ്ദത്തിന് ബദല്‍ പിടിക്കാന്‍ പണി പലതും അണിയറയില്‍ ഒരുങ്ങുന്നുണ്ട് കേട്ടോ, പറഞ്ഞില്ലെന്നു വേണ്ട. ഈ പേര് ഇടയ ലേഖനത്തില്‍ പറഞ്ഞാല്‍ എല്ലാവരും അതെന്താണെന്ന് നോക്കും, അത് കൊണ്ട് ആ വഴി പോകാന്‍ പറ്റില്ല. സഭയുടെ പേരില്‍ കേസ് കൊടുക്കാമെന്നു വെച്ചാല്‍ നിങ്ങളാണോ സഭയെന്ന് എവന്മാര് ചോദിച്ചെന്നിരിക്കും, അത് കൊണ്ട് അതും പറ്റില്ല. ഇതിലെ വട്ടന്മാരെ മുഴുവന്‍ സംഹരിക്കുന്ന മരുന്നില്ല, കാരണം ഇവന്മാര്‍ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു. സഭാ മക്കളാണെങ്കില്‍ കൌതുക വാര്‍ത്തകള്‍ വായിക്കാന്‍ അതീവതത്പ്പരരും. ഇന്‍റര്‍ നെറ്റില്‍ കൈവിഷം കിട്ടിയാലെന്നപോലെ പരക്കം പായുന്ന സഭാ സന്തതികളെ ഈ അനകോണ്ടായുടെ വായില്‍ നിന്ന് രക്ഷിച്ചാലും മറ്റൊരു അണഗുണ്ടായുടെ അളയിലേക്ക് അവര് വരണമെന്നുമില്ല. പ്രശ്നങ്ങള്‍ ഇത്രയും വഷളാക്കിയതില്‍ ശ്രി ചാക്കോച്ചനും കൂട്ടര്‍ക്കും ഉള്ള പങ്ക് ചെറുതല്ല. അത്മായശബ്ദം ഉണ്ടാകുന്നതിനു മുമ്പ് മലയാളത്തില്‍ അണുബോംബ് പ്രസിദ്ധീകരിച്ച സാറിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

സിറോ മലബാര്‍ കത്തോലിക്കാസഭയുടെ ഗാരണ്ടി പീരിയട് കഴിഞ്ഞെന്നു തോന്നുന്നു. അതല്ലേ, ഉള്ളില്‍ നിന്ന് ഇത്ര വലിയ ചീറ്റലും പൊട്ടലുമൊക്കെ കേള്‍ക്കുന്നത്. ‘കര്‍ത്താവേ, നീ എത്രനാള്‍ ഞങ്ങളില്‍ നിന്ന് മറഞ്ഞിരിക്കും?’  

റോഷന്‍

4 comments:

  1. രോഷന്മോനെ മോന്‍ ജനിച്ച സമയം നല്ലതാണ് ..അസൂയ എനിക്കില്ല കേട്ടോ ..

    ReplyDelete
  2. എനിക്കത്ര വിശ്വാസം പോരാ. അല്ലെങ്കിൽ ഇത്രയും മനോഹരമായ ഒരു പറുദീസാ കിടക്കുമ്പോൾ പുറങ്കടലിൽ ഗൃഹാതുരത്വത്തോടെ നാളുകൾ എണ്ണി നീക്കേണ്ട ഗതികേട് വരുമോ? ഏതായാലും കക്ഷി നമ്മുടെ തകർപ്പൻ ഭാഷ കൂടെക്കൊണ്ടുപോയത്‌ നമുക്കനുഗ്രഹമായി. മാസത്തിലൊന്നെങ്കിലും റോഷനെ കേട്ടില്ലെങ്കിൽ അല്മായശബ്ദം തുറക്കാത്തവർ പോലുമുണ്ടെന്നാണ് കേൾവി.
    theresia.manayath@web.de

    ReplyDelete
  3. Theppori thanne ... enikku assoya undu Mr.Samuel Koodal !!!!!!

    ReplyDelete
  4. ശ്രീമതി മനയത്ത് പറഞ്ഞപോലെ മാസത്തിൽ ഒരിക്കലെങ്കിലും "റോഷനെ കേട്ടില്ലെങ്കിൽ" എനിക്കും ഒരു മനസുഖമില്ല. തന്നെയുമല്ല, എൻറെ ഭാര്യ വിചാരിക്കും എൻറെ വട്ടെല്ലാം തീർന്നെന്ന്. റോഷനെ, വളരെ വളരെ സന്തോഷം.

    ReplyDelete