Translate

Monday, November 3, 2014

"നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ."

ഡോ. ജെയിംസ് കോട്ടൂര്‍ എഴുതിയ MEDICINE OF MERCY, NOT SEVERITY എന്ന അത്മായാ ശബ്ദത്തില്‍ വന്ന ലേഖനം നിരവധി പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നതായി അറിയുന്നു. ഈടുറ്റ ലേഖനങ്ങള്‍ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്ന ശ്രി. ജൊസഫ് മാത്യു (USA)  ഈ ലേഖനത്തിന് എഴുതിയ കുറിപ്പ് ഒരു പ്രത്യേക പോസ്ടായി ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു. എഡിറ്റര്‍
 
നല്ലയൊരു ലേഖനം വായനക്കാർക്കായി കാഴ്ച വെച്ച പണ്ഡിതനായ ഡോ. ജെയിംസ് കോട്ടൂരിനെ അഭിനന്ദിക്കുന്നു.  


കാരുണ്യത്തിന്റെ ദേവനായ യേശു  പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞ ജനക്കൂട്ടത്തോടായി പറഞ്ഞു, "നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ."  നാഥൻ അവളെ സമാധാനിപ്പിച്ച് നന്മയുടെ ശ്രീകോവിൽ തുറന്നു കൊടുത്തു. ഒറ്റുകാരനായ യൂദായ്ക്കും ഗുരുവിനെ നിഷേധിച്ച പീറ്ററിനും അവിടുന്ന് തീന്മേശയിൽ നിന്ന് അപ്പവും പാനം ചെയ്യാൻ വീഞ്ഞും കൊടുത്തു. വലതു ഭാഗത്ത് തറച്ച നല്ല കള്ളനും സ്വർഗരാജ്യത്തിൽ  ഇടം കൊടുത്തു. ചുങ്കക്കാരും വേശ്യകളും കുഷ്ഠ രോഗികളും അവിടുത്തെ കാരുണ്യം ലഭിച്ചവരായിരുന്നു. 


സഭയിന്നു നയിക്കുന്നത് ക്രിസ്തുവിന്റെ തത്ത്വങ്ങളെ ബലികഴിച്ച യാഥാസ്ഥിതിക ലോകത്തിലെ മൂത്തു മുരടിച്ച ബുദ്ധിയും ബോധവും നശിച്ച ഒരു കൂട്ടം കർദ്ദിനാൾമാരും അഭിഷിക്ത ലോകവുമാണ്.  സഭയെ  ഇവർ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നു.  ഇക്കഴിഞ്ഞ മാസം നടന്ന ബിഷപ്പ് സിനഡിൽ സ്വവർഗരതിക്കാരോടും വിവാഹ മോചനം നടത്തിയവരോടും സിനഡിൽ  സംബന്ധിച്ചവർ   അനുഭാവപൂർവമായ ഒരു പരിഗണന കാണിച്ചില്ല. 62 വോട്ടിനെതിരെ 118 വോട്ടിന്  യാഥാസ്ഥിതിക ലോകം  അവരുടെ മധ്യകാല യുഗത്തിലെ പഴഞ്ചനാശയങ്ങൾ നടപ്പിലാക്കിക്കൊണ്ട്   വിജയിച്ചു കഴിഞ്ഞു. സഭയുടെ ആത്മീയ ധാരയിൽ നിന്നും അകത്തി നിർത്തിയ സ്വവർഗക്കാരെ ഫ്രാൻസീസ് മാർപാപ്പാ അനുഭാവപൂർവ്വമാണ് കാണുന്നത്. അവരെപ്പറ്റി ചോദ്യങ്ങൾ വന്നപ്പോൾ ' ഞാൻ ആരാണ് അവരെ വിധിക്കാൻ' എന്നായിരുന്നു മാർപാപ്പായുടെ മറുപടി. അവർക്കും സഭയുടെ വാതായനങ്ങൾ തുറന്നുകൊടുക്കാൻ മാർപാപ്പാ ആഗ്രഹിക്കുന്നു.  

സഭയിന്ന് ജീർണ്ണിച്ചു കൊണ്ടിരിക്കുകയാണ്. സഭയുടെ  ഈ പോക്കിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നാളത്തെ വലിയ തലക്കെട്ടിലുള്ള വാർത്തകളിൽ കത്തോലിക്കാ സഭയുണ്ടാവില്ല. സഭ വിട്ടുപോവുന്ന സ്വവർഗരതികളെയും പുനർവിവാഹം ചെയ്യുന്നവരെയും മടക്കിക്കൊണ്ടുവരാൻ മൂത്തുമുരടിച്ച സഭയുടെ യാഥാസ്ഥിതികരായ പുരോഹിതലോകം അനുവദിക്കില്ല. ഏകാധിപതികൾ ഭരിച്ചിരുന്ന നാടുകളിൽ നിന്നു വന്ന   യാഥാസ്ഥിതികരായ ഒരു പോളീഷ് മാർപാപ്പയും ഒരു ജർമ്മൻ മാർപാപ്പായും സഭ മൊത്തം യാഥാസ്ഥിതികരെക്കൊണ്ട് നിറച്ചിരിക്കുകയാണ്. പൌരാവകാശമെന്നതു  എന്തെന്ന് ഈ മാർപ്പാപ്പാമാർക്ക് അറിയില്ലായിരുന്നു.  ഇന്നത്തെ സഭ  നയിക്കുന്നതും   വില്ലന്മാരായ അതേ യാഥാസ്ഥിതികരുടെ   'ടീ പാർട്ടി'  സിനഡാണ്.  ഇവരുടെ പദ്ധതികൾ മുഴുവൻ ബൈബിളിലെ പ്രാകൃത നിയമം തലയിൽവെച്ച്  'ഷാരിയാനിയമം പോലുള്ള നിയമങ്ങൾ  സഭയിൽ നടപ്പിലാക്കാനാണ്. പ്രാകൃത വചനങ്ങൾ കഷത്തിൽ വെച്ചുകൊണ്ട് സ്വവർഗരതികളെ കല്ലെറിയാനും വേണ്ടിവന്നാൽ ഇവർ തയാറാകും. 

കുടുംബാസൂത്രണ പദ്ധതികളിൽ സഭ കടും പിടുത്തം പിടിക്കുന്നു. ഗർഭ നിരോധക മാർഗങ്ങൾ പിന്തുടരുന്നത്  പാപമെന്നു പറയുന്നു. ഇതൊക്കെ ഏതു വേദ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചുവെന്നു  സഭ വിവരിക്കുന്നില്ല. ഗർഭനിരോധക  മാർഗങ്ങളിൽക്കൂടി ഗർഭച്ഛിദ്രം തടയാൻ സാധിക്കുമെന്ന വിവേകവും യാഥാസ്ഥിതികർക്ക് അറിയേണ്ട ആവശ്യമില്ല. ഏതു ദുർമ്മാർഗിയായ ഭര്ത്താവിന്റെ കൂടെ ജീവിച്ചാലും കൂടുതൽ മക്കളെ ഉത്ഭാദിപ്പിച്ചു സ്ത്രീകൾ ജീവിക്കണം അല്ലെങ്കിൽ അന്യ പുരുഷന്റെ കൂടെ പൊറുക്കുന്ന സ്ത്രീയേയും പുരുഷൻ വഹിച്ചുകൊള്ളണമെന്ന നയമാണ് സഭയ്ക്കുള്ളത്. ഏതു സാഹചര്യത്തിലും   വിവാഹമോചനം പാപമെന്നാണ് സഭയുടെ പഴഞ്ചന്മാർ പഠിപ്പിക്കുന്നത്. അവർക്ക്ദിവ്യകാരുണ്യം പാടില്ല, കള്ളനും കൊലപാതകിയ്ക്കും അനുതപിച്ചാൽ പാപമോചനമുണ്ട്;  ദിവ്യകാരുണ്യവും സ്വീകരിക്കാം. 


സഭയുടെ ഇന്നത്തെ പോക്കിൽ ഫ്രാൻസീസ് മാർപാപ്പാ  നിരാശയുടെ ശബ്ദത്തിൽ സംസാരിക്കുന്നു.  അദ്ദേഹംതന്നെ ഒരിക്കൽ ഞാൻ പാപിയാണെന്ന് വിളിച്ചു പറഞ്ഞു. വചനത്തിലെ അടിസ്ഥാന തത്ത്വങ്ങൾ  മാനിക്കാതെ സഭയിലെ ബ്യൂറോ ക്രസ്സിയും തൊഴുത്തിൽ കുത്തും സഭാ രാഷ്ട്രീയവും അവസാനിപ്പിച്ചില്ലെങ്കിൽ ചീട്ടുകൊട്ടാരം പോലെ സഭ തകർന്നു വീഴുമെന്നും  മാര്പാപ്പാ മുന്നറിയിപ്പു നല്കി. സ്വവർഗ രതിക്കാരെയും വിവാഹമോചനം നടത്തിയവരെയും  സഭയുടെ കുഞ്ഞുങ്ങളായി കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു. സഭയുടെ അധിപനെന്ന നിലയിൽ അവരെ ഉൾക്കൊള്ളാൻ സാധിക്കാത്തതിലുള്ള നിരാശകൊണ്ടായിരിക്കാം അദ്ദേഹം സ്വയം പാപിയെന്ന് എറ്റു പറഞ്ഞത്. "ഞാനിന്ന് കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെയാണെന്നും" മാർപാപ്പാ പറഞ്ഞു.

The author can be contacted at: : jmathew@msn.com

2 comments:

  1. പോപ്‌ ഫ്രാൻസിസിന്റെ നവീകരണാശയങ്ങൾ സഭയിൽ പ്രാബല്യത്തിൽ വരണമെങ്കിൽ, ചർച്ചയ്ക്കുശേഷം അവയ്ക്കു വേണ്ടിയോ എതിരായോ വോട്ടു ചെയ്യുന്നത് മുതുമുതുക്കാൻ കർദിനാളന്മാർ ആയിരിക്കരുത്, മറിച്ച്, സഭയിലെ എല്ലാ പൌരന്മാരുടെയും പ്രതിനിധികളായിരിക്കണം. അടുത്ത സിനഡിന്‌ അല്ലെങ്കിൽ കൌണ്‍സിലിനു മുമ്പ് എല്ലാ രാജ്യങ്ങളിൽനിന്നും ഇത്തരം പ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കണം. മെത്രാന്മാരാണ് സഭ എന്ന പഴഞ്ചൻ വിചാരം മാറാത്തതിനാലാണ് ഇപ്രാവശ്യം പോപ്പിന് ആവശ്യത്തിനു പിൻബലം കിട്ടാതെ പോയത്. ഞങ്ങളാണ് സഭ എന്ന് പല രാജ്യങ്ങളിലെയും വിശ്വാസികൾ പറയാൻ തുടങ്ങിയിട്ട് രണ്ടു ദശാബ്ദങ്ങളെങ്കിലുമായി. ഭാരതം പോലുള്ള രാജ്യങ്ങളിൽ സഭാനേതൃത്വം അത് കേട്ട് തുടങ്ങിയിട്ടുപൊലുമില്ല. സഭയുടെ കാര്യങ്ങളിൽ നിർണായകാഭിപ്രായം പുരോഹിതരുടേതായിരിക്കുവോളം സമൂലമായ മാറ്റങ്ങൾ സംഭവിക്കുക അസാദ്ധ്യം തന്നെയാണ്. കാരണം, അവരുടെയെല്ലാം മനസ്സുകൾ കാനോൻ നിയമങ്ങളിൽ രൂപപ്പെടുത്തിയെടുത്തവയാണ്. സഭക്ക് വേണ്ടത് യേശുനിയമങ്ങളാണ്. ഇക്കാര്യത്തിൽ വേണ്ടത്ര ദീര്ഘവീക്ഷണം പോപ്പിന് ഉണ്ടായില്ല എന്നുവേണം വിലയിരുത്താൻ.

    പുതിയ കർദിനാളന്മാരെ / മെത്രാന്മാരെ നിയമിക്കുന്നെങ്കിൽ അവർ 60 വയസ്സിൽ കുറഞ്ഞവരായിരിക്കട്ടെ. 65 ൽ കവിഞ്ഞവർ നിശ്ചയമായും രാജിവയ്ക്കുകയോ തീരുമാനങ്ങളിൽ വോട്ടില്ലാത്തവർ ആയിത്തീരുകയോ ചെയ്യണം. കണ്ടമാനം ചപ്പും ചവറും വഹിച്ചുകൊണ്ട് ഒരു കപ്പലിനെ നയിക്കാൻ എത്ര മിടുക്കൻ കപ്പിത്താനും സാദ്ധ്യമല്ല. അടിസ്ഥാനപരമായ തീരുമാനങ്ങളിൽ അഭിപ്രായം പറയേണ്ടത് ഇന്നത്തെ ലോകത്തിന്റെ ദുഖങ്ങളും സന്തോഷങ്ങളും സ്വന്തം ജീവിതത്തിൽ അറിയുന്നവർ ആയിരിക്കണം. അല്ലെങ്കിൽ എത്ര സിനഡുകൾ കഴിഞ്ഞാലും വഞ്ചി തിരുനക്കരെ തന്നെ കിടക്കും.

    ReplyDelete
  2. "സ്വവര്‍ഗരതിയും" "പുനര്‍വിവാഹവും" രണ്ടും എന്നും എവിടെയും രണ്ടു വ്യത്യസ്ത തലങ്ങളാണ് ! ഒന്ന് പ്രകൃതിവിരുദ്ധവും രണ്ടാമത്തെതെ സാഹചര്യപ്രേരിതവുമാകുന്നു ! HOMOSEX&ലിസ്ബ്യന്‍ രണ്ടും മനുഷ്യനല്ലാതെ ഒരു ജീവിയും ചെയ്യുന്നില്ല എന്നാണെന്റെ ചെറിയ അറിവ് ! എന്നാല്‍ പുനര്‍വിവാഹം അബ്രഹാം തുടങ്ങി സര്വപിതാക്കന്മാരും ചെയ്തതാണെന്ന് ബൈബിള്‍ സാക്ഷിക്കുന്നു ! ആദാമിനുമാത്രം പറ്റിയില്ലായിരിക്കാം , കാരണം വേറെ ചോയ്സ് അന്നു ഇല്ലായിരുന്നല്ലോ ? സോളമനും അപ്പച്ചനും കൂടി എത്രയെത്ര് സ്രീകളെ പീഡിപ്പിച്ചു ,വിവാഹംകഴിച്ചുഎന്നാരുകണ്ടു ? സത്യവേദപുസ്തകത്തിലെ കണക്കുതന്നെ ഒരുവനെ ഞെട്ടിക്കുമെന്നുറപ്പു! സ്വവര്‍ഗരതിക്കാരോടുള്ള ഈ മുതലക്കണ്ണീര്‍, സ്വവര്‍ഗരതി വെറുപ്പോടെ കാണുന്ന നമുക്കെങ്ങിനെ ഒഴ്ക്കാനാകും?

    ReplyDelete