ജോര്‍ജ് മൂലേച്ചാലില്‍
(ഇനി എന്തു ചെയ്യേണ്ടു എന്നറിയാതെ എല്ലാവരും വിഷമിക്കുന്നു. പെട്ടെന്ന്, ഒരു സന്തോഷവാര്‍ത്ത കണ്ടെത്തി പറയുന്നതുപോലെ, അച്ചന്‍)
അച്ചന്‍ : കര്‍ത്താവേ അങ്ങു സ്ഥാപിച്ച ക്രിസ്തുമതം ഇന്നു ലോകത്തിലെ ഏറ്റവും വലിയ മതമായി മാറിയിരിക്കുന്നു! (യേശു തണുക്കുന്നില്ലെന്നു കണ്ട് അച്ചന്‍ തുടരുന്നു) അങ്ങയുടെ സുവിശേഷം ലോകത്തിന്റെ എല്ലാ കോണുകളിലും കര്‍ത്താവേ, ഞങ്ങളെത്തിച്ചു കഴിഞ്ഞു!
യേശു : (രോഷത്തോടെ) ഒരൊറ്റയാളെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍വേണ്ടി നിങ്ങള്‍ കടലിലും കരയിലും സഞ്ചരിക്കുന്നു. മതപരിവര്‍ത്തനം കഴിഞ്ഞാല്‍, അയാളെ, നിങ്ങളേക്കാള്‍ ഇരട്ടിയായി നരകത്തിന് അര്‍ഹനാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
(അച്ചന്റെ മുഖത്ത് ജാള്യത; പതുക്കെ ജാള്യത മറയ്ക്കുന്നു. തുടര്‍ന്ന്, യേശുവിനെ ഒന്നു പ്രീണിപ്പിച്ചെടുക്കേണ്ടതെങ്ങനെ
അച്ചന്‍ : ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങയുടെ അമ്മയായ ദിവ്യമാതാവിനെ ഞങ്ങള്‍ ത്രിലോക രാജ്ഞിയായി വാഴിച്ചിരിക്കുന്നു!
യേശു : (നിസംഗനായി) ദൈവഹിതം നിറവേറ്റുന്നവരാരോ, അവരാണ് എന്റെ അമ്മയും സഹോദരന്മാരും.
(പറയുന്നതൊന്നും ഫലിക്കുന്നില്ലല്ലോ എന്നും ഇനി എന്താണ് പറയേണ്ടതെന്നുമോര്‍ത്ത് അച്ചന്‍ അല്പസമയം വിഷണ്ണനായി നില്‍ക്കുന്നു. പിന്നെ, പെട്ടെന്ന് ഒരു വെളിവ് വന്നതുപോലെ)
അച്ചന്‍ : (അഭിമാനത്തോടെ) അംബരചുംബികളായ ലക്ഷോപലക്ഷം ദേവാലയങ്ങള്‍, കര്‍ത്താവേ, അങ്ങേയ്ക്കുവേണ്ടി ഞങ്ങള്‍ തീര്‍ത്തു കഴിഞ്ഞു.
യേശു : (പ്രവാചകശക്തിയും രോഷവും സ്ഫുരിക്കുന്ന സ്വരത്തില്‍) അവയൊക്കെയും കല്ലിന്‍മേല്‍ ഒരു കല്ലും ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന ദിനങ്ങള്‍ വരും, എന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
(അച്ചന്‍ മടുത്തതുപോലെ നില്‍ക്കുന്നു. എന്നിട്ട് പുറകോട്ടു തിരിഞ്ഞ്, ''നിങ്ങള്‍ക്കൊന്നും പറയാനില്ലേ?'' എന്ന് ക്ഷോഭത്തോടെ ജനങ്ങളോടു ചോദിക്കുന്നു. ഒരു നിമിഷം എല്ലാവരും ഒന്നു കുഴങ്ങി നില്‍ക്കുന്നു. ഇടയില്‍നിന്ന് ഒരു പ്രമാണി മുന്നോട്ടു കയറി നിന്നിട്ട്)
പ്രമാണി : ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തുന്നത് നമ്മളാണ്, കര്‍ത്താവേ.
മറ്റേ പ്രമാണി : (അതിന്റെ തുടര്‍ച്ചപോലെ) സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിങ്ങനെ എല്ലാ തുറകളും കര്‍ത്താവേ, ഇന്ന് നമ്മുടെ പിടിയിലായിക്കഴിഞ്ഞിരിക്കുന്നു.
യേശു : (എല്ലാവരോടുമായി) ദ്രവ്യാഗ്രഹികളേ, നിങ്ങള്‍ സേവിക്കുന്നത് ദൈവത്തെയല്ല, മാമോനെയാണ്. ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ കഴിയുകയില്ല എന്ന് നിങ്ങളറിയുന്നില്ലേ?
(തങ്ങളെപ്പറ്റി, അമ്പരപ്പിക്കുന്ന ഒരു സത്യം കേട്ടവരെപ്പോലെ ജനം ഒരു നിമിഷം വായ് പൊളിച്ചിരുന്നു പോകുന്നു. അല്പസമയത്തെ ആ സ്തബ്ധതയ്ക്കുശേഷം, ഒരാള്‍)
യേശു : (ദൃഢമെങ്കിലും അനുകമ്പ സ്ഫുരിക്കുന്ന സ്വരത്തില്‍) സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലുംനിന്നു പ്രാര്‍ത്ഥിക്കുവാനാണ് അവര്‍ക്കിഷ്ടം. മറിച്ച്, നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉള്ളറയില്‍ കയറി വാതിലടച്ച് അവിടെ അദൃശനായി വസിക്കുന്ന നിങ്ങളുടെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.
മറ്റൊരാള്‍ : കര്‍ത്താവേ, റോമാ വാഴുന്ന ഞങ്ങളുടെ പരിശുദ്ധ പിതാവ്...
യേശു : (തുടരാന്‍ സമ്മതിക്കാതെ, ഇടയ്ക്കു കയറി) ഭൂമിയില്‍ ഒരു മനുഷ്യനെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം, നിങ്ങള്‍ക്ക് ഒരു പിതാവെയുള്ളൂ. അവര്‍ സ്വര്‍ഗ്ഗസ്ഥനാണ്. നിങ്ങളെല്ലാം സഹോദരന്മാരാണ്.
ഒരാള്‍ : (വികാരഭരിതനായി) എന്റെ കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ എന്റെ അന്ധത നീക്കിക്കളഞ്ഞിരിക്കുന്നു!
മറ്റൊരാള്‍ : (അതിന്റെ തുടര്‍ച്ചയെന്നപോലെ) എന്റെ മനസ്സിന്റെ കുഷ്ഠമൊക്കെയും, കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ കഴുകി കളഞ്ഞിരിക്കുന്നു!
കുറേപ്പേര്‍ : (ഒരുമിച്ച്, അതേ ഭാവത്തില്‍) ഞങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ ഞങ്ങളുടെ കണ്ണുകള്‍ക്ക് പുതിയ തെളിച്ചവും കരങ്ങള്‍ക്ക് പുതിയ പ്രസരിപ്പും നല്‍കിയിരിക്കുന്നു.
യേശു : (അവരോടെല്ലാവരോടുമായി) മുമ്പേതന്നെ എഴുതപ്പെട്ടിരിക്കുന്ന ഈ വചനങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? നിങ്ങളില്‍ ഏറ്റം വലിയവന്‍ ഏറ്റം ചെറിയവനേപ്പോലെയും നായകന്‍ സേവകനെപ്പോലെയും ആകണം.
ഒരാള്‍ : (വികാര വിവശനായി) ഞങ്ങളുടെ കര്‍ത്താവായ യേശുവേ, നീ എത്ര നല്ലവന്‍! ഞങ്ങളുടെ പുരോഹിതന്മാരും മഹാപുരോഹിതന്മാരും ഞങ്ങളെ ഭീരുത്വത്തില്‍ കെട്ടിയിട്ട്, ഞങ്ങളെക്കൊണ്ട് അവരുടെ പാദസേവ ചെയ്യിക്കുന്നു.
മറ്റൊരാള്‍ : കര്‍ത്താവേ, ഞങ്ങള്‍ എന്തുചെയ്യണം? ഞങ്ങളുടെ ഇടയന്മാരെ ഞങ്ങള്‍ അനുസരിക്കുന്നുണ്ടല്ലോ.
യേശു : (ഒരു ആഹ്വാനത്തിന്റെ സ്വരത്തില്‍) കള്ള ഇടയരെയും വ്യാജപ്രവാചകരെയും സൂക്ഷിച്ചുകൊള്ളുക. അവര്‍ ആടിന്റെ വേഷത്തില്‍ നിങ്ങളെ സമീപിക്കും. എന്നാല്‍ അവര്‍ അകത്തു ദുര നിറഞ്ഞ ചെന്നായ്ക്കളാണ്. ഫലങ്ങള്‍കൊണ്ട് അവരെ നിങ്ങള്‍ക്ക് തിരിച്ചറിയാം. (ഒന്നു നിര്‍ത്തിയിട്ട്) എന്റെ ഈ വാക്കുകള്‍ കേട്ടു പ്രവര്‍ത്തിയ്ക്കുന്നവന്‍, പാറമേല്‍ വീടുപണിത ബുദ്ധിമാന് തുല്യനാണ്.
വേറൊരാള്‍ : യേശുവേ, രക്ഷ പ്രാപിക്കുവാന്‍ അനുഷ്ഠാനങ്ങള്‍ ആചരിക്കുകയും സഭാനിയമങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് സഭാധികാരികള്‍ ഞങ്ങളോടു പറയുന്നു. ഞങ്ങളെന്തു ചെയ്യണമെന്നു പറഞ്ഞുതന്നാലും! എന്താണു ഞങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍?
യേശു : (പഠിപ്പിക്കുന്നതുപോലെ) മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക. ഇതത്രെ നിയമവും പ്രവാചകരും.
ഒരാള്‍ : (ഒരു സംശയ നിവൃത്തി വരുത്താനെന്നപോലെ) ഗുരോ! ഇതിനോടു സമാനമായ വചനങ്ങളും പ്രവൃത്തികളും പ്രചരിപ്പിക്കുകയും പിന്തുടരുകയും ചെയ്യുന്ന മറ്റു മനുഷ്യരും ഞങ്ങളുടെ ഇടയിലുണ്ട്. എന്നാല്‍, അവര്‍ അങ്ങയെ അനുഗമിക്കാത്തവരായതുകൊണ്ട്, ഞങ്ങള്‍ അവരോട് എതിര്‍ത്തു നില്‍ക്കുകയാണ്. കര്‍ത്താവേ, ഞങ്ങളുടെ ഈ നിലപാട് ശരിയോ? ഞങ്ങളെന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞുതന്നാലും!
യേശു : അവരെ വിലക്കേണ്ട. കാരണം, നമുക്കെതിരല്ലാത്തവര്‍, നമുക്കുള്ളവരാണ്.
(തുടരും)
No comments:
Post a Comment