Translate

Friday, March 30, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :6


ജോര്‍ജ് മൂലേച്ചാലില്‍

(ഈ നേരമൊക്കെയും, മാറി നില്‍ക്കുന്ന അച്ചനും സില്‍ബന്ധികളും വളരെ അസ്വസ്ഥരായാണ് കാണപ്പെടുന്നത്. ജനങ്ങളും യേശുവുമായുള്ള സംഭാഷണത്തിന്റെ ഓരോ ഘട്ടത്തിലും അത് അധികരിച്ചു വരുന്നുമുണ്ട്. യേശുവിന്റെ ഇക്കഴിഞ്ഞ സംഭാഷണത്തിന്റെ അവസാനമായപ്പോഴേയ്ക്കും സഹിക്ക വയ്യാതെ, അച്ചന്‍ രംഗത്തേയ്ക്ക് വേഗം കടന്നുവരുന്നു.)
ഒരാള്‍ : പക്ഷേ, കര്‍ത്താവേ....
അച്ചന്‍ : (വാചകം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ, അസഹ്യതയോടെ) മതി, മതി! ഇനി നിങ്ങളൊന്നും പറയണ്ടാ. (യേശുവിന്റെ നേരെ തിരിഞ്ഞ്) അങ്ങ് ഈ വിവരദോഷികളുടെ കൂടെ കൂടരുത്. പുരോഹിതരായ ഞങ്ങളാണ്, അങ്ങയുടെ എല്ലാ തിരുവചനങ്ങളും വ്യാഖ്യാനിച്ചു പഠിച്ചിട്ടുള്ളവര്‍.
യേശു : (രോഷത്തോടെ) നിങ്ങള്‍ വിളക്ക് പറയ്ക്കടിയില്‍ വയ്ക്കുന്നു. നിങ്ങള്‍ ദൈവരാജ്യം മനുഷ്യരുടെ മുമ്പില്‍ അടച്ചുകളയുന്നു. നിങ്ങള്‍ അവിടെ പ്രവേശിക്കുന്നില്ല, പ്രവേശിക്കാന്‍ തുനിയുന്നവരെ അതിനനുവദിക്കുന്നുമില്ല.
അച്ചന്‍ : കര്‍ത്താവേ, അങ്ങേയ്ക്കുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ചവരാണ് വൈദികരായ ഞങ്ങള്‍. പരിപൂര്‍ണ്ണരാകുന്നതിനായി വിവാഹജീവിതംപോലും പരിത്യജിച്ചവരാണു ഞങ്ങള്‍.
യേശു : (അനുകമ്പയോടെ) മനുഷ്യരാല്‍ ഷണ്ഡന്മാരാക്കപ്പെടുന്നവരുണ്ട്....(തുടര്‍ന്ന് പ്രബോധനത്തിന്റെ ആധികാരികസ്വരത്തില്‍) പരിപൂര്‍ണ്ണരാകാന്‍ ഇച്ഛിക്കുന്നവര്‍ ഉള്ളതെല്ലാം ദരിദ്രര്‍ക്കു കൊടുക്കട്ടെ...(രോഷത്തോടെ) എന്നാല്‍ നിങ്ങളോ, എന്റെ പിതാവിന്റെ ഭവനം കൊള്ളക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.
(യേശുവിന്റെ പ്രബോധനത്തില്‍ ആവേശഭരിതരായ ജനം, ''ഹിയര്‍ ഹിയര്‍'' എന്ന് ആര്‍ത്തു വിളിച്ചു പോകുന്നു. അച്ചന്‍ അല്പനേരം വല്ലാതെയൊന്നു ചമ്മി നിന്നിട്ട്)
അച്ചന്‍ : (അസഹ്യതയും നിസ്സഹായതയും സ്ഫുരിക്കുന്ന സ്വരത്തില്‍) ഇങ്ങനെ പറയുമ്പോള്‍, കര്‍ത്താവേ, അങ്ങുതന്നെ സ്ഥാപിച്ച സഭയിലെ പുരോഹിതന്മാരെയാണ്, അങ്ങ് അധിക്ഷേപിക്കുന്നത്.
യേശു : (മുഖമടച്ച്, രൂക്ഷമായി) കപടനാട്യക്കാരും കഠിനഹൃദയരുമായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുര്‍വ്വഹമായ ചുമടുകള്‍ കെട്ടുകയും, അവ മനുഷ്യരുടെ ചുമലുകളില്‍ വയ്ക്കുകയും ചെയ്യുന്നു. പക്ഷേ നിയമത്തിലെ കൂടുതല്‍ കനപ്പെട്ട കാര്യങ്ങളായ നീതി, കരുണ, വിശ്വാസം എന്നിവയെ അവഗണിക്കുകയും ചെയ്യുന്നു.
(ഇളകിത്തുടങ്ങിയ ജനങ്ങള്‍ കൂടുതല്‍ ആവേശത്തോടും ആരാധനാഭാവത്തോടുംകൂടി യേശുവിന്റെ അടുത്തേയ്ക്ക് ആര്‍പ്പുവിളികളോടെ അടുക്കുന്നു. അച്ചന്‍, രക്ഷയില്ലെന്നു കണ്ട് വാദപ്രതിവാദത്തില്‍നിന്നും തല്ക്കാലം പിന്തിരിയുന്നു.)
ഒരാള്‍ : (ആവേശത്തോടെ) നീതിമാനായ കര്‍ത്താവേ, നീ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍!
(അച്ചനും അനുചരരും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. അവര്‍ പക്ഷേ, അതു വകവെയ്ക്കുന്നില്ല. കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍നിന്നും പൂര്‍ണ്ണമായി വിട്ടുപോകുന്നു എന്നുമനസ്സിലാക്കിയ അച്ചന്‍ പെട്ടെന്ന് മുമ്പോട്ടു വന്ന് എല്ലാവരെയും അഭിസംബോധന ചെയ്യുന്നു)
അച്ചന്‍ : സഭാസ്‌നേഹികളേ, രാജ്യസ്‌നേഹികളേ, (ആര്‍പ്പുവിളികളുടെ ശബ്ദം അല്പം കുറയുന്നു. അച്ചന്‍ അല്പംകൂടി ഉറക്കെ) സഭാസ്‌നേഹികളെ, രാജ്യസ്‌നേഹികളേ! (ജനം ശ്രദ്ധിക്കുന്നു. അച്ചന്‍ എല്ലാവരെയും ഒന്നവലോകനം ചെയ്യുന്നു. എന്നിട്ട്) ബഹളം കൂട്ടാതെ അടങ്ങിനില്‍ക്കുവിന്‍. (ഒരു താക്കീതിന്റെ സ്വരത്തില്‍ തുടരുന്നു) ഇവിടെയൊരു ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍, സമാധാനപാലനത്തിനായി, പോലീസിനെ വിളിക്കാന്‍, രാജ്യസ്‌നേഹികള്‍ എന്ന നിലയില്‍ (പ്രമാണിമാരും സില്‍ബന്ധികളും തന്റെ കൂടെയുണ്ടെന്നു ഉറപ്പുവരുത്തിയതിനുശേഷം)...അതെ, രാജ്യസ്‌നേഹികള്‍ എന്ന നിലയില്‍, ഞങ്ങള്‍ നിര്‍ബന്ധിതരാകും എന്ന് നിങ്ങളേവരെയും ഞാന്‍ താക്കീതു ചെയ്യുകയാണ്.
യേശു : (മുമ്പു പറഞ്ഞതിന്റെ തുടര്‍ച്ചപോലെ) വേദജ്ഞരേ, കപടനാട്യക്കാരായ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പ്രവാചകര്‍ക്ക് ശവക്കല്ലറകള്‍ നിര്‍മ്മിക്കുന്നു. നിഷ്‌ക്കളങ്കനായ ആബേലിന്റെ രക്തംമുതല്‍, ഭൂമിയില്‍ ചിന്തപ്പെട്ടിട്ടുള്ള എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേല്‍ വന്നു ചേരുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
(തുടരും)

No comments:

Post a Comment