Translate

Tuesday, March 27, 2012

പ്രകാശം തൂകിയ പൈതല്‍

കഴിഞ്ഞ ദിവസം (23.3.2012) ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചപ്പോള്‍ കണ്ട പൈതലിന്റെ ഓര്‍മ്മയാണ് ഇതെഴുതിപ്പിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍, അവള്‍ വല്യച്ഛനെ ചുറ്റിപ്പറ്റി ഓടിനടന്നതേയുള്ളൂ. എന്നാലും മറ്റെല്ലാ പൈതങ്ങളെയും പോലെ അവളും മായാത്ത ഒരു പ്രകാശം എന്റെ മനസ്സില്‍ വിരിച്ചുകൊണ്ടിരുന്നു. അവളുടെ പേര്  ദിയാ. ആ പേരാണ് എന്നെ ഈ വഴിക്ക് തിരിച്ചുവിടുന്നത്. ദിവ്, ദ്യോവ്, ദേവി, ദൈവം എന്നതെല്ലാം പ്രകാശത്തെയും വിശുദ്ധിയെയും ദ്യോതിപ്പിക്കുന്ന ദിവ് എന്ന മൂലത്തില്‍ നിന്നാണല്ലോ. ദിയാ എന്നാല്‍ വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നത് എന്നാണ്. അവള്‍ക്കൊരു കൂട്ടുകാരിയുണ്ട്, ഗൌരി. ഗൌരിയെ രണ്ടര വയസ്സുകാരി ദിയാ വല്യ ഇഷ്ടത്തോടെ വിളിക്കുമ്പോള്‍ ഗവരി (ഗ-വ-രി)എന്നാകും. ഗൌരി തിരിച്ച് ദീ-യാ എന്നുകൂടി നീട്ടി വിളിച്ചാല്‍ പിന്നെ അവിടെല്ലാം നിഷ്കളങ്കതയുടെ പ്രകാശമായി. അതോടേ, മണ്ണും ചിരട്ടയും കടലാസും ഇലകളുമെല്ലാം അവരുടെ തകൃതികളില്‍ പങ്കെടുക്കുന്നു. അവര്‍ തൊടുന്ന എല്ലാ കൊച്ചു സാധനങ്ങളും ആ ശിശുക്കളുടെ ആത്മപ്രകാശത്തില്‍ പങ്കുചേരുന്നു. അവ ജീവനുള്ളവയായിത്തീരുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞുങ്ങളുടെ കളികളെല്ലാം എപ്പോഴും അവരുടെ സ്വന്തമാകുന്നത്. വസ്തുക്കളെ അചേതനങ്ങളായി കാണുന്ന മുതിര്‍ന്നവര്‍ക്ക് അവിടെ പ്രവേശനമില്ല.

കുഞ്ഞുങ്ങള്‍ നിശ്ചയമായും പ്രകാശകിരണങ്ങളാണ്. പക്ഷേ, നാം മറന്നു പോകുന്നത്, അവരുടെ നിഷ്ക്കളങ്കതയിലൂടെ, അവര്‍ തൊടുന്ന എല്ലാ വസ്തുക്കളും പ്രകാശം ചൊരിയുന്നവയായിത്തീരുന്നു എന്ന സത്യമാണ്. സ്ഫുലിംഗം തീപ്പൊരിയാണ്. ഉള്ളതെല്ലാം, ഒരു മണല്‍ത്തരിപോലും, പരാശക്തിയുടെ സ്ഫുലിംഗത്തില്‍ നിന്നുണ്ടായി, അതിന്റെ പ്രചോദനത്തോടെ പരിണമിക്കുന്നതായി അറിയുന്നവര്‍ക്ക് ഇത് മനസ്സിലാക്കാനാവും. അവര്‍ക്ക് എവിടെയും എന്തിലും എപ്പോഴും പ്രകാശമാണ് കാണാന്‍ കഴിയുക. അവയെല്ലാം ആദിസ്ഫുലിംഗത്തിന്റെ നിത്യസ്ഫൂരണത്തിന്റെ (തിളങ്ങല്‍) അടയാളങ്ങളാകുന്നു. സ്ഫൂശബ്ദം വികാസത്തെ, വിടര്ച്ചയെ സൂചിപ്പിക്കുന്നു. എന്നാല്‍, സമയത്തിലൂടെ സ്വാര്‍ത്ഥതയിലേക്ക് സഞ്ചരിക്കുന്ന മനുഷ്യജീവിക്ക് അതിന്റെ ശൈശവത്തിലെ ചൈതന്യം നഷ്ടമാകുന്നു. അങ്ങനെ നഷ്ടപ്പെട്ടുപോയ ചൈതന്യവും ലാളിത്യവും വീണ്ടെടുക്കുക എന്നാണ് 'നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍' എന്ന് പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത്; പ്രകാശത്തിന്റെ വഴിയിലേയ്ക്കു തിരിച്ചുവരിക എന്ന്.

ഇതൊരു രഹസ്യമാണ്, അതായത്, പ്രത്യക്ഷമല്ലാത്ത അറിവ്. എന്നാല്‍, അങ്ങനെയൊന്നുണ്ടെന്നറിയുകയും, അതിനായി കൊതിക്കുകയും, അത് പരിശീലിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്ന വിജ്ഞാനദാഹികള്‍ അത് സുഖദായകമായി അനുഭവിക്കുന്നു. അതിലേയ്ക്ക് സഹായകരമായ താത്ത്വികവിചാരം വളരെ ലളിതമാണ്. ഈ പ്രപഞ്ചത്തില്‍ ഓരോ ഉരുവും വ്യത്യസ്തമാണ്. ഒന്നിനെ അതാക്കി നിലനിര്‍ത്തുന്നതെന്തോ അതാണ് അതിന്റെ പ്രകാശം. കുഞ്ഞുങ്ങളെപ്പോലെ, ഈ പ്രാഥമിക സത്യത്തെ അംഗീകരിക്കുമ്പോള്‍, ഓരോന്നിനും അതിന്റേതായ ശ്രേഷ്ഠത കല്പിച്ചുകൊടുക്കാനും, ഒന്നിനെയും ദുരുപയോഗപ്പെടുത്താതിരിക്കാനും, അതോടൊപ്പം, അവനവനെയും മറ്റാരെയും, ഇല്ലാത്ത പൊരുള്‍ നല്‍കി  പൊലിപ്പിച്ചുകാട്ടാതിരിക്കാനും നാം ശ്രദ്ധാലുക്കളാകും. അങ്ങനെയെങ്കില്‍ നമ്മുടെ ഈശ്വരസങ്കല്‍പം ഏതെങ്കിലും നാമത്തിലോ രൂപത്തിലോ അവതാരത്തിലോ മാത്രമായി ചുരുങ്ങുകയില്ല. കാരണം, എല്ലാറ്റിലും ഒരുപോലെയുള്ള പരമാത്മാവ്‌ ഏതെങ്കിലും ഒന്നില്‍ ഒതുങ്ങുക അസ്സാദ്ധ്യമാണല്ലോ. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുകയും ചെയ്യുക മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.

'അഹമാത്മാ സവ്വഭൂതാശയസ്ഥിത:' എന്ന് ഗീതയില്‍ (4,20). ഈ വാക്യവും അതിന്റെ തുടര്‍ച്ചയായ 'അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച' എന്ന തുടര്പാദവും സി. രാധാകൃഷ്ണന്‍ വ്യക്തമായി ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു:

ജീവനുള്ളവയിലെ ജീവനും വിശ്വജീവനും ഒരേ സത്തയുടെ വിവിധരൂപങ്ങളെന്ന് കരുതാമെങ്കിലും അചേതനങ്ങളെന്നു അറിയപ്പെടുന്നവയില്‍ പരമാത്മാവ്‌ പൊരുളായി ഇരിക്കുന്നതെങ്ങനെ? സജീവം നിര്‍ജീവം എന്നിവയ്ക്കിടയില്‍ സയന്‍സ് കല്‍പ്പിക്കുന്ന വിഭജനരേഖയാണ് ഈ സംശയത്തിനാധാരം. ഇങ്ങനെയൊരു വിഭജനരേഖ വേദാന്തദര്‍ശനത്തില്‍ ഇല്ല. ജീവനില്ലാത്തതൊന്നും പ്രപഞ്ചത്തിലില്ലെന്നാണ് ഗീതാമതം. പഞ്ചഭൂതങ്ങള്‍ സജീവങ്ങളല്ലെങ്കില്‍ അവയില്‍നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എങ്ങനെയുണ്ടാകാന്‍? ഓരോ ഊര്‍ജ്ജതരംഗവും പരമാണുകണവും പ്രവര്‍ത്തിക്കുന്നത് സ്വന്തമായ ബുദ്ധി ഉള്ളതുപോലെയാണ്. ഏറ്റവും ചെറിയ പദാര്‍ത്ഥകണികയും സജീവമാണ് എന്ന് സയന്‍സും സമ്മതിക്കുന്നു. അപ്പോള്‍, താരതമ്യേന വലിയ ക്ഷേത്രങ്ങളെന്ന താല്‍ക്കാലിക കൂട്ടായ്മകളെയാണ് വ്യത്യസ്ത ജീവികളായി നാം കാണുന്നത് എന്ന് മാത്രം.             
(ഗീതാദര്‍ശനം താ. 268-269)

Click here to Reply or Forward




6 comments:

  1. This comment has been removed by the author.

    ReplyDelete
  2. സാക്ക്‌ എന്ന ചിന്തകന്‍ എന്നിലെ ഞാന്‍ ആരെന്നു ചിന്തിക്കുന്നതിനൊപ്പം ആ കുഞ്ഞിനുള്ളിലെ ഞാനും കണ്ടെത്തുവാനുള്ള ദീര്‍ഘയാത്രയിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ നാമും എന്തു സന്തുഷ്ടരായിരുന്നു.ഹൃദയത്തിനുള്ളില്‍ നിഷ്കളങ്കതയും ദയയും ഒന്നുപോലെ തങ്കസ്വരൂപത്തിലായിരുന്നു.

    ഞാന്‍ അന്നു ഇന്നുള്ള ഞാനെക്കാള്‍ ശ്രേഷ്ടമായിരുന്നു. പുറകോട്ടുള്ള യാത്രയില്‍ നിഷ്കപടമായ ആ ഞാനേ കണ്ടെത്തുവാന്‍ പ്രഭോ ഇനി സാധിക്കുമോയെന്നു ഉയരങ്ങളിലേക്ക് ദൃഷ്ടികള്‍ പതിപ്പിച്ചു ചോദിക്കുവാന്‍ തോന്നിപോവുന്നു!!! കുതിച്ചുയരുന്ന ലോകത്തിലേക്ക് ചാടിചാടി മുമ്പോട്ട്‌ കുതിക്കുന്ന ഞാന്‍ എങ്ങനെ പുറകോട്ടുപോയി കുഞ്ഞായിരുന്ന ആ ഞാനേ കണ്ടെത്തും.

    മനസ്സിലാക്കാനാകാത്ത ഞാനായ ആ കുഞ്ഞിന്‍റെ സ്നേഹം അതീതമായ ഇന്നലെകളില്‍നിന്നു എങ്ങനെയെങ്ങനെ തപ്പിപിടിക്കും. വീണ്ടെടുക്കും!!! ഭൌതിക ലോകത്തില്‍ നഷ്ടപ്പെട്ടതൊക്കെ പിടിച്ചെടുക്കുവാന്‍ പടവാളുമായി പടയോട്ടം നടത്തുമ്പോള്‍ ഞാനായ നഷ്ടപ്പെട്ട സ്നേഹം തിരിച്ചു പിടിക്കണമെന്ന് അവിടുന്നു പറയുന്നു. എങ്ങനെ?

    എനിക്കും വേണം ഞാന്‍ എന്ന ആ കുഞ്ഞിന്‍റെ ആസ്ത്യക്യം...ഹൃദയ ഹാരിയായ മനോഹരമായ ആ കുഞ്ഞിന്‍റെ പുഞ്ചിരി. ഉയരങ്ങളില്‍ നിന്നു അവിടുന്നു പറയുന്നു,
    കുഞ്ഞേ നീ സംശയിക്കെണ്ടാ, നിന്‍റെ പ്രതീക്ഷയില്‍ സ്നേഹത്തിങ്കല്‍ ദൈവത്തിങ്കല്‍ ഞാനാകുന്ന നിന്‍റെ അനന്തകാലത്തിലേക്ക് മടക്കി കൊണ്ടുവരാം. വിശ്വസിക്കൂ. അങ്ങനെ മതവും പറയുന്നു.

    നീ ശിശുവായി മടങ്ങി എത്തിയെങ്കില്‍ ഇന്നു മുതല്‍ നിന്‍റെ ആത്മം പരമാത്മാവില്‍ ആയിരിക്കും. മായാപ്രപഞ്ചത്തില്‍നിന്നും നീ മുക്തി നേടിയെന്നും അര്‍ഥം. മായാത്ത തത്വപ്രപഞ്ചത്തില്‍ ജീവിച്ച യേശുഭഗവാനെ സ്തുതിക്കെണ്ടതും അങ്ങനെ തന്നെയല്ലേ.

    ആഗോപരമായ കുഞ്ഞിന്‍റെ കണ്ണുകള്‍ ഇന്നു തന്നിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ കണ്ടെത്തുമായിരുന്നു. നീയെന്ന സത്യം ഞാന്‍ അറിയുമായിരുന്നു. എങ്കില്‍ നിന്നെ തേടി ഇത്ര ദൂരം ഈ വിദൂര യാത്രക്ക് ആവശ്യമില്ലായിരുന്നു.‍ പരിശുദ്ധമായ ഈ സ്നേഹത്തിന്‍റെ ഹൃദയമെന്തെന്നു മൃത്യുവായ ലോകത്തെ ഞാന്‍ ബോധ്യ പ്പെടുത്തുമായിരുന്നു.

    മായാശക്തിയുള്ള ഞാന്‍ എന്ന നഷ്ടപ്പെട്ട കുഞ്ഞിന്‍റെ ദൃഷ്ടികളുണ്ടായിരുന്നുവെങ്കില്‍ പ്രാപഞ്ചിക സുഖത്തിനു‍ അടിമപ്പെടുകയില്ലായിരുന്നു. ജ്വലിക്കുന്ന എന്നിലെ ഹൃദയത്തില്‍ ഞാന്‍ കുഞ്ഞായി വീണ്ടും ജനിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചം മുഴുവന്‍ എന്നിലും അലിയുമായിരുന്നു.

    പരാജയമേറി ഇന്നലെകളുടെ നഷ്ടബോധങ്ങള്‍ വീണ്ടെടുക്കുവാന്‍ പരമാത്മാവിനെ കണ്ടെത്തുവാന്‍ ഞാന്‍ വീണ്ടും നിഷ്കളങ്കതയുടെ കുഞ്ഞാകുവാന്‍ ഇനിയും യുഗങ്ങള്‍ കാത്തിരിക്കണം. ആ സത്യം യേശുവും യേശുവിന്‍റെ വലതുഭാഗത്തു ക്രൂശിച്ച കള്ളനും മാത്രം കണ്ടെത്തി. ഉയര്‍പ്പില്‍ പങ്കെടുത്ത മഗ്ദാലനായും പിതാവിനു തൊട്ടുദൂരത്തുമുണ്ട്‌.

    ReplyDelete
    Replies
    1. മായാശക്തിയുള്ള ഞാന്‍ എന്ന നഷ്ടപ്പെട്ട കുഞ്ഞിന്‍റെ ദൃഷ്ടികളുണ്ടായിരുന്നുവെങ്കില്‍ പ്രാപഞ്ചിക സുഖത്തിനു‍ അടിമപ്പെടുകയില്ലായിരുന്നു. ജ്വലിക്കുന്ന എന്നിലെ ഹൃദയത്തില്‍ ഞാന്‍ കുഞ്ഞായി വീണ്ടും ജനിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചം മുഴുവന്‍ എന്നിലും അലിയുമായിരുന്നു.




      ഞാന്‍ അന്നു ഇന്നുള്ള ഞാനെക്കാള്‍ ശ്രേഷ്ടമായിരുന്നു. പുറകോട്ടുള്ള യാത്രയില്‍ നിഷ്കപടമായ ആ ഞാനേ കണ്ടെത്തുവാന്‍ പ്രഭോ ഇനി സാധിക്കുമോയെന്നു ഉയരങ്ങളിലേക്ക് ദൃഷ്ടികള്‍ പതിപ്പിച്ചു ചോദിക്കുവാന്‍ തോന്നിപോവുന്നു!!! കുതിച്ചുയരുന്ന ലോകത്തിലേക്ക് ചാടിചാടി മുമ്പോട്ട്‌ കുതിക്കുന്ന ഞാന്‍ എങ്ങനെ പുറകോട്ടുപോയി കുഞ്ഞായിരുന്ന ആ ഞാനേ കണ്ടെത്തും.

      =====

      അഥവാ കുതിച്ചുയരുന്ന ലോകത്തിലേക്ക് ചാടിചാടി മുമ്പോട്ട്‌ കുതിക്കാതെ പിറകോട്ടു പോയി ഇത് കണ്ടെത്തിയാല്‍ ഈ ലോക ത്തിലുള്ളബുദ്ധിമാന്മാര്‍ പറയും പറയും , പടന്നംമാക്കല്‍ ഒരു ശുദ്ധമാണ്ടാനാനെന്നു . ലോകം പറയുന്നത് അവഗണിച്ചാലും , ഭാരയും മക്കളും ഇതുതന്നെ പറഞ്ഞാല്‍ തളരാന്‍ സാധ്യതയുണ്ട് . താങ്കള്‍ S.RV NSS SCHOOL -ല്‍നിന്നും പത്താംതരം കഴിഞ്ഞും നാല് വര്‍ഷം കഴിഞ്ഞു , എന്‍റെ അപ്പനും അമ്മയും നോയമ്പ് വീട്ടിയത് , എന്‍റെരൂപത്തില്‍ പിറന്നു വീണതാണെന്നു തോന്നുന്നു ഈ പിപ്പിലാഥന്‍. അതുകൊണ്ട് അറിവിലും ലോകപരിചയത്തിലും താങ്കളുടെ മുന്‍പില്‍ ഞാന്‍ ഇന്നും ഒരു കീടം മാത്രം .

      Delete
  3. ദൈവത്തില്‍ മാനുഷപ്രകൃതി ആരോപിക്കുകയും പ്രീണിപ്പിക്കാനാകുന്ന ഒരു ശക്തിയാണ് പരമാത്മാവ്‌ എന്ന് ധരിക്കുകയും ചെയ്യുക മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍നിന്നുരുത്തിരിയുന്ന സ്വാഭാവികമായ വൈകല്യമാണ്. അതുകൊണ്ടുതന്നെ ദേവാലയകേന്ദ്രീകൃതമായ ആരാധനക്ക് അര്‍ത്ഥം കല്‍പ്പിക്കാന്‍ പ്രയാസമാണ് എന്നും സാന്ദര്‍ഭികമായി പറയേണ്ടിവരുന്നു.
    =====
    അതുകൊണ്ടായിരിക്കാം , യേശുവോ ശിഷ്യരോ ഒരിക്കല്‍പോലും ദേവാലയത്തില്‍ (temple not church ) പ്രാത്ഥിക്കുകയോ ആരാധിക്കുകയോ ചെയ്യാതെ , വേളിമ്പുരങ്ങളിലും , ഏകാന്തതയിലും , വീടുകളിലും ഇതൊക്കെ ചെയ്തത് . ദേവാലയത്തിലും സിനഗോഗിലും ഇവര്‍ വേദം പഠിപ്പിക്കുക ( വേദപാഠം, വേദാഭ്യാസം, വിദ്യാഭ്യാസം , ejurfication , ed(j)ucation ) മാത്രമേ ചെയ്തിട്ടോള്ളൂ. പിന്നെ ദേവാലയത്തില്‍ കാഴ്ച്ചയര്‍പ്പിക്കുന്നതായും കാണുന്നൂ .

    ReplyDelete
  4. സാക്കിന്റെ ചിന്തകള്‍ എന്നെയും വളരെ പിന്നിലേക്ക്‌ കൊണ്ടുപോയി. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പില്‍ പ്രപഞ്ചത്തിലെ എന്തിനും ജിവനുണ്ട്......അവക്കുള്ളത് ജിവന്‍ മാത്രം - അവര്‍ക്ക് മുമ്പില്‍ അവര്‍ കൂടുതല്‍ സ്നേഹിക്കുന്നതും കുറച്ചു സ്നേഹിക്കുന്നതും മാത്രമേയുള്ളൂ. നമ്മുടെ മുന്‍പിലോ? സ്നേഹിക്കുന്നതും വെറുക്കുന്നതും മാത്രം....അവിടെയാണ് പിന്നോട്ട് പോയി അവരെപ്പോലെ ആവണം സ്വര്‍ഗ്ഗരാജ്യത്തില്‍ ചെല്ലണമെങ്കില്‍ എന്ന് യേശു പറഞ്ഞത്. സാക്കിനെക്കാള്‍ ഉത്തുംഗമായ ചിന്തകളും ഇടയ്ക്കിടയ്ക്ക് അല്മായാ ശബ്ദത്തില്‍ ഉയര്‍ന്നു വരാറുണ്ട്. പക്ഷെ അവരൊക്കെ അത്തരം കുഞ്ഞു കുഞ്ഞു ആശയങ്ങളുമായി മല്ലിടാറില്ല.
    സാക് എന്ത് പരിശ്രമിച്ചാലും മറ്റൊന്നവാനും കഴിയില്ല. സാക് പ്രപഞ്ചത്തിന്റെ ഭാഗമാണ്....നാമും അങ്ങിനെ ആവെണ്ടിയിരിക്കുന്നു...

    ReplyDelete