Translate

Saturday, March 17, 2012

സക്കറിയാസ് നെടുങ്കനാലിന്‍റെ തത്വചിന്തകള്‍


By സക്കറിയാസ് നെടുങ്കനാല്‍ 

നിത്യത ചലിക്കുന്നതാണ് സമയം എന്ന് പ്ലേറ്റോ പറഞ്ഞു. ചലിച്ചില്ലെങ്കിലും എന്നുമുണ്ടായിരുന്ന, എന്നും നിലനില്‍ക്കുന്ന അസ്തിത്വബോധമാണ് നിത്യത. (ബോധമില്ലെങ്കില്‍ നിത്യതക്ക് എന്തര്‍ത്ഥം?) ചലിച്ചില്ലെങ്കിലും അതുണ്ട്; പക്ഷേ, നാം ഉണ്ടായിരിക്കണമെന്നില്ല. ശൂന്യതയെ പരമമായ യാഥാര്‍ത്ഥ്യമായും അനന്തതയെ ശൂന്യതയുടെ നാനാവിധത്തിലുള്ള ആവിഷ്കാരമായും കാണാന്‍ ശ്രമിച്ചിരുന്ന ഒരു ഗണിതജ്ഞന്‍ ഇന്ത്യക്കുണ്ടായിരുന്നു: ശ്രീനിവാസ രാമാനുജന്‍. പൂജ്യത്തെ (ഒരു പൌരസ്ത്യ മനസ്സിന് മാത്രം ഭാവനയില്‍ മനനം ചെയ്യാനാവുന്ന, ശൂന്യതയെന്ന പരമമായ യാഥാര്‍ത്ഥ്യം) അനന്തതകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അന്ത്യമില്ലാത്ത സംഖ്യയിലെ ഓരോ അക്കങ്ങളാണ്‌ നാമും സൃഷ്ടിയിലെ ഓരോ കണികയും എന്ന് സാത്വികമായി ചിന്തിക്കാന്‍ അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു.

നമ്മുടെ പൂര്‍വ്വികന്മാരുടെ പൂര്‍വ്വികര്‍ അനുദിനജീവിതത്തിന്റെ പ്രാരാബ്ധങ്ങളില്‍ മുഴുകി ജീവിച്ചു. വെറുതേയിരിക്കാനുള്ള സമയം ലഭ്യമായതോടെ, തന്റെ ഉള്ളിലേയ്ക്ക് നോക്കാനുള്ള ബൌദ്ധികവാസന കുരുത്ത്, പയ്യെ പുഷ്പിച്ചു. ആ ഒളിഞ്ഞുനോട്ടമാണവനെ പ്രപഞ്ചത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ അദ്ഭുതത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. അതായത്, ഈ പ്രപഞ്ചവും ഈ ഞാനും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, ഒരേ പരമാണുക്കള്‍ കൊണ്ടാണെന്ന അറിവ്. ഏതു ഭാവനയെയും വെല്ലുന്നയത്ര വിദൂരതയില്‍ കത്തിജ്വലിക്കുന്ന നക്ഷത്രങ്ങളിലും എന്റെ ശരീരത്തിലും ചലിക്കുന്നത്‌ ഒരേ അണുതന്നെയാണെന്ന സത്യം. അതിസൂക്ഷ്മകണങ്ങളുടെ ഈ മഹാവിസ്തൃതിയില്‍ അതികൃത്യമായ ഊര്‍ജ്ജഭാവങ്ങള്‍ സങ്കലിതമാവുമ്പോഴും വെളിയില്‍ നിന്നുള്ള വീക്ഷണത്തില്‍ അനിശ്ചിതത്വമാണവിടെ ഭരിക്കുന്നതെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ കാഴ്ചപ്പാട്.

ഇതിന്റെ പരിണതിയായിരിക്കാം, ജീവിതത്തെ കൃത്യമായ രീതിസംവിധാനങ്ങളിലൂടെ (methodology) കെട്ടിപ്പടുക്കുക എന്നതിലും സന്തുഷ്ടവും ആരോഗ്യകരവും അതിനെ വരുന്നതുപോലെ സ്വീകരിക്കാനുള്ള തന്റേടവും ശുഭാപ്തിവിശ്വാസവുമാണ് എന്ന കണ്ടെത്തല്‍. Let go of planning and embrace not knowing what will happen. Let go of productivity and be open to new ideas and spontaneous creativity. എന്ത് നേടണം, എവിടെയെത്തണം എന്നൊക്കെ തീരുമാനിച്ചിട്ട്‌ പ്രവര്‍ത്തിക്കുന്നതിലും എത്രയോ സ്വാതന്ത്ര്യവും സന്തുഷ്ടിയും തരുന്നതാണ്, ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യാനാവുന്നതും ചെയ്യുക, ഫലമെന്തുമാകട്ടെ എന്ന കൂസലില്ലായ്മ. അതാണല്ലോ മഹത്തായ ഗീതാദര്‍ശനവും. എല്ലാ സൌന്ദര്യദര്‍ശനത്തിലും ഈ അനിശ്ചിതത്വം അനിവാര്യമാണ്. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവത്തിലും, സംഖ്യകളുടെ സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ രാമാനുജനുണ്ടായിരുന്ന കഴിവ് അനന്യമായിരുന്നു. അശിക്ഷണവും ക്രമരാഹിത്യവും നിലനില്‍ക്കെത്തന്നെ ഗണിതസിദ്ധാന്തങ്ങളുടെ സൌന്ദര്യത്തിലേയ്ക്ക് ചെന്നുപെട്ട വിശിഷ്ട ബുദ്ധികളായിരുന്നു ഐന്‍സ്റ്റയിനും (Albert Einstein) അദ്ദേഹത്തിന്‍റെ മുന്നോടി പ്വാന്‍ഗ്കരെയും (Henri Poincaré). രാമാനുജന്റെ കാര്യത്തിലെന്നപോലെ, ഇവരിരുവരുടെയും ഗണിതചേതനയുടെ ഭാഗമായി, പുതിയ ഗണിതസ്വത്വങ്ങള്‍ അബോധമനസ്സില്‍ ഉരുത്തിരിഞ്ഞ്‌, പ്രത്യക്ഷമനസ്സിലേയ്ക്ക് സംവേദനം നടത്തുകയായിരുന്നു. വിശദാംശങ്ങളെ അവഗണിക്കാനാകുക എന്നതാണ് ഗിരിശൃംഗങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വേണ്ടുന്ന ഒരു മാനസികഘടകം. ഏതാണ്ട് ഈ അര്‍ത്ഥത്തിലായിരിക്കണം ഫ്രീഡ്രിഹ് നീററ്ഷേ (Friedrich Nietzsche) പറഞ്ഞത് : അനിര്‍ണ്ണീത നിലങ്ങളില്‍ നിന്നാണ് നൃത്തം ചെയ്യുന്ന താരങ്ങള്‍ ജനിക്കുന്നത്.

യുവത്വത്തിന്റെ അതിപ്രസരങ്ങളെല്ലാം ശമിച്ച്, പലതും നേടിയശേഷം ജോലിയില്‍നിന്നു വിരമിച്ച്, മനസ്സില്ലാമനസ്സോടെ നാട്ടിലേയ്ക്ക് തിരിക്കുമ്പോഴും, അവിടെ ചെന്നിട്ട്, ഇനിയും, വരുമാനമുള്ള എന്തെങ്കിലും കളിച്ചുവയ്ക്കാന്‍ വെമ്പെല്‍കൊള്ളൂന്ന പല പ്രവാസികളെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ലാത്ത ഒരവസ്ഥയനുമാനിക്കാനേ അവര്‍ക്കാകുന്നില്ല. ഭൌതിക/സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്ത മാനസിക സ്വസ്ഥതയോടെയുള്ള വിശ്രമജീവിതം എന്തോ പാപമാണെന്നതുപോലെയാണ് ഇത്തരക്കാര്‍ പെരുമാറുന്നത്. പണ്ടില്ലാതിരുന്ന, എന്നാല്‍, ഏറ്റവും ക്രിയാത്മകവും അതേ സമയം ശ്രമരഹിതവുമായ സൌന്ദര്യാസ്വാദനത്തിനായി, ഉഴിഞ്ഞുവയ്ക്കാനുള്ള ഒരവസരം കൈവന്നതിന്റെ സന്തോഷം തിരിച്ചറിയാതെപോകുന്നത് എത്ര ദയനീയമാണ്!

ശ്രമരഹിതമായ സൌന്ദര്യാസ്വാദനത്തിന് ഇന്നെന്നെ സഹായിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത്, വെറും നിസ്സാരരായി കാണപ്പെടുന്ന കുറേ ചെറു പ്രാണികളാണ് - അവരില്പ്പെടുന്നു ചെറുതേന്‍ ഉണ്ടാക്കുന്ന ഈച്ചകള്‍. വെറുതേ ഒരു രസത്തിന്, ഒരു കലത്തില്‍ ഞാന്‍ സംഭരിച്ചുവച്ച തേനീച്ചക്കുടുംബം ഇന്ന് ആറായി പെരുകിയിട്ടുണ്ട്. ഈ വിഷയത്തില്‍ വിശേഷിച്ച് ഒന്നുമറിഞ്ഞിട്ടല്ല, ആദ്യത്തെ കൂട്ടത്തെ പകുത്ത് ഞാനൊരു പരീക്ഷണം നടത്തിയത്. ഒരു ചിരട്ടയില്‍ കുറേ മുട്ടകള്‍ മാത്രമാണ് ഏതാനും ഈച്ചകളോടെ ഞാന്‍ മാറ്റിവച്ചത്. ബാക്കി കണക്കുകൂട്ടലുകളെല്ലാം, കൃതകൃത്യതയോടെ പരിശ്രമശാലികളായ ആ മിണ്ടാപ്രാണികള്‍ വളരെ ഭംഗിയായി ചെയ്തു - അനാവശ്യ വിടവുകള്‍ അടക്കുക, കയറിയിറങ്ങാന്‍ ഒരു വളച്ചുവാതിലുണ്ടാക്കുക, രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറര വരെ പൂമ്പൊടി ശേഖരിക്കുക, സശ്രദ്ധം മുട്ട വിരിയിച്ച് പുതിയ ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതെല്ലാം. അക്കൂടെ, നമുക്ക് സൌജന്യമായി എടുത്തുപയോഗിക്കാന്‍ അതിമധുരമായ, ഔഷധഗുണങ്ങള്‍ ഏറെയുള്ള തേനുണ്ടാക്കുകയും! അവരുടെ പോക്കും വരവും, വൈവിധ്യമാര്‍ന്ന ജോലിവിഭജനവുമൊക്കെ കണ്ടുകൊണ്ടിരിക്കുക എത്ര ധന്യമായ സൌന്ദര്യാരാധനയാണ്! ഗണിതത്തിന്റെ സരളതയും സങ്കീര്‍ണ്ണതയും അണുസമാനമായ ഈ ചെറുജീവികളില്‍ സംഗമിക്കുന്നതും അതിവിസ്മയനീയമായ അണുവിസ്ഫോടനങ്ങളിലൂടെ ആകാശഗംഗകള്‍ രൂപംകൊള്ളുന്നതും തമ്മില്‍ എന്തുണ്ട് വ്യത്യാസം?

9 comments:

  1. അക്ഷരങ്ങളുടെ രാജാവായ സാകിന്‍റെ‍ മുമ്പില്‍ തത്വചിന്തകളുമായി വിവാദത്തില്‍ എത്തുവാന്‍ ഞാന്‍ ഒരു പൂജ്യം ആണെന്നറിയാം. നാട്ടില്‍ വന്നപ്പോള്‍ പരിചയപ്പെട്ടെങ്കിലും കുറച്ചുസമയം ഈ ചിന്തകനൊന്നിച്ചു സമയം ചിലവഴിക്കണമെന്നുണ്ടായിരുന്നു, സാധിച്ചില്ല. പ്രകൃതിയും പൂക്കളും ആല്‍ മരങ്ങളും വണ്ടുകളും തേനീച്ചകളും മീനച്ചിലാറും നോക്കി അനന്തമായ

    ശൂന്യത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയിലേക്ക് സഞ്ചരിക്കുവാന്‍ സാക്കിനു മാത്രമേ സാധിക്കുകയുള്ളൂ. തേനീച്ചകളും കൂടും അതിലെ കലാവിരുതുകളും മധുരമായ ഭാഷയില്‍ വിവരിച്ചിരിക്കുന്നു.പണത്തിനു വേണ്ടി നെട്ടോട്ടമോടുന്ന പ്രവാസ്സികള്‍ക്ക് വാര്‍ദ്ധ്യക്യം ബാധിച്ചാലും ജനിച്ചുവീണ ഗ്രാമീണ ഭംഗികളൊക്കെ അവനില്‍ ശൂന്യമായിരിക്കും. ഇവിടെ ശൂന്യത അവന്‍റെ ദൈവമായ മാമ്മോനും.

    കമ്പ്യൂട്ടറിന് ബൈനറിഭാഷയില്‍ പൂജ്യവും ഒന്നും മാത്രമേ മനസ്സിലാവുകയുള്ളു. പൂജ്യം(0) ഇവിടെ ശൂന്യവും ഒന്നു (1) ഇപ്പോഴുള്ളതും. എലക്ട്രിസിറ്റിയുള്ളപ്പോള്‍ ഒന്നും(1) ഇപ്പോഴുള്ളതും എലക്ട്രിസിറ്റി ഇല്ലാത്തപ്പോള്‍ പൂജ്യവും(0) ശൂന്യവും. അങ്ങനെ ദ്വൈതമായി പ്രവര്‍ത്തിക്കുന്നു. പരസ്പര വിരുദ്ധമായി രണ്ടു വഴികളില്‍ക്കൂടി. പ്രപഞ്ചനിയമമാണ് ദ്വൈതം. പൂജ്യവും ഒന്നുമെന്നുള്ള സമചിത്തത പ്രപഞ്ചത്തിനു ആവശ്യവുമാണ്.

    ആത്മീയ ഭാഷയില്‍ പൂജ്യം ദൈവമാണ്.ഒന്നിനെ ഒന്നു കൊണ്ട് അരിച്ചാലും ആയിരത്തിനെ ആയിരം കൊണ്ട് അരിച്ചാലും ഉത്തരം ഒന്നായിരിക്കും. എന്നാല്‍ പൂജ്യത്തിനെ പൂജ്യം കൊണ്ട് അരിച്ചാല്‍ ഉത്തരം അറിയത്തില്ല. രാമാനുജം കൊടുത്ത നിര്‍വചനം അനന്തത (infinity) എന്നായിരുന്നു. രാമാനുജന്‍റെ ഭാഷയില്‍ പൂജ്യം ദൈവവും അനന്തത (Infinity) ദൈവത്തിന്‍റെ ആവിഷ്ക്കരണവുമാണ്. (Manifestation)

    ഗണിതത്തിലെ ഈ അനന്തതയില്‍കൂടി മനുഷ്യന്‍ ആത്മീയത തേടിയുള്ള തീര്‍ഥയാത്രയായി. എത്തപ്പെടാത്ത അനന്തതയിലെവിടെയോ പൂജ്യമായ പരമാത്മാവും.

    പാത്രത്തിലെ അളവില്ലാത്ത മത്സ്യം വിരുന്നിനു വന്ന സകലര്‍ക്കും യേശു വിതരണം ചെയ്തു.ആ പാത്രം അനന്തതയുടെ ഉറവിടമായിരുന്നു. വേദങ്ങള്‍ പറയുന്നത് ഈ പ്രപഞ്ചം മുഴുവന് ‍സൃഷ്ടിച്ചത് ശൂന്യതയില്‍ നിന്നാണ്. ശൂന്യതയാണ് പൂജ്യവും ദൈവവും. ദൈവം പൂജ്യമായി അനാദികാലം മുതല്‍എക്കാലവും പ്രത്യക്ഷമാകാതെ അനന്തതയുടെ ചുറ്റളവില്‍ തന്നെയുണ്ടായിരുന്നു.

    പൂജ്യത്തിനു രൂപങ്ങളില്ല, ഭാവങ്ങളില്ല, പ്രത്യക്ഷമല്ല. (Non Manifestation) എന്നാല്‍ അനന്തതയോ പ്രത്യക്ഷമാണ്. (Manifestation)

    പൂജ്യം കണ്ടുപിടിച്ചത് ഭാരതീയരാണ്‌. പൂജ്യമില്ലായിരുന്നുവെങ്കില്‍ ഇന്നു

    കമ്പ്യൂട്ടര്‍യുഗം കാണുകയില്ലായിരുന്നു. ഭാരതസംസ്ക്കാരത്തെ തിരസ്ക്കരിക്കുന്നവരും നാടിനെ അവമാനിക്കുന്നവരും ഈ ബൈനറി സമചിത്തതമൂലമാണ് ലോകം പുരോഗതിയിലേക്ക് കുതിച്ചുയരുന്നതെന്നും മനസ്സിലാക്കുക. തെക്കേഇന്ത്യയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍ധന കുടുംബത്തില്‍ പിറന്ന രാമാനുജന്‍ ആയിരുന്നു പൂജ്യത്തിനെ പാശ്ചാത്യര്‍ക്ക് വിവരിച്ചു കൊടുത്തത്.

    ReplyDelete
  2. സക്കറിയാസ് നെടുങ്കനാലിന്റെ മനോഹരമായ ചിന്താലോകത്തേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പടന്നമാക്കലിന്റെ അവതരണം ആണ്. ഇത്ര മനോഹരവും ആകര്‍ഷണിയവുമായ ഭാഷ കൈവശമുള്ള അദ്ദേഹം ആ തലത്തില്‍ ന്നിന്നു വൈകാരിക തിഷ്ണതയില്‍ വളരെ താഴേക്കു വിഴുന്നത് പതിവ് കാഴ്ചയാണ് പലപ്പോഴും കാണുക. ഇതെന്റെ ഒരു കാഴ്ചപ്പാടാണ് കേട്ടോ. നല്ല ഭാഷയില്‍ ഏതു കാര്യങ്ങളും മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിവുണ്ട് എന്ന് കാണുന്നത് കൊണ്ടാണ് ഇങ്ങിനെ എഴുതി പോവുന്നത്.

    ReplyDelete
  3. ശ്രീ പടന്നമാക്കലിന്റെ കമന്റിനെ പറ്റി, റോഷന്റെ അഭിപ്രായം തന്നെ ആണ് എനിക്കും ഉള്ളത്. ഞാന്‍ പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് എന്തെ ഇത്രയും നന്നായി മിക്കപ്പോഴും എഴുതാറുള്ള ശ്രീ പടന്നമാക്കല്‍, ചില സമയം വളരെ സില്ലി ആയി പോകുന്നു എന്ന്! പിന്നെ വിചാരിച്ചു, വല്ല മല്ടിപ്പില്‍ പേഴ്സണാലിറ്റി ഉള്ള ആളായിരിക്കുമെന്നു. Multiple personality disorder (MPD) is a psychiatric disorder characterized by having at least one "alter" personality that controls behavior. The "alters" are said to occur spontaneously and involuntarily, and function more or less independently of each other.
    ശ്രീ പടന്നമാക്കലിന്റെ വ്യക്തികളോടുള്ള കാഴ്ചപ്പാടിന്റെ ആംഗിള്‍ ഒന്ന് അല്പം ക്രെമീകരിക്കുകയാനങ്കില്‍, അല്‍മായസബ്ദതിലെ ഏറ്റവും അറിവും പ്രാവീന്യവുമുള്ള എഴുത്ത് കാരനായിട്ടാണ് ശ്രീമാന്‍ പടന്നമാക്കലിനെ പറ്റിയുള്ള എന്റെ എളിയ വിലയിരുത്തല്‍.. !.,.

    അതുപോലെ തന്നെ ബൈബിളില്‍ വളരെ ആഴമായ പാണ്ടിത്യമുള്ള ആളാണ് ശ്രീമാന്‍ പിപ്പിലാഥന്‍ എന്നുമാണ് എന്റെ മറ്റൊരു വിലയിരുത്തല്‍.; അങ്ങേര്‍ക്കു ബൈബിളില്‍ പാന്ദ്യത്യം തന്നെയല്ല, അത് അയാളുടെ രീതിയില്‍ പടിച്ചരിഞ്ഞതിനു ശേഷം, മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്തു കൊടുക്കുന്ന രീതി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദൈവം നിങ്ങളെ രണ്ടു പേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു!

    ReplyDelete
  4. J. padannamakkal is a versatile genius, imbued with critical cognition in almost any topic we Malayalees can focus on. He is an asset to Almayasabdam. It is he, more than any one else, who keeps the blog lively and inspiring. Thanks, friend, for your ubiquitous presence in this group business.

    ReplyDelete
  5. അനാവശ്യമായി സമ്പാതിച്ചു, അതാസ്വതിക്കാതെ ജീവിതം പാഴാക്കുന്ന ജന്മങ്ങളെയും , കണ്മുന്നിലുള്ള പ്രകൃതിയുടെ സൌന്ദര്യം ആസ്വതിക്കാതെ , വികലമായ കൃത്രുമാത്ത്വത്തിന്റെയും കമ്പോളസംസ്കാരത്തിന്റെയും സൌന്ദര്യത്തില്‍ വീണു സ്വയം നഷ്ട്ടബോധം അനുഭവിക്കുന്നവരെയും ഭംഗിയായി വിവരിച്ചിരിക്കുന്നു .എല്ലാവരും നെടുംങ്കനാലിന്റെ ഈ ചിന്തകള്‍ വായിച്ചിരുന്നെങ്കില്‍ . എഴുത്തിന്റെ മറ്റുള്ള ഭാഗങ്ങള്‍ ഇതിനേക്കാള്‍ സ്രെഷ്ട്ടം .

    ഇനി നെടുംങ്കനാല്‍ പറഞ്ഞത് പോലെ തേനീച്ചയും ,ഉറുമ്പും കൂടുണ്ടാക്കുന്നത് കാണുമ്പോള്‍ , സന്തോഷിക്കുന്നത് ആത്മാവാണ് . ആത്മാവിനു ബലമുള്ളവര്‍ക്കെ ഈ സന്തോഷം അനുഭവവേദ്യമാകയോള്ളൂ . ഭോഗ സുഖങ്ങള്‍ ( പണം ,സിനിമ ,മതിരാക്ഷി, മദ്ധ്യം ,പുകയില .....) ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നത് ദേഹവും ,മനസുമാണ് . ഇന്നത്തെ മനുഷ്യന്‍ ദേഹത്തെ തൃപ്തിപ്പെടുത്തുന്ന ആസ്വധനമാണന്വഷിക്കുന്നതും, പണം കൊടുത്ത് ആസ്വദിക്കുന്നതും . അത് താത്കാലികമാണ് താനും .മറിച്ചു ആതമാവിനു കിട്ടുന്ന സന്തോഷം നിലനില്‍ക്കുന്നതോ ,നീണ്ടുനില്‍ക്കുന്നതോ ആണുതാനും.

    നെടുംങ്കനാലുമായി ഒരുവട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും , പടന്നംമാക്കലുമായി സംസാരിക്കാന്‍ അവസരം വന്നിട്ടില്ല . ഇവരില്‍നിന്നും കൂടുതല്‍ ചിന്തകള്‍ ഞങ്ങള്‍ക്ക് കിട്ടട്ടെയെന്നു ആഗ്രഹിക്കുന്നു .

    ReplyDelete
  6. സാക് നെടുങ്കനാല്‍, തോമസ്‌ വടക്കേല്‍, പിപ്പിലാഥന്‍, റോഷന്‍ ഫ്രാന്‍സീസ് ഏവരുടെയും അഭിപ്രായങ്ങളില്‍ അഭിമാനിക്കുന്നു. നന്ദിയുമുണ്ട്. വടക്കേലും റോഷനും സൂചിപ്പിച്ചതുപോലെ വിപിന്ന വ്യക്തിത്വം എനിക്കും അനുഭവപ്പെടാറുണ്ട്. ഉദാഹരണമായി ഒരു തമിഴച്ചന്‍ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടു രാജ്യംവിട്ടു തമിഴ് നാട്ടില്‍ പത്തുവര്‍ഷത്തോളം
    ഒളിവില്‍ കഴിഞ്ഞെന്ന വീഡിയോ കാണുമ്പോള്‍ അറിയാതെ തന്നെ തരം താണുപോവുന്നു. പ്രതികരിക്കുന്നത് മറ്റൊരു ഭാഷയിലുമായിരിക്കും.

    സാക്ക് നെടുങ്കനാലിന്റെ ചിന്തകള്‍ മുഴുവന്‍ സ്വന്തം വീടിനു ചുറ്റും കറങ്ങി സ്വയം സൃഷ്ടിപരമായിരുന്നു. ഞാന്‍ അത്രത്തോളം ഉയര്‍ന്നിട്ടില്ല. കൂടുതലും വിമര്‍ശന വിഷയങ്ങളില്‍ മറ്റുള്ളവരുടെ രചനകള്‍ക്കൊപ്പം എന്തെങ്കിലും കുത്തികുറിക്കുവാനെ സാധിക്കുന്നുള്ളൂ. ചീറ്റലുകളും പൊട്ടലുകളും ഉണ്ടാകും. ആരെയും വിമര്‍ശനബുദ്ധ്യാ അനുകരിക്കുവാന്‍ സാധിക്കും.

    അറിവ് കൂടുതലും പുസ്തകത്തേക്കാള്‍ പ്രായോഗിക ജീവിതത്തില്‍ നിന്നുമാണ് ലഭിക്കുന്നത്. അനുഭവങ്ങളാണ് ചിലപ്പോള്‍ സ്വയം നിയന്ത്രണംവിട്ടു എന്നെ എഴുതുവാന്‍ പ്രേരിപ്പിക്കുന്നതും. ജീവിതത്തില്‍ ഏറിയപങ്കും കത്തോലിക്ക സ്കൂളുകളില്‍ പഠിച്ചതു കൊണ്ടായിരിക്കാം എന്നിലുള്ള അടങ്ങാത്ത
    ചില വിദ്വേഷങ്ങള്‍ അല്‍മായശബ്ദത്തില്‍ക്കൂടി പ്രകടിപ്പിക്കുന്നതും. അക്കാര്യത്തില്‍ പുതിയ തലമുറയിലെ പുരോഹിതര്‍ക്ക് യാതൊരു പങ്കും ഇല്ലെങ്കിലും ഒരു പൊതു തത്വത്തിന്‍റെ പേരില്‍ സംഘടിച്ചിരിക്കുന്ന അല്‍മായശബ്ദത്തോടൊപ്പം ഞാനും പ്രതികരിച്ചേ പറ്റൂ?

    പുരോഹിതര്‍ അന്നും ഇന്നും വീഡിയോവില്‍ കണ്ട ആ തമിഴച്ചനെപ്പോലെ തന്നെ.

    ReplyDelete
  7. ജൊസഫ് പടന്നമാക്കാലിന്റെ വളരെ സൂഷ്മമായ വിശകലനങ്ങളും കാഴ്ചപ്പാടും വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കാറുണ്ട്. ഞാന്‍ അത് വലിയ എഴുത്തുകാരുടെ സൂത്ര ഭാഷയുമായി തട്ടിച്ചു നോക്കിയപ്പോഴാണോ പ്രശനം ഉണ്ടായതെന്നാണ് സംശയം. അത്തരക്കാര്‍ മനോഹരമായ ഭാഷയില്‍ ഏതു വൈകൃതവും ഉദ്ധെശിക്കുന്നതിനേക്കാള്‍ കൂടുതല്‍ അര്‍ത്ഥ വ്യാപ്തിയില്‍ അവതരിപ്പിച്ചു കളയും. എനിക്ക് തോന്നുന്നത് അത്തരം ഒരു സമിപനമാണ് ഇത്തരം പൊതു വേദിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തം എന്നാണു. പടന്നമാക്കല്‍ ഓരോ കാര്യങ്ങളും വളരെ യുക്തിസഹമായി അവതരിപ്പിക്കുന്നു. ഏതു ഭാഷയിലാണെങ്കിലും വായനക്കാര്‍ക്ക് സ്വികാര്യമാണ് താനും. ശ്രി നെടുങ്കനാല്‍ പറഞ്ഞത് വളരെ ശരിയാണ്. ഈ ബ്ലോഗ്‌ ഏറ്റവും സജീവമായി നിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്കു സുപ്രധാനമാണ്‌.. അതുകൊണ്ടാണ് ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ വരുന്നതും.
    നെടുങ്കനാല്‍ പക്ഷെ കൂടുതല്‍ സൂക്ഷിക്കപ്പെടെണ്ട ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തെ പോലെ ആവാന്‍ നമുക്ക് പറ്റില്ല. അദ്ദേഹം സ്വയം കണ്ടെത്തിയോ എന്നാണു എന്റെ സംശയം. അദ്ദേഹം വളരെ ചെറുതാണ് എന്നാണോ കരുതുന്നത് എന്ന് തോന്നിപ്പോവുന്നു. ഇത്തരം 'കണ്ടെത്തുലകളുടെ' അടിയില്‍ ഷേക്സ്പിയര്‍ എന്നോ കാളിദാസന്‍ എന്നോ മറ്റോ ആണ് വെച്ചിരുന്നതെങ്കില്‍ കാണാമായിരുന്നു കളി. അപ്പാടെ വിശ്വസിക്കുന്നവരും കാണില്ല എന്ന് ഉറപ്പില്ല.

    ReplyDelete
  8. എല്ലാ ദിവസവും എഴുതാറുള്ള പടന്നമാക്കലിനെ ഇന്ന് കണ്ടേ ഇല്ല. ശ്രീ പടന്നമാക്കലിനു ഞാന്‍ പോസ്റ്റ്‌ ചെയ്ത കമന്റു വേദനിപ്പിച്ചു എന്ന് തോന്നുന്നു. ക്ഷമിക്കണം കേട്ടോ! ഇത്രയും ധൈര്യമായി എഴുതുന്ന ആളായത് കൊണ്ട് കമ്മന്റ് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് കരുതിയത്‌!..
    കത്തോലിക്കാ സ്കൂളില്‍ പഠിച്ചത് മൂലം ഉണ്ടായ വിദ്വേഷത്തെ പറ്റി മനസ്സിലാക്കാന്‍ സാധിച്ചു. നമ്മെക്കാള്‍ വേദനിക്കുന്നവര്‍ക്ക് നാം ആസ്വാസമാകുമ്പോള്‍, നമ്മുടെ കഷ്ടപ്പാടുകള്‍, വിദ്വേഷങ്ങള്‍, വേദനകള്‍ ഇവയൊക്കെ ഒരു പരിധി വരെ മറക്കാന്‍ നമ്മെ സഹിക്കുന്നു.
    താങ്കളുടെ കമ്മന്റുകലാണ് അല്‍മായസബ്ദതിന്റെ ബാക്ക് ബോണ് എന്ന് തോന്നിപോകുന്നു. താങ്ങള്‍ എഴുതണം. താങ്കളുടെ അറിവ് ലോകത്തിനു പകര്‍ന്നു കൊടുക്കണം. അറിയാവുന്ന എന്തെങ്കിലുമൊക്കെ നന്മ മറ്റുള്ളവര്‍ക്ക് ചെയ്താലേ ജീവിതത്തിനു ഒരു അര്‍ഥം ഉണ്ടാകയുള്ളൂ എന്നാണെന്റെ വിശ്വാസം. എല്ലാ ഭാവുകങ്ങളും നേരുന്നു!!

    ReplyDelete
  9. Administrator, Almaya SabdamMarch 19, 2012 at 3:05 AM

    ജോസഫ്‌ പടന്നമാക്കല്‍ ഒരു തോട്ടാവാടിയാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മുമ്പത്തേക്കാള്‍ ശക്തിയോടെ അദ്ദേഹം ഇവിടെത്തന്നെ ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.

    എന്നിരുന്നാലും അല്മായ ശബ്ദത്തില്‍ പൊതുവേ ഒരു ആലസ്യം കാണുന്നുണ്ട്. Invitation ചോദിച്ചു വാങ്ങിയവരില്‍ ഇതു വരെ ഒരിക്കല്‍ പോലും പോസ്റ്റ്‌ ചെയ്യാത്തവര്‍ നിരവധിയാണ്. സക്കറിയാസിനെയും ചാക്കോ കളരിക്കലിനെയും മുകളില്‍ പറഞ്ഞ ആലസ്യം ചെറുതായി ബാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. പിപ്പിലാദന്‍, തോമസ്‌ വടക്കേല്‍ തുടങ്ങിയ ശക്തമായ തൂലികയുടെ ഉടമകള്‍ Contributors ആകാതെ കമെന്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതും നിര്‍ഭാഗ്യകരമാണ്.

    കമ്പ്യൂട്ടര്‍ സാക്ഷരതയുടെ കുറവ് കൊണ്ട് പലരും മാറി നില്‍ക്കാന്‍ നിര്‍ബന്ധിതരാണ്. അത്തരം കാരണങ്ങള്‍ ഒന്നുമില്ലാത്ത, ഈ ബ്ലോഗിന്റെ ലക്ഷ്യത്തോട് യോജിപ്പുള്ളവര്‍ അല്പം കൂടി താല്പര്യമെടുത്തു സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യകരമായ മാറ്റം വരുത്തുക എന്ന നവീകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശം സഫലമാക്കാന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete