Translate

Tuesday, March 27, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :3


ജോര്‍ജ് മൂലേച്ചാലില്‍

(അല്പം നിറുത്തി, അച്ചന്‍ ചുറ്റുപാടും ആകെയൊന്നു വീക്ഷിക്കുന്നു. എല്ലാവരും, ദൈവഭയത്തോടെ അടങ്ങിനില്‍ക്കുകയാണ്. കുരിശു നല്‍കുവാന്‍ ധൈര്യംവരാതെ ഔസേപ്പും അത് ഏറ്റുവാങ്ങുവാന്‍ ധൈര്യംവരാതെ മറ്റെയാളും ആ ഉദ്യമത്തില്‍നിന്നും സാവധാനം പിന്മാറുന്നു. അച്ചന്‍ തുടരുന്നു)
അച്ചന്‍ : പിശാചിന്റെ പരീക്ഷണങ്ങള്‍ക്കും ഗൂഢതന്ത്രങ്ങള്‍ക്കുമെതിരെ നമുക്കു കുരിശുയര്‍ത്തി നില്‍ക്കാം. എല്ലാവരും തങ്ങളുടെ കൈകളിലെ കുരിശുകള്‍ ഉയര്‍ത്തിപ്പിടിക്കുവിന്‍. (എല്ലാവരും കുരിശുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു.) കര്‍ത്താവില്‍ പ്രിയമുള്ളവരേ, ഈ കുരിശ് നമ്മുടെ രക്ഷയുടെ പ്രതീകം മാത്രമല്ല, രക്ഷ തന്നെയാണ്. അതിനാലാണ് നാം എല്ലാ കവലകളിലും നിവൃത്തിയുണ്ടെങ്കില്‍ ഓരോ വളവിലും തിരിവിലും കുരിശടികളും കുരിശുപള്ളികളും ഉയര്‍ത്തിപ്പണിയുന്നത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു നമുക്കുവേണ്ടി സ്ഥാപിച്ചു തന്നതാണ്, ഈ വിശുദ്ധ കുരിശ് എന്നു നാമോര്‍ക്കണം.
(സദസ്യരില്‍ ഒരാള്‍ ഇടയ്ക്കുകയറി)
ഒരാള്‍ : നമ്മുടെ കര്‍ത്താവിനെ ക്രൂരമായി കൊല്ലാനുപയോഗിച്ച ഈ ഉപകരണമെങ്ങനെയാണച്ചോ വിശുദ്ധമാകുന്നത്? (അച്ചന്‍ ഒരു ഷോക്കേറ്റതുപോലെ തരിച്ചു നിന്നുപോകുന്നു. അയാള്‍ തുടരുന്നു) അല്ലെങ്കിലും, ഈ കുരിശ് കണ്ടുപിടിച്ചു സ്ഥാപിച്ചത് യേശുവല്ലല്ലോ, റോമന്‍ ഭരണാധികാരികളല്ലേ?
(ആള്‍ക്കാര്‍, 'ങ്‌ഹേ! അങ്ങനെയാണോ' എന്ന ഭാവത്തിലും, മറിച്ചും കുശുകുശുക്കുന്നു. പ്രമാണിമാര്‍, 'ഒന്നു മിണ്ടാതിരിക്കിനെടാ' എന്നു പറഞ്ഞ് രംഗം ശാന്തമാക്കാന്‍ നോക്കുന്നു. ക്രമേണ അച്ചന്‍ സമനില വീണ്ടെടുക്കുന്നു. അദ്ദേഹത്തിന്റെ മുഖം അധികാരംകൊണ്ടും ഗൗരവം കൊണ്ടും നിറയുന്നു. മറുത്തു പറഞ്ഞയാളെ രൂക്ഷമായൊന്ന് ഉഴിഞ്ഞുനോക്കിയിട്ട്, മറ്റുള്ളവരോടായി അച്ചന്‍)
അച്ചന്‍ : നമ്മുടെയെല്ലാം മതവികാരം ഇതാ വ്രണപ്പെട്ടിരിക്കുന്നു!
(നിരീക്ഷണഭാവത്തില്‍, അച്ചന്‍ എല്ലാവരെയും ഒന്നവലോകനം ചെയ്യുന്നു. എന്താണ് ഈ അച്ചന്‍ പറയുന്നത്, തങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന ഭാവത്തില്‍ ആള്‍ക്കാര്‍ പിറുപിറുക്കുകയും പരസ്പരം ആംഗ്യം കാണിക്കുകയും ചെയ്യുന്നു. തന്റെ വാക്കുകള്‍ അവരില്‍ വേണ്ടത്ര ഏശിയിട്ടില്ലെന്നു മനസ്സിലാക്കിയ അച്ചന്‍ തുടരുന്നു.)
അച്ചന്‍ : ക്രിസ്തുവില്‍ പ്രിയ വിശ്വാസികളേ, സഭാസ്‌നേഹികളേ! നമ്മുടെ സനാതന വിശ്വാസവും ആധികാരികപഠനവും ഇതാ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
മറ്റൊരാള്‍ : അതിനെന്താണച്ചോ; അതിനു തക്കതായ ഒരു മറുപടി അങ്ങു പറഞ്ഞാല്‍ പോരേ?
അച്ചന്‍ : (പെട്ടെന്ന് ദേഷ്യത്തില്‍) അതല്ലിവിടെ കാര്യം; സഭയുടെ ആധികാരിക പഠനത്തെ ചോദ്യം ചെയ്തു എന്നതാണ്. സഭാസ്‌നേഹികള്‍ക്ക് അതു സഹിക്കാനാവുമോ?
(ആരും ഒന്നും പറയാതെ നിസ്സംഗരായി നില്‍ക്കുന്നതുകണ്ട് ഒരവസാന അടവെന്നതുപോലെ)
അച്ചന്‍ : നിങ്ങളെന്നും ഏറ്റു ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലേ? (ആളുകള്‍ സമ്മതിച്ചു തലകുലുക്കുന്നു. അച്ചന്‍ തുടര്‍ന്നു ചോദിക്കുന്നു.) പരിശുദ്ധ കത്തോലിക്കാസഭയില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലേ? (ആളുകള്‍ വീണ്ടും സമ്മതിച്ചുതലകുലുക്കുന്നു. അച്ചന്‍ ദേഷ്യത്തില്‍ അവരോട്) വെറുതെ തലകുലുക്കാതെ, നിങ്ങളുടെ സത്യവിശ്വാസം നിങ്ങളേറ്റു പറയുവിന്‍.
എല്ലാവരും : (ഏറ്റു പറയുന്നു) ഞങ്ങള്‍ വിശ്വസിക്കുന്നു.
അച്ചന്‍ : പരിശുദ്ധ സിംഹാസനത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
എല്ലാവരും : ഞങ്ങള്‍ വിശ്വസിക്കുന്നു; ഞങ്ങള്‍ വിശ്വസിക്കുന്നു.
അച്ചന്‍ : പരിശുദ്ധ സിംഹാസനത്തിന്റെയും തിരുസഭയുടെയും പഠിപ്പിക്കലുകളില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
എല്ലാവരും : (കൂടുതല്‍ ആവേശത്തോടെ) ഞങ്ങള്‍ വിശ്വസിക്കുന്നു; ഞങ്ങള്‍ വിശ്വസിക്കുന്നു.
അച്ചന്‍ : വിശുദ്ധ കുരിശില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?
എല്ലാവരും : (ഒരു ട്രാന്‍സില്‍ പെട്ടതുപോലെ എല്ലാവരും ആര്‍ത്തു പറയുന്നു) ഞങ്ങള്‍ വിശ്വസിക്കുന്നു; ഞങ്ങള്‍ വിശ്വസിക്കുന്നു.
അച്ചന്‍ : (ആവേശത്തോടെ) സഭാസ്‌നേഹികളേ! നമ്മളെല്ലാവരും വിശ്വസിക്കുന്ന വിശുദ്ധ കുരിശിനെതിരെ ഇവിടെയിതാ ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നു. സഭാതനയരായ നമ്മുടെയെല്ലാം രക്തം തിളച്ചുയരേണ്ട ഒരു സന്ദര്‍ഭമാണിത്. കുരിശിനെതിരെ ആര് എന്ത് പറഞ്ഞാലും അത് ദൈവദൂഷണമാണ്. ('ദൈവദൂഷണം' പറഞ്ഞ ആളെ ചൂണ്ടി മറ്റുള്ളവരോട് അച്ചന്‍ ചോദിക്കുന്നു) ഇയാള്‍ പറഞ്ഞ ദൈവദൂഷണം, നിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയില്ലയോ?
എല്ലാവരും : (പഴയ അതേ ആവേശത്തില്‍) വ്രണപ്പെടുത്തി; ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി.
അച്ചന്‍ : നിങ്ങളുടെ ദൈവികമായ മതവികാരത്താല്‍ നിങ്ങളുടെ രക്തം തിളക്കുന്നില്ലയോ?
എല്ലാവരും : ഞങ്ങളുടെ രക്തം തിളയ്ക്കുന്നു; ഞങ്ങളുടെ രക്തം തിളച്ചുമറിയുന്നു.
(തുടരും)

No comments:

Post a Comment