Translate

Wednesday, March 28, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :4


ജോര്‍ജ് മൂലേച്ചാലില്‍

(എല്ലാവരും 'ദൈവദൂഷക'നെ വെറുപ്പോടും പകയോടും കൂടി നോക്കുന്നു. അയാളുടെ മുഖം ക്രമേണ ഭയംകൊണ്ടു നിറയുന്നു. അയാള്‍ ചുറ്റുപാടും പതറിനോക്കുകയും ഓടി രക്ഷപ്പെടാന്‍ ആയുകയും ചെയ്യുന്നു. അപ്പോഴേയ്ക്കും, 'പിടിയവനെ, പിടിയവനെ' എന്ന് പ്രമാണിമാരുടെ നേതൃത്വത്തില്‍ ജനം ആര്‍ത്തുവിളിക്കുകയും, ചിലര്‍ അയാളെ ഓടിച്ചിട്ടു പിടികൂടുകയും ചെയ്യുന്നു. അവനെ അച്ചന്റെ മുമ്പിലേക്ക് അവര്‍ വലിച്ചിഴച്ചു കൊണ്ടുവരുന്നു. എല്ലാവരും നിശ്ശബ്ദരാകുന്നു)
അച്ചന്‍ : (അയാളുടെ അടുത്തേക്കു നീങ്ങിനിന്ന്, അയാളുടെ നേരെ കൈ ചൂണ്ടി, ഒരു വിധി വാചകം പറയുന്നതുപോലെ) ദൈവദൂഷണം പറഞ്ഞ ഇവന്റെ നാവു മുറിച്ചു കളയുന്നത് ഇവനു നന്നായിരുന്നു.
ജനം : (ആര്‍ത്തു പറയുന്നു) ഇവന്റെ നാവു മുറിച്ചു കളയുക; ഇവന്റെ നാവു മുറിച്ചു കളയുക.
അച്ചന്‍ : ഇവന്റെ നാവു മുറിച്ചു കളയുന്നത് ഇവനു നന്നായിരുന്നു. എങ്കിലും, നമുക്ക് കരുണയുള്ളവരാകാം. നമുക്ക് ഇവന്റെ വായ് മൂടിക്കെട്ടുക മാത്രം ചെയ്യുക.
ജനം : (ആര്‍ത്തു പറയുന്നു) ഇവന്റെ വായ് മൂടിക്കെട്ടുക; ഇവന്റെ വായ് മൂടിക്കെട്ടുക.
(പ്രമാണിമാരുടെ നേതൃത്വത്തിലും അച്ചന്റെ കാര്‍മ്മികത്വത്തിലും വായ് 'മൂടിക്കെട്ടല്‍ കര്‍മ്മം' നടക്കുന്നു. ഈ ക്രിയയ്ക്ക് ശരിക്കും ഒരു മതാനുഷ്ഠാനത്തിന്റെ രൂപം ക്രമേണ കൈവരുന്നു. ജനങ്ങള്‍ ഒരു ട്രാന്‍സില്‍പെട്ടുപോയവരെപ്പോലെ, ഒരു പ്രത്യേക താളത്തില്‍ കുരിശുയര്‍ത്തി ഒരായുധമെന്നതുപാലെ വീശുകയും 'ദൈവദൂഷകര്‍ തുലയട്ടെ' 'വിശുദ്ധ കുരിശ് നമ്മുടെ രക്ഷ' 'വിശുദ്ധ കുരിശ് നീണാള്‍ വാഴട്ടെ' എന്നിങ്ങനെ മുദ്രാവാക്യശൈലിയില്‍ വിളിച്ചുപറയുകയും ചെയ്യുന്നു. അച്ചന്‍ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് കുരിശാകൃതിയിലുള്ള (നെടുകയും കുറുകെയും) ആ കെട്ട് ആശീര്‍വദിക്കാന്‍ ഒരുങ്ങുന്നതോടെ ബഹളം കുറയുകയും എല്ലാവരും ഭക്തിയോടെ ആ ചടങ്ങില്‍ മുഴുകുകയും ചെയ്യുന്നു. അച്ചന്‍ അനുഷ്ഠാനശൈലിയില്‍ ആ കെട്ട് ആശീര്‍വദിക്കുന്നു. കൃത്യം അതേ സമയത്തുതന്നെ 'അയ്യോ' എന്ന ഒരലര്‍ച്ചയോടെ ഔസേപ്പ് കുരിശുമായി മുന്നോട്ടു മറിയുന്നു. 'ങ്‌ഹേ! എന്തു സംഭവിച്ചു?' എന്ന ഒരു ഉദ്വേഗഭാവം എല്ലാവരുടെയും മുഖത്ത് തിങ്ങിനിറയുന്നു. ഒരു നിശ്ചലദൃശ്യമായി രംഗം ഏതാനും സെക്കന്റുകള്‍ അങ്ങനെതന്നെ നില്‍ക്കേ, ഒരു ഭ്രമാത്മകപ്രതീതി സൃഷ്ടിക്കുന്ന തരത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പ്രകാശം രംഗത്ത് മാറിമറിയുന്നു. തുടര്‍ന്ന്, സാധാരണ വെളിച്ചം. അതോടെ നിശ്ചലത തീരുകയും, വീഴ്ചസ്ഥലത്തേയ്ക്ക് എല്ലാവരും ഏതാനും ചുവടുകള്‍ ഓടുകയും ചെയ്യുന്നു. എന്നാല്‍, പെട്ടെന്നൊരു നിമിഷത്തില്‍ എല്ലാവരും അത്ഭുത സ്തബ്ധരായി നിന്നുപോകുന്നു. ആ രംഗവും ഒരു നിശ്ചലദൃശ്യമായി ഏതാനും നിമിഷത്തേക്കു തുടരുന്നു. ഭ്രമാത്മകപ്രതീതി സൃഷ്ടിക്കുന്ന Light effect ആരംഭിക്കുന്നു. ക്രമേണ light- ന്റെ രീതി vibrating light-ലേയ്ക്ക് മാറുന്നു. ആള്‍ക്കാര്‍ അങ്ങനെ അത്ഭുതസ്തബ്ധരായി നോക്കി നില്‍ക്കേ, ക്രൂശിതനാകാന്‍ പോകുന്ന യേശു ഔസേപ്പ് പിടിച്ചിരുന്ന കുരിശുയര്‍ത്തി സാവധാനം എഴുന്നേല്‍ക്കുന്നു. മുഖം ശാന്തഗംഭീരം, ആധികാരികം, കണ്ണുകളില്‍ തളംകെട്ടിയ രോഷം. ഒരു നിമിഷം യേശു അങ്ങനെതന്നെ നില്‍ക്കുന്നു. vibrating light-നിലക്കുകയും ഒരു clear spot light യേശുവില്‍ ഫോക്കസ് ചെയ്യപ്പെടുകയും ചെയ്യുന്നു. ക്രമേണ, രംഗം മുഴുവന്‍ പ്രകാശം വ്യാപിക്കുന്നു. സാധാരണ വെളിച്ചം. വായ് മൂടിക്കെട്ടപ്പെട്ടയാളോ ഔസേപ്പു ചേട്ടനോ ഇപ്പോള്‍ ആ നിലയില്‍ രംഗത്തില്ല. അത്ഭുതത്തില്‍ നിന്ന്, ഒരുറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്ന ജനം 'എന്റെ കര്‍ത്താവേ, എന്റെ കര്‍ത്താവേ' എന്നാര്‍ത്തുകൊണ്ട് യേശുവിന്റെ സമീപത്തേയ്ക്കടുക്കുന്നു. എന്നാല്‍ ധാര്‍മ്മികരോഷവും ആധികാരികതയും നിറഞ്ഞ യേശുവിന്റെ തീക്ഷ്ണമായ നോട്ടം താങ്ങുവാന്‍ കരുത്തില്ലാതെ അവരെല്ലാവരും സാവധാനം പിന്നാക്കം വലിയുകയാണു ചെയ്യുന്നത്. ധൈര്യം സംഭരിച്ചുകൊണ്ട്, അച്ചന്‍ 'എന്റെ കര്‍ത്താവേ, എന്റെ കര്‍ത്താവേ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു' എന്നേറ്റുപറഞ്ഞുകൊണ്ട് ഭയഭക്തികളോടെ കൈകൂപ്പി യേശുവിനെ സമീപിക്കുന്നു)
യേശു : (ഘനഗംഭീരമായ, ആധികാരികത നിഴലിക്കുന്ന സ്വരത്തില്‍) കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവരല്ല, പിതാവിന്റെ ഹിതം നിറവേറ്റുന്നവരാണ് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്.
(അച്ചന്‍ അല്പസമയം ഒന്നു പരുങ്ങി നില്‍ക്കുന്നു. എന്നിട്ട് തിരിഞ്ഞ് എല്ലാവരോടുമായി)
അച്ചന്‍ : കര്‍ത്താവു ക്ഷോഭിച്ചിരിക്കുന്നു. എല്ലാവരും മുട്ടിന്മേല്‍ നിന്ന് ഭക്തിനിര്‍ഭരമായ ഒരു പ്രാര്‍ത്ഥനാഗാനം ആലപിക്കുവിന്‍.
(എല്ലാവരും മുട്ടിന്മേല്‍ നില്ക്കുന്നു. ഇമ്പകരമായ പഴയ ഒരു സ്തുതിഗീതം ആലപിക്കപ്പെടുന്നു. അച്ചന്‍ ഒരു മ്യൂസിക് ഡയറക്ടറെപോലെ നിലയുറപ്പിക്കുകയും, ഗാനം നിയന്ത്രിക്കുന്നതോടൊപ്പം അത് യേശുവിന്റെ മുഖഭാവത്തില്‍ വരുത്തുന്ന ലാഘവത്വമറിയുവാന്‍ അതീവവ്യഗ്രതയോടെ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഗാനത്തിന്റെ ഏതാനും ലൈന്‍ കഴിഞ്ഞപ്പോഴേ ലാഘവത്വത്തിനു പകരം യേശുവിന്റെ മുഖത്ത് അസഹ്യതയാണ് വര്‍ദ്ധിക്കുന്നതെന്നു കണ്ട അച്ചന്‍ മ്യൂസിക് ഡയറക്ടര്‍ സ്റ്റൈലില്‍ത്തന്നെ പാട്ട് ആംഗ്യംകാട്ടി നിര്‍ത്തുന്നു. തുടര്‍ന്ന് അച്ചന്‍ അവരോട,് 'ഈ പഴഞ്ചന്‍ പാട്ടു വേണ്ട. ഒരു കരിസ്മാറ്റിക് ഗാനമാകട്ടെ' എന്നു പറയുകയും പെന്തക്കോസ്തുകാരുടേതുപോലെ ആവേശം ഉറഞ്ഞുതുള്ളുന്ന തരത്തിലുള്ള ഒരു ഗാനം പ്രകമ്പനം കൊള്ളുകയും ചെയ്യുന്നു. യേശുവിന്റെ മുഖം ശ്രദ്ധിച്ചു നില്‍ക്കുന്ന അച്ചന്‍ അല്പം കഴിഞ്ഞ് അതും നിര്‍ത്തുന്നു. ആലോചിച്ച് ഒരു അവസാന പരീക്ഷണമെന്നപോലെ, 'ഒരു കല്‍ദായം നോക്കാം' എന്ന് അച്ചന്‍ നിര്‍ദ്ദേശിക്കുന്നു. അതോടെ പുതിയ റാസക്രമത്തിലെ ഗാനശൈലി ഒഴുകുന്നു. യേശുവിന്റെ മുഖമാകട്ടെ അസഹ്യതകൊണ്ടു നിറയുകയാണ്. ഏതാനും ലൈന്‍ കഴിഞ്ഞ് ഗാനം തുടരുന്നതിനുമുമ്പായി)
യേശു : (ഇടയ്ക്കു കയറി) കപട നാട്യക്കാരേ, നിങ്ങളുടെ അധരങ്ങള്‍കൊണ്ടാണ് നിങ്ങളെന്നെ ബഹുമാനിക്കുന്നത്. എന്നാല്‍, നിങ്ങളുടെ ഹൃദയങ്ങളോ എന്നില്‍നിന്ന് എത്ര അകലെയാണ്! മനുഷ്യരുടെ നിയമങ്ങള്‍ പ്രമാണങ്ങളെന്നനിലയില്‍ നിങ്ങള്‍ പഠിപ്പിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഈ ആരാധനകള്‍ നിഷ്ഫലമാണ്.
(തുടരും)

No comments:

Post a Comment