Translate

Thursday, December 27, 2012

ഒരു മാമ്മൊദീസയും ചില വ്യാകുലചിന്തകളും

ഇന്ന് ഞങ്ങളുടെ കുടുംബത്തില്‍ ഒരു മാമ്മൊദീസയുടെ ആഘോഷമായിരുന്നു. പതിവുപോലെ പള്ളിക്കു വെളിയില്‍ നിറുത്തി കൊച്ചുകുഞ്ഞിനോട് അവനെ പ്രതിനിധീകരിക്കുന്നവര്‍ വഴി അവന്റെ ഉള്ളിലെ ചെകുത്താനെ ഉപേക്ഷിക്കുന്നോ എന്ന് തുടങ്ങുന്ന ചോദ്യങ്ങള്‍ സഭയുടെ പ്രതിപുരുഷന്‍ ചോദിക്കുന്നു. ഉപേക്ഷിക്കുന്നു എന്നവര്‍ തറപ്പിച്ചു പറയുന്നു. എന്നിട്ട്, വെള്ളമൊഴിച്ചും തൈലം തേച്ചും കുഞ്ഞിന്റെ ആത്മശരീരങ്ങളെ 'വിശുദ്ധ'മാക്കിയതിനുശേഷം മാത്രമാണ് അവനെ പരിശുദ്ധിയുടെ ആലയമായ പള്ളിക്കകത്തേയ്ക്ക് കടക്കാന്‍ അനുവദിക്കുന്നത്. പിന്നെ ആ കുഞ്ഞിനോട് ചെയ്യുന്നത് അവനില്‍ പല പിശാശുക്കള്‍ ഇനിയും ബാക്കിയുണ്ടെന്ന തരത്തിലാണ്. ഒരു മണിക്കൂര്‍ നീളുന്ന നിര്‍ബന്ധിത കുര്‍ബാനസമയം മുഴുവന്‍ ആ കുഞ്ഞ് അതിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുക്കാതെ ആവിയെടുത്തും ഉറങ്ങാന്‍ കഴിയാതെയും വിശന്നും കഴിച്ചുകൂട്ടണം. ഇന്ന് കുഞ്ഞു ദാനിയേല്‍ ഒരു നീണ്ട മണിക്കൂര്‍ നിലവിളിയായിരുന്നു. രണ്ടച്ചന്മാര്‍ക്കും ഒരു കരുണയും തോന്നിയില്ല. അവര്‍ നീട്ടി പ്രാര്‍ഥിച്ചും പ്രസംഗിച്ചും അവരുടെ പരിശുദ്ധ കടമ നിറവേറ്റി. കുഞ്ഞിനേയും കൊണ്ട് കുറേനേരം കാറ്റുള്ളിടത്തേയ്ക്ക് മാറിനില്‍ക്കാനോ അമ്മയുടെ കൈയില്‍ നിന്ന് മറ്റാരെങ്കിലും അതിനെ എടുക്കാനോ നിര്‍ദേശിക്കാന്‍ അവരുടെ കാനോന്‍ നിയമം അനുവദിച്ചില്ല!

ഈ പള്ളീലച്ചന്മാര്‍ക്ക് വിവേകം എന്നത് ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇങ്ങനെയൊക്കെ വേണോ? മുതിര്‍ന്നവരെ വച്ച്, ഉദാ. വിവാഹച്ചടങ്ങില്‍ കാണിക്കുമ്പോലെ, ഇവര്‍ എന്തുംചെയ്യട്ടെ. എന്നാല്‍ ഒരു കുരുന്നുകുഞ്ഞ് അത്രയും നേരത്തെ പീഡനം ഏറ്റുവാങ്ങാന്‍ ത്രാണിയില്ലാത്തതാണെന്നു പോലും ഈ വിവരമില്ലാത്തെ അമ്മാച്ചന്മാര്‍ക്ക് എന്തേ തിരിയാത്തത്?

കുഞ്ഞുങ്ങള്‍ പാപത്തോടെ ജനിക്കുന്നു, മാമ്മോദീസാ ലഭിക്കും വരെ അത് പിശാചിന്റെ വരുതിയിലാണ് എന്നൊക്കെ വിശ്വസിക്കാന്മാത്രം ഉമ്മാക്കികളാണോ ഇന്നും ഈ വൈദികരും സഭാമാക്കളും? എങ്കില്‍, ഒരു വയസ്സ് കഴിഞ്ഞ ദാനിയേലിനു മുല കൊടുക്കുമ്പോഴെല്ലാം അമ്മയുടെ കൈയിലിരുന്നത് ഒരു കുട്ടിപ്പിശാച് ആയിരുന്നോ? ഞാനായിരുന്നു തലതൊട്ടപ്പന്‍ എങ്കില്‍ ആദ്യത്തെ ചോദ്യത്തിനു തന്നെ മാമ്മോദീസായുടെ ആവശ്യം തീര്‍ത്ത്‌ കൊടുത്തേനെ. "അതിനു, ഈ പിഞ്ചുകുഞ്ഞില്‍ എവിടെയാ അച്ചാ പിശാച് "എന്ന് തിരിച്ചു ചോദിച്ചാല്‍ അങ്ങേരെന്തു പറയും? എത്ര കിരാതമാണ് ഇന്നും സഭയുടെ ചില വിശ്വാസങ്ങള്‍! പിശാച്ചുബാധ കാരണം പള്ളിക്ക് വെളിയില്‍ നില്‍ക്കേണ്ടിവരുന്ന ഈ കുഞ്ഞിന്റെ സ്ഥാനത്തല്ലേ ദിവസവും കള്ളപ്പിശാചുക്കള്‍ ഇതേ ദേവാലയത്തില്‍ കയറി ദൈവദൂഷണം നടത്തുന്നത്? അവരോടെല്ലാം വികാരി എന്തുകൊണ്ട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല?

എന്തിനധികം പറയുന്നു. സഭ ആയിരത്തഞ്ഞൂറു വര്‍ഷമെങ്കിലും പിന്നിലാണ്. അതിനു കാരണം വിവരം തൊട്ടു തേച്ചിട്ടില്ലാത്ത പുരോഹിതരാണ് എന്നതിന് എന്താ സംശയം?

9 comments:

  1. മാമ്മോദീസയുടെ കൂടെ കുര്‍ബ്ബാന അനാവശ്യം ആണ് ,അതിനു പറയുന്ന കാരണങ്ങള്‍ വിചിത്രവും .പള്ളിക്കുള്ളില്‍ വെച്ച് ഉടുപ്പ് മാറ്റി ഏതു കരയാത്ത കുഞ്ഞിനേയും കരയിച്ചാണ് ഇപ്പൊ ഈ കൂദാശ കൊടുക്കുന്നത് .കൊച്ചു കുഞ്ഞിനു കുര്‍ബ്ബാന സ്വീകരണവും ഉണ്ട് . സീറോ മലബാറില്‍ ജനിച്ചു എന്നത് ആയിരിക്കുമോ ജന്മപാപം ?

    ReplyDelete
    Replies
    1. മാമ്മോദീസാ മുങ്ങുന്ന കുഞ്ഞുങ്ങളെ ഒന്നല്ല രണ്ടു കുര്‍ബാന ചൊല്ലി പീഡിപ്പിക്കണം എന്ന് നാളെ ഇടയലേഖനം വന്നാലും സത്യവിശ്വാസികള്‍ അത് ഒന്നും മിണ്ടാതെ അനുസരിക്കും. അതുങ്ങളുടെ തലച്ചോറെല്ലാം പള്ളിക്ക് പണയം വച്ചിരിക്കുകയാണ്.

      Delete
  2. കടലില്‍ നിന്ന് ഒരു തുള്ളി വെള്ളമെടുത്തിട്ട് അതില്‍ ഉപ്പുണ്ടെന്നു പറയുന്നതുപോലെയെയുള്ളൂ സാക്കിന്‍റെ മാമ്മോദീശാ ചിന്തകള്‍.. . സഭയില്‍ സത്യമായിട്ടെന്തെങ്കിലും ഉണ്ടെങ്കില്‍ അത് യേശു മാത്രം; പക്ഷെ, യേശു പേരിനുപോലുമില്ല താനും. പണ്ട്, ഞങ്ങളെ കൊന്നു രസായനം ഉണ്ടാക്കുന്നുവെന്നു കരിങ്കുരങ്ങുകള്‍ ബ്രഹ്മാവിനോട് പരാതി പറഞ്ഞ ഒരു കഥയുണ്ട്. അന്ന് ബ്രഹ്മാവ്‌ ഒരുറപ്പുകൊടുത്തു, മേലില്‍ അവരുടെ പേര് മാത്രമേ ഇനി മനുഷ്യന്‍ ഉപയോഗിക്കുകയുള്ളൂവെന്നു. അതുപോലുണ്ട് ക്രൈസ്തവ സഭകളും.

    ReplyDelete
    Replies
    1. എന്നാല്‍ അവര്‍ക്കൊക്കെ എത്ര ബുദ്ധിമുട്ടുണ്ടായാലും, റോഷന്‍, ജ്ഞാനസ്നാനം എന്ന വിശുദ്ധ കൂദാശയെക്കുറിച്ച് ഞാനിങ്ങനെയൊക്കെ ചിന്തിക്കുന്നു എന്നറിഞ്ഞാല്‍, എന്റെ കുടുംബാംഗങ്ങളും കുടുംബത്തിലെ തന്നെ അച്ചനും സഹായിയച്ചനും ഒക്കെ പറയും എന്നെ പിശാചു ബാധിച്ചിട്ടുണ്ട് എന്ന്. അതേ സമയം അവര്‍ക്കറിയാം ഏതു പിശാചിന്റെയും കഴുത്തു ഞെരുക്കാനും എനിക്കറിയാം എന്ന്. അല്ലെലൂയ! തങ്ങള്‍ പാപത്തില്‍ ജനിച്ചു, അച്ചന്മാര്‍ ആ പാപം വെഞ്ചരിച്ച വെള്ളംകൊണ്ട് കഴുകിക്കളഞ്ഞു എന്ന് ചിന്തിക്കുന്നതാണ്, പരിശുദ്ധവും നിഷ്ക്കളങ്കവുമായ ജീവനാണ് ദൈവം തങ്ങള്‍ക്കു തന്നതെന്ന് വിചാരിക്കുന്നതിലും അവര്‍ക്ക് സന്തോഷം കൊടുക്കുന്നത്! വീണ്ടും ഒരു പത്ത് അല്ലെലൂയാാാ!

      Delete
  3. മാമ്മൊദീസായുടെ ദൈവസാസ്ത്രത്തില്‍ കുട്ടി കുട്ടിപ്പിശാചാണങ്കിലും ബാലാല്സംഗത്തിലൂടെ ഉദരത്തില്‍ ഉണ്ടാകുന്ന കുട്ടിയും തള്ള മരിക്കുമെന്ന് 100 % ഉറപ്പുണ്ടായിട്ടും അബോര്‍ഷന്‍ നിഷേദിക്കുന്ന ഉദരത്തിലെ കുട്ടിയും അതേ ദൈവസാസ്ത്രത്തില് വിശുദ്ധരുമാണ്!!

    ReplyDelete

  4. സത്യത്തില്‍ എന്തിനാണ് സഭ ഈ അറുപഴഞ്ചന്‍ കെട്ടുകഥകളുടെ പേരില്‍ ഇക്കാലത്തും ഓരോ അനുഷ്ഠാനങ്ങള്‍ മനുഷ്യരെക്കൊണ്ട്‌ ചെയ്യിക്കുന്നത്? അല്പബുദ്ധിയെങ്കിലുമുള്ള ഏതൊരാള്‍ക്കും നന്നായി അറിയാം സ്നേഹമായ ദൈവം നല്കുന്നതെല്ലാം നന്മയായിരിക്കുമെന്ന്. പരിണാമസിദ്ധാന്തത്തില്‍ വിശ്വസിച്ചില്ലെങ്കിലും, യുക്തി ഒരിക്കലും സമ്മതിക്കില്ലാത്ത കാര്യമാണ്, പണ്ടെങ്ങോ ജീവിച്ച ഒരാള്‍ ചെയ്ത 'തെറ്റിനുള്ള' കളങ്കം ആയിരക്കണക്കിനല്ല, കോടിക്കണക്കിനു വര്ഷം ഇപ്പുറത്തുള്ള മക്കള്‍ക്ക്‌ കിട്ടില്ല എന്നത്. യേശുവും അക്കാര്യം തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പറുദീസയിലെ കഥ മനുഷ്യമനസ്സിന്റെ ചാഞ്ചല്യത്തെ സൂചിപ്പിക്കാനുള്ള ഒരുപമ മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്? അതില്‍നിന്ന് ആദിപാപത്തിന്റെ തീയോളജി പോളിന്റെ തലയില്‍ ഉടലെടുത്തതാണ്. അതെപ്പിടിച്ച് ആദിപാപവും അതിന്റെ ഫലമായ ഉത്ഭവകളങ്കവുമൊക്കെ ഒരു വിശ്വാസസത്യമാക്കിയിട്ട് ഈ കാലമെല്ലാം ചെയ്തതുപൊലെ ഇനിയും മനുഷ്യരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്ന സഭാമേധാവിത്വം എത്ര ബാലിശമാണെന്ന് ഓര്‍ത്ത്‌ നോക്കിയാല്‍ തന്നെ നാണിക്കണം. റാറ്റ്സിംഗറെപ്പോലെയുള്ള 'ബുദ്ധിരാക്ഷസര്‍' വന്നിട്ടും, ഇതിലൊന്നും അണുവിട മാറ്റം വേണമെന്ന് ഇവറ്റകള്‍ക്ക് തോന്നാത്തത് വെറും തമാശയല്ല, അസ്സല്‍ കിറുക്ക് തന്നെയല്ലേ?

    ReplyDelete
    Replies
    1. കിറുക്കോ ബുദ്ധിയില്ലായ്മയെന്നോ ഒന്നുമല്ല ഇത്. ഈവക വിശ്വാസങ്ങളാണ് യേശുവിന്റെ ഉദ്‌ബോധനങ്ങളുടെ കാതല്‍ എന്നു തെറ്റിദ്ധരിപ്പിച്ച് കുഞ്ഞാടുകളെ കാല്ക്കീഴവില്‍ നിര്‍ത്തുന്നതിലൂടെയല്ലാതെ സ്വന്തം ചൂഷണം തുടരാനാവില്ല എന്ന ബോധ്യമാണിതിന്റെ പിന്നിലുള്ളത്. മന്ദബുദ്ധികളെ ചൂഷണംചെയ്യാന്‍ ഏറ്റവും സൗകര്യപ്രദം അന്ധവിശ്വാസങ്ങളാണ് എന്ന ബോധ്യത്തോടെയുള്ള ഈവക വിശ്വാസ പ്രചാരണങ്ങളെ വക്രബുദ്ധിയെന്നേ വിളിക്കാവൂ.

      Delete
  5. പ്രകാശത്തിന്റെ രഹസ്യം ശൂന്യാകാശത്ത് നിന്ന് വന്നു .വിശ്വാസികള്‍ തൊണ്ട തൊടാതെ വിഴുങ്ങി ഇനി ഏതെങ്കിലും ദൈവശാസ്ത്രഞ്ജന്‍ പുതിയ കൂദാശ കണ്ടു പിടിക്കുമോ ? (ദൈവശാസ്ത്രഞ്ജന്‍ = ദൈവശാസ്ത്രത്തില്‍ അഞ്ജന്‍ )

    ReplyDelete
  6. "എന്നാല്‍ ഒരു കുരുന്നുകുഞ്ഞ് അത്രയും നേരത്തെ പീഡനം ഏറ്റുവാങ്ങാന്‍ ത്രാണിയില്ലാത്തതാണെന്നു പോലും ഈ വിവരമില്ലാത്തെ അമ്മാച്ചന്മാര്‍ക്ക് എന്തേ തിരിയാത്തത്?"

    സ്വന്തമായി കുഞ്ഞുങ്ങള്‍ ഇല്ലാത്തത് തന്നെ കാരണം!

    ReplyDelete