Translate

Friday, December 28, 2012

മോണിക്കാമ്മതന്നെ മുന്നില്‍ നില്ക്കണം


അല്മായശബ്ദമോ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലോ ഏകശിലാരൂപികളായ പ്രസ്ഥാനങ്ങളല്ല. അല്മായശബ്ദത്തില്‍ എഴുതുന്നവര്‍ രും അവരുടെ വ്യക്തിത്വവും കാഴ്ചപ്പാടും ബലികൊടുത്തശേഷമല്ല ഇതില്‍ എഴുതുന്നത്. കേരളകത്തോലിക്കാസഭാനവീകരണം എന്ന ലക്ഷ്യം മാത്രമേ ഏവര്‍ക്കും പൊതുവായുള്ളൂ. അതെങ്ങനെ വേണം എന്നതിനെ സംബന്ധിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് അതു ചര്‍ച്ചചെയ്യാനുള്ള ഒരു വേദിമാത്രമാണ് അല്മായശബ്ദം. ഉദാഹരണത്തിന് അല്മായശബ്ദത്തില്‍ ഒരു പോസ്റ്റില്‍ പഴയനിയമത്തിലെ പ്രതികാരദൈവമാണ് കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് എഴുതിക്കണ്ടു. അതെഴുതിയത് നമ്മുടെ ഒരു പ്രമുഖ എഴുത്തുകാരനാണെങ്കിലും പ്രായോഗികബുദ്ധിവച്ചുതന്നെ അവഗണിക്കേണ്ട ഒരു നിര്‍ദേശമാണത്. മഹാത്മാഗാന്ധിയിലൂടെയും മണ്ഡേലയിലൂടെയും മാര്‍ട്ടിന്‍ലൂതര്‍കിങ്ങിലൂടെയുമെല്ലാം വിജയം നേടിയത് ബുദ്ധനും ക്രിസ്തുവും ആണെന്നു പറയണം. ഇവരെല്ലാം ഹിംസാത്മകമായ പ്രതികരണങ്ങള്‍ ഒരിക്കലും ശാശ്വതപരിഹാരമുണ്ടാക്കുകയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയവരായിരുന്നു. ലോകമഹായുദ്ധങ്ങളില്‍ വിജയിച്ച സാമ്രാജ്യങ്ങള്‍ പലതും തകര്‍ന്നത് ഹിംസയിലൂടെയാണ്. മോണിക്കായുടെ പ്രശ്‌നത്തില്‍ അവര്‍ അക്കാമ്മ ചെറിയാന്റെ മാതൃക പിന്തുടരുകയും നാം അവരുടെ പിന്നില്‍ അണിനിരക്കുകയുമാണ് വേണ്ടത്. 

ഈ ബ്ലോഗിനും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനും വ്യക്തമായ നിലപാടുണ്ടെങ്കിലും സഭ നവീകരിക്കപ്പെടേണ്ടതില്ല എന്നു കരുതുന്നവര്‍ക്കുപോലും സ്വന്തം വിലാസം വെളിപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇവിടെ ഇടമുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്റെ ഉദ്‌ബോധനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയുടെയും മൂല്യവിവക്ഷയിലും സാമൂഹികജീവിതത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉളവാകണമെന്നുള്ള ഉറച്ചുവിശ്വാസമാണ് നമ്മെ നയിക്കേണ്ടത് എന്ന് നാം ഊന്നിപ്പറയേണ്ടതുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവപരിപാലനയിലും അയല്‍ക്കാരനോടുള്ള സ്‌നേഹത്തിലും അധിഷ്ഠിതമായ ശുഭാപ്തിവിശ്വാസം. ഈ വിശ്വാസമുള്ളവര്‍ സത്യധര്‍മ്മങ്ങള്‍ക്കു വിരുദ്ധമായ രാഷ്ട്രീയതന്ത്രങ്ങളൊന്നും സ്വന്തം ലക്ഷ്യം നേടാനായി സ്വീകരിക്കേണ്ടതില്ല. എന്നാല്‍ കുഴിയില്‍ വീഴ്ത്താന്‍ പലരും പല പല കുതന്ത്രങ്ങളുമായി വഴിയിലുണ്ട്. അതിനാല്‍ ആരെല്ലാം എങ്ങനെയെല്ലാം വഴിയില്‍ വിഘ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട് എന്നുകാണാനുള്ള സൂക്ഷ്മദൃഷ്ടിയും കുശാഗ്രബുദ്ധിയും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
 

നമ്മുടെ പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറിക്കൊണ്ടായിരിക്കും അവര്‍ നമ്മെ തോല്പിക്കാന്‍ ശ്രമിക്കുക. ഇവിടെ കരിസ്മാറ്റിക് പ്രസ്ഥാനത്തിനു സംഭവിച്ച വിപര്യയം എന്നും ഒരു വലിയ പാഠമായി നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. കരിസ്മാറ്റിക്ക് നവീകരണപ്രസ്ഥാനം സഭാധികാരത്തിന് ഒരു വെല്ലുവിളിയായി തോന്നിയിരുന്ന ആദ്യദശകങ്ങളില്‍ സഭാധികാരം അതിനെ എങ്ങനെയെല്ലാം എതിര്‍ത്തിരുന്നു എന്ന് നാം പലരും ഇന്നു മറന്നുപോയിരിക്കുന്നു. ഇന്നിപ്പോള്‍ പൗരോഹിത്യത്തിനു സ്തുതിപാടുന്നവരെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സഭാധികാരം ആ പ്രസ്ഥാനത്തെ കയ്യിലെടുത്തിരിക്കുകയാണ്. പുതിയനിയമത്തിനു വിരുദ്ധമാണ് പൗരോഹിത്യം എന്നു നമുക്ക് ഉത്തമബോധ്യമുള്ളതും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം നല്കിക്കൊണ്ടു പ്രസ്ഥാനങ്ങളെ പിളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ നമ്മെ ഏശുകയില്ല എന്നതുമാണ് നമുക്കെതിര്‍നില്ക്കുന്നവര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
 

അക്കാമ്മ ചെറിയാന്റെ മാതൃകയാണ് കാഞ്ഞിരപ്പള്ളിയില്‍ നാം പിന്തുടരേണ്ടത്. ആ സമരത്തിനുണ്ടായ വിജയംതന്നെ നമുക്കും ഉണ്ടാകും എന്ന ശുഭാപ്തിവിശ്വാസത്തോടെ നമുക്കു മുന്നേറാം. ആദ്യം പരാമര്‍ശിച്ച കാഞ്ഞിരപ്പള്ളിയില്‍ പഴയനിയമത്തിലെ പ്രതികാരത്തിന്റെ ദൈവമാണ് പ്രവര്‍ത്തിക്കേണ്ടത് എന്നു പറയുന്ന പോസ്റ്റില്‍ത്തന്ന അക്കാമ്മചെറിയാന്‍ നയിച്ച സമരത്തെപ്പറ്റിയെഴുതിയിരിക്കുന്നത് ഉദ്ധരിക്കട്ടെ:

1947 സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ്, അനന്തപുരിയൊന്നാകെ രാജാവിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. പാളയം മുതല്‍ തമ്പാന്നൂര്‍വരെയും അവിടെനിന്നു കിഴക്കേകോട്ടവരെയും സര്‍സീപ്പിയുടെ കിരാത നേതൃത്വത്തില്‍ കുതിരപ്പട്ടാളം നിരനിരയായി ഉണ്ട്. പെട്ടെന്നാണ് തമ്പാന്നൂരില്‍ ഗാന്ധിതോപ്പി ധരിച്ച ആയിരങ്ങള്‍ പ്രത്യക്ഷമായത്. അവരുടെ മുമ്പില്‍ ഒരു തുറന്ന വണ്ടിയില്‍ ചട്ടയും മുണ്ടും നേര്യതുമിട്ടു ഗാന്ധി തൊപ്പിയും ധരിച്ചു ഒരു ധീര വനിതയുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളിക്കാരത്തി അക്കാമ്മ ചെറിയാനായിരുന്നു ധീര ധീരയായി അന്നത്തെ ജനത്തെ നയിച്ച ആ നേതാവ്. സ്വാതന്ത്ര്യത്തിനുള്ള ദാഹത്താല്‍ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു നൂറുകണക്കിന് പ്രവര്‍ത്തകരും ഒപ്പം ഉണ്ടായിരുന്നു. ലക്‌ഷ്യം രാജാവിനെയും സീപിയെയും കാണുകയെന്നതായിരുന്നു. ഇരച്ചുവന്ന ജനത്തെയും ആ സ്ത്രീ സിംഹത്തെയും തടയുവാന്‍ സീപിയുടെ പട്ടാളത്തിനു കഴിഞ്ഞില്ല. അടുത്തുവന്ന പോലീസ് ഉദ്യോഗസ്ഥനോട് എന്നെ ചങ്കില്‍ വെടിവെച്ചിട്ടെ എന്റെ ആളുകളെ വെടിവെക്കുവാന്‍ സാധിക്കുകയുള്ളൂവെന്നു പറഞ്ഞു വെല്ലു വിളിച്ചു. പൊന്നു തിരുമേനിയെ മുഖം കാണിക്കുവാന്‍ അവര്‍ക്കന്നു സാധിച്ചില്ല. സീപ്പിയും രാജാവും കിഴക്കേകോട്ടയിലെ മറു വാതിലില്‍ക്കൂടെ രഹസ്യമായി സ്ഥലംവിട്ടു. ജയിലില്‍ ആയിരുന്ന സ്വാതന്ത്ര്യ സമരനേതാക്കളായ പട്ടം താണുപിള്ളേയെയും, സി. കേശവനെയും , പറവൂര്‍ ടി.കെ. നാരായനപിള്ളയെയും മറ്റു നേതാക്കന്മാരെയും ജയില്‍ വിമുക്തമാക്കണമെന്നായിരുന്നു അക്കാമ്മ ചെറിയാന്റെ ആവശ്യം. അന്ന് വൈകുന്നേരംതന്നെ നേതാക്കന്മാരെ ദിവാന്‍ ജയില്‍ വിമുക്തരാക്കി. തമ്പന്നൂരില്‍ അന്ന് തന്നെ പട്ടത്തിന്റെ നേതൃത്വത്തില്‍ ഒരു മഹായോഗവും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്ന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമല്ലാത്ത ഒരു ഒത്തുതീര്‍പ്പില്ലെന്നു അവര്‍ അന്ന് പ്രഖ്യാപിച്ചു.  

അക്കാമ്മയുടെ പാദങ്ങള്‍ പതിഞ്ഞ അതെ നിരത്തില്‍ക്കൂടിയാണ് മറ്റൊരു സ്വാതന്ത്ര്യ ദാഹത്തിനായുള്ള ഈ പദയാത്ര. സഭയും ഭീമമായ സ്വത്തും കൈവശം വെച്ചിരിക്കുന്ന ഒരു 
സ്വേച്ഛാധിപത്യ വ്യവസ്ഥയ്ക്കും വഞ്ചനയ്ക്കും ചതിക്കുമെതിരായുള്ള ഒരു പടയോട്ടമാണ് ശ്രീമതി മോണിക്കയുടെ നേതൃത്വത്തില്‍ തുടങ്ങി വെച്ചിരിക്കുന്നത്. വിജയം അവരുടെ മാത്രമല്ല, ഒരു സമുദായത്തിന്റെയും നാടിന്റെയും സര്‍വ്വോപരി നീതിയുടെയും വിജയമായിരിക്കും നാം ഇനി കൊണ്ടാടുക. 

അതേ, മോണിക്കാമ്മയുടെ പിന്നില്‍ നാം അണിനിരന്നാല്‍മതി. ആരും അവരുടെ മുന്നില്‍ നില്ക്കാന്‍ ശ്രമിക്കേണ്ട. നമുക്ക് പിന്നണിപ്പടയാളികളായാല്‍മതി. സ്വന്തം സ്വത്തു വീണ്ടെടുക്കാന്‍മാത്രമല്ലാ, സഭയിലെ പുരോഹിതാധിപത്യം തകര്‍ക്കാനും സമുദായത്തിന്റെ സ്വത്ത് വീണ്ടെടുക്കാനും വേണ്ടിക്കൂടിയാണ് അവര്‍ സമരം നയിക്കുന്നത്. അത് നമുക്കെല്ലാം പ്രചോദനം പകരട്ടെ.

5 comments:

  1. മഹത്തായ ഒരു ആദര്‌ശത്തിനായി നിങ്ങള്‍ സമരം ചെയ്യുന്നു. സമാധാനമായി സമരം ചെയ്യുന്നു. മാനുഷിക പരിഗണനയുള്ളവര്‌ മോനിക്കായുടെ മാനസിക വേദനകളില്‍ പങ്കുകൊള്ളും. കാരണം ഇനിആര്‍ക്കും ഇത് സംഭവിക്കുവാന്‍ പാടില്ല.

    പ്രതികാര ദൈവവും സ്നേഹമുള്ള ദൈവവും മനുഷ്യ നിര്‌മ്മിതമായ വേദപുസ്തകത്തില്‍ തന്നെയുണ്ട്‌. ഞാന്‍ അതില്‍ കൂടുതല്‍ ഒന്നും എഴുതിയിട്ടില്ലെന്ന് മനസിലാക്കുക. ക്രിസ്തുവിനെ സ്നേഹിക്കുന്നത് ഞാന്‍ വചനത്തില്‍ വായിച്ചുകൊണ്ടും അല്ല. എല്ലാ മതങ്ങളുടെയും ദൈവത്തിന്റെ സവിശേഷതകളില്‍ പ്രതികാരവും അസൂയയും സ്നേഹവും കരുണയും ഇങ്ങനെ ഏറെ വിവരിച്ചിട്ടുണ്ട്. അത് ബൈബിളിലും കുറവല്ല. വചനങ്ങള്‍ അമിതമായി വായിച്ചു മൗലികവാദിയാല്‍ ഹിന്ദുവിനെയും മുസ്ലിമിനെയും വ്യത്യസ്തമായി കാണേണ്ടി വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.ഭയപ്പെടുന്നു.

    ചരിത്രം ഞാന്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നില്ല. ജോസ് ആന്റണിയുടെ ചരിത്രഉപമകള്‍ ഉള്‌കൊള്ളുവാനും സാധിക്കുന്നില്ല. പ്രത്യേകിച്ച് നെല്‍സണ്‍മണ്ടാലയെ ഗാന്ധിജിയുടെ നിലവാരത്തില്‍ കൊണ്ടുവരുന്നതും ഗാന്ധിയെ അപമാനിക്കുകയാണ്. ഗാന്ധിജി, ക്രിസ്തു, ബുദ്ധന്‍പോലെ ഒപ്പം നെല്‍സന്‍ മണ്ടാലക്കും സീറ്റ് ഉണ്ടെന്നും എനിക്കറിയത്തില്ലായിരുന്നു.

    സൌത്ത് ആഫ്രിക്കന്‍ ചരിത്രം സൂക്ഷ്മമായി പഠിച്ചാല്‍
    ഒരു സ്ത്രീലമ്പടനായ നെല്‍സന്‍ മണ്ടാല ഒരു ഭീകര വാദി സംഘടനയുടെ നേതാവായിരുന്നുവെന്നും കാണാം. അയാള്‍ ആയിരകണക്കിന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നതു അധികാരം കിട്ടി കഴിഞ്ഞപ്പോള്‍ ചരിത്രത്തില്‍ നിന്നുതന്നെ നീക്കം ചെയ്തു. ആഫ്രിക്കയിലെ കുഞ്ഞുങ്ങള്‍ക്കായി സ്വരൂപിച്ച ഫണ്ട് മുഴുവന്‍ അയാളുടെ കുടുംബക്കാര്‍ക്ക്‌ വീതിച്ചു കൊടുക്കുകയും വലിയ വലിയ കൊട്ടാരങ്ങള്‍ പണിയുകയും ആയിരുന്നു. ഇയാളെപ്പറ്റി വെള്ളക്കാരന്‍ ജയിലില്‍ ഇട്ട കഥകള്‍
    മാത്രം ഇന്ത്യന്‍ പത്രങ്ങള്‍ എഴുതി നിറക്കാറുണ്ട്. ചരിത്രം വിഷയം അല്ലാത്തതുകൊണ്ട് ഞാന്‍ കൂടുതല്‍ എഴുതുന്നില്ല. പഴയ നിയമത്തിലെ ദൈവത്തെപ്പറ്റി കിംഗിന്റെ പ്രസംഗം വായിച്ചപ്പോഴായിരുന്നു എനിക്ക് ഓര്‍മ്മവന്നത്. അതുകൊണ്ടാണ് ഞാന്‍ മോണിക്കയുടെ പദയാത്രയും ആയി കൂട്ടിയൊജിപ്പിച്ചത്. ഇത്രയും വിവാദം ആകുമെന്ന് ഒര്‌ത്തുമില്ല.

    വചനം വായിച്ചു സഭയുടെ മൗലിക വാദി ആയികൊണ്ടുള്ള ഒരു നവീകരണമല്ല എന്റെ ചിന്താഗതിയില്‍. മനുഷ്യന്റെ പുരോഗതിയും ശാസ്ത്രവും തടയുന്ന മതവുമല്ല നവീകരണം.

    പാലായിലെ നവീകരണസംഘടനകളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ഞാന്‍ അല്‍മായ ശബ്ദത്തില്‌ എഴുതുവാന്‍ തുടങ്ങിയപ്പോള്‍മുതല്‍ ശ്രദ്ധിക്കുന്നതാണ്, പലരുടെയും സഭാ നവീകരണത്തിനായുള്ള തീവ്രമായ ആവേശവും സത്യത്തിനു വേണ്ടിയുള്ള സമരങ്ങളും. ഇതിലെ എഴുത്തുകാരെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നും ഉണ്ട്.

    ചരിത്ര പ്രധാനമായ പള്ളികള്‍ തകര്‍ക്കുമ്പോള്‍, ദളിതന് ശവം അടക്കു നിഷേധിക്കുമ്പോള്‍, നെഴ്സുമാരെ ചൂഷണം ചെയ്തപ്പോള്‍, ചര്‍ച് ആക്റ്റ്, എന്നീ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇതിലെ പ്രവര്‍ത്തകര്‍ സ്വന്തം കുടുംബകാര്യങ്ങള്‍ പോലും മറന്നു മറ്റുള്ളവര്‍ക്കായി ഓടി നടക്കുന്നതും എന്നെ അതിശയിപ്പിക്കാറുണ്ട്.

    ഞാന്‍ ദീഘിപ്പിക്കുന്നില്ല. മോണിക്കയുടെ സാമൂഹ്യ പ്രശ്നത്തിനു എത്രയും പെട്ടെന്നു പരിഹാരം ഉണ്ടാകുമെന്ന് പ്രതീഷിക്കാം.ഇതിലെ പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യവും ധര്‌മ്മവീര്യവും നല്കുവാനെ സാധിക്കുകയുള്ളൂ. അധര്‍മ്മം ദൈവം വെച്ച് പൊറുപ്പിക്കുകയില്ല. അധര്‍മ്മം ചെയ്യുന്നവനോട് ദൈവം പ്രതികാരം ചെയ്യും. ധര്‍മ്മം ജയിച്ചേ മതിയാവൂ. എല്ലാ പ്രവര്‍ത്തകര്‍ക്കും ഉറച്ച മനോവീര്യവും തന്റേടവും വിജയവും ഈ അവസരത്തില്‍ നേരുന്നു. ഞാനും മോണിക്കയുടെ സാമൂഹ്യപ്രശ്ന പരിഹാരത്തിനായുള്ള നല്ല വാര്‌ത്തക്കായി കാതോര്‍ത്തിരിക്കുന്നു.

    ReplyDelete
  2. ജോസെഫ് മാത്യൂ സമനില വിട്ട് എന്തെങ്കിലും എഴുതിയതായി എനിക്ക് തോന്നുന്നില്ല. നമ്മള്‍ വായിക്കുന്ന ചരിത്രവും സത്യത്തിലുള്ള ചരിത്രവും രണ്ടാണ്. നമ്മള്‍ അറിയുന്ന മഹാത്മാക്കളും സത്യത്തില്‍ ജീവിച്ചിരുന്ന മഹാത്മാക്കളും ഒന്നായിരിക്കുകയില്ല. നമ്മള്‍ വായിക്കുന്ന യേശുവചനവും സത്യത്തില്‍ യേശു പറഞ്ഞതും തീര്‍ച്ചയായും വളരെ വ്യത്യസ്തമായിരുന്നിരിക്കണം. മനുഷ്യന്‍ സ്വാഭാവികമായി പൊലിപ്പിച്ചു പറയുന്നവനും കാര്യസാദ്ധ്യത്തിനായി സത്യത്തെ മനപ്പൂര്‍വം വളച്ചൊടിക്കാനും തീര്‍ത്തും അസത്യമാക്കാനും മടിക്കാത്തവനുമാണ്. ഇന്ന് കുമ്പളങ്ങിയില്‍ ഉത്ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വച്ചിരിക്കുന്ന ഒരൊറ്റ ഐറ്റത്തിനെങ്കിലും ചരിത്രപരമായ സാധുത കല്‌പ്പിക്കാമൊ? എന്നിട്ടും മെത്രാന്മാര്‍ മുന്‍കൈടുത്ത് ഇത്തരം കൂത്തുകള്‍ നടത്തി ജനത്തെ വഴി തെറ്റിക്കുന്നു, ഒരു നാണവുമില്ലാതെ. എല്ലാം കേള്‍ക്കുക, വായിക്കുക എന്നത് തന്നെ അതുകൊണ്ട് ഒരനാവശ്യ നേരമ്പോക്കാണ്. അവയിലൊന്നും സത്യം ഇല്ലെന്നുള്ളതാണ് വാസ്തവം. പിന്നെ, എല്ലാ ആവശ്യത്തിനും ഉതകുന്ന വേദവാക്യങ്ങള്‍ ബൈബിളില്‍ ഉണ്ടെന്നു പറയുന്നവരെ ഒട്ടും വിശ്വസിക്കരുത്. അങ്ങനെയൊരു പുസ്തകം ലോകത്തൊരിടത്തും ഇല്ല. ഏറ്റവും ദുര്‍വ്യാഖ്യാനിക്കപ്പെടുന്നതും ബൈബിള്‍ തന്നെ എന്നറിഞ്ഞിരിക്കണം.

    ReplyDelete
  3. ജോസഫ്മാത്യുവും ജോസാന്റണിയും തമ്മില്‍ തര്‍ക്കിക്കുകയൊന്നും വേണ്ട. രണ്ടുപേര്‍ക്കും ചര്‍ച്ച് ആക്ടിനോട് ഒരേ പ്രതിജ്ഞാബദ്ധതയാണുള്ളതെന്ന് അല്മായശബ്ദം വായനക്കാര്‍ക്കെല്ലാം അറിയാം. പ്രതികാരിയായ ദൈവം എന്നൊക്കെ പറയുന്നത് പഴയനിയമകാലത്തെ വിശ്വാസം മാത്രമാണെന്നും ആ വിശ്വാസം ആ ദൈവത്തിന്റെ ഉപകരണമായി സ്വയം തെറ്റിദ്ധരിച്ച് മനുഷ്യര്‍ അക്രമമാര്‍ഗത്തിലേക്കു തിരിയാനിടയായേക്കുമെന്നും അങ്ങനെയൊരു ദൈവം യഥാര്‍ഥത്തിലുണ്ടായിരുന്നില്ലെന്നുമാവണം ജോസാന്റണി പറയാന്‍ ശ്രമിച്ചത്. എന്തായാലും ജോസഫ്മാത്യുവും അഹിംസാമാര്‍ഗത്തിലാണെന്നു മനസ്സിലായിട്ടുള്ളതിനാലാവുമല്ലോ അദ്ദേഹത്തിന്റെ പോസ്റ്റില്‍നിന്ന് ജോസാന്റണി ദീര്‍ഘമായി ഉദ്ധരിച്ചിട്ടുള്ളത്്. മണ്ഡേലയെയും മാര്‍ട്ടിന്‍ലൂതര്‍ കിങ്ങിനെയും പറ്റിയുള്ള ജോസാന്റണിയുടെ ധാരണകള്‍ തെറ്റാണെന്ന ജോസഫ്മാത്യുവിന്റെ ചൂണ്ടിക്കാട്ടല്‍ ജോസാന്റണി അംഗീകരിക്കാതിരിക്കില്ല. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ രണ്ടുപേരും നില്ക്കുന്നത് മോണിക്കായുടെ പിന്നില്‍ത്തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

    ReplyDelete
  4. അല്മായാ ശബ്ദത്തിലെ ശ്രി. ജൊസഫ് മാത്യുവിന്റെ ലേഖനത്തിലെ പരാമര്ശങ്ങളില്‍ വിയോജിക്കേണ്ടതായ ഒന്നുമില്ലെന്നൊ ഏറെ ഉണ്ടെന്നോ പറയാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ വാദഗതികള്‍ പലതും കാണുമ്പോള്‍ അവതരിപ്പിക്കുന്ന രിതി വളരെ ലളിതമായിപ്പോയോ, കൃത്യമായും ഒരു ലേഖനത്തിന്റെ ചട്ടക്കൂടുണ്ടോ എന്നൊക്കെ ഞാന്‍ സംശയിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ വേണ്ടത്ര വിശദികരണം ഇല്ലാതെ പോകുന്നുണ്ട് – അതൊരു സത്യമാണ്. എന്റെ കാഴ്ചപ്പാടിന്റെ് പിന്നാലെ മറ്റൊരാള്‍ കാണണമെന്നില്ല ഞാന്‍ പ്രതിക്ഷിക്കുന്നുമില്ല. പക്ഷെ, ഓരോ ലേഖനത്തിലും കൃത്യമായി ഒരു ചിന്ത സ്പഷ്ടമായി വിരിഞ്ഞ് വരുന്നത് കാണാം. അത് എല്ലാവരും അംഗികരിക്കും – ഉറപ്പ്. അദ്ദേഹത്തിന്റെ കാക ദൃഷ്ടി കടന്നു ചെല്ലാത്ത ഇടങ്ങളും കുറവ്. എല്ലാം കൌതുക പൂര്വ്വം ഞാന്‍ വായിക്കുമ്പോഴും രണ്ടു വാചകം ഉപയോഗിക്കുന്നിടത്തു ഒരെണ്ണം മതിയാവുമായിരുന്നല്ലോയെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്റ്റയില്‍ അദ്ദേഹത്തിന്റെയതാണ്, എന്റെ വിലയിരുത്തല്‍ എന്റെതും.

    അതിലെ പഴയ നിയമ വ്യംഗ്യാര്ത്ഥം ജോസ് ആന്റണി വിലയിരുത്തിയ രിതി ആരോഗ്യകരമായതെന്നെ എനിക്ക് തോന്നിയുള്ളു. വാളെടുക്കാന്‍ അദ്ദേഹം പറഞ്ഞുവെന്നു കൃത്യമായി ജോസ് ആന്റണി ഉദ്ദേശിച്ചോ എന്നും ലേഖനത്തില്‍ വ്യക്തമല്ല. എന്റെ എല്ലാ കാഴ്ച്ചപ്പാടുകളോടും ഒത്തു പോകുന്നത് കൊണ്ടല്ല ഞാന്‍ അല്മായാ ശബ്ദത്തില്‍ എഴുതുന്നത്‌. സഭയെന്ന സിംഹത്തിന്റെ പിടിയില്‍ നിന്ന് വിശ്വാസികളെ രക്ഷിക്കാന്‍ നടത്തുന്ന ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത് എന്റെയും കടമയാണെന്ന് ഞാനും കരുതുന്നു – അത്ര മാത്രം. ആ യുദ്ധത്തിനു ഇത് മാത്രം മതിയോയെന്നെ എനിക്ക് സംശയമുള്ളൂ.

    ഒരു ഭാരതിയ പൌരനെന്നുള്ള നിലയില്‍, യേശുവിന്റെ കാതലായ തത്വങ്ങളില്‍ നിന്നും സഭ അകലുമ്പോള്‍ അത് തെളിവ് സഹിതം ബോദ്ധ്യപ്പെടുത്തിയാല്‍ ഒരു വിശ്വാസിയുടെ ന്യായമായ അവകാശം ഇന്ത്യന്‍ കോടതികളിലൂടെ സാധിച്ചെടുക്കാം. അതായത്, പോക്രിത്തരം കാണിക്കുന്ന മെത്രാന്മാരെ സ്ഥാനം ഒഴിയാനും നിര്ബുന്ധിതരാക്കാന്‍ ഇന്ത്യന്‍ നിതിന്യായ കോടതികള്ക്ക് കഴിയും – കഴിയണം. ഒരു വിശ്വാസിയെന്ന നിലയില്‍ എനിക്ക് അഭിമാന ക്ഷതമോ ഇടര്‍ച്ചയോ അവര്‍ മൂലം ഉണ്ടായാല്‍ എനിക്ക് കോടതിയില്‍ ചോദ്യം ചെയ്യാനും പരിഹാരം ആവശ്യപ്പെടാനും വകുപ്പുകളില്ലാതെ വരുമോ? ആ വഴിക്ക് ജോയിന്റ് കൌണ്സി ല്‍ വേണ്ടത്ര ചിന്തിക്കുന്നില്ലായെന്നു തോന്നുന്നു.

    ReplyDelete
  5. " ഒരു വിശ്വാസിയെന്ന നിലയില്‍ എനിക്ക് അഭിമാന ക്ഷതമോ ഇടര്‍ച്ചയോ അവര്‍ മൂലം ഉണ്ടായാല്‍ എനിക്ക് കോടതിയില്‍ ചോദ്യം ചെയ്യാനും പരിഹാരം ആവശ്യപ്പെടാനും വകുപ്പുകളില്ലാതെ വരുമോ?"

    റോഷന്റെ ഒരു ചോദ്യം വന്നതുകൊണ്ടു എനിക്ക് ഈ ത്രെഡില്‍ വീണ്ടും എഴുതേണ്ടി വന്നു. വിവാദങ്ങളില്‍ എനിക്കുള്ള യുക്തി എന്റെതും അപരന്റെത് അപരനും എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഞാന്‍ ചിന്തിക്കുന്നത് സ്വന്തം വീട്ടില്‍ ആണെങ്കിലും അടിച്ചേല്‌പ്പിക്കാറില്ല. അപരന്റെ വാദത്തെ വിവാദമായി ഞാന്‍ അംഗികരിക്കുകയും ചെയ്യും.

    "ലോകമഹായുദ്ധങ്ങളില്‍ വിജയിച്ച സാമ്രാജ്യങ്ങള്‍ പലതും തകര്‍ന്നത് ഹിംസയിലൂടെയാണ്." എന്നെ സംബന്ധിച്ച് ഇത് വിവാദമാണ്. ലോകത്തുവന്ന എല്ലാ പുരോഗതികളും രണ്ടു ലോക മഹായുധങ്ങള്‍ക്ക് ശേഷമാണ്. വിമാനം കണ്ടുപിടിച്ച നാളുകള്‍ മുതല്‍ ആധുനിക ടെക്കനോളജിവരെ യുദ്ധങ്ങള്‍ കഴിഞ്ഞുള്ള നേട്ടങ്ങളാണ്. യുദ്ധത്തില്‍ പങ്കെടുക്കാത്ത മൂന്നാംചേരി രാഷ്ട്രങ്ങളാണ് ഇന്നും തരികിട രാജ്യങ്ങളായി അവശേഷിച്ചിക്കുന്നത്. ഇന്ത്യാ എത്ര സാമ്പത്തിക ശക്തിയായാലും അടുത്ത നൂറുവര്‍ഷങ്ങള്‍ കല്‍ക്കട്ടാപോലുള്ള നഗരങ്ങളില്‍ മതര്‍ തെരസാമാര്‍ക്ക് തെരുവിലെ ജോലിക്ക് കുറവ് വരുകയും ഇല്ല. യുദ്ധത്തില്‍ ഹിരോഷിമയിലും നാഗസ്ക്കിയിലും ബോംബിട്ട അമേരിക്കാ തന്നെയാണ് നാളിതുവരെ വന്‌ശക്തി. മലയാളംപത്രങ്ങള്‍ ചിലത് വായിച്ചാല്‍ ഉടന്‍തന്നെ അമേരിക്കാ തകരുമെന്ന് തോന്നും. സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് ലോക മഹായുദ്ധം കൊണ്ടല്ല ശീതസമരം കൊണ്ടാണ്. തകര്‍ത്തത് വത്തിക്കാന്റെ കണക്കില്‍പ്പെടാത്ത പണംകൊണ്ടും അമേരിക്കയുടെ പാടവംകൊണ്ടുമാണ്.

    പ്രതികാര ദൈവത്തെ കേട്ടാല്‍ ഉടന്‍ വാളെടുക്കുന്നവരല്ല ബുദ്ധിയും ബോധവുമുള്ള പുതിയ തലമുറകള്‍ എന്നാണു എനിക്ക് തോന്നുന്നത്. ധര്‍മ്മം നിലനിര്‍ത്തുവാന്‍ അധര്‍മ്മത്തിനെതിരെ പോരാടുന്ന ഗീതയിലെ ശ്രീക്രിഷ്ണനെപ്പൊലെയാണ്, ഈ പ്രതികാരദൈവത്തെ ഞാന്‍ കാണുന്നത്.എന്നെയും യുക്തിയില്‍ക്കൂടി കാണൂ.? ഗീത പാടിയകാലത്തു ധര്‍മ്മം നിലനിര്‍ത്തുവാന്‍ വാള് വേണമായിരുന്നു. ഇന്നുള്ള തലമുറ വാളിന്റെ സ്ഥാനത്തു ബുദ്ധികൊണ്ടാണ് അധര്‍മ്മം നേരിടുന്നത്. യുക്തിയിലും ചിന്തിക്കണം.

    വാളെടുക്കുന്നവന്‌ വാളാലെ എന്ന തത്വത്തില്‍ ഞാന്‍ വിശ്വച്ചിരുന്നുവെങ്കില്‌ അജിതയുടെ കാലത്ത് നക്സല്‍ബാരികള്‍ക്കൊപ്പം ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നു. ചിലപ്പോള്‍ വര്‌ഗീസിനൊപ്പം ഇരയും ആകുമായിരുന്നു. ഒരു ബ്ലോഗാകുമ്പോള്‍ അതിന്റേതായ പരിമിതികളുണ്ട്. സ്വയം ഗൂഗിളില്‍ ടൈപ്പ് ചെയ്യണം. ടൈപ്പ് ചെയ്യുമ്പോള്‍ ആദ്യം ഉദ്ദേശിച്ചതായിരിക്കുകയില്ല അവസാനം എഴുതുന്നത്‌. ഡി.റ്റി.പി.ക്ക് കൊടുത്ത് പത്തു പ്രാവിശ്യം തെറ്റു തിരുത്തിയാല്‍ നല്ല ലേഖനം ആകുമെന്നും എനിക്കറിയാം.

    ചര്ച്ച് ആക്റ്റ് ഞാന്‍ വായിച്ചതില്‍ നിന്ന് മനസിലാക്കിയത് താഴെ ചേര്‍ക്കുന്നു.
    1.സഭയുടെ കല്പനകള് അനുസരിച്ചു പൂര്‍ണ്ണമായി വിശ്വസിക്കുന്ന ക്രിസ്ത്യാനിക്ക് മാത്രമെ ഭരണസമിതിയെ തിരഞ്ഞെടുക്കുവാന്‍ വോട്ടവകാശം ഉള്ളൂ. ആണ്ടുകുമ്പസാരം, കുര്‍ബാന ഇതിന്റെയെല്ലാം വിവരങ്ങള്‍ രജിസ്റ്ററില്‍ ആക്കുവാന്‍ പള്ളിക്ക് നിര്‍ദ്ദേശിക്കാം. പുതിയനിയമത്തിനെയും പഴയനിയമത്തിനെയും പള്ളിയുടെ ചിന്താഗതികള്‌ക്കെതിരെ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നവരെയും അവിശ്വാസിയായി പള്ളികാര്യങ്ങളില്‍നിന്നും ഒഴിവാക്കാം. ചുരുക്കത്തില്‍ ഇടവകക്കാര്‍ ജാഗരൂകരായില്ലെങ്കില്‍ ഏതെങ്കിലും പഴുതില്‍ക്കൂടെ സ്വത്തുക്കളുടെ നിയന്ത്രണം അച്ചന്റെ കൈകളില്‍ ഇരിക്കും.
    2. സഭാപരമായ കേസ് തര്‍ക്കങ്ങള്‍ക്ക് സമിതിയില്‍ തിരഞ്ഞെടുത്തവര്‌ക്കു മാത്രമെ അവകാശം കാണുകയുള്ളൂ. പള്ളികാര്യങ്ങളുടെ ചുമതലകള്‍ വഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദശാംശം കൊടുത്ത് സഭയെ തൃപ്തിപ്പെടുത്തേണ്ടി വരും. സഭ അംഗീകരിക്കാത്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരെ നിരീശ്വരവാദികളായി മുദ്രകുത്തും.
    ഇന്നുള്ള അല്‍മായ നവീകരണസംഘടനകള്‍ക്കും ബാധകമാകാം.ചര്‍ച്ച് സാമ്പത്തികനിയമം വായിച്ചതില്‍ ഞാന്‍ കണ്ട കാഴ്ചപ്പാടാണ്.

    ReplyDelete