മരിയാ തോമസ് പീടികയ്ക്കല്‍
''പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണീ-നിന്റെ
തൃപ്പാദം കുമ്പിട്ടു നില്ക്കുന്നു ഞാന്‍''
കോണ്‍സ്റ്റന്റൈന്‍ ശൈലിയിലുണ്ണിയേശു
പാട്ടിതു കേട്ടു പ്രീണിക്കുമെന്നാം
പാട്ടുയരും മണി മാളികയില്‍
വാഴുവോരോര്‍ക്കുന്ന, തെന്തു കഷ്ടം!
നക്ഷത്രമൊന്നുകണ്ടാണുപോലും
ഹേറോദേസിന്റെയരമനയില്‍
മൂന്നു രാജാക്കന്മാരെത്തി, പക്ഷേ,
ഫലമോ പലായനം യേശുവിന്ന്.
വര്‍ഷങ്ങള്‍ രണ്ടായിരം കഴിഞ്ഞു
മേരി ചാരിത്ര്യഭംഗത്തിനാലും
അഭയമാര്‍ സാക്ഷ്യം വഹിക്കയാലും
കിണറിനാഴങ്ങളില്‍ വീണിടുന്നൂ.
ആടു നൂറുള്ള ദാവീദിനിന്നും
അപരന്റെ കുഞ്ഞാടിനോടു മോഹം!
റബ്ബറിന്‍ഷീറ്റു കുമിഞ്ഞുകൂടും
അരമനയ്ക്കിന്നും ദശാംശമായി
അതു വെട്ടി നല്കുന്ന വെട്ടുകാരന്‍
ഒട്ടുപാല്‍ നല്കണമെന്നു ചട്ടം!
കുടിശിക നല്കാത്തവര്‍ക്കു ജ്ഞാന-
സ്‌നാനമേകേണ്ടെന്നും ചട്ടമുണ്ട്.
വിവരങ്ങളേകിടാനറിയുകില്ലാ-
പ്പാമരര്‍ക്കോ സെമിത്തേരിയില്ല.
പള്ളികള്‍, പഞ്ചനക്ഷത്രഭാവം
ഉള്ള പാരീഷ്ഹാളുമുണ്ടാക്കിടാന്‍
ഇങ്ങു വിധവമാര്‍ കൊച്ചുകാശു
നല്കണം നിത്യവുമെന്നു ചട്ടം.
ദൈവവും ദൈവത്തിന്‍പേരിലിങ്ങീ
വൈദികരും ശപിച്ചീടുമെന്നാം
പേടി,യല്മായര്‍ക്കു; പേടിവേണ്ടെ-
ന്നോതിയ യേശു കുരിശിലല്ലോ.
യേശുവീ നമ്മളിലൂടെ മുക്തി
ബന്ധിതര്‍ക്കേകിടുമെന്നറിഞ്ഞ്
ഇങ്ങവന്‍ രണ്ടാമതും വരാനായ്
നമ്മള്‍ക്കവനെയുള്‍ക്കൊണ്ടു നീങ്ങാം!
No comments:
Post a Comment