Translate

Monday, December 31, 2012

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ മാര്‍ച്ചിനെതിരെയുള്ള അക്രമത്തില്‍ പ്രതിഷേധം.



     കാഞ്ഞിരപ്പിള്ളി മെത്രാന്റെ കീഴിലുള്ള ആവേ മരിയ ധ്യാനകേന്ദ്രം വൃദ്ധദമ്പതികളുടെ ലക്ഷങ്ങള്‍ മതിക്കുന്ന ഭൂമി തട്ടിയെടുത്തതിനെതിരെ കാഞ്ഞിരപ്പിള്ളി മെത്രാസന അരമനയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ കേരള കാത്തലിക് ഫെഡറേഷന്റെയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതില്‍ ഇന്നുചേര്‍ന്ന കേരള കാത്തലിക് ഫെഡറേന്റെ നിര്‍വാഹകസമിതിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

     കാഞ്ഞിരപ്പിള്ളി രൂപതയുടെ മെത്രാനായ മാര്‍ മാത്യു അറക്കലിന്റെ ബന്ധുവായ തോമസ് അറക്കലിന്റെയും ഭാര്യ മോണിക്കാ തോമസ്സിന്റെയും അഞ്ചേക്കര്‍ വരുന്ന ഭൂമിയാണ് മെത്രാന്റെ കീഴിലുള്ള ധ്യാനകേന്ദ്രം സംസാരശേഷി നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ സംസാരശേഷി തിരിച്ചുകിട്ടുമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഭാര്യ മോണിക്ക തോമസില്‍നിന്ന് തട്ടിയെടുത്തത്. അത്ഭുതരോഗശാന്തി ലഭിക്കാതെവന്നപ്പോള്‍ ഭൂമി തിരികെ ചോദിച്ച മോണിക്കാ തോമസിന് ഭൂമി തിരിച്ചുനല്‍കാന്‍ ധ്യാനകേന്ദ്രം വിസമ്മതിച്ചു. ഇതിനെതുടര്‍ന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ഉള്‍പ്പടെ പന്ത്രണ്ടു ക്രൈസ്തവസംഘടനകളുടെ പൊതുവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഭൂമി തിരിച്ചുനല്‍കി പ്രശ്‌നം നീതിപൂര്‍വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോയിന്റ് ക്രസ്ത്യന്‍ കൗണ്‍സില്‍ മെത്രാന്റെ അരമനയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.

      മാര്‍ച്ചിലേക്ക് ഇരച്ചുകയറിയ രൂപതാസംഘടനയായ യുവദീപ്തിയുടെ പ്രവര്‍ത്തകരും നുഴഞ്ഞുകയറിയ ബിഷപ്പിന്റെ ഗുണ്ടകളുമാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആരോപിച്ചു.

     യോഗത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി വി. കെ. ജോയ്, ജെയിംസ് അടമ്പുകുളം, പി. ബി. ജോസഫ്, ബി. സി. ലോറന്‍സ്, ഫ്രാങ്ക്‌ളിന്‍ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.


                                                                               തൃശ്ശൂര്‍ ജോയ് പോള്‍ പുതുശ്ശേരി,
31-12-2012                                                              സംസ്ഥാനപ്രസിഡണ്ട്,
                                                                               കേരള കാത്തലിക് ഫെഡറേഷന്‍                                                                                                                                                                                                   

No comments:

Post a Comment