Translate

Thursday, December 27, 2012

എങ്ങോട്ടെന്നറിയാതെ അതിശീഘ്രം

പടിഞ്ഞാറന്‍ നാടുകളില്‍ സയന്‍സും ടെക്നോളജിയും വളര്‍ന്നു വേര്പിടിച്ചത് പത്തഞ്ഞൂറ് കൊല്ലംകൊണ്ടാണ്. അതുകൊണ്ട്, തലമുറകളിലൂടെ ഇവ രണ്ടിനെയും സ്വാംശീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. നമുക്കാകട്ടെ, കഷ്ടിച്ച് അര നൂറ്റാണ്ടുകൊണ്ട് വെള്ളപ്പൊക്കം പോലെ വന്ന് സയന്‍സും ടെക്നോളജിയും നമ്മെ മൂടി ശ്വാസം മുട്ടിക്കുകയാണ്. ഫലമോ? ഇവയുടെ സംസ്കാരം നമുക്ക് ദഹിച്ചുകിട്ടുന്നില്ല. ഇവയെപ്പറ്റി പഠിക്കുന്നത് മാതൃഭാഷയില്‍ അല്ലാത്തതിനാല്‍, ഇവ രണ്ടും എപ്പോഴും ഫോറിന്‍ ആയിതന്നെ  നിലനില്‍ക്കുകയും, ചുമ്മാ ഒരാവേശമായി തുടരുകയുമാണ്. അതുകൊണ്ട്, ഇവയുടെ ഉപയോഗത്തില്‌ പാലിക്കേണ്ട സൂക്ഷ്മതയും ശ്രദ്ധയും കണിശതയും നമുക്കിന്നും അന്യമാണ്. ശ്രീ സി. രാധാകൃഷ്ണന്‍ നവംബര്‍ 20ലെ മലയാളം വാരികയില്‍ എഴുതിയതാണ് ഈ ഉള്‍ക്കാഴ്ച.


ഇപ്പറഞ്ഞതിനു എല്ലായിടത്തും നാം തെളിവുകള്‍ കാണുന്നു, അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നു. ഉദാ. വണ്ടികള്‍ എണ്ണമില്ലാതെ പെരുകുന്നു. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നവര്‍ വിരലിലെണ്ണാന്‍ പോലുമില്ല. നാല് വശത്തേയ്ക്കും മാത്രമല്ല, കീഴോട്ടും (കുഴികള്‍) മേലോട്ടും (കമ്പികള്‍) ശ്രദ്ധിച്ചാലെ ജീവനോടെ വീട്ടില്‍ തിരിച്ചെത്തൂ എന്നതാണ് സത്യം. നേരെ നില്‍ക്കുന്ന ഒറ്റ ഇലെക്ട്രിക് പോസ്റ്റില്ല, ചോര്ച്ചയില്ലാത്ത ഒറ്റ കണക്ഷനില്ല. ഇത്തരം കാര്യങ്ങള്‍ തൊട്ട് ആണവനിലയങ്ങള്‍ വരെ ഏതു നേരവും മനുഷ്യക്കുരുതിക്കുള്ള സംവിധാനങ്ങളായി പരിണമിക്കാം. റോഡുകള്‍ വീതി കൂട്ടി പോകുകയാണ് ഇപ്പോള്‍. എന്നാല്‍, പോസ്റ്റുകള്‍ നില്‍ക്കുന്നിടത്ത് തന്നെ. യാത്രക്കാരുടെ കൈയും തലയും അറ്റുപോകുന്നത് മരാമത്ത് മന്ത്രിയുടെ പ്രശനമല്ല. അതുപോലെതന്നെ വീതി കൂട്ടി, വശങ്ങള്‍ കൊണ്ക്രീറ്റും ഇട്ടിട്ടു വേണം പുതിയ പൈപ്പിടാന്‍ ഇരു വശവും കുത്തിപ്പൊളിക്കാന്‍.

ക്രിസ്തീയ സഭയും ഈ അതിശീഘ്രം അതിദൂരത്തില്‍ പെട്ടുപോയിരിക്കുകയാണ്. ക്രിസ്തീയത എന്തെന്നും യേശുവിന്റെ സന്ദേശമെന്തെന്നും മറന്നുപോയ മരാമത്തച്ചന്മാര്‍ എല്ലായിടത്തും കല്ല്‌ പൊട്ടിക്കുകയും കോണ്‍ക്രീറ്റു കുഴക്കുകയുമാണ്. പണിയോടു പണി. ആത്മീയനേതൃത്വം വഹിക്കേണ്ടവര്‍ അതൊഴിച്ച് ബാക്കിയെല്ലാം ഏറ്റെടുത്ത് സ്വയം ആചാര്യന്മാരായി പേരുമിട്ട് സ്വയം പൊന്നാടയുമണിഞ്ഞു നടക്കുന്നു. അവിടെയും എല്ലാം ഫോറിന്‍ അനുകരണങ്ങളാണ്. കാശുണ്ടാക്കുന്നതിനും വിദേശത്താണ് ഇവരുടെ സഞ്ചാരം. എല്ലാ മാസവും അങ്ങോട്ട്‌ പറക്കുന്ന തിരുവാസനങ്ങള്‍ ആണ് എല്ലാ മെത്രാന്മാരും തന്നെ. അവിടെയുള്ളവര്‍ക്കും സഹികെട്ടു തുടങ്ങി എന്നിവര്‍ അറിയുന്നേയില്ല! അതിനുള്ള മൂളയില്ല. നിശബ്ദതയില്‍, ഉള്ളിന്റെയുള്ളില്‍ ദൈവത്തോട് സംഭാഷിക്കാന്‍ പറഞ്ഞ യേശുവിനെ പാടേ മറന്നിട്ട്, മൈക്കും വീഡിയോക്യാമെറായും ആര്‌പ്പുവിളികളുമായിട്ടാണ് ഇപ്പോഴത്തെ ആരാധന. അര്‍ത്ഥമില്ലാത്ത വചനത്തെ വെറുക്കുന്ന ദൈവത്തിനു മുമ്പില്‍ ഞെളിഞ്ഞു നിന്ന് ചെവി പൊട്ടിക്കുന്ന പ്രഘോഷണങ്ങളാണ് എല്ലായിടത്തും. പ്രഘോഷിക്കുന്നവരും അതില്‍  മയങ്ങുന്ന ആള്‍ക്കൂട്ടവും മനസ്സുകൊണ്ട് വിളിക്കുന്നത്‌ ദൈവത്തെയല്ല, മാമോനെയാണെന്നുമാത്രം. ഇത്തരം കുറെ നാളത്തെ ആരാധന കഴിയുമ്പോള്‍ ഓരോ പെണ്ണിനെയുംകൊണ്ട് സ്ഥലം വിടുന്ന കാരിസ്മാറ്റിക് അച്ചന്മാരും എല്ലായിടത്തുമുണ്ട്. എന്തെന്നും എങ്ങോട്ടെന്നുമറിയാതെ അതിശീഘ്രം വച്ചുപിടിക്കുന്നതിന്റെ അനന്തര ഫലങ്ങളാണ് ഇവയൊക്കെയും. അല്ലേലൂയ!

No comments:

Post a Comment