Translate

Sunday, December 30, 2012

മറിയമ്മയുടെ സുവിശേഷം

ഡിസംബര്‍ 30 ന് രാവിലെ ഞായറാഴ്ച കൊരട്ടി (എരുമേലി) പുത്തന്‍പള്ളി മുറ്റത്തുവെച്ച് ബഹുമാനപ്പെട്ട ‘മറിയമ്മ’ നടത്തിയ ഹ്രസ്വപ്രഭാഷണത്തിന്‍റെ സംക്ഷിപ്ത രൂപം കിട്ടിയിട്ടുണ്ട്; അല്മായാ ശബ്ദം വായനക്കാര്‍ക്ക് വേണ്ടി പങ്കു വെക്കുന്നു. ‘മറിയമ്മ’ യെ അറിയില്ലേ? ‘മറിയമ്മ’ യെന്ന പേരില്‍ ദീര്‍ഘകാലം കഥകളും കവിതകളും എഴുതിക്കൊണ്ടിരുന്ന,(അവസാനം സത്യം വെളിപ്പെടുത്തേണ്ടിവന്ന) ശ്രി. വര്‍ക്കിച്ചന്‍ ഇരുപ്പക്കാട്ടിനെ അറിയാത്തവര്‍ കാണാന്‍ ഇടയില്ല. മോനിക്കാ ചതി മനസ്സിലാക്കിയ സമയം മുതല്‍ മോനിക്കായോടൊപ്പം ഉണ്ടായിരുന്ന വര്‍ക്കിച്ചന്‍ ഇന്നലത്തെ കാഞ്ഞിരപ്പള്ളി പ്രകടനത്തിനും മുന്‍നിരയിലുണ്ടായിരുന്നു. വര്‍ക്കിച്ചന്‍ കൊരട്ടി പള്ളിമുറ്റത്തു വെച്ച് ചുറ്റും കൂടിനിന്നവരോട് ഒരു സ്വകാര്യ പ്രഭാഷണം നടത്തേണ്ടി വന്നതിനും കാരണമുണ്ട്.

ഞായറാഴ്ചകളില്‍ രാവിലെ വര്‍ക്കിച്ചന്‍ പള്ളിയില്‍ വരും, മുന്‍ നിരയില്‍ത്തന്നെ ഇരിക്കുകയും ചെയ്യുകയാണ് പതിവ്. ബിഷപ്പിനെതിരെ മുന്നില്‍ നിന്ന് പ്രകടനം നടത്തിയ വര്‍ക്കിച്ചനെ പള്ളിയില്‍ കാണുന്ന വികാരിയച്ചന് എങ്ങിനെ സ്വസ്ഥത കിട്ടും? തലേന്ന്, ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിഷപ്പിന്‍റെ നേരെ ഇയ്യിടവകയിലെ ചില വ്യക്തികളുടെ നേതൃത്വത്തില്‍ കയ്യേറ്റ ശ്രമം നടന്നുവെന്നും ആ മാന്യ വ്യക്തികളെ ഇടവകക്കാര്‍ ഇടപെട്ടു പിന്തിരിപ്പിക്കണമെന്നും അച്ചന്‍ പ്രസംഗിച്ചു. കുര്‍ബാന കൊടുക്കുന്ന സമയത്ത് ഓസ്ഥിയെടുത്തു വീഞ്ഞില്‍ മുക്കി അടുത്ത ആളിന് കൊടുക്കാന്‍ നോക്കിയപ്പോള്‍ ഇതാ നാക്കും നീട്ടിപ്പിടിച്ചു സാക്ഷാല്‍ വര്‍ക്കിച്ചന്‍ നില്‍ക്കുന്നു. പിന്നെ അഞ്ചു മിനിറ്റ് സ്റ്റില്‍. അവസാനം വര്‍ക്കിച്ചന്‍ തന്നെ വാ തുറന്നു, “അച്ചാ കര്‍ത്താവിനെതിരായി ഞാന്‍ തെറ്റൊന്നും  ചെയ്തിട്ടില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെമ്മാടിത്തരം കാണിക്കുന്ന നിങ്ങള്‍ക്കെതിരായിട്ടാ. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നുമില്ല.” ഏതായാലും ഉടന്‍ തന്നെ അച്ചന്‍ വര്‍ക്കിച്ചന് കുര്‍ബാനയും കൊടുത്തു.

അച്ചനും വര്‍ക്കിച്ചനും തമ്മില്‍ എന്തോ വാക്കുതര്‍ക്കം പോലെ നടന്നത്  പള്ളിയില്‍ ഇരുന്നവര്‍ മുഴുവന്‍ ശ്രദ്ധിച്ചു. കുര്‍ബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര് വര്‍ക്കിച്ചന്‍റെ ചുറ്റും കൂടി. അവരോടായിട്ടാണ് വര്‍ക്കിച്ചന് പ്രസംഗിക്കേണ്ടി വന്നത്.

വര്‍ക്കിച്ചന്‍ പറഞ്ഞതിന്‍ പ്രകാരം എത്ര മുദ്രപത്രങ്ങളും പ്രമാണങ്ങളും മോനിക്കാ ഒപ്പിട്ടുകൊടുത്തിട്ടുണ്ടെന്നു ആര്‍ക്കും അറിയില്ല. ഒന്നിന്‍റെയും പകര്‍പ്പ് മോണിക്കയുടെ കൈയ്യില്‍ ഇല്ലത്രെ. രൂപതാ മാര്‍ച്ചിനു വേണ്ടി തലേന്ന് തന്നെ കാഞ്ഞിരപ്പള്ളിയില്‍ ഒരുക്കം നടത്തിയിരുന്നുവെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. ഏതാണ്ട് എല്ലാ കടകളിലും കയറി 500 ഓളം മോനിക്കാ സ്പെഷ്യല്‍ സത്യജ്വാല വിതരണം ചെയ്തിരുന്നുവെന്നും പകല്‍ തന്നെ പട്ടണത്തില്‍ വിവിധയിടങ്ങളില്‍ വേണ്ടത്ര പോസ്ടര്‍ പതിച്ചിരുന്നുവെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. പക്ഷെ ആരോ പിറ്റേന്നു വെളുപ്പിനെ എല്ലാ പോസ്ടരുകളും നിക്കം ചെയ്തുവത്രേ. ഈ പ്രകടനത്തെ നേരിടാന്‍ നൂറിലേറെ യുവദീപ്തി പ്രവര്‍ത്തകരും ഗുണ്ടാകളും ഉണ്ടായിരുന്നുവെന്നും, പ്ലാക്കാര്‍ഡുകളും, ബാഡ്ജുകളും, മൈക്കിന്‍റെ കേബിളും ഇവര്‍ പറിച്ചെടുക്കുകയും പലരെയും മര്‍ദ്ദിക്കുകയും ചെയ്തെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. പ്രകടനക്കാരുടെ ആവശ്യങ്ങള്‍ കൃത്യമായി പ്ലാക്കാര്‍ഡുകളില്‍ എഴുതിയിരുന്നത് കൊണ്ട് ഒരു പ്രസംഗത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ലെന്നും ഈ ബഹളം മുഴുവന്‍ ആയിരക്കണക്കിന് യാത്രക്കാര്‍ കാണുന്നുണ്ടായിരുന്നുവെന്നും, രണ്ടാമത് നടന്ന തടയലും കുത്തിയിരിപ്പുമെല്ലാം കാണാന്‍ കാഞ്ഞിരപ്പള്ളി മുഴുവന്‍ അവിടെക്കൂടിയെന്നും ഏറെനേരം സര്‍വ്വ വഴികളും ബ്ലോക്കായെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. വര്‍ക്കിച്ചന്‍റെ തുടക്കിട്ട് ഒരു ചവിട്ടു കിട്ടിയെന്നും, ചവിട്ടിയത് മെത്രാന്‍റെ മുഖശ്ചായ ഉള്ള ഒരാളായിരുന്നെന്നും നല്ല മദ്യത്തിന്‍റെ  മണം അയാളില്‍ നിന്ന് വന്നെന്നും വര്‍ക്കിച്ചന്‍ പറഞ്ഞു. ഇനി ഉടന്‍ ചങ്ങനാശ്ശേരി അതിരൂപതയിലേക്ക് ഒരു മാര്‍ച്ചു നടത്തുമെന്നും, തടയാന്‍ ചുണയുള്ളവര്‍ തടയട്ടെയെന്നും പറഞ്ഞാണ് വര്‍ക്കിച്ചന്‍റെ പ്രസംഗം അവസാനിച്ചത്‌. ഇത് റിപ്പോര്‍ട്ട് ചെയ്ത സുഹൃത്തും പത്തു പേരും കൂടി ചങ്ങനാശ്ശേരിയില്‍ ഉണ്ടാവുമെന്നും സ്നേഹിതന്‍ പറഞ്ഞു.

വര്‍ക്കിച്ചന്‍ സംഗ്രഹിച്ചതനുസരിച്ചാണെങ്കില്‍ മെത്രാന്‍ ഗുണ്ടാകളെ ഇറക്കാതിരുന്നെങ്കില്‍ അധികം ആരും അറിയാതെ പോകേണ്ട ഒരു കൊച്ചു പ്രകടനം, ആയിരങ്ങളെ പങ്കെടുപ്പിച്ചു വിജയിപ്പിച്ചു തന്ന കാഞ്ഞിരപ്പള്ളി മെത്രാനോളും തിരുമണ്ടന്‍ 2012 ഇല്‍ ഉണ്ടായിരിക്കാന്‍ ഇടയില്ലത്രേ. 

1 comment:

  1. ആകെപ്പാടെ പുകിലുകളാണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്‌. അവസാനത്തെ സംഭവം ഇങ്ങനെ. വൈദികന്റെ വേഷത്തില്‍ അരുവിത്തുറ പള്ളിയിലെത്തി ധ ധനസഹായം ആവശ്യപ്പെട്ട പ്രിന്‍സ് മാത്യു പുതുക്കിരിയില്‍ താന്‍ സലേഷ്യന്‍ ആണെന്നും ഒറീസ്സയില്‍ മിഷന്‍ പ്രവര്‍ത്തനമാണെന്നുമാണ് പറഞ്ഞത്. വൈദികന്റെ വേഷംതന്നെ തട്ടിപ്പിന് ഏറ്റവും ചേര്‍ന്നതായി പരിണമിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇനിയിപ്പം അച്ചന്മാരുടെ ളോഹയും മെത്രാന്റെ തിളങ്ങുന്ന അന്കികളുമൊക്കെ കളവു പോകാന്‍ സാധ്യതയുണ്ട്. അറക്കലിന്റെ വേഷത്തില്‍ അല്പം മേയ്ക്കപ്പ് ചെയ്ത് ഒരു കാറില്‍ കൊടിയും വച്ച് പാഞ്ഞുപോയാല്‍ പോലീസ് പോലും തടയുകയില്ല.അത്രയ്ക്ക് ജനപ്രീതി നേടിയിരിക്കുന്നു നമ്മുടെ നല്ല ഇടയന്മാര്‍.

    ReplyDelete