Translate
Tuesday, December 18, 2012
ചതിക്കുന്നത് സഭയോ, പുരോഹിതനോ?
പൌരാഹിത്യ ഞാണിന്മേല്‍ കളിക്കുന്ന വില്ലന്മാരായ പുരോഹിതരുടെയിടയില്‍ നിശബ്ദമായി സേവനം ചെയ്യുന്ന നല്ലവരായ പുരോഹിതരും സമൂഹത്തില്‍ ഉണ്ടെന്നുള്ളകാര്യം ക്രിസ്തുമസ് ദിനത്തില്‍ നാം ഓര്‍ക്കേണ്ടതായി ഉണ്ട്. ആധുനിക ജീവിതമുന്നേറ്റത്തില്‍ അത്തരക്കാരെ കണ്ടുമുട്ടുക പ്രയാസമാണെങ്കിലും മനസാക്ഷിക്കെതിരായി പ്രവര്‍ത്തിക്കാത്തവരുമുണ്ട്. എന്നാല്‍ അവരുടെ ജീവിത നിലവാരത്തിലേക്ക് പോയാല്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന അത്തരം പുരോഹിതരുടെ അവസ്ഥ തികച്ചും ശോചനീയവുമാണ്.
അഴിമതികളും കൊള്ളകളും നിറഞ്ഞ സമൂഹത്തിന്റെ ഒഴുക്കില്‍ കപടതയറിയാത്ത ജീവിക്കുവാന്‍ മറന്നുപോവുന്ന നല്ല പുരോഹിതരുമുണ്ട്. കഴിഞ്ഞ തലമുറകളില്‍ അന്നന്നുള്ള അപ്പവുമായി ജീവിക്കുന്ന അനേക പുരോഹിതരെ കാണാമായിരുന്നു. അക്കാലങ്ങളില്‍ ഭേദപ്പെട്ട കുടുംബങ്ങളില്‍ നിന്നുമായിരുന്നു പുരോഹിതര്‍ സാധാരണ സഭാ സേവനത്തിനായി ഇറങ്ങാറുണ്ടായിരുന്നത്. കാലംമാറി, ഇന്ന് സമൂഹത്തിനു താഴെക്കിടയിലുള്ള സംസ്ക്കാരരഹിതരായ ഏതു യാചക കുടുബത്തില്നിന്നു വന്നവനും പുരോഹിതന്‍ ആകുവാന്‍ സാധിക്കും. അത്തരക്കാരാണ് പള്ളിയുടെ സ്വത്ത് കയ്യിട്ടു വാരുന്നതും മെത്രാനെയും കര്‌ദ്ദിനാളിനെവരെ നിയന്ത്രിക്കുന്നതും.
തെരഞ്ഞെടുത്തപ്പോള്‍ ഉത്തമനെന്നു പേരുകേട്ടിരുന്ന ഒരു കര്‍ദ്ദിനാള് നമുക്കുണ്ട്. എന്നാല്‍ കര്‍ദ്ദിനാള്‍ എന്ന വ്യക്തി പണ്ഡിതനും നല്ലവനുമായാല് പോരാ താപ്പാനകളായ ഇന്നത്തെ കാഞ്ഞിരപ്പള്ളി, തൃശ്ശൂര്‍ രൂപതപോലുള്ള മെത്രാന്മാരെ നിയന്ത്രിക്കുവാനും പഠിക്കണം. ഈ മെത്രാന്മാരുടെ കുടുംബ പാശ്ചാതലം വ്യക്തമല്ലെങ്കിലും സുഖകരമല്ലാത്ത സേവനമായിരുന്നു അവര് കഴിഞ്ഞ കാലങ്ങളില്‍ സഭയ്ക്ക് കാഴ്ചവെച്ചത്.
അതുപോലെ സഭയുടെ തുശ്ചമായ ശമ്പളത്തില്‍ ജീവിക്കുന്ന പുരോഹിതരുമുണ്ട്. അവരുടെ ക്ഷേമാന്വേഷണം എന്നെങ്കിലും മണിമാളികയില്‍ വസിക്കുന്ന തിരുമെനിമാര് അന്വേഷിക്കുന്നുണ്ടോയെന്നും സംശയമാണ്. കുടുംബത്തില്‍നിന്ന് ലഭിച്ച ചിട്ടയായ ജീവിതാനുഷ്ടാനങ്ങള്‌മൂലം സഭാസ്വത്തുക്കള്‍ കയ്യിട്ടു വാരുവാന്‍ നല്ലവരായ പുരോഹിതര്‍ മെനക്കെടാറുമില്ല. മാമ്മൊദീസ്സ , കല്ല്യാണം എന്നിങ്ങനെയുള്ള ചടങ്ങുകളില്‍ അല്മെനികളെ പിഴിഞ്ഞ് കീശയില് നിറക്കുവാനും ഇങ്ങനെയുള്ള പുരോഹിതര്‍ ശ്രമിക്കുകയുമില്ല.
കൈവശം പത്തു കാശുള്ളവരെ കാണുമ്പോള്‍ അത്യാഗ്രഹികളായ കത്തനാന്മാരുടെ ചിരിക്കു ഒരു പ്രത്യേകതയും ഉണ്ട്.അനുഭവസ്ഥര്‌ക്കു മാത്രമേ അയാളുടെ കപട ചിരി മനസിലാവുകയുള്ളൂ. ഒരു പ്രവാസി നാട്ടില് വന്നാല്‍ പള്ളിയില്‍ വരുവാന്‍പോലും ഭയപ്പെടുന്നു. കുര്‍ബാന ചെല്ലുമ്പൊളും ബലിപീഡത്തിലല്ല ശ്രദ്ധ. ആദ്യം വിദേശകൊച്ചമ്മയുടെ സാരിയിലും പിന്നെ അവരുടെ കൂടെ നില്‍ക്കുന്നവന്റെയും. കൊച്ചമ്മ പുരോഹിതനില്‍ ഭ്രമിച്ചുപോയാല് അയാളുടെ ഒരു വര്‍ഷത്തെ സേവനം വെള്ളത്തിലായെന്നും തീര്‍ച്ച.
എന്നാല്‍ കള്ളത്തരം അറിയാത്ത ചില പുരോഹിതരുടെ ജീവിതരീതികളും പരിതാപകരമാണ്. ഇവിടെ ഒരു ചോദ്യം ഉയരുന്നു. ചതിക്കുന്നത് സഭയോ, പുരോഹിതനോ? പുരോഹിതന്‍ സഭാസ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്നതായി പല കഥകള്‍ നാം കേള്‍ക്കുന്നുണ്ടെങ്കിലും അങ്ങനെയല്ലാത്തവരുടെ ജീവിതം കഷ്ടവുമാണ്. ഇവരെ ചതിക്കുന്നത് സഭയാണ്. ഇത്തരക്കാര്‍ക്ക് സഭാസ്വത്തുക്കള്‍ കവര്‍ന്നു മാറ്റുവാന്‍ അറിയത്തില്ല. പള്ളിവക സ്വത്തുക്കള്‍ മാര്‍ക്കറ്റു വിലയേക്കാളും വിറ്റു ഇടലാഭം വെട്ടാനും ഇവര്‍ക്കറിയത്തില്ല. മനസാക്ഷിയെ വഞ്ചിക്കുവാനും അറിയത്തില്ല. കൂട്ടുവൈദികരും കേസ്സില്ലാവക്കീലുമൊത്തു ഭൂമി വെട്ടിക്കാനും അറിയത്തില്ല. കുടുംബത്തില്‍ പിറന്ന ഇവര്‍ക്കു ആത്മാര്‍ഥമായ ഒരു ഹൃദയമുണ്ടായതാണ് മാമ്മോന്‍ ലഭിക്കാതെപോയ കാരണവും.
ഹൃദയ വിശാലമനസ്ക്കരായ ഇങ്ങനെയുള്ള പുരോഹിതര്‍ പൌരാഹിത്യത്തിന്റെ പ്രതിജ്ഞയും പാലിക്കും. ദാരിദ്രവ്രതം എടുത്ത ഇവര്‍ ചുറ്റുമുള്ള ദരിദ്രരെയും ഓര്‍ക്കും. വിശ്വാസമുണര്‌ത്തി സഭയുടെ ചൈതന്യം വീണ്ടെടുക്കുവാന്‍ ശ്രമിക്കും. സാധാരണ ജീവിതം നയിക്കുന്ന ഒരു പുരോഹിതന്റെ മാസശമ്പളം രണ്ടായിരം രൂപയും കുര്ബാനപ്പണം ഉപയോഗിക്കാവുന്നത് ആയിരം രൂപായെന്നും അറിയുന്നു. ഭക്ഷണവും താമസവും മെഡിക്കല്‍സൗകര്യങ്ങളും സൗജന്യമായിരിക്കും. ഇന്നുള്ള ജീവിതനിലവാരത്തില്‍ ഒരു പുരോഹിതന് ഈ തുക കൊണ്ട് ജീവിതം മുമ്പോട്ടു കൊണ്ടുപോവുക ബുദ്ധിമുട്ടും ആണ്. സഭയെ സത്യമായി വിശ്വസിച്ചു പോവുന്ന ഒരു പുരോഹിതന്‍ എങ്ങനെ മൂവായിരം രൂപയ്ക്കു ജീവിക്കുന്നുവെന്നും പരിഗണിക്കേണ്ടതുണ്ട്. മാനുഷ്യകപരിഗണയും ഇവിടെ ആവശ്യമാണ്.
ഇങ്ങനെ ദുഖകരമായ അവസ്ഥ പുരോഹിതന്‍ തരണം ചെയ്യുന്നതും അല്മായനു സഭാകാര്യങ്ങളില്‍ പങ്കില്ലാത്തതുകൊണ്ടല്ലേ? ധനകാര്യം സര്‍വ്വതും മെത്രാന്റെയും ശിങ്കിടികളുടെയും അധീനതയില്‍ ആയതുകൊണ്ടാണ് നല്ലവരായ പുരോഹിതര്‍ എന്നും സഭയില്‍ ദാരിദ്ര വ്രതം അനുഭവിക്കേണ്ടി വരുന്നതും. ബലഹീനനെ ശക്തിമാന്‍ കീഴ്പ്പെടുത്തി ഭരിക്കുകയെന്നുള്ളതും ലോകനിയമം ആണ്.
കിട്ടുന്ന വിഭവങ്ങള്‍ക്കനുപാതമായി ഇന്നത്തെ ജീവിതനിലവാരമനുസരിച്ചു കൂടുതല്‍ വൈദികക്ഷേമവും സേവനഫലവും അനുവദിച്ചാല്‍ നല്ല പുരോഹിതര്‍ക്ക് മെച്ചമായി ജീവിക്കുവാന്‍ സാധിക്കുകയില്ലേ? അത്തരം പുരോഗമനചിന്തകള്‍ നടപ്പിലാക്കണമെങ്കിലും സഭാകാര്യങ്ങളില്‍ ഇടപെടുവാന്‍ അല്മായനും സ്വാധീനം വേണം. പുത്തനായ ആശയങ്ങളുമായി രൂപം കല്‍പ്പിച്ച ചര്ച്ച് ആക്റ്റിനെ പിന്നെ പുരോഹിതര്‍ എതിര്‌ക്കുന്നതിന്റെയും യുക്തി മനസിലാകുന്നില്ല.
കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഭൂമി തട്ടിപ്പുകാര്‍ക്കും ചര്ച്ച് ആക്റ്റ് ഒരു കോടാലിയെങ്കിലും നല്ലവരായ പുരോഹിതര്‍ക്ക് ഈ നിയമ സംഹിതകൊണ്ട്ഗുണം ചെയ്യും. രഹസ്യമായിട്ടെങ്കിലും ചില നല്ല പുരോഹിതര്‍ ചര്ച്ച് ആക്റ്റിനെ അനുകൂലിച്ചു സംസാരിക്കുന്നുണ്ട്. അല്‍മായരുടെ സഭാ സ്വത്തിന്മേലുള്ള പങ്കാളിത്വത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്. സഭയ്ക്കുള്ളിലെ അഴിമതികളില്‍ അവര് മനം മടുത്തതാണ് കാരണവും. കുടുംബമായി ജീവിക്കുന്ന ഒരു മാതൃക അല്മായനു ഒരു മെത്രാനെക്കാളും പുരൊഹിതനെക്കാളും സ്വാഭാവികമായി മാനുഷിക പരിഗണനകളോടെയുള്ള മനസാക്ഷിയും ഉണ്ടായിരിക്കും. ആഡംബരത്തില്‍ കഴിയുന്ന ഒരു മെത്രാന് മനുഷ്യന്റെ സുഖദുഖങ്ങളില് പങ്കുചേരുവാനായി സമയം കാണുകയില്ല. അറിയുവാനും കഴിയുകയില്ല.
പുരോഹിതര്‍ക്ക് തങ്ങളുടെ വ്രതം ഉള്ളതുകൊണ്ട് അല്‍മായലോകത്തിലെപ്പോലെ വര്‍ധിച്ച ശമ്പളത്തിനായി മുറവിളി കൂട്ടുവാനും സാധിക്കുകയില്ല. ചില പുരോഹിതര്‍ക്ക് മേലാധികാരികളെ പഞ്ചാരവാക്ക് പറഞ്ഞു പണം അപഹരിക്കുവാനും അറിയാം. നിഷ്കളങ്കരായ പുരോഹിതര്‍ക്ക് അങ്ങനെ സ്വയം വ്യക്തിത്വം താഴ്ത്തി ജീവിക്കുവാനും അറിയത്തില്ല. ഒരു വശത്തു പുരോഹിതര്‍ സഭയെ ചതിക്കുകയും മറുവശത്തു സഭ പുരോഹിതരെ ചതിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടാണ് ഇന്ന് സഭയ്ക്കുള്ളില്‍ സംഭവിക്കുന്നതും.
അടുത്ത കാലത്ത് പൌരാഹിത്വം ഉപേക്ഷിച്ച ഒരു പുരോഹിതന്റെ കഥ വായിക്കുകയുണ്ടായി. ദാരിദ്രരേഖയുടെ താഴെകഴിയുന്ന പുരോഹിതരുടെ കഥ കേട്ടുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഞായറാഴ്ചത്തെ വരുമാനം ആവശ്യത്തിനു പുരോഹിതനും എണ്ണുന്നവനും വെട്ടിമാറ്റി കഴിഞ്ഞു ബാക്കിയുള്ളതേ സാധാരണ ഒരു പുരോഹിതന്‍ പള്ളിയെ എല്‌പ്പിക്കാറുള്ളൂവെന്നാണ്. ഈ വിവരം രൂപതാബിഷപ്പിനും അറിയാം. അത്തരക്കാരെ പേടിച്ചു ബിഷപ്പും കണ്ണ് അടക്കും. അല്ലെങ്കില്‍ ആ ബിഷപ്പിന്റെ പ്രതിച്ഛായ ഇല്ലാതാക്കുവാന്‍ പുരോഹിതന് കഴിവും ഉണ്ട്.
അപ്പൊസ്തൊലന്മാര് പങ്കിടുന്നതുപൊലെ സാധാരണ ഒരു പള്ളിയിലെ നേര്ച്ചപ്പണത്തിന്റെ വലിയ ഒരു പങ്കു പുരോഹിതന്‍ പോക്കറ്റിലിടും. അങ്ങനെയാണ് സ്വകാര്യജീവിതത്തില്‍ ആഡംബരമായി ഇവര്‍ക്ക് കഴിയുവാന്‍ സാധിക്കുന്നതും. കേരളസഭയിലെങ്കിലും, കുന്നുകൂടി ഇരിക്കുന്ന സഭയ്ക്ക് പണം എന്തുചെയ്യണമെന്ന് അറിയാന്‍ പാടില്ലാത്ത ആശയകുഴപ്പത്തിലാണ്. ചില പുരൊഹിതര്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ മറ്റുചിലര്‍ തന്തൂരിചിക്കനും മട്ടന്‍ബിരിയാണിയും അടിച്ചു വിലകൂടിയ കാറില്‍ സഞ്ചരിക്കുന്നു. ആധുനികടെക്കനോളജിയിലും ജീവിക്കുന്നു.
സഭയില്‍ അന്തസ്സായി പുരോഹിതര്‍ ജീവിക്കുന്നതില്‍ എതിരില്ല. എന്നാല്‍ ഈ നിസാരശമ്പളത്തില് എങ്ങനെ പുരോഹിതര്‍ക്ക് ആര്‍ഭാടമായി ജീവിക്കുവാന്‍ സാധിക്കുന്നുവെന്നാണ് മനസിലാകാത്തത്. പലരുടെയും വീടുകള്‍ ചെറ്റപ്പുരകള്‍ ആയതുകൊണ്ട് സ്വന്തം വീട്ടില്‍നിന്നും കൊണ്ടുവന്നു ആഘോഷമായി ജീവിക്കുന്നതെന്നു പറഞ്ഞാലും വിശ്വസിക്കുവാന്‍ പ്രയാസമാണ്.
രാഷ്ട്രീയത്തില്‍ ഇത്തരം ദുര്‍ഗന്ധം ഉണ്ട്. എങ്ങനെ ദൈവത്തിന്റെ സഭയില്‍ ഈ ദുര്‍ഗന്ധം വമിക്കുന്നതെന്നും മനസിലാകുന്നില്ല. നല്ലവരായ പുരോഹിതരെയും ഇടയശ്രേഷ്ഠനെയും ഇന്ന് കണ്ടു മുട്ടുക പ്രയാസമാണ്. പുരോഹിതര്‍ അനേകര്‍ ഭൌതികജീവിതം ആഗ്രഹിക്കുന്നവരും അഹങ്കാരികളും സ്വജനപക്ഷപാതികളും സ്വാര്‍ഥരുമായി കാണുന്നു. ഇവര്‍ പ്രസംഗിക്കുന്ന അന്തിവിധി ഇന്ന് അല്മായനു മാത്രമുള്ളതായി. വിധിയെ ഇവര്‍ക്ക് ഭയമില്ല. ഭയം അല്മായന്റെ ഉപബോധ മനസ്സില്‍ ഇടിച്ചു കയറ്റിയിട്ടുണ്ട്.
നല്ലവരായ പുരോഹിതര്‍ക്കും തങ്ങളുടെ സഹോദര സഹോദരികളടങ്ങിയ കുടുംബവും മാതാപിതാക്കളും ഉണ്ട്. പവിത്രമായ കൈകളില്‍ പൌരാഹിത്യം സ്വീകരിച്ച ഇവര്‍ മരിക്കുവോളം സഭയെ സേവിക്കണമെന്നും ചിന്തിക്കുന്നു. മാമ്മോനില്‍ മൂടികിടക്കുന്ന സഭാശ്രേഷ്ഠന്മാരുടെ കണ്ണുകള്‍ തുറക്കേണ്ടത് വിശുദ്ധ ജീവിതം നയിക്കുന്ന പുരോഹിതരുടെ ക്ഷേമത്തിനായിട്ടായിരിക്കണം. ഇന്നുള്ള ജീവിതനിലവാരത്തില്‍ എളിമയും സത്യവും തത്ത്വങ്ങളായി ജീവിക്കുന്ന പുരോഹിതരെ കണ്ടുപിടിച്ചു മാസം പതിനായിരം രൂപയെങ്കിലും അവര്‍ക്ക് വരുമാനം ഉറപ്പാക്കണം. പുരോഹിതര്‍ സഭയെ ചതിക്കുന്നുണ്ടെങ്കിലും സഭയുടെ ചിട്ടകളും നിയമങ്ങളും അനുസരിച്ച് ജീവിക്കുന്ന പുരോഹിതരെ സഭ ഒരിക്കലും ചതിക്കുവാന്‍ പാടില്ല.
Subscribe to:
Post Comments (Atom)
അല്മാിയാ ശബ്ദത്തിലും, സത്യജ്വാലയിലും ഞാന്‍ എഴുതാറുണ്ട് - ആരെയും തോല്പ്പി ക്കാനുമല്ല, ജയിക്കാനുമല്ല. ‘സ്വേശ്ചാധിപത്യം മഹാപാപം’ എന്ന് സ്നേഹാനന്ദ ജ്യോതി എഴുതി. പല കാരണങ്ങള്ക്കൊ ണ്ടും, ദൈവം തന്ന സ്വാതന്ത്ര്യം നാം ഉപയോഗിക്കാതെ അറിഞ്ഞുകൊണ്ട് അജ്ഞതയില്‍ കഴിയുന്നു. അത് അതിനേക്കാള്‍ വലിയ ഒരു പാപമാണെന്നാണ് എന്റെ് പക്ഷം. യേശുവിന്റെേ വചനങ്ങളുടെ അന്തരാര്ത്ഥപങ്ങളിലേക്ക് ഒരാള്‍ ഇടം വലം നോക്കാതെ ഇറങ്ങിയതുകൊണ്ട് ആ വ്യക്തിക്ക് നേട്ടമേ ഉണ്ടാവൂ. ‘ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത് പോകാനും പാടില്ല’. രക്ഷയുടെ കാര്യത്തില്‍ അങ്ങിനെയൊന്നു സാധ്യമല്ല – compromise/adjust തുടങ്ങിയ വാക്കുകള്‍ വി.ഗ്രന്ഥത്തില്‍ ഇല്ല താനും. ഉള്ളിലേക്ക് നോക്കുകയും സമഗ്രമായ ഒരു നവീകരണത്തിനു തയ്യാറെടുക്കുകയും ചെയ്യാന്‍ മറ്റുള്ളവര്ക്ക് കാരണമായാല്‍ അത് വലിയൊരു വചന പ്രഘോഷണമായാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് സാമൂഹ്യമായി വന്നേക്കാവുന്ന ക്ഷതങ്ങളെ ഞാന്‍ ഗൌനിക്കാറെയില്ല.
ReplyDeleteസാക് ചൂണ്ടിക്കാണിച്ചതുപോലെ എല്ലായിടത്തും തോരണം ഒട്ടിച്ച സംഭവങ്ങള്ക്കൊ ണ്ട് നാം എഴുതിക്കൂട്ടിയ ചരിത്രം മിന്നും; പക്ഷെ മിന്നുന്നതെല്ലാം പൊന്നായിരിക്കില്ലല്ലോ. ഈ ഇന്ത്യ മഹാരാജ്യത്ത് ഒരു വന്ദ്യ തിരുമേനി ദീര്ഘ യാത്ര പോയ ഒരു സംഭവമുണ്ട്. ഇടയ്ക്കു അദ്ദേഹത്തിനു വല്ലാത്ത മൂത്ര ശങ്ക ഉണ്ടായി - സ്ഥാനത്തിനൊത്തപോലെ കാര്യം സാധിക്കാന്‍ സൌകര്യമില്ലാത്ത സ്ഥലങ്ങളും. അവസാനം അദ്ദേഹത്തെ ബ്ലാഡര്‍ പൊട്ടി ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ശ്രി. ജൊസഫ് മാത്യു പറഞ്ഞതുപോലെ യേശുവെന്ന ഊര്ജ്ജംപ ഉള്ളില്‍ നിറച്ച നിരവധി നല്ല വ്യക്തികള്‍ വൈദികരായും കന്യാസ്ത്രികളായും ഇവിടെത്തന്നെ ഉണ്ട്. കുറഞ്ഞൊരു കൂട്ടരുടെ പെരുമാറ്റ ദോഷത്തില്‍ അവര്‍ ദു:ഖിതരുമാണ്.
അല്മായാ ശബ്ദത്തിലൂടെ നല്ല നല്ല ചിന്തകള്‍ പങ്കുവെക്കുക. ചോദ്യങ്ങളും അഭിപ്രായങ്ങളും ഇരുട്ടില്‍ നിന്നല്ല വരേണ്ടതെന്നു കൂടി ഓര്ക്കു്ക. അജ്ഞാതരോട് മറുപടി പറഞ്ഞു സമയം കളയേണ്ടാ എന്ന് തന്നെയാണ് ഞാനും നിര്ദ്ദേനശിക്കുന്നത്. യേശുവിനെ ഗുരുനാഥനായി കാണുകയും ആ സ്നേഹം ഉള്ളിലേക്ക് ആവഹിച്ച്, ഏതു ദരിദ്രന്റെയും കാലുകളും പാദുകങ്ങളും തുടക്കാന്‍ മാത്രം താഴ്ന്നവരുമായ, ഭൂമിയിലെ ഒന്നുമല്ലാത്തവരോടൊപ്പം നമുക്കീ ക്രിസ്മസ് ആഘോഷിക്കാം.