Translate

Friday, December 28, 2012

നമുക്ക് കുമ്പളങ്ങിക്കു പോകാം

കാഞ്ഞിരപ്പള്ളി പ്രകടനത്തിന്റെ ആധിയും വ്യാധിയും കഴിഞ്ഞ് ഉടനേ തന്നെ മനം കുളിര്‍പ്പിക്കുന്ന ചില കാഴ്ചകള്‍ കാണാന്‍ നമുക്ക് കുമ്പളങ്ങിക്കു പോകാം. അവിടെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ഇതുവരെ ക. സഭയില്‍ നടന്ന 103 അത്ഭുതങ്ങളുടെയും അവയുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളുടെയും പ്രദര്‍ശനം ഉണ്ട്. കൊച്ചി മെത്രാന്‍ കരിയില്‍ തന്നെ ഉത്ഘാടനം നടത്തും. ദീപികയുടെ റിപ്പോര്‍ട്ടനുസരിച്ച് അവിടെ കാണാന്‍ വച്ചിരിക്കുന്നവ ഏതൊക്കെ സാധനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ വിശ്വാസം നൂറിരട്ടി വികസിക്കും. വെറും സാധാരണ വിശ്വാസിക്ക് സ്വാസംമുട്ടുവരെ ഉണ്ടാകാം. ലോകത്തില്‍ പലേടത്തായി മാംസമായിത്തീര്‌ന്ന ഓസ്തി, രക്തമായിത്തീര്‌ന്ന വീഞ്ഞ്, അറിമത്തിയാ ജോസഫ്‌ എടുത്തു സൂക്ഷിച്ചിരുന്ന യേശുവിന്റെ ചോര, അന്ത്യ അത്താഴത്തില്‍ ഉപയോഗിച്ച കാസ, യേശുവിനെ കുത്തിയ കുന്തം, കുരിശില്‍ തറക്കാനുപയോഗിച്ച ആണികള്‍, പൊതിഞ്ഞ വസ്ത്രത്തിന്റെ ഒരു കഷണം എന്നിങ്ങനെ പോപ്പിന്റെ പോലും കൈയില്‍ കിട്ടാനിടയില്ലാത്ത വിശുദ്ധ വസ്തുക്കള്‍ നമ്മുടെ മെത്രാന്മാരുടെ മേളില്‍ പിടുത്തം വഴി സ്ഥലത്തെത്തിയിട്ടുണ്ട്. എന്താ പോരേ പൂരം? ഇങ്ങനെയാണ് നമ്മള്‍ മാര്‍ത്തോമ്മ ക്രിസ്ത്യാനികള്‍ വിശ്വാസം കാത്തു സൂക്ഷിക്കുന്നത്. മറ്റു നാടുകളില്‍ ഉള്ളവര്‍ അസൂയപ്പെട്ടു നോക്കുന്നുണ്ടാവണം.
1907വരെ നടന്ന അത്ഭുതങ്ങളുടെ കാര്യമേ ദീപിക പറയുന്നുള്ളൂ. അത് കഴിഞ്ഞാണല്ലോ കേരളത്തില്‍ മാത്രം ആയിരക്കണക്കിന് അത്ഭുതങ്ങള്‍ വി. വട്ടായി തന്നെ നടത്തിയിട്ടുള്ളത്. അവയുടെ സാമ്പിളുകളും കൂടി ചേര്‍ത്തിരുന്നെങ്കില്‍ സംഗതി ബഹു ഗംഭീരമായിരുന്നെനെ. ആരുടെയെങ്കിലും വീട്ടില്‍ നടന്ന അത്ഭുതങ്ങളുടെ ഫോട്ടോ, സാമഗ്രികള്‍ എന്നിവ ഉണ്ടെങ്കില്‍, കരിയില് മെത്രാന്റെ പ്രത്യേക അനുവാദം വാങ്ങിയിട്ട് അവിടെ മുറ്റത്തെങ്ങാനും പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചേക്കും. വിശ്വാസവര്‍ഷത്തിന് ഒരു മുതല്‍ക്കൂട്ടാകട്ടെ.

No comments:

Post a Comment