Translate

Monday, December 31, 2012

അവര്‍ കളിക്കട്ടെ

മറക്കാന്‍ കഴിയാത്ത അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് 2012 സാവധാനം കടന്നുപോയി. ഡിസംബര്‍ അവസാനം വിനയസാഗര്‍ എന്നൊരു കൊച്ചു സാത്വികനെ ഞാന്‍ കണ്ടുമുട്ടി - മുപ്പതു തികഞ്ഞിട്ടില്ല ഉറപ്പ്. ഒരു പാലക്കാടന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷിജു – ഇന്ന് സ്വാമി ഡോ. വിനയസാഗര്‍. സ്വന്തം സഭയില്‍ ആത്മാവിനെ വളര്‍ത്താമെന്ന് അദ്ദേഹത്തിനു വ്യാമോഹമില്ല. പക്ഷെ യേശുവെന്ന മഹാ ഗുരുവിനെ ഹൃദയത്തിലേന്തി ഇന്ന് ലോകമാകെ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നടത്തുന്നു. സ്വാമി സച്ചിദാനന്ദ ഭാരതിയെ ദീര്‍ഘനാളായി ഞാന്‍ അറിയും, ഇന്ത്യന്‍ വ്യോമസേനയിലെ പ്രശംശ പിടിച്ചുപറ്റിയ ഓരോഫിസര്‍ ആയിരുന്നദ്ദേഹം. സത്യം തേടി അദ്ദേഹം വര്‍ഷങ്ങളോളം ലോകമൊട്ടാകെ അലഞ്ഞു – പക്ഷെ, മാമ്മോദിസാ മുക്കിയ സഭയിലേക്ക് അദ്ദേഹവും മടങ്ങിയില്ല, യേശുവെന്ന സദ്‌ഗുരുവിനെ ഉപേക്ഷിച്ചതുമില്ല. അദ്ദേഹം ഒരു സംഭവ കഥ പറഞ്ഞു - പാലക്കാട് ജില്ലയില്‍ പ്രമുഖനായ ഒരു അബ്കാരി കൊണ്ട്രാക്ടറുടെ മകളായി ജനിച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥ. അപ്പന്‍ ഊറ്റിക്കൊടുത്ത മദ്യം സേവിച്ചു, ബോധമില്ലാതെ പല വിക്രിയകളും കാട്ടിക്കൂട്ടിയ അനേകം വൈദികരെ അവര്‍ നേരില്‍ കണ്ടു. പുരോഹിത വര്‍ഗ്ഗത്തോടുള്ള അവരുടെ പക അവര്‍ ആശിര്‍വ്വദിക്കുന്ന വിവാഹം പോലും തനിക്കു വേണ്ടായെന്ന കടുത്ത തിരുമാനം എടുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഒരു ഹിന്ദുവിനെ അവര്‍ വിവാഹം കഴിച്ചു – പക്ഷെ യേശുവിനെ  വിട്ടില്ല. പാലക്കാട്ടെ ഒരു അറിയപ്പെടുന്ന ജിവകാരുണ്യ പൊതു പ്രവര്‍ത്തകയാണവരിന്ന്. യേശുവും ഇന്നത്തെ സഭയും ഒത്തുപോകുന്നില്ലെന്ന് തിരിച്ചറിഞ്ഞവര്‍ നിരവധിയാണെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഞാനിവരെ പരിചയപ്പെടുത്തിയത്. 

കാഞ്ഞിരപ്പള്ളി സംഭവങ്ങള്‍ അറിഞ്ഞ സച്ചിദാനന്ദജി ചോദിച്ചു, “ഇത് ചതിയല്ലേ?” ഞാന്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹം തുടര്‍ന്നു, “കുട്ടികളുടെ കൈയ്യില്‍ നിന്ന് കളിക്കോപ്പ് തട്ടിപ്പറിച്ചാല്‍ അവര്‍ കരയും, ബഹളം വെക്കും. വൈദികര്‍ക്കു പിരിവും പള്ളി പുതുക്കിപ്പണിയലും ഒരു കളിയാണ്, അവര്‍ കളിക്കട്ടെ. ആദ്ധ്യാത്മികമായി അവര്‍ വളര്‍ന്നിട്ടില്ല.” എന്‍റെ കാര്യം പറഞ്ഞാല്‍, നാം വിശ്വാസത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ശരിയല്ലായെന്ന് ഉത്തമ ബോധ്യം വന്നപ്പോളാണ്, ശരി അന്വേഷിച്ചു ജിവിത യാത്രക്കിറങ്ങിയത്. ആ യാത്രയില്‍ അനേകം സാത്വികരെ കണ്ടു – ഞാന്‍ കണ്ടതല്ല ശരിയെന്ന് ആരും പറഞ്ഞില്ല. ‘സാരാംശ’ത്തിലൂടെ ഞാന്‍ പങ്കു വെയ്ക്കുന്നത് എന്‍റെ ആശയങ്ങളെയല്ല, നിരവധി ജ്ഞാനികളില്‍ നിന്ന് ഞാന്‍ നേരിട്ടു കേട്ട അറിവുകളാണവ.

സ്വാമി വിനയസാഗര്‍ പറഞ്ഞ ഒരു സത്യം എന്‍റെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. അദ്ദേഹം പറഞ്ഞു, ‘സത്യം മനസ്സിലാക്കിയവര്‍ സഭക്കുള്ളില്‍ അനേകരുണ്ട്, പക്ഷെ അവരാരും പരസ്പരം കണ്ടുമുട്ടുന്നില്ല’. കാഞ്ഞിരപ്പള്ളിയില്‍ അല്മായാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുന്നേറ്റം സമാന മനസ്കരുടെ ഒരു കണ്ടുമുട്ടലായിരുന്നിരിക്കാം. കണ്ണൂര്‍ നിന്നും വയനാട്ടു നിന്നുമൊക്കെ ഈ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെക്കാളൊക്കെ എന്നെ പിടിച്ചുകുലുക്കിയത് ഇന്ദുലേഖാ  ജൊസഫ് എന്ന കൊച്ചു മിടുക്കിയാണ്. ഇരുന്നൂറോളം യുവദീപ്തി പ്രവര്‍ത്തകര്‍ പ്രകടനത്തിന് നേരെ അക്രമാസക്തരായി ഇരച്ചു കയറിയപ്പോള്‍, ഇടയില്‍ നിന്നും മുന്നിലേക്ക്‌ ചാടിക്കയറി കൈ വിരിച്ചു പുഞ്ചിരിച്ചു നിന്ന ഇപ്പന്‍ സാറിനെയും ഇന്ദുലേഖാ ജോസഫിനെയും കണ്ട്, അക്രമാസക്തരായി വന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ പകച്ചു നിന്നുപോയി. ഈ തേര്‍വാഴ്ചക്ക് ഇരയായിട്ടു പോലും, പ്രകടനത്തില്‍ നിന്ന് ആരും മാറിയതുമില്ല, ആത്മസംയമനം കൈവിട്ടതുമില്ല. അത് സര്‍വ്വരെയും അമ്പരപ്പിച്ചു കളഞ്ഞു. യേശുവിന്‍റെ പേരില്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്നുള്ള അധികാര വര്‍ഗ്ഗത്തിന്‍റെ മനസ്സിലിരുപ്പിനു നേരെയാണ് – വിശ്വാസികള്‍ നെഞ്ചുവിരിച്ചു നിന്നത്.

കേരളാ കത്തോലിക്കാ സഭയില്‍ വിമത സ്വരം അതിവേഗം ശക്തിപ്രാപിക്കുന്നത് 2012 ന്‍റെ പ്രത്യേകത ആയിരുന്നു. നല്ലപോലെ ഗൃഹപാഠം  ചെയ്തു തയ്യാറാക്കിയ തിരകഥ ഓരോ അഭിനേതാക്കളും അവിസ്മരണിയമാക്കി – കാഞ്ഞിരപ്പള്ളി മുന്നേറ്റം ചരിത്രത്തിന്‍റെ ഭാഗവുമായി. ശ്രി ജൊസഫ് പുലിക്കുന്നന്‍ ഒരിക്കല്‍ പറഞ്ഞത് എത്ര ശരി, “ജോസഫേ, അധികാരത്തില്‍ സ്നേഹവുമില്ല, സ്നേഹത്തില്‍ അധികാരവുമില്ല.” അധികാരം പ്രവൃത്തിയിലും സ്നേഹം സംസാരത്തിലുമായി ഒരു പ്രസ്ഥാനത്തിനും നിലനില്‍ക്കാനാവില്ല – അനിവാര്യമായ ദുരന്തത്തിലേക്കാണ് സഭ ഇന്ന് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് സ്പഷ്ടം. ഒത്തു തീര്പ്പുകള്‍ക്ക് ഈ മുന്നേറ്റത്തില്‍ സ്ഥാനമേയില്ല. യേശുവും മിനുക്ക്‌ പണികളിലല്ല വിശ്വസിച്ചത് – സ്ലാബിന്മേല്‍ സ്ലാബു ശേഷിക്കാതെ കോണ്ക്രിറ്റ് കൊണ്ടുള്ളത് അപ്പാടെ തകര്‍ത്താലെ വചനം കൊണ്ടുള്ളത് പണിയാനുമാവൂ. ഈ പുതു വര്‍ഷം നമുക്കനേകം നാഴികകല്ലുകള്‍ പിന്നിടെണ്ടതുണ്ട്. യേശുവിന്‍റെ വചനങ്ങളായിരിക്കട്ടെ നമ്മുടെ മാര്‍ഗ്ഗ ദീപം. എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നു.    

2 comments:

  1. മറ്റപ്പള്ളി സാറിനോടും സ്വാമി സച്ചിദാനന്ദ ഭാരഥിയോടും വിയോജിക്കാതെ വയ്യല്ലോ. ഈ ജീവിതംതന്നെ കളിയാണെന്ന(ജീവിതം ലീല) വേദാന്തദര്‍ശനമാണ് വൈദികര്‍ക്ക് പിരിവും പള്ളിപുതുക്കിപ്പണിയലും ഒരു കളിയാണ് എന്ന പ്രസ്താവനയിലേക്ക് സ്വാമിജിയെ നയിച്ചത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഒന്നോര്‍ക്കണം. ഓരോ കളിക്കും അതിന്‍റേതായ നിയമമുണ്ട്. അവ പരസ്പരം സമ്മതിച്ചാണ് രണ്ടു ടീമുകള്‍ പരസ്പരം കളിക്കാനിറങ്ങേണ്ടത്. അങ്ങനെ കളിക്കളത്തിലിറങ്ങിയ ടീമുകളില്‍ ഒരു ‍കക്ഷി, നിയമങ്ങള്‍ ഏകപക്ഷീയമായി തിരുത്തി പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ കളി കാര്യമായി മാറുന്നത് സ്വാഭാവികമാണ്. വൈദികര്‍ യേശുക്രിസ്തുവിന്‍റെ ഉദ്ബോധനങ്ങള്‍ക്കനുസരിച്ച് കളിക്കേണ്ടതിനു പകരം അല്മായരുടെ ജീവനും സ്വത്തും വരെ കൈയേറി കളിക്കുന്പോള്‍ നിസ്സംഗമായി പ്രതികരിക്കാതിരിക്കുന്നത് ധര്‍മച്യുതിതനന്നെയാണ്. മഹാഭാരതത്തില്‍ ഭഗവദ്ഗീത എന്നൊരു ഭാഗമുള്ളത് വിഭാവനം ചെയ്യപ്പെട്ടത് അര്‍ജുനന്‍ ഇതുപോലെ ധര്‍മഭീരുവായ ഒരു സന്ദര്‍ഭത്തിലായിരുന്നു എന്നുമാത്രമേ എനിക്കു സ്വാമിജിയോടും ജോസഫ് മറ്റപ്പള്ളി സാറിനോടും ഓര്‍മിപ്പിക്കാനുള്ളു.

    ReplyDelete
  2. സാക്കിന്‍റെ വിയോജിപ്പ് സച്ചിദാനന്ദ ഭാരതിയുടെ കാര്യത്തില്‍ എനിക്കുമുണ്ട്. പക്ഷെ അദ്ദേഹം സൂത്രം പറഞ്ഞ് അലസനായിരിക്കുകയല്ല. ഇയ്യിടെ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ മുഖ്യ പ്രബന്ധം അവതരിപ്പിച്ചത് അദ്ദേഹമാണ്. കാര്യ കാരണ സഹിതം പലതും അവരെ ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നാഗ്പ്പൂര്‍ രൂപതയില്‍ സഭ വിഭാവനം ചെയ്ത പല ബ്രഹുത് പദ്ധതികള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും അദ്ദേഹമാണ്. നമ്മുടെ സഭാധികാരികള്‍ ആദ്ധ്യാത്മികതയുടെ കാര്യത്തില്‍ വെറും കുട്ടികളാണെന്നാണ് സ്വാമിജി ഉദ്ദേശിച്ചത്. കുട്ടികളുടെ കളികളില്‍ എന്ത് നിയമം?

    അധര്‍മ്മത്തിനെതിരായ പോരാട്ടത്തില്‍ എന്നും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവും. സമൂഹത്തിന്‍റെ വളര്‍ച്ചക്ക്, ഒരു വ്യത്യസ്ത ചിന്താധാര വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ 'Indian Thoughts' ലൂടെ എട്ട് വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ ചെയ്യുന്നു. ആ സന്ദേശം ഓരോ ദിവസവും അനേകായിരം മെയില്‍ ബോക്സുകളില്‍ എത്തുന്നു.

    ReplyDelete