Translate

Saturday, December 22, 2012

കല്ലറങ്ങാടന്റെ ദൈവികശാസ്ത്രവും അല്‍മായദൈവവും


ദൈവശാസ്ത്രം ശൂന്യതയിലെ ഇരുട്ടത്തു തപ്പിനടക്കുന്ന ഒരു അന്ധന്റെ മനസിലെ താളംതെറ്റിക്കുന്ന വഴികാട്ടിയാണ്. ഇതിനു ശാസ്ത്രമെന്നു പേരിട്ടത് ചിന്തിക്കുവാന്‍ കഴിവില്ലാത്ത പൌരാഹിത്യത്തിന്റെ ചുവടുവെച്ചു ജീവിച്ച ഏതോ സമൂഹം ആയിരിക്കാം. പാലാ ബിഷപ്‌ ശ്രീ കല്ലറങ്ങാട്ട് ദൈവപഠനത്തെ ദൈവശാസ്ത്രമെന്നും, അല്‍മായശാസ്ത്രമെന്നുമെല്ലാം പദപ്രയോഗങ്ങള്‍ നടത്തിയതായി കണ്ടു.

തെളിയിക്കുവാന്‍ സാധിക്കുന്ന പഠനത്തെയാണ്‌ ശാസ്ത്രമെന്നു പറയുന്നത്. ശാസ്ത്രവും ദൈവികപഠനവും പരസ്പര ബന്ധത്തില്‍ക്കൂടി ഒന്നായി കാണുവാന്‍ സാധിക്കുമോ? ശാസ്ത്രത്തില്‍ക്കൂടി ഗഗനഗോളങ്ങളുടെ ശൂന്യമായിരുന്ന അവസ്ഥാന്തര ഭാവഭേദങ്ങള്‍വരെ മനുഷ്യന്റെ ജ്ഞാനം കണ്ടെത്തി. അതില്‍ ദൈവശാസ്ത്രത്തിനു പങ്കില്ല. ജ്ഞാനം തേടി നടക്കുന്ന മനുഷ്യന്‍ സര്‍വതിന്റെയും ആരംഭം എങ്ങനെയെന്നും മനസിലാക്കികൊണ്ടിരിക്കുന്നു. ശൂന്യതയും അതിലെ പ്രതിഭാസങ്ങളും ശാസ്ത്രത്തിന്റെ കണ്ണുകള്‍കൊണ്ട് ഇന്ന് കാണുവാന്‍ സാധിക്കും. ഇല്ലെങ്കില്‍ പ്രതീക്ഷകള്‍ ഉണ്ട്. ഈ വിഷയങ്ങളില്‍ ദൈവപഠനങ്ങള്‍ക്ക് എന്ത് പറയുവാന്‍ സാധിക്കും.

ഭൂമിയുണ്ടായെതെങ്ങനെയെന്നു ദൈവവചനങ്ങള്‍ക്കു  നിര്‍വചനം കൊടുക്കുവാന്‍ സാധിക്കുമോ? ഉണ്ടാകട്ടെയെന്ന് ദൈവം കല്പ്പിച്ചെന്നു പഴയ നിയമത്തില്‍ കണ്ടാല്‍ അത് ശാസ്ത്രം ആവുകയില്ല. ഒരു മാജിക്കുകാരന്‍ പറയുന്നതിനു തുല്ല്യമേ ചിന്തിക്കുന്നവനു മനസിലാവുകയുള്ളൂ. ശാസ്ത്രത്തിന്റെ ഉപവിഭാഗമായി അല്‍മായശാസ്ത്രമെന്നുള്ള പുതിയ ഒരു തത്ത്വജ്ഞാനം ഭൂമിയില്‍ ഉള്ളതായും അറിവില്ല. ഈ പ്രസ്താവനകള്‍ ബിഷപ്പായ കല്ലറങ്ങാടിന്റെ അറിവുകേടായി കരുതിയാല്‍ മതി.

ദൈവത്തിന്റെ ആരംഭം എങ്ങനെയെന്നു ദൈവശാസ്ത്രത്തിനു പറയാമോ? പറയുവാന്‍ സാധിക്കാത്തിടത്തോളം തീയോളജി ഒരു ശാസ്ത്രം അല്ല. ഈ ദൌത്യം മറ്റു ശാസ്ത്രങ്ങളുടെതല്ല. ആദിയും അന്തവും അനാദിയെന്നും പറഞ്ഞാല്‍ ശാസ്ത്രത്തിനു മനസിലാവുകയില്ല. മനസിലാക്കണമെങ്കില്‌ ഒരുവന് ഐന്ദ്രിക ജ്ഞാനം വേണമെന്ന് പറയും. ഭൂമിയുടെ ആരംഭം എങ്ങനെയെന്നു ഭൌതിക ശാസ്ത്രത്തിനു പറയുവാന്‍ സാധിക്കും. പ്രപഞ്ച സൃഷ്ടിയുടെ ആരംഭ ത്തെയും ശാസ്ത്ര ത്തിന്റെ കാഴ്ചപ്പാടില്‍ അറിയുവാന്‍ സാധിക്കും. ഹൈട്രജന്റെ ഉത്ഭവത്തെയും നിര്‌വ്വചിക്കുവാന്‌സാധിക്കും. നിര്‌വ്വചിക്കുവാന്‍ സാധിക്കാത്തതു മാജിക്കുപോലെ വിശ്വസിക്കുകയെന്നു പറയുന്നതാണ് ദൈവശാസ്ത്രം. അവിടെയും ഇവിടെയുംനിന്ന് പുതിയ പഴയ നിയമങ്ങളില്‍ വചനങ്ങള്‍ അടര്‍ത്തിയെടുത്തു പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് മനസിലാകുകയില്ലെന്നും അറിയാം. വചനപ്രഭാഷകന്‍ ചിന്താശക്തി നശിച്ച അല്മേനിയുടെ ബൌധിക തലത്തിനുപരി വിജയിക്കുകയും ചെയ്യും.


 നക്ഷത്രങ്ങള്‍ രൂപന്തരപ്പെട്ടതെങ്ങനെയെന്നും ശാസ്ത്രം നിര്‍വചിക്കുന്നുണ്ട്. കെമിസ്ട്രിയും ഫിസിക്സും ബയോളജിയും വിശദീകരിക്കുവാന്‌ സാധിക്കും. ശാസ്ത്രങ്ങളുടെ മൗലിക തത്ത്വങ്ങളും മോളിക്കുളുകളും (molecules) അതിന്റെ സ്വയം വര്‍ദ്ധനകളും വിഭജിക്കലുകളും ജീവശാസ്ത്രത്തില്‍ വിവരണങ്ങള്‍ ഉണ്ട്. ജീവനും മനുഷ്യനും ഡാര്‍വിനീസവും മതഗ്രന്ഥങ്ങളെക്കാള്‍ ശാസ്ത്രം വിവരിച്ചിട്ടുണ്ട്. പൊള്ളയായ ദൈവശാസ്ത്രം പഠിച്ചാല്‍ നാം ശിലായുഗത്തില്‍ കല്ലറങ്ങാടന്റെ ലോകത്തില്‍ ഹരിനാമ കീര്‍ത്തനവും ഹല്ലേലുയാ ചൊല്ലിയും ജീവിക്കേണ്ടി വരും.
 ഇന്നുകാണുന്ന പ്രപഞ്ച രഹസ്യങ്ങളും വിജ്ഞാന മൗലിക ഭൌതികതത്ത്വങ്ങളും ലോകത്തിനു സമര്‍പ്പിച്ചത് ശാസ്ത്രമാണ്. ദൈവശാസത്രം അല്ല. മുന്നേറുന്ന ശാസ്ത്രത്തിന്റെ അതിര്‍ത്തിയില്‍ പിടിച്ചു പിന്നെയും ദൈവ പ്രവാചകന്‍ അയാളിന്റെ യുഗങ്ങളായ തെറ്റുകളെ മറിച്ചും തിരിച്ചും ന്യായികരിക്കുവാന്‍ ശ്രമിക്കും. ദൈവശാസ്ത്രത്തില്‍ പറഞ്ഞ കഥകളെല്ലാം പച്ച കള്ളങ്ങളാണെന്നു തെളിഞ്ഞാലും ഭക്തിയുടെ ലഹരി മൂത്ത അയാളുടെ തലയില്‍ ഒരിക്കലും തിരുകി കയറുകയില്ല. പൊള്ളയായ ദൈവശാസ്ത്രം മനസിലടിച്ചു നിറഞ്ഞിരിക്കുന്നവന്റെ മനസ് എന്നും അടഞ്ഞിരിക്കും. തെളിവായ സത്യമല്ല അയാള്‍ക്ക്‌ വേണ്ടത്, പണ്ടെങ്ങോ പഴം പുസ്തകത്തില്‍ എഴുതിയത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മത്തായി അങ്ങനെ പറഞ്ഞു, പൌലോസ് അങ്ങനെ പറഞ്ഞു എന്ന ദൈവ ശാസ്ത്ര ഗ്രന്ഥങ്ങളും എടുത്തു ബൌധിക ലോകത്തിന്റെ ചിന്താശക്തിയെ നശിപ്പിക്കുവാന്‌ ശ്രമിക്കും.


ശാസ്ത്രം വസൂരി ഇല്ലാതാക്കി. മരണം സംഭവിക്കുന്ന വൈറസുകളെ, ബാക്റ്റീരിയാകളെ ഇല്ലാത്താക്കി. ദൈവശാസ്ത്രത്തിനു പറയാനുള്ളത് വട്ടായി പോലുള്ളവരുടെ കപട പ്രാര്‍ഥനകളും സൌഖ്യ വേദാന്തങ്ങളും മാത്രമാണ്. പാപത്തിന്റെ ശിക്ഷയെന്നു പറഞ്ഞും ജനങ്ങളെ വഞ്ചിക്കും. അകാശത്തില്‌ പ്രത്യേക നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് ഒരു നിമിഷത്തിനുള്ളില്‍ വാനശാസ്ത്രജ്ഞര്‌ക്കു പറയുവാന്‍ സാധിക്കും. അടുത്ത ഗ്രഹണ സമയം കൃത്യമായി എപ്പോഴെന്നും പറയും. ശാസ്ത്രം മനുഷ്യനെ ചന്ദ്രനില്‍ അയച്ചു. ഹല്ലേലുയായും സ്തോത്ര കാഴ്ചകളും പള്ളികളില്‍ പുരോഹിതര്‍ ചൂഷണം ചെയ്യുന്ന സമയങ്ങളിലെല്ലാം ചൊവ്വയിലും വ്യാഴത്തിലും ശാസ്ത്രജ്ഞര്‌ പുതിയ പുതിയ അറിവുകള്‍ക്കായി റോക്കറ്റുകള്‍ അയച്ചു.

അതി പ്രാചീനകാലത്തെ ജീവികളുടെ അവശിഷ്ടങ്ങളൊ പൌരാണിക വസ്തുക്കളോ കണ്ടാല്‍ ശാസ്ത്രത്തിനു അതിന്റെ കാലപഴക്കം നിശ്ചയിക്കുവാന്‍ സാധിക്കും. കര്‍ത്താവിന്‍റെ മുഖത്തിട്ടതെന്നു പുരോഹിതര്‍ പറ്റിച്ച   റ്റ്യൂരിനിലെ മുഖത്തുണി മധ്യകാലത്തേയെന്നു തെളിയിച്ചതും ശാസ്ത്രമാണ്. ഡി.എന്‍.എ യും ലക്ഷ കണക്കിന് ഭൌമിക തലത്തിലുള്ള വൈറസുകളെയും ശാസ്ത്രത്തിനു അറിയാം. ഇതെല്ലാം ദൈവം തന്ന കൊച്ചുപുസ്തകത്തില്‍ വായിച്ചാല്‍ ലഭിക്കുകയില്ല. മനുഷ്യ ശാസ്ത്രങ്ങളും ജീവന്റെ രഹസ്യങ്ങളും കണ്ടെത്തുവാന്‍ മനുഷ്യന്‍ പടിവാതില്‍ക്കല്‍ എത്തുന്നതും ദൈവശാസ്ത്രജ്ഞര്‍ക്ക് രസിക്കുന്നില്ല.

ദൈവശാസ് ത്രം പഠിപ്പിച്ചതെല്ലാം ചരിത്രത്തിലുടനീളം പാഴായ വെറും പഴം പുരാണങ്ങള്‍ ആയിരുന്നു. ഈ ശാസ്ത്രംകൊണ്ട് മാനവ ജാതിക്കു ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ലഭിച്ചിട്ടുണ്ടോ? ദൈവ ശാസ്ത്രത്തില്‍ പറഞ്ഞത് എന്തെങ്കിലും മറ്റു ശാസ്ത്രം പോലെ കാണപ്പെടുന്ന തരത്തില്‍ തെളിയിക്കുവാന്‍ സാധിക്കുമോ? ഞാന്‍ വഴിക്കവലകളിലും കവലകളിലും പള്ളികളിലും ദൈവപ്രഭാഷകരുടെ അനേക പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വായിച്ചിട്ടുണ്ട്. അവരുമായി വാക്കുതര്‌ക്കങ്ങളും നടത്തിയിട്ടുണ്ട്. പ്രായോഗിക ജീവിതത്തില്‍ എന്തെങ്കിലും പ്രയോജനം ഉള്ളതു നാളിതുവരെയായി അവരില്‍നിന്നും ഞാന്‍ ഒന്നും നേടിയിട്ടില്ല. ലഭിച്ചിട്ടും ഇല്ല. എന്നാല്‍ എന്നെ അവര്‌ മുതലാക്കിയിട്ടുണ്ട്. നേര്‌ച്ചപ്പെട്ടിയില്‌ പണം ഇടിയിച്ചിട്ടുണ്ട്. അവരില്ലെങ്കില്‍ എനിക്ക് ഒരു ചുക്കും സംഭവിക്കുകയില്ല. വിധവയുടെ കൊച്ചു കാശിനു അവര്‌ വില കല്‍പ്പിക്കുന്നു. എങ്കില്‍ ദരിദ്രനായ എന്നെയും അവര്‍ക്കു പ്രയോജനം ഉണ്ട്.

ശാസ്ത്രം നേടിയ നേട്ടങ്ങള്‍ നാളെ ഭൂമുഖത്തുനിന്നു തുടച്ചു കളഞ്ഞെന്ന് വിചാരിക്കുക. ലോകത്തെ ഡോക്റ്റര്‍മാരുടെ സ്ഥാനത്തു ആയിരകണക്കിനു വട്ടായി വേതാള ഡോക്റ്റര്‍മാര്‍ പ്രത്യക്ഷപ്പെടും. പോട്ടയിലെപ്പോലെ വ്യാജ ഡോക്റ്റര്‍മാരെകൊണ്ട് ലോകം നിറയും. ബിഷപ്പ് കല്ലരിങ്ങാടിന്റെ അല്‍മായ ദൈവശാസ്ത്രം ഉടന്‍ പ്രാബല്യത്തിലാകും. കുതിരകളെക്കാളും വേഗം കൂടിയ വാഹനങ്ങള്‍ ഭൂമുഖത്ത് പിന്നീട് കാണപ്പെടുകയില്ല. കമ്പ്യൂട്ടറോ പുസ്തകങ്ങളൊ ഇല്ലാതെ ആത്മീയ പ്രഭാഷണങ്ങള്‍ മാത്രമുള്ള ഒരു നവ ഭ്രാന്തരുടെ  ലോകത്തെയും കാണാം.

 പൌരാഹിത്യവും ദൈവ ശാസ്ത്രവും നാളെ ഭൂമുഖത്തു നിന്നു ഇല്ലാതായെങ്കില്‍ ഇന്നു ജീവിക്കുന്ന പരിഷ്കൃത ലോകം എന്തെങ്കിലും ചെറിയ ഒരു വിത്യാസമെങ്കിലും കാണുമോ? ശാസ്ത്രം നേടിയ അസുര നേട്ടങ്ങളായ ആറ്റം ബോംബുവരെയും പ്രവര്‍ത്തിക്കും. ദൈവശാസ്ത്രജ്ഞര്‍ക്ക് ഈ തിന്മയെ ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. കൂടാരം നിറയെ ശേഖരിച്ചു വെച്ചിരിക്കുന്ന ഈ വേദഗ്രന്ഥങ്ങള്‍ കാലാകാലം മനുഷ്യനെ പല വിധത്തില്‍ വഴി തെറ്റിക്കുവാനുള്ളതാണ്. സമൂഹ പുരോഗതിക്കു ഒന്നും ഈ ഗ്രന്ഥങ്ങള്‍കൊണ്ടു പ്രയോജനം ഇല്ല. ഈ പുസ്തകങ്ങള്‍ ഇല്ലെങ്കിലും മനുഷ്യന് ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ല. എല്ലാം അര്‍ത്ഥ ശൂന്യങ്ങളായ വിജ്ഞാനങ്ങള്‍ മാത്രം. ഈ ദൈവിക പഠനം നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരു വിഷയമേ അല്ല. രാജവേഷങ്ങള്‍ അണിഞ്ഞു നടക്കുന്ന ചിലരുടെ വയറ്റിപ്പിഴപ്പിനായി എഴുതിയ  ഗ്രന്ഥങ്ങള് ഇന്ന് പഴയ കൂടാരത്തില്‍ ചിതലുപിടിക്കുവാനും തുടങ്ങി. കാലിത്തൊഴുത്തിലെ ക്രിസ്തുവിനെ അവര്‍ ഓടിച്ചുവിട്ടു. ക്രിസ്തുവില്ലാത്ത കല്ലറങ്ങാടന്റെ അല്‍മായദൈവം ഇനി അരമനയുടെ അല്ത്താരയില്‍ പ്രതിഷ്ടിക്കും.

3 comments:

  1. വികലമായ വ്യാഖ്യാനങ്ങളാണ് വിശുദ്ധഗ്രന്ഥത്തെക്കുറിച്ച് ഇങ്ങനെയുള്ള അഭിപ്രായം എഴുതിച്ചത് .വായനക്കാരന്റെ അവബോധം കൂടുംതോറും
    വാക്കുകളുടെ അര്‍ഥം മാറും .

    ReplyDelete
  2. ഞാന്‍ നടത്തിയിരുന്ന 'അന്നധന്യത' എന്ന മാസികയുടെ 2006 മാര്‍ച്ച് ലക്കത്തിലെ എഡിറ്റോറിയലില്‍ ഞാന്‍ ഇങ്ങനെയെഴുതിയിരുന്നു:
    ''ഒരു വസ്തു ഭക്ഷ്യയോഗ്യമാണോ , അല്ലയോ എന്നു വിവേചിച്ചറിയാന്‍ മൃഗങ്ങള്‍ക്കു പോലും ശേഷിയുണ്ട്. ആദിമമനുഷ്യനും ഈ ശേഷി വേണ്ടത്ര ഉണ്ടായിരുന്നു. ഉള്‍വെളിവ് (Intution) എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഈ ശേഷിയുടെ യുക്തിഭദ്രമായ ആവിഷ്‌കാരമാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഉള്‍വെളിവിനു സ്ഥാനമേയില്ല എന്ന ധാരണ ആധുനിക ശാസ്ത്രവിശ്വാസികളുടെ ഒരു അന്ധവിശ്വാസമാണ്.

    ഉള്‍വെളിവിനുള്ള പ്രാധാന്യം എന്താണ്? സചേതനവും അചേതനവുമായ എല്ലാ പദാര്‍ഥോര്‍ജങ്ങളും ഒരേ പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായാണ് പരമാണുവിലെ കണങ്ങള്‍ മുതല്‍ അണ്ഡകടാഹം വരെ ചലിക്കുന്നത്. പ്രപഞ്ചത്തിന്റെയും ജീവന്റെയും പരിണാമത്തിലും ഒരു ബോധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂക്ഷ്മമായി ചിന്തിച്ചുനോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും.

    യാദൃച്ഛികതയിലൂടെ ഇത്രയും ക്രമീകൃതമായ ഒരു പ്രപഞ്ച സംവിധാനമോ പരിണാമശ്രേണിയോ ഉളവായിവന്നു എന്ന് വിശ്വസിക്കുന്നത് സംഭവ്യതാസിദ്ധാന്തത്തിനു പോലും നിരക്കുന്നതല്ല.
    ഈ ബോധം പ്രപഞ്ചത്തിനു പുറത്തുനിന്ന് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വേണ്ടി വന്നാല്‍ സംഹരിക്കുകയും ചെയ്യുന്ന ഒരു മഹാമനുഷ്യനാണെന്നു ധരിക്കരുത്. എല്ലാറ്റിന്റെയും ഉള്ളില്‍ തന്നെയുള്ള പ്രകൃതിനിയമാവബോധമാണത്. ഈശ്വരന്‍ നമ്മുടെയെല്ലാം ഉള്ളിലുണ്ടെന്നു പറയുമ്പോള്‍ നമുക്കെല്ലാം ഈ പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും പരിണാമത്തിനും ഇണങ്ങും വിധം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ബോധ്യം ഉള്ളിലുണ്ടെന്നുതന്നെയാണ് അര്‍ത്ഥം.
    ഞാന്‍ ഈ മഹാപ്രപഞ്ചത്തിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കണ്ണിയാണ് എന്ന പരമാര്‍ഥത്തിലേക്ക് ഉള്‍ക്കണ്ണു തുറക്കാന്‍ നമുക്കാവും. ഇങ്ങനെ ലഭിക്കുന്ന ഉള്‍വെളിവാണ് വേദഗ്രന്ഥങ്ങളില്‍ ദൈവവചനമായും ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രകൃതിനിയമങ്ങളായും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.
    കൂടുതല്‍ അറിയാന്‍ ശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഈ ബ്ലോഗ് സന്ദര്‍ശിക്കുക: http://annadhanyatha.blogspot.in/

    ReplyDelete
  3. Intution അനുസരിച്ചാല്‍ മാത്രം മതി ,പഷേ ഇപ്പോള്‍ മനുഷ്യന്‍ ഹൃദയത്തെ വിട്ടു തലച്ചോറിനെ ആശ്രയിക്കുന്നു .

    ReplyDelete