Translate

Friday, January 25, 2013

ഈ രോഗത്തിന് മധുരമുള്ള മരുന്നില്ല

ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ചിനെ ഗുണ്ടപ്പട  തകര്‍ത്ത സാഹചര്യത്തില്‍ മോണിക്കായുടെ തീരുമാനത്തിനും തെരേസയുടെ നിര്‍ദേശത്തിനുമുള്ള മറുപടികൂടിയാണ് ഈ പോസ്റ്റ്.

ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയില്ലാഞ്ഞിട്ടൊന്നുമല്ല ഇവിടെ മാറ്റങ്ങളുണ്ടാകാത്തത്. അധികാരികളുടെ കയ്യില്‍ അധികാരവും പണവും ഉള്ളിടത്തോളം കാലം ജനങ്ങള്‍ അവരോടൊപ്പമേ നില്ക്കൂ.  


സഭാധികാരവും രാഷ്ട്രീയാധികാരവും ന്യായമായ ആവശ്യങ്ങള്‍ പോലും സാധിച്ചുതരാന്‍ തയ്യാറാകുന്നില്ല എന്ന യാഥാര്‍ഥ്യബോധത്തോടെ നമുക്കു മുമ്പോട്ടുപോകേണ്ടിയിരിക്കുന്നു. അതാണ് നാമിനിയും ചിന്തിക്കേ
ണ്ടത്. അതിനനുസരിച്ചാണ് നാമിനിയും പ്രവര്‍ത്തിക്കേണ്ടത്.


നമ്മുടെ അധികാരികളും ജനങ്ങളും പ്രിയങ്കരമായവയില്‍മാത്രം തത്പരരാണ്. 
ഇപ്പോള്‍ നിലവിലുള്ള ഒരു മുന്നണിക്കും ജനപ്രിയമനുസരിച്ചല്ലാതെ ജനഹിതമനുസരിച്ച് എന്തെങ്കിലും ചെയ്യാനുള്ള തന്റേടമില്ല എന്നതാണ് യാഥാര്‍ഥ്യം. 


(ഹിതവും പ്രിയവും തമ്മിലുള്ള വ്യത്യാസം പണ്ട് എം പി മന്മഥന്‍സാറിന്റെ ഒരു പ്രസംഗത്തില്‍നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പ്രിയങ്കരമായവ പഞ്ചസാരപോലുള്ളതായിരിക്കും. ഹിതകരമായവ കയ്പുള്ള കഷായം പോലുള്ളതും.) 


കയ്പുള്ള മരുന്നു കൊടുത്താല്‍ രോഗമുണ്ടെന്ന് സ്വയം അറിയാത്തവര്‍ വേണ്ടെന്നേ പറയൂ. രോഗമുണ്ടാക്കുന്ന വിഷവും മധുരമുള്ളതായാല്‍ കഴിക്കാന്‍ അവര്‍ മടിക്കുകയുമില്ല. 

നിയമപരമായി ക്രൈസ്തവര്‍ക്കവകാശപ്പെടാവുന്ന ചര്‍ച്ച ആക്ട് പാസ്സാക്കണമെന്ന് സുപ്രീംകോടതിയില്‍നിന്നു നിര്‍ദേശമുണ്ടായാലേ പ്രശ്‌നപരിഹാരമുണ്ടാകൂ. അതിനായുള്ള ശ്രമമാണ് ഇനിയും നാം നടത്തേണ്ടത്.


മധുരമുള്ള മരുന്നുനല്കി ചികിത്സിക്കാനാവില്ലാത്ത രോഗമാണ് നമ്മുടെ സമൂഹത്തിലുള്ളത് എന്നെങ്കിലും നാമറിയണം.

1 comment:

  1. കത്തോലിക്കര്‍ കഴിച്ചുകൊണ്ടിരിക്കുന്നത് മധുരമുള്ള ലേഹ്യമാണ്. അലിഞ്ഞലിഞ്ഞ് ഇറങ്ങുമ്പോള്‍ നല്ല സുഖം. അല്പം ലഹരിയും. എന്നാല്‍ ഇത് എന്ടോസള്‍ഫാനേക്കാള്‍ മാരകമായ ആത്മവിഷങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണെന്ന് ആരും അറിയുന്നുവില്ല, അറിഞ്ഞാലും ഗൌനിക്കുന്നുമില്ല. വ്യാജാത്ഭുതങ്ങളും അന്ധമായ വിശ്വാസങ്ങളും അമിതമായി വളര്‍ന്ന അവയവങ്ങളും ബുദ്ധിമാന്ദ്യവും ആണ് ഫലങ്ങള്‍. ഇത്തരം വ്യക്തികളെ ജനിപ്പിക്കുന്ന പുരോഹിതര്‍ക്ക് യാതൊരു മനക്കടിയും ഇതിലൊന്നുമില്ലതന്നെ. പെരിങ്ങുളം പള്ളിയില്‍ മൂന്നുദിവസത്തെ അടിപൊളി പെരുന്നാളാണ്. സെബസ്ത്യാനോസ് ആണ് മുഖ്യ താരം. ഇയാള്‍ ആരെന്നോ എന്തെന്നോ എവിടത്തുകാരനെന്നോ അറിയില്ലെങ്കിലും അമ്പും നെഞ്ചില്‍ കുത്തിനിറുത്തിയുള്ള പുള്ളിയുടെ നില്പ് കണ്ടാല്‍ മതി ജനത്തിനു ഭക്തിപ്പരവേശമായി. 200 പേരാണ് പ്രസിദേന്തികളായി പെരുന്നാളിന്റെ ചെലവു വഹിക്കാനുള്ളത്. 2000 രൂപാ വീതം. ഇത്രയും ചെലവാക്കി പൊക്കിപ്പിടിച്ച് മൂന്നു ദിവസം എഴുന്നെള്ളിച്ചാലും പുള്ളിക്കാരന്‍ ചോദിച്ചത് തരാതിരുന്നാലോ എന്ന് സംശയമുള്ളവര്‍ പുള്ളിയുടെ ഇരിപ്പിടമായ അര്‍ത്തുങ്കലിലേയ്ക്ക് തീര്‍ഥാടനവും നടത്തുന്നുണ്ട്. കിട്ടുന്ന കാശില്‍ കുറെ വെടിക്കെട്ടിനായി കത്തിച്ചു കളഞ്ഞാലും ഇവിടെയും അവിടെയും പള്ളിക്ക് നല്ല ഒരു കളക്ഷനായില്ലേ? വിശ്വാസിക്ക് ആത്മലഹരിയും.

    ReplyDelete