Translate

Tuesday, March 4, 2014

പുലി വരുന്നേ.....

എന്‍റെ കുറിപ്പുകള്‍ അത്മായാ ശബ്ദത്തില്‍ വരുന്നത് ഗള്‍ഫിലുള്ള പലരും വായിക്കുന്നുണ്ടെന്ന് ശരിക്കും മനസ്സിലായത്‌ ഇന്നലെയായിരുന്നുവെന്ന് പറയാം. ഞാന്‍ ഒരു സോപ്പ് വാങ്ങാന്‍ മാളില്‍ കേറിയപ്പോഴാണ് തൃശ്ശൂര്‍ അരണാട്ടുകരക്കാരന്‍ ജോണ്‍സണ്‍ വൈദ്യരെ കണ്ടത്. അങ്ങേര്‍ക്ക് ഒരമ്പതഞ്ചു വയസ്സ് കാണും. മൂപ്പര് പണ്ടൊരു മെഡിക്കല്‍ റെപ്പായിരുന്നു. ഇപ്പോള്‍ മാളില്‍ സെയില്‍സ്മാനാണ്. പലരും അസുഖം വരുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് ഈ ജോണ്‍സണ്‍ വൈദ്യരെയാണ്. ഓരോ രോഗത്തെപ്പറ്റിയും അതിനുപയോഗിക്കേണ്ട മരുന്നുകളെപ്പറ്റിയും അങ്ങേരുടെ അറിവ് അപാരമായിരുന്നു. മിക്ക കേസുകളിലും അത് പ്രയോജനപ്പെടുകയും ചെയ്യുമായിരുന്നു. എനിക്ക് അദ്ദേഹവുമായുള്ള പരിചയം ഒരൊറ്റ വര്‍ഷത്തെ മാത്രമായിരുന്നു. എന്നെ കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു, “കഴിഞ്ഞ ആഴ്ചത്തെ ലേഖനം കലക്കി. എല്ലാരും അത് പറഞ്ഞു കേട്ടോ.” പിന്നെ അതിലെ ഓരോ പോയിന്റിനെപ്പറ്റിയും അങ്ങേരു പറഞ്ഞു. മാളില്‍ നിരത്തി വെച്ചിരിക്കുന്ന സ്റ്റേഷനറി  സാധനങ്ങള്‍ എന്നെ എടുത്തു കാണിച്ചുകൊണ്ടും അതിന്‍റെ കവറില്‍ നോക്കി അത് വിശദീകരിക്കുകയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുകയും ചെയ്യത്തക്ക രീതിയിലാണ് ജോണ്‍സണ്‍ വൈദ്യര്‍ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നത്.
ഒരു ടിന്‍ ബേബി ബിസ്ക്കറ്റ് പായ്ക്കറ്റ് പൊക്കിപ്പിടിച്ചുകൊണ്ട് ജോണ്‍സണ്‍ വൈദ്യര്‍ പറഞ്ഞു. ‘ഈ തട്ടില്‍ തിരുമേനി നിസ്സാരക്കാരനല്ല. റോമില്‍ നിന്നും കാനോന്‍ നിയമത്തില്‍ ഡോക്ടറെററ് എടുത്ത് ആളാണ്‌ അദ്ദേഹം. ഞങ്ങടെ പള്ളിയില്‍ കുറേക്കാലം അസ്തെന്തിയായ് അങ്ങേരു ഇരുന്നിട്ടുണ്ട്. കുഞ്ഞുണ്ണിമാഷിനെപ്പോലെ ഒത്തിരി തമാശ് പറയുമായിരുന്നു. എല്ലാവരോടും ഇടപെടാനും മിടുക്കനായിരുന്നു. ബിസ്കറ്റ് പായ്ക്കറ്റ് താഴെ വെച്ചിട്ട് ഒരു സോപ്പുപൊടി എടുത്തിട്ട് അദ്ദേഹം തുടര്‍ന്നു. ഈ മെത്രാന്‍ പോരില്‍ അങ്ങേരുമുണ്ട്. ഈ സിറോ മലബാര്‍ മെത്രാന്മാര്‍ ലോകം മുഴുവന്‍ ലത്തിന്‍ രൂപതകള്‍ നിരങ്ങിത്തുടങ്ങിയപ്പോള്‍ പലയിടത്തുനിന്നും എതിര്‍പ്പുണ്ടായി. അത് പരിഹരിക്കാന്‍ അവര്‍ മാര്‍പ്പാപ്പയെതന്നെ കൂട്ടുപിടിച്ച്  ഉണ്ടാക്കിയതാണ് അപ്പസ്തോലിക് വിസിറ്റെറ്റര്‍ എന്ന പദവിയെന്ന് എനിക്ക് സംശയമുണ്ട്‌. കഴിഞ്ഞ പാലാ സിനഡില്‍ ഇത് അവതരിപ്പിച്ചിരുന്നുവെന്നും കേട്ടു. ഇതിന്‍ പ്രകാരം സിറോമലബാര്‍ കുടുംബത്തില്‍നിന്ന് ഒരംഗമെങ്കിലും ഉള്ള ഏതു രൂപതയും സന്ദര്‍ശിക്കാന്‍ അങ്ങേര്‍ക്ക് ജീവിതാന്ത്യത്തോളം  അവകാശമുണ്ടത്രേ. പക്ഷെ, ഈ പദവി ഉരുത്തിരിയുന്നുവെന്നറിഞ്ഞ വേറൊരു മെത്രാന്‍ തലക്കാണം വെട്ടി പലപ്രാവശ്യം റോമില്‍ പോവുകയും മാര്‍പ്പാപ്പാക്ക് വാരിക്കോരി സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്. ക്ലീമ്മിസ് മെത്രാന്‍ കര്‍ദ്ദിനാളായപ്പോഴും ഇങ്ങേര് സമ്മാനവുമായി അവിടെയും എത്തിയിരുന്നു. പക്ഷെ, അതിലും വിധഗ്ദന്മാര്‍ ഇവിടുണ്ടായിരുന്നു. അതുകൊണ്ടാണ് നല്ലകാലത്ത് ചാലക്കുടിപ്പുഴക്ക്‌ അപ്പുറം പോയിട്ടില്ലാത്ത തട്ടില്‍ പിതാവിനെ ലോക സഞ്ചാരത്തിനു ഏല്‍പ്പിച്ചത്’.
ജോണ്‍സണ്‍ വൈദ്യരുടെ കൈയ്യില്‍ സോപ്പ്പൊടി മാറി ടൂത്ത് പെയിസ്റ്റ് ആയി. അദ്ദേഹം തുടര്‍ന്നു, ‘അങ്ങേര് മെത്രാനായപ്പോള്‍ ആദ്യമൊക്കെ എല്ലാവര്‍ക്കും ഒത്തിരി അങ്ങിഷ്ടമായിരുന്നു. ഒരു മെത്രാന്‍ ഇത്ര എളിമയുള്ളവനായിരിക്കണോ എന്ന് വരെ ആളുകള്‍ സംസാരിച്ചു തുടങ്ങിയതാണ്‌. പതിയെ ഞാന്‍ എന്ന് പറയുന്നതിന് പകരം നാം ആയി, പിന്നെ പിതാവ് എന്നായി. നിന്നു പ്രസംഗിച്ചുകൊണ്ടിരുന്ന മെത്രാന്‍ അമേരിക്കന്‍ സ്റ്റയിലില്‍ ഇരുന്നു നിരങ്ങി തുടങ്ങി. ദൈവവചനം പ്രസംഗിച്ചുകൊണ്ടിരുന്ന മെത്രാന്‍ മാര്‍ത്തോമ്മാ സൂക്തങ്ങളിലേക്ക് തിരിഞ്ഞു. ഇപ്പൊ എല്ലാം തികഞ്ഞ ഒരു ലത്തിന്‍ വിരോധിയുമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ’.
ജോണ്‍സണ്‍ വൈദ്യരുടെ കൈയ്യില്‍ പെയിസ്റ്റ് മാറി വെജിറ്റബിള്‍ ഓയില്‍ ആയി. ‘അങ്ങേരുടെ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്, ലത്തിന്‍കാര്‍  സീറോ മലബാര്‍ കാരെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നാണ് അങ്ങേരുടെ വാദം. കോട്ടയത്ത് CBI യുടെ വേഷത്തിലും ഇടുക്കിയില്‍ കസ്തൂരി രംഗനായും വന്നത് ലത്തിന്‍കാരാണെന്ന് തോന്നും അങ്ങേരു പറയുന്നത് കേട്ടാല്‍. അങ്ങേരുടെ ഒരു ചൂടന്‍ പ്രസംഗം ഞാന്‍ കേട്ടിട്ടുണ്ട്. ഒരു പൂവിന് തണ്ടും വേരുമില്ലാതെ നിലനില്‍ക്കാനാവില്ല, അതുപോലെ നമ്മുടെ പൈതൃകം വിട്ട് നമുക്ക് നിലനില്‍ക്കാന്‍ ആവില്ല നാം വാടിപോകും എന്നാണ് അങ്ങേരു പറയുന്നത്. ലത്തിന്‍കാര്‍ നമ്മെ ഒത്തിരി ദ്രോഹിച്ചിട്ടുണ്ട്, അവര് മര്യാദക്കാരാ എന്ന് കരുതുന്നത് തെറ്റാണ്; അവര്‍ പിറകെ വരില്ലായിരിക്കാം, പക്ഷെ സിറോ മലബാര്‍കാര് പിന്നാലെ വരുന്നത് കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും വളര്‍ച്ച ഉറപ്പു വരുത്താനാണ് എന്നൊക്കെയാണ് അദ്ദേഹത്തിന്‍റെ വാദം. റിത്ത് മാറി കെട്ടാനും ഒരുങ്ങാനും ഇങ്ങോട്ട് വന്നാല്‍ കുറി തരില്ലായെന്നൊക്കെ ഭീഷണിയും തുടങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്’

ജോണ്‍സണ്‍ വൈദ്യര്‍ എന്നെയും കൂട്ടി ആളു കുറഞ്ഞ ഒരു റാക്കിലേക്ക് നടന്നു. അറബി വേഷത്തില്‍ ഒരു മെത്രാന്‍ തന്നെ അവിടെ കണ്ടേക്കാം എന്ന് അദ്ദേഹം സംശയിക്കുന്നതുപോലെ എനിക്ക് തോന്നി. എന്നെ അടുത്തു നിര്‍ത്തി പതിയെ പറഞ്ഞു. ‘പുറകെ ആളു വന്നാല്‍ നാം എന്താ ചെയ്യുക? നാം ഓടും. അതാ സഭയില്‍ നിന്ന് അനേകര്‍ പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. പ്രീകാനാ തുടങ്ങിയതിനു ശേഷം വിവാഹ മോചനം ഇരട്ടിയായി. കുട്ടിക്കാലത്തെ ബ്ലൂഫിലിം കാണണമെങ്കില്‍ മിഷ്യന്‍ പള്ളിക്കൂടത്തില്‍ പഠിക്കണമെന്നുമായി. ഇന്നലത്തെ മാതൃഭൂമിയിലുണ്ട്, ഒരു കന്യാസ്ത്രി തന്നെ പറഞ്ഞ കഥ. ദോഷം പറയരുതല്ലോ, അങ്ങേരുടെ പ്രസംഗത്തിലൊന്നും വചനം അനുസരിക്കണമെന്നോ, മാര്‍പ്പാപ്പാ പറയുന്നത് കേള്‍ക്കണമെന്നോ യേശു പറയുന്നത് അനുസരിക്കണമെന്നോ ഒന്നും കാണില്ല. അങ്ങേരു പറയുന്നത്, മാര്‍പ്പാപ്പാ എന്നെ അടുത്തു വിളിച്ച്, അപ്പസ്തോലിക് വിസിറ്റെറ്റര്‍ പദവി നല്‍കികൊണ്ട് പറഞ്ഞുവത്രെ, “തട്ടില്‍ പിതാവേ അങ്ങ് ചിതറിപ്പോയ സിറോ മലബാര്‍കാരുടെ പിന്നാലെ ലോകം മുഴുവന്‍ പോയി അവരെ ആശ്വസിപ്പിക്കണം. അവര്‍ക്ക് ഇടയനില്ല. അവരുടെ കാര്യം ഓര്‍ക്കുമ്പോള്‍ എന്‍റെ കണ്ണു നിറയുന്നു.” തൃശ്ശൂര്‍ മെത്രാന്മാരുടെ പേര് തുടങ്ങുന്നത് ‘ത’ യിലാണ്. അവരുടെ ശൈലി കണ്ടാല്‍ ആദ്യാക്ഷരം തന്നെയില്ലായെന്ന് തോന്നുന്ന തരത്തിലും,’ ജോണ്‍സണ്‍ വൈദ്യര്‍ പറഞ്ഞു നിര്‍ത്തി. ഒരു സോപ്പ് മാത്രം വാങ്ങി ഞാനും പുറത്തിറങ്ങി. ജോണ്സണ്‍ വൈദ്യരുടെ പൊതുവിജ്ഞാനത്തിന്‍റെ മുമ്പില്‍ തലകുനിച്ചുകൊണ്ട് ഞാന്‍ എന്‍റെ കൊട്ടിലിലേക്ക് നടന്നു.

5 comments:

  1. ഓസ്ട്രേലിയയും ന്യൂ സീലാന്റും മൊത്തത്തിൽ ഇപ്പോൾ തട്ടിലിന്റെ സ്വന്തമാണ്. വായിക്കുക.
    The Syro-Malabar Catholic Church on Saturday got its second diocese outside India after the one in Chicago, with the Vatican announcing the creation of the eparchy of Melbourne for it. Mar Bosco Puthur will be the first bishop of the new diocese named after St Thomas the Apostle, Melbourne, which will cover the entire Australia.

    Major Archbishop Mar George Cardinal Alencherry who read the Vatican communiqué at the Church headquarters here, said that Mar Puthur would also function as the Apostolic Visitor for the faithful in New Zealand as well. Following this, Mar Puthur gave up his post as Curia Bishop of the Church which he held for the last four years.

    In another development, Thrissur Auxiliary Bishop Mar Raphael Thattil was appointed as Apostolic Visitor of the Church for faithful living outside its dioceses in India.

    Mar Puthur told reporters that the Syro-Malabar Church had no parishes or priests now in Australia. “My task will be to get to know the faithful there and create small communities for them. There are an estimated 40,000 faithful of the Church in Australia and 3,000 to 4,000 in New Zealand.”

    Mar Thattil, who would continue his work as Auxiliary Bishop of Thrissur in addition to the new task, said that he was undertaking the new job with an open mind. “I don’t know how to go about it. I need everyone’s support for this.”

    Mar Thattil said that he would need to meet bishops and priests belonging to the Latin dioceses outside Kerala for doing the groundwork for creating Syro-Malabar communities.

    ReplyDelete
  2. സ്ഥാനക്കയറ്റം തലയിൽ കയറിയ മെത്രാന്മാർ വ്യഭിചാരികളാണ് - പോപ്പ് ഫ്രാൻസിസ്

    സഭയെ നയിക്കുന്നവർക്കുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങളെപ്പറ്റി ഫെബ്രു. 27ന് മെത്രാന്മാരുടെ ചുമതല വഹിക്കുന്ന സംഘത്തോട് സംസാരിക്കവേ പോപ്പ് ഫ്രാൻസിസ് ചൂണ്ടിക്കാട്ടിയ അതിപ്രധാനമായ കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അതുവച്ച് നോക്കുമ്പോൾ നമ്മുടെ ഇപ്പോഴത്തെ തിരുമേനിമാരിൽ മിക്കവരും വ്യഭിചാരികളാണ്. അവരെ ആര്, എങ്ങനെ സ്ഥാനഭ്രാഷ്ടരാക്കും എന്നത് ഒരു വലിയ ചോദ്യമാണ്. പോപ്പിന് ആരെയും തുന്നിച്ചു നോക്കാനാവില്ല. ജനത്തോട് ഒരഭിപ്രായവും ചോദിക്കാതെ, സഹമെത്രാന്മാരോട് മാത്രം അന്വേഷിച്ചിട്ടാണ് ഇക്കാര്യത്തിൽ വത്തിക്കാനിൽ തീരുമാനങ്ങൾ എടുക്കുന്നത്. അങ്ങനെ പുതിയ തൊപ്പിക്കാർ രംഗത്തു വരികയും സഭയെ അലങ്കോലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, ഇപ്പോഴത്തെ മെത്രാൻ തിരഞ്ഞെടുപ്പു രീതികൾതന്നെ മാറണം.

    "നമ്മുടെ നാഥൻ തിരഞ്ഞെടുക്കാൻ സാദ്ധ്യതയുള്ളവരെ മാത്രമായിരിക്കണം നിങ്ങളും തിരഞ്ഞെടുക്കുക. സ്വയം യേശുവിനായി സമർപ്പിച്ച വൈദികർ മാത്രമേ മറ്റുള്ളവരെ അവിടുത്തെ സമക്ഷത്തിലേയ്ക്ക് നയിക്കുകയുള്ളൂ.

    ഓരോ രൂപതക്കും അതിനു ചേരുന്ന മെത്രാനെ ലഭിക്കണം. എന്നാൽ എല്ലാ മെത്രാന്മാർക്കും ചില പൊതുനന്മകൽ ഉണ്ടായിരിക്കണം: തന്റെ ജോലിക്കുതകുന്ന കാര്യശേഷി, സേവനതല്പരത, ജീവിതവിശുദ്ധി. ഈ മൂന്നു സുകൃതങ്ങൾ ഇല്ലാത്തവർ മെത്രാൻ സ്ഥാനത്തിനർഹരല്ല.

    സഭയുടെ പഠനങ്ങളിൽ നിന്ന് ലോകം എത്രമാത്രം അകന്നു നില്ക്കുന്നു എന്നല്ല, മറിച്ച്, സുവിശേഷം നൽകുന്ന സ്വാതന്ത്യത്തിലൂടെയും സ്നേഹത്തിന്റെ വശ്യതയിലൂടെയും അവയെ മനുഷ്യർക്ക്‌ എങ്ങനെ ആകർഷണീയമാക്കാം എന്നാണ് ഓരോ മെത്രാനും ശ്രദ്ധിക്കേണ്ടത്. സഭക്കുവേണ്ടത് താർക്കികരെയും യുദ്ധപ്രിയരെയുമല്ല, ദൈവം നിരന്തരം വെളിപ്പെടുത്തിത്തരുന്ന സത്യത്തിന്റെ വിത്തുകൾ ജനഹൃദയങ്ങളിൽ വിതക്കുന്നവരെയാണ്.

    തന്റെ ജനത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും അവരുടെ ഭാഗത്തുനിന്ന് ദൈവവുമായി ദിവസവും സംവദിക്കാൻ ധൈര്യം കണ്ടെത്തുകയും ചെയ്യാത്തവൻ മെത്രാനായിരിക്കാനർഹനല്ല.

    മെത്രാനെ തിരഞ്ഞെടുക്കുമ്പോൾ വ്യക്തിപരമായ അടുപ്പം, സഹതാപം, കുല-ദേശ മഹിമകൾ തുടങ്ങിയ പക്ഷപാതങ്ങൾക്ക് അടിപ്പെടരുത്. സ്ഥാനക്കയറ്റങ്ങൾ ആഗ്രഹിക്കുന്നവരെയും അതിമോഹികളെയും ഒരിക്കലും ഈ സ്ഥാനത്തിന് പരിഗണിക്കരുത്. ഒരു പ്രാദേശിക സഭയെ സേവിക്കാൻ നിയുക്തനാകുന്നയാൾ വേറൊരു സ്ഥാനം കൊതിക്കുകയോ അന്വേഷിക്കുകയോ ചെയ്യരുത്, അങ്ങനെ ചെയ്യുന്നത് വ്യഭിചാരമാണ് എന്ന് പോപ്പ് തുറന്നടിച്ചു.

    ഈ പറഞ്ഞവിധത്തിലെല്ലാം യോഗ്യരായവരെ കണ്ടെത്തുക വിഷമമാണെന്നിരിക്കിലും യേശു സഭയോടൊപ്പം ഉള്ളിടത്തോളം അത് സാദ്ധ്യമാണെന്ന് നാം വിശ്വസിക്കണം എന്നദ്ദേഹം കൂട്ടിച്ചേർത്തു."
    സ്രോതസ്സ്: www. CatholicCulture.org

    Tel. 9961544169 / 04822271922

    ReplyDelete
  3. പോപ്പ് പറയുന്നത് തകർപ്പൻ കാര്യങ്ങളാണല്ലോ. പക്ഷേ ഒരു കാര്യം, ഈ പറയുന്ന സുകൃതങ്ങളൊന്നും സ്വന്തമായിട്ടില്ലാത്ത എത്രയോ വിവരദോഷികൾ ഇതിനകം ചരടു വലിച്ചും സമ്മാനങ്ങൾ കൊടുത്തും സഹായിസ്ഥാനംതൊട്ടു തുടങ്ങി, ആർച് മെത്രാനും പോലീത്തായും ഡെലഗേറ്റും നുൻസിയോയും പിന്നെ കര്ദിനാളും ഒക്കെയായിക്കഴിഞ്ഞു! (കഴിഞ്ഞ ഒറ്റ സിനഡ് മതി പാലാക്കാരാൻ ഉടനേ കർദിനാൾ തൊപ്പിക്ക്‌ അർഹനാകാൻ.) അപ്പോഴൊന്നും യേശു സഭയോടൊപ്പമില്ലായിരുന്നോ? ഇല്ലെന്നു വേണം കരുതാൻ. അല്ലെങ്കിൽ ഇത്രയും ഗുരുത്വംകെട്ടവർ ഇന്ന് മെത്രാനങ്കിയും ചുറ്റി വിലസുമോ? ഇന്തയിൽ ഇവർ കളിക്കുന്ന കുതന്ത്രങ്ങൾ വല്ലതും നല്ലവനായ പാപ്പാ അറിയുന്നുണ്ടോ? അതുകൊണ്ട്, എട്ടിലെ പശു പുല്ലു തിന്നുമോ?
    സാന്ദർഭികമായി പറയട്ടെ, ഈ റോഷനദ്ദേഹം ഏതോ എണ്ണക്കപ്പലിൽ ഡോക്ക് തൂത്തുവാരാതെ, ബെന്യാമിൻ ഒപ്പിച്ചെടുത്ത ആടുജീവിതം പോലുള്ള ഒന്നുരണ്ട് മെത്രാൻ-ജീവിതം കഥകൾ പടച്ചു നോക്കണം. ആ വൈദ്യര് പറഞ്ഞുതരും, അല്പം മസാല ചേർത്ത് ശരിയാക്കിയാൽ മതി, ക്ലച്ചുപിടിക്കും. നമ്മുടെ ശ്രേഷ്ഠഭാഷയ്ക്ക്‌ മുതൽക്കൂട്ടാകും താനും. അറിയാത്ത അരമനരഹസ്യങ്ങൾ പുറത്തുവരട്ടെ. നമ്മുടെ പോപ്പിനയച്ചു കൊടുത്താൽ അദ്ദേഹവും വായിച്ചിട്ട് ഒരു ലൈക്ക് അയക്കാതിരിക്കില്ല. പറഞ്ഞില്ലെന്നു വേണ്ടാ. theresiamanayath@gmail.com

    ReplyDelete
  4. റോഷന് ഇത്രയും ആരാധകരുണ്ടോ? അദ്ദേഹം നമ്മുടെ പരാന്നഭുക്കുകളെപ്പറ്റി പുസ്തകമിറക്കാൻ പോകുന്നു എന്ന് കേട്ടുതുടങ്ങിയില്ല, ഇതാ ജോസി അബ്രാഹം ന്യൂസീലാന്റിൽ നിന്ന് ഇങ്ങനെ കുറിച്ചയച്ചു.
    "ഏതായാലും കഥയിങ്ങു വരട്ടെ. ആടുജീവിതം 75 പതിപ്പുകളായി. അത്രക്കങ്ങു പച്ചപിടിക്കണമെങ്കിൽ, മെത്രാൻജീവിതം, ഇടയജീവിതം എന്നൊക്കെയങ്ങ്‌ പെട്ടെന്ന് ഉള്ളടക്കം വെളിപ്പെടുത്തുന്ന പേരുകൊടുത്തെഴുതിയാൽ ഒരു കുഞ്ഞും തിരിഞ്ഞു നോക്കില്ല. പോത്തു ജീവിതം, പേടുജീവിതം, പിരിവുജീവിതം എന്നെല്ലാം ഭാവനാനിർഭരമായ എത്രയോ റ്റൈറ്റിലുകൾ കിടക്കുന്നു!"

    ReplyDelete
  5. ഒരിക്കലും എഴുതണമെന്നു കരുതിയതല്ല. എങ്കിലും ജോണ്സണ്‍ വൈദ്യരുടെ കാര്യത്തില്‍ ചില ജേഷ്ടന്മാര്‍ താത്പര്യം കാണിച്ചതുകൊണ്ട് എഴുതുകയാ. ഈ വൈദ്യരെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് ഒരു വര്ഷം മുമ്പ്. ഒരു സുഹൃത്താണ് അദ്ദേഹത്തെ എന്റെ അടുത്തു കൊണ്ടുവന്നത്. ആദ്യം തന്നെ ആ സുഹൃത്ത് വൈദ്യരുടെ മുഴുവന്‍ കാര്യവും പറഞ്ഞിരുന്നു. പറ്റുമെങ്കില്‍ സഹായിക്കണം എന്ന് പറഞ്ഞു. അന്ന് ഞാന്‍ രണ്ടും കല്‍പ്പിച്ച് അന്പുതിനായിരം രൂപാ വൈദ്യര്ക്ക് കൊടുത്തു. അത്ര ദയനീയമായിരുന്നു വൈദ്യരുടെ കഥ. വൈദ്യരുടെ അപ്പന്റെ അപ്പന്‍ ഒരു ചിട്ടികമ്പനി നടത്തിപ്പോന്നു. ഒരു രേഖയും ജാമ്യവും ഇല്ലാതെ നടത്തിപ്പോന്ന ചിട്ടിയില്‍ കുറെ പുറംനാട്ടുകാര്‍ ചേര്ന്നു . വിശ്വസിച്ചു കൊടുത്ത പണം അവര്‍ തിരിച്ചു കൊടുത്തില്ല, ചിട്ടി പൊട്ടി. അപ്പന്‍ മാനസിക രോഗത്തിനടിമയായി, അവസാനം ആത്മഹത്യ ചെയ്തു; അപ്പനെ അടക്കിയത്‌ തെമ്മാടിക്കുഴിയില്‍. ആത്മഹത്യ ചെയ്യുന്നതിനേക്കാള്‍ വലിയ പാപമായിരുന്നു തൃശ്ശൂര്‍കാര്ക്ക് വാക്ക് വത്യാസം കാണിക്കുന്നത്. വൈദ്യരുടെ മക്കള്‍ കഠിനാദ്ധ്വാനം ചെയ്ത് കിടക്കാന്‍ ഒരിടവും ഓടാന്‍ ഒരു തൊടിയും സംഘടിപ്പിച്ചുവെന്നു പറയാം. അവിടെയാണ് വൈദ്യരുടെ ജീവിതം തുടങ്ങുന്നത്.
    മെഡിക്കല്‍ റെപ്പ് ആയി ജോലി ചെയ്ത് വൈദ്യര്‍ സ്വന്തമായി ഒരു നല്ല വീടും സൌകര്യങ്ങളുമൊക്കെ നേടി. ഈ വൈദ്യര്ക്ക് ഉണ്ടായത് മൂന്നു പെണ്മക്കള്‍. വൈദ്യര്‍ നേരിട്ട് പറഞ്ഞപ്പോളാണ് തൃശ്ശൂര്‍ രൂപതയില്‍ ഒരു പെണ്കു്ട്ടി ജനിച്ചാലുള്ള കുഴപ്പങ്ങള്‍ ആദ്യം ഞാന്‍ കേട്ടത്. സ്ത്രീധനത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സത്യക്രിസ്ത്യാനികളെ വേറെങ്ങും കാണില്ല. അവരുടെ ആചാരങ്ങള്‍ കേട്ടാല്‍ തല മരച്ചു പോകും. ഒരു ബേക്കറി മൊത്തത്തോടെ കൊണ്ട് ചെന്നാലേ പുത്തന്‍ പെണ്ണിന് വീട്ടില്‍ കേറാനാവൂ. മൂന്നാമത്തെ മകളുടെ കല്യാണത്തിനാണ് വൈദ്യര്ക്ക് ‌ ഞാന്‍ കടം കൊടുത്തത്. ആ പണം അദ്ദേഹം കൃത്യ സമയത്തു തന്നെ തിരിച്ചു തന്നു. അദ്ദേഹം ജോലി കഴിഞ്ഞു കിടക്കുന്ന കൂടാരം കാണേണ്ടത് തന്നെയാണ്. സ്ത്രീധനത്തിന്റെക ഇരകള്‍ വൈദ്യരെപ്പോലെ എത്ര എത്ര പേര്‍. ആ മനുഷ്യന്‍ മെത്രാന്മാരെയും അവരുടെ ആര്ഭാടത്തെയും പറ്റി പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ. ഒരൊറ്റ ചില്ലി പൈസാ വൈദ്യര്‍ ആരുടെ കൈയ്യില്‍ നിന്നും സേവന നികുതിയായി ഈടാക്കിയിട്ടില്ല. എത്രയോ പേരെയും കൊണ്ട് വൈദ്യര്‍ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പോയിരിക്കുന്നു. ഇത് വൈദ്യര് വായിച്ചാലും വേണ്ടില്ല. എന്റെ നിഗമനത്തില്‍ സ്വര്ഗ്ഗരാജ്യം എന്നൊന്നുണ്ടെങ്കില്‍ അത് ആദ്യം കൊടുക്കേണ്ടത് ഈ വൈദ്യര്ക്കാണ്.

    ReplyDelete