Translate

Tuesday, March 13, 2018

ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ട്രസ്റ്റ് ബില്‍ -2009 നിയമമാക്കേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല

ആന്റോ കോക്കാട്ട്

(2009 മാർച്ച് ലക്കം ഓശാനയിൽ എഴുതിയ ലേഖനം) 
പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിനും അടിമത്വത്തിനുമെതിരെ 1653-ല്‍ കേരള ക്രൈസ്തവര്‍ നടത്തിയ ചരിത്രപ്രസിദ്ധമായ 'കൂനന്‍കുരിശ് സത്യത്തിന്റെ' ആശയസാഫല്യമാണ് ഇപ്പോള്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ - 2009. ഈ ബില്ല് നിയമമാക്കിയാല്‍ പൗരോഹിത്യ ദുഷ്പ്രഭുത്വം മാത്രം നിലനില്‍ക്കുന്ന ഇന്നത്തെ ക്രൈസ്തവസഭയില്‍ സമത്വവും, സ്വാതന്ത്ര്യവും, ജനാധിപത്യവും, പ്രാതിനിധ്യവും, സാമൂഹ്യവും സാമ്പത്തികവുമായ അക്കൗണ്ടബിലിറ്റിയും നടപ്പിലാകും.
കൊച്ചിന്‍ ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ സഭ വിട്ടുപോയപ്പോള്‍ കൊച്ചിന്‍ രൂപതയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 35 ലക്ഷം രൂപ മൊത്തം പിന്‍വലിച്ചുകൊണ്ടുപോയതുപോലുള്ള സംഭവങ്ങള്‍ ഈ നിയമം നടപ്പിലായാല്‍ ഇനിമുതല്‍ ഉണ്ടാവുകയില്ല. കൊച്ചിയില്‍ പുതിയ ബിഷപ്പ് നിയമിതനായപ്പോള്‍ സ്റ്റാഫിന് ശമ്പളം കൊടുക്കാന്‍ പണം കടം വാങ്ങേണ്ടിവന്നു. ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ എല്ലാ രൂപതകളിലും പള്ളികളിലും പള്ളിസ്ഥാപനങ്ങളിലും വ്യാപകമായി നടക്കുന്നുണ്ടെന്നുള്ളതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. പാവപ്പെട്ട വിശ്വാസികള്‍ നേര്‍ച്ചപ്പെട്ടിയിലിടുന്ന പണത്തിന് സംരക്ഷണം നല്‍കേണ്ട നിയമനിര്‍മ്മാണം നടത്തേണ്ടത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. ഈ ആര്‍ട്ടിക്കിള്‍ 26 അനുസരിച്ചാണ് വഖഫ് ബോര്‍ഡ് ആക്ടും, ദേവസ്വം ബോര്‍ഡുകളും, ഗുരുദ്വാര ആക്ടും സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളത്.
പുരാതനകാലംമുതല്‍ പൂര്‍ണ്ണമായ ജനാധിപത്യാവകാശത്തോടെ മാര്‍ത്തോമ്മായുടെ നടപടിക്രമങ്ങളനുസരിച്ച് ഭരണം നടന്നിരുന്ന കേരള സഭയില്‍ പോര്‍ച്ചുഗീസുകാരാണ് ആദ്യമായി അടിമത്വത്തിന്റെ നുകം വിശ്വാസികളുടെ ചുമലില്‍ വെച്ചുകെട്ടിയത്. പിന്നീട് പൗരോഹിത്യമേധാവിത്വം വിശ്വാസികളുടെ ഓരോ അവകാശങ്ങളും പടിപടിയായി കവര്‍ന്നെടുക്കുകയായിരുന്നു.
1991-ല്‍ പൗരസ്ത്യ കാനോന്‍ നിയമം കേരളസഭയില്‍ അടിച്ചേല്‍പ്പിച്ചതോടുകൂടി പള്ളിക്കമ്മിറ്റിക്കും, കൈക്കാരന്മാര്‍ക്കും, പള്ളിയോഗത്തിനും യാതൊരധികാരവും ഇല്ലാതായി. പള്ളി വക സ്വത്തുക്കളെല്ലാം ബിഷപ്പുമാരുടെ കൈവശത്തിലും മാര്‍പാപ്പയുടെ പേരിലുമായി. രൂപത കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലടക്കം നിലവിലുള്ള എല്ലാ ജനപ്രാതിനിധ്യമുള്ള കമ്മിറ്റികള്‍ക്കും ഉപദേശം നല്‍കാനുള്ള അധികാരം മാത്രമാണുള്ളത്. ഈ കാനോന്‍ നിയമംപോലും മെത്രാന്മാര്‍ പാലിക്കുന്നില്ല. പുനലൂര്‍ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍പോലും ഇതുവരെ രൂപീകരിച്ചിട്ടില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച അത്മായപ്രാതിനിധ്യം ഒരു രൂപതയിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. വാര്‍ഷിക കണക്ക് അവതരിപ്പിക്കലോ ഓഡിറ്റ് ചെയ്ത് വാര്‍ഷിക വരവ് ചിലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കലോ നിലവിലില്ല. ഒരു പരമാധികാര രാജ്യമായ ഇന്ത്യയില്‍ മറ്റൊരു പരമാധികാര രാജ്യത്തലവനായ മാര്‍പാപ്പയുടെ പേരില്‍ സ്വത്താര്‍ജ്ജിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.
കോഴിക്കോട്, തിരൂര്‍, മൂവാറ്റുപുഴ, എറണാകുളം എന്നീ സബ്ബ് കോടതികളിലും ആലപ്പുഴ, എറണാകുളം എന്നീ ജില്ലാ കോടതികളിലും, ഹൈക്കോടതിയിലും ബിഷപ്പുമാര്‍ വിവിധ കേസുകളില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലങ്ങളില്‍ പള്ളിവക സ്വത്തുക്കള്‍ മാര്‍പാപ്പയുടേതാണെന്നും വിശ്വാസികള്‍ക്കതില്‍ യാതൊരു അധികാരവുമില്ലെന്നും സത്യം ചെയ്ത് ബോധിപ്പിച്ചിട്ടുള്ളതാണ്. എന്നിട്ടിപ്പോള്‍ കെ.സി.ബി.സി.നിലവില്‍ സ്വത്തുക്കളെല്ലാം വിശ്വാസികളുടേതാണെന്ന് ഈ ബില്ലിനെ എതിര്‍ക്കുവാന്‍ വേണ്ടി പ്രസ്താവനയിറക്കിയത് കാപട്യമാണ്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലേക്ക് രൂപതകളില്‍നിന്നു പ്രതിനിധികളെ തിരഞ്ഞെടുത്ത് അയക്കണമെന്ന കെ.സി.ബി.സി. തീരുമാനം നടപ്പാക്കാതിരുന്ന കോതമംഗലം ബിഷപ്പിനെതിരെ ഫാ.ജോണ്‍ കൊച്ചുമുട്ടം, ഫാ.തോമസ് ചെട്ടിപറമ്പില്‍ എന്നിവര്‍ മൂവാറ്റുപുഴ സബ്ബ് കോടതിയില്‍ കേസ്സു കൊടുത്ത് നോമിനേഷന്‍ റദ്ദാക്കുകയുണ്ടായി. ധര്‍മ്മാരാം ഇടവകയുടെ ആറര ലക്ഷം രൂപയടക്കം ഒരു കന്യാസ്ത്രീയെയുംകൊണ്ട് ഫാ.പോള്‍ കൂനന്‍ ഒളിച്ചോടിയതും ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പോള്‍ ഇളങ്കുന്നപുഴ ചാലക്കുടി ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ എം.വി.രാഘവന്റെ സി.എം.പി.നേതാക്കളോടൊപ്പം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി വിവിധ പള്ളികളുടെ 70 ലക്ഷം രൂപ നിക്ഷേപിച്ചത് കാണാനില്ല. മറ്റു ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ജയിലിലുമായി. അഭയ കേസ്സിലെ സി.ബി.ഐ. സാക്ഷിയായി എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഡിസംബര്‍ 18-ാം തീയതി സാക്ഷിമൊഴി നല്‍കിയ അഡ്വ. കളര്‍ക്കോട് വേണുഗോപാലന്‍നായരോട് ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂര്‍ ആറ് മാസം മുമ്പ് നാര്‍ക്കോ അനാലിസിസ് ടെസ്റ്റില്‍നിന്ന് ഒഴിവാകുന്നതിന് പൊതുതാല്പര്യ ഹര്‍ജി കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ''ഒരു കോടി രൂപവരെ ഞങ്ങളിതിന് മുടക്കാന്‍ തയ്യാറാണെന്ന്'' പറഞ്ഞതായി മൊഴി കൊടുക്കുകയും ആ സംഭാഷണത്തിന്റെ രഹസ്യമായി എടുത്ത ഓഡിയോ ടേപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയുമാണ്. നേര്‍ച്ചപ്പെട്ടിയില്‍ നിന്നെടുക്കുന്നതല്ലേ ഈ ഒരുകോടി രൂപ. പുരോഹിതര്‍ക്ക് വ്യഭിചരിക്കാനുള്ളതാണോ നേര്‍ച്ചപ്പെട്ടിയിലെ പണം?
കഴിഞ്ഞ സെപ്തംബര്‍ 10-ാം തീയതി സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ച ഫാ.ജോണ്‍ കവലക്കാട്ട്, വിഷയം അവതരിപ്പിച്ച ജോസഫ് പുലിക്കുന്നേല്‍, മുഖ്യപ്രഭാഷണം നടത്തിയ ലോനപ്പന്‍ നമ്പാടന്‍ എം.പി. എന്നിവരുടെ പ്രസംഗങ്ങള്‍ മാദ്ധ്യമങ്ങളില്‍ കണ്ട് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ നമ്പാടന്‍ മാസ്റ്ററെ ദല്‍ഹിയിലേക്ക് ഫോണില്‍ വിളിച്ച് നിലവിലുള്ള സ്ഥിതി ആരായുകയുണ്ടായി. തുടര്‍ന്ന് കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍, കേരള അത്മായ അസോസിയേഷന്‍, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍,  കാത്തലിക് ഫെഡറേഷന്‍, തുടങ്ങിയ സംഘടനകള്‍ കമ്മീഷന് നിവേദനം നല്‍കുകയും ഈ സംഘടനകളെ വിളിച്ചുവരുത്തി വീണ്ടും ഹിയറിങ്ങ് നടത്തിയാണ് നിയമപരിഷ്‌കരണ കമ്മീഷന്‍ ഈ ബില്ലിനു രൂപം നല്‍കിയത്. 14 മാസംകൊണ്ട് 102 ബില്ലുകള്‍ തയ്യാറാക്കാന്‍ സാധിച്ച കമ്മീഷന്റെ കാര്യപ്രാപ്തി പ്രശംസനീയമാണ്. വികാരിയുടെ അഭിപ്രായത്തിനെതിരെ കമ്മിറ്റിയില്‍ എന്തെങ്കിലും പറയുന്നവരെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുന്ന വികാരിമാരുടെ ധാര്‍ഷ്ട്യവും, ഇടവക കമ്മിറ്റി ക്രിസ്തുവിനോടല്ല-രൂപതാദ്ധ്യക്ഷനോട് കീഴടങ്ങി പ്രവര്‍ത്തിക്കണമെന്ന പ്രതിജ്ഞ ചെയ്യിപ്പിക്കലും ഇതോടെ അവസാനിക്കും.
ജറുസലേം ദേവാലയത്തിലെ നേര്‍ച്ചപ്പെട്ടിയിലെ
നാണയങ്ങളുടെയും പൊന്നിന്റേയും സമൃദ്ധിയില്‍ സുഖലോലുപരായി  സമൂഹത്തില്‍ നിന്നകന്നുപോയ നിയമജ്ഞരേയും, ഫരിസേയരേയും 
പുരോഹിതവര്‍ഗ്ഗത്തേയും വിരല്‍ചൂണ്ടിയ ക്രിസ്തുവിന്റെ 
ചൂണ്ടുവിരല്‍ കേരളത്തിലെ ക്രൈസ്തവ പുരോഹിത 
ദുഷ്പ്രഭുത്വത്തിനെതിരെ ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുകയാണ്

1 comment:

  1. വളരെ പ്രസക്തമായ കാര്യവിവരങ്ങളോടെയുള്ള നല്ലയൊരു ലേഖനം. ഒരു വിദേശിയായ മാർപ്പാപ്പയുടെ പേരിൽ ഇന്ത്യയിൽ ഏതെങ്കിലും പള്ളി സ്വത്തുക്കൾ ഉണ്ടെന്ന് തോന്നുന്നില്ല. അതിന് ഇന്ത്യൻ നിയമം അനുവദിക്കുന്നില്ല. ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ട ഇന്ത്യക്കാരനായ എനിക്കുപോലും ഇന്ത്യയിൽ വസ്തുക്കൾ മേടിക്കണമെങ്കിൽ 'ഓവർസീസ് പൗരത്വം' എടുക്കണം. ആ പൗരത്വം ലഭിക്കണമെങ്കിലും ഇന്ത്യയിൽ ജനിച്ചവർക്കോ ഇന്ത്യക്കാർ മാതാപിതാക്കൾക്ക് ജനിച്ചവരോ ആയിരിക്കണം. അത്തരം പൗരത്വം ഉണ്ടെങ്കിൽ തന്നെയും ഇന്ത്യയിലെ കൃഷിയിടങ്ങളോ വൻ എസ്റേറ്റുകളോ വാങ്ങിക്കാൻ സാധിക്കില്ല. അങ്ങനെയെല്ലാം നിയമങ്ങളുള്ള ഒരു രാജ്യത്ത് ഇന്ത്യയിലെ സഭകളിലുള്ള സ്വത്തുക്കളിൽ മാർപ്പാപ്പായ്ക്കാണ് അധികാരമുണ്ടെന്ന് പറയുന്നതിലും യുക്തിയില്ല. കാനോൻ നിയമം അങ്ങനെ പറയുന്നുണ്ടായിരിക്കാം.

    ബിഷപ്പായിരുന്ന 'തട്ടിൽ' പണം തട്ടിക്കൊണ്ടു സ്ഥലം വിട്ടിട്ടും അയാളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ സഭയിൽ തന്നെ കള്ളത്തരവും തിരിമറിയുമുണ്ടെന്ന് വ്യക്തമാണ്. കള്ളപ്പണം ഒഴുക്കുള്ളതുകൊണ്ടാണ് കാക്കനാട്ടെ വസ്തു വിൽപ്പനയെ സംബന്ധിച്ച് ഇന്നും ദുരൂഹതയുള്ളത്. ആലഞ്ചേരിയും എടയന്ത്രത്തും ഒരുപോലെ ഇതിൽ ഒളിച്ചുകളികൾ നടത്തുന്നുണ്ട്. 'അല്മായർ' എന്ന വിഡ്ഢി സൈന്യം അവരെ പ്രതിരോധിക്കുന്ന കാലത്തോളം സഭയുടെ കള്ളക്കളി തുടർന്നുകൊണ്ടിരിക്കും.

    നികുതി വെട്ടിപ്പുകാരെ പിടിക്കാൻ ആദായ നികുതിവകുപ്പ് ചെറു കച്ചവടക്കാരുടെയും സാധാരണക്കാരുടെയും ഭവനങ്ങളിൽ മിന്നൽ പരിശോധന നടത്താറുണ്ട്. എന്നാൽ, മെത്രാന്മാരും പുരോഹിതരും നടത്തുന്ന ഷോപ്പിംഗ് കോമ്പ്ലെക്സുകളോ, മറ്റു വ്യവസായ സ്ഥാപനങ്ങളോ കണക്കുകൾ ബോധിപ്പിക്കുന്നതിനായി പരിശോധിച്ച ചരിത്രം കേട്ടിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ കൊടുക്കുന്ന പണത്തിന്റെ നല്ലൊരു ശതമാനം പുരോഹിതർ സ്വന്തം വീട്ടിലേക്ക് കടത്തുന്ന കഥകളും കേൾക്കുന്നു. ഇപ്പോൾ പണം ഉണ്ടാക്കാൻ ഏറ്റവും നല്ല മാർഗം പുരോഹിതനാവുകയോ, രാഷ്ട്രീയത്തിൽ പ്രവേശിക്കുകയോയെന്ന സ്ഥിതിവിശേഷത്തിലാണ്. സഭ അഭിമിഖീകരിക്കുന്ന ഭൂവിവാദം അവർക്ക് ഒരു പാഠമാകുമെന്നും കരുതുന്നു.

    ReplyDelete