Translate

Wednesday, March 28, 2018

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഭൂമികച്ചവടവും മെത്രാന്മാരുടെ എപ്പിക്യൂരിയനിസവും

(3-ാം ഭാഗം)
എം.എല്‍. ജോര്‍ജ് മാളിയേക്കല്‍
(ജന. സെക്രട്ടറി, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍)

വ്യക്തവും നിയതവുമായ തത്ത്വസംഹിതയോ യുക്തിസഹമായ ചിന്തയോ റോമന്‍ മതങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രത്യുത, വെറും ഭൗതികവും വൈകാരികവും വൈകൃതവുമായ അടിസ്ഥാനം മാത്രമാണ് റോമന്‍ മതങ്ങള്‍ക്കുണ്ടായിരുന്നത്. റോമാസാമ്രാജ്യത്തിന്റെ സ്വാധീനം അവിടുത്തെ മതങ്ങള്‍ക്കുമേല്‍ ഉണ്ടായിരുന്നു. സത്യം ഗ്രഹിക്കാന്‍ സാധാരണ മനുഷ്യന് കഴിയുകയില്ലെന്നും ഒരു വസ്തുവിന്റെ യഥാര്‍ത്ഥരൂപം അവന്‍ മനസ്സിലാക്കുകയില്ലെന്നും ജീവിച്ചിരിക്കുന്ന ബലവാന്മാരുടെ അടിമയായിരിക്കുന്നതാണ് നല്ലതെന്നുമുള്ള ചിന്തയാണ് അവരെ ഭരിച്ചിരുന്നത്. ലൈംഗികമായ അരാജകത്വവും റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിരുന്നു. പ്രകൃതിശക്തികളെയാണ് റോമന്‍ മതങ്ങള്‍ ആരാധിച്ചിരുന്നത്. യൂറോപ്പ്, ബ്രിട്ടന്‍, ഏഷ്യാമൈനര്‍, സിറിയ, പാലസ്തീന, അറേബ്യ, ഈജിപ്ത്, ആഫ്രിക്കന്‍ വടക്കേതീരം എന്നിവ അടങ്ങുന്നതായിരുന്നു റോമാസാമ്രാജ്യം. റോമാസാമ്രാജ്യത്തെ 40 പ്രോവിന്‍സുകളായി തിരിച്ച് ഓരോന്നിനും ഗവര്‍ണ്ണര്‍മാരെ നിയമിച്ച് ഭരണനിര്‍വ്വഹണം നടത്തിപ്പോന്നു. വിവിധ സ്റ്റേറ്റുകള്‍ ഏകോപിപ്പിച്ച് റോമാ സിറ്റിസ്റ്റേറ്റിന് രൂപംനല്‍കിക്കൊണ്ട് ഏകാധിപത്യഭരണം അരക്കിട്ടുറപ്പിച്ചു. ബി.സി. 29-നും എ.ഡി. 14-നും ഇടയില്‍ ഭരണം നടത്തിയിരുന്ന അഗസ്റ്റസ് എന്നറിയപ്പെടുന്ന ഒക്‌ടേവിയനാണ് ഈ ഭരണപരിഷ്‌കാരം കൊണ്ടുവന്നത്. നന്മയെ നിഗ്രഹിച്ച് തിന്മയെ പരിപോഷിപ്പിക്കുക എന്നതാണ് റോമാസാമ്രാജ്യത്തിന്റെ അടിസ്ഥാനലക്ഷ്യം. പഴയനിയമപാരമ്പര്യമനുസരിച്ചുള്ള ലേവായഗോത്രപൗരോഹിത്യത്തെ ഉന്മൂലനംചെയ്തത് റോമാസാമ്രാജ്യമാണ്. ലേവായ പൗരോഹിത്യത്തിന് ഭൗതികഭരണച്ചുമതല ഉണ്ടായിരുന്നില്ല. ലേവായ ഗോത്രമല്ലാത്ത മറ്റ് 11 ഗോത്രങ്ങള്‍ക്കാ
യിരുന്നു ഭൗതികകാര്യങ്ങളുടെ ചുമതല. 
യേശുവിന്റെ മനുഷ്യാവതാരം റോമാസാമ്രാജ്യത്തിലായിരുന്നു. റോമാസാമ്രാജ്യത്തില്‍ നടമാടിയിരുന്ന അധര്‍മ്മത്തിനും അനീതിക്കും ആധിപത്യത്തിനും അധികാരവാഴ്ചയ്ക്കുമെതിരെ ആയിരുന്നു യേശുവിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും. സത്യത്തിനു സാക്ഷ്യംവഹിച്ച യേശുവിനെ കുരിശിലേറ്റി വധിച്ചതും റോമാസാമ്രാജ്യമാണ്. യേശുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട് പരസ്പരസ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും ഏകമനസ്സായി വര്‍ത്തിച്ചിരുന്ന ക്രൈസ്തവസമൂഹത്തെ അക്രൈസ്തവികതയിലേക്ക് തള്ളിയിട്ടതും റോമാസാമ്രാജ്യമാണ്. ഇതിനു ചുക്കാന്‍ പിടിച്ചത്, ഔറേലിയന്‍, ഡയോക്ലീഷന്‍, കോണ്‍സ്റ്റന്റൈന്‍ എന്നിവരായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ഒഴികെയുള്ളവര്‍ ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിച്ചും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ ധൃതരാഷ്ട്രാലിംഗനം ചെയ്തുമാണ് ക്രിസ്തീയസഭയെ നശിപ്പിക്കാന്‍ ശ്രമിച്ചത്.
റോമിന്റെ മെത്രാന് അളവറ്റ ഭൗതികസമ്പത്തും രാജകീയപദവിയും വേഷഭൂഷാദികളും പാര്‍ക്കാന്‍ ലാറ്ററനിലെ ഫ്രൗസ്റ്റാ കൊട്ടാരവും ദാനമായി നല്‍കിക്കൊണ്ട് ആത്മീയമനുഷ്യനായ മെത്രാനെ ഭൗതികമനുഷ്യനാക്കി അധഃപതിപ്പിച്ചു. തുടര്‍ന്ന് ആധിപത്യവും അധികാരവും നല്‍കി ക്രിസ്തീയ ആവാസവ്യവസ്ഥയെ അട്ടിമറിച്ചു. രാജകീയാധികാരം കൈവന്നതോടെ ക്രിസ്തീയലാളിത്യവും അരൂപിയും ആഡംബരജീവിതത്തിനും വേഷവിധാനങ്ങള്‍ക്കുംവേണ്ടി വഴി മാറിക്കൊടുത്തു. അങ്ങനെ എപ്പിക്ക്യൂരിയനിസത്തെ അവര്‍ ജീവിതവ്രതമായി സ്വീകരിച്ചു. രാജകൊട്ടാരങ്ങളിലെ സുഖജീവിതവും പ്രൗഢിയും ആത്മീയശുശ്രൂഷകരുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും വ്യാപിച്ചു. 
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി എ.ഡി. 326-ല്‍, കര്‍ത്താവിനെ തൂക്കിയ കുരിശ് കണ്ടെടുത്തതോടെയാണ് കുരിശ് സഭയുടെ ഔദ്യോഗികചിഹ്നമായത്. പേപ്പല്‍ പതാകയില്‍ കുരിശ് മുദ്രണം ചെയ്ത് അതിനെ വണങ്ങണമെന്ന കല്പനയും പുറപ്പെടുവിച്ചു. കര്‍ത്താവിന്റെ കുരിശ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. ഫലത്തില്‍നിന്നാണ് വൃക്ഷത്തെ തിരിച്ചറിയേണ്ടത്. കവര്‍ച്ചക്കാരന്റെ കുരിശ് കൊള്ളയുടെയും കൊലയുടെയും കൊള്ളിവെപ്പിന്റെയും അനീതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാണ്. റോമാ തിരഞ്ഞെടുത്ത കുരിശ്, നാളിതുവരെ പുറപ്പെടുവിക്കുന്ന ഫലങ്ങള്‍ വിശകലനംചെയ്തു നോക്കിയാല്‍, കവര്‍ച്ചക്കാരന്റെ കുരിശാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. കവര്‍ച്ചക്കാരന്റെ കുരിശിനെ പിന്‍തുടര്‍ന്നാണ് കൊള്ളയും കൊലയും കവര്‍ച്ചയും അനീതിയും ചൂഷണവും കുരിശുയുദ്ധങ്ങളും സഭ നടത്തിയിട്ടുള്ളത്. കുരിശുയുദ്ധങ്ങള്‍വഴി ആളും അവകാശികളും നഷ്ടമായ അനേകരുടെ സമ്പത്തുക്കളില്‍ അടയിരുന്ന് അത് അനുഭവിക്കുകയാണ് റോമും അവരുടെ അനുയായികളായ മെത്രാന്മാരും ചെയ്തത്. കാനന്‍ നിയമത്തിന് രൂപം കൊടുത്തിട്ടുള്ളത് കര്‍ത്താവിന്റെ വചനത്തെ അവലംബമാക്കിയല്ല; കവര്‍ച്ചക്കാരന്റെ കുരിശിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ റോമന്‍ കത്തോലിക്കാസഭയും അതിനെ പിന്തുടരുന്ന സഭകളും ക്രിസ്തീയമല്ല; തികച്ചും മാമോനികമാണ്.
റോമന്‍ സഭ ഭാരതത്തില്‍
1498 മേയ് 20-ന് വാസ്‌ക്കോ ഡി ഗാമ കേരളത്തിലെത്തി. 1500-ല്‍ കബ്രാള്‍ എന്ന പോര്‍ച്ചുഗീസ് നാവികനും കൂട്ടത്തില്‍ ചില മിഷനറിമാരും കോഴിക്കോട്ടെത്തി. അവര്‍ കുറെ ആളുകളെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളാക്കി. തീരദേശങ്ങളില്‍ വസിച്ചിരുന്ന പട്ടിണിപ്പാവങ്ങളായിരുന്നു അവര്‍. 1510-ല്‍ പോര്‍ട്ടുഗീസുകാര്‍ അല്‍ഫോന്‍സോ ദേ അല്‍ബുക്കര്‍ക്കിന്റെ തന്ത്രംവഴി ഗോവ കൈയടക്കി. അല്‍ബുക്കര്‍ക്ക് മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചും, വളരെയധികം സ്ത്രീകളെ 18000 റിയാവീതം കൊടുത്ത് വിലയ്ക്കുവാങ്ങിയും, പോര്‍ച്ചുഗീസുകാര്‍ക്ക് ഭാര്യമാരായി നല്‍കിയും മതപരിവര്‍ത്തനപ്രക്രിയയ്ക്ക് ആക്കംകൂട്ടി. 1522-ല്‍ ഡ്യൂവിലെ മെത്രാനായ ഡ്വാര്‍ട്ടെ ഗോവ സന്ദര്‍ശിച്ചപ്പോള്‍, ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകള്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതു കണ്ട് കുപിതനായി. അമ്പലങ്ങള്‍ നശിപ്പിച്ച് തല്‍സ്ഥാനങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ അദ്ദേഹം കല്പന നല്‍കി. ക്രിസ്ത്യാനികളൊഴികെ മറ്റാരെയും ഗോവയില്‍ താമസിപ്പിക്കരുതെന്നും കല്പിച്ചു. അതേത്തുടര്‍ന്ന്, രാജ്യത്ത് അനീതിയും അക്രമവും അവര്‍ അഴിച്ചുവിട്ടു. 1541-ല്‍ വികാരി ജനറാളായിരുന്ന മിഗുവല്‍വാസ് ഗോവയില്‍ അനേകം ഹൈന്ദവക്ഷേത്രങ്ങള്‍ നശിപ്പിച്ച് തല്‍സ്ഥാനത്ത് പള്ളികള്‍ സ്ഥാപിച്ചു. 1556-ല്‍ വൈസ്രോയി ആയിരുന്ന അന്താവോ ദെ നൊറാണ പുതിയ ക്ഷേത്രങ്ങള്‍ പണിയുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. 1567-ല്‍ അവശേഷിച്ച അമ്പലങ്ങള്‍ നശിപ്പിച്ച് പള്ളി പണിയുവാന്‍ സാല്‍സെറ്റില്‍ എത്തിവയവരെ അന്നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നിഷ്‌ക്കരുണം വധിച്ചു. ഇതില്‍ കുപിതരായ പോര്‍ച്ചുഗീസുകാര്‍ അവശേഷിച്ച 280 അമ്പലങ്ങള്‍ ഒന്നാകെ നശിപ്പിക്കുകയും അമ്പലം വക വസ്തുവകകള്‍ പള്ളിമുതലായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് എതിര്‍നിന്നവരെ ഇന്‍ക്വിസിഷന്‍ ശിക്ഷാനടപടികള്‍വഴി ജീവനോടെ ചുട്ടുചാമ്പലാക്കിക്കൊണ്ട് കവര്‍ച്ചയുടെ കുരിശിന്റെ അധിനിവേശം കുറിച്ചു. ഹിന്ദുക്കള്‍ക്ക് പാഷണ്ഡത കല്പിച്ച് തൊഴില്‍പോലും നിഷേധിച്ച് പീഡനത്തിനിരയാക്കി. ഇന്‍ക്വിസിഷന്‍ ഭയന്ന് അനേകം ഹിന്ദുക്കളും വിയോജിപ്പുള്ള ഒരു പറ്റം ക്രിസ്ത്യാനികളും ജീവരക്ഷാര്‍ത്ഥം നാടുവിട്ടു. '' ഏകംസത് വിപ്രോ ബഹുധാ വദന്തി'' എന്ന ആര്‍ഷഭാരതസംസ്‌കാരത്തിനു ലഭിച്ച തിരിച്ചടികളാണ് മേല്‍ പ്രസ്താവിച്ചയെല്ലാം.
നസ്രാണികള്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ സാംസ്‌കാരികമായി ഭാരതീയരും മതപരമായി ക്രിസ്ത്യാനികളുമാണ്. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ ഭാരതീയ ശൈലിയിലാണ് നിര്‍വ്വഹിച്ചിരുന്നത്. നസ്രാണികള്‍ എക്കാലത്തും നാനാജാതി മതസ്ഥരുമായി സാഹോദര്യത്തിലും സൗഹാര്‍ദ്ദത്തിലുമാണ് കഴിഞ്ഞുപോന്നിട്ടുള്ളത്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ യേശുവിന്റെ കുരിശിനെയാണ് നസ്രാണികള്‍ പിഞ്ചെല്ലുന്നത്. 16-ാം നൂറ്റാണ്ടുമുതല്‍ റോമന്‍ പൗരോഹിത്യം കവര്‍ച്ചയുടെ കുരിശ് നസ്രാണികളുടെമേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിച്ചുവരുന്നതാണെങ്കിലും ക്രിസ്തീയതയില്‍ അടിയുറച്ച പള്ളിയോഗങ്ങള്‍ അതിനെയെല്ലാം അതിജീവിക്കുകയാണുണ്ടായത്. കവര്‍ച്ചക്കാരുടെ പക്ഷത്ത് നിലകൊള്ളുന്ന ഈ സഭയിലെ മെത്രാന്മാര്‍ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ക്രിസ്തീയതത്വങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും കല്പനകള്‍ക്കും എതിരായാണ്. വൈദികപട്ടവും സന്ന്യാസവ്രതവും സ്വീകരിക്കുമ്പോള്‍ യേശുവിനെ അനുകരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്നു സത്യപ്രതിജ്ഞ എടുപ്പിക്കേണ്ടതിനുപകരം, കവര്‍ച്ചയ്ക്ക് പ്രചോദനമായ കാനന്‍നിയമവും അതിനു വിധേയമായ മെത്രാന്‍ കല്പനകളുമനുസരിച്ച് റോമിലെ പോപ്പിനും രൂപതാമെത്രാനും വിധേയമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ദൈവനിഷേധപ്രതിജ്ഞയാണ് എടുപ്പിക്കുന്നത്. അതു മാത്രമല്ല, യേശുവിന്റെ അന്ത്യഅത്താഴ അനുസ്മരണം ആചരിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഏകപിതാവായ ദൈവത്തെ അവഗണിച്ച് റോമിലെ പോപ്പിനെ പരിശുദ്ധ പിതാവായും ഭരണാധികാരിയായും രൂപതാ ബിഷപ്പിനെ പിതാവായും ഉയര്‍ത്തി ആഭിചാരകുര്‍ബാനയാണ് അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. റോമാസഭ പഠിപ്പിക്കുന്ന ത്രികാലജപങ്ങളില്‍ മുഖ്യമായ ''ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍-സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ'' എന്ന പ്രാര്‍ത്ഥന തികച്ചും ആഭിചാരപ്രാര്‍ത്ഥനയാണ്. സര്‍വ്വേശ്വരന്‍ എന്നാല്‍ ഈശ്വരന്മാരുടെ ഈശ്വരനാണ്. ക്രിസ്തീയവിശ്വാസമനുസരിച്ച് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ത്രിതൈ്വകദൈവവിശ്വാസമാണുള്ളത്. ഇതില്‍ പിതാവായ ദൈവത്തെയാണ് സര്‍വ്വേശ്വരന്‍ എന്ന് സംബോധന ചെയ്യുന്നത്. പിതാവായ ദൈവത്തിന് മാതൃത്വം സൃഷ്ടിച്ച് മറിയത്തെ സര്‍വ്വേശ്വരന്റെ മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന പാഷണ്ഡതയും ആഭിചാരവുമാണ്. കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും ദൈവനിഷേധവും പാഷണ്ഡതയും ആഭിചാരവും വെളിവാകുന്ന ഒത്തിരിയൊത്തിരി ജപങ്ങള്‍ അടിച്ചേല്പിച്ച് ഇവര്‍ ക്രിസ്തീയവിശ്വാസികളെ അന്ധകാരത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്.
അല്‍മായര്‍ സഭയോടുള്ള സ്‌നേഹം പ്രകടമാക്കേണ്ടത് മൗനത്തിലൂടെയോ നിസംഗതയിലൂടെയോ അല്ല; മറിച്ച്, തെറ്റിനെ ചൂണ്ടിക്കാണിച്ചും അതിനെ ചോദ്യംചെയ്തും അവ തിരുത്തുന്നതിനുള്ള അവസരം സൃഷ്ടിച്ചുമാണ്. ആ നിലയ്ക്കു ചിന്തിക്കുമ്പോള്‍, അങ്കമാലി-എറണാകുളം അതിരൂപതയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും സംഘവും നടത്തിയ വിവാദപരമായ ഭൂമിവില്പന കുംഭകോണത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് തികച്ചും ക്രൈസ്തവധര്‍മ്മമാണ്. ഇക്കാര്യത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പക്ഷംപിടിച്ചും സഹമെത്രാന്മാരുടെ പക്ഷംപിടിച്ചും ചേരിതിരിഞ്ഞ് ന്യായീകരിച്ചും വിമര്‍ശിച്ചും പ്രസ്താവനകള്‍ നടത്തുന്നത് കവര്‍ച്ചയുടെ കുരിശിന് വെള്ളപൂശലാണ്. ഒരു വ്യക്തിയെ ക്രിസ്തു സ്പര്‍ശിക്കുമ്പോള്‍ ആ വ്യക്തിയുടെ ആത്മീയഭാവം ക്രിസ്തുവിനേപ്പോലെ പ്രോജ്വലമാകുന്നു. അയാള്‍ വീണ്ടും ജനിക്കുന്നു. അപ്പോസ്തലപിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്ന സീറോ-മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കൊന്നും അപ്പോസ്തലികചൈതന്യസ്പര്‍ശം ലഭിച്ചിട്ടില്ല. നിസ്വാര്‍ത്ഥമായ ക്രിസ്തീയചൈതന്യത്തിനുപകരം, സ്വാര്‍ത്ഥമോഹങ്ങളാല്‍ പാരവശ്യരായി പായുകയാണവര്‍. ഈ പാച്ചിലും ആക്രാന്തവും അവരെ കൊണ്ടെത്തിക്കുന്നത് എപ്പിക്യൂരിയനിസത്തിലേക്കാണ്.
(തുടരും)
ഫോണ്‍: 9400953632

No comments:

Post a Comment