Translate

Thursday, March 15, 2018

ചര്ച്ച് ആക്ട് - ജോസഫ് പുലിക്കുന്നേല്‍

ഓശാന ഏപ്രില്‍ - ജൂണ്‍ 2015

ഓരോ സഭയ്ക്കും അതിന്റേതായ തനിമകളുണ്ട്. കേരള സഭയും (സീറോ മലബാര്‍ സഭയും, സീറോ മലങ്കര സഭയും) അതിന്റേതായ പാരമ്പര്യങ്ങള്‍ വച്ചുപുലര്‍ത്തിപ്പോന്നു. ആ പൂര്‍വ പാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ഓരോ സഭകളും ചിന്തിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നമ്മെ ഓര്‍മിപ്പിക്കുന്നു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇങ്ങനെ പറയുന്നു : ''സാര്‍വത്രിക സഭ പൗരസ്ത്യസഭകളോടു വളരെ അധികം കടപ്പെട്ടിരിക്കുന്നു. ഇതിന് ചരിത്രവും പാരമ്പര്യങ്ങളും എണ്ണമറ്റ സഭാസ്ഥാപനങ്ങളും സാക്ഷ്യം വഹിക്കുന്നുണ്ട്. സഭാപരവും ആദ്ധ്യാത്മികവുമായ പിതൃത്വത്തിനെ കൗണ്‍സില്‍ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഇതിനെ ക്രിസ്തുവിന്റെ സാര്‍വത്രികസഭയുടെതായി പരിഗണിക്കുകയും ചെയ്യുന്നു. അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. .....
നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ല, അതിനാല്‍ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കയും പൂര്‍ണമായി ആചരിക്കുകയും വേണം. കാലത്തിന്റേയോ വ്യക്തികളുടേയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണികപാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്.'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍, മൂന്നാം പതിപ്പ്, പേജ് 158)
ആദിമസഭയില്‍ ക്രിസ്തുവിനു ശേഷം ശിഷ്യന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി സുവിശേഷ പ്രഘോഷണം നടത്തി. അന്ന് സഭയ്ക്ക് പൊതുവായ പ്രത്യേക ശിക്ഷണക്രമങ്ങളും ആരാധനാരീതികളും ഉണ്ടായിരുന്നില്ല. ആദിമനൂറ്റാണ്ടുകളില്‍ സഭ വികസിച്ചത് റോമാ സാമ്രാജ്യത്തിനുള്ളിലായിരുന്നു. രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ഓരോ സഭകള്‍ക്കും പ്രത്യേകമായ ശിക്ഷണക്രമങ്ങളും ആരാധനാക്രമങ്ങളും ഉരുത്തിരിഞ്ഞത്. റോമന്‍ സാമ്രാജ്യം മൂന്നാം നൂറ്റാണ്ടില്‍ രണ്ടായി വിഭജിക്കപ്പെട്ടു. റോമാ കേന്ദ്രമാക്കിയുള്ള പാശ്ചാത്യ റോമാ സാമ്രാജ്യവും  കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രീകൃതമായ പൗരസ്ത്യ റോമാ സാമ്രാജ്യവും.
ഇക്കാര്യത്തില്‍ പൗരസ്ത്യ സഭകള്‍ക്ക് പ്രത്യേകതയുണ്ടായിരുന്നു. ഇന്ന് സഭയില്‍ കാണുന്ന ആരാധനാരീതികളില്‍ മിക്കതും പൗരസ്ത്യ സഭകളുടെ  സംഭാവനയായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (നാലാം നൂറ്റാണ്ടില്‍) റോമാ സാമ്രാജ്യം ക്രൈസ്തവ സഭയെ അംഗീകരിച്ചതിനുശേഷം എല്ലാ സഭകളും സാമ്രാജ്യത്തിനു കീഴില്‍ ഒന്നായിരിക്കണമെന്നുള്ള ചിന്തയില്‍ സഭയില്‍ പ്രത്യേകമായ ഭരണരീതികളും ശിക്ഷണക്രമങ്ങളും ഏര്‍പ്പെടുത്തി. ഇന്ന് പാശ്ചാത്യ സഭയെന്ന് അറിയപ്പെടുന്ന സഭയുടെ നാലാം നൂറ്റാണ്ടിനുശേഷമുള്ള വളര്‍ച്ച റോമാ സാമ്രാജ്യത്തില്‍ ഉരുത്തിരിഞ്ഞ  ഹൈരാര്‍ക്കിക്കല്‍ ഭരണരീതി സ്വീകരിച്ചതിനുശേഷമാണ് ആരംഭിച്ചത്. അധികാരപരമായ കേന്ദ്രീകരണം അക്കാലഘട്ട ത്തില്‍ ഉണ്ടായ സവിശേഷതയാണ്. റോമാ സാമ്രാജ്യത്തിന്റെ കേന്ദ്രീകൃത ഭരണരീതിയെ അംഗീകരിച്ചുകൊണ്ട് അതേ ഭരണരീതിയാണ് റോമന്‍ സഭ യിലും ഉരുത്തിരിഞ്ഞത്. ദൈവശാസ്ത്രവും ഘടനയുമെല്ലാം ഒന്നാം നൂറ്റാണ്ടുമുതല്‍ നാലാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ വികസിച്ചു. സഭയിലെ അതിപ്രധാനങ്ങളായ ദൈവശാസ്ത്ര പ്രശ്‌നങ്ങള്‍ നാലാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. റോമില്‍ കേന്ദ്രീകൃതമായ ഭരണരീതി വിഭജനങ്ങളെ തടുത്തുനിര്‍ത്തി. റോമിലെ മെത്രാന്റെ കീഴില്‍ സഭകളെല്ലാം ഒന്നാണെന്ന കാഴ്ചപ്പാട് ഈ കാലഘട്ടത്തിലാണ് ഉരുത്തിരിഞ്ഞത്. പൗരസ്ത്യ സഭകള്‍ ഓരോന്നായി റോമാ സഭയില്‍ നിന്നും വേര്‍പിരിഞ്ഞു. കാരണം റോമാസഭ പ്രധാനമായും ഏകശാസനാധികാരമുള്ള റോമന്‍ കേന്ദ്രീകൃതമായ സഭയായിരുന്നു. അന്ത്യോഖ്യയും അലക്‌സാണ്ട്രിയായും കോണ്‍ സ്റ്റാന്റിനോപ്പിളുമെല്ലാം റോമന്‍ ഭരണരീതി സ്വീകരിച്ചുകൊണ്ട് വളര്‍ന്നു. ഏഴാം നൂറ്റാണ്ടോടുകൂടി അധികാരപരമായ ഈ വിഭജനം കൂടുതല്‍ കൂടു തല്‍ ശക്തി പ്രാപിച്ചു. റോമാ, അന്ത്യോഖ്യ, കോണ്‍സ്റ്റാന്റിനോപ്പിള്‍, അലക്‌സാണ്ട്രിയ എന്നീ പാത്രിയര്‍ക്കേറ്റുകളില്‍ ഏതാണ് പ്രധാനമെന്ന ചോദ്യം ഉയര്‍ന്നുവന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രീകൃതമായ പൗരസ്ത്യസഭ യാണ് റോം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനി എന്ന് തീരുമാനിക്കപ്പെട്ടു. കോണ്‍ സ്റ്റാന്റിനോപ്പിള്‍ രണ്ടാം റോം ആയി കണക്കാക്കി കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് രണ്ടാം സ്ഥാനിയായി നിശ്ചയിക്കപ്പെട്ടു. ദൈവശാസ്ത്രപരമായ ഭിന്നതകളുണ്ടായപ്പോള്‍ ഓരോ പാത്രിയര്‍ക്കാമാരും അവരവരുടേതായ രീതികള്‍ സ്വീകരിച്ചു. അങ്ങനെ പാശ്ചാത്യ സഭയെന്നും പൗരസ്ത്യ സഭയെന്നും അറിയപ്പെടുന്ന രണ്ടു വിഭാഗം സഭകള്‍ ഉണ്ടായി.
ആദിമനൂറ്റാണ്ടില്‍തന്നെ ക്രിസ്തുവിന്റെ സുവിശേഷം ഭാരതത്തില്‍ പ്രചരിച്ചതായി തെളിവുകളുണ്ട്. ഭാരതസഭ ഒരു പാത്രിയര്‍ക്കായുടെയും കീഴിലായിരുന്നില്ല. അതിന് സ്വയംഭരണാവകാശമുണ്ടായിരുന്നു. നാലാം നൂറ്റാണ്ടായപ്പോഴേക്കും കോണ്‍സ്റ്റാന്റിനോപ്പിളും മറ്റു പാത്രിയര്‍ക്കാമാരും തമ്മില്‍ ദൈവശാസ്ത്രപരമായ ഭിന്നതയുണ്ടായി.
റോമന്‍ സാമ്രാജ്യത്തോട് അടുത്തു കിടന്നിരുന്ന രാജ്യമായിരുന്നു പേര്‍ഷ്യ. അന്ത്യോഖ്യയില്‍ നിന്നും മിഷനറിമാര്‍ പേര്‍ഷ്യയിലെത്തി പേര്‍ഷ്യന്‍ സഭ സ്ഥാപിച്ചു. അന്ത്യോഖ്യയില്‍നിന്നായിരുന്നു പേര്‍ഷ്യന്‍ സഭ ആദ്യമൊക്കെ മെത്രാന്മാരെ സ്വീകരിച്ചിരുന്നത്. റോമന്‍ സാമ്രാജ്യവും പേര്‍ഷ്യന്‍ സാമ്രാജ്യവും തമ്മില്‍ അധികാരപരമായ തര്‍ക്കങ്ങളുണ്ടായി രുന്നു. പേര്‍ഷ്യന്‍ സഭ അന്ത്യോഖ്യയില്‍നിന്നും മെത്രാന്മാരെ സ്വീകരിക്കുന്നത് സംശയദൃഷ്ടിയോടുകൂടിയാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തി കണ്ടത്. തന്മൂലം അഞ്ചാം നൂറ്റാണ്ടോടുകൂടി പേര്‍ഷ്യന്‍ മെത്രാന്മാര്‍ സൂനഹദോസു കൂടി സെലൂഷ്യ-സ്റ്റെസിഫോണ്‍ എന്ന സ്വതന്ത്ര സഭ സ്ഥാപിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസായിരുന്ന നെസ്‌തോറിന്റെ ദൈവശാസ്ത്രമായിരുന്നു പേര്‍ഷ്യന്‍ സഭ സ്വീകരിച്ചത്. നെസ്‌തോറിയന്‍ ദൈവശാസ്ത്രത്തെ റോമന്‍ സഭ അപലപിച്ചു. കന്യകാമറിയം ക്രിസ്തുവിന്റെ മാത്രം മാതാവാണെന്നും ദൈവത്തിന്റെ അമ്മയല്ലെന്നും നെസ്തര്‍ പ്രഖ്യാ പിച്ചു. ഇതിനോട് റോമന്‍ സഭ വിയോജിച്ചു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. ക്രിസ്തുവിന് ഏകസ്വഭാവമാണുണ്ടായിരുന്നതെന്നും അന്ത്യോഖ്യന്‍ സഭ പ്രഖ്യാപിച്ചു. അങ്ങനെ ദൈവശാസ്ത്രപരമായി പേര്‍ഷ്യന്‍ സഭ ഇതര പൗരസ്ത്യ സഭകളില്‍ നിന്നും വ്യത്യസ്തമായി. നെസ്‌തോറിയന്‍ വിശ്വാസം സ്വീകരിച്ചിരുന്ന പേര്‍ ഷ്യന്‍ സഭ അനേകം മിഷനറിമാരെ പേര്‍ഷ്യക്ക് പുറത്തുള്ള ഭൂപ്രദേശങ്ങളിലേക്ക് അയച്ചു. അങ്ങനെ അവര്‍ ഇന്ത്യന്‍ സഭയുമായും ബന്ധപ്പെട്ടു. പേര്‍ ഷ്യന്‍ ചക്രവര്‍ത്തി സാപ്പോര്‍ ക്രിസ്തുമത വിശ്വാസികളെ പീഢിപ്പിക്കാനാരംഭിച്ചു. പീഢനത്തില്‍നിന്നും രക്ഷപ്രാപിക്കാന്‍ കുറെ ക്രൈസ്തവ കുടും ബങ്ങള്‍ കച്ചവടക്കാരന്‍ തോമ്മായുടെ (ക്‌നായി തൊമ്മന്‍) നേതൃത്വത്തില്‍ കേരളത്തില്‍ കുടിയേറിപാര്‍ത്തു. അങ്ങനെ ആദ്യമായി ഭാരത സഭ ഇന്ത്യക്കു പുറത്തുള്ള ഒരു ക്രൈസ്തവസമൂഹവുമായി ബന്ധപ്പെട്ടു. പേര്‍ഷ്യന്‍ സഭ ഘടനാപരമായി റോമന്‍ സഭയുടെ രീതികള്‍ സ്വീകരിച്ചി രുന്നു. മെത്രാന്മാര്‍ രാജകീയ പ്രതാപത്തോടെയാണ് സഭയെ ഭരിച്ചിരുന്നത്.
പേര്‍ഷ്യക്കാര്‍ ഇവിടെയെത്തിയപ്പോള്‍ തികച്ചും വ്യത്യസ്തമായ ഭരണരീതിയുള്ള ക്രൈസ്തവരെയാണ് കണ്ടത്. മാമ്മോദീസ, കുര്‍ബാന മുതലായ കൂദാശകള്‍ക്ക് പ്രത്യേകമായ ക്രമങ്ങളൊന്നും അന്ന്് ഇന്ത്യന്‍ സഭയില്‍ ഉണ്ടായിരുന്നില്ല. സാമ്പത്തികമായി വളരെയധികം വളര്‍ച്ച പ്രാപിച്ച ഒരു സഭയാണ് അന്ന് കേരളത്തില്‍ ഉണ്ടായിരുന്നത്. കുടിയേറ്റക്കാരായ പേര്‍ഷ്യന്‍ ക്രിസ്ത്യാനികളുടെ പ്രേരണയനുസരിച്ച് കേരളസഭ പേര്‍ഷ്യന്‍ മെത്രാന്മാരെ കേരളത്തിലേക്ക് ക്ഷണിച്ചു. കേരള ക്രിസ്ത്യാനികള്‍ പേര്‍ഷ്യന്‍ ക്രിസ്ത്യാനികളോടൊപ്പം ചേര്‍ന്ന് പേര്‍ഷ്യന്‍ മെത്രാന്മാരെ സ്വീകരിക്കുകയും ആരാധനാക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. മാത്രമല്ല, അവരുടെ ക്രമമനുസരിച്ച് പുരോഹിതരെ തെരഞ്ഞെടുക്കുകയും അവരെ പേര്‍ഷ്യന്‍ ആരാധനാക്രമമനുസരിച്ചുള്ള സുറിയാനി ഭാഷ പഠിപ്പിക്കുകയും ചിലര്‍ക്ക് പട്ടം കൊടുക്കുകയും ചെയ്തു. എന്നാല്‍ പേര്‍ഷ്യന്‍ ക്രമമനുസരിച്ച് മെത്രാന്മാര്‍ക്ക് മാത്രമേ കുര്‍ബാന അനുഷ്ഠിക്കാന്‍ (റാസ) അനുവാദമുണ്ടായിരുന്നുള്ളൂ. പേര്‍ഷ്യന്‍ മെത്രാന്മാര്‍ കേരളത്തില്‍ വരുമ്പോള്‍ കൂദാശ സമര്‍പ്പണത്തില്‍ പേര്‍ഷ്യന്‍ മെത്രാന്മാരെ സഹായിക്കുക മാത്രമാണ് കേരളത്തിലെ പുരോഹിതര്‍ ചെയ്തിരുന്നത്.
കേരളീയ ക്രൈസ്തവര്‍ക്ക് അന്ന് ഒരു തലവനുണ്ടായിരുന്നു. ആര്‍ച്ച്ഡീക്കന്‍ എന്നാണ് അദ്ദേഹത്തെ പേര്‍ഷ്യക്കാര്‍ വിളിച്ചിരുന്നത്. അദ്ദേഹം ജാതിക്കുകര്‍ത്തവ്യനായിരുന്നു. അദ്ദേഹത്തിനുപോലും കുര്‍ബാനപട്ടം കൊടുത്തിരുന്നില്ല. പേര്‍ഷ്യന്‍ കുര്‍ബാന സമ്പ്രദായം അനുസരിച്ച് മെത്രാനെ സഹായിക്കാന്‍ ഒരു ആര്‍ച്ച് ഡീക്കന്‍ ആവശ്യമായിരുന്നു.  ആ പദവി മാത്രമാണ് കേരളസഭയ്ക്ക് പേര്‍ഷ്യക്കാര്‍ നല്കിയത്. അവരുടെ ക്രമമനുസരിച്ച് മാമ്മോദീസ മെത്രാന്മാരുടെ അധികാരത്തില്‍പെട്ടതായിരുന്നു. അങ്ങനെ വിദേശീയരായ പേര്‍ഷ്യക്കാര്‍ കേരളത്തില്‍ വരുകയും മാമ്മോദീസ മുക്കുകയും കുര്‍ബാന അനുഷ്ഠിക്കുകയും ചെയ്തുപോന്നു. അതിനായി ഒരു വലിയ തുക കേരളത്തില്‍നിന്നും പിരിച്ചെടുത്തിരുന്നു. അത് ദരിദ്രരായ പേര്‍ഷ്യന്‍ സഭാ മെത്രാന്മാര്‍ക്ക് വലിയ സഹായവുമായിരുന്നു.
കേരളസഭാഭരണം നടത്തിയിരുന്നത് ഓരോ ഇടവകയിലേയും യോഗക്കാരായിരുന്നു. പുരോഹിതരെ തെരഞ്ഞെടുത്തിരുന്നത് ഇവടകക്കാരാണ്. മെത്രാന്മാര്‍ കേരള സഭയില്‍ ഉണ്ടായിരുന്നില്ല. ആ സ്ഥാനം ജാതിക്കു കര്‍ത്തവ്യനായിരുന്നു. അങ്ങനെ മറ്റ് പാത്രിയര്‍ക്കാ സഭകളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഭരണരീതി ആയിരുന്നു കേരളസഭയ്ക്കുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടായപ്പോഴേക്കും മറ്റു പാശ്ചാത്യ സഭയില്‍നിന്നും മിഷനറിമാര്‍ ഭാരതത്തില്‍ വന്നു തുടങ്ങി. പേര്‍ഷ്യന്‍ സഭയും റോമന്‍ സഭയും തമ്മിലുണ്ടായിരുന്ന അധികാരതര്‍ക്കം ഇവിടെയും പ്രകാശിതമായി. പോര്‍ട്ടുഗീസുകാര്‍ റോമന്‍ സഭയ്ക്ക് അതിശക്തരായ പിന്തുണക്കാരായിരുന്നു. പോര്‍ട്ടുഗീസുകാര്‍ കച്ചവടത്തിനായി കേരളത്തിലുമെത്തി. അവര്‍ കേരള സഭയില്‍ പേര്‍ഷ്യന്‍ മെത്രാന്മാര്‍ ക്കുള്ള സ്വാധീനവും സ്ഥാനവും മനസ്സിലാക്കി. അവരെ സംബന്ധിച്ചിടത്തോളം നെസ്‌തോറിയരായ പേര്‍ഷ്യന്‍ മെത്രാന്മാര്‍ അനഭിമതരായിരുന്നു. റോമില്‍നിന്നും എത്തിയ മിഷനറിമാര്‍ ലത്തീന്‍ ഭാഷയിലാണ് കുര്‍ബാന ചൊല്ലിയിരുന്നത് (ലത്തീന്‍ റീത്ത്). പേര്‍ഷ്യന്‍ മെത്രാന്മാരാകട്ടെ സുറിയാനിയിലും. പോര്‍ട്ടുഗീസുകാര്‍ കേരളവുമായുള്ള കച്ചവടത്തില്‍ ശക്തി പ്രാപിച്ചു. കേരളീയ രാജാക്കന്മാര്‍ ഓരോരുത്തരേയും  പോര്‍ട്ടുഗീസ് രാജ്യത്തിന്റെ പിന്തുണക്കാരാക്കി. അറബികളായിരുന്നു കേരളവുമായുള്ള കച്ചവടത്തില്‍ പ്രമുഖര്‍. ഇസ്ലാംമതം നേരത്തെതന്നെ കേരളത്തില്‍ ശക്തിപ്രാപിച്ചിരുന്നു. മുസ്ലീമുകളുടെ കേന്ദ്രമായിരുന്ന കോഴിക്കോടുമായിട്ടായിരുന്നു പോര്‍ട്ടുഗീസുകാരുടെ ആദ്യബന്ധം. അറബികളുടെ പിന്തുണക്കാരായിരുന്ന കോഴിക്കോട് സാമൂതിരിയും പോര്‍ട്ടുഗീസുകാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പോര്‍ട്ടുഗീസുകാര്‍ കേരളത്തിലെ മറ്റൊരു നാട്ടുരാജ്യമായ കൊച്ചിയുമായി ബന്ധപ്പെട്ടു. കോഴിക്കോടിനു തെക്കുള്ള ചെറിയ ചെറിയ നാട്ടുരാജ്യങ്ങള്‍ പോര്‍ട്ടുഗീസുകാരുടെ സ്വാധീനത്തിന്‍കീഴിലായിരുന്നു. ഇതിനിടെ പോര്‍ട്ടുഗീസുകാര്‍ ഗോവ അവരുടെ ആസ്ഥാനമായി സ്വീകരിക്കുകയും അവിടെ മെത്രാപ്പോലീത്തായെ നിയമിക്കുകയും ചെയ്തു. കേരളസഭയുടെ ഭരണം പോര്‍ട്ടുഗീസ് രാജാവിന് (പദ്രുവാദോ) വിട്ടു കൊടുത്തു. പേര്‍ഷ്യന്‍ മെത്രാന്മാരും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു. പോര്‍ട്ടുഗീസ് മെത്രാന്‍ അലക്‌സിസ് മെനേസിസിന്റെ നേതൃത്വത്തില്‍ ഉദയംപേരൂരില്‍ 1599-ല്‍ ഒരു പള്ളിപ്രതിപുരുഷയോഗം (സൂനഹദോസ്) വിളിച്ചുകൂട്ടി. ആ യോഗ ത്തില്‍വെച്ച് കേരളസഭയുടെ തലവന്‍ റോമിലെ പോപ്പാണെന്ന് പ്രഖ്യാപിച്ചു. പേര്‍ഷ്യന്‍ മെത്രാന്മാരെ കേരളസഭ സ്വീകരിക്കരുതെന്ന് കല്പനയായി. അങ്ങനെ പേര്‍ഷ്യന്‍ മെത്രാന്മാരില്‍ നിന്നും കേരള സഭ രക്ഷപെട്ടു. തുടര്‍ന്ന് പോര്‍ട്ടുഗലില്‍നിന്നും മെത്രാന്മാരേയും പുരോഹിതരേയും നിയമിച്ച് അവര്‍ പള്ളികള്‍ പിടിച്ചടക്കി. അവര്‍ ഏകാധിപത്യസ്വഭാവത്തോടുകൂടി കേരള ക്രിസ്ത്യാനികളെ ഭരിക്കാന്‍ ആരംഭിച്ചു. ഇതിനെ പ്രതിഷേധിച്ച്  ജാതിക്കുകര്‍ത്തവ്യനായ തോമ്മായുടെ നേതൃത്വത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരിയില്‍ (1563) കൂടിച്ചേര്‍ന്ന് തങ്ങളും തങ്ങളുടെ ഭാവിതലമുറകള്‍ ഉള്ളിടത്തോളംകാലം പോര്‍ട്ടുഗീസ് മെത്രാന്മാരുടെ കീഴില്‍ ഇരിക്കുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തു. കൂനന്‍ കുരിശുസത്യം എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ പ്രഖ്യാപനമായിരുന്നു വിദേശീയര്‍ക്കെതിരെ ഇന്ത്യക്കാര്‍ നടത്തിയ ആദ്യത്തെ സമരം. ഇതോടുകൂടി പോര്‍ട്ടുഗീസുകാര്‍ക്ക് കേരളം വിടേണ്ടിവന്നു.
പോര്‍ട്ടുഗീസ് മിഷനറിമാര്‍ നേരത്തെതന്നെ കേരള തീരത്തെത്തി മുക്കുവരെ മാനസാന്തരപ്പെടുത്തിയിരുന്നു. അവരെ സുറിയാനി ക്രിസ്ത്യാനികളില്‍നിന്നും വേര്‍തിരിച്ച് അവര്‍ക്ക് പ്രത്യേക ആരാധനാ സമ്പ്രദായവും ഭരണരീതിയും ഏര്‍പ്പെടുത്തി. മെത്രാന്മാരെയും നിയമിച്ചു.  അങ്ങനെ ഭാരതത്തില്‍ ലത്തീന്‍ റീത്തിന് പ്രാരംഭമിട്ടു. അങ്ങനെ രണ്ടു വിദേശ സഭകള്‍ കേരളസഭയുടെ ചരിത്രത്തില്‍ ഇടപെട്ടു. ഒന്ന്. പേര്‍ഷ്യന്‍ സഭ. 2. റോമന്‍ സഭ. റോമന്‍ സഭയ്ക്ക് അധികകാലം കേരളസഭയില്‍ പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും റോമന്‍ സഭ കേരളസഭയുടെമേല്‍ ആധിപത്യം വച്ചുപുലര്‍ത്തി. റോമന്‍സഭ ശക്തിപ്പെട്ടതോടുകൂടി പേര്‍ഷ്യന്‍സഭ കേരളത്തില്‍നിന്നും പൂര്‍ണമായും യാത്രചൊല്ലി. കേരളത്തില്‍ രണ്ടു റീത്തുകാരായ ക്രിസ്ത്യാനികള്‍ അപ്പോള്‍ ഉണ്ടായിരുന്നു.  ഒന്ന് സുറിയാനിയില്‍ പ്രാര്‍ഥനാക്രമങ്ങള്‍ സ്വീകരിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍. രണ്ട് ലത്തീന്‍ ആരാധനാക്രമം അംഗീകരിച്ചിരുന്ന ലത്തീന്‍ റീത്തുകാര്‍. അവരില്‍ ബഹുഭൂരിപക്ഷവും പോര്‍ട്ടുഗീസ് മിഷനറിമാര്‍ മാനസാന്തരപ്പെടുത്തിയവരായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം ആദ്യമെല്ലാം ലത്തീന്‍ റീത്ത് സ്വീകരിച്ചിരുന്ന മെത്രാന്മാരായിരുന്നു കേരള സഭയെ ഭരിച്ചിരുന്നത്. റോമായുടെ (പ്രൊപ്പഗാന്റാ) ഭരണത്തിനെതിരെ ഏതദ്ദേശീയ ക്രിസ്ത്യാനികള്‍ പല സമരങ്ങളും നടത്തി. 19-ാം നൂറ്റാണ്ടില്‍ സ്വയംഭരണാധികാരത്തിനുവേണ്ടിയുള്ള ഈ സമരം അവസാനിക്കുകയും ഇന്ത്യയ്ക്ക് സുറിയാനി റീത്ത് റോം അനുവദിക്കുകയും ചെയ്തു. അവര്‍ക്കായി ഏതദ്ദേശീയ മെത്രാന്മാരെയും നിയമിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വരെ ഈ സമ്പ്രദായം തുടര്‍ന്നു. ഇന്നു കേരളത്തില്‍ റോമന്‍ മാര്‍പാപ്പായുടെ കീഴില്‍ മൂന്ന് റീത്ത് ക്രിസ്ത്യാനികളുണ്ട്. 1. സീറോ മലബാര്‍ റീത്ത്, 2. ലത്തീന്‍ റീത്ത്, 3. മലങ്കര സുറിയാനി റീത്ത്. ഈ മൂന്നു റീത്തുകളും കാലത്തിന്റേയും വ്യക്തികളുടേയും ഇടപെടല്‍മൂലം കേരളസഭയുടെ തനിമ നശിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രമാണരേഖയില്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനം സ്വീകരിച്ചുകൊണ്ട് കേരളസഭയെ  ഒരു പൗരസ്ത്യ സഭയായി അംഗീകരിച്ച് അവരുടെ തനിമയിലേയ്ക്ക് കൊണ്ടുപോകാനുളള പരിശ്രമം ആരംഭിച്ചു.
ഇതിനിടെ പൗരസ്ത്യ സഭകള്‍ക്കായി മാര്‍പാപ്പായുടെ അധ്യക്ഷതയില്‍ റോമില്‍ ഒരു സമിതി രൂപവത്ക്കരിക്കപ്പെട്ടു. പൗരസ്ത്യതിരുസംഘം എന്നായിരുന്നു ഈ സംഘത്തിന്റെ പേര്. പൗരസ്ത്യസഭകളുടെ ഭരണകാര്യങ്ങളില്‍ ഈ സമിതിയാണ് തീരുമാനമെടുത്തിരുന്നത്. കേരളസഭയെ പൗരസ്ത്യസഭയായി കണക്കാക്കി പൗരസ്ത്യസംഘത്തിന്റെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നു. ഇതിനിടെ കേരളസഭ പൗരസ്ത്യസഭയല്ലെന്നുള്ള വാദം കേള്‍ക്കുന്നതിന് റോമ തയ്യാറായില്ല. പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന സഭകളെയാണ് പൗരസ്ത്യ സഭകള്‍ എന്നു വിളിച്ചിരുന്നത്. ഭാരതസഭ പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ കീഴിലായിരുന്നില്ല.
സീറോമലബാര്‍ സഭയ്ക്ക് പൗരസ്ത്യകാനോന്‍ നിയമം ബാധകമാക്കിക്കൊണ്ട് മാര്‍പാപ്പാ എഴുതിയ പ്രസ്താവനയില്‍ ഇങ്ങനെ കാണുന്നു: 'In such a wondrous variety of rites, that is, in the liturgical, theological, spiritual and disciplinary patrimony of the individual Churches, which from venerable traditions take their origin from Alexandria, Antioch, Armenia, Chaldea and Constantinople, the sacred canons deservedly are considered to be clearly a conspicuous part of this same patrimony, which constitutes a single and common foundation of canons for ordering all of the Churches. Nearly every Eastern collection of disciplinary norms specifically referred to and invoked the sacred canons as the principle sources of law. They already numbered more than five hundred before the Council of Chalcedon, and they were determined or recognized by higher authority as primary law of the Church. It was always clear to the individual Churches that any ordering of ecclesiastical discipline had strength in those norms, which flowed from traditions acknowledged by the supreme authority of the Church or were contained in canons promulgated by the same authority, and that the rules of particular law have force if in accord with the higher law; however, to be null if departing from it.
'Fidelity to this sacred patrimony of ecclesiastical discipline brings it about that, among so many and so great vexations and adversities which the Eastern Churches have suffered, whether in antiquity or more recent times, neverthless the proper countenance of the East is to be observed in its entirety, and this indeed happened to take place not without great benefit to souls'' (AAS 66 [1974] 245). The clear words of Paul VI of blessed memory delivered in the Sistine Chapel before the first Plenary Assembly of the members of the Commission for the Revision of the Code of Eastern Canon Law echo those of the Second Vatican Council concerning 'the greatest fidelity' which decreed that the same disciplinary patrimony be observed by all of the Churches, requiring also that 'thety take pains to return to the ancestral traditions,' if in certain ones 'because of circumstances if times or personages they have improperly fallen away from them' (OE 6).
Distinctly there is placed in a clear light by Second Vatican Council that especially a religious fidelity to the ancient traditions along with 'prayers, example of life, mutual and better knowledge, collaboration and fraternal esteem for objects and attitudes,' bring it about that the Eastern Churches having full communion with the Apostolic Roman See, fulfill 'a special task of fostering the unity of all Christians, especially Eastern Christians' (OE 24), according to the principles of the decree on ecumenism.'' (Code of Canons of the Eastern Churches, Page xi, xii)
പൗരസ്ത്യ കാനോന്‍ നിയമം ഏതെല്ലാം സഭകള്‍ക്കാണ് ബാധകമായിരിക്കുന്നതെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ മാര്‍പാപ്പാ ഈ മുഖവുരയുടെ ആദ്യ ഭാഗത്തുതന്നെ പ്രഖ്യാപിക്കുന്നുണ്ട്. അലക്‌സാണ്ട്രിയ, അന്ത്യോഖ്യാ, അര്‍മേനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭകളുടെ പാരമ്പര്യങ്ങള്‍ സ്വീകരിച്ചിട്ടുള്ള സഭകള്‍ മാത്രമാണ് പൗരസ്ത്യസഭകള്‍ എന്നാണ് കാനോന്‍ നിയമം കണക്കാക്കുന്നത്. ഇവിടെ മാര്‍പാപ്പാ പരാമര്‍ശിച്ചിട്ടുള്ള ഒരു സഭയുടെയും പാരമ്പര്യം ഭാരതസഭയ്ക്കില്ല. പേര്‍ഷ്യന്‍ സഭയുമായി മൂന്നാം നൂറ്റാണ്ടുമുതല്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ആ സഭയുടെ പാരമ്പര്യവും ഭാരതസഭയ്ക്കില്ല. തോമസ് അപ്പോസ്തലനാല്‍ സ്ഥാപിക്കപെട്ട അപ്പോസ്തലിക സഭയാണ് ഭാരതസഭ. റോമാ സഭയുടെയും പൗരസ്ത്യസഭയുടേയും പാരമ്പര്യങ്ങളൊന്നും ഭാരതസഭയുടേതല്ല. കല്‍ദായ കുര്‍ബാനക്രമവും റോമന്‍ കുര്‍ബാനക്രമവും ഭാരതസഭയുടെ പാരമ്പര്യത്തില്‍പെട്ടതല്ല. പേര്‍ഷ്യന്‍ സഭാ പാരമ്പര്യം അനുസരിച്ച് മെത്രാന്മാര്‍ക്കു മാത്രമേ കുര്‍ബാന ചൊല്ലാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ. കേരളസഭയിലെ പുരോഹിതര്‍ക്കോ ആര്‍ച്ചു ഡീക്കനോപോലും കുര്‍ബാന ചൊല്ലുന്നതിന് അധികാരമുണ്ടായിരുന്നില്ല. പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇന്ത്യയിലെ കത്തനാരന്മാര്‍ കല്‍ദായ ക്രമത്തില്‍ കുര്‍ബാന ചൊല്ലിയിരുന്നു എന്നതിന് യാതൊരു തെളിവുമില്ല. കാലത്തിന്റെയും വ്യക്തികളുടെയും ഇടപെടല്‍ മൂലമാണ് കല്‍ദായ കുര്‍ ബാനക്രമവും ലത്തീന്‍ കുര്‍ബാനക്രമവും ഇന്ത്യന്‍ സഭയില്‍ ബലമായി സ്ഥാപിക്കപ്പെട്ടത്. അങ്ങനെവരുമ്പോള്‍ ഭാരതസഭ ഒരു പൗരസ്ത്യസഭയല്ല. റോമിനോടൊപ്പം പാരമ്പര്യമുള്ള ഒരു അപ്പോസ്തലിക സഭയാണ്. നിര്‍ഭാഗ്യവശാല്‍ ഭാരതസഭയ്ക്ക് കല്‍ദായ സഭാപാരമ്പര്യമാണെന്ന് വാദിച്ചുകൊണ്ടാണ് കല്‍ദായ കുര്‍ബാനക്രമം ഭാരതസഭയുടെമേല്‍ പൗരസ്ത്യതിരുസംഘം അടിച്ചേല്‍പിച്ചത്. കല്‍ദായസഭ എന്ന് അറിയപ്പെടുന്ന പേര്‍ഷ്യന്‍ സഭയുടെ ഒരു വിഭാഗം 15-ാം നൂറ്റാണ്ടോടുകൂടിയാണ് റോമന്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടത്. അങ്ങനെ പുനരൈക്യപ്പെട്ട സഭയ്ക്ക് ഭാരതസഭയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഭാരതസഭയ്ക്ക് ഉണ്ടെന്നു പറയപ്പെടുന്ന ബന്ധം നെസ്‌തോറിയന്‍ സഭ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന പേര്‍ഷ്യന്‍ സഭയോടായിരുന്നു. പേര്‍ഷ്യന്‍ സഭാപാരമ്പര്യവും  മാര്‍പാപ്പായുടെ പാരമ്പര്യനിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല. പിന്നെയെങ്ങനെയാണ് നെസ്‌തോറിയന്‍ കുര്‍ബാനക്രമം (കല്‍ദായകുര്‍ബാനക്രമം) കേരളസഭയുടെ പാരമ്പര്യമായത്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് സഭാ സ്വാതന്ത്ര്യത്തിലേയ്ക്ക് തുറന്നുവച്ച വാതായനത്തിലൂടെ പേര്‍ഷ്യന്‍ സഭയെ ഭാരതസഭയുടെ പാരമ്പര്യത്തിലേയ്ക്ക് കടത്തിവിടുകയാണ് പൗരസ്ത്യതിരുസംഘം ചെയ്തത്. അതിന് നമ്മുടെ കുറെ മെത്രാന്മാര്‍ കൂട്ടുനില്‍ക്കുകയുണ്ടായി. ചരിത്രം പഠിച്ച് സത്യം കണ്ടുപിടിച്ച് തിരുത്തേണ്ടതാണ്. വിദേശസഭകള്‍ ഭാരതസഭയുടെമേല്‍ നടത്തിയ കയ്യേറ്റങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഇങ്ങനെ വിവരിക്കുന്നു.: ''അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ..... നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ.''
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പൗരസ്ത്യ സഭകള്‍ക്കു നല്‍കിയ സ്വാതന്ത്ര്യത്തില്‍ പ്രധാനപ്പെട്ടവയാണ് ആരാധനാക്രമങ്ങളും ശിക്ഷണക്രമങ്ങളും. ഇവയില്‍ ആരാധനാക്രമം മാത്രമാണ് പ്രത്യേകമെന്നു കരുതി ഭാരതസഭയുടെമേല്‍ കല്‍ദായകുര്‍ബാനക്രമം അടിച്ചേല്പിക്കുകയാണുണ്ടായത്. ശിക്ഷണക്രമം വരുമ്പോള്‍ അവിടെ ഭാരതസഭയ്ക്കു കിട്ടിയത് പൗരസ്ത്യ കാനോന്‍ നിയമമാണ്. ഭാരതസഭയുടെ പുരാതന പാരമ്പര്യത്തിനും ആധുനിക പാരമ്പര്യത്തിനും ഇടവകയോഗത്തിന് അതിപ്രധാനമായ സ്ഥാനം ഉണ്ടായിരുന്നു.
ഇടവകഭരണത്തെക്കുറിച്ച് ഫാ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശീയവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാനുള്ള അധികാരവും പള്ളിയോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കിയിരുന്നു. വിദേശമിഷനറിമാര്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ പള്ളിയോഗത്തെപ്പറ്റി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ നസ്രാണിപാരമ്പര്യത്തെ അവഗണിച്ചുകൊണ്ടാണ് അവര്‍ പാശ്ചാത്യരീതിയില്‍ ഭരിച്ചിരുന്നത്.'' (ഭാരത സഭാചരിത്രം, വിപുലീകരിച്ച നാലാം പതിപ്പ്, ഫാ. സേവ്യര്‍ കൂടപ്പുഴ, പേജ് 294)
(ഫാ. കൂടപ്പുഴ മാത്രമല്ല ഫാ. പ്ലാസിഡ് തുടങ്ങിയ സഭാചരിത്രകാരന്മാരെല്ലാവരും ഭാരതസഭയുടെ ഈ പ്രത്യേകശിക്ഷണക്രമത്തെക്കുറിച്ച് പറയുന്നുണ്ട്)
കാല്‍ഡിയന്‍ ആരാധനാക്രമം ഭാരതസഭയുടെ പാരമ്പര്യമാണെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കാല്‍ഡിയന്‍ കുര്‍ബാനക്രമം ഭാരതസഭയുടെ മേല്‍ കെട്ടിവെച്ച റോമായും അതിനുകൂട്ടുനിന്ന ഭാരതമെത്രാന്മാരും ഈ പ്രത്യേക ശിക്ഷണക്രമത്തെകണ്ടില്ലെന്നു നടിക്കുന്നു. മാത്രമല്ല പൗരസ്ത്യ കാനോന്‍ നിയമം എന്ന പേരില്‍ ഒരു കാനോന്‍ നിയമം ഭാരതസഭയ്ക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ഈ കാനോന്‍ നിയമം ഭാരതസഭയുടെ പാരമ്പര്യത്തെ ഒട്ടുംതന്നെ കണക്കിലെടുക്കുന്നുമില്ല. മറ്റെല്ലാ സഭയില്‍നിന്നും വ്യത്യസ്തമായ ഒരു ആരാധനാക്രമമായിരുന്നു ഭാരതസഭയ്ക്കുണ്ടായിരുന്നത്. ദൈവജനമാണ് സഭ എന്ന കാഴ്ചപ്പാടാണ് ഭാരതസഭയുടെ പാരമ്പര്യത്തില്‍ അതിപ്രധാനം. ഈ പൂര്‍വപാരമ്പര്യം പുനസ്ഥാപിക്കുന്നതിനുവേണ്ടിയാണ് ചര്‍ച്ച് ആക്ട് വേണമെന്ന് സഭാമക്കള്‍ വാദിക്കുന്നത്. പൗരസ്ത്യകാനോന്‍ നിയമം നസ്രാണി ക്രിസ്ത്യാനികളുടെ നിയമമായി ഭാരത ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. മാത്രമല്ല ക്രിസ്ത്യാനികളുടെ പള്ളിഭരണത്തില്‍ ഒരു പ്രത്യേക നിയമം ആവശ്യമാണെന്ന് ഗവണ്‍മെന്റ് മനസ്സിലാക്കുകയും അതിനായി ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായി പ്രഗത്ഭരായ വക്കീലന്മാരും ജഡ്ജിമാരും ഉള്‍പ്പെടുന്ന കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ആ കമ്മീഷന്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ പൂര്‍വ പാരമ്പര്യത്തെ കണക്കിലെടുത്ത് ഒരു നിയമം വേണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ നിയമത്തിന്റെ കരടുപതിപ്പ് ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ചെയ്തു.  ഇതു കണ്ടെന്നു നടിക്കാതെയാണ് കഴിഞ്ഞ രണ്ടു ഗവണ്‍മെന്റും കേരളത്തില്‍ ഭരിച്ചത്. കേരളത്തിലെ വിവിധ സഭകള്‍ക്കെല്ലാംകൂടി ഒരു ഭരണനിയമമാണ് ആവശ്യം. മൂന്നു റീത്തുകള്‍ തിരിച്ചുള്ള വ്യത്യസ്തങ്ങളായ നിയമങ്ങളല്ല വേണ്ടത്.  ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മറ്റി ക്രോഡീകരിച്ച കരടുനിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി നടപ്പിലാക്കാനാണ് കേരള ഗവണ്‍മെന്റ് തയ്യാറാകേണ്ടത്. ഇതിനു സഹായകമായ നിലപാടാണ് കേരള നസ്രാണി സഭയും ലത്തീന്‍ സഭയും സ്വീകരിക്കേണ്ടത്.

No comments:

Post a Comment